സ്ത്രീ വിദ്യാഭ്യാസത്തിന്റെ കേരളാ മോഡല്‍






വൈജ്ഞാനികവും ധൈഷ്ണികവുമായ ഇടങ്ങളില്‍ സ്ത്രീ ഇടപെടലുകള്‍ സാധ്യമാക്കിയ മതമാണ് ഇസ്ലാം. ഗാര്‍ഹിക വിഷയങ്ങളില്‍ മാത്രമേ സ്ത്രീക്ക് പങ്കാളിത്തമുണ്ടാകൂ എന്നത് ഇസ്ലാമിക കാഴ്ചപ്പാടല്ല.  സ്ത്രീക്ക് വിദ്യാഭ്യാസം ലഭിക്കുമ്പോള്‍ ഒരു സമൂഹമാണ് വിദ്യാഭ്യാസരാവുന്നത്. കേരളക്കരയില്‍ ഇസ്ലാം എത്തിയത് മുതല്‍ക്കേ തന്നെ, പുരുഷന്മാര്‍ പള്ളിയിലും, സ്ത്രീകള്‍ വീടുകളിലും വെച്ച് പഠനം നടത്തിയ ചരിത്രമാണ് നമുക്കുള്ളത്. കാലോചിതമായി വരുന്ന മാറ്റങ്ങളെ സംയമനത്തോടെ സ്വീകരിച്ച് സമന്വയ വിദ്യാഭ്യാസം നല്‍കാന്‍ മുന്‍കൈയെടുക്കുന്ന സമസ്തയെയാണ് ആധുനിക കാലത്ത് ദര്‍ശിക്കാന്‍ സാധിക്കുക.

സ്ത്രീകളേ അടിമക്ക് തുല്യം പരിഗണിച്ചിരുന്ന പാശ്ചാത്യ സമുഹത്തിന്, സ്ത്രീകളെ വിദ്യാസമ്പന്നരാക്കാന്‍ പ്രേരിപ്പിച്ചത് ഇസ്ലാമിക സമൂഹമാണ്. ഇസ്ലാമില്‍ ഇത്തരം വിദ്യാസമ്പന്നരായ ധാരാളം മഹതികള്‍ കഴിഞ്ഞുപോയിട്ടുണ്ട്. പ്രവാചക പത്‌നി ആയിഷയും ഉമ്മു സലമയും, അധ്യാത്മിക ലോകത്തേ സ്ത്രീരതനമായ നഫീസത്തുല്‍ മിസിരിയയും റാബിഅത്തുല്‍ അദവിയ്യയും തുടങ്ങി, എണ്ണിയാല്‍ ഒടുങ്ങാത്ത വിജ്ഞാനികളായ മഹതികള്‍ ജീവിച്ചു പോയിട്ടുണ്ടെങ്കില്‍, അത് ഇസ്ലാം സ്ത്രീ വിദ്യാഭ്യാസത്തിന് നല്‍കുന്ന പ്രാധാന്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നുത്. 

കേരള മുസ്ലിം സ്ത്രീ വിദ്യാഭ്യാസ രീതികള്‍ മറ്റു നാടുകളില്‍ നിന്നും വിഭിന്നമാണ്. മുസ്ലിം സ്ത്രീക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെ കുറിച്ച് കഴിഞ്ഞ കാലങ്ങളില്‍ മതനേതാകള്‍ക്കിടയില്‍ ധാരാളം ചര്‍ച്ചകളും സംവാദങ്ങളും നടന്നതാണ്.  കേരളത്തിലെ മാപ്പിള ബാലന്മാര്‍ക്ക് വിദ്യ അഭ്യസിക്കാന്‍, ആദ്യകാലങ്ങളില്‍ ഓത്തുപള്ളികളും പിന്നീട് ദര്‍സുകളും കാലോചിതമായി അറബിക്കോളേജുകളും നിലവില്‍ വന്നിട്ടുണ്ട്. എന്നാല്‍ മുസ്ലിം സ്ത്രീകള്‍ക്ക് ഈ ആധുനിക കാലത്ത് ചില കോഴ്‌സുകള്‍ ഉണ്ടെങ്കിലും, ഇതിന്റെ പഴയ പകര്‍പ്പുകള്‍ ആര്‍ക്കും അത്രതന്നെ പരിചിതമല്ല. അന്ന് മുതല്‍ ഇന്ന് മത ഭൗതിക സമന്വയം എന്ന ആധുനിക രീതിയിലേക്ക് എത്തിച്ചേര്‍ന്ന കൈരളീയ്യ മുസ്ലിം സ്ത്രീ വിദ്യാഭ്യാസത്തിന്റെ നാളുവഴികള്‍ ചര്‍വിതചര്‍വണത്തിന് വിധേയമാക്കപെടേണ്ടതുണ്ട്.

സ്ത്രീ വിദ്യാഭ്യാസം ആദ്യകാലങ്ങളില്‍

ആദ്യകാലങ്ങളില്‍, ബഹുഭൂരിപക്ഷം മാപ്പിള മുസ്ലീങ്ങള്‍ക്കും, ഖുര്‍ആന്‍, ഹദീസ്, അറബി മലയാളം എന്നിവയായിരുന്നു പ്രാദമിക മത വിദ്യാഭ്യാസം. പ്രത്യേകിച്ച് പുരുഷന്മാരുടേത്. സ്ത്രീകള്‍ക്ക് അപേക്ഷികമായി ഇതിലും വിദ്യാഭ്യാസം കുറവായിരുന്നു. മലയാള ഭാഷ ആര്യന്‍ ഭാഷയും, ഇംഗ്ലീഷ് ഭാഷ പാശ്ചാത്യ വിദ്യാഭ്യാസവുമായി ഗണിക്കപ്പെട്ടിരുന്നു. ആദ്യകാലങ്ങളില്‍ ഇവ രണ്ടും പൊതുവെ നിരുത്സാഹപ്പെടുത്തപ്പെട്ടിരുന്നതിനാല്‍ തന്നെ, മാപ്പിള മുസ്ലീങ്ങള്‍ക്ക് ഭൗതിക വിദ്യാഭ്യാസം നന്നേ കുറവായിരുന്നു.

മലബാരിലെ മുസ്ലിങ്ങളുടെ മതപഠനത്തിന് സഹായകമായിരുന്ന ഓത്തുപള്ളിയും ദര്‍സുമായിരുന്നു മാപ്പിള ബാലന്മാര്‍ മതപഠനത്തിനായി ആശ്രയിച്ചിരുന്ന പ്രധാന രീതി. വിദ്യാര്‍ത്ഥിനികള്‍ വീടുകളില്‍ വെച്ചായിരുന്നു പഠനം നടത്തിയിരുന്നത്. ആദ്യകാലങ്ങളില്‍ പള്ളികളിലെ മുസ്ലിയാക്കന്മാരെ വീട്ടില്‍ കൊണ്ടുവന്ന്, സ്വന്തം മുറിയിലോ പുരയിടത്തിലോ മറ കെട്ടിയായിരുന്നു മതവിദ്യ അഭ്യസിച്ചിരുന്നത്. കാലാതിവര്‍തിയില്‍, ദര്‍സിലും ഓത്തുപള്ളിയിലും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന, വലിയ കിതാബുകള്‍ പോലും അനായാസം കൈകാര്യം ചെയ്യാന്‍ സാധിച്ചിരുന്ന സ്ത്രീകള്‍, സ്വന്തം വീട്ടില്‍ ഓത്തുപള്ളികള്‍ തുടങ്ങി. ഇത്തരത്തിലുള്ള ഓത്തുപള്ളികളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുംഉണ്ടായിരുന്നെങ്കിലും, ആപേക്ഷികമായി പെണ്‍കുട്ടികളായിരുന്നു അധികവും. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെ പോലോത്ത കൈരളിയുടെ വൈജ്ഞാനിക നവോത്ഥാനത്തിന്റെ ശില്പികളില്‍ പലരും തന്‍ന്റെ ഉമ്മമാര്‍ നടത്തിയ ഓത്തുപള്ളികളില്‍ ആയിരുന്നു പ്രാഥമിക മതപഠനം നടത്തിയിരുന്നത്. തട്ടാങ്ങര കുട്ട്യാമു മുസ്ലിയാരുടെ മകളും പുതിയാപ്പിള അബ്ദുറഹ്‌മാന്‍ മുസ്ലിയാരുടെ ഭാര്യയും ആയിരുന്ന ഇവര്‍, ഉന്നത മതഗ്രന്ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന മഹതിയായിരുന്നു.

ആലപ്പുഴ പുളിക്കലകത്ത് റുഖിയ ബീവി, അമ്പലപ്പുഴ കച്ചേരിമുക്കിലെ ഫാത്തിമ ബീവി, വെളിയങ്കോട് ടി കെ ഫാത്തിമ, കുഞ്ഞാമിന, മലപ്പുറം കൂട്ടിലങ്ങാടി ബിച്ചുണ്ണി മൊല്ലാച്ചി, പട്ടാര്‍ക്കടവ് സ്രാമ്പിക്കല്‍ ഫാത്തിമ പോലോത്തവര്‍ സ്വന്തമായി ഓത്തുപള്ളികള്‍ നടത്തിയവരായിരുന്നു. ഇത്തരത്തില്‍ ഓത്തുപള്ളികള്‍ നടത്തിയിരുന്ന സ്ത്രീകളെ ''ഉസ്താദ്,മൊല്ലാച്ചി ''എന്നെല്ലാം ആയിരുന്നു വിളിച്ചിരുന്നത്. പ്രായംചെന്ന സ്ത്രീകളുടെ വീട്ടില്‍ ചെന്നും ഇവര്‍ മതകാര്യങ്ങള്‍ പഠിപ്പിച്ചിരുന്നു എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. വൈജ്ഞാനിക സേവനം എന്നതിലുപരി ജീവിതമാര്‍ഗവുമായിരുന്നു അവര്‍ക്കിത്.

ഈ കാലങ്ങളില്‍ സ്ത്രീകള്‍ക്ക് അറബി മലയാളത്തില്‍ പരിപൂര്‍ണ്ണ പരിജ്ഞാനം ഉണ്ടായിരുന്നു. പദ്യരൂപമാണ് ഇക്കാലത്തെ പ്രധാന ആശയ സംവേദന രീതി എന്നതിനാല്‍ തന്നെ, വൈജ്ഞാനിക വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്ന പദ്യകൃതികള്‍ സ്ത്രീകള്‍ മനപ്പാഠമാക്കല്‍ പതിവായിരുന്നു. കര്‍മശാസ്ത്രത്തില്‍ നിക്കാഹ് മാല, നിസ്‌കാരം പാട്ട്, പരസ്പരം ഉപദേശിക്കുന്നതില്‍ നസീഹത്ത് മാല, ഖദീജ ബീവി വഫാത്ത് മാല പോലെ ധാരാളം രചനകള്‍ ഉണ്ടായിരുന്നു. 1893 - ല്‍ അറബി മലയാളത്തില്‍ ഇംഗ്ലീഷ് ഭാഷ പഠന സഹായി പോലും തലശ്ശേരിയില്‍ നിന്ന് അച്ചടിക്കപ്പെട്ടിട്ടുണ്ട്.

ഇതിനുപുറമേ സ്ത്രീകളുടെ തന്നെ സാഹിത്യ രചനകള്‍ ഉണ്ടായിട്ടുണ്ട്. പി കെ ഹലീമ, ബി ആയിഷ കുട്ടി, തലശ്ശേരി കുന്നത്തില്‍ കുഞ്ഞാമിന, സി എച്ച് കുഞ്ഞായിഷ, കെ ഡി ആസിയ, കെ ഡി സൈനബ, പുത്തൂര്‍ ആയിഷ എന്നിവരെ പോലോത്തവര്‍ അറബി മലയാള പദ്യ സാഹിത്യകൃതികള്‍ രചിച്ചിട്ടുണ്ട്.

സ്ത്രീ വിദ്യാഭ്യാസത്തിന് വളരെയധികം പ്രയാസം സൃഷ്ടിച്ചത് വിവാഹമായിരുന്നു. പ്രത്യേകിച്ച് ആ കാലങ്ങളില്‍ നിലനിന്നിരുന്ന ശൈശവ വിവാഹം. കുടുംബവും വിദ്യാഭ്യാസവും ഒരുപോലെ നിയന്ത്രിക്കുന്നതിന്റെ അപര്യപ്തത മൂലം, വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കലയിരുന്നു പതിവ്. എങ്കിലും പതിവ് തെറ്റിച്ചവരും ഉണ്ട്.

അറബി മലയാളം വ്യാപകമായിരുന്ന കേരളത്തിന്‍ന്റെ പഴയകാലത്ത്, 100% ആയിരുന്നു കേരള മുസ്ലിങ്ങളുടെ സാക്ഷരത. പിന്നീട്, ബ്രിട്ടീഷുകാരുടെ ആഗമനത്തോടെ യൂറോകേന്ദ്രീകൃത വിദ്യ അഭ്യസിക്കാത്തവരയൊക്കെ നിരക്ഷരരായി എണ്ണപ്പെട്ട കൂട്ടത്തില്‍, മാപ്പിള മുസ്ലീങ്ങളെയും എണ്ണപ്പെടുകയായിരുന്നു.

സ്ത്രീവിദ്യാഭ്യാസത്തിന്റെ പറവണ്ണ മോഡല്‍

സ്ത്രീവിദ്യാഭ്യാസത്തിന് കാലോചിതമായ മാറ്റം വരുത്തിയ ആദ്യ വ്യക്തിയാണ് പറവണ്ണ മുഹിയുദ്ധീന്‍ കുട്ടി മുസ്ലിയാര്‍. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം പറവണ്ണയില്‍ പെണ്‍കുട്ടികളുടെ മത വിദ്യാഭ്യാസത്തിനായി മദ്രസത്തുല്‍ ബനാത്ത് സ്ഥാപിച്ചിരുന്നു. 1948 - ല്‍ പറവണ്ണയില്‍ ഉണ്ടായിരുന്ന പെണ്കുട്ടികളുടെ സ്‌കൂള്‍ (ഏകഞഘട ടഇഒഛഛഘ), അദ്ദേഹം  മദ്രസത്തുല്‍ ബനാത്ത് ആക്കി മാറ്റുകയായിരുന്നു.

മദ്രസത്തുല്‍ ബനാത്തില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഉണ്ടായിരുന്നു. അഞ്ചാം ക്ലാസ് കഴിയുന്നതോടെ ആണ്‍കുട്ടികള്‍ക്ക്, അദ്ദേഹം തന്നെ നിര്‍മ്മിച്ച മദ്രസത്തുല്‍ നൂരിയയിലും പെണ്‍കുട്ടികള്‍ക്ക് അതേ സ്ഥാപനത്തിലുമായിരുന്നു ഉപരിപഠനം സജ്ജീകരിച്ചിരുന്നത്. ഇത്തരത്തില്‍ ദര്‍സ് വിദ്യാര്‍ത്ഥികളുടെതുപോലെ വലിയ മതഗ്രന്ഥങ്ങള്‍ പഠിക്കാന്‍ പെണ്‍കുട്ടികള്‍ക്കും അവസരം ഉണ്ടായി.

1951-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ രണ്ടാമത്തെ മദ്രസയായി രജിസ്റ്റര്‍ ചെയ്ത ഈ മദ്രസയില്‍, പറവണ്ണ മുഹിയുദ്ദീന്‍ കുട്ടി മുസ്ലിയാര്‍ തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ക്ക് പുറമേ അബ്ദുറഹീം മൗലവിയുടെ അറബി മലയാളം, എന്‍ എ എം മൗലവി കൂരിയാടിന്റെ അറബി ഭാഷയും വ്യാകരണവും, വെട്ടം കോയക്കുട്ടി മൗലവിയുടെ തഹദീബുല് അഖ്‌ലാഖ്,  കെ കെ മുഹമ്മദ് മുസ്ലിയാരുടെ മസായിലു നിക്കാഹ്, മത്തനുല്‍ അര്‍ബഈന്‍, ഖുറത്തുല്‍ ഐന്‍, ഉംദ പോലോത്ത  മതഗ്രന്ഥങ്ങള്‍ പഠിപ്പിക്കപ്പെട്ടിരുന്നു. 

മദ്രസയില്‍, മൗലാന പറവണ്ണയുടെ പേരമകള്‍ ഉള്‍പ്പെടെ നിരവധി അധ്യാപികമാരും ഉണ്ടായിരുന്നു. ഇത്തരത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി സ്ത്രീ വിദ്യാഭ്യാസത്തിന്റെ പാരമ്പര്യ ഘടനയുടെ മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു പരവണ്ണ മുഹിയുദ്ദീന്‍ കുട്ടി മുസ്ലിയാര്‍.

മദ്രസ പ്രസ്ഥാനം സ്ത്രീ വിദ്യാഭ്യാസത്തിന്‍ന്റെ ന്യൂതനമാര്‍ഗ്ഗം 

സ്ഥാപനവല്‍കൃത രീതിയിലേക്ക് മത വിദ്യാഭ്യാസം മാറുന്നത് ബ്രിട്ടീഷ് വിദ്യാഭ്യാസ രീതിയുടെ വ്യാപനത്തോടെയാണ്. പഴയ ഓത്തുപള്ളികള്‍ പരിഷ്‌കരിക്കുകയും പെണ്‍കുട്ടികളെയും പുതിയ സംവിധാനങ്ങളെയും ഉള്‍പ്പെടുത്തിയിട്ടാണ്  മദ്രസ സംവിധാനം ഉണ്ടായത്. ആണ്‍കുട്ടികള്‍ക്ക് മതം പഠിക്കാന്‍ യഥേഷ്ടം ഓത്തുപള്ളികളും ദര്‍സ് സംവിധാനവും നിലവിലുണ്ടായിരിക്കെ, മദ്രസ പ്രസ്ഥാനം കൊണ്ട് സ്ത്രീ വിദ്യാഭ്യാസം കൂടി ലക്ഷൃമാണെന്ന് വ്യക്തമാണ്.

മര്‍ഹൂം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് മദ്രസ സംവിധാനങ്ങളുടെ പിതാവ്. അദ്ദേഹം തിരികൊളുത്തിയ ആശയങ്ങള്‍ക്ക് 1948 - ല്‍ കാര്യവട്ടത്ത് നടന്ന സമസ്തയുടെ പതിനാറാം സമ്മേളനത്തില്‍ മര്‍ഹൂം അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍, വ്യവസ്ഥാപിതമായ രീതി ഉണ്ടാക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ആഹ്വാന പ്രകാരം, 1951 -ല്‍ വടകരയില്‍ വച്ച് നടന്ന സമസ്തയുടെ പത്തൊമ്പതാം സമ്മേളനത്തില്‍ വെച്ച്, ഈ കാലയളവില്‍ നിര്‍മ്മിച്ച മദ്രസകള്‍ക്ക് ഏകീകൃത രൂപവും കേന്ദ്രീകൃത സിലബസും ഉണ്ടാക്കാന്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുന്നത് വരെ എത്തി. ഇത് എഴുതുന്ന നേരത്ത്, പതിനായിരത്തിലേറെ മദ്രസകള്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

ഇത്തരത്തില്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ മത വിദ്യാഭ്യാസം നേടുന്ന ആണ്‍ പെണ്‍കുട്ടികള്‍ ബഹുസ്വര സമുദായത്തില്‍ ഇടപെടുമ്പോള്‍ മതബോധം ഒട്ടും കുറയാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. പണ്ടുകാലത്തെ മതവിദ്യാര്‍ഥിനികളുടെ എണ്ണം എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഇന്ന് സമസ്തയുടെ മദ്രസ പ്രസ്ഥാനത്തില്‍ മാത്രം ലക്ഷക്കണക്കിന് വിദ്യാര്‍ഥിനികള്‍ വിദ്യാഭ്യാസിക്കുന്നുണ്ട്  എന്നത് മദ്രസ പ്രസ്ഥാനം സ്ത്രീ വിദ്യാഭ്യാസത്തിന് നല്‍കുന്ന പ്രാധിന്യം വ്യക്തമാക്കുന്നു.

ആധുനിക മുസ്ലിം സ്ത്രീ വിദ്യാഭ്യാസം

ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഫലമായി യൂറോ കേന്ദ്രീകൃത വിദ്യാഭ്യാസ രീതികള്‍ വ്യാപകമായതോടെ, വിദ്യാര്‍ഥികള്‍ വരുമാനം ഉണ്ടാക്കാന്‍ മാത്രമുള്ള യന്ത്രമായി ഗണിക്കപ്പെടുകയായിരുന്നു. പാരമ്പര്യം മുറകള്‍ തെറ്റിച്ചു ന്യൂജനായി കടന്നുവന്ന ഇത്തരം പടിഞ്ഞാറന്‍ വിദ്യാഭ്യാസ രീതികള്‍ മൂലം, മുസ്ലിം സാംസ്‌കാരിക  മൂല്യച്യുതിക്ക് കാരണമാവുകയായിരുന്നു. ഇത്തരമൊരു അവസരത്തില്‍, മതബോധം ഉയര്‍ത്തിപ്പിടിച്ച് പഠനം തുടരാന്‍ പറ്റിയ കാലാലയ അന്തരീക്ഷം ലഭ്യമല്ലാത്തതിനാല്‍, അഗാധ ജ്ഞാനികളായ  പണ്ഡിത മഹത്തുക്കള്‍ കാലോചിതമായി മത ഭൗതിക സമന്വയ കലാലയങ്ങളും അറബിക്കോളേജുകളും കോഴ്‌സുകളും നിര്‍മ്മിക്കേണ്ടിവന്നു. തന്മൂലം, വിദ്യാര്‍ത്ഥിനിക്ക് ഇസ്ലാമികമായി തന്നെ സമൂഹത്തില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുങ്ങുകയായിരുന്നു.

ആധുനികതയുടെ ആദ്യകാലങ്ങളില്‍, മതവിദ്യക്കായി പഠിതാക്കള്‍ ആശ്രയിച്ചിരുന്നത് അഫ്‌ളലുല്‍ ഉലമ കോഴ്‌സായിരുന്നു. ചില അപാകതകള്‍ മൂലം കേവലം ഒരു ഡിഗ്രിയായി പരിഗണിച്ചിരുന്ന ഈ കോഴ്‌സിനെ, ധാര്‍മിക വിദ്യാഭ്യാസത്തിന് ആവശ്യമായ കിതാബുകള്‍ ഉള്‍ക്കൊള്ളിച്ച് പരിഷ്‌കരിച്ചകൊണ്ട്, പെണ്‍കുട്ടികള്‍ക്കായി നിര്‍മ്മിച്ച അറബിക് കോളേജുകളില്‍ ആദ്യത്തേതാണ് കെ ടി മാനു മുസ്ലിയാര്‍

അടക്കമുള്ള പണ്ഡിത മഹത്തുക്കള്‍ സ്ഥാപിച്ച കരുവാരക്കുണ്ടിലെ ദാറുന്നജാത്തിനു കീഴിലുള്ള ബനാത്ത് കോളേജ്. സമസ്തക്ക് കീഴില്‍ സ്ഥാപിതമായ ചേളാരി ശരീഅത്ത് കോളേജും ഇത്തരം അറബിക് കോളേജുകളുടെ സ്ത്രീ വേര്‍ഷനുകള്‍ക്ക് ഉദാഹരണമാണ്. ഇത്തരത്തില്‍ ഉത്തമ കുടുംബിനിയെയും അധ്യാപികയെയും പ്രബോധകയേയും വാര്‍ത്തെടുക്കാന്‍ കഴിവുള്ള, കേരളത്തിലുടനീളം ശാഖകളുള്ള  സ്ത്രീ വിദ്യാഭ്യാസത്തിന്റെ മത ഭൗതിക സംവിധാനങ്ങളും കോഴ്‌സുകളും നിലവിലുണ്ട്.   

സഹ്‌റവിയ്യ ബിരുദം നല്‍ക്കുന്ന, അല്‍ അയന്‍ ഇസ്ലാമിക് സെന്ററിനു കീഴില്‍, യു ബാപ്പുട്ടി ഹാജി, അത്തിപ്പറ്റ മുഹിയുദ്ദീന്‍ കുട്ടി മുസ്ലിയാര്‍, ഡോക്ടര്‍ ബഹാവുദ്ദീന്‍ മുഹമ്മദ് നദവി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാപിച്ച വനിത കോളേജ് ആണ്  ചെമ്മാട് ഫാത്തിമ സഹ്റാ ഇസ്ലാമിക് വനിതാ കോളേജ്. ദിനി മേഖലയില്‍ സ്ത്രീവിദ്യാഭ്യാസത്തിന് അടിത്തറപാകിയ ഈ സംവിധാനത്തെ പിന്നീട് ദാറുല്‍ ഹുദാ ഏറ്റെടുക്കുകയായിരുന്നു. വഫിയ്യ ബിരുദം നല്‍ക്കുന്ന, ആദര്‍ശേരി അബ്ദുല്‍ ഹക്കീം ഫൈസിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജ് (ഇകഇ) 2008 - ല്‍ പെണ്‍കുട്ടികള്‍ക്കായി രൂപം നല്‍കിയ കോഴ്‌സ് ആണ് വഫിയ്യ. ഇതിന്റെ പേര് ഈയിടെ സനാഈയ്യ എന്ന് ആക്കിമാറ്റീട്ടുണ്ട്. ഇപ്പോള്‍ സമസ്ത നാഷണല്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍- എസ്.എന്‍.ഇ.സി (ടചഋഇ)നേരിട്ടാണ് ഈ സംവിധാനം നടത്തുന്നത്.

വിദ്യാര്‍ത്ഥിനികള്‍ക്ക് ആദര്‍ശത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നല്‍കുന്നതിനായി സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥാപനമാണ് ഇസ്ലാമിക് ആര്‍ട്‌സ് കോളേജ്. ഇതില്‍ രണ്ടു വര്‍ഷത്തെ കോഴ്‌സാണ് ഫാളില. തുടര്‍ന്ന് മൂന്നുവര്‍ഷത്തെ ആഴത്തിലുള്ള മതപഠനമാണ് ഫളീല. ഇവകള്‍ക്ക് പുറമേ,  മഹദിയ, സിപിഇടി (ഇജഋഠ), ഹാദിയ തുടങ്ങിയ  സ്ത്രീ സമന്വയ വിദ്യാഭ്യാസത്തിന്റെ ധാരാളം കോഴ്‌സുകള്‍ നിലവിലുണ്ട്. ആധുനിക സമൂഹത്തില്‍ ഉത്തമ കുടുമ്പിനിയെയും അധ്യാപികയെയും മതപ്രബോധകയേയും വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തില്‍, മത ഭൗതിക വിഷയങ്ങളെ സമന്വയിപ്പിച്ചുള്ള സിലബസാണ് ഇവിടെയെല്ലാം പഠിപ്പിക്കപ്പെടുന്നത്.

ഇത്രയൊക്കെയുണ്ടെങ്കിലും, പരിപൂര്‍ണ്ണമല്ലെന്ന് ബോധ്യം ഉണ്ടാവുന്നിടത്താണ് സ്ത്രീ വിദ്യാഭ്യാസത്തിന്‍ന്റെ ഔന്നിത്യമിരിക്കുന്നത്. ഭൗദ്ധിക വിദ്യാഭ്യാസത്തിന്‍ന്റെ കൂടെ മതം ലക്ഷ്യം വെച്ചു കൊണ്ടുള്ള ഈ പ്രയാണം ഔന്നിത്യത്തിലേക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.



ബാസിത്വ് നെല്ലൂര്‍





Post a Comment

0 Comments