അറിവകം തൊട്ട കര്‍മയോഗി



ശൈഖുനാ ഉസ്താദിൻെറ താനൂർ ഇസ്ലാഹുൽ ഉലൂമിലെ  രണ്ട് ശിഷ്യഗണങ്ങൾ ഉസ്താദിൻെറ ദർസ് കാല ഓർമകളിൽ നിന്ന്  സവിഷേശ അനുഭവങ്ങൾ പങ്കുവെക്കുന്നത്.


 എൻെറ ശൈഖുനാ

(ദര്‍സ് കാല ഓര്‍മ്മകള്‍)

        ഒന്നര പിറ്റാണ്ടിലേറെയുള്ള വിദ്യാര്‍ത്ഥി ജീവിതത്തിനിടയില്‍ ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യമായിരുന്നു താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂമില്‍ പഠിക്കുമ്പോള്‍ അവസാന മൂന്ന് വര്‍ഷത്തെ വന്ദ്യരായ ശൈഖുനാ മരക്കാര്‍ ഉസ്താദിന്റെ ക്ലാസ്സുകള്‍. വിദ്യാര്‍ത്ഥി ജീവിതത്തിലെ എന്നത്തേക്കും അവിസ്മരണീയ വര്‍ഷങ്ങളാണത്. തന്റെ സ്വദസിദ്ദമായ ശൈലിയില്‍ വളരെ വിനയാന്വിതനായി ക്ലാസ്സെടുക്കുന്ന ശൈഖുനയുടെ ക്ലാസ്സ് കേവലം മൂന്ന് വര്‍ഷം മാത്രമാണ് കേള്‍ക്കാനവസരമുണ്ടായത്. എങ്കിലും ശിഷ്ടകാലത്തേക്കുള്ള ഒരുപാട് പാഠങ്ങള്‍ കുറിച്ചെടുത്ത ക്ലാസ്സായിരുന്നുവത്. ഹൃസ്വകാലത്തിനുള്ളില്‍ സിലബസ് ആവര്‍ത്തിച്ച് തീര്‍ക്കുന്നതിലുപരി ഒരുപാട് സിലബസേതര വിഷയങ്ങളും ശൈഖുനാ ചര്‍ച്ചചെയ്യുമായിരുന്നു. 

താനൂര്‍ ഇസ്വ്‌ലാഹിലെ 2016, 17 അദ്ധ്യായന വര്‍ഷം, ഈ വിനീതനും സഹപാഠികളും എട്ടാം ക്ലാസ്സില്‍ എത്തിയ വര്‍ഷം, അതിലുപരി വന്ദ്യരായ ശൈഖുനാ മരക്കാര്‍ ഉസ്താദ് താനൂര്‍ ഇസ്വ്‌ലാഹിന്റെ മുദര്‍രിസായി വരുന്ന സുന്ദരമായ വര്‍ഷം, അടുത്ത വര്‍ഷം മുതല്‍ മരക്കാര്‍ ഉസ്താദ് കോളേജില്‍ ക്ലാസ്സെടുക്കാന്‍ വരുന്നുണ്ടെന്ന വിവരം വിശുദ്ധ റമളാനിന്റെ അവസാനത്തില്‍ തന്നെ ഞങ്ങള്‍ വിദ്യാര്‍ത്ഥികളെല്ലാം അറിഞ്ഞിരുന്നു. എന്നാല്‍ അന്ന് ശൈഖുനാ കേവലം സമസ്ത മുശാവറ അംഗവും ഫത് വ കമ്മിറ്റി അംഗവും ഞങ്ങളുടെ പ്രിന്‍സിപ്പാള്‍ അബ്ദുസ്സ്വമദ് ഫൈസി ഉസ്താദിന്റെ ഉസ്താദുമാണ് എന്നല്ലാതെ ഞങ്ങള്‍ക്ക് ശൈഖുനയെ കുറിച്ച് കൂടുതലൊന്നും അറിവില്ലായിരുന്നു. എന്നിരുന്നാലും ഞങ്ങള്‍ അധിയായ താത്പര്യത്തിലും അതിലുപരി ആവേശത്തിലുമായിരുന്നു.

        പതിവു പോലെ ശഅ്ബാനിന്റെ ആദ്യവാരത്തില്‍ തന്നെ സ്ഥാപനം പുതിയ അദ്ധ്യായന വര്‍ഷവുമായി പുനരാരംഭിച്ചു. ശൈഖുനാക്കുള്ള റൂമും മറ്റും സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ഒന്ന് രണ്ടു ദിവസം കഴിഞ്ഞാണ് ശൈഖുനാ ആദ്യമായി മുദര്‍രിസായി കോളേജിലെത്തുന്നത്. ശൈഖുനാക്ക് ക്ലാസ്സെടുക്കാന്‍ വേണ്ടി മെയ്ന്‍ ബ്ലോക്കിലെ മീറ്റിംഗ് ഹാളില്‍ പ്രത്യേക സ്ഥലം സജ്ജീകരിച്ചിരുന്നു. ശൈഖുനയുടെ പിരീഡുള്ള ക്ലാസ്സുകാര്‍ അവിടെ പോയി ക്ലാസ്സ് കേള്‍ക്കലായിരുന്നു പതിവ്. എന്നാല്‍ ശൈഖുനയുടെ കോളേജിലെ ആദ്യ ക്ലാസ്സായതിനാല്‍ അന്നത്തെ എട്ടാം ക്ലാസ്സുകാരായ ഞങ്ങളുടെ ക്ലാസ്സിലേക്ക് ശൈഖുനാ വരികയായിരുന്നു. ഇസ്വ്‌ലാഹില്‍ ശൈഖുനയുടെ ആദ്യ ക്ലാസ്സ് ലഭിച്ചതും ഞങ്ങളുടെ ബാച്ചിനായിരുന്നു. ഇമാം മഹല്ലി(റ)യുടെ 'കന്‍സു റാഇബീന്‍' എന്ന കിതാബിന്റെ ആദ്യ വാള്യമാണ് ആ അദ്ധ്യായന വര്‍ഷത്തില്‍ ഞങ്ങള്‍ക്ക് ശൈഖുനാ ഓതി തന്നത്. ആദ്യ ക്ലാസ്സില്‍ തന്നെ കിതാബിന്റെ തുടക്കമായതിനാല്‍ ചൊല്ലേണ്ട ദിക്‌റുകളൊക്കെ ചൊല്ലി തന്ന ശേഷം കിതാബിനെ കുറിച്ചും അതിന്റെ രചയിതാവിനെ കുറിച്ചുമായിരുന്നു സംസാരം. കിതാബ് വന്ന വഴിയും ഈ കിതാബില്‍ പഠിക്കാന്‍ പോകുന്ന കാര്യങ്ങളുമെല്ലാം വളരെ ലളിതമായി ആ മുക്കാല്‍ മണിക്കൂറിനുള്ളില്‍ ശൈഖുനാ പറഞ്ഞു തന്നു. താന്‍ ക്ലാസ്സെടുക്കാന്‍ പോകുന്ന ശൈലി ഇന്നതാണെന്നും അതായിരുന്നു ശൈഖുനയുടെ പ്രധാന ഉസ്താദായിരുന്ന ശംസുല്‍ ഉലമയുടെ ശൈലിയെന്നും അന്ന് ശൈഖുനാ സൂചിപ്പിച്ചു. അതോടൊപ്പം ഇനി അവസാനം വരെ ഇവിടെ നിങ്ങളോടൊപ്പം കഴിയാനാണ് താത്പര്യമെന്നും ആദ്യ ക്ലാസ്സില്‍ തന്നെ ശൈഖുനാ പറഞ്ഞിരുന്നു.

        ശൈഖുനാ ക്ലാസ്സെടുക്കുമ്പോള്‍ മുമ്പില്‍ കിതാബ് ഉണ്ടാകുമായിരുന്നില്ല, ശൈഖുനയുടെ കണ്ണിന് കാഴ്ച്ച വളരെ കുറവായതിനാല്‍ കണ്ണട വെച്ചാല്‍ പോലും ശൈഖുനാക്ക് കിതാബ് വായിക്കാന്‍ കണ്ണ് കാണില്ലായിരുന്നു. എന്നാല്‍ അതിന്റെ ഒരു കുറവും ക്ലാസ്സ് കേള്‍ക്കുന്ന ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിരുന്നില്ല, കാരണം ക്ലാസ്സെടുക്കുന്നതും അല്ലാത്തതുമായ ഒരുപാട് കിതാബുകള്‍ എന്റെ മനസ്സിലുണ്ടെന്ന് ശൈഖുനാ ഇടക്കിടെ പറയാറുണ്ടായിരുന്നു.

        മുതിര്‍ന്ന ക്ലാസ്സുകളായ എട്ട്, ഒന്‍പത്, പത്ത് ക്ലാസ്സുകളിലായിരുന്നു ശൈഖുനാക്ക് ദര്‍സ് ഉണ്ടായിരുന്നത്. എട്ടാം ക്ലാസ്സില്‍ ഫിഖ്ഹിന്റെ 'മഹല്ലി' എന്ന കിതാബും, ഒന്‍പതാം ക്ലാസ്സില്‍ ഉസൂലുല്‍ ഫിഖ്ഹിന്റെ 'ജംഉല്‍ ജവാമിഅ'് എന്ന കിതാബും, പത്താം ക്ലാസ്സില്‍ 'തഫ്‌സീറുല്‍ ബൈളാവി'യുമായിരുന്നു ശൈഖുനാ ക്ലാസ്സെടുത്തിരുന്നത്. ശൈഖുനാക്ക് കാഴ്ച്ച കുറവായതിനാല്‍ സ്വന്തമായി കിതാബ് വായിക്കാന്‍ പ്രയാസമായിരുന്നു, അതിനാല്‍ തന്നെ എല്ലാ ക്ലാസ്സുകളിലും കിതാബുകള്‍ വായിച്ച് കൊടുക്കാന്‍ പ്രത്യേക വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. അല്‍ഹംദുലില്ലാഹ്... ഈ വിനീതനും മൂന്ന് വര്‍ഷം ശൈഖുനാക്ക് കിതാബ് വായിച്ച് കൊടുക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. അതൊരു പ്രത്യേക രസമായിരുന്നു, ശൈഖുനയുടെ മുമ്പില്‍ കിതാബ് ഇല്ലെങ്കില്‍ പോലും വായിക്കുന്നവര്‍ക്ക വല്ല അമളിയും പ്റ്റിയാല്‍ ഉടനെ ശൈഖുനാ സൂചിപ്പിക്കുമായിരുന്നു. ഈ വിനീതനും അങ്ങനെ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, അതൊക്കെയും എന്റെ കിതാബില്‍ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

        വായനക്കാരന്‍ വായിച്ച് തുടങ്ങുമ്പോള്‍ തന്നെ ശേഷം ചര്‍ച്ചചെയ്യാന്‍ പോകുന്ന വിഷയം ശൈഖുനാക്ക് മനസ്സിലാകുമായിരുന്നു, അപ്പോള്‍ വായന നിര്‍ത്താന്‍ പറഞ്ഞിട്ട് ശൈഖുനാ പറയും എല്ലാവും എന്റെ മുഖത്തേക്ക് നോക്കുക എന്നിട്ട് ഇനി പറയാന്‍ പോകുന്ന വിഷയം ഇന്നതാണെന്ന് വളരെ കൃത്യമായി ഓരോ മസ്അലകളും വിവരിച്ച് തരും, അതിന്റെ ശേഷം എല്ലാവരോടും കിതാബില്‍ നോക്കാന്‍ പറഞ്ഞ് ആ പറഞ്ഞത് കിതാബില്‍ വായിച്ച് ഓരോ വാക്കുകളുടെയും സാരം വിശദീകരിച്ച് തുരും, അതിനും ശേഷം അവസാനം നാം ഇതുവരെ ചര്‍ച്ച ചെയ്ത വിഷയമിതാണെന്ന് പറഞ്ഞ് അതുവരെ പറഞ്ഞ മുഴുവന്‍ വിഷയങ്ങള്‍ ചുരുക്കത്തില്‍ ശൈഖുനാ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് പറയും. ഇതായിരുന്നു പൊതുവെ ശൈഖുനയുടെ ക്ലാസ്സിന്റെ രീതി. അതെല്ലാം കഴിയുമ്പേ്ാഴേക്കും ക്ലാസ്സിലെ ഏതൊരാള്‍ക്കും വിഷയം വളരെ സമഗ്രമായി ഗ്രഹിക്കാനാകും. ക്ലാസ്സിനിടയില്‍ ഇടക്കിടെ നിങ്ങള്‍ക്കിത് മനസ്സിലാകുന്നുണ്ടോ? എന്ന വളരെ നിഷ്‌കളങ്കമായി ശൈഖുനാ ചോദിക്കുമായിരുന്നു. ആര്‍ക്കെങ്കിലും പറഞ്ഞതില്‍ വല്ലതും മനസ്സിലാകാതെ വരികയോ വല്ല സംശയമോ വന്നാല്‍ അതൊക്കെ വളരെ ഭംഗിയായി ശൈഖുനാ ക്ലിയര്‍ ചെയ്തിട്ടാണ് ക്ലാസ്സ് തുടര്‍ന്നിരുന്നത്. പാഠ്യ വിഷയങ്ങള്‍ക്ക് പുറമേ പാഠ്യേതര വിഷയങ്ങളും ശൈഖുനാ ചര്‍ച്ച ചെയ്യുമായിരുന്നു. മുക്കാല്‍ മണിക്കൂര്‍ മാത്രം നീണ്ടു നില്‍ക്കുന്ന ഓരോ പിരീഡും കഴിഞ്ഞ് പോകുന്നത് പോലും അറിയുമായിരുന്നില്ല.

        പ്രധാനമായും രണ്ട് കാരണങ്ങളാല്‍ മാത്രമായിരുന്നു ക്ലാസ്സ് മുടങ്ങിയിരുന്നത്, അത് സമസ്ത മുശാവറ യോഗമോ അല്ലെങ്കില്‍ ഫത് വ കമ്മിറ്റി യോഗമോ ഉണ്ടായിരുന്നാല്‍ മാത്രമായിരുന്നു. അതല്ലാതെ കാര്യമായ കാരണങ്ങളില്ലാതെ ശൈഖുനാ സബ്ഖ് മുടക്കുമായിരുന്നില്ല. ക്ലാസ്സിന്റെ സമയത്തേക്ക് ഓരു പരിപാടിയും ഏറ്റെടുക്കുകയില്ലായിരുന്നില്ല. ആ സമയത്ത് ആരെങ്കിലും ശൈഖുനയെ കാണാന്‍ വന്നാല്‍ തന്നെ അവരോട് ക്ലാസ്സ് തീരും വരെ പുറത്ത് കാത്തിരിക്കാന്‍ പറയുമായിരുന്നു. ക്ലാസ്സിന് ബെല്ലടിച്ചാല്‍ വളരെ കൃത്യസമയത്ത് തന്നെ ശൈഖുനാ ക്ലാസ്സില്‍ എത്തുമായിരുന്നു, പലപ്പോഴും മുഴുവന്‍ വിദ്യാര്‍ത്ഥികളും ക്ലാസ്സില്‍ എത്തിച്ചേരുന്നതിന് മുമ്പ് തന്നെ റൂമില്‍ നിന്നും ശൈഖുനാ ക്ലാസ്സില്‍ എത്തുമായിരുന്നു. ക്ലാസ്സിന്റെ വിഷയത്തില്‍ മാത്രമായിരുന്നില്ല  ഈ കൃത്യത, മറിച്ച് ജീവിതത്തിലുടനീളെ തന്റെ എല്ലാ വിഷയങ്ങളിലും കൃത്യനിഷ്ടത വളരെ കര്‍ഷനമായി പാലിച്ചിരുന്ന പണ്ഡിത പ്രതിഭയായിരുന്നു വന്ദ്യരായ ശൈഖുനാ മര്ക്കാര്‍ ഉസ്താദ്. ഏതൊരു പരിപാടിക്ക് ക്ഷണിക്കപ്പെട്ടാലും ശൈഖുനാക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ ക്ഷണിക്കപ്പെട്ട സമയത്തിന്റെ അഞ്ചോ പത്തോ മിനുട്ടുകള്‍ക്ക് മുമ്പ് തന്നെ അവിടെ എത്തിച്ചേരുമായിരുന്നു. അതിനെ കുറിച്ചൊരിക്കല്‍ ശൈഖുനാ ക്ലാസ്സില്‍ പറഞ്ഞത് ശൈഖുനാ കാരണം ഒരു പരിപാടിയും വൈകികൂടാ എന്ന ശൈഖുനയുടെ നിര്‍ബന്ധ ബുദ്ധിയായാണ്. താന്‍ കാരണം മറ്റൊരാള്‍ക്കും യാതൊരു വിധത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന നിര്‍ബന്ധം ശൈഖുനാക്ക് എപ്പോഴുമുണ്ടായിരുന്നു. 

        ശാരീരിക ബുദ്ധിമുട്ടുകളുള്ളതിനാല്‍ തന്നെ ദിവസവും ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് തന്നെ മടങ്ങലായിരുന്നു ശൈഖുനയുടെ പതിവ്, പലപ്പോഴായി കോളേജില്‍ തന്നെ താമസിക്കാന്‍ ശൈഖുനാ ക്ലാസ്സില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും സാഹചര്യങ്ങള്‍ അതിന് അനുവദിച്ചിരുന്നില്ല. വളരെയേറെ പ്രായമായിട്ടും സ്വന്തമായി വാഹനവും ഡ്രൈവറുമുള്ള ശൈഖുനാ നിറമരുതൂരിലെ തന്റെ വീട്ടില്‍ നിന്നും ദിവസവും ക്ലാസ്സെടുക്കാന്‍ താനൂര്‍ അങ്ങാടിയിലെ ഇസ്വ്‌ലാഹുല്‍ ഉലൂമിലേക്ക് ഇരുനൂറ് രൂപ മുടക്കി ഓട്ടോ വിളിച്ചായിരുന്നു വന്നിരുന്നത്. അതിനെ കുറിച്ച് ശൈഖുനയോട് ക്ലാസ്സില്‍ ചോദിച്ചപ്പോള്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു, 'ഡ്രൈവര്‍ ആബിദ് ഫൈസിക്ക് ആ സമയത്ത് മദ്രസയില്‍ ക്ലാസ്സുണ്ടാകും, അപ്പോ ഞാനെന്തിനാ വെറുതെ അവനെ വിളിച്ചു വരുത്തി ബുദ്ധിമുട്ടിക്കുന്നത്'. ഇങ്ങനെയായിരുന്നു എപ്പോഴും ശൈഖുനയുടെ നിലപാട്, ലാളിത്യവും വിനയവും അവിടുത്തെ മുഖമുദ്രയായിരുന്നു. ക്ലാസ്സെടുക്കുന്നതിനിടയില്‍ ഫോണ്‍ വന്നാല്‍ തമാശ രൂപത്തില്‍ 'വഹ്‌യ് വരന്നുണ്ട്' എന്ന് പറയും, എന്നിട്ട് വിനയാന്വിതനായി ഫോണ്‍ എടുത്തോട്ടേയെന്ന് തന്റെ മുമ്പിലിരിക്കുന്ന ശിഷ്യരോട് ശൈഖുനാ ചോദിക്കുമായിരുന്നു. ശൈഖുനാ എപ്പോഴും ഇടതു ചെവിയിലാണ് ഫോണ്‍ ഉപയോഗിച്ചിരുന്നത്. 

        ക്ലാസ്സിനിടയിലും ഇത്തരത്തിലുള്ള ഒരുപാട് കഥകളും, കവിതകളും, ഫലിതങ്ങളും, കുസൃതികളുമൊക്കെ ശൈഖുനാക്ക് പതിവുള്ളതായിരുന്നു. അതിനാല്‍ തന്നെ ക്ലാസ്സ് ഒരിക്കലും മടുപ്പുളവാക്കിയിരുന്നില്ല. കുട്ടികളോട് മതിയോ എന്ന് ചോദിക്കുകയും അവര്‍ക്ക് മതിയായെങ്കില്‍ ക്ലാസ്സ് നിര്‍ത്തി ആനുകാലിക വിഷയങ്ങളോ മറ്റു കര്‍മ്മശാസ്ത്ര വിഷയങ്ങളോ ചര്‍ച്ച ചെയ്യുമായിരുന്നു. പലപ്പോഴും വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് പലര്‍ക്കും ശൈഖുനയോട് ചോദിക്കാന്‍ പല ചോദ്യങ്ങളുമുണ്ടായിരുന്നു, ക്ലാസ്സുമായി ബന്ധപ്പെട്ട വിഷയമാണെങ്കിലും അല്ലെങ്കിലും ശൈഖുനാക്ക് അറിയുന്ന വിഷയമാണെങ്കില്‍ വളരെ സമഗ്രമായി അതിന് മറുപടി നല്‍കിയിരുന്നു. അതോടൊപ്പം ശൈഖുനാക്ക് അറായാത്ത വല്ല ആനുകാലിക വിഷയങ്ങളോ മറ്റോ ആണെങ്കില്‍ വിനയപൂര്‍വ്വം അതെനിക്കറിയില്ല എന്ന് തന്നെ പറയുമായിരുന്നു. തന്റെ ശിഷ്യരുടെ മുമ്പിലും അറിയാത്ത വിഷയങ്ങള്‍ അറിയില്ലെന്ന് തന്നെ പറയാന്‍ ശൈഖുനാക്ക് ഒരു ലജ്ജയും തോന്നിയിരുന്നില്ല. മാത്രമല്ല, ചില മോഡേണ്‍ വിഷയങ്ങള്‍ വരുമ്പോള്‍ ശൈഖുനാക്കത് വേണ്ട വിധം മനസ്സിലായിട്ടില്ലെങ്കില്‍ തന്റെ മുമ്പിലിരിക്കുന്ന ശിഷ്യരോട് അതിനെ കുറിച്ച് ചോദിച്ച് മനസ്സിലാക്കാനുള്ള ഒരു വിശാല മനസ്‌കതയും ശൈഖുനാ കാണിച്ചിരുന്നു.

        പലരും ശൈഖുനയോട് ഫത് വകള്‍ ചോദിക്കുമ്പോള്‍ ചിലപ്പോള്‍ ശൈഖുനാക്ക് കിതാബുകള്‍ നോക്കേണ്ടിവരും, അപ്പോള്‍ ക്ലാസ്സിലെ ചില വിദ്യാര്‍ത്ഥികളെ അത് നോക്കി ശൈഖുനാക്ക് പറഞ്ഞ് കൊടുക്കാന്‍ ഏല്‍പിക്കുമായിരുന്നു. പലപ്പോഴും ഫത്‌വ നല്‍കിയ വിഷയം തന്നെ പിന്നീട് കിതാബ് നോക്കി ഉറപ്പ് വരുത്തുന്ന രീതിയും ശൈഖുനാക്ക് ഉണ്ടായിരുന്നു. സമസ്തയുടെ ഫത്‌വ കമ്മിറ്റി യോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ നാളെ ഫത്‌വ കമ്മിറ്റി ഉണ്ടെന്നും ക്ലാസ്സിന് ലീവായിരിക്കുമെന്നും ശൈഖുനാ നേരത്തെ പറയുമായിരുന്നു. അത് കൊണ്ട് തന്നെ യോഗം കഴിഞ്ഞ ശേഷമുള്ള ക്ലാസ്സില്‍ ഫത് വ കമ്മിറ്റിയില്‍ നടന്ന ഫത് വകളെ കുറിച്ചും ചര്‍ച്ചകളെ കുറിച്ചും ചോദിക്കാന്‍ ഞങ്ങള്‍ക്ക് വലിയ ആവേശമായിരുന്നു. എന്നാല്‍ അതിലേറെ ആവേശത്തോടെ ശൈഖുനാ ഓരോ വിഷയങ്ങളും പറഞ്ഞു തരുമായിരുന്നു. 

        സമസ്തയിലെ ശൈഖുനയുടെ മധുരമൂറുന്ന ഓരോ അനുഭവങ്ങളും മറ്റും ക്ലാസ്സില്‍ പങ്കുവെക്കുമായിരുന്നു. വളരെയേറെ പ്രയാസങ്ങള്‍ സഹിച്ച ശൈഖുനയുടെ പഠനകാലത്തെ കുറിച്ചും, കുടുംബത്തെ കുറിച്ചും പലപ്പോഴായി ക്ലാസ്സില്‍ ശൈഖുനാ വാചാലമാകുമായിരുന്നു. അതിനൊക്കെ പുറമെ ഒരുപാട് നല്ല ഗുണപാഠങ്ങളുള്ള കഥകള്‍ പറയാറുണ്ടായിരുന്നു. കൊച്ചു കുട്ടകളോട് മാതാപിതാക്കള്‍ ചോദിക്കുന്ന പോലെ വിനയപൂര്‍വ്വം ഞാന്‍ നിങ്ങള്‍ക്കൊരു കഥ പറഞ്ഞു തരട്ടെയെന്ന് ചോദിച്ചു കൊണ്ടായിരുന്നു അധികവും ശൈഖുനാ കഥ പറയാന്‍ തുടങ്ങിയിരുന്നത്. കഥ കേള്‍ക്കുമ്പോള്‍ സാധാരണ നാം കേള്‍ക്കുന്നത് പോലുള്ള ഏതൊങ്കിലും കഥയായിരിക്കുമെന്ന് ഞങ്ങള്‍ കരുതും, എന്നാല്‍ ശൈഖുനാ പറയുന്ന ഓരോ കഥകളുടെയും കൃത്യമായ സ്രോതസ്സും ശൈഖുനാ തന്നെ പറഞ്ഞ തരുമായിരുന്നു. ഇത്തരം കഥകള്‍ പോലും വളരെ സ്പഷ്ടമായി കിതാബിന്റെ പിന്‍ബലത്തില്‍ ശൈഖുനാ അവതരിപ്പിക്കുന്നത് ഞങ്ങള്‍ക്ക് വളരെ അത്ഭുതമായിരുന്നു. കഥകള്‍ മാത്രമായിരുന്നില്ല മലയാളം അറബി ഭാഷകളിലെ കവിതകള്‍ വരെ ശൈഖുനയുടെ ക്ലാസ്സിന് മാറ്റ് കൂട്ടിയിരുന്നു.

പൊട്ടാ നിന്‍ മുന്‍ തുള്ളി പിന്‍ ചോരക്കട്ട

പിന്നെ നീ കാട്ടം ചുമന്നൊരു കൊട്ട

പെട്ടാലോ ചത്ത കചം അല്ലോ പൊട്ടാ

പറ നിന്നുടല്‍ക്ക് ബഹുമാനം പൊട്ടാ

        ശൈഖുനാ പലപ്രാവശ്യം ക്ലാസ്സില്‍ ചൊല്ലാറുണ്ടായിരുന്ന ശുജാഇയുടെ സഫലമാലയിലെ ചില വരികളാണിവ. ഇത്തരത്തില്‍ ബൈത്തുകളും കവിതകളും ചൊല്ലിയ ശേഷം അതിന്റെ സാരവും പറഞ്ഞ് വിശദീകരിക്കുമായിരുന്നു. കവിതകള്‍ പലതും കുറച്ച് വെക്കാനും ശൈഖുനാ പ്രത്യേകം പറയുമായിരുന്നു. അതിന് പുറമെ ക്ലാസ്സിനിടയിലെ ഒരുപാട് കുസൃതികളും ഫലിതങ്ങളും വിദ്യാര്‍ത്ഥികളെ തീര്‍ത്തും ആവേശഭരിതരാക്കി. ഒരിക്കല്‍ ശൈഖുനാക്ക് കസ്റ്റമര്‍ കെയറിന്റെ ഫോണ്‍ വന്നപ്പോള്‍ അതെടുത്തു, ചെവിയില്‍ വെച്ചപ്പോള്‍ നല്ല പാട്ടാണ് കേള്‍ക്കുന്നത്, അപ്പോളാണ് ശൈഖുനാക്ക് കാര്യം പിടി കിട്ടുന്നത്, ശൈഖുനാ തന്റെ മുമ്പിലിരുന്ന ഈ വിനീതന് നേരെ നീട്ടി 'ഇന്നാ ഉനൈസേ... ഇതനക്കാണ് ഫോണ്‍' എന്ന് പറഞ്ഞു, അതിയായ ജിജ്ഞാസയോടെ ഞാന്‍ അത് വാങ്ങി ചെവിയില്‍ വെച്ചപ്പോളാണ് ഞാന്‍ സസിയായ വിവരം അറിയുന്നത്. ഇത്തരത്തിലുള്ള കുസൃതികളും മറ്റും ശൈഖുനയുടെ ക്ലാസ്സില്‍ സജീവമായിരുന്നു. ഒരിക്കല്‍ ബെല്ലടിക്കാന്‍ ഉത്തരവാദിത്വമുള്ള ഒരു വിദ്യാര്‍ത്ഥി പിരീഡിന് സമയമായപ്പോള്‍ 'ബെല്ലടിക്കട്ടെ...?' എന്ന് ചോദിച്ചു, ശൈഖുനാ ചിരിച്ചു കൊണ്ട് പറഞ്ഞത് 'ബെല്ലെ ആക്കണ്ടാ... ഒറക്കനെ തന്നെ അടിച്ചോ' എന്നായിരുന്നു. 

            മറ്റൊരിക്കല്‍ ക്ലാസ്സ് നടന്ന് കൊണ്ടിരിക്കെ പള്ളിയില്‍ നിന്ന് ബാങ്ക് വിളിച്ചു, ബാങ്കിന് ശേഷം ശൈഖുനാ പറഞ്ഞു: 'ശൈത്വാന്‍ ബാങ്ക് കേള്‍ക്കാത്ത ദൂരത്തേക്ക് ഓടുമന്നല്ലേ... താനൂരില്‍ എങ്ങോട്ടാ ഓടുക..?, ശൈത്വാന്‍ കുടുങ്ങീക്കും', കാരണം താനൂരില്‍ കോളേജിന്റെ പരിസരത്ത് വളരെ അടുത്തടുത്ത് തന്നെയായി ഒരുപാട് പള്ളികള്‍ ഉണ്ട്, ബാങ്ക് കേള്‍ക്കാത്ത സ്ഥലമുണ്ടാകില്ല. ഇത്തരത്തില്‍ ഒരുപാട് കഥകളും കവിതകളും തമാശകളുമൊക്കെയായി വളരെ രസകരമായി ശൈഖുനയുടെ ഓരോ ക്ലാസ്സുകളും കഴിഞ്ഞ് പോകുമായിരുന്നു. അത് കൊണ്ട് തന്നെ ക്ലാസ്സ് ഒരിക്കലും മടുപ്പുളവാക്കുന്നതായിരുന്നില്ല. 

        മൂന്ന് വര്‍ഷം ശൈഖുനയുടെ ക്ലാസ്സ് കേട്ടിട്ടും തന്റെ ശിഷ്യന്മാരെ നിരുത്സാഹപ്പെടുത്തുകയോ നിരാശപ്പെടുത്തുകയോ ചെയ്യുന്ന ഒന്നും ക്ലാസ്സിനിടയിലോ ശൈഖുനയുടെ സംസാരത്തിലോ കടന്ന് വന്നതായി ഞങ്ങള്‍ക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല. ഒരിക്കലും തന്റെ ശിഷ്യന്മാരെ ശൈഖുനാ കുറ്റപ്പെടുത്തി സംസാരിക്കുമായിരുന്നില്ല. വല്ല ക്ഷീണവും കാരണത്താല്‍ ആരെങ്കിലും ക്ലാസ്സിനിടയില്‍ ഉറങ്ങിയാല്‍ 'ജാ... വാവാ...' എന്ന് വിളിച്ച് ചിരിക്കുമായിരുന്നു ശൈഖുനാ. അത് കേള്‍ക്കുമ്പോള്‍ തന്നെ ഉറങ്ങുന്നവര്‍ എഴുന്നേല്‍ക്കും, അപ്പോള്‍ ശൈഖുനാ പറയും : 'ഉറങ്ങുന്നതിന് നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല, ആര്‍ക്കാണെങ്കിലും ക്ഷീണം കൊണ്ട് ഉറക്കം വരും' എന്ന് പറഞ്ഞ് ഉറങ്ങിയവരെ കുറ്റപ്പെടുത്തുകയോ ശകാരിക്കുകയോ ചെയ്യുന്നതിന് പകരം സമാധാനിപ്പിക്കുകയാണ് ശൈഖുനാ ചെയ്തിരുന്നത്. ഇത്തരത്തില്‍ തന്റെ ശിഷ്യന്മാര്‍ക്ക് അമളി എന്തെങ്കിലും അമളി പറ്റിയാല്‍ പോലും അവരെ അതിന്റെ പേരില്‍ പഴിപറയുന്നതിന് പകരം വളരെ മനശാസ്ത്രപരമായി നന്മയാര്‍ന്ന വാക്കുകളിലൂടെ അവരെ ഉപദേശിക്കാനാണ് ശൈഖുനാ ശ്രമിച്ചിരുന്നത്. ഉസ്താദ്മാരെയൊക്കെ സ്‌നേഹിച്ച് അനുസരിക്കണമെന്ന് ശൈഖുനാ പലപ്പോഴും ക്ലാസ്സില്‍ പറയുമായിരുന്നു, അത് പ്രകാരമായിരുന്നു ശൈഖുനായുടെ ശിഷ്യരോടുള്ള പെരുമാറ്റവും നിലപാടുമെല്ലാം. 

        എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ ശൈഖുനയുടെ പ്രാര്‍ത്ഥനക്ക് വേണ്ടി ക്ലാസ്സില്‍ എന്തെങ്കിലും പലഹാരം നല്‍കുന്ന പതിവുണ്ടായിരുന്നു. അത് ശൈഖുനാക്ക് വലിയ ഇഷ്ടമായിരുന്നു. ആര് എന്ത് പലഹാരം കൊടുത്താലും ശൈഖുനാക്ക് ഒരു ചായയും ചെറിയ എന്തെങ്കിലും ഒരു കടിയും മാത്രം മതി. അതുതന്നെ അല്‍പം മാത്രം കുടിച്ച് മുമ്പിലിരിക്കുന്ന കുട്ടികള്‍ക്ക് നല്‍കലായിരുന്നു പതിവ്. ആ ബറകത്തിന്റെ ചായയും കടിയും കിട്ടാന്‍ ഓരോരുത്തരും മത്സരിക്കുമായിരുന്നു, പരമാവധി എല്ലാവര്‍ക്കും കിട്ടാന്‍ എല്ലാവരും ശ്രമിക്കുകയും ചെയ്യുമായിരുന്നു. എല്ലാ അര്‍ത്ഥത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് ശൈഖുനയുടെ ക്ലാസ്സ് കേള്‍ക്കുന്നതും ശൈഖുനാക്ക് ക്ലാസ്സെടുക്കുന്നതും ഒരു ഹരവും ആവേശവുമായിരുന്നു. ഒരു കാരണവശാലും വെറുതെ ശൈഖുനയുടെ ക്ലാസ്സുകള്‍ മുടങ്ങിയിരുന്നില്ല, മുടങ്ങാന്‍ സാധ്യതയുണ്ടെങ്കില്‍ തന്നെ ശൈഖുനാ മുന്‍കൂട്ടി അറിയിക്കുമായിരുന്നു. 

            ഇസ്വ്‌ലാഹില്‍ ശൈഖുനാ മുദര്‍രിസായി ചേര്‍ന്ന അതേ വര്‍ഷാവസാനത്തില്‍ തന്നെ ശൈഖുനാക്ക് പെട്ടെന്നെരു ബ്ലോക്ക് വന്നു. അത് വരെ ശൈഖുനാക്ക് കാര്യമായ ശാരീരിക അസ്വസ്ഥതകളൊന്നും ഉണ്ടായിരുന്നില്ല. ശൈഖുനാ തന്നെ പറയുമായിരുന്നു: 'അല്‍ഹംദുലില്ലാഹ്... എനിക്കിപ്പോള്‍ നല്ല സുഖമാണ്, ഞാന്‍ ശുഗറിന്റെ ഒരു ചെറിയ ഗുളികയല്ലാതെ ഒരു മരുന്നും കഴിക്കുന്നില്ല', എന്നാല്‍ ബ്ലോക്ക് വന്ന് ഓപ്പറേഷന്‍ കഴിഞ്ഞ ശേഷം ശൈഖുനാ പറഞ്ഞത് 'എനിക്കിപ്പോള്‍ ഭക്ഷണത്തേക്കാള്‍ കൂടുതല്‍ മരുന്നാണ്'എന്നായിരുന്നു. ബ്ലോക്കിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ശൈഖുനയോട് വല്ലാതെ സംസാരിക്കരുതെന്നും ക്ലാസ്സുകളും മറ്റു പരിപാടികളും ഒഴിവാക്കണമെന്നും പറഞ്ഞിരുന്നു, പക്ഷെ അതിന് ശൈഖുനാ തയ്യാറായിരിന്നില്ല. ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ച് രോഗം ഭേതമായി ശൈഖുനാ വീണ്ടും സ്ഥാപനത്തിലെത്തി, അതിനെ കുറിച്ച് ശൈഖുനയോട് ക്ലാസ്സില്‍ നിന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് 'ആകെ കുറഞ്ഞ സമയം മാത്രമാണ് നാം ഇവിടെ ജീവിക്കുക, അത്രയും സമയം നിങ്ങള്‍ക്ക് കുറച്ച് അറിവ് പറഞ്ഞു തന്നാല്‍ അതല്ലെ വെറുതെ വീട്ടിലിരിക്കുന്നതിനേക്കാള്‍ ഉത്തമം' എന്നായിരുന്നു. മരണം ശൈഖുനാക്ക് വലിയ ഭയമായിരുന്നില്ല, ശൈഖുനാ തന്നെ പലതവണ ക്ലാസ്സില്‍ പറഞ്ഞിട്ടുണ്ട്:'മരിക്കാന്‍ എനിക്ക് പേടിയില്ല, പക്ഷെ... മറ്റുള്ളവര്‍ക്ക് ബുദ്ധമുട്ടാകും വിധം കിടപ്പിലാകാതെ ദര്‍സ് മുടങ്ങാതെ മരിക്കാനാണ് താത്പര്യം'. അത് ശൈഖുനയുടെ ആഗ്രഹം പോലെതന്നെ പടച്ച തമ്പുരാന്‍ നടപ്പിലാക്കുകയും ചെയ്തു. ശൈഖുനായുടെ ദര്‍സും വഫാത്താകും വരെ മുടങ്ങിയിരുന്നില്ല, കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ സമയത്ത് പോലും ശൈഖുനാ വീട്ടില്‍ നിന്ന് റെക്കോര്‍ഡ് ചെയ്തു ഓണ്‍ലൈന്‍ വഴി ക്ലാസ്സെടുത്തിരുന്നു. 

        വഫാത്തിന്റെ അല്‍പം ദിവസങ്ങള്‍ക്ക് മുമ്പ് താനൂര്‍ ഇസ്വ്‌ലാഹിലെ സ്റ്റുഡിയോ ഉദ്ഘാടന പരിപാടിക്കായി ശൈഖുനാ വന്നു, പരിപാടി കഴിഞ്ഞ്് വീട്ടിലേക്ക് മടങ്ങും മുമ്പ് അവസാനമായി ശൈഖുനാ പത്താം ക്ലാസ്സിന്റെ 'ബൈളാവി'യുടെ ക്ലാസ്സ്് കോളേജില്‍ നിന്ന് തന്നെ എടുത്തു, എന്നിട്ട് 'ഇനി എനിക്കിങ്ങോട്ട് വരാന്‍ കഴിയണമെന്നില്ല, കുട്ടികളോട് വീട്ടിലേക്ക് വരാന്‍ പറയേണ്ടി വരും' എന്ന് കൂടെയുള്ളവരോട് ശൈഖുനാ പറയുകയും ചെയ്തു. ശൈഖുനാ പറഞ്ഞത് പോലെ തന്നെ പിന്നീട് ശൈഖുനായുടെ ജനാസ കാണാനോ മഖ്ബറ സിയാറത്ത് ചെയ്യാനോ ആണ് പലരും അവിടെ പോയിരുന്നത്. തന്റെ അവസാന സമയത്ത് പോലും കൂടുതല്‍ കിടപ്പിലാകാതെ, ദര്‍സ് മുടങ്ങാതെ ശൈഖുനായുടെ ജീവിതാഭിലാഷം നാഥന്‍ സഫലമാക്കുകയായിരുന്നു. 

എന്നാല്‍ ജീവിതാന്ത്യം വരെ ദര്‍സ് മുടങ്ങാതിരിന്നതിന്റെ പിന്നില്‍ ശൈഖുനാ തന്നെ ഞ്ങ്ങളോട് ക്ലാസ്സിനിടയില്‍ പറഞ്ഞ മറ്റൊരു ചരിത്ര സത്യം കൂടെയുണ്ട്. ഒരിക്കല്‍ വന്ദ്യരായ ശൈഖുനാ മടവൂര്‍ സി.എം വലിയുള്ളാഹിയെ കാണാന്‍ പോയി, അവിടെന്ന് ശൈഖുനാ കണ്ണിന് പ്രശ്‌നമുണ്ടെന്നും ദര്‍സ് മുടങ്ങാതിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടു, ഉടനെ തന്നെ സി.എം ഉസ്താദ് പറഞ്ഞു:'അതൊന്നും കാര്യമാക്കേണ്ട ദര്‍സൊക്കെ മുടങ്ങാതെ നടന്നോളും' എന്ന്. വലിയുള്ളാഹിയുടെ വാക്ക് പോലെ തന്നെ ശൈഖുനയുടെ അവസാന സമയങ്ങളില്‍ കണ്ണിന് ഭാഗികമായി കാഴ്ച്ച നഷ്ടപ്പെട്ടിട്ട് പോലും ശൈഖുനയുടെ ദര്‍സ് മുടങ്ങിയിരുന്നില്ല. 

        ഈ അനുഭവം പങ്കുവെച്ച് ശൈഖുനാ തന്നെ ഞങ്ങളോട് പറഞ്ഞു:'കണ്ണിന്റെ കാഴ്ച്ച അവസാനം വരെ നിലനില്‍ക്കലോടൊപ്പം ദര്‍സ് മുടങ്ങാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാന്‍ പറയാമായിരുന്നു' എന്ന്്. ശൈഖുനായുടെ കണ്ണിന്റെ കാഴ്ച്ച പോയതില്‍ ശൈഖുനാക്ക് വിഷമമുണ്ടായിരുന്നില്ല, എങ്കിലും 'എനിക്ക് ഇപ്പോഴും പഴയ പോലെ കണ്ണിന് കാഴ്ച്ചയുണ്ടെങ്കില്‍ ദര്‍സ് കഴിഞ്ഞിട്ടുള്ള ഒഴിവ് സമയങ്ങളില്‍ എനിക്ക് കാതാബുകള്‍ മുതാലഅ ചെയ്യാമായിരുന്നു' എന്ന് ശൈഖുനാ പലപ്പോഴും പറയാറുണ്ടായിരുന്നു. കാഴ്ച്ച കുറവായതിനാല്‍ തന്നെ ശൈഖുനായുടെ അടുത്ത് വരുന്ന വ്യക്തികളെ കൃത്യമായി തിരച്ചറിയാന്‍ പ്രയാസമായിരുന്നു. ഞങ്ങള്‍ ശിഷ്യന്മാര്‍ ശൈഖുനയുടെ അടുത്ത് പോകുമ്പോള്‍ സലാം പറഞ്ഞ് പേര് പറയണമായിരുന്നു, എങ്കില്‍ മാത്രമേ ശൈഖുനാക്ക് ആളെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുമായിരുന്നൊള്ളൂ. ശൈഖുനയോട് സ്ഥിരമായി ബന്ധം പുലര്‍ത്തുന്നവരോ അല്ലെങ്കില്‍ ക്ലാസ്സില്‍ കിതാബ് വായിച്ച് കൊടുക്കുന്നവരോ ആണെങ്കില്‍ ശബ്ദം കോള്‍ക്കുമ്പോള്‍ തന്നെ ശൈഖുനാക്ക് ആളെ തിരിച്ചറിയുമായിരുന്നു.

        ശൈഖുനായോട് ബന്ധം പുലര്‍ത്തുന്ന ഓരോ ശിഷ്യന്മാര്‍ക്കും തന്നോടാണ് ശൈഖുനാക്ക് കൂടുതല്‍ താത്പര്യമെന്ന് തോന്നുമായിരുന്നു. അത്തരത്തിലായിരുന്നു ശിഷ്യരോടുള്ള ശൈഖുനയുടെ പരുമാറ്റമെല്ലാം. റൂമില്‍ ശൈഖുനാ ഒറ്റക്കിരിക്കുമ്പോള്‍ അവിടെ ചെന്ന് കുശലാന്വേഷണം നടത്തുന്നതും സംശയങ്ങള്‍ ചോദിക്കുന്നതും ശൈഖുനാക്ക് വലിയ ഇഷ്ടമായിരുന്നു. അതിനായി പലരും ശൈഖുനായുടെ റൂമില്‍ പോകാറുമുണ്ടായിരുന്നു. ഈ ഗുരുശിഷ്യ ബന്ധം കോളേജില്‍ നിന്ന് മാത്രമായിരുന്നില്ല, സ്ഥാപനത്തിന്റെ പുറത്ത് നിന്നും വല്ല പരിപാടിക്ക് ഞങ്ങളെ കണ്ടാലും ശൈഖുനാ നമ്മുടെ വിശേഷങ്ങള്‍ തിരക്കുമായിരുന്നു. 'നിങ്ങള്‍ പുറത്ത് നിന്ന് എന്നെ എപ്പൊ കണ്ടാലും എന്നോട് വന്ന് സലാം പറഞ്ഞ് പേര് പറയണം, ഞാന്‍ പരിപാടിയുടെ തിരക്കിനിടയില്‍ നിങ്ങളെ കണ്ടെന്ന് വരില്ല' എന്ന് ശൈഖുനാ വളരെ നിഷ്‌കളങ്കമായി ക്ലാസ്സില്‍ പറയുമായിരുന്നു. 

ശൈഖുനയുടെ വീട്ടില്‍ പോയാല്‍ പിന്നെ ഒരു ചായ സല്‍ക്കാരം കഴിഞ്ഞിട്ടേ മടങ്ങാനാവൂ, അവസാനമായി ഈ വിനീതനും രണ്ട് സുഹൃത്തുക്കളും ശൈഖുനായുടെ വീട്ടില്‍ പോയപ്പോള്‍ ഉച്ചഭക്ഷണം കഴിപ്പിച്ചിട്ടാണ് ശൈഖുനാ ഞങ്ങളെ യാത്രയയച്ചത്. പിന്നീട് ശൈഖുനയുടെ മഖ്ബറ സിയാറത്ത് ചെയ്യാനായിരുന്നു ഞങ്ങള്‍ പോയത്, സിയാറത്ത് കഴിഞ്ഞിറങ്ങുമ്പോള്‍ ശൈഖുനയുടെ മുതിര്‍ന്ന മകന്‍ ശരീഫ്ക്ക വന്ന് ഇസ്വ്‌ലാഹില്‍ നിന്നാണോ എന്ന് ചോദിച്ചു, ഞങ്ങള്‍ അതെയെന്ന് പറഞ്ഞു, അപ്പോള്‍ ശരീഫ്ക്ക പറഞ്ഞു:'എന്നാല്‍ എല്ലാവരും വീട്ടിലേക്ക് വരണം, ഇസ്വ്‌ലാഹില്‍ നിന്ന് ഉപ്പാനെ കാണാന്‍ ആര് വന്നാലും ഉപ്പ അവരെ വെറുതെ തിരിച്ചയക്കാറില്ലായിരുന്നു, അത്‌കൊണ്ട് ചായ കുടിച്ചിട്ട് പോയാല്‍ മതി'. ശൈഖുനയെ കുറച്ചോര്‍ത്തപ്പോള്‍ അതാണ് ശരിയെന്ന് ഞങ്ങള്‍ക്കും തോന്നി. അങ്ങനെ ശൈഖുനയില്ലാത്ത ആ വീട്ടില്‍ ശൈഖുനയുടെ അസാന്നിധ്യം തികച്ചും ശ്രദ്ധേയമായിരുന്നു, അവിടെ നിന്ന് ശൈഖുനയുടെ പേരില്‍ ഒരു ചായയും കുടിച്ച് പ്രാര്‍ത്ഥിച്ചാണ് ഞങ്ങള്‍ മടങ്ങിയത്. 

തുടര്‍ച്ചയായ ശൈഖുനായുടെ മൂന്ന് വര്‍ഷത്തെ ക്ലാസ്സ് മുഴുവനായി ലഭിച്ചത് ഞങ്ങള്‍ രണ്ടു ബാച്ചുകള്‍ക്ക് മാത്രമായിരുന്നു. ഗഹനമായ ഏതു വിഷയങ്ങളും തന്റെ അഗാതജ്ഞാനം കൊണ്ട് വളരെ ലളിതമായി ക്ലാസ്സില്‍ അവതരിപ്പിച്ചിരുന്ന ശൈഖുനാ കിതാബിലെ പാഠങ്ങള്‍ക്കപ്പുറം ഒരുപാട് പ്രാവര്‍ത്തികമാക്കേണ്ട ജീവിത പാഠങ്ങളും ഞങ്ങളെ പഠിപ്പിച്ചിരുന്നു. കഥകള്‍ക്കും, കവിതകള്‍ക്കും, ഫലിതങ്ങള്‍ക്കും, കുസൃതികള്‍ക്കും പുറമെ ഒരുപാട് ചിന്താര്‍ഹമായ മൊഴിമുത്തുകളാലും സമൃദ്ധമായിരുന്ന ശൈഖുനായുടെ ക്ലാസ്സുകള്‍ ഇനി വെറും ഓര്‍മ്മകള്‍ മാത്രം. നാഥന്‍ ശൈഖുനായുടെ പാഥയിലൂടെ സഞ്ചരിക്കാനും അവരോടൊപ്പം നാളെ സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ച് കൂടാനും തൗഫീഖ് നല്‍കട്ടെ... ആമീന്‍.

🖋ഉനൈസ് നെല്ലിക്കുത്ത്,അർശദ് കാളികാവ്


Post a Comment

0 Comments