റിച്ചാര്‍ഡ് കൊച്ചിന്റെ പ്രശസ്തമായ ഒരു പുസ്തകത്തിന്റെ പേരാണ് 'The 80/20 principle' എന്നത്. കേരളത്തിലെ മുസ്്‌ലിം പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമായി കൊണ്ടുവന്ന ഒരു സ്‌കോളര്‍ഷിപ്പിന്റെ കഥ കേട്ടപ്പോള്‍ ഇതാണ് ഓര്‍മ്മവന്നത്. പുസ്തകത്തിന്റെ കവര്‍ പേജില്‍ മറ്റൊരു വാചകം കൂടി ഉണ്ട് 'the secret to achieving more with less' എന്നാണത്. പുസ്തക്തിന്റെ ഉള്ളടക്കവും ഇവിടുത്തെ വിഷയവും തമ്മില്‍ യാതൊരു ബന്ധവുമില്ലെങ്കിലും പൂര്‍ണ്ണമായും മുസ്്‌ലിം ഉന്നമനം മാത്രം ലക്ഷ്യം വെച്ച് രൂപീകരിക്കപ്പെട്ട ഒരു സ്‌കോളര്‍ഷിപ്പില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ആദ്യം 20 ശതമാനവും പിന്നീട് ജനസംഖ്യാനുപാതം എന്ന പേരില്‍ അത് ഇരട്ടിയാക്കുക കൂടി ചെയ്യാനുള്ള നീക്കങ്ങള്‍ പുസ്തകത്തിന്റെ തലക്കെട്ടിനെയും ഈ വചകത്തെയും അന്വര്‍ത്ഥമാകുന്നതായി തോന്നി.
ഇടതു-വലതു വ്യത്യാസമില്ലാതെ മാറിമാറിവന്ന സര്‍ക്കാറുകള്‍ ഒക്കെ കൂട്ടുനിന്ന ഒരു അട്ടിമറിയിലൂടെ ഒരു സമുദായത്തിന്റെ അവകാശങ്ങളെ ഇല്ലാതാക്കാനുള്ള നീക്ക ങ്ങളെ എന്തുകൊണ്ടാണ് പരിഷ്‌കൃതരെന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരളീയ സമൂഹത്തിന് ഒറ്റക്കെട്ടായി നേരിടാന്‍ സാധിക്കാത്തത് ?.
(സംവരണം എന്ന ആയുധം)
സ്വതന്ത്ര ഇന്ത്യയില്‍ സംവരണം എന്നും ഒരു ചര്‍ച്ചാവിഷയമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ പോലും സംവരണത്തിന്റെ പങ്ക് തള്ളിക്കളയാനാവാത്തതാണ്. വെറും പത്തു വര്‍ഷത്തെ കാലപരിധി ആയിരുന്നു ഭരണഘടനാ നിര്‍മ്മാതാക്കള്‍ സംവരണത്തിന് നല്‍കിയിരുന്നത്. എന്നാല്‍ 75 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച ശേഷവും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ഘടകമായി സംവരണം തുടരുന്നു. ഭരണഘടനാ നിര്‍മ്മാതാക്കളുടെ കണക്കുകൂട്ടലുകളെ അപ്രസക്തമാക്കി രാജ്യത്തെ ജാതി- മത- ലിംഗ വിവേചനങ്ങള്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു എന്നത് തന്നെയാണ് അതിന്റെ കാരണം. പ്രശ്‌നങ്ങള്‍ ഉള്ളടത്തോളം കാലം പരിഹാരവും വേണ്ടിവരുമല്ലോ.
പല രാഷ്ട്രീയ പാര്‍ട്ടികളും സംവരണത്തെ തങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനുള്ള ഉപാധിയാക്കി മാറ്റുന്നതും ഇന്ത്യയില്‍ അസാധാരണമല്ല. വോട്ടുബാങ്കുകളെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്താനും, തങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ വര്‍ഗീയതയും അപര വിദ്വേഷവും കുത്തി വെക്കാനും സംവരണത്തോളം പോന്ന മറ്റൊന്നുമില്ലെന്ന് അത്തരക്കാര്‍ക്ക് നന്നായറിയാം.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട്, സംവരണം എന്ന ആശയത്തിന്റെ അടിത്തറ തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തില്‍ സവര്‍ണ്ണ സംവരണം വരെ പാസാക്കിയെടുത്ത കേന്ദ്രനീക്കത്തെ ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്.
ഇവിടെ നൂറു ശതമാനം മുസ്ലിംകള്‍ക്ക് വേണ്ടി നീക്കിവെച്ച ഒരു സ്‌കോളര്‍ഷിപ്പിന്റെ 41 ശതമാനം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെന്ന പേരില്‍ വെട്ടിക്കുറച്ചതും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ലഭിച്ച ക്രിസ്ത്യന്‍ വോട്ട് ബാങ്കുകളെ മുന്നില്‍ കണ്ടായിരിക്കണം.
(സച്ചാര്‍ റിപ്പോര്‍ട്ട്.)
ഇന്ത്യയിലെ മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായിരുന്നു 2005 ല് രജീന്ദര്‍ സച്ചാറിന്റെ കീഴില്‍ രൂപീകരിക്കപ്പെട്ട സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. ജനസംഖ്യയുടെ 14 ശതമാനം വരുന്ന മുസ്്‌ലിം സമുദായത്തിന് ഭരണനിര്‍വ്വഹണത്തില്‍ പങ്ക് വെറും 2.5 ശതമാനം മാത്രമാണെന്നും, മുസ്ലിംകളുടെ സാക്ഷരത നിരക്ക് രാജ്യത്തെ ശരാശരിയെക്കാള്‍ വളരെ കുറവാണെന്നും, മുസ്ലിംകളുടെ അവസ്ഥ രാജ്യത്തെ സംവരണം ലഭിച്ചിരുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ(SC-ST)/ ദളിത് വിഭാഗക്കാരുടെ അവസ്ഥയെക്കാള്‍ ദയനീയമാണെന്നും രാജ്യത്തെ ബോധ്യപ്പെടുത്തിയ റിപ്പോര്‍ട്ട് ആണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്.
പൊള്ള വാദങ്ങളിലൂടെ മുസ്്‌ലിം വിദ്വേഷം പറഞ്ഞുപരത്തിയിരുന്ന വര്‍ഗീയവാദികളുടെ വായടപ്പിക്കുന്നതായിരുന്നു സച്ചാര്‍ റിപ്പോര്‍ട്ടിലെ പച്ചയായ സത്യങ്ങള്‍. മന്‍മോഹന്‍ സിംഗിന്റെ യുപിഎ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സച്ചാര്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ രാജ്യത്താകമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കേരളത്തിലും പാലോളി കമ്മിറ്റി നിലവില്‍ വന്നത്.
(സ്‌കോളര്‍ഷിപ്പും അട്ടിമറികളും.)
രാജ്യത്തെ മുസ്ലിം സമുദായത്തിന്റെ പരിതസ്ഥിതിയില്‍ നിന്നും ഏറെ വിഭിന്നമായിരുന്നില്ല കേരളത്തിലെ മുസ്്‌ലിം സമുദായത്തിന്റെ അവസ്ഥയും പരിഹാരനിര്‍ദേശങ്ങള്‍ക്കു വേണ്ടി 2007 വിഎസ് അച്യുതാനന്ദന്റെ ഇടതുപക്ഷ സര്‍ക്കാര്‍, മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടി യുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ നിയമിക്കുകയായിരുന്നു. മുസ്്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും കൊച്ചിങ്‌സെന്‍സറുകളും ആയിരുന്നു റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍.
എന്നാല്‍ ഇതില്‍ പലതും അട്ടിമറിക്കപ്പെടുന്നതായിരുന്നു പിന്നീട് കണ്ടത്. മുസ്്‌ലിം സ്‌കോളര്‍ഷിപ്പിന്റെ പേരുമാറ്റി ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് എന്നാക്കലായിരുന്നു ആദ്യത്തെ തന്ത്രപരമായ നീക്കം. പിന്നീട് 20% ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാറ്റിവെക്കുകയും പിന്നീടത് ജനസംഖ്യാനുപാതം ആക്കി മാറ്റണം എന്നുള്ള വാദങ്ങള്‍ ഉയരുകയും ചെയ്തപ്പോഴൊക്കെ കൈകെട്ടി നോക്കിനിന്ന ഇവിടത്തെ സര്‍ക്കാറുകളുടെ നിലപാടുകള്‍ക്കു പിന്നില്‍ ഒരു ഒത്തുകളി ഇല്ലേ എന്ന സംശയം സ്വാഭാവികം മാത്രം.
ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയുള്ള ഒരു സ്‌കോളര്‍ഷിപ്പ് 80 ശതമാനവും മുസ്ലിംകള്‍ കൈപ്പറ്റുക യാണെന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങളോക്കെ മുസ്ലിംകള്‍ അനര്‍ഹമായി കൈക്കലാക്കുകയാണെന്നുമുള്ള പ്രചാരണങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായപ്പോഴും എല്ലാം കണ്ട് ആസ്വദിക്കുന്ന നിലപാടായിരുന്നു ഇവിടത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെത്.
ഈ മൗനത്തിന് വലിയ വില നല്‍കേണ്ടിവരും. കേരളത്തിലെ മത സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ദയും വിദ്വേഷവും പരത്താനേ ഇത്തരം നിലപാടുകള്‍ സഹായിക്കുകയുള്ളൂ. ആര്‍ക്കെങ്കിലും എന്തെങ്കിലും ആനുകൂല്യം ലഭിക്കുന്നുണ്ടെങ്കില്‍ അതില്‍ ആര്‍ക്കും എതിര്‍പ്പില്ല അതുകൊണ്ടാണ് സ്‌കോളര്‍ഷിപ്പിന്റെ20 ശതമാനം മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ചപ്പോഴും കേരളത്തിലെ മുസ്ലിം സമൂഹം അതിനെതിരെ കണ്ണടച്ചു കളഞ്ഞത്. മറിച്ച്, കിട്ടുന്നത് കിട്ടേണ്ട വര്‍ക്ക് കിട്ടണം എന്നതാണ് നിലപാട്. ക്രിസ്ത്യന്‍ സമുദായത്തില്‍ പിന്നോക്കാവസ്ഥയില്‍ ഉള്ളവര്‍ ഉണ്ടെങ്കില്‍ അതിന് അതിന്റെതായ പരിഹാരമാണ് വേണ്ടത്. സംസ്ഥാനത്തെ കോശി കമ്മീഷന്റെ ദൗത്യം അതാണ്. ഇവിടെ മുസ്്‌ലിം സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് രൂപീകൃതമായ ഒരു പദ്ധതിയില്‍ മറ്റു സമുദായങ്ങള്‍ക്ക് കൂടി അവകാശമുണ്ടെന്ന് വരുത്തി ത്തീര്‍ത്തത്തിനെ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തനുള്ള ശ്രമമായി മാത്രമേ കാണാനവൂ. ഒപ്പം മുസ്ലിം സമുദായത്തെ മനപ്പൂര്‍വ്വം തരം തായ്ത്താനുള്ളള്ള നീക്കമായും രാജ്യത്തെ മുസ്്‌ലിം പിന്നോക്കാവസ്ഥ യെ കുറിച്ച് പഠിക്കാന്‍ വേണ്ടി നിയമിക്കപ്പെട്ട രജീന്ദ്ര സച്ചാര്‍ കമ്മിറ്റിയുടെ പരിഹാരനിര്‍ദ്ദേശങ്ങള്‍ സംസ്ഥാനതലത്തില്‍ നടപ്പിലാക്കുക എന്നതായിരുന്നു പാലോളി കമ്മിറ്റിയുടെ ലക്ഷ്യം. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും നടപ്പിലാക്കപ്പെട്ട ഒരു പദ്ധതിക്ക് എന്തുകൊണ്ട് കേരളത്തില്‍ മാത്രം ഇങ്ങനെ ഒരു അവസ്ഥയുണ്ടയി..?
എന്തുകൊണ്ട് മലബാര്‍ പിന്നോക്കമായി എന്നതിന്റെ മറുപടിയായിരുന്നു മുസ്്‌ലിം സമുദായം എന്നത്. അതിനുള്ള പരിഹാരമായിരുന്നു പേരിനെങ്കിലും ഒരു സ്‌കോളര്‍ഷിപ്പും കോച്ചിംഗ് സെന്ററുകളുമൊക്കെ. ഇവിടെ മനപ്പൂര്‍വ്വം നടത്തിയ ഒരു അട്ടിമറിയിലൂടെ ഒരു സമുദായത്തിന് നഷ്ടമാകുന്നത് മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള ഒരുപക്ഷേ, അതിന്റെ അവസാനത്തെ അവസരം ആയിരിക്കണം. വര്‍ഗീയ ശക്തികള്‍ ഭരിക്കുന്ന ഇന്ത്യയില്‍ ഇനിയൊരു സച്ചാര്‍ കമ്മിറ്റിയും രൂപീകരിക്കപ്പെടില്ലായിരിക്കണം.
സമൂഹത്തിന്റെ വര്‍ഗീയ മതകീയ വികാരങ്ങളെ ചൂഷണം ചെയ്ത് അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുമ്പോള്‍, മറുവശത്ത് അപരവല്‍ക്കരിക്കപ്പെടുകയും അരികുവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന ഒരു സമുദായത്തിന് സംവരണം കൂടി നിഷേധിക്കപ്പെട്ടാല്‍ പിന്നെ, ഇന്ത്യ എന്ന ആശയത്തിന്റെ അടിസ്ഥാനമെന്താണ്.

0 Comments