അതിജീവനത്തിന്റെ ബദര്‍ പാഠങ്ങള്‍




    മുസ്‌ലിം ജനത എക്കാലത്തും ഓര്‍മ്മിക്കുന്ന, ത്യാഗത്തിന്റെയും സഹനതയുടെയും, ഒടുവില്‍ വിജയം കൈവരിച്ച ഒരു പറ്റം വിശ്വാസികളുടെ പോരാട്ടകഥ. ബദര്‍, മുസ്‌ലിം ജനതയുടെ അതിജീവനത്തിന്റെ നിദാനമായിമാറി ചരിത്രത്തിന്റെ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെട്ട പരിശുദ്ധിയുടെ പരിമളമാര്‍ന്ന ചരിത്ര സംഭവം. 

   മക്കയില്‍ നബി സ്വ തങ്ങളുടെയും അനുയായികളുടെയും സ്വാതന്ത്ര്യം നിഷേധിക്കുകയും അവരെ കഠിനമായി മര്‍ദ്ദിക്കുയും ചെയ്ത ക്രൂരത നിറഞ്ഞ സന്ദര്‍ഭത്തിലാണ് അവര്‍ അഭയകേന്ദ്രം തേടിക്കൊണ്ട് മദീനയുടെ മണ്ണിലേക്ക് സ്വതന്ത്ര്യമായി ദീനി പ്രബോധനം നടത്തുവാന്‍ പാലായനം ചെയ്തത്. എന്നാല്‍ മദീനയില്‍ ഇസ്‌ലാമിന്റെ വളര്‍ച്ചയും മുസ്‌ലിമീങ്ങളുടെ ശക്തിയും മക്കാ മുശ്‌രിക്കുകളെ ആദിയിലാഴ്ത്തി. ഇത് കൊണ്ട് തന്നെ മുസ്‌ലിമുകളെ തകര്‍ക്കാന്‍ ശത്രുക്കള്‍ ഒരവസരം പാര്‍ത്തു കൊണ്ടിരുന്നു. മദീന, മക്കയില്‍ നിന്നും സിറിയയിലേക്ക് പോകുന്നതിന്റെ വഴി മദ്ധ്യേ ആയതിനാല്‍ തങ്ങളുടെ കച്ചവട യാത്രക്ക് മുഹമ്മദും അനുയായികളും തടസ്സം സൃഷ്ടിക്കുമോ എന്നതും അവരെ മുസ്‌ലിമുകളെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചു. ഇതെല്ലാം മനസ്സിലാക്കി മുസ്‌ലിമുകള്‍ ആക്രമണമുണ്ടായില്‍ അത് ചെറുക്കുന്നതിന് തയ്യാറെടുപ്പ് നടത്താനും തങ്ങളെ സ്വന്തം നാട്ടില്‍ നിന്ന് പുറത്താക്കിയ ഉറ്റ ശത്രുക്കള്‍ മദീന വഴി കടന്നു പോകുമ്പോള്‍ അവരെ തടഞ്ഞ് കച്ചവട ചരക്കുകള്‍ അപഹരിച്ച് ബലഹീനരാക്കാനും ആലോചിച്ചു.

     ഇസ്ലാമിന്റെ പ്രബോധനത്തെ സംരക്ഷിക്കാനും മുസ്‌ലിമുകളുടെ സ്വതന്ത്ര്യം ഉറപ്പ് വരുത്താനും വേണ്ടി ശത്രുവിന്റെ ശക്തി ഇല്ലാതാക്കല്‍ അനിവാര്യമാണെന്ന് മുസ്‌ലിമുകള്‍ മനസ്സിലാക്കി. പ്രതിരോധാക്രമണം നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് അള്ളാഹുവിന്റെ കല്‍പനയും -യുദ്ധത്തിനിരയാകുന്നവര്‍ക്ക് അവര്‍ മര്‍ദ്ദിതരായാല്‍ തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു, തീര്‍ച്ചായായും അള്ളാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു- ലഭിച്ചു.

     ഹിജ്‌റ ഒന്നാം വര്‍ഷം സിറിയയില്‍ നിന്നും മടങ്ങുകയായിരുന്ന മുന്നൂര്‍ പേരടങ്ങുന്ന ഖുറൈശി കച്ചവട സംഘത്തെ നേരിടാന്‍ നബി തങ്ങളുടെ പിതൃവ്യനായ ഹംസ റ നേതൃത്വത്തില്‍ മുപ്പതംഗ സംഘത്തെ അയച്ചെങ്കിലും മജ്ദിയ്യുബ്‌നു അംറിന്റെ മദ്ധ്യസ്ഥതയില്‍ ഇരു വിഭാഗവും സന്ധിയിലായി. ഇത് പോലെ തന്നെ ഹിജ്‌റ രണ്ടാം വര്‍ഷാരംഭത്തില്‍ നബിയുടെ നേതൃത്വത്തിലുള്ള സംഘം പോയപ്പോഴും വഴിമദ്ധ്യേ അവര്‍ രക്ഷപ്പെട്ടു. പിന്നീട് റബഉല്‍ അവ്വലിവല്‍ മടങ്ങുമ്പോള്‍ തടയാനുള്ള ശ്രമവും പാഴായി. 

      റജബ് മാസത്തില്‍ വീണ്ടും അബ്ദുള്ളാഹിബനു ജഹ്ശിന്റെ നേതൃത്വത്തില്‍ എട്ടങ്കസംഘം മക്കക്കും ത്വായിഫിനും ഇടയിലുള്ള നഖ്‌ലയില്‍ പതുങ്ങിയിരുന്നു. അത് വഴി കടന്നു പോകുകയായിരുന്ന ഖുറൈശി കച്ചവടക്കാരോട് ഏറ്റുമുട്ടി.അവരിലൊരാള്‍ വധിക്കപ്പെടുകയും രണ്ട് പേരെ ബന്ധികളാക്കി നബി തങ്ങളുടെ സന്നിദ്ധിയില്‍ കൊണ്ട് വന്നു. എന്നാല്‍ യുദ്ധം ഹറാമാക്കപ്പെട്ട മാസം ആയതിനാല്‍ നബി തങ്ങള്‍ ഇതിനെ ആക്ഷേപിക്കുകയും ബന്ധികളെ വിട്ടയക്കുകയും ചെയ്തു. 

     ഹിജ്‌റ രണ്ടാം വര്‍ഷം അബൂ സുഫ്‌യാന്റെ നേതൃത്വത്തില്‍ മക്കയില്‍ എല്ലാ ഖുറൈശികളും ഓഹരി കൊടുത്ത വമ്പന്‍ കച്ചവട സംഘം സിറിയയിലേക്ക് പുറപ്പെട്ടു. ഇരുപതിലധികം ഉണ്ടായിരുന്ന ഈ സംഘത്തെ നേരിടാന്‍ ജമാദുല്‍ ഊലാ മാസത്തില്‍ നബി നൂറ്റമ്പത് പേരടങ്ങുന്ന മുഹാജിറുകളുടെ സംഘത്തെയും നയിച്ച് പുറപ്പെട്ടു. എന്നാല്‍ ഇവിടെയും അവര്‍ രക്ഷപ്പെട്ടതറിഞ്ഞ് തിരിച്ച് വരുമ്പോള്‍ തടയാമെന്നുദ്ദേശിച്ച് മടങ്ങിപ്പോയി. പിന്നീട് പുണ്യവും ത്യാഗവും ഒരുമിക്കുന്ന റമളാന്‍ മൂന്നിന് മുന്നൂറ്റി പതിമൂന്ന് സ്വഹാബിമാരും രണ്ട് കുതിരയും ഏഴ് ഒട്ടകവും അടങ്ങിയ ചെറിയ സൈന്യത്തെയും നയിച്ച്് കൊണ്ട് നബി തങ്ങള്‍ സിറിയയില്‍ നിന്ന്  മടങ്ങുന്ന ശത്രു സൈന്യത്തെ നേരിടാന്‍ പുറപ്പെട്ടു. ഈ വിവരം അറിഞ്ഞ് അബൂ സുഫ്‌യാന്‍ മക്കയിലേക്ക് അടിയന്തര ദൂതനെ അയക്കുകയും കച്ചവട സംഘത്തെ രക്ഷിക്കാനായി തൊള്ളായിരത്തി അമ്പത് ഭടന്മാരും നൂറ് കുതിരകളും എഴുനൂറ് ഒട്ടകങ്ങളും അടങ്ങിയ ഒരു വലിയ സൈനിക സംഘത്തെ തന്നെ മക്കയില്‍ നിന്നയച്ചു. ഇതില്‍ ഖുറൈശി നേതാക്കളും പ്രമുഖരുമമെല്ലാം അണി നിരന്നു. നബി റൗഹാഇല്‍ എത്തിയപ്പോളാണ് കച്ചവടസംഘത്തെ സഹായിക്കാന്‍ ഇത്രയും വലിയ സൈന്യം വരുന്നതറിഞ്ഞത്. മുസ്‌ലിമുകള്‍ ഇത്തരം ഒരു സൈന്യത്തെ നേരിടാനുള്ള സന്നാഹത്തോടെയല്ല വന്നിരുന്നത്. അതു കൊണ്ട് തന്നെ നബി തങ്ങള്‍ തന്റെ അനുയായികളോടൊത്ത് ഈ കാര്യം ചര്‍ച്ച ചെയ്തു. എന്ത് കൊണ്ട് ഒരു യുദ്ധം നേരിടേണ്ടി വരുമെന്ന് പറഞ്ഞില്ല എന്നായിരുന്നു ചിലര്‍. പിന്നീട് ഇതിനെക്കുറിച്ച് ഒരു പാട് ചര്‍ച്ചകളും അഭിപ്രായങ്ങളും വന്നു. മിഖ്ദാദുബിനു അംറ് പറഞ്ഞു - അള്ളാഹുവിന്റെ റസൂലെ, നിങ്ങളോടള്ളാഹു കല്‍പിച്ച കാര്യവുമായി മുന്നോട്ട് നീങ്ങുക, ഞങ്ങളെല്ലാം നിങ്ങളോടൊപ്പമുണ്ട്- . പിന്നീട് നബി തങ്ങള്‍ എല്ലാവരോടും അഭിപ്രായം ചോദിച്ചു. അപ്പോള്‍ അന്‍സാരികളെ പ്രതിനിധീകരിച്ചു കൊണ്ട് സഅദ് ബിനു മുആദും ഈ ഒരു ആശയത്തിലാണ് പറഞ്ഞത്. ത്യാഗ സന്നദ്ധത പ്രഖ്യാപിക്കുന്ന അനുയായികളുടെ ഈ മറുപടികള്‍ നബി തങ്ങളെ സന്തുഷ്ടനാക്കി. നബി തങ്ങള്‍ പ്രഖ്യാപിച്ചു -രണ്ടു സംഘങ്ങളില്‍ ഒന്നിനെ കീഴ്‌പ്പെടുത്തി തരുമെന്ന് അള്ളാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. ശത്രു വിഭാഗം നിലം പതിക്കുന്നത് കണ്‍മുന്നില്‍ കാണുന്നത് പോലെ തോന്നുന്നു. 

     എന്നാല്‍, നബിക്ക് പിന്നീട് കിട്ടിയ വിവരം അബൂ സുഫ്‌യാന്‍ വഴി മാറി സഞ്ചരിച്ച് മുസ്‌ലിമുകള്‍ക്ക് പിടികൊടുക്കാതെ രക്ഷപ്പെട്ടു എന്നതാണ്. ഈ വിവരം അബൂ സുഫ്‌യാന്‍ മക്കയില്‍ നിന്ന് പുറപ്പെട്ട സഹായസഘത്തോട് അറിയിക്കുകയും അവരോട് തിരിച്ച് പോകാന്‍ പറയുകയും ചെയ്തു. പക്ഷെ, അബൂ ജഹല്‍ - ബദ്‌റില്‍ വന്ന് മൂന്ന് ദിവസം ഒട്ടകത്തെ അറുത്തും ഭക്ഷണം നല്‍കിയും മദ്യം വിളമ്പിയും പാട്ടുകാരികള്‍ വീണ മീട്ടിയും കഴിച്ചുകൂട്ടിയിട്ടല്ലാതെ നാം പോകുകയില്ല. അങ്ങനെ അറബികള്‍ നമ്മെപ്പറ്റിക്കേട്ട് എന്നും ഭയപ്പെടുന്നവരാകട്ടെ- അങ്ങനെ സൈന്യം വര്‍ഷം തോറും ചന്തയുത്സവം നടത്തുന്ന മക്കയുടെയും മദീനയുടെയും ഇടയിലുള്ള ജല സൗകര്യമുള്ള ഒരു സ്ഥലത്ത് തമ്പടിച്ചു. മുസ്‌ലിമുകളാണെങ്കില്‍ വെള്ളമില്ലാത്ത സ്ഥലത്തായിരുന്നു ടെന്റടിച്ചത്. അവര്‍ ദാഹം കൊണ്ട് വലഞ്ഞപ്പോള്‍ ഒരു മഴ കിട്ടി. ഉടനെ അവര്‍ വെള്ളം കെട്ടി നിര്‍ത്തുകയും പാത്രത്തില്‍ നിറക്കുകയും ചെയ്തു. പിന്നീട് മുന്നോട്ട് നീങ്ങിയ മുസ്‌ലിമുകള്‍ തങ്ങള്‍ക്ക് വെള്ളം ലഭിക്കാനും ശത്രുക്കളുടെ വെള്ളം തടസ്സപ്പെടുത്താനും പറ്റിയ സ്ഥലം നോക്കി താവളമടിച്ചു. ശത്രു പക്ഷത്തെ അസ്‌വദുബ്‌നു അബ്ദില്‍ അസദ് മുസ്‌ലിമുകള്‍ നിര്‍മ്മിച്ചിരുന്ന ജലാശയത്തെ തകര്‍ക്കാന്‍ വന്നതോടെയാണ് യുദ്ധം ആരംഭിച്ചത്. ഹംസ റ അദ്ദേഹത്തിന്റെ കാലിന് വെട്ടി നിലത്ത് വീഴ്ത്തി വധിച്ചു. തുടര്‍ന്ന് ശത്രു പക്ഷത്തെ ഉത്ബയും ശൈബയും അദ്ദേഹത്തിന്റെ പുത്രന്‍ വലീദും ദ്വന്ദയുദ്ധത്തിനായുള്ള വെല്ലുവിളിയുമായി രംഗത്തിറങ്ങി. ഹംസ റ െൈശബയെയും അലി വലീദിനെയും വാളിനിരയാക്കി. ഉബൈദയും ഉത്ബയും പരസ്പരം വെട്ടി. മുറിവേറ്റ് വീണ ഉത്ബയെ ഹംസയും അലിയും ചേര്‍ന്ന് വാളിനിരയാക്കി. ഉബൈദ റസൂലിന്റെ സന്നിദ്ധിയില്‍ അന്ത്യശ്വാസം വലിച്ചു.

        കഠിനമായ വെയിലും ചൂടുമെല്ലാം തരണം ചെയ്ത് ഇസ്‌ലാമിന്റെ നിലനില്‍പ്പിന് വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട് റമളാന്‍ പതിനേഴിന് വെള്ളിയാഴ്ച്ച രാവിലെ ഇരുഭാഗവും പടക്കളത്തിലിറങ്ങി. ഇരുവര്‍ക്കുമിടയില്‍ ഘോരമായ യുദ്ധം നടന്നു. നബി പന്തലില്‍ നിന്ന് ഇറങ്ങി വന്ന് യോദ്ധാക്കളെ പ്രേരിപ്പിച്ചു. യുദ്ധത്തില്‍ രക്തസാക്ഷികളാകുന്നവര്‍ക്ക് സ്വര്‍ഗം ഉറപ്പാണെന്ന് നബി തങ്ങള്‍ പറഞ്ഞു. ഇത് കേട്ട് ഈത്തപ്പഴം തിന്നുകൊണ്ടിരിക്കുകയായിരുന്ന ഉമൈറുബിനുല്‍ ഹമാം ഈത്തപ്പഴം വലിച്ചെറിഞ്ഞ് യുദ്ധം ചെയ്യാന്‍ തുടങ്ങുകയും അധികം താമസിക്കാതെ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. യുദ്ധം ശക്തി പ്രാപിച്ച് കൊണ്ടിരുന്നു മുസ്‌ലിമുകളുടെ ധൈര്യവും ആവേശവും രൂക്ഷമായി. ഒആരോരുത്തര്‍ക്കും പത്താളുകളുടെ കരുത്ത് കൈവന്നു. ബിലാല്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്ന യജമാനന്‍ ഉമയ്യദിനെ യുദ്ധക്കളത്തില്‍ വച്ച് കാണുകയും അവന്‍ രക്ഷപ്പെട്ട് കൂടാ എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് അവരിലേക്ക് ചാടിയടുത്ത് അവരെ നിലം പതിപ്പിച്ചു. മുആദുബിനു അംറ് ശിര്‍ക്കിന്റെ കൊടിവാഹകനായിരുന്ന അബൂ ജഹലിനെ വകവരുത്തി. യുദ്ധക്കളം പൊടിപടല നിബിഢമായി. ഇവര്‍ക്ക് ആവേശം പകരാന്‍ നബി തങ്ങള്‍ ഒരു പിടി ചരലെടുത്ത് ശത്രുക്കള്‍ക്ക് നേരെ എറിഞ്ഞു പറഞ്ഞു -  ഈ മുഖങ്ങള്‍ നശിക്കട്ടെ.

       തുടര്‍ന്ന് ശത്രുക്കള്‍ക്ക് നേരെ ശക്തമായ പോരാട്ടം നടത്താനും നബി ആഹ്വാനം ചെയ്തു. ബദ്‌റിന്റെ രണാങ്കളത്തില്‍ അള്ളാഹുവിന്റെ കല്‍പനപ്രകാരം മലക്കുകള്‍ മുസ്‌ലിമുകളുടെ മനസ്സില്‍ സ്ഥൈര്യം കൊടുത്തു കൊണ്ടിരുന്നു. അള്ളാഹു മലക്കുകളെ വച്ച് സഹായിക്കാമെന്ന് പറഞ്ഞത് മുസ്‌ലിമുകളുടെ മനസ്സില്‍ ആവേശമുളവാക്കി. പിന്നെയും ഒരുപാട് നീണ്ടു നിന്ന പോരാട്ടം ഖുറൈശികളുടെ പരാചയത്തില്‍ കലാശിച്ചു. ഖുറൈശികളില്‍ നിന്നും എഴുപത് പേര്‍ വധിക്കപ്പെട്ടു. എഴുപത് പേരെ ബന്ധികളും ആക്കി. 

       വിജയശ്രീലാളിതരായി മദീനയിലെത്തിയ നബിയെയും അനുയായികളെയും മുസ്‌ലിമുകള്‍ അനുമോദനം അര്‍പ്പിച്ച് സ്വീകരിച്ചു. തലയില്ലാ ഖുറൈശികള്‍ ആകെ ഭയന്നു.

      മുസ്‌ലിമുകള്‍ നയിച്ച ഒന്നാമത്തെ യുദ്ധം എന്ന നിലയില്‍ ബദര്‍ പ്രശസ്തിയാര്‍ജ്ജിച്ചു. ഈ വിജയത്തിന്റെ അലയൊലികള്‍ അറബിന്റെ അതിര്‍ത്തി കടന്ന് മറ്റ് നാടുകളിലുമെത്തി. മുസ്‌ലിമുകള്‍ ജീവത്യാഗസന്നദ്ധതയും വിശ്വാസ ദാര്‍ഢ്യവും അവരെ സൂക്ഷിക്കണമെന്നൊരറിയിപ്പ് ശത്രുക്കള്‍ കിട്ടി. സത്യവും അസത്യവും അല്ലെങ്കില്‍ നന്മയും തിന്മയും വേര്‍തിരിച്ച സ്ഥലമെന്ന നിലക്ക് ഖുര്‍ആന്‍ ഇതിനെ യൗമുല്‍ ഫുര്‍ഖാന്‍ എന്ന് വിശേഷിപ്പിച്ചു. ഇന്നും ഇതിന്റെ ചാരിതാര്‍ത്ഥ്യം നഷ്ടപ്പെടാതെ മുസ്‌ലിമുകള്‍ ഓര്‍ക്കുന്ന ത്യാഗത്തിന്റെയും വിശുദ്ധിയുടെയും ദിനങ്ങള്‍. അള്ളാഹു അവരോടൊപ്പം നമ്മെയും സ്വര്‍ഗത്തില്‍ ചേര്‍ക്കട്ടെ...

 ✍   ഹിശാം


Post a Comment

0 Comments