അജ്മീര്‍ : അശരണരുടെ ആശാകേന്ദ്രം

             ദൈവത്തിന്റെ കൂട്ടുക്കാരനാകാന്‍ മൂന്ന് യോഗ്യതകള്‍ വേണം. ഒന്ന് : അവന്‍ സൂര്യനെ പോലെ സ്‌നേഹമുള്ളവനാകണം. ജാതി , മതം , പദവി എന്നിവ നോക്കാതെ എല്ലാവര്‍ക്കും ഉപകാരമുള്ളവനാകണം. രണ്ട് : ദൈവത്തിന്റെ കൂട്ടുകാരന്‍ സമുദ്രം പോലെ ഉദാര മനസ്‌ക്കനായിരിക്കണം. മൂന്ന് : ദൈവത്തിന്റ കൂട്ടുകാരന്ന് ഭൂമിയെ പോലെ ആതിഥ്യമര്യാദ  ഉണ്ടായിരിക്കണം. അഉ 1236 ല്‍ അജ്മീറില്‍ വഫാത്തായ ഗരീബ് നവാസ് മുഈനുദ്ധീന്‍ ചിശ്ത്തി (റ) വിന്റെ ഈ അധ്യാപനം ഏറ്റവും കൂടുതല്‍ ഉള്‍ക്കൊണ്ടത് അദ്ദേഹം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ജീവിത രീതി, എല്ലാവരോടുമുള്ള സ്‌നേഹമായ പെരുമാറ്റം പ്രത്യേകിച്ച് പാവങ്ങളോടുള്ള ദയ കാണിക്കലും മറ്റും അദ്ദേഹത്തിന് 'ഗരീബ് നവാസ്' എന്ന സ്ഥാനപ്പേര് തന്നെ നേടിക്കൊടുത്തു. 

മുഈനുദ്ധീന്‍ ഹസന്‍ ചിഷ്ത്തി (റ) അഉ 114142 ല്‍ ഇറാനിലെ സിജിസ്ഥാനില്‍ (ഇന്നത്തെ സിസ്താന്‍) ജനിച്ചു. ശൈഖ് ഉസ്മാന്‍ ഹറവാതിയില്‍ നിന്ന് 52 ാം വയസ്സില്‍ ഖിലാഫത്ത് സ്വീകരിച്ചു. ശേഷം മക്ക, മദീന എന്നിവിടങ്ങളിലേക്ക് പോയി. പിന്നീടാണ് അജ്മീറില്‍ താമസമാക്കുന്നത്. രണ്ടാം ടറൈന്‍ യുദ്ധത്തില്‍  പൃഥ്വിരാജ് ചൗഹാനെ പരാജയപ്പെടുത്തി ഘോറിലെ മുഇസ്സുദ്ധീന്‍ മുഹമ്മദ് ബ്‌നു സലാം ഡല്‍ഹിയില്‍ ഭരണം സ്ഥാപിച്ച ശേഷമാണ് ചിശ്തി തങ്ങള്‍ അജ്മീരില്‍ താമസമാക്കുന്നത്. ആത്മീയ ഉള്‍ക്കാഴ്ച്ചകള്‍ നിറഞ്ഞ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ താമസിയാതെ പ്രാദേശിക ജനതയേയും പാവങ്ങളേയു പ്രഭുക്കന്മാരേയും ഒരു പോലെ ആകര്‍ഷിച്ചു. അനാസാഗര്‍ തടാകത്തിനടത്തുള്ള ഒരു കുന്നിന്‍ മുകളിലാണ് ചിശ്തി തങ്ങള്‍ താമസമാക്കിയത്.  ചിശ്തി (റ)വിന് ഏകദേശം 50 വയസ്സായിരുന്നു പ്രായം. അവിടെ ഭരിച്ചിരുന്നത് പൃഥ്വിരാജ് ചൗഹാന്‍ ആയിരുന്നു. പൃഥ്വിരാജ് ചൗഹാന്‍ അവിടെ ഒരു ഫക്കീര്‍ ഉണ്ടെന്നും അദ്ദേഹത്തിന്റെ ചില സ്വഭാവഗുണങ്ങളേയും ആദ്യമേ കേട്ടിരുന്നു. പൃഥ്വിരാജ്് ചൗഹാന്റെ കൗണ്‍സിലര്‍മാരില്‍ ഒരാളായ മാന്ത്രിക വിദ്യയുടെ ആചാര്യന്‍ എന്ന് കരുതപ്പെടുന്ന അജയ്പാല്‍ ചിശ്തി തങ്ങളുമായി സംവദിക്കുകയും ചിശ്തി തങ്ങള്‍ തന്റെ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും പാതയിലൂടെ അവരെ കീഴ്‌പ്പെടുത്തുകയും ചെയ്തു. സ്വന്തമായി  ഭക്ഷണം പാകം ചെയ്ത് മിതമായി മാത്രം കഴിച്ച് മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന ശീലമായിരുന്നു മഹാനവറുകള്‍ സ്വീകരിച്ചിരുന്നത്. തന്റെ വാതില്‍പ്പടിയില്‍ എത്തുന്ന ഒരാളും വിശന്ന് കൊണ്ട് പോകരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. മഹാനവറുകള്‍ക്ക് ഗരീബ് നവാസ് എന്ന് പേര് നേടിക്കൊടുത്തതും അദ്ദേഹത്തിന്റെ ഈ മനോഭാവം തന്നെയായിരുന്നു.

സഞ്ചര്‍ ഗ്രാമത്തില്‍ മാതാപിതാക്കളോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു ഖാജാ തങ്ങള്‍. എന്നാല്‍ ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധം ഗ്രാമവാസികളെ പ്രതിസന്ധിയിലാക്കി. യുദ്ധത്തില്‍ നിന്ന് രക്ഷനേടാനും പുതിയ ജീവിതം തേടാനും ഗ്രാമീണര്‍ പല ദിക്കിലേക്കും പലായനം ചെയ്തു. ഖാജാ തങ്ങളുടെ കുടുംബം ഖുറാസാനിലെ നിഷ്പൂര്‍ എന്ന ഗ്രാമത്തിലേക്കാണ് കുടിയേറിയത്.നിഷ്പൂരില്‍ പിതാവായ ശൈഖ് ഗിയാസുദ്ദീന്‍ ഒരു മുന്തിരിത്തോട്ടം വാങ്ങി പുതിയ ജീവിതം ആരംഭിച്ചു. എന്നാല്‍ താമസിയാതെ അദ്ദേഹം മരണപ്പെട്ടു. ഖാജാ തങ്ങളെ മാതാവ് ഉമ്മുല്‍ വറഅ് വളര്‍ത്തി. എന്നാല്‍ അവരും അധികം താമസിയാതെ ഈ ലോകവാസം വെടിഞ്ഞു.പതിനാല് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ഖാജാ തങ്ങള്‍ക്ക് അല്ലാഹുവില്‍ അചഞ്ചലമായ വിശ്വാസമായിരുന്നു ആശ്വാസം. ദൈനംദിന ചെലവുകള്‍ക്കായി മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്തു കൊണ്ടണ്ടിരുന്ന അദ്ദേഹത്തിന് ഭൗതിക കാര്യങ്ങളില്‍ താല്‍പ്പര്യം കുറഞ്ഞു. അല്ലാഹുവിനെ കുറിച്ചുള്ള അറിവും അധ്യാത്മിക ഉന്നമനവും നേടാനുള്ള ദാഹം അദ്ദേഹത്തില്‍ ശക്തമായി.മുന്തിരിത്തോട്ടം വിറ്റ് ദാനം ചെയ്ത ഖാജാ തങ്ങള്‍ അറിവ് തേടി യാത്രയായി. കാടും കടലും മലയും മരുഭൂമിയും താണ്ടണ്ടിയുള്ള യാത്രയില്‍ അദ്ദേഹം ലോകപ്രശസ്തമായ വിദ്യാകേന്ദ്രങ്ങളായ ബഗ്ദാദ്, ഈജിപ്ത്, കൊര്‍ദോവ, തുര്‍ക്കി, സമര്‍ഖന്ദ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. അവസാനം റഷ്യയിലെ ബുഖാറയില്‍ എത്തി മൗലാന ഹിസാമുദ്ദീന്‍ ബുഖാരി(റ)യുടെ ശിഷ്യനായി. ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കുകയും കര്‍മ്മശാസ്ത്രത്തില്‍ അഗാധ പാണ്ഡിത്യം നേടുകയും ചെയ്ത ഖാജാ തങ്ങള്‍ ഗുരുവിന്റെ അനുഗ്രഹം വാങ്ങി വീണ്ടണ്ടും യാത്രയായി. നാഥന്റെ സാമീപ്യം തേടിയുള്ള യാത്ര അദ്ദേഹത്തെ ചിശ്തി ത്വരീഖത്തിന്റെ ശൈഖും ഖലീഫയുമായ ഉസ്മാന്‍ ഹാറൂനി(റ)യുടെ അടുത്തെത്തിച്ചു.

ഹാറൂനിയുടെ ശിഷ്യനായി 20 വര്‍ഷം ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ) ചെലവഴിച്ചു. ഈ കാലയളവില്‍ അദ്ദേഹം അധ്യാത്മികതയില്‍ വളരെയധികം പുരോഗതി കൈവരിച്ചു.ഹാറൂനിയുടെ നിര്‍ദ്ദേശപ്രകാരം ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ) ഇന്ത്യയിലേക്ക് പ്രബോധനത്തിനായി പോയി. ഖൈബര്‍ ചുരം വഴി അദ്ദേഹം ഇന്ത്യയിലെത്തി. അജ്മീറില്‍ ഹിജ്റ 588ല്‍ എത്തിയ ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ) യുടെ സ്‌നേഹവും സഹനവും ജനങ്ങളെ ആകര്‍ഷിച്ചു. പൃഥ്വിരാജ് ചൗഹാന്‍ ഭരിച്ചിരുന്ന അജ്മീറില്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ) യ്ക്ക് വലിയ സ്വാധീനം ലഭിച്ചു. രാജകുടുംബത്തിലെ ചില അംഗങ്ങള്‍ പോലും ഇസ്ലാം മതം സ്വീകരിച്ചു. ഡല്‍ഹിയിലും ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ) പ്രബോധനം നടത്തി.

ഹിജ്റ 633 റജബ് മാസത്തില്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ) ഈ ലോകത്തോട് വിടപറഞ്ഞു. പാവങ്ങളുടെ ആശാകേന്ദ്രമായിരുന്ന ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ) 'ഗരീബ് നവാസ്' എന്ന പേരില്‍ അറിയപ്പെടുന്നു.

           അഉ 1236 ലാണ് ചിശ്തി തങ്ങള്‍ വഫാത്തായത് . അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന മുറിയിലാണ് മഖ്ബറ ഒരുക്കിയത്. നൂറ്റാണ്ടുകള്‍ക്ക് ശേഷം രാജാക്കന്മാര്‍, നേതാക്കന്മാര്‍, എല്ലാ മതങ്ങളില്‍ നിന്നുമുള്ള ആളുകളും അജ്മീറിലേക്ക് ഒഴുകിയെത്തി. രണ്ട് കൂറ്റന്‍ ചെമ്പുകള്‍ അദ്ദേഹത്തിന്റെ ദര്‍ഗയിലേക്ക് സമ്മാനമായി ലഭിച്ചിട്ടുണ്ട്. ഒന്ന് അക്ബര്‍ ചക്രവര്‍ത്തിയും മറ്റൊന്ന് അദ്ദേഹത്തിന്റെ മകനും പിന്‍ഗാമിയുമായ ജഹാംഗീറുമാണ് സമര്‍പ്പിച്ചത്. അതില്‍ ഒരു ചെമ്പ് 4,800 ഗഏ ഭക്ഷണം പാകം ചെയ്യാന്‍ കഴിയുന്നതും മറ്റൊന്ന് 2,400 ഗഏ ഭക്ഷണം പാകം ചെയ്യാന്‍ കഴിയുന്നതുമാണ്. എല്ലാ ഭക്ഷണവും പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്നു. ഇന്ത്യയിലെ എല്ലാ കാലഘട്ടത്തിലുമുള്ള സുന്നി ഭരണാധികാരികള്‍ വളരെ ബഹുമാനത്തോടെയാണ് ഈ ദര്‍ഗ സന്ദര്‍ശിച്ചിരുന്നത്. 13-ാം നൂറ്റാണ്ടിലെ ഡല്‍ഹി സുല്‍ത്താന്‍ ഇല്‍ത്തുമിഷ് ഈ ദര്‍ഗ സന്ദര്‍ശിച്ചു. സമാനമായ രീതിയില്‍ പില്‍ക്കാല മുഗള്‍ ചക്രവത്തി അക്ബര്‍ തന്റെ പത്‌നിയോടൊപ്പം പുത്രി സൗഭാഗ്യം ലഭിക്കാനായി നഗ്‌നപാദരായി ദര്‍ഗ സന്ദര്‍ശിക്കുകയുണ്ടായി. 1579- ല്‍ അദ്ദേഹം ദര്‍ഗയുടെ പുനര്‍നിര്‍മ്മാണവും നടത്തി. ജഹാന്‍ഗീര്‍, ഷാജഹാന്‍, ജഹാനാരാ ബീഗം എന്നിവര്‍ ഈ ഘടന നവീകരിച്ചിട്ടുണ്ട്. ഷാജഹാന്റെ മകളായ ജഹാനാരാ ബീഗം മുഈനുദ്ധീന്‍ ചിശ്തിയുടെ ജീവ ചരിത്രം രചിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് സന്ദര്‍ശിക്കാനുള്ള പ്രതേക കെട്ടിടവും ബീഗം നിര്‍മിച്ചു നല്‍കി. ഇന്ന് കാണുന്ന ദര്‍ഗയുടെ വെളുത്ത താഴികക്കുടം 1532 ഹുമയൂണ്‍ രാജാവ് പണികഴിപ്പിച്ചതാണ്. ഇന്ന് കാണുന്ന ദര്‍ഗയുടെ വടക്കേ ഭിത്തിയില്‍ ഇത് സ്വര്‍ണ ലിപിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഇത് ഇന്തോ-ഇസ്ലാമിക് വാസ്തു വിദ്യയുടെ മികച്ച ഉദാഹരണമാണ്. റാംപൂരിലെ നവാസ് ഹൈദര്‍ അലി ഖാന്‍ സംഭാവന ചെയ്ത താമരക്കുടവും സ്വര്‍ണക്കിരീടവും താഴികക്കുടത്തില്‍ കാണാവുന്നതാണ്.

ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ)വിന്റെ ദര്‍ഗ രാജസ്ഥാനില്‍ മാത്രമല്ല, ഇന്ത്യയിലെ മുസ്‌ലിംകളുടെ ഏറ്റവും ആദരണീയമായ ദര്‍ഗയാണ്. ജാതിമതഭേദമന്യേ എല്ലാ മതക്കാരും ഒരു പോലെ സന്ദര്‍ശിക്കുന്നതും ബഹുമാനിക്കുന്ന ഇടവും കൂടിയാണിത്.എന്ത് കൊണ്ടാണ് ഇന്ത്യക്കാര്‍-മുസ്‌ലിംകളും ഹിന്ദുക്കളും ക്രിസ്ത്യാനികളും സിഖുക്കാരും അജ്മീരിലേക്ക് ഒഴുകുന്നത്?. സമ്പന്നരും പ്രശസ്തരും നേതാക്കളും രാഷ്ട്രീയക്കാരും എന്ത്‌കൊണ്ടാണ് ചിശ്തി (റ) വിന്റെ മഖ്ബറ ഒരുപോലെ സന്ദര്‍ശിക്കുന്നത്?. അവര്‍ യഥാര്‍ത്ഥ മനുഷ്യരായത് കൊണ്ടാണ് ആത്മശാന്തി നേടാനായി എല്ലാവരും അവരിലേക്ക് തിരിയുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജനിച്ച ഒരാളുടെ വിശ്വാസങ്ങളും ബോധ്യങ്ങളും ജീവനുള്ളവയായത് കൊണ്ടാണ് അവരെ ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും നിലനിര്‍ത്തുന്നത്. പാവപ്പെട്ടവര്‍ക്കും പട്ടിണികിടക്കുന്നവര്‍ക്കും ദരിദ്രര്‍ക്കും വിധവകള്‍ക്കും അനാഥര്‍ക്കും ഇപ്പോഴും അഭയം നല്‍കുന്നു. എട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ആരും അവരുടെ വീട്ടുപടിക്കല്‍ നിന്ന് പട്ടിണി കിടക്കുന്നില്ല. അവരുടെ പ്രകാശം ഒരിക്കലും അണയുകയില്ല. കാരണം അവര്‍ ഐക്യത്തിന്റെയും മതസഹിഷ്ണുതയുടേയും പ്രതീകങ്ങളാണ്. അവര്‍ ദയയുടേയും അനുകമ്പയുടേയും പ്രതീകങ്ങളാണ്. മനുഷ്യരാശിയുടെ പ്രതീക്ഷയുടെ കിരണമായി അവര്‍ എന്നും നിലനില്‍ക്കുന്നു.


മിദ്ലാജ് കുഴിമണ്ണ



Post a Comment

0 Comments