കുത്ത് റാത്തീബ്: അതിരുകള്‍ ഭേദിച്ച ആത്മീയ സഞ്ചാരം

        തിരുനബി(സ)ല്‍ പിറവി കൊണ്ട് വിവിധ ശൈഖുമാരിലൂടെ വ്യത്യസ്ത ശിഖിരങ്ങളായി രൂപം കൊണ്ട സൂഫിസരണികള്‍ വഹിക്കുന്ന ദൗത്യം കേവലം സംസ്‌കരണം മാത്രമല്ല. പ്രബോധനം കൂടിയാണ്. രിഫാഈ സരണിയിലെ പ്രധാന കര്‍മമായ കുത്ത് റാത്തീബ് വഹിക്കുന്ന ദൗത്യം ഇതു തന്നെയാണ്. ഇറാഖില്‍ നിന്നും രൂപം കൊണ്ട്  പില്‍ക്കാലത്ത് സഞ്ചാരികളാലും കച്ചവടസംഘങ്ങളാലും കേരളത്തിലെത്തിയ കുത്തി/കുത്ത് റാത്തീബ് വിശ്വാസികള്‍ക്കു നല്‍കിയ പ്രതിവിധി ചെറുതല്ല.   

           വസൂരി അടക്കമുളള മാരക രോഗങ്ങളും ദുര്‍നിമിത്തങ്ങളും സാമ്പത്തിക അനിശ്ചിതത്വവും വില്ലന്‍ വേഷം കെട്ടിയപ്പോള്‍ രക്ഷകനായി കേരള മുസ്‌ലിംകള്‍ ശൈഖ് രിഫാഈ(റ)യെ വിളിച്ചു. രോഗങ്ങള്‍ വിതയ്ക്കുന്നത് പൈശാചിക ശക്തിയാണെന്ന് വിശ്വസിച്ചിരുന്ന സമൂഹം തങ്ങളുടെ പരിസരത്തു നിന്നും അവയെ അകറ്റി നിര്‍ത്താന്‍ കുത്ത് റാത്തീബിനെ ഉപയോഗപ്പെടുത്തി. ആധുനിക രോഗ പ്രതിരോധ മാര്‍ഗങ്ങള്‍ ദുര്‍ലഭമായിരുന്ന ഒരു കാലത്തെ  സാമൂഹികാന്തരീക്ഷം കുത്ത് റാത്തീബിനെ രോഗ പ്രതിരോധത്തിനുള്ള പ്രതിവിധി ആയി കാണുകയും ജാതിമതഭേദമന്യേ ഈ വിശ്വാസത്തെ ഉള്‍കൊള്ളുകയും ചെയ്തു.      

    

            ഭീകരാകാരവും മൂര്‍ച്ചയുമുള്ള കത്തി, കഠാര, വാള്‍, ദുബ്ബൂസ്, കതിര് ഇത്യാദി ആയുധങ്ങളെടുത്ത് സ്വശരീരം പീഡിപ്പിക്കുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ തലമുറകളായി കൈമാറി വരുന്ന അനുഷ്ഠാനമാണ് കുത്ത് റാത്തീബ്. 

ഇറാഖിലെ ബത്വായിഹ് പ്രവിശ്യയിലെ ഉമ്മു അബിദയില്‍ ജീവിച്ചിരുന്ന ശൈഖ് രീഫാഈ(റ) ബീജാപാവം നല്‍കിയ സൂഫി ധാരയുടെ താവഴിയായാണ് റാത്തീബിന്റെ ഉത്ഭവം. ശൈഖവര്‍കളെ കുറിച്ചുള്ള അപദാനങ്ങളും കീര്‍ത്തനങ്ങളുമാണ് കുത്ത് റാത്തീബിലെ ബൈത്തുകള്‍.

മഹാനുഭാവന്റെ കറാമത്തുകളാണ് കുത്ത് റാത്തീബിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത്. കത്തിയാളുന്ന തീയില്‍ ഇറങ്ങുക, ഹിംസ്ര ജന്തുക്കളുടെ പുറത്ത് സവാരി ചെയ്യുക, വിഷം കഴിക്കുക തുടങ്ങിയവ രിഫാഈ(റ)യുടെ കറാമത്തുകളില്‍ ചിലത് മാത്രമാണ്. 


കേരളത്തില്‍

അറബി-മലയാള സങ്കരയിനമാണ് 'കുത്ത് റാത്തീബ്' എന്ന പദം. തുടര്‍ച്ചയായി ഒരു കാര്യം ചെയ്യുന്നതിന്റെ അറബി പദമാണ് റാത്തീബ്. ആയുധങ്ങള്‍ ഉപയോഗിച്ചുളള കുത്തലുകള്‍  ഉള്‍പ്പെടുന്നതിനാലാണ് കുത്ത് റാത്തീബ് എന്ന പേരില്‍ കേരളത്തില്‍ പ്രചുര പ്രചാരം ലഭിക്കാന്‍ രിഫാഈ റാത്തീബിന് കഴിഞ്ഞത്. 

        ഉദ്ധൃതമായതു പോലെ ഇറാഖില്‍ നിന്ന് ആരംഭിച്ച ശേഷം മധ്യേഷയില്‍ വലിയ സ്വീകാര്യത ലഭിച്ച പ്രസ്തുത റാത്തീബ് സൂഫികളിലൂടെയാണ് പ്രചരിക്കുന്നത്. ഇവരുടെ യാത്രകള്‍  ഇന്ത്യന്‍ സമുദ്ര തീരങ്ങളിലേക്കും വ്യാപിച്ചതോടെ ത്വരീഖത്തുകള്‍ക്കും റാത്തീബുകള്‍ക്കും കൂടുതല്‍ വേരോട്ടം ഉണ്ടായി. മലായ് ദീപുകളിലും മലബാര്‍ പോലെയുളള തീരപ്രദേശങ്ങളിലും കുത്ത് റാത്തീബിനു വേരുറച്ചു. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ലക്ഷദ്വീപില്‍ നിന്നാണ് കേരളത്തിലേക്ക് കുത്ത് റാത്തീബ് എത്തുന്നത്. കണ്ണൂരിലെ അറക്കല്‍ രാജാവിന്റെ അതിഥിയായിരുന്ന ശൈഖ് മുഹമ്മദ് ഖാസിം വലിയുളളാഹി(റ)യാണ് ഈ റാത്തീബിന്റെ പ്രഥമ വാഹകന്‍. ശൈഖ് സബ്ഹാന്‍ വലിയുളളാഹ് എന്നവരുടെ നിര്‍ദേശപ്രകാരമാണത്രെ ഇവര്‍ കണ്ണൂരിലെത്തിയത് 

    ലക്ഷദീപില്‍ നിന്നെത്തിയ മുഹമ്മദ് ഖാസിം(റ) അറക്കല്‍ രാജകൊട്ടാരത്തില്‍ താമസിക്കുകയും വിവിധ പ്രദേശങ്ങളില്‍ റാത്തീബിനു നേതൃത്വം നല്‍കുകയും ചെയ്തു. മഹാനവര്‍കള്‍ക്കു പിന്നാലെ ദ്വീപില്‍ നിന്നു നിരവധി സയ്യിദുമാരും പണ്ഡിതന്‍മാരും കേരളത്തിലെത്തി. 



     റാത്തീബ് നടത്താന്‍ വേണ്ടി മാത്രം മലബാറിലെ വിവിധയിടങ്ങളില്‍ റാത്തീബ് പുരകളുണ്ടായിരുന്നു. നിലവില്‍ പളളിയായി മാറിയ മാഹിക്കടുത്തുളള ആഴിയൂരിലുണ്ടായിരുന്ന റാത്തീബ് പുര ഇതിനൊരുദാഹരണമാണ്. പ്രധാനമായും തീരപ്രദേശങ്ങളിലാണ് വ്യാപനമുണ്ടായത്. കണ്ണൂര്‍, കാപ്പാട്, വടകര, കോഴിക്കോട് പുതിയാപ്പ, കിഴിശ്ശേരി തുടങ്ങി നിരവധിയിടങ്ങളില്‍ റാത്തീബ് നിര്‍വ്വഹിക്കുന്ന പാരമ്പര്യ കുടുംബങ്ങള്‍ തന്നെയുണ്ട്.  

റാത്തീബിന്റെ അവതരണരൂപത്തില്‍ ഏകദേശം എല്ലായിടത്തും സാമ്യത കാണാം. ശൈഖ്/ഖലീഫയുടെ നേതൃത്വത്തിലുളള സംഘമാണ് റാത്തീബിനു നേതൃത്വം നല്‍കുക. നേതൃത്വം നല്‍കുന്ന ശൈഖ് അഹ്‌മദുല്‍ കബീറിര്‍ രിഫാഈ(റ)യില്‍ നിന്നും കൈമാറിപ്പോന്ന ഇജാസത്ത് അഥവാ സമ്മതപത്രം ലഭിച്ച വ്യക്തിയായിരിക്കും. 

          പഴയകാലത്തു നാല്‍പ്പതു ദിവസങ്ങള്‍ക്കു മുമ്പു തന്നെ ശൈഖും സംഘവും റാത്തീബിനുളള ദിക്‌റുകള്‍ ചൊല്ലിയും മറ്റും ഒരുക്കങ്ങള്‍ ആരംഭിക്കുമായിരുന്നു. സദസ്സിന്റെ മധ്യഭാഗത്താണ് ശൈഖ് ഇരിക്കുക. ഇരു ഭാഗത്തുമായി ശിഷ്യര്‍ ഇരിക്കുന്നതിനു മുമ്പ് ശൈഖിനെ ഹസ്തദാനം ചെയ്ത് അനുഗ്രഹം തേടും. എല്ലാവരും ഇരുന്ന ശേഷം പ്രവാചകന്‍മാരുടെയും രിഫാഈ(റ) അടക്കമുളള സൂഫി വര്യന്‍മാരുടെയും പേരില്‍ ഫാതിഹയും അറബിയിലും മലയാളത്തിലുമുളള ബൈത്തുകളും ചൊല്ലുന്നതോടെ സദസ്സ് ഭക്തിനിര്‍ഭരമാകും. ഇടയ്ക്കിടെ രിഫാഈ(റ)യുടെ സാന്നിധ്യത്തിനു വേണ്ടി പ്രാര്‍ഥന നടത്തും. ബൈത്തുകള്‍ക്കു ഈണം കൂട്ടി ദഫ് മുട്ടാരംഭിക്കും. ദഫുകാരുടെ ഒരുമയോടെയുളള മുട്ടും ആംഗ്യങ്ങളും സദസ്സിനെ കൂടുതല്‍ ആത്മീയമാക്കുന്നു.  അല്ലാഹു അല്ലാ.. അഹ്‌മദ് കബീര്‍.. ശൈഖില്ലാ... യാ.. ശൈഖ് തുടങ്ങിയ ബൈത്തുകള്‍ മുറുകുന്നതോടെ സദസ്സില്‍ നിന്ന് ഒരാള്‍ എഴുന്നേല്‍ക്കുകയും ആയുധപ്രയോഗത്തിന് ശൈഖില്‍ നിന്ന് അനുമതി വാങ്ങിയതിനു ശേഷം ദേഹ പീഡ ആരംഭിക്കുകയും ചെയ്യും.  ആത്മീയ ലഹരിയുടെ മത്തില്‍ അവന്‍ വേദന അറിയുന്നേയില്ല. ഒടുവില്‍ ശൈഖ് മുറിവുകള്‍ തടവുന്നതോടെ എല്ലം ഭേദമാകും. കുത്ത് റാത്തീബിന്റെ അനുഷ്ടാനവതരണത്തിന്റെ ഹ്രസ്വരൂപമാണിത്. 

    കുത്ത് റാത്തീബ് കേരളത്തിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല. പ്രത്യേകിച്ചും മലബാര്‍ മേഖലയിലെ മുസ്‌ലിം കുടുംബങ്ങള്‍ക്കിടയില്‍ അവരുടെ പട്ടിണി അകറ്റിയത് പോലും കുത്ത് റാത്തീബായിരുന്നു. ബ്രിട്ടീഷ് അധിനിവേശ ശക്തികള്‍ക്കെതിരെ പ്രതിരോധം തീരത്ത മാപ്പിളപ്പടയ്ക്ക് ഊര്‍ജ്ജം പകര്‍ന്നത് ആത്മീയ ഈരടികളായിരുന്നു. റാത്തീബും ഹാലിളക്കവും എന്ന ടേം തന്നെ ബ്രിട്ടീഷ് രേഖകളില്‍ കാണാം. റാത്തീബ് ചൊല്ലുന്നതിലൂടെ ശൈഖിന്റെ സാന്നിധ്യത്താല്‍ ഹാല്‍ മാറുന്ന വിശ്വാസികള്‍ക്ക് വേദനയും ഭീരുത്വവും മനസ്സില്‍ നിന്ന് മാഞ്ഞു പോകുമെന്ന വിശ്വാസമാണ് നെഞ്ചു വിരിച്ച് തോക്കിന്റെ മുന്നിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. റാത്തീബും ഭക്ഷണം പാകം ചെയ്ത് വിളമ്പിയും ധീരതയോടെ പോരാട്ടത്തിലേക്കിറങ്ങുമ്പോള്‍ രക്തസാക്ഷിത്വം അവര്‍ക്കുറപ്പായിരുന്നു.  ആത്മധൈര്യത്തിന്റെ അമിതാവേശേം അവരിലുള്ള ധീരതയെ ഇളക്കിപുറപ്പെടുവിച്ച വീര്യത്തെ അക്ഷരാര്‍ത്ഥത്തില്‍ ഓരോ റാത്തീബും വരച്ചുകാട്ടുകയാണ്.

            തലമുറകള്‍ കൈമാറി വരുന്ന പഴമകളില്‍ പലതിലും കൂട്ടിക്കുറക്കലുകള്‍ കാണാനിടയാകാറുണ്ട്. ഈ കോണിലൂടെ വീക്ഷിക്കുമ്പോള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചു കൊണ്ടു തന്നെ കുത്ത് റാത്തീബ് ഇന്നും സമൂഹത്തില്‍ അതിന്റെ കര്‍മ്മം നിര്‍വ്വഹിക്കുന്നുണ്ടെങ്കില്‍, പൂര്‍വ്വികര്‍ക്ക് ഇതെത്രത്തോളം ആത്മധൈര്യം സംഭരിക്കാന്‍ സഹായകമായിട്ടുണ്ടെന്ന് മനസ്സിലാക്കാം. 

        കുത്ത് റാത്തീബിന്റെ ആഗമനത്തോടു കൂടി  തന്നെയാണ് കേരളത്തില്‍ അറബന മുട്ടിന്റെ ഉത്ഭവവും. അറേബ്യയിലുണ്ടായിരുന്ന 'അറബന' എന്ന വാദ്യവും അറബന മുട്ട് എന്ന കലാരൂപവും കുത്ത് റാത്തീബിലൂടെ കേരളത്തിലെത്തി. ഇസ്‌ലാമിക ചരിത്രത്തില്‍ പല ഇടങ്ങളിലും സന്തോഷ വേളകളില്‍ അറബന മുട്ടി വരവേറ്റതായി കാണാം. പക്ഷെ, കേരളത്തില്‍ അറബന മുട്ടിന്റെ ആരംഭദിശ റാത്തീബിലൂടെയാണെന്നതാണ് സത്യം. അറബന മുട്ടും, അതിന്റെ സംഘവും സംഘവും റാത്തീബില്‍ പ്രത്യേക സ്ഥാനം അര്‍ഹിക്കുന്നവരാണ്. 50 വര്‍ഷം മുമ്പ് വരെ അറബന മുട്ട് ഒരു കലയായി വിശേഷിപ്പിച്ചിരുന്നില്ല, മറിച്ച് പുണ്യ സദസ്സുകളില്‍ ഭയഭക്തി പരസ്പരം മുഴക്കുന്ന ആത്മീയ പരിവേഷമുള്ള ഒരു അനുഷ്ഠാന നാദം എന്നേ അറബന മുട്ടിനെ സംബന്ധിച്ച് സമുദായം ചിന്തിച്ചിരുന്നുള്ളൂ. കല മനസ്സുഖ പോഷണത്തിനുള്ള വിനോദമാണ്. എന്നാല്‍ അറബന തീര്‍ത്തുവെച്ച പരിസരം അന്തരീക്ഷ ഭീകരതയുടെ ഭാവമായിരുന്നു. ശേഷം, ആശാന്മാര്‍ അഥവാ റാത്തീബ് സംഘത്തിന്റെ ഗുരുക്കന്മാരാണ് അറബന മുട്ടില്‍ നിന്ന് ഒരു സുവര്‍ണ്ണ വിനോദം കടഞ്ഞെടുത്ത് അറബന മുട്ടിന് ആവിര്‍ഭാവം നല്‍കിയത്, എങ്കിലും 'റാത്തീബ് മുട്ടി'ന്റെ പ്രകമ്പനത്തില്‍ നിന്നും അഷ്ടധാനികളുടെ ലോല വീചികള്‍ വേദികളിലെ ശൈഖ് വിളികളില്‍ മുഴച്ച് കേള്‍ക്കാം.


അതിരുകള്‍ ഭേദിച്ച റാത്തീബ് 

മധ്യേഷയിലും പൂര്‍വേഷ്യയിലും മാത്രമല്ല റാത്തീബിന്റെ സാന്നിധ്യം കാണാനാവുന്നത്. ആഫ്രിക്കന്‍ വന്‍കരയിലും റാത്തീബിന്റെ കാല്‍പ്പാടുകള്‍ കാണാന്‍ കഴിയും. ഫിജി, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ റാത്തീബ് അനുഷ്ടിച്ച് വരുന്നുണ്ട്. കേരളത്തിനു പുറത്ത് രിഫാഈ റാത്തീബ് എന്ന പേരിലാണ് കുത്ത് റാത്തീബ്  അറിയപ്പെടുന്നത്. പൂര്‍വ്വേഷ്യയില്‍ തന്നെ ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ മുസ്‌ലിം ഭൂരിപക്ഷ ന്യൂനപക്ഷ രാജ്യങ്ങളിലെല്ലാം ഒരനുഷ്ഠാനം പോലെ റാത്തീബ് നടത്തി വരുന്നു. കേരളത്തില്‍ നിന്നും റാത്തീബ് അവതരിപ്പിക്കാന്‍ വേണ്ടി മാത്രം നിരവധി സംഘങ്ങള്‍ മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും പോകാറുണ്ട്. 



       കാലവും പ്രാദേശികതയും റാത്തീബില്‍ പരമ്പരാഗതമായ മാറ്റങ്ങള്‍ വരുത്തിയിട്ടുï്. വെളുത്ത വസ്ത്രങ്ങണിഞ്ഞ ഖലീഫയും ശിഷ്യരും പുകപ്പിച്ച കുന്തിരിക്കവും കേരളീയ തനിമയുടെ ഭാഗമാണ്. എന്നാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആഫ്രിക്കന്‍ വസ്ത്രധാരണയുടെ ചുവയും പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍  അവരുടേതായ വസ്ത്രവൈവിധ്യങ്ങളുമുണ്ട്.


പ്രതാപം നഷ്ടപ്പെടുന്നുവോ?

ഒരുകാലത്ത് മാപ്പിളമാരുടെ ആത്മീയ ദാഹശമനിയായിരുന്ന കുത്ത് റാത്തീബ് ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. പരിമിതവും അപൂര്‍ണവുമായ മനുഷ്യയുക്തിയുടെ മൂശയില്‍ എല്ലാത്തിനെയും അളക്കുന്ന വാദികള്‍ക്കും വാദങ്ങള്‍ക്കും സമൂഹമധ്യേ സ്വാധീനം വര്‍ധിച്ചു കൊണ്ടിരിക്കുമ്പോള്‍, വേരറ്റു പോകുന്ന കണ്ണികളില്‍ ഒന്നു മാത്രമാണിത്. പൂര്‍വകാലങ്ങളില്‍ വിശ്വാസത്തിന്റെ ദൃഢീകരണത്തിനുളള മാധ്യമം ആയിരുന്നുവെങ്കില്‍ ഇന്ന് വിമര്‍ശനങ്ങള്‍ക്കുളള ഹേതുവായി മാറുന്നുണ്ടോയന്നതില്‍ ആശങ്കപ്പെടേണ്ടിയിരിക്കുന്നു. 

കാലിക സാഹചര്യത്തില്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കും വ്യാധികള്‍ക്കും കുത്ത് റാത്തീബ് പരിഹാരമേകും എന്നതാണ് ചരിത്രസത്യം. അതിനാല്‍ റാത്തീബിനോടുള്ള അവഗണന വ്യാജ ആത്മീയതക്ക് വളം വെച്ച് കൊടുക്കുന്നതാണ്. രിഫാഈ റാത്തീബ് പോലുള്ള പ്രോത്സാഹിപ്പിക്കപ്പെടേണ്ട അനവധി പാരമ്പര്യ അനുഷ്ടാനങ്ങള്‍ നിലനിര്‍ത്താന്‍ സമൂഹം ജാഗ്രത പാലിച്ചേ മതിയാകൂ. 



 ✍   ലിയാഖത്തലി മാവൂര്‍   


Post a Comment

0 Comments