എപ്പോഴും പൊട്ടി തകരാവുന്ന
വിങ്ങലായി മനസ്സുകള്‍,
ഇടമുറിയാത്ത ആത്മാവിന്റെ
വേപഥുകളോട് സലാം പറഞ്ഞു...
കോണ്‍ക്രീറ്റ് ഘനത്തിന്റെ ഇരുട്ടില്‍,
ചേതനയറ്റു കിടന്നവര്‍
ദൈവത്തിന്‍ വെളിച്ചത്തിലേക്ക്
കാലുകള്‍ വെച്ചു...
ചിലര്‍ ബോംബ് കുഴിയെടുത്ത
ഇരുട്ടില്‍ കിടന്ന്
ദൈവത്തിന്‍ കാല്‍ച്ചുവട്ടില്‍
അഭയം പ്രാപിച്ചു,
കൂടുതല്‍ ചവിട്ടേല്‍ക്കാനാവാതെ...
'ഉപ്പാ'
നേര്‍ത്ത് നേര്‍ത്ത് വരുന്ന
ഒരു കുഞ്ഞു നിലവിളി
ചോര കലങ്ങിയ നോട്ടം എറിഞ്ഞ്
ഉപ്പ നിലത്ത് വീണു.
'ഉമ്മ'
ആയുധധാരികളുടെ കൈകളില്‍
ഉമ്മയുടെ ശബ്ദം അകലേക്ക് മാറുന്നു...
സ്‌കൂള്‍ വരാന്തയില്‍
പ്യൂണിനി വരേണ്ടതില്ല
പുതുനാമ്പുകള്‍ തളിര്‍ക്കട്ടെ
എന്നിട്ടാവാം...
എങ്ങനെ, തളിര്‍ക്കാനാണ് പുതുനാമ്പുകള്‍?
ചരമകോളം നിറയെ ഹിജാബിന്‍
ചോര തെറിച്ച ഓര്‍മ്മകള്‍...
ചിലര്‍ കബറിന്റെ ചാരുകസേരയില്‍
ഇരുട്ട് വിഴുങ്ങിയിരിക്കുന്നു...
തെരുവ് നായയുടെ
പ്രതീകം ചുമന്ന് ചിലര്‍
രക്ഷാപ്രവര്‍ത്തനത്തിനിടെ
വെടിയേല്‍ക്കുന്നു...
കഫന്‍ പുടവയണിഞ്ഞ പ്രഭാതത്തിന്,
കബറിലെ ഇരുട്ടണിഞ്ഞ രാത്രികള്‍ക്ക്,
ചോരയുടെ നിറമുള്ള സന്ധ്യക്ക്
ഇനിയെന്ന് പുനര്‍ജന്മം?
അമീന്‍ പാലാഴി

0 Comments