ആസാമിതെത്ര വേഗമാണ് ഹൃത്തോളം പ്രിയമുള്ളതായി മാറിയത്. മഞ്ഞ് വിരിച്ച പുലരിയുമായാണ് ആസ്സാം ഞങ്ങളെ സ്വാഗതം ചെയ്തത്. കേരളത്തില്‍ നിന്നെത്തുന്ന അതിഥികള്‍ക്കായി , കൊക്‌റാജ് സ്റ്റേഷനില്‍ അന്ധി തീര്‍ത്ത ഒരു പറ്റം മനുഷ്യര്‍ അവരുടെ സ്‌നേഹമണിയിച്ച് വരവേല്‍പ്പു നല്‍കി. റേഞ്ച് കോഡിനേറ്ററായ അബ്ദുറഹ്‌മാന്‍ ഭായിയും നൂര്‍ ഹുസൈന്‍ സാഹിബും റുവൈസ് ഹുദവിയും അസ്ഹര്‍ ഹുദവിയും അടങ്ങുന്നയവര്‍ സ്വാഗതം വിളിച്ചത് കേവലം അതിഥി സല്‍ക്കാരത്തിലേക്കായിരുന്നില്ല, പകരം ഹൃദയാന്തരത്തില്‍ നിന്നും കുടുംബകങ്ങളിലേക്കായിരുന്നു . പിന്നീട് അവരായിരുന്നു എല്ലാം . സ്റ്റേഷനു പുറത്ത് , വാഹനം പ്രത്യേകം തയ്യാര്‍ ചെയ്തിരുന്നു. നാട്ടിലെ വാനിനെക്കാള്‍ കുറച്ചല്‍പം വലിപ്പമുണ്ട്. ഞങ്ങള്‍ ഇരുപത്തി ഒമ്പതു പേരാണ് . രണ്ടു ഗ്രാമങ്ങളിലേക്കാണു പോകാനുള്ളത്. ദുബിരി ജില്ലയിലെ പാന്‍ബരിയും ഹല്‍ദിബാരിയുമാണ്.
പോയിക്കൊണ്ടിരിക്കുന്ന വഴി നീളെ ഇരുവശവും വയലുകള്‍. ഞങ്ങള്‍ ഏറിയതും ചോദിച്ചത് അതുമായി ബന്ധപ്പെട്ടവയാണ്. നൂര്‍ ഹുസൈന്‍ സാഹിബ് വളരെ കൃത്യമായി മറുപടി നല്‍കി. ഒരു പിതാവിന്റെ വാത്സല്യമേകി ഖൈറുല്‍ ബഷര്‍ സാഹിബും നൂര്‍ ഹുസൈന്‍ സാഹിബും കൂടെ നിന്നു . ഹല്‍ദിബാരിയില്‍ ഖൈറുല്‍ ബഷര്‍ സാഹിബ് വിരുന്നും വിരിപ്പും നല്‍കി.
പാന്‍ബരിയിലെ ഹാദിയയുടെ റീജ്യനല്‍ ഓഫീസിലാണ് പാന്‍ബരി ടീമിന്റെ താമസം. അതി പുരാതന നിര്‍മ്മിതികള്‍ പലതും നിലനില്‍ക്കുന്ന ദേശമാണത്. കടുക് പാടങ്ങള്‍ പൂത്തു നില്‍ക്കുന്ന ആസാം കൗതുകങ്ങളുടെ കലവറയുമാണ്. വെള്ളി ആയതിനാല്‍ ചായ സല്‍ക്കാരം കഴിഞ്ഞ് ജുമുഅക്കായുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടായിരുന്നു. പ്രാതല്‍ കഴിക്കലായിരുന്നു പ്രഥമ കാര്യപരിപാടി. റൊട്ടിയും മുട്ടയും കൂടെ ഒഴിച്ചു നിര്‍ത്താനാകാത്ത ദാലും. പലര്‍ക്കും ഖുത്ബയും ബയാനും ഉള്ളതു കൊണ്ട് അവരതിലും വ്യാപൃതരായി. സമയമടുത്തു വരുന്ന നേരം നാട്ടുകാര്‍ വന്ന് അവരെ കൂട്ടി കൊണ്ടുപോയി. നാട്ടില്‍ നിന്നും വ്യത്യസ്തമായി , വാങ്കുവിളിച്ച് അല്‍പ്പം കഴിഞ്ഞ് ഏകദേശം 20 മിനിറ്റ് സാരോപദേശം നല്‍കുന്നതാണ് ബയാനെന്നു പറയുന്നത്. ഹൃദയ സ്പര്‍ശിയായ വാക്കുകള്‍ കൊണ്ടു മനം നിറച്ച പ്രിയപ്പെട്ടവന്‍ ആക്കോട് ബാസിത്തിനെ പല വേളകളില്‍ അവിടുത്തുകാര്‍ തന്നെ അനുസ്മരിച്ചതോര്‍ക്കുന്നു. ബയാന്‍ കഴിഞ്ഞ് , ഖുതുബയും നിസ്‌കാരവും കുറഞ്ഞ സമയത്തിനുള്ളില്‍ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയാണ് നടപ്പുരീതി.ജുമുഅഃ കഴിഞ്ഞ് നാട്ടിലെ കാരണവര്‍മാരൊത്ത് കൂടിയിരിന്നു. ഹാദിയയോടു ചേര്‍ന്നു നിന്നു നാട്ടില്‍ ദീനിന്റെ ദീപം തെളിയിക്കാന്‍ എല്ലാവരും പൂര്‍ണ്ണ സമ്മതിതരായായിരുന്നു. പാന്‍പരിയില്‍ താമസ സൗകര്യങ്ങളടങ്ങിയ വനിതാ കോളേജ് അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.കൂരിരുട്ടില്‍ ഇത്തിരി വെട്ടം തെളിയിക്കാനായതിലെ ചാരിതാര്‍ത്ഥ്യം അവരുടെ വാക്കുകളില്‍ കാണാന്‍ കഴിഞ്ഞു.വരും വര്‍ഷങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കണമെന്ന അടങ്ങാത്ത ആഗ്രഹവും അതിനു വേണ്ടിയുള്ള അവരുടെ കഠിനയത്‌നവും പുതു ചരിത്രം കുറിക്കുമെന്നു തീര്‍ച്ച. ഇന്‍ ഷാ അല്ലാഹ് . സുഭിക്ഷമായ ഭക്ഷണം കഴിച്ച് കഴിഞ്ഞ് വീടകങ്ങളും മനസ്സകങ്ങളും പരതി ഞങ്ങളറങ്ങി. ആ ജനസമൂഹം അറിവിനു നല്‍കുന്ന വിലയും മതിപ്പും നേരിട്ടനുഭവിക്കുകയായിരുന്നു ഈ നാളുകളത്രയും . ഖുതുബ കഴിഞ്ഞ് കുറച്ചാളുകള്‍ കൂട്ടി കൊണ്ടുപോയി , തങ്ങളുടെ പുര നിര്‍മ്മാണത്തിനു ആദ്യ ഹിതം സിമന്റ് ഇടിയിച്ച് തുടക്കം കുറിച്ചു കൊടുക്കല്‍ കര്‍മ്മം ചെയ്യിച്ചത് രാത്രി കാംപ് ഫയറില്‍ മുന്നാസ് ആശ്ചര്യപൂര്‍വം അനുഭവം പങ്കുവച്ചിരുന്നു. വീടുകളിലേക്ക് അ ന്വേഷകരായി എത്തിയ ഞങ്ങള്‍ക്ക് വലിയ സ്വീകരണങ്ങളായിരുന്നു ആ ചെറിയ കോലായകള്‍ പോലും സമ്മാനിച്ചത്. സമയ പരിമിധി മൂലം വേറെയും വീടുകള്‍ സന്ദര്‍ശിക്കാനാകാത്തത് കാത്തിരുന്നവരുടെയെല്ലാം ഉള്ളിലൊരു നുള്ള് നോവ് കോരിയിട്ടു കാണും .
ബാബര്‍ തന്റെ കാലത്ത് നിര്‍മ്മിച്ച പാന്‍ ബരിയിലെ ഈദ് ഗാഹ് ഗാര്‍ഡനില്‍ റീജ്യനല്‍ ഡ്യൂട്ടിയുള്ള അസ്ഹര്‍ ഹുദവി മനസ്സു തുറക്കുമ്പോള്‍ ആസാമിലെ ബാല്യവും വാര്‍ദ്ദക്യവും ഒരുമിച്ചിരുന്ന് നിലം അടിച്ചു കൊണ്ടിരിക്കുന്ന കാഴ്ച ഒരു ദേശത്തിന്റെ നിലവാരം അടയാളപ്പെടുത്തി തരികയാണുണ്ടായത് .രാത്രിയുടെ പെട്ടെന്നുള്ള കടന്നുവരവ് കൂടുതല്‍ ഹൃദയങ്ങളിലേക്കുള്ള വാതിലുകളാണ് വലിച്ചടച്ചത്. അന്നു രാത്രി പാന്‍ ബുരിയിലെ , അതിപുരാതന പള്ളിയില്‍ നിസ്‌കരിക്കുന്നതിനു ഭാഗ്യം കിട്ടി. ഗോറി രാജവംശത്തില്‍പെട്ട രാജാവ് നിര്‍മ്മിച്ച പ്രസ്തുത പള്ളി ബാബരി മസ്ജിദിനോട് കൂടുതല്‍ ഛായച്ചേര്‍ച്ച തോന്നിക്കുന്നതാണ്. അതിനോട് ഓരം പറ്റി പ്രവര്‍ത്തിക്കുന്ന അഹ്‌മദിയ ഹുസൈനിയ മദ്‌റസ സന്ദര്‍ശനം നടത്താനും സാധിച്ചു. മത വിദ്യാഭ്യാസ രംഗത്തെ പരമ്പരാഗത രീതി ശാസ്ത്രം പിന്തുടരുന്ന ഇവിടെ, ഭൗതിക വിജ്ഞാനീയങ്ങളുടെ വലിയ കുറവ് പ്രകടമായിരുന്നു.
ഇരുള്‍ തുന്നിയ രാപരപ്പില്‍ ഫീല്‍ഡിലെ ചൂട് മാറും മുന്നേ ഖൈറുല്‍ ബഷര്‍ സാഹിബിന്റെ വീട്ടു മുറ്റത്ത് കാംപ് ഫയറു കൂട്ടി. പച്ചയായ ജീവിതങ്ങളെ മുന്‍വിധികളില്ലാതെ വായിച്ചെടുത്തവ പങ്കു വെക്കാനും ഇവിടെ നമുക്കായി . കഴിഞ്ഞ ദിവസം വരെ ആകാംശ തിങ്ങി നിന്ന സ്വപ്‌നത്തിന്റെ പാതിയങ്ങിനെ ജീവിതത്തിലെ അതി മനോഹര നിമിഷങ്ങളായി ഓര്‍മ്മത്താളുകളിലേക്കു ചേര്‍ത്തെഴുതപ്പെട്ടു.
അടുത്ത ദിവസം ആരംഭിക്കുന്നത് പാന്‍ ബരി പള്ളിയിലെ സുബഹിയോടെയാണ്. അവിടെ നിസ്‌കാരം കഴിഞ്ഞ് മക്തബ് സന്ദര്‍ശനങ്ങളാണ്. നമൊക്കെയും എത്ര ഭാഗ്യവാമാരാണെന്ന് തിരിച്ചറിയാന്‍ പോകുന്ന നിമിഷങ്ങളാണ്. നിസ്‌കാരം കഴിഞ്ഞ് ആസ്സാമിലെ ശൈത്യകാല സ്‌പെഷ്യലായ ചായയും പീട്ടയും - അരിപ്പൊടിയും ശര്‍ക്കരയും പ്രത്യേക അച്ചിലിട്ട് ഉണ്ടാക്കുന്നത്- കഴിച്ച് നില്‍ക്കുന്ന നേരം മക്തബുകളിലേക്ക് ആനയിക്കാന്‍ ഓരോ നാട്ടുകാരും തേടിയെത്തിയിരുന്നു. എനിക്കു പോകേണ്ടി വന്നത് കുറച്ചകലെയുള്ള മക്തബിലേക്ക് ആണ്. അസ്ഹര്‍ ഹുദവിയും രണ്ടു സുഹൃത്തുക്കളും - ശാമില്‍ & മിന്‍ഹാജ് - അടങ്ങുന്ന ടീമിലാണ് ഞാനും പോയത്. ബൈക്ക് റിക്ഷയിലാണ് ,അര മണിക്കൂറിന്റെ യാത്രാ വഴിയുണ്ട്. മണ്ണില്‍ മഴ വീണ് മരിച്ചതിന്റെ പാടുകള്‍ ഒന്നും വിടാതെ വഴിയില്‍ കിടന്നു പിടയുന്നുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകാറുള്ള നോര്‍ത്ത് ഈസ്റ്റ് എന്തുകൊണ്ടാണ് ഇത്രയും വളര്‍ച്ചയറ്റ നിലയില്‍ ആകേണ്ടി വന്നത്?. അറിയില്ല. അങ്ങിനെ ഉത്തരമില്ലാത്ത പല ചോദ്യങ്ങളില്‍ തട്ടി ചാഞ്ഞും ചെരിഞ്ഞും അരിച്ചു പാഞ്ഞ വണ്ടി ഞങ്ങളെ ലക്ഷ്യ സ്ഥാനത്തെത്തിച്ചു .അവിടെയുള്ളതില്‍ അബ്ദുറഹിമാന്‍ ഉസ്താദിന് ഏറ്റവും പ്രിയപ്പെട്ട മക്തബായിരുന്നു അത്. ഒന്നാം ക്ലാസ്സിലേക്കാണ് ആദ്യമായി കയറിയത്. എല്ലാവരും കൂടെ സലാം പറഞ്ഞ് എതിരേറ്റു.കേരളത്തിലേത് പോലെയല്ല. ഒരേ ക്ലാസ്സില്‍ പഠിക്കുന്ന പത്തു പേര്‍ക്കും പത്തു വ്യത്യസ്ത പ്രായമാണ്. സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നവരും അഞ്ചിലും ആറിലും പഠിക്കുന്നവരും മക്തബിലെ ഒന്നാം ക്ലാസ്സില്‍ ഒരുമിച്ചിരുന്ന് ദീനിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്നു. ഫാതിഹ ഓതിയും അക്ഷരമാല പാടിയും അവരത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ശേഷം രണ്ടാം ക്ലാസില്‍ ചെന്നു. വിരലിലെണ്ണാവുന്ന ചുരുക്കം ചില പെണ്‍കുട്ടികള്‍ മാത്രമുള്ള ക്ലാസ് . മന:പാഠമാക്കിയ അധ്യായങ്ങള്‍ സുന്ദരമായി പാരായണം ചെയ്യുന്നു. മനോഹരമായി ഉറുദു നഅത്ത് പാടിത്തരുന്നു.ഉള്ളം നിറക്കുന്ന കാഴ്ച.പിതാവ് കണ്ട കിനാവുകള്‍ മക്കളിലൂടെ പുലരുന്ന പകല്‍ പോലെ.
വന്ദ്യരായ ബാപ്പുട്ടി ഹാജിക്കു കൊടുത്തയക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സന്തോഷമാണ് ഹാദിയ ചെയ്തു കൊണ്ടിരിക്കുന്നത് എന്നു തോന്നി. നാഥനില്‍ സ്തുതകളര്‍പ്പിച്ച് എല്ലാം ആസ്വദിച്ചു . എനിക്ക് അള്ളയും റസൂലും ഉമ്മയും ബാപ്പയും കഴിഞ്ഞാല്‍ ബാപുട്ടി ഹാജിയും സി എച്ച് ഉസ്താദാെക്കെയാണെന്ന് ആനമങ്ങാട് ഉസ്താദ് പറയാറുള്ളത് ഇടക്കിടെ ഉളളില്‍ തികട്ടി വന്നു.
അവിടെയുള്ള മൗലാനമാര്‍ക്കെല്ലാം അങ്ങേയറ്റത്തെ ആത്മാര്‍ത്ഥതയും കാര്യബോധവുമാണ് ഉള്ളത്. ഹാദിയയില്‍ നിന്ന് അന്വേഷിക്കാന്‍ എത്തിയവരെ പോലെ എല്ലാ രേഖകളും - സ്റ്റുഡന്റ്‌സ്അറ്റന്‍ഡന്‍സ് , അക്കാദമിക്കലണ്ടര്‍- അതി സുതാര്യമായി കാണിച്ചു തരുന്നതു കണ്ടപ്പോള്‍ തന്നെ അതെനിക്ക് ബോധ്യമായി.കുട്ടികള്‍ക്കെല്ലാം മധുരം നല്‍കി, പൂരിയും ദാലും കഴിച്ച്, സ്‌നേഹത്തിന്റെ പൊന്നാടയും ഏറ്റു വാങ്ങിയാണ് യാത്ര ചോദിച്ചത്. രണ്ടു കൊല്ലം മുമ്പു ദീനിലെ അടിസ്ഥാന കാര്യങ്ങള്‍ പോലും അറിയാതിരുന്നവരില്‍ പലര്‍ക്കും ഇന്ന് അല്ലാഹുവിനെ അറിയാം, തിരു നബിയെ അറിയാം,നിസ്‌കരിക്കാന്‍ അറിയാം ഇതെല്ലാം ഹാദിയക്കു മാത്രം കിട്ടിയ പ്രത്യേക തൗഫീഖ് ആണ്. നാഥന്‍ നിലനിര്‍ത്തട്ടെ എന്നതാണ് പ്രാര്‍ത്ഥന!
ഫീല്‍ഡു വിസിറ്റ് കഴിഞ്ഞു വന്ന അടുത്ത സമയം തന്നെ ആസാം കാംപസിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു.നേരത്തേ ബുക്ക് ചെയ്ത ബസ് , നാലു മണിക്കൂര്‍ അതില്‍ സഞ്ചരിക്കണം. ശേഷം പിന്നെയും നാഴികകള്‍ താണ്ടണം. ഓട്ടോ കയറി. ആദ്യം പോകുന്നത് ഹാദിയ നടത്തുന്ന ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളിലാണ്. രാവിലെ പത്തു പത്തരക്ക് തുടങ്ങിയ യാത്ര അവസാനിക്കുമ്പോള്‍ അഞ്ചു മണിയോട് അടുത്തിരുന്നു. അഥവാ ആസാമില്‍ മഗ്രിബ് ആവാനൊരുങ്ങിയിരുന്നു. എത്തിയ ഉടനെ ഭക്ഷണം കഴിക്കാനിരുന്നു.
അവിചാരിതമായി നേരം വൈകിയെത്തിയ ഞങ്ങള്‍ എത്തിപ്പോഴേക്കും ബാക്കിയുള്ളവര്‍ കഴിച്ച് ഇറങ്ങിയിരുന്നു. വിഭവത്തിനു ഭാവ ഭേദങ്ങളൊന്നും തോന്നിയില്ല. വെള്ളിയാഴ്ച്ച ഉച്ചക്ക് പാന്‍ബരിയില്‍ വിളമ്പിയ അതേ ഫുഡ്. വയറു നിറയെ കഴിച്ചു. ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളിലെ പ്രിയപ്പെട്ട ഹുദവികളുമായി സംവദിക്കലായിരുന്നു അടുത്ത ചടങ്ങ്. ഹുദവിയിലെ ധര്‍മ്മവും നിര്‍വ്വഹിക്കേണ്ട കര്‍മ്മവും കാര്യത്തിലെ മര്‍മ്മവും എല്ലാം ചുരുങ്ങിയ വേളയില്‍ അവതരിപ്പിക്കപ്പെട്ടു.പിന്നെ നേരെ ചെന്നത് ദാറുല്‍ ഹുദാ ആസ്സാം ക്യാമ്പസിന്റെ തിരുമുറ്റത്തേക്കാണ്. അവിടെ വെള്ളയില്‍ കറുപ്പണിഞ്ഞ ഒരു കൂട്ടം അവരുടെ ഉസ്താദുമാരുടെ കൂടെ വിരുന്നുകാരെ വരവേല്‍ക്കാന്‍ തിടുക്കം കാട്ടി നില്‍പ്പുണ്ടായിരുന്നു.അവിടെ ഞങ്ങളുടെയെല്ലാം പ്രിയങ്കരരായ സുഹൈല്‍ ഹുദവി ഉസ്താദും ഉണ്ടായിരുന്നു .
രാവിലെ മുതലേ കാത്തിരിക്കുകയായിരുന്ന0ികളുമായി സംസാരിച്ചിരുന്ന് അവര്‍ ഒരുക്കിയ കലാ വിരുന്നിലേക്ക് ചെന്നു.അവിടെ നമ്മുടെ ഉസ്താദുമാരും സുഹൃത്തുക്കളും സംസാരിക്കുകയും മനോഹരമായ മേഷപ്പ് അവതരിപ്പിക്കുകയും ചെയ്തു.വിസ്മയകരമായിരുന്നു വിദ്യാര്‍ത്ഥികള്‍ ഒക്കെയും.കെങ്കേമമായ അത്താഴ വിരുന്നു കഴിഞ്ഞ് ഉസ്താദുമാരുടെയും ഹാദിയ കോര്‍ഡിനേറ്റര്‍മാരുടെയും കൂടെ ഒന്നിച്ചിരുന്നു.ആശകളും ആശയങ്ങളും പങ്കു വച്ചു .രാത്രി 12നു മേഘാലയക്ക് പുറപ്പെടേണ്ടതുണ്ടായിരുന്നതിനാല്‍ കുറച്ചു സമയം വിശ്രമിച്ചു. വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ രാവ് വിരിച്ച ഇരുളിന്റെ മറവില്‍ ആസാമിനോട് സലാം ചൊല്ലി യാത്ര ചോദിച്ചു.
മന്‍സൂര്‍ പാങ്ങ്

0 Comments