വിജ്ഞാന സമ്പാദനത്തിനും പ്രസരണത്തിനും ഇസ്‌ലാം അനല്‍പ്പമായ പ്രോത്സാഹനവും പ്രാധാന്യവും നല്‍കുന്നുണ്ട്. മാനുഷികാസ്ഥിത്ത്വത്തിന്റെ ധാര്‍മികമായ നിലനില്‍പ്പിനും മതമൂല്യങ്ങളുടെ കൈമാറ്റങ്ങള്‍ക്കും വിദ്യാഭ്യാസ പ്രക്രിയയുടെ കാതലായ പിന്തുണ അനിവാര്യമാണ്. ഇത്തരത്തില്‍ ഇസ്‌ലാമിക വൈജ്ഞാനിക പ്രസരണത്തിനു നിര്‍ണായകമായ സ്ഥാനം തന്നെ പള്ളി ദര്‍സുകള്‍ വഹിക്കുന്നുണ്ട്. പ്രവാചക കാലം തൊട്ടേ വൈജ്ഞാനിക ദ്രുവീകരണത്തിനും സാമൂഹിക സംസ്‌കരണത്തിനും കളമൊരുങ്ങിയത് പള്ളികളായിരുന്നു. കേവലം ആരാധനാ കേന്ദ്രങ്ങള്‍ക്കപ്പുറം മുസ്‌ലിം ജീവിത നിര്‍മ്മാണത്തില്‍ ഒഴിച്ചുക്കൂടാന്‍ പറ്റാത്തതും സാമൂദായിക സമുദ്ദാരണത്തിന്റെ ഈറ്റില്ലവുമായിട്ടുമാണ് പള്ളികള്‍ പരിഗണിക്കപ്പെട്ടത്. വിശിഷ്യാ മത വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്ക്.
പള്ളിദര്‍സുകളുടെ ഉത്ഭവ ചരിത്രം
പള്ളിദര്‍സുകളുടെ ഉത്ഭവ ചരിത്രം പ്രവാചക തിരുമേനിയുടെ കാലത്തേക്ക് എത്തിനില്‍ക്കുന്നതാണ്. പ്രവാചക അനുയായികളിലെ ഒരു സംഘം മസ്ജിദുന്നബവിയെ കേന്ദ്രമാക്കി മുഴുസമയവും വിജ്ഞാന സമ്പാദനത്തിനായി ചിലവഴിച്ചിരുന്നു. അവരെ സ്സുഫയുടെ ആളുകളെന്ന നിലയില്‍ അഹ്‌ലുസ്സുഫ എന്നു വിളിച്ചു. ഈ സുഫയുടെ അഹ്‌ലുകാരില്‍ നിന്നാണ് മത ഭൗതിക വിജ്ഞാനങ്ങള്‍ ദേശകാലാതിര്‍ത്തികള്‍ ഭേദിച്ചു ലോകത്തിന്റെ വിവിധ ദിക്കുകളിലേക്ക് വ്യാപിച്ചത്.ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യ പള്ളിദര്‍സായ മസ്ജിദുന്നബവിയെ പിന്തുടര്‍ന്ന് കൊണ്ട് വിവിധ ദിക്കുകളിലെ പള്ളികള്‍ വിജ്ഞാനത്തിന്റെയും ആത്മീയ സംസ്‌കരണത്തിന്റേയും കേന്ദ്രങ്ങളായി മാറി. തുടര്‍ന്ന് അഹ്‌ലുസ്സുഫയുടെ മാതൃകയില്‍ മുഴുസമയവും വിജ്ഞാന സമ്പാദനത്തിനായും സാമൂഹിക സമുദ്ധരണത്തിനായും നീക്കി വെച്ച പണ്ഡിത മഹത്തുക്കള്‍ പ്രസ്തുത പള്ളികളില്‍ ദര്‍സ് പഠനത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. മതനവജാഗരണമെന്ന സാമൂഹിക ദൗത്യം ഏറ്റെടുത്തു പള്ളികളില്‍ നടന്നു വന്ന ഇത്തരം വൈജ്ഞാനിക കേന്ദ്രങ്ങളാണ് ഇസ്‌ലാം കടന്നുവന്ന പ്രദേശങ്ങളിലൊക്കെയും സാമൂഹിക നവോത്ഥാനങ്ങളിലൊക്കെയും ചുക്കാന്‍ പിടിച്ചത്. മക്ക, മദീന, കൈറോ,ബസ്വറ, കൊര്‍ദോവ, ഖുറാസാന്‍, ബല്‍ഖ്, ബുഖാറ തുടങ്ങിയ നഗരങ്ങളെല്ലാം വിവിധ വിജ്ഞാനങ്ങളുടേയും സംസ്‌കാരങ്ങളുടേയും വളക്കൂറുള്ള മണ്ണായി മാറിയത് പ്രസ്തുത കേന്ദ്രങ്ങളിലൂടെയാണ്. പള്ളികളില്‍ കേന്ദ്രീകൃതമായ വിദ്യാഭ്യാസ രീതികള്‍ തന്നെയാണ് ഇസ്‌ലാമിന്റെ ആഗമന കാലം മുതല്‍ കേരളീയ മുസ്‌ലിംകള്‍ അവലംഭിച്ചത്. ഹിജ്‌റയുടെ പ്രാഥമിക നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാമിന്റെ ദിവ്യ വെളിച്ചം കേരളത്തില്‍ എത്തിയിട്ടുണ്ട്. ചേരമാന്‍ പെരുമാള്‍ വഴി കേരളത്തില്‍ ദീനി പ്രബോധനത്തിനെത്തിയ മാലിക് ദീനാര്‍ സംഘവും തങ്ങളുടെ പ്രബോധന ദൗത്യങ്ങള്‍ക്ക് വേണ്ടി പള്ളികളുടെ പണി കഴിപ്പിക്കുകയും ഇവ കേന്ദ്രീകരിച്ച് പ്രബോധനം നടത്തുകയുമായിരുന്നു. തങ്ങളുടെ പ്രബോധനാവിശ്യാര്‍ത്ഥം പണികഴിപ്പിച്ചതാണ് ഇന്ത്യയിലെ ആദ്യ പളളിയായ കൊടുങ്ങല്ലൂരില്‍ സ്ഥിതി ചെയ്യുന്ന ചേരമാന്‍ മസ്ജിദ്. ഹിജ്‌റ 22 റജബ് 21 തിങ്കളാഴ്ച്ചയാണ് പ്രസ്തുത പള്ളിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടത്. സ്വാഭാവികമായും അറേബ്യയില്‍ വ്യാപകമായി സ്വീകരിച്ച മാതൃക എന്ന നിലയില്‍ ആദ്യ പള്ളി നിര്‍മിക്കപ്പെട്ടത് മുതല്‍ കേരളത്തിലെ പള്ളിദര്‍സിന്റെ ചരിത്രം ആരംഭിച്ചുവെന്ന് അനുമാനിക്കാം. എന്നാന്‍ ഹിജ്‌റ 600 മുമ്പുള്ള കേരളത്തിലെ പള്ളിദര്‍സുകളുടെ ചരിത്രം അവ്യക്തവും അപൂര്‍ണവുമാണ്. നിരവധി മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള പളളി ദര്‍സുകള്‍ നടക്കുന്നതായി കാണാം. ആധികാരിക ചരിത്ര രേഖകളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പ്രഥമമായി പള്ളിദര്‍സ് ആരംഭിച്ചത് ഹി 670 ശൈഖ് മുഹ്‌യുദ്ധീന്‍ അബ്ദുള്ളാഹി ഹള്‌റമിയുടെ നേതൃത്വത്തില്‍ വലിയകുളങ്ങര പള്ളിയിലാണ്. യമന്‍, ഹള്‌റമൗത്ത്, ഈജിപ്ത് തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്യ അഭ്യസിക്കാനായി വിദ്യാര്‍ത്ഥികള്‍ പ്രസ്തുത ദര്‍സിലേക്ക് വന്നിട്ടുണ്ട്. നിലവില്‍ ഇസ്വ്‌ലാഹുല്‍ ഉലൂമില്‍ സൂക്ഷിക്കുന്ന പ്രസ്തുത ദര്‍സിലെ കുതുബ്ഖാനയിലെ വിവിധ കൈയ്യെഴുത്തു പ്രതികള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പൊന്നാനി മുഖ്ദൂമുമാരുടെ കാര്‍മ്മികത്വത്തില്‍ സ്ഥാപിതമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ ദര്‍സും കേരള ദര്‍സ് വിദ്യാഭ്യാസ പ്രക്രിയയുടെ രാജകീയമായ അടയാളപ്പെടുത്തലുകളുമാണ്.കൂടാതെ കോഴിക്കോട്, ചാലിയം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലും ദര്‍സുകള്‍ നടന്നിരുന്നതായി തെളിവുകളുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച ഇബ്‌നു ബത്തൂത്ത തന്റെ രിഹ്‌ലയില്‍ മാടായി പള്ളിയിലെ ദര്‍സിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
പ്രവാചകരുടെ കാലത്തെ അതേ സാമ്പ്രദായിക രീതി തന്നെയാണ് കേരളത്തിലേയും പള്ളി ദര്‍സുകള്‍ തുടര്‍ന്നു പോന്നത്.ദര്‍സിലെ സുപ്രധാനവും വ്യത്യസ്ത ഘടകങ്ങളുമാണ് മുദരിസ്, മുതഅല്ലിം, പള്ളി മഹല്‍ നിവാസികള്‍. ഈ പ്രധാന കണ്ണികള്‍ കൂടിയിണങ്ങുന്നതോട് കൂടിയാണ് ദര്‍സ് സംവിധാനത്തിന്റെ മുന്നോട്ടുള്ള ഗമനം. അഹ്ലുസ്സുഫത്തിന് അന്‍സാറുകളുടെ വീടുകളില്‍ ഭക്ഷണമൊരുക്കിയ അതേ മാതൃകയിലാണ് കേരളത്തിലെ ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്കും മുദരിസിനും ഭക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്. ദര്‍സ് വിദ്യാര്‍ത്ഥികള്‍ മഹല്ല് നിവാസികളുടെ വീടുകളില്‍ നേരിട്ട് ചെന്ന് ഭക്ഷണം കഴിക്കുന്ന രീതിയാണ് ആദ്യകാലം തൊട്ടെയുണ്ടായിരുന്ന ചെലവ് സമ്പ്രദായം. ഈ രീതി വീട്ടുകാരെ പള്ളികളുമായി ബന്ധിപ്പിച്ചു. മതപരമായ അറിവ് ശേഖരണത്തിന് ആക്കം കൂട്ടാനും കര്‍മ്മ ശാസ്ത്രപരമായ സംശയങ്ങള്‍ ദൂരീകരിച്ച് ആത്മീയ ശക്തി പകരുവാനും മുതഅല്ലിമീങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെ മഹല്ല് നിവാസികള്‍ക്കായി. മുന്‍കാല ദര്‍സു സമ്പ്രദായത്തില്‍ നടപ്പിലായിരുന്ന ഭക്ഷണത്തിനു വേണ്ടി വീടുകളെ ആശ്രയിക്കുന്ന രീതിയില്‍ നിന്ന് മാറി പള്ളിയോട് ചേര്‍ന്ന് കാന്റീന്‍ സമ്പ്രദായത്തിലേക്ക് ചുവട് മാറിയതായി കാണാം. പഴയ കാലത്ത് അപൂര്‍വം ചില പള്ളികളില്‍ ഈ സമ്പ്രദായം നടപ്പിലായിരുന്നു.അത്തരത്തിലുള്ള ഒന്നായ ഏഴിമലപ്പള്ളിയെക്കുറിച്ച് ഇബ്‌നു ബതൂത തന്റെ രിഹ്‌ലയില്‍ പരാമര്‍ശിക്കുന്നുണ്ട്. ദര്‍സുകളിലെ വിദ്യാര്‍ത്ഥികള്‍ ഗുരുനാഥരോടൊപ്പം അന്യ നാടുകളില്‍ നിന്ന് വരുന്നവരായതു കൊണ്ട് തന്നെ അവര്‍ക്കുള്ള പഠനവാസ കേന്ദ്രങ്ങളായാണ് പള്ളി ദര്‍സുകള്‍ വര്‍ധിച്ചത് ഇവരായിരുന്നു പള്ളിദര്‍സിലെ ഔദ്യോഗിക വിദ്യാര്‍ത്ഥികള്‍. പകല്‍ സമയങ്ങളില്‍ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന തദ്ദേശീയരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി മഗ്‌രിബ് നമസ്‌കാരത്തോടെയാരംഭിച്ച് ഇശാ നമസ്‌കാരം വരെ നീളുന്ന സ്വതന്ത്ര്യമായ പഠനസംരംഭങ്ങളും പള്ളി ദര്‍സുകളില്‍ നടന്നിരുന്നു.കേരളീയ മുസ്‌ലിംകളുടെ ആത്മീയ ഭൗതിക ജീവിതത്തിന്ന് കാതലായ ഗതി നിര്‍ണയിക്കാന്‍ പള്ളി ദര്‍സുകള്‍ അവലംബിച്ച രീതിക്കായി എന്നതാണ് കാലാന്തരങ്ങള്‍ക്കിപ്പുറവും ദര്‍സ് സമ്പ്രദായത്തെ മങ്ങലേല്‍ക്കാതെ കാത്തു സൂക്ഷിക്കുന്നത്. എങ്കിലും പുത്തന്‍ പരിഷ്‌കാരങ്ങളുടെ അകമ്പടിയോടെ ദര്‍സ് സമ്പ്രദായത്തില്‍ ഇന്ന് ചെലവുടികള്‍ അന്യമായത് പള്ളി ദര്‍സുകള്‍ സൃഷ്ടിച്ച സംസ്‌കാരത്തെ എടുത്തു കളയുകയാണ് എന്നത് പറയാതെ വയ്യ.
ദര്‍സിലെ പാഠ്യപദ്ധതികള്‍
മത വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം അനിവാര്യമായതും അവര്‍ക്ക് അനുബന്ധങ്ങളായ വിഷയങ്ങളുമാണ് ദര്‍സുകളില്‍ പഠിപ്പിക്കപ്പെട്ടത്. മത വിഷയങ്ങളില്‍ ആഴത്തിലുള്ള അവഗാഹവും അതു പോലെ പണ്ഡിതര്‍ എന്ന നിലക്ക് അന്യമായി കൂടാത്തതുമായ മതേതര വിദ്യാഭ്യാസമടങ്ങിയ പഠനസംഹിതയുമാണ് ദര്‍സ് സംവിധാനത്തിന്റെ പഠനക്രമം. കര്‍മ്മ ശാസ്ത്രം, ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ് , അറബി ഭാഷാ വ്യാകരണം, അഖീദ, തര്‍ക്ക ശാസ്ത്രം എന്നിവയായിരുന്നു ദര്‍സ് വിഷയത്തിലെ പ്രധാന വിഷയങ്ങള്‍. എന്നാല്‍, ആദ്യമായി ദര്‍സ് പഠനം ക്രിത്യമായ പഠനക്രമത്തിലൂടെ വ്യക്തമായ സിലബസ്സ് അടിസ്ഥാനത്തിലാക്കി മാറ്റിയത് ശൈഖ് ഫഖ്‌റുദ്ധീന്‍ അബൂബക്കര്‍ നടപ്പാക്കിയ സില്‍സിലത്തുല്‍ ഫഖ്‌റിയയാണ്. ഇതില്‍ കര്‍മ്മ ശാസ്ത്രം, കര്‍മ്മ ശാസ്ത്ര നിതാനം, അറബി ഗ്രാമര്‍, അറബി സാഹിത്യം, കാവ്യ രചാനശാസ്ത്രം തുടങ്ങിയവയായിരുന്നു മുഖ്യ വിഷയങ്ങള്‍ കേരളത്തിലെ ദര്‍സ് പ്രക്രിയയുടെ ഈറ്റില്ലമായി ഗണിക്കപ്പെടുന്ന പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ മഖ്ദൂമുമാരുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരുന്ന ദര്‍സിലും അവരുടെ ദര്‍സിലും പഠന മാതൃകകള്‍ പ്രതിഫലിച്ചിരുന്നു. അല്‍ അസ്ഹറിലും ഇരു ഹറമുകളിലും ഉപരി പഠനം നടത്തി പൊന്നാനിയില്‍ തിരിച്ചെത്തിയ വലിയ സൈനുദ്ധീന്‍ മഖ്ദൂം (റ) തന്റെ ഗുരുവായ ഫഖ്‌റുദ്ധീന്‍ അബൂബക്കര്‍ ശൈഖിന്റെ ഫഖ്‌റിയ്യ സിലബസ്സില്‍ പരിഷ്‌കരണം വരുത്തി. അവര്‍ നേരത്തെ ഉണ്ടായിരുന്ന പാഠ്യപദ്ധതിയില്‍ സമഗ്രമായ മാറ്റം വരുത്തുകയും പലമേഖലകള്‍ക്കും അവര്‍ തന്നെ സ്വന്തമായി രചനകള്‍ നടത്തി പൊന്നാനിയിലും ഏതാനും ഇതര പ്രദേശങ്ങളിലും ഈ രീതി അവര്‍ സ്ഥാപിക്കുകയായിരുന്നു. ഇത്തരത്തില്‍ പരിഷ്‌കൃതമായ പാഠ്യ പദ്ധതിയാണ് പിന്നീട് കേരളത്തിലെ മുഴുവന്‍ പള്ളി ദര്‍സുകളിലും പിന്തുടരപ്പെട്ട മഖ്ദൂമിയ്യ സിലബസ്. ഉത്തരേന്ത്യയിലെ പ്രഗത്ഭ പണ്ഡിത കുടുംബമായ ഫറങ്കി മഹല്ല് കുടുംബത്തിലെ പണ്ഡിതനായ മുല്ല ഖുത്ബുദ്ധീന്‍ ശഹീദിന്റെ മകന്‍ മുല്ല നിസാമുദ്ധീന്‍ രൂപകല്‍പ്പന ചെയ്ത കരിക്കുലമാണ് നിസാമിയ്യ സിലബസ്. പേര്‍ഷ്യന്‍ ഇസ്‌ലാമിക് നാഗരികതയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് തയ്യാറാക്കപ്പെട്ട ഈ കരിക്കുലം അന്നത്തെ സാഹചര്യത്തില്‍ മാത്രമല്ല നൂറ്റാണ്ടുകള്‍ക്ക് ശേഷവും ഇന്ത്യയിലെ ഒന്നടങ്കം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അംഗീകരിക്കപ്പെട്ടു പോന്നു. ഫറങ്കി മഹല്ല് പണ്ഡിതന്മാര്‍ പോയിരുന്ന ഇടങ്ങളിലെല്ലാം അവര്‍ സ്ഥാപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഒന്നായിരുന്നു ഏറെ പ്രസിദ്ധമായ ഈ കരിക്കുലം. വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് അടക്കമുള്ള പല പ്രമുഖ കലാലയങ്ങളെല്ലാം ഇതനുസരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തില്‍ നിന്ന് ആദ്യമായി വെല്ലൂര്‍ ലത്ത്വീഫിയ്യയിലും ബാഖിയാത്തിലും പഠിച്ച ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ദര്‍സുകളില്‍ ഈ രീതി നടപ്പാക്കി. മതവിഷയങ്ങള്‍ക്ക് പുറമെ തര്‍ക്കശാസ്ത്രം, പ്രകൃതി ശാസ്ത്രം, ഗോളശാസ്ത്രം, ജ്യോമട്രി, ഗണിതം, ഖിബ്‌ല നിര്‍ണയ ശാസ്ത്രം എന്നിവ കൂടി ഉള്‍ക്കൊള്ളിക്കപ്പെട്ട പ്രസ്തുത സിലബസ്സ് കേരളത്തിലെ വിവിധ പള്ളി ദര്‍സുകളില്‍ ഇന്നും വലിയ മാറ്റമില്ലാതെ തുടര്‍ന്ന് വരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം ശതകത്തോടെ സ്ഥാപിതമായ ദാറുല്‍ ഉലൂം ദയൂബന്ദില്‍ ഹദീസ് പഠനത്തിന് അധി പ്രാധാന്യം നല്‍കിക്കൊണ്ട് അബ്ദുല്‍ ഹഖ് ദഹ്‌ലവിയും മകന്‍ ശാഹ് വലിയുല്ലാഹ് ദഹ്‌ലവിയും കൂടി രൂപം നല്‍കിയ ദഹ്‌ലവി സിലബസും നിസാമി സിലബസിന്റെ ഏതാനും ഭാഗങ്ങളുമായിരുന്നു പാഠ്യപദ്ധതിയായി അംഗീകരിക്കപ്പെട്ടത്. അവിടങ്ങളില്‍ ഉപരിപഠനത്തിനായി പോയവര്‍ വഴി ഈ കൈവഴിയും കേരളത്തിലെ പള്ളി ദര്‍സുകളില്‍ സുപരിചിതമായി. പഴയതും പുതിയതുമായ സിലബസുകള്‍ പരിശോധിച്ച് അടിസ്ഥാന വിഷയങ്ങളില്‍ മാറ്റമില്ലാതെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ക്രോഡീകരിച്ച ഏറ്റവും ഫലപ്രദമായ സിലബസാണ് ഇപ്പോള്‍ പള്ളി ദര്‍സുകളും തത്തുല്ല്യ സ്ഥാപനങ്ങളും പിന്തുടരുന്നത്. ശവ്വാല്‍ പത്തിന് തുടങ്ങി ശഅബാന്‍ പത്തിന് അവസാനിക്കുന്നതാണ് അധ്യായന വര്‍ഷം. ആകെ പത്ത് വര്‍ഷമാണ് പള്ളി ദര്‍സുകളിലെ പഠന കാലം. ആദ്യത്തെ നാല് വര്‍ഷം പ്രധമിക ഘട്ടവും പിന്നീട് നാല് വര്‍ഷം രണ്ടാം ഘട്ടവും അവസാന രണ്ട് വര്‍ഷം സമാപന ഘട്ടവുമായിട്ടാണ് പഠനകാലം വേര്‍ത്തിരിച്ചിട്ടുള്ളത്. പള്ളി ദര്‍സുകളുടെ പഠനരീതിയും ജീവിത രീതിയും തികഞ്ഞ പണ്ഡിതരില്‍ ജന്മം നല്‍കാന്‍ പര്യാപ്തമാണെന്നത് പരീക്ഷിച്ച് മനസ്സിലാക്കപ്പെട്ടതാണ്. കാലഘട്ടത്തിനനുസരിച്ച് പഠനപരിഷ്‌കരണങ്ങള്‍ നടപ്പാക്കുവാനും എന്നാല്‍ തനിമയും പ്രൗഢിയും കാത്തു സൂക്ഷിക്കുന്നതിലും വലിയൊരളവോളം പള്ളിദര്‍സുകള്‍ വിജയിച്ചുയെന്ന് പറയാം.
കാലത്തിന്റെ പുരോഗതിയനുസരിച്ച് പരമ്പരാഗകത രീതികളില്‍ മാറ്റം സംഭവിക്കുകയും ജ്ഞാനകൈമാറ്റം പള്ളികളില്‍ നിന്ന് അറബിക് കോളേജുകളിലേക്കും യൂണിവേഴ്‌സിറ്റികളിലേക്കും മാറുകയും ചെയ്തതോടെ കേരളത്തിലെ പള്ളി ദര്‍സുകള്‍ക്കു ഗണ്യമായ കുറവ് സംഭവിച്ചു. മനുഷ്യനിര്‍മിതിയുടെ പ്രധാന ഘടകങ്ങളായ അച്ചടക്കവും ധാര്‍മിക ബോധവും പകര്‍ന്നു നല്‍കുന്ന പള്ളി ദര്‍സുകളിലേക്ക് വിദ്യാര്‍ത്ഥികളെ ലഭിക്കാത്ത സാഹചര്യം വരെയുണ്ടായി. ഭൗതിക ചിന്താധാരയോടുള്ള അമിതമായ താല്‍പര്യം പുതിയ കാലത്ത് ദര്‍സുകള്‍ക്ക് വിലങ്ങുതടിയാവുകയാണ്. എന്നാല്‍ പാരമ്പര്യത്തിന്റെ പഴമയും ആധുനികതയുടെ തനിമയും നിലനിര്‍ത്തി ഇന്നും നിരവധി ദര്‍സുകള്‍ കേരളത്തിന്റെ നിരവധി ഭാഗങ്ങളില്‍ നടന്ന് വരുന്നുണ്ട്.
സിനാന്‍ കരിങ്കപ്പാറ

0 Comments