മലബാറിലെ മത വിദ്യ : പരിണാമത്തിന്റെ വര്‍ത്തമാനങ്ങള്‍



മലബാര്‍ മുസ്ലിംകളുടെ വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യന്‍ മുസ്ലിം വിദ്യാഭ്യാസത്തിന്റെയും കേരള ചരിത്രത്തിന്റെയും സവിശേഷതയാണ്. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ രീതികള്‍ അവകാശപ്പെടാന്‍ മലബാര്‍ മുസ്ലിംകളെ പ്രാപ്തരാക്കിയത് ഈ സമ്പ്രദായമാണ്. ദര്‍സ് സമ്പ്രദായം, ഒത്തുപള്ളികള്‍, ആധുനിക മദ്രസകള്‍ എന്നിങ്ങനെ പലതരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒത്തുചേര്‍ന്നാണ് ഈ സമ്പ്രദായം രൂപം കൊണ്ടത്. കര്‍ശനമായ മതപഠനത്തിനൊപ്പം തന്നെ സാമൂഹികവും ധാര്‍മികവുമായ മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ക്കുകയും ഇസ്ലാമികവും ആഗോളവുമായ അറിവിന്റെ കൈമാറ്റത്തിന് വേദിയൊരുക്കുകയും ചെയ്ത് കൊണ്ടിരിക്കുന്നു. ഇസ്‌ലാമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുന്നത് മദീനയുടെ മണലാരിണ്യത്തില്‍ വിരിഞ്ഞ മദീന പള്ളിയിലെ അഹ്‌ലുസ്സുഫയില്‍ നിന്നാണ് മത വിദ്യാഭ്യാസത്തിന്റെ പ്രസരണം പ്രവാചന്റെ വാക്കുകളിലൂടെയായിരുന്നു. അത്‌കൊണ്ട് തന്നെ ആ വിജ്ഞാന പ്രസരണം ലോകത്തിന്റെ മുന്നേറ്റം കേരളത്തിന്റെ അകത്തളത്തിലേക്കും വന്നു ചേര്‍ന്നു. മാലിക്ക് ബ്‌നു ദീനാറും സംഘവും കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയത് മുതല്‍ മതവിജ്ഞാന പ്രസരണം കേരളത്തില്‍ വ്യാപിച്ചു. പള്ളികള്‍ കേന്ദ്രീകരിച്ച് നടന്ന പ്രചാരണത്തില്‍ അവയോടപ്പം വിദ്യാഭ്യാസ മുന്നേറ്റം നടന്നു. അന്ന് മുതല്‍ വിശ്വാസം പള്ളിയില്‍ ഒതുങ്ങിക്കൂടി. വ്യാപാരകമ്പോളങ്ങളില്‍ എല്ലാം അതുവഴി പള്ളികള്‍ ഉയര്‍ന്നു. അതു വഴി ഇസ്‌ലാമിക വിജ്ഞാനം മുന്നോട്ട് നീങ്ങി. ഓത്തു പള്ളികള്‍ വളര്‍ന്ന് വന്നത് പോലും ആ കാലഘട്ടത്തിലാണ്. 

ഓത്തുപള്ളി: വിദ്യയുടെ ആരംഭം

 മാപ്പിളയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് തുടക്കം കുനിക്കുന്നത് ഓത്തുപള്ളികള്‍ വഴിയാണ്. ഗുരുമുഖത്ത് നിന്ന് വിദ്യ അഭ്യസിക്കുന്ന രീതിയില്‍ ഗുരുവായിരുന്നു കേന്ദ്രബിന്ദു. എഡി. 628 ലേക്ക് ആദ്യ ഇസ്‌ലാമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുന്നത്. കേരളത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള മതപഠന സംവിധാനം എന്നു മുതലാരംഭിച്ചു എന്നതിന് ചരിത്രരേഖയില്ല. എന്നാല്‍ പള്ളികള്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ മതപഠനം അനിവാര്യമായി മാറിയിട്ടുണ്ട്.  അതിന്റെ ആരംഭം കിതാബുകളില്‍ രേഖപ്പെടുത്തിയ കണക്ക് നോക്കി താനൂരിലെ ഇസ്വ്‌ലാഹില്‍ മസ്ജിദു ബിര്‍ക്കത്തുല്‍ കുബ്‌റാ ആദ്യ കാല ദര്‍സുകളിലൊന്നാണെന്ന് നമുക്കനുമാനിക്കാം. ആ ദര്‍സ് രീതി പിന്നീട് കൊടുങ്ങല്ലൂര്‍, മാടായി, ധര്‍മട്ടം, പാറപ്പള്ളി, താനൂര്‍, പൊന്നാനി തുടങ്ങിയ പല സ്ഥലങ്ങളിലും തുടര്‍ന്നു. ഇതില്‍ പലതും ലോകോത്തരമായി ഖ്യാതി നേടിയെടുക്കുകയും നൂറ്റാണ്ടുകളോളം ആ പ്രതാപം നിലനിര്‍ത്തുകയും ചെയ്തിരുന്നു.

വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ 

സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍, മഖ്ദൂം രണ്ടാമന്‍ തുടങ്ങിയ അനേകം പണ്ഡിതര്‍ ദര്‍സ് നടത്തിയ പൊന്നാനിയിലെയും പരിസരപ്രദേശങ്ങളിലെയും പള്ളിദര്‍സുകള്‍ സമാനതകളില്ലാത്ത വിജ്ഞാനപ്രസരണത്തിന്റെ നിര്‍ണ്ണായക കണ്ണികളായിരുന്നു. പിന്‍കാലത്ത് കേരളത്തിലുടനീളം പള്ളിദര്‍സുകള്‍ ഉയര്‍ന്ന് വന്നു. മഖ്ദൂമുമാര്‍ നേതൃത്വത്തില്‍ വിളക്കത്തിരുന്ന പണ്ഡിതര്‍ പിന്നീട് കേരളത്തിലുടനീളം ദര്‍സുകള്‍ സ്ഥാപിച്ച് കൊണ്ടിരുന്നു. കാലക്രമേണ പ്രാഥമിക പഠനത്തിനും ഉപരിപഠനത്തിനുമെല്ലാം പരിമിതികള്‍ പലതും നേരിടേണ്ടി വന്നു. വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ കാലം മാറ്റങ്ങള്‍ കൊണ്ട് വന്നു. 1921-ലെ മലബാര്‍ സമരം പല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദര്‍സ് സമ്പ്രദായങ്ങള്‍ക്കും വഴിതെളിയിച്ചു. സമരത്തില്‍ തകര്‍ന്നടിഞ്ഞ ജീവിതങ്ങള്‍ക്ക് ഒരു കൈതാങ്ങാകാനും അവരെ സാമൂഹികപരമായും സാംസ്‌കാരികപരമായും ആത്മീയപരമായും പുനിരുദ്ധാരണം ചെയ്യാനും മലബാര്‍ സമരം സഹായകമായിട്ടുണ്ട്.     

പള്ളിക്കൂടങ്ങളുടെ പഠന പരിസരങ്ങള്‍ പൊതുവിദ്യാഭ്യാസ രംഗത്തെ പരിഷ്‌കൃത ശൈലികള്‍ക്ക് മുമ്പില്‍ പര്യാപ്തമല്ലാതായത്തീര്‍ന്നു. ഏതാനും സമുദായ സ്‌നേഹികളുടെ ശ്രമഫലമായ ചിലയിടങ്ങളിലെങ്കിലും ഉയര്‍ന്ന് വന്ന പ്രാഥമിക വിദ്യാലയങ്ങള്‍ മാത്രമായിരുന്നു അക്കാലത്തെ ആശ്രയം വാഴക്കാട് ദാറുല്‍ ഉലൂം, പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭ, താനൂര്‍ ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജ്, ജെ.ഡി.ടി ഇസ്ലാം കോഴിക്കോട്, ദാറുസ്സലാം യതീംഖാന തലശ്ശേരി, കൊടുങ്ങല്ലൂര്‍ മുക്കം മുസ്ലിം ഓര്‍ഫനേജുകള്‍ എന്നിവയിലാണ്. മുസ്ലിം പ്രീണനത്തിന്റെ പേരിലായിരുന്നെങ്കിലും ബ്രിട്ടീഷ് കാലത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതപഠനം നടത്താനുള്ള ഒരുക്കിയെങ്കില്‍ അത് പേരില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു. 1921 ന്റെ ശേഷം 1924 ല്‍ പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്ലിയാര്‍ വലിയ കുളങ്ങര പള്ളി ദര്‍സിനെ ഇസ്ലാഹുല്‍ ഉലൂം ദര്‍സെന്ന പേര് നല്‍കുകയും വെല്ലൂര്‍ ബാഖിയാത്തിലെ ഉപരിപഠനത്തിന് പോയിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആ യാത്ര ദുസ്സഹമായിരുന്നപ്പോള്‍ ബാഖിയാത്തിന്റെ മാതൃകയും താനൂരില്‍ കെട്ടിടം നിര്‍മ്മിച്ചു. അത് ഒരുപാട് മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. 

സമസ്തയുടെ വിദ്യാഭ്യാസ മുന്നേറ്റം 

ഇന്ത്യ സ്വതന്ത്ര്യമായതിന് ശേഷം സ്‌കൂളുകളില്‍ മതം പഠിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായി മാറി. സര്‍ക്കാര്‍ ചിലവില്‍ മതം പഠിപ്പിക്കുന്നതിനെ തടയുന്നതിനായി ആര്‍ട്ടിക്കിള്‍ 28 വന്നു. അതോടെ ആ ഭാഗത്തേക്ക് സമസ്ത കേരള ജംഇയത്തുല്‍ ഉലമ മതവിദ്യാഭ്യാസ ബോര്‍ഡ് രംഗത്തേക്ക് ഔദ്യോഗികമയി കടന്ന് വരുന്നത്. സമസ്തയുടെ നേതാക്കളും പ്രവര്‍ത്തകരും നാടിലുടനീളം ഓടി നടന്ന് നൂറ് കണക്കിന് മദ്രസകള്‍ക്ക് ബീജാവാപം നല്‍കി. 1981 ല്‍ വടകരയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ നിന്നാണ് കേരള ഇസ്ലാം മത വിദ്യാഭ്യാസബോര്‍ഡിന് തുടക്കം കുറിക്കുന്നത്.

പിന്നീട് മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും വ്യക്തമാക്കി. മലയാളം, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ അറബി ഭാഷയുമൊത്ത് പഠിപ്പിക്കുവാനുള്ള സൗകര്യവും ഇസ്വ്‌ലാഹുല്‍ ഉലൂമില്‍ ഏര്‍പ്പെടുത്തി. പിന്നീട് ഒട്ടനവധി മത-ഭൗതിക കലാലയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. ജാമിഅ നൂരിയ്യ അറബിയ്യ, അന്‍വരിയ്യ അറബിക് കോളേജ്, റഹ്‌മാനിയ്യ അറബിക് കോളേജ് , ജാമിഅ ദാറുസ്സലാം അല്‍ഇസ്‌ലാമിയ്യ, മര്‍കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യ, ദാറുല്‍ ഹുദാ ഇസ്‌ലാമി്ക യൂണിവേഴ്‌സിറ്റി എന്നിവ അവയില്‍ ചിലത് മാത്രം. 

ഇന്ന് മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് ഒട്ടനവധി വ്യക്തിത്ത്വങ്ങള്‍ ലോകത്തിന്റെ നാനാഭാഗത്തും ദീനുല്‍ ഇസ്‌ലാമിന്റെ മുന്നേറ്റങ്ങള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച് അവര്‍ ഇസ്‌ലാമിക വിജ്ഞാനം ആഫ്രിക്കയുടേയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും എത്തിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു എന്ന് വേണം പറയാന്‍. ഒരോ സ്ഥാപനവും അവരുടെ മുന്നേറ്റങ്ങള്‍ കരുതലോടെ നീക്കികൊണ്ടിരിക്കുകയാണ്. 

 കേരളത്തില്‍ മതവിദ്യാഭ്യാസത്തില്‍ നടന്നത് പരിണാമത്തിന്റെ ഭാഗമായിരുന്നു. ഓത്തുപ്പള്ളിയില്‍ നിന്ന് ദര്‍സിലേക്കും അവിടെ നിന്ന് മദ്‌റസയിലേക്കും ഉയര്‍ന്ന് ഒടുവില്‍ അറബിക് കോളേജ് എന്ന ഉന്നതി വരെ വന്ന സമ്പ്രദായത്തിന് ഒട്ടനവധി ഉദാഹരണങ്ങളെ കാണിക്കാന്‍ സാധിക്കും.അതില്‍ തന്നെ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നതാണ് വലിയകുളങ്ങര പള്ളി ദര്‍സില്‍ നിന്നും ഇസ്വ്‌ലാഹുല്‍ ഉലൂം അറബിക് കോളേജിലേക്ക് ഉയര്‍ന്ന ദര്‍സി സമ്പ്രദായമാണ്. ആ പ്രസ്ഥാനത്തിന്റെ ചരിത്രത്തെ നമുക്ക് ചുരുക്കി പറയാം. 

യമനില്‍ നിന്ന് വന്ന അബ്ദുള്ളാഹില്‍ ഹള്‌റമിയുടെ നേതൃത്വം കൊണ്ടനുഗ്രഹീതമായിരുന്ന വലിയ കുളങ്ങര പള്ളി ദര്‍സ് പ്രസിദ്ധരായ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ദര്‍സിന് ശോഭയേകി. പ്രസിദ്ധനായ  ഉമര്‍ഖാളി, പരപ്പനങ്ങാടി അവുക്കോയ മുസ്‌ലിയാര്‍, നഖ്ശബന്ദി ത്വരീഖത്തിലെ ആത്മീയ ഗുരു അബ്ദുറഹ്‌മാന്‍ ശൈഖ് യൂസുഫുല്‍ ഫള്ഫരി ഇവരില്‍ അറിയപ്പെട്ടവരാണ്. 1926 ന് മുമ്പ് തന്നെ പതിനായിരത്തോളം വിലവരുന്ന കിതാബുകളുടെ ഗ്രന്ഥശാല ഉണ്ടായിരുന്നു. ഖിലാഫത്ത് സമര സമയത്ത് ദര്‍സിന്റെ നേതൃത്വം നല്‍കിയിരുന്ന പരീക്കുട്ടി മുസ്‌ലിയാരുടെ കൈകളിലായിരുന്നു. കമ്മിറ്റി സെക്രട്ടറിയായി സ്ഥാനം ലഭിച്ചതോടെ മുഹിമ്മാത്തുല്‍ മുഅ്മിനീന്‍ രചിക്കുകയും അതിന്റെ പിന്നാമ്പുറവുമായി ബന്ധപ്പെട്ട് മക്കയിലേക്ക് പോവുകയും ചെയ്തു. പ്രൗഢമായ ദര്‍സ് പരീക്കുട്ടി മുസ്‌ലിയാര്‍ക്ക് ശേഷം അനാഥമായി അദ്ദേഹത്തിന്റെ മുതിര്‍ന്ന ശിഷ്യന്മാര്‍ ദര്‍സ് നടത്തിക്കൊണ്ടു പോകാന്‍ തീവ്ര ശ്രമങ്ങള്‍ നടത്തിയെങ്കിലും പഴയ പ്രതാപം തിരിച്ച വന്നില്ല. ഈ സന്ദര്‍ഭത്തില്‍ നാട്ടുപ്രമാണികളും കാരണവന്മാരും ചേര്‍ന്ന് ഒരു പ്രമുഖ പണ്ഡിതനെ ദര്‍സിന് നിയമിക്കാന്‍ തീരുമാനിക്കുന്നു. 1924 ല്‍ പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ താനൂര്‍ ദര്‍സിനെ ഏറ്റെടുക്കുന്നു. വിദ്യാര്‍ത്ഥികള്‍ വര്‍ധിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ അനവധി മേഖലകളില്‍ നിന്ന് പ്രവേശനം നേടിക്കൊണ്ടേയിരുന്നു. വിദ്യാര്‍ത്ഥികളുടെ ആധിക്യം മൂലം പള്ളിയില്‍ സ്ഥലക്കുറവ് അനുഭവപ്പെടുകയും ശേഷം പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പൊതുയോഗം ചേരുകയും അസാസുല്‍ ഇസ്‌ലാം സഭ എന്നപേരില്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. നിരന്തരമുള്ള പ്രയത്‌നത്തിന്റെ ഫലമായി പൂര്‍ണ്ണ സൗകര്യത്തോടെ ഒരു പുതിയ കെട്ടിടം നിര്‍മ്മിക്കപ്പെട്ടു. 12,000 റുപ്പിക വിലവരുന്ന കിതാബുകളുടെ അമൂല്യ ശേഖരണം ദര്‍സിന് പത്തരമാറ്റേകി. 1937 ല്‍ 130 ഉയര്‍ന്ന വിദ്യാര്‍ത്ഥികള്‍ പഠനം നടത്തി. ഇതില്‍ നൂറില്‍ പരം വിദേശികളും ഉണ്ടായിരുന്നു. 

മലയാളം ഉറുദു ഇംഗ്ലീഷ് ഭാഷകള്‍ ഉള്‍കൊള്ളിച്ച് മതവിദ്യാഭ്യാസത്തിനു പുറമെ ഭൗതിക വിദ്യാഭ്യാസം ആവിശ്യമാണെന്നും വ്യക്തമാക്കി. നിശാപാഠശാല നിര്‍മ്മിക്കുന്നതിനും പ്രാധാന്യം നല്‍കി. ആറുവര്‍ഷത്തെ സേവനത്തിന് ശേഷം മൗലാനാ പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ താനൂരില്‍ നിന്ന വിടവാങ്ങി പിന്നീട് കുറച്ച് കാലം കെ. പി ഉസ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ യതീംഖാന നടത്തുകയുണ്ടായി. പിന്നീട് സമസ്ത പണ്ഡിതരുടെ കീഴിലായി ഒട്ടനവധി തവണ നേതൃത്വം നല്‍കിയെങ്കിലും കൃത്യമായ നടത്തിപ്പിലേക്ക് വരുന്നത് പറവണ്ണ മുഹ്യുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ വരവോടെയാണ്. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ 1996 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. പിന്നീട് ഈ മേഖലയില്‍ കോളേജ് മുന്നേറിക്കൊണ്ടിരിക്കുന്നു പിന്നീട് ഒട്ടനവധി സ്ഥാപനങ്ങളുടെ ചരിത്രം പരിണാമത്തെ ശരിവക്കുന്നതായി നമുക്ക് വ്യക്തമാക്കി തരും. 

മലബാര്‍ മുസ്ലിംകളുടെ വിദ്യാഭ്യാസ സമ്പ്രദായം ചരിത്രപരമായ പ്രാധാന്യമുള്ളതും വിജയകരവുമാണ്. എന്നിരുന്നാലും, പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വയം പരിവര്‍ത്തനം ചെയ്യേണ്ടത് അനിവാര്യമാണ്. ഇതിലൂടെ ഭാവി തലമുറകള്‍ക്ക് വിജ്ഞാനവും സാമൂഹിക ഉത്തരവാദിത്തബോധവും പ്രദാനം ചെയ്ത് പ്രബുദ്ധ സമൂഹത്തെ സൃഷ്ടിക്കാന്‍ ഈ സമ്പ്രദായത്തിന് കഴിയുമെന്ന് നമുക്ക് വിശ്വസിക്കാം.


സല്‍മാന്‍ കളിയാട്ടുമുക്ക്‌


Post a Comment

0 Comments