ലക്ഷദ്വീപിലെ മത-സാമൂഹികരാഷ്ട്രീയ രംഗത്ത് നേതൃത്വം നല്‍കുന്ന ഇരുവരും ആദ്യം സ്വയം പരിചയപ്പെടുത്തി ആരംഭിക്കാമെന്ന് കരുതുന്നു?
ഫത്ഹുല്ലാഹ് തങ്ങള്‍: 1940കളിലാണ് ജനനം. 1956-ലാണ് എന്റെ ദര്‍സ് പഠനം ആരംഭിക്കുന്നത്. കാസര്‍ഗോഡ് നെല്ലിക്കുന്ന്, ഉപ്പള, മംഗലാപുരം, പരപ്പനങ്ങാടി ദര്‍സുകളില്‍ വെച്ച് വിദ്യ നേടിയിട്ടുണ്ട്. പരപ്പനങ്ങാടി പനയത്തില്‍ പളളിയില്‍ കോട്ടുമല ഉസ്താദായിരുന്നു ഗുരു. അവിടെ ഒരു വര്‍ഷം തദ്‌രീസും നടത്തിയിട്ടുണ്ട്. പരപ്പനങ്ങാടി ദര്‍സിനു ശേഷം ഉപരിപഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ചേര്‍ന്നു. 1966ല്‍ ഫൈസിയായി. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ജാമിഅയിലെ പ്രഥമ ബാച്ചുകാരിലൊരാളാവാന്‍ തൗഫീഖ് ലഭിച്ചു. പഠനാനന്തരം ശംസുല്‍ ഉലമ അടക്കമുളള ഗുരുനാഥന്‍മാരുടെ നിര്‍ദേശപ്രകാരം കക്കൂത്തില്‍ 1967-69 കാലയളവില്‍ ദര്‍സ് നടത്തി. 1970ല്‍ അമിനി ദ്വീപ് ഖാളി വഫാത്തായ സാഹചര്യത്തിലാണ് ലക്ഷദ്വീപിലേക്ക് വരുന്നത്. തലശ്ശേരിയില്‍ വെച്ചു നടന്ന ഖാളി ടെസ്റ്റില്‍ പാസ്സായതിനെ തുടര്‍ന്ന് 1970 മുതല്‍ അമ്പത്തി മൂന്ന് വര്‍ഷമായി അമിനി ദ്വീപിന്റെ ഖാളി സ്ഥാനം വഹിക്കുന്നു. നിലവില്‍ സമസ്ത കേന്ദ്ര മുശാവറാ മെമ്പറാണ്.
യു.സി.കെ തങ്ങള്‍: അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ദ്വീപിലെ ജനങ്ങള്‍ക്ക് മത-രാഷ്ട്രീയ സംസ്‌കാരിക രംഗത്ത് ഒരുപാട് സേവനങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. നിലവില്‍ ലക്ഷദ്വീപ് യൂണിറ്റ് സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി ട്രഷററായി പ്രവര്‍ത്തിക്കുന്നു. എം. പി അല്ലാത്ത എല്ലാ പദവികളും വഹിച്ചിട്ടുണ്ട്. 23 വര്‍ഷം ലക്ഷദ്വീപ് സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ്, ദ്വീപ് ചീഫ് കൗണ്‍സിലര്‍, ഖാദി (10 വര്‍ഷം), വഖ്ഫ് ബോര്‍ഡു(10 വര്‍ഷം)കളുടെ ചെയര്‍മാന്‍ സ്ഥാനങ്ങളും വഹിച്ചു. ദീര്‍ഘകാലം കവരത്തി ഉജ്‌റാ പളളിയിലും തലശ്ശേരി, കണ്ണൂര്‍, മുഴപ്പിലങ്ങാടി ദേശങ്ങളിലും റാത്തീബിനു നേതൃത്വം വഹിക്കാന്‍ കഴിഞ്ഞു. അതുകൊണ്ടു തന്നെ റാത്തീബിനെ സംബന്ധിച്ച് ആധികാരികമായി സംസാരിക്കാന്‍ അര്‍ഹതയുണ്ട്. മറ്റു ഔദ്യോഗിക മേഖലകളിലേറെ ഞാന്‍ ഏറെ ശ്രദ്ധ കൊടുക്കുന്നതും രിഫാഈ റാത്തീബിനാണ്.
രിഫാഈ റാത്തീബ് അഥവാ കുത്ത് റാത്തീബ് ദ്വീപില്‍ സജീവമാണല്ലോ. എവിടെ നിന്നാണ് ദ്വീപിലേക്ക് റാത്തീബ് കടന്നു വരുന്നത്?
ഫത്ഹുല്ലാഹ് തങ്ങള്‍: നൂറ്റാണ്ടുകള്‍ക്കു മുമ്പേ ദ്വീപില്‍ രിഫാഈ റാത്തീബ് എത്തിയിട്ടുണ്ട്. കവരത്തിയില്‍ അന്ത്യവിശ്രമം കൊളളുന്ന മുഹമ്മദ് ഖാസിം വലിയുല്ലാഹി(റ)യാണ് രിഫാഈ, മുഹ്‌യിദ്ധീന്‍ റാത്തീബുകള്‍ ദ്വീപില്‍ സ്ഥാപിച്ചത്. മഹാനവര്‍കള്‍ തന്നെയാണ് കേരളത്തിലേക്കും കര്‍ണാടകയിലേക്കും റാത്തീബ് കൊണ്ടു വന്നിട്ടുളളത്.
ശൈഖ് ഖാസിം(റ)യുടെ പിതാമഹന്‍ സയ്യിദ് ഫത്ഹുല്ലാഹില്‍ ബഗ്ദാദി(റ) കര്‍ണാടകയിലെ ആങ്കോലയില്‍ വന്ന് താമസമാക്കി. ബഗ്ദാദില്‍ നിന്ന് കുടിയേറി കര്‍ണാടകയില്‍ താമസമാക്കിയ ഇവര്‍ രിഫാഈ സരണിയുടെ വാഹകരായി മാറി, ഫത്ഹുല്ലാഹില്‍ ബഗ്ദാദിയുടെ പുത്രന്‍ ശൈഖ് മുസ(അ)യുടെ പുത്രനായാണ് ഖാസിം വലിയുല്ലാഹി(റ) ഭൂജാതനാകുന്നത്. കര്‍ണാടകയിലെ പഠനത്തിനു ശേഷം ബഗ്ദാദ്, മക്ക, മദീന നാടുകളില്‍ പഠനം പൂര്‍ത്തിയക്കിയതിനു ശേഷം കണ്ണൂരിലെത്തി അറക്കല്‍ രാജാവിന്റെ ഉപദേശ്ടാവായി മാറി.
രാജാവിന്റെ കല്‍പ്പന പ്രകാരമാണ് പിന്നീട് ലക്ഷദ്വീപിലെത്തുന്നത്. ആദ്യം ആന്ത്രോത്ത് ദ്വീപില്‍ താമസമാക്കിയ മഹാനവര്‍കള്‍ പടന്നാത കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ചു. ആന്ത്രോത്തിലെ ഉജ്‌റ പളളി സ്ഥാപിച്ചത് മഹാനവര്‍കളാണ്. പിന്നീട് കവരത്തി ദ്വീപിലേക്ക് മാറിയ മഹാനവര്‍കള്‍ അവിടെ വെച്ചു തന്നെയാണ് വിയോഗം പൂണ്ടത്. കവരത്തിയില്‍ വെച്ചാണ് രിഫാഈ, മുഹ്‌യിദ്ധീന്‍ റാത്തീബുകള്‍ക്ക് ശൈഖവര്‍കള്‍ തുടക്കം കുറിക്കുന്നത്.
രിഫാഈ റാത്തീബുകള്‍ വ്യാപിപ്പിക്കുന്നതില്‍ ശൈഖവര്‍കളുടെ പുത്രപരമ്പരക്കു നിര്‍ണായക പങ്കുണ്ട്. ആന്ത്രോത്ത് ദ്വീപുകാരനായ എന്റെ പിതാമഹന്‍ സയ്യിദ് ഫത്ഹുല്ലാഹ് ആറ്റക്കോയ തങ്ങളാണ് എല്ലാ ദ്വീപുകളിലേക്കും രിഫാഈ റാത്തീബ് വ്യാപിപ്പിക്കുന്നതും സജീവമായി സംഘടിപ്പിക്കുന്നതും.
കേരളീയനായ വിശ്രുത പണ്ഡിതന്‍ പാനൂര്‍ ഇസ്മാഈല്‍ ബുഖാരി തങ്ങള്‍ ദഫ്മുട്ടിന്റെയും മറ്റും വിധി വിശദീകരിക്കുന്ന തസവ്വുഫല്‍ അസ്മാഅ് ഫീ ളര്‍ബി അഹ്കാമിദ്ദഫി ഫില്‍ ഇസ്‌ലാം എന്ന ഗ്രന്ഥം രചിക്കുന്നത് മഹാനവര്‍കളുടെ നിര്‍ദ്ദേശപ്രകാരമാണ്.
ശൈഖ് മുഹമ്മദ് ഖാസിം(റ) മുതല്‍ പാരമ്പര്യമായി കൈമാറിപ്പോന്ന ഈ പാരമ്പര്യത്തിലെ നിലവിലെ കണ്ണിയാണ് ഈ വിനീതന്‍. ഈ വിനീതനു കീഴിലുളള ശിഷ്യന്‍മാര്‍ ദ്വീപില്‍ വിവിധ പളളികളില്‍ റാത്തീബിനു നേതൃത്വം നല്‍കുന്നു. ഖാസിം വലിയുളളാഹി(റ)യുടെ പരമ്പരയില്‍ പെട്ടവര്‍ തന്നെയാണ് നേതൃത്വം നല്‍കുക.
റാത്തീബിന്റെ കടന്നു വരവിന് പ്രത്യേക സാഹചര്യമുേണ്ടാ?
യു.സി.കെ തങ്ങള്‍: ഹി: 1079ല്‍ ഖാസിം വലിയുല്ലാഹി(റ) രിഫാഈ റാത്തീബ് ദ്വീപിലും കേരളത്തിലും സ്ഥാപിക്കുന്നതിന്റെ സാഹചര്യം മനസ്സിലാക്കേണ്ടതുണ്ട്. ആഫ്രിക്കയിലും തീരപ്രദേശങ്ങളിലും പുതുതായി ഇസ്‌ലാമാശ്ലേഷിച്ചവര്‍ക്ക് മുമ്പുളള മതത്തിലെ അനിസ്‌ലാമികമായ കലാ വിനോദങ്ങള്‍ വെടിയുന്നതില്‍ വിഷമമുണ്ടെന്ന് മനസ്സിലാക്കിയ ശൈഖുമാര്‍ അവയുടെ ഇസ്‌ലാമിക രീതി ആവിഷ്‌കരിക്കുകയായിരുന്നു. തുടര്‍ന്നാണ് ശൈഖ് അഹ്‌മദുല്‍ കബീറിര്‍ രിഫാഈ(റ) കുത്ത് റാത്തീബും ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനി(റ) മുട്ട് റാത്തീബും സ്ഥാപിക്കുന്നത്. തൗഹീദിലധിഷ്ടിതമായ രിഫാഈ റാത്തീബ് വിശ്വാസവും ദൈവിക പ്രേമവും വര്‍ധിക്കാന്‍ കാരണമാകും.
മുഹമ്മദ് ഖാസിം(റ)യുടെ പിന്‍തലമുറക്കാരാണ് ലക്ഷദ്വീപിലെ സയ്യിദ് വംശം. ഈ വംശം അയല്‍ നാടുകളിലും വ്യാപിച്ചു കിടക്കുന്നു. ദ്വീപില്‍ റാത്തീബ് ഇന്നും വ്യാപകമാണെങ്കിലും പഴമ തനിമ നഷ്ടപ്പെടുന്നുണ്ടോയെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. രിഫാഈ റാത്തീബ് പോലെ ദ്വീപില്‍ സജീവമായ മുഹ്‌യിദ്ധീന്‍ റാത്തീബ് സ്ഥാപിക്കുന്നത് അറക്കല്‍ കൊട്ടാരത്തിനടുത്ത് അന്ത്യവിശ്രമം കൊളളുന്ന സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി(റ)യാണ്.
രിഫാഈ റാത്തീബ് പലയിടത്തും കുത്ത് റാത്തീബെന്ന പേരിലാണറിയപ്പെടുന്നത്. ഈ പദത്തിന്റെ ഉല്‍ഭവം?
യു.സി.കെ തങ്ങള്‍: തീര്‍ത്തും തെറ്റായ പ്രയോഗമാണത്. കുത്താന്‍ വേണ്ടി നടത്തുന്ന റാത്തീബാണിതെന്ന് പൊതു സമൂഹത്തിനിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ വിമര്‍ശകര്‍ നിര്‍മിച്ച പദമാണത്. റാത്തീബിലെ ഒരു വേളയില്‍ ചെയ്യുന്ന ഒരു ക്രിയ മാത്രമാണത്. കുത്ത് റാത്തീബ് കണ്‍കെട്ടാണെന്ന് ചില ഉല്‍പതിഷ്ണുക്കള്‍ ആരോപിക്കുന്നുണ്ട്. അതു തെളിയിക്കാന്‍ ഞാന്‍ അവരെ വെല്ലുവിളിക്കുന്നു.
ദേഹപീഡയിലൂടെ ആത്മീയോന്നതി കരഗതമാക്കലാണല്ലോ ലക്ഷ്യം. റാത്തീബിനിടയില്‍ മുരീദുമാര്‍ ഉന്മാദാവസ്ഥയിലേക്കെത്തുന്നത് എങ്ങനെ?
ഫത്ഹുല്ലാഹ് തങ്ങള്‍: 'അജ്‌ലിസു ഫീ ഹാദല്‍ മജ്‌ലിസി ലി ഹുസൂലിദ്ദൗഖി വശ്ശൗഖ്' അഥവാ ഇശ്ഖും ആധ്യാത്മിക ലഹരിയും അനുഭവിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത് എന്ന ദിക്ര്‍ ചൊല്ലിയാണ് റാത്തീബിന്റെ മജ്‌ലിസിലേക്ക് പ്രവേശിക്കുക. ഈ ആത്മീയാനന്തം മൂര്‍ധന്യതയിലെത്തുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികതയാണ് ആയുധ പ്രയോഗം എന്നുളളത്. റാത്തീബിന്റെ മൂര്‍ധന്യദശയില്‍ അവന്‍ അവനെത്തന്നെ മറന്ന് ഉന്മാദാവസ്ഥയിലെത്തും.
യു.സി.കെ തങ്ങള്‍: രിഫാഈ ത്വരീഖത്തില്‍ കഅ്ബതുല്ലാഹ് എന്നൊരു ബൈത്തുണ്ട്. ദഫ്മുട്ടിന്റെ അകമ്പടിയോടെ പ്രസ്തുത ബൈത്ത് ചൊല്ലുമ്പോള്‍ ആത്മീയലഹരിയില്‍ നമ്മള്‍ മത്തു പിടിച്ചവരാകും.
ഉപയോഗിക്കുന്ന ആയുധങ്ങള്‍ക്കു വല്ല അടിസ്ഥാനമോ പാരമ്പര്യമോ ഉണ്ടോ?
ഫത്ഹുല്ലാഹ് തങ്ങള്‍: ആയുധങ്ങള്‍ക്ക് പാരമ്പര്യമില്ല. എന്നാല്‍ ഇവ ഉപയോഗിക്കാനും കൈമാറാനും പ്രത്യേക ദിക്‌റുകളും ഇജാസത്തുകളുമുണ്ട്.
യു.സി.കെ തങ്ങള്‍: പഴയ പാരമ്പര്യം ഇപ്പോഴും ഉണ്ട്. ദബ്ബൂസ്, കട്ടാര, വാള്‍ എന്നിവയാണ് പൊതുവെ ഉപയോഗിക്കാറ്. എന്നാല്‍ അതിനപ്പുറമുളള മാരകായുധങ്ങള്‍ ആരും ഉപയോഗിക്കുകയോ ഉപയോഗിക്കാമെന്ന് എഴുതി വെക്കുകയോ ചെയ്തിട്ടില്ല.
കുത്ത് റാത്തീബ് നടന്നു വരുന്ന ഇന്ത്യക്കു പുറമേയുളള പ്രദേശങ്ങള്‍? മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദ്വീപിലെ റാത്തീബില്‍ വല്ല സവിശേഷതകളുമുണ്ടോ?
ഫത്ഹുല്ലാഹ് തങ്ങള്‍: ശ്രീലങ്ക, ആഫ്രിക്ക, ഇന്തോനേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി നിരവധിയിടങ്ങളില്‍ ഈ കര്‍മം നടക്കുന്നു. രിഫാഈ റാത്തീബിനു നേതൃത്വം വഹിക്കാന്‍ ഞാന്‍ ശ്രീലങ്കയില്‍ പോകാറുണ്ട്. വിവധ ത്വരീഖത്തുകളില്‍ നിരവധി റാത്തീബുകളുണ്ടെങ്കിലും അവയിലൊന്നും ആയുധപ്രയോഗമില്ലയെന്നത് രിഫാഈ റാത്തീബിന്റെ സവിശേഷതയാണ്.
യു.സി.കെ തങ്ങള്‍: രിഫാഈ റാത്തീബിന്റെ രീതി ഏകദേശം എല്ലായിടത്തും സമാനമാണ്. ദ്വീപിന്റേതായി സവിശേഷകളില്ല.
റാത്തീബിനു നേതൃത്വം നല്‍കുന്ന ഖലീഫമാര്‍ എന്ന നിലയില്‍ അനുഭവങ്ങള്‍ പങ്കു വെക്കാമോ?
ഫത്ഹുല്ലാഹ് തങ്ങള്‍: ചിന്ത ശൈഖില്‍ വിലയം പ്രാപിക്കേണ്ടതുണ്ട്. അതല്ലാത്ത ചിന്ത സംഭവിച്ചാല്‍ പരിക്കു പറ്റുന്ന സാഹചര്യമുണ്ടാകും. ദ്വീപില്‍ തന്നെ അതിനുദാഹരണങ്ങളുണ്ട്.
യു.സി.കെ തങ്ങള്‍: ഒരുപാട് വര്‍ഷത്തെ അനുഭവമുണ്ട്. മുരീദുമാരല്ലാത്തവരും എന്റെ മജ്‌ലിസില്‍ ദേഹപീഡയില്‍ പങ്കെടുക്കാറുണ്ട്. നേതൃത്വം നല്‍കുന്ന വ്യക്തി എന്ന നിലയില്‍ വയറു കീറാനും മറ്റും ആയുധം നല്‍കി ദുആ ചെയ്തു കൊടുത്തിട്ടുണ്ട്. എന്നാല്‍, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇതുവരെ വിനീതന്റെ മജ്‌ലിസില്‍ വെച്ച് ഒരു അപകടവും സംഭവിച്ചിട്ടില്ല.
രിഫാഈ റാത്തീബ് നടത്തുന്നതിനു പ്രത്യേകം സമയമോ സാഹചര്യമോ ഗണിക്കാറുണ്ടോ?
യു.സി.കെ തങ്ങള്‍: പൊതുവെ ഇശാ നിസ്‌കാരാനന്തരമാണ് നടക്കാറുളളത്. പെരുന്നാള്‍, ബറാഅത്ത്, ഇരുപത്തിയേഴാം രാവുകള്‍ തുടങ്ങി സവിശേഷ സമയങ്ങളില്‍ ഇശാ നിസ്‌കാരാനന്തരം തുടങ്ങിയാല്‍ സുബ്ഹി വരെ നീളാറുണ്ട്.
സ്വശരീരം പരിക്കേല്‍പ്പിച്ച് ചെയ്യുന്ന ഈ പ്രക്രിയയുടെ പ്രാമാണികത? വിമര്‍ശനങ്ങള്‍ വര്‍ധിച്ച ഇക്കാലത്ത് ഇത്തരം ആചാരങ്ങള്‍ ഒഴിവാക്കലല്ലേ നല്ലത്?
ഫത്ഹുല്ലാഹ് തങ്ങള്‍: സ്വശരീരം മുറിപ്പെടുത്തുക, കൊല്ലുക, വേദനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്യുമ്പോഴാണ് നിഷിദ്ധമാകുന്നത്. എന്നാല്‍ ഇശ്ഖ് മൂത്ത് ശൈഖവര്‍കളുടെ കാവല്‍ ഉണ്ടാകുമെന്ന വിശ്വാസത്തോടെയും മുറിവൊന്നും സംഭവിക്കില്ലെന്ന ഉറപ്പിന്‍മേലാണ് ചെയ്യുന്നതിനാല്‍ രിഫാഈ റാത്തീബ് അനുവദനീയമാണ്.
യു.സി.കെ തങ്ങള്‍: പ്രാമാണികത സംബന്ധിച്ച് പണ്ഡിതന്‍മാര്‍ക്ക് കൃത്യമായി ഉത്തരം നല്‍കാന്‍ കഴിയും. എന്നെ പോലെയുളള പൊതുജനങ്ങള്‍ക്ക് ശൈഖ് രിഫാഈ(റ)യുടെ ഔന്നിത്യത്തെ കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. ശൈഖവര്‍കള്‍ക്ക് തെറ്റു പറ്റില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു. അതിനാല്‍ വിമര്‍ശിക്കേണ്ടവര്‍ക്ക് വിമര്‍ശിക്കാം. ആത്മീയതയുടെ അന്തസാര ഉള്‍ക്കൊളളാന്‍ കഴിയാത്തത് കൊണ്ടാണത്.
ഇതരകാര്യങ്ങളിലേതു പോലെ രിഫാഈ റാത്തീബിലും കേരളവും ലക്ഷദ്വീപും തമ്മില്‍ ബന്ധം ഉണ്ട്, പങ്കു വെക്കാമോ?
യു.സി.കെ തങ്ങള്‍: ലക്ഷദ്വീപും കേരളവും തമ്മിലുളള ബന്ധം അഭേദ്യമാണ്. സംസ്‌കാരത്തിലും മത-സാമൂഹ്യബന്ധങ്ങളിലും ഇരു ദേശങ്ങളും തോളരുമ്മി ജീവിക്കുന്നു. കേരളത്തില്‍ രിഫാഈ റാത്തീബ് പ്രചരിപ്പിച്ചത് ദ്വീപിലെ സയ്യിദന്‍മാരാണെന്ന് മുമ്പ് പരാമര്‍ശിച്ചുവല്ലോ.
സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ രിഫാഈ റാത്തീബിനു കഴിഞ്ഞിട്ടുണ്ടോ?
ഫത്ഹുല്ലാഹ് തങ്ങള്‍: ലോകത്തിന്റെ വിവിധയിടങ്ങളിലേക്കു വ്യാപിച്ചുവെന്നത് തന്നെ ഇതിന്റെ സ്വാധീനമാണല്ലോ.
യു.സി.കെ തങ്ങള്‍: ലക്ഷദ്വീപ് സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പെരുന്നാള്‍ ദിവസങ്ങളില്‍ നിസ്‌കാരം കഴിഞ്ഞാല്‍ മറ്റു മതപരമായ ചടങ്ങുകളില്ലാത്തതിനാല്‍ സ്ത്രീകളും പുരുഷന്‍മരും പുറത്തിറങ്ങാറുണ്ടായിരുന്നു. ഇത് വേണ്ടരുതായ്മകളിലേക്കു നയിക്കുമെന്നു മനസ്സിലാക്കിയ പണ്ഡിതന്‍മാര്‍ പെരുന്നാള്‍ പകല്‍ വിപുലമായ രീതിയില്‍ രിഫാഈ റാത്തീബ് സംഘടിപ്പിക്കാന്‍ തുടങ്ങി. പെരുന്നാള്‍ ഖുത്ബ കഴിഞ്ഞാല്‍ എല്ലാവരും ആന്ത്രോത്തിലെ ഉജ്‌റാ പളളിയുടെ മുറ്റത്ത് ഒരുമിച്ചു കൂടുകയും കൂട്ടമായി മുഹ്‌യിദ്ധീന്‍, രിഫാഈ റാത്തീബുകള്‍ നടത്തുകയും ചെയ്യുന്നു. ഇന്നും അതു തുടരുന്നു. ഇതുമൂലം വലിയ വിപത്തില്‍ നിന്ന് ദ്വീപ് സമൂഹത്തെ രക്ഷിക്കാനായി.
നമ്മള്‍ ആയുധപ്രയോഗം നടത്തുന്നതു പോലെ ശിയാക്കള്‍ക്കിടയിലും ആയുധമുപയോഗിച്ചുളള ആചാരമുണ്ടെന്ന് കേള്‍ക്കുന്നു. രണ്ടും തമ്മിലുളള തവ്യത്യാസം വ്യക്തമാക്കാമോ?
ഫത്ഹുല്ലാഹ് തങ്ങള്‍: ശിയാക്കള്‍ ചെയ്യുന്നത് ശറഇല്‍ നിഷിദ്ധമാക്കപ്പെട്ട, മരിച്ചവര്‍ക്കു വേïിയുളള വിലാപത്തിന്റെ ഭാഗമായാണ്. എന്നാല്‍ റാത്തീബില്‍ ദിക്‌റുകളും ബൈത്തുകളും ചൊല്ലി, ഇശ്ഖിന്റെ പരമ്യതയിലെത്തി, ഒടുവില്‍ ശൈഖിന്റെ സന്നിധിയില്‍ മുഴുകുന്ന സമയത്താണ് അവര്‍ ദേഹപീഡ നടത്തുന്നതുമാണ്. അതിനാല്‍ ശിയാക്കളുടേത് നിഷിദ്ധവും നമ്മുടേത് അനുവദനീയവുമാണ്.
യു.സി.കെ തങ്ങള്‍: സുന്നികള്‍ ശിയാക്കളുടെ പിന്‍മുറക്കാരാണെന്ന് വരുത്തിത്തീര്‍ക്കാനുളള നവീനവാദികളുടെ ഗൂഢശ്രമങ്ങളുടെ ഭാഗമാണത്. രണ്ടും തമ്മിലെ വ്യത്യാസം സുതരാം വ്യക്തമാണ്. രിഫാഈ റാത്തീബില്‍ ദേഹപീഡ നടത്തിയാല്‍ ബുദ്ധിമുട്ടുകളൊന്നും സംഭവിക്കുന്നില്ല. എന്നാല്‍ ശിയാക്കളുടേത് നേര്‍വിപരീതമാണ്.
അവസാനമായി വായനക്കാരോട് പറയാനുളളത്
യു.സി.കെ തങ്ങള്‍: രിഫാഈ റാത്തീബിനെ കുറിച്ച് കൂടുതല്‍ പഠനങ്ങളും നടക്കേണ്ടതുണ്ട്. ഗവേഷണ മേഖലയില്‍ അവഗണിക്കപ്പെട്ട ഈ കര്‍മ്മത്തെ വെളിച്ചം മാസിക ചര്‍ച്ച ചെയ്യുന്നുവെന്നതില്‍ അതിയായ സന്തോഷമുണ്ട്. ആചാരങ്ങളിലും ത്വരീഖത്തുകളിലും ശരികള്‍ തിരിച്ചറിഞ്ഞ് സുന്നത്ത് ജമാഅത്തിനെ ശക്തിപ്പെടുത്താന്‍ നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്.
✍ സ്വാലിഹ് കടമേരി/ സയ്യിദ് ഫത്ഹുല്ലാഹ് മുത്തുക്കോയ തങ്ങള്‍ അമിനി ദ്വീപ്,
യു.സി.കെ തങ്ങള്‍ ആന്ത്രോത്ത്


0 Comments