റാത്തീബിലെ ദേഹപീഡയും പ്രാമാണിക സാധുതയും

 അല്ലാഹുവിന്റെ ഔലിയാക്കള്‍  പ്രവാചകന്മാരെ പോലെ ചില അവസരങ്ങളില്‍ പല അമാനുഷികതകളും പ്രകടിപ്പിക്കാറുണ്ട്. അവകള്‍, ഒരു അധ്വാനവും പരിശ്രമവും കൂടാതെ  ജനങ്ങള്‍ക്ക് അവരുടെ വിശ്വാസം ദൃഢീകരിക്കാന്‍ പ്രവാചകന്മാര്‍, ഔലിയാക്കള്‍ മുഖേന അല്ലാഹു വെളിവാക്കുന്ന കാര്യങ്ങളാകുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രവാചകനില്‍ നിന്നാണെങ്കില്‍ മുഅ്ജിസത്തെന്നും വലിയ്യില്‍ നിന്നാണെങ്കില്‍ കറാമത്തെന്നും അറിയപ്പെടുന്നു. പ്രവാചകന്‍ തന്നെ പ്രവാചകത്വത്തിന് മുമ്പ് ഇത്തരം കാര്യങ്ങള്‍ പ്രകടിപ്പിച്ചാല്‍ 'ഇര്‍ഹാസ്വ്' എന്നും ഒരു നല്ല വിശ്വാസിയില്‍ നിന്നാണെങ്കില്‍ മഊന എന്നും പറയപ്പെടുന്നു. അതേ സമയം ഒരു ഫാസിഖായ വ്യക്തിയില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നതിന്  ഇസ്തിദ്‌റാജ് എന്നും അതു തന്നെ കുതന്ത്രങ്ങള്‍ പഠിച്ചു പ്രയോഗിക്കുന്നതിന് സിഹ്‌റ് എന്നും പറയുന്നു. ഇപ്രകാരം രിഫാഈ റാത്തീബില്‍ ശൈഖവറുകളുടെ കറാമത്ത് വെളിപ്പെടുത്താന്‍ വേണ്ടി  മാരാകായുധങ്ങള്‍ ഉപയോഗിച്ചുള്ള അഭ്യാസമുറകള്‍ നടത്താറുണ്ട്. ഇസ്‌ലാമില്‍ ശരീരത്തെ വെറുത മുറിവേല്‍പ്പിക്കുന്നതും വേദനിപ്പിക്കുന്നതും നിഷിദ്ധമാണ്. മാത്രമല്ല ശരീരത്തിന് ദോഷകരമാകുന്ന വസ്തുക്കള്‍ ഭക്ഷിക്കലും ഉപയോഗിക്കലും ഹറാം തന്നെയാകുന്നു. അതേസമയം കുത്ത് റാത്തീബില്‍ മുരീദുമാര്‍ പല അപകടകരമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടുതാനും, ഇത് ഇസ്‌ലാമികമാണോയെന്നും എന്താണിതിന്റെ അടിസ്ഥാനംമെന്നും പലരും ചോദിക്കാറുണ്ട്.  



പ്രശസ്ത ചരിത്രകാരന്‍ ഇബ്‌നു ഖല്ലിക്കാന്‍ (ഹി 608-681) വഫയാത്തുല്‍  അഅ്‌യാനില്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു: ''ശൈഖ് രിഫാഈയുടെ മുരീദുമാര്‍ പ്രസ്തുത റാത്തീബിന്റെ അവസ്ഥയില്‍ ജീവനുള്ള വിഷപ്പാമ്പിനെ ഭക്ഷിക്കുന്നു, സിംഹത്തിന്റെ മേലെ കയറി സഞ്ചരിക്കുന്നു, കത്തിയാളുന്ന തീയിലൂടെ നടക്കുന്നു, തീയുമായി മറ്റു അഭ്യാസങ്ങള്‍ കാണിക്കുന്നു'' വഫയാത്തുല്‍ അഅ്‌യാന്‍ 1/172). എന്നാല്‍ ഇവര്‍ക്കൊന്നും യാതൊരു പരിക്കോ പോറലോ ഏറ്റിരുന്നില്ല. അതുകൊണ്ടാണല്ലോ ഇബ്‌നു ഖല്ലികാന്‍ അത്ഭുതകരമെന്നു പ്രത്യേകം പരാമര്‍ശിച്ചത്. 

  ഇതു തന്നെയാണ് കര്‍മ ശാസ്ത്രത്തിലെ വിധിയും ദേഹപീഡകള്‍ നിഷിദ്ധമാവാന്‍  കാരണമായ ജീവഹാനി, മറ്റു ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവ ഉണ്ടാകുന്നില്ലെങ്കില്‍ അത്തരം ആളുകള്‍ക്ക് പ്രസ്തുത  പ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണ്. അതുപോലെ  തന്നെയാണ് വിശ്വാസ ദൃഢത സ്ഥീകരിക്കാന്‍ കറാമത്തുകള്‍ പ്രകടിപ്പിക്കുന്നതിലുള്ള അപകടകരമായ പ്രവര്‍ത്തനങ്ങളും മാരകായുധ പ്രയോഗങ്ങളും. ശാഫിഈ  മദ്ഹബിലെ വിശ്രുത ഗ്രന്ഥമായ തുഹ്ഫത്തുല്‍ മുഹ്താജില്‍  ഇബ്‌നു ഹജറുല്‍ ഹൈതമി(റ) പറയുന്നു: വിഷം കഴിച്ചാല്‍ ബുദ്ധിമുട്ടില്ലാത്തവര്‍ക്ക് അത്  കഴിക്കല്‍ നിഷിദ്ധമല്ല. ഇമാം സുബ്കി(റ)യും മുതഖദ്ദിമീങ്ങളായ ഒരു കൂട്ടം പണ്ഡിതരും 'ബുദ്ധിമുട്ടില്ലെങ്കില്‍ കഴിക്കുന്നതിന് വിരോധമില്ല' എന്ന് പ്രപ്രബലാഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് (തുഹ്ഫ 9/ 387).''

മതപ്രബോധനാര്‍ഥം സ്വഹാബാക്കളുടെ കാലത്തു തന്നെ ഇത്യാദി പ്രവര്‍ത്തനങ്ങള്‍ നടന്നതായി കാണാം. ഇമാം ബൈഹഖി(റ)(ദലാഇലുല്‍ നുബുവ്വ:3032)യടക്കം നിരവധി ഇമാമുമാര്‍ ഉദ്ധരിച്ച ഇബ്‌നു ശൈബ(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ പ്രമുഖ സ്വഹാബിവര്യന്‍ ഖാലിദു ബ്ന്‍ വലീദ്(റ) ഹീറയിലേക്ക് യാത്ര പോയപ്പോള്‍ സ്വദേശക്കാര്‍ അദ്ദേഹത്തോട് വിഷം കുടിക്കാന്‍ ആവിശ്യപ്പെടുന്ന സംഭവം പരാമര്‍ശിക്കുന്നുണ്ട്. ശത്രുക്കളുടെ വെല്ലുവിളി മഹാനവര്‍കള്‍ ഏറ്റെടുത്തു. യാതൊരു കൂസലുമില്ലാതെ ഖാലിദ്(റ) ബിസ്മി ചൊല്ലി വിഷം കുടിച്ചു. എന്നാല്‍ മഹാനവര്‍കള്‍ക്ക് ഒന്നും സംഭവിച്ചില്ല. വിശ്വാസം പ്രകടമാക്കുക എന്ന ഉദ്ധേശത്താല്‍ പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണ്. ഇസ്‌ലാമിക മാനങ്ങള്‍ എല്ലാം പാലിക്കപ്പെട്ടു കൊണ്ടു തന്നെയാണ് കുത്ത് റാത്തീബിലും ആയുധ പ്രയോഗങ്ങള്‍ നടക്കുന്നത്. 


കറാമത്ത് പ്രകടനം ഇസ്‌ലാമില്‍ 

ശരീരം വെറുതെ മുറിപ്പെടുത്തല്‍ അനുവദനീയമല്ല. പക്ഷെ ചികിത്സാവിശ്യാര്‍ഥവും മറ്റും കര്‍മ്മ ശാസ്ത്രം നിര്‍ദേശിക്കുന്ന ചില സാഹചര്യങ്ങളില്‍ ശരീരം കീറി മുറിക്കല്‍ അനുവദനീയമാണ്. ഇതു പോലെയാണ് റാത്തീബുകളിലെ മാരകായുധ പ്രയോഗങ്ങള്‍ മൂലമുണ്ടാകുന്ന മുറിവുകള്‍. യഥാര്‍ഥത്തില്‍ ഇവിടെ സംഭവിക്കുന്നത് ആത്മീയ ചികിത്സയാകുന്നു. മനുഷ്യരുടെ മനസ്സില്‍ രൂഢമൂലമായി കിടക്കുന്ന വിശ്വാസ വൈകല്യങ്ങള്‍ സുഖപ്പെടുത്തുകയാണ് ഇത്തരം കറാമത്തുകള്‍  പ്രകടമാകുക വഴി ലക്ഷീകരിക്കുന്നത്. കുത്ത് റാത്തീബില്‍ ശൈഖ് രിഫാഇ(റ)യുടെ കറാമത്തുകള്‍ മരണാന്തരവും തന്റെ മുരീദുമാരിലൂടെ വെളിവാവുകയാണ് ചെയ്യുന്നത്. മരണത്തിനു ശേഷവും ഔലിയാക്കളുടെ അമാനുഷികമായ കറാമത്തുകള്‍ പ്രകടമാവും എന്ന് പണ്ഡിതര്‍ ഏകോപിതമായി അഭിപ്രായപ്പെടുന്നു. 

കുത്ത് റാത്തീബിനെതിരെ പ്രധാനമായും ഉന്നയിക്കപ്പെടുന്ന വിമര്‍ശനം മുരീദുമാരിലൂടെ ശൈഖവറുകളുടെ കറാമത്ത് എങ്ങനെ പ്രകടമാകുമെന്നുള്ളതാണ്. എന്നാല്‍ കറാമത്തിന്റെ പ്രകടനം വലിയ്യില്‍ നിന്ന് നേരിട്ടും അല്ലാതെയും വെളവാകാറുണ്ട്. ചിലപ്പോള്‍ ശൈഖിന്റെ പ്രത്യേക സമ്മതം (ഇജാസത്ത്) കൊണ്ടോ മറ്റു ഭൗതിക-അഭൗതിക മാര്‍ഗങ്ങള്‍ മുഖേനയോ മറ്റുള്ളവരിലൂടെയും വെളിവാകാറുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ നിന്നും മറ്റനേകം സൂഫിവര്യന്‍മാരുടെ ജീവിത രേഖയില്‍ നിന്നും കെണ്ടത്താനാവുന്നതാണ്. ഖുര്‍ആന്‍ തന്നെ ഇതിന്റെ വ്യക്തമായ തെളിവ് നല്‍കുന്നു. മഹാനായ ജിബ്‌രീല്‍(അ)ന്റെ കുതിരയുടെ കുളമ്പിന്റെ സ്പര്‍ശനമേറ്റ മണ്ണ് ശേഖരിച്ചു കൊണ്ടാണ് മൂസാ നബി(അ)ന്റെ സമൂഹത്തില്‍ ജീവിച്ചിരുന്ന സാമിരി പശുക്കുട്ടിയുടെ രൂപമുണ്ടാക്കുകയും അത് ശബ്ദിക്കുകയും ചെയ്തത്. അഥവാ ഒരു ഫാസിഖ് മുഖാന്തരവും കറാമത്ത് പ്രകടമാകാന്‍ കഴിയുന്നതാണ്.

കുത്ത് റാത്തീബ് പോലെ ശിയാക്കള്‍ക്കിടയില്‍ പ്രചുര പ്രചാരം നേടിയ ആചാരമാണ് അപകടകരമായ മാരകായുധങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള അഭ്യാസപ്രകടനങ്ങള്‍. ഹുസൈന്‍(റ)ന്റെ കര്‍ബലയിലുള്ള വേദനാജനകമായ രക്തസാക്ഷിത്വത്തിന്റെ സ്മരണാര്‍ത്ഥം ആശുറാഅ് ദിനാചാരങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ഇത്തരം കീറിമുറിക്കലുകള്‍ 'തത്ബീര്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് ഒരു നിലക്കും ഇസ്‌ലാമികമായി ന്യായീകരിക്കാന്‍ സാധ്യമല്ല. തികച്ചും നിശിദ്ധമാക്കപ്പെട്ട പ്രവര്‍ത്തനം തന്നെയാണ്. കുത്ത് റാത്തീബില്‍ നിന്ന് വിഭിന്നമായി തത്ബീറിനെ ഒരു കറാമത്തില്‍ ഉള്‍പെടുത്തുകയോ ആത്മീയ ചികിത്സ രീതിയോ ആയി പരിഗണിക്കാവുന്നതല്ല. കേവലം ദുഃഖാചാരണത്തിന്റെ ഭാഗമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാകുന്നു. ഇത് മൂലമുണ്ടാകുന്ന മുറിവുകള്‍ ചികിത്സിച്ച് ഭേദമാക്കുകയും ചെയ്യുന്നു. അതേസമയം കുത്തുറാത്തീബില്‍ സംഭവിക്കുന്ന മുറിവുകള്‍ രിഫാഈ തങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായ ആ സദസ്സില്‍ വെച്ച്  ദൈവീക സമരണകള്‍ ഉച്ചരിച്ച് കൊണ്ടുള്ള സ്പര്‍ശനങ്ങള്‍ ഏല്‍ക്കുമ്പോള്‍ തന്നെ സുഖം പ്രാപിക്കുന്നു. പ്രസ്തുത രണ്ടു സംഭവങ്ങളും ഇന്നു നടന്നു കൊണ്ടിരിക്കുന്നു എന്നത് തന്നെ വിഷയത്തിന്റെ ആധികാരികത തെളിയിക്കുന്നു. കുത്ത് റാത്തീബില്‍ പങ്കെടുത്തവരുടെ മുറിവുകള്‍ പ്രസ്തുത സദസ്സില്‍ വെച്ചു തന്നെ ഭേദമാകുന്നതും തത്ബീറില്‍ പങ്കെടുത്തവരുടേത് ഭൗതികമായ സൗകര്യങ്ങളും മറ്റും ഉപയോഗപ്പെടുത്തി ചികില്‍സിക്കുന്നതും ഏതിനാണ് ആധികാരികതയെന്നും ശരീഅത്തില്‍ സാധുതയന്നും വ്യക്തമാക്കി നല്‍കുന്നു.


കുത്ത് റാത്തീബ് എന്ന കല

      കുത്ത് റാത്തീബ് പലപ്രദേശങ്ങളിലും ഒരു കലയായി പ്രോത്സാഹിക്കപ്പെടാറുണ്ട്. പ്രധാനമായും രണ്ട് വീക്ഷണ കോണുകളിലൂടെയാണ് ഈ വിശദീകരണം നല്‍കുന്നത്. ഒന്നാമതായി കുത്ത് റാത്തീബിന്റെ ഘടനയും ശൈലിയും അതില്‍ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങള്‍, ആലപിക്കപ്പെടുന്ന ദൈവിക സ്മരണകള്‍ അടങ്ങിയ ബൈത്തുകള്‍ തന്നെയാവുന്നു. രണ്ടാമത്തെ വിശദീകരണമാണ് നമ്മുടെ വിഷയത്തോട് ഏറ്റവും യോജിച്ചത്. ഈ വിശദീകരണം നല്‍കുന്നത് കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാരാകുന്നു. അതിന്റെ സാഹചര്യമായി കാണുന്നത് ശരീരത്തെ അപായത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമില്‍ നിശിദ്ധമാണല്ലോ. അതേ സമയം ജീവഹാനിയുണ്ടാക്കുന്ന ഒരു അഭ്യാസ പ്രകടനം കൂടുതലായി പരിശ്രമിക്കുകയും പഠിക്കുകയും ചെയ്‌തൊരാള്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണ്. 

ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ കാരണത്താല്‍ മനുഷ്യന്നും  സമൂഹത്തിന്നും യാതൊരു നഷ്ടവും സംഭവിക്കുന്നതല്ല എന്ന കാരണത്താല്‍ ഇവ പ്രോത്സാഹനമര്‍ഹിക്കുന്നവയാണ്. പൊതുവെ കുത്തുറാത്തീബിനെതിരെ വരുന്ന നിയമപരമായ പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരങ്ങളുണ്ട്. എന്നാല്‍ മറ്റു വികലമായ ആരോപണങ്ങളും വിമര്‍ശനങ്ങളും മുഖവിലക്കെടുക്കാന്‍ കഴിയാത്തതാണ്. അതിനാല്‍ കുത്ത് റാത്തീബ് എന്ന കര്‍മ്മത്തെ അനാചാരവും അനിസ്‌ലാമികവുമെന്ന് മുദ്ര കുത്തി ഒരു പക്ഷത്ത് നവീന വാദികളും മതം എത്ര ഭീകരവും ഹിംസാത്മകവുമെന്ന് തെളിയിക്കാന്‍ കൂട്ടു പിടിച്ച് നിര്‍മത പ്രസ്ഥാനക്കാരും കിണഞ്ഞു ശ്രമിക്കുമ്പോള്‍ പ്രതിരോധത്തിന്റെ മതില്‍ തീര്‍ത്ത് അവര്‍ക്ക് കൃത്യമായ മറുപടി നല്‍കലും സൂഫിസത്തലെ പ്രധാനകര്‍മത്തെ നിലനിര്‍ത്തലും പണ്ഡിതരുടെ ബാധ്യതതയാണ്.     



ഇസ്മാഈല്‍ താനൂര്‍


Post a Comment

0 Comments