ഇന്ത്യയെ കൊള്ളയടിക്കുകയും മികച്ച നിലവാരം പുലര്‍ത്തിയിരുന്ന വ്യവസായങ്ങളെ നികുതിയും മറ്റും കൊണ്ട് ഞെരുക്കി അമര്‍ത്തിയ ബ്രിട്ടീഷ് രാജിന്റെ അന്ത്യം കുറിച്ചിട്ട് മുക്കാല്‍ നൂറ്റാണ്ടോളമായി. ഓരോ വര്‍ഷവും സ്വാതന്ത്ര്യ ദിനം ആചരിക്കുന്ന നാം, ബ്രിട്ടീഷ് ഭരണത്തിന്റെ നാള്‍വഴികള്‍ തിരിച്ചറിയേണ്ടതുണ്ട്.
1858 മുതല്‍ 1947 വരെയുള്ള ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭരണത്തെയാണ് ബ്രിട്ടീഷ് രാജ് എന്ന് വിളിക്കുന്നത്.ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങള്‍ക്കു പുറമേ പല സമയത്തും ഏദന്‍, അധോ ബര്‍മ്മ, ഉപരി ബര്‍മ്മ, ബ്രിട്ടീഷ് സൊമാലിലാന്റ്, സിങ്കപ്പൂര്‍ എന്നിവയും ബ്രിട്ടീഷ് ഇന്ത്യയുടേ ഭാഗമായിരുന്നു.
ഇംഗ്ലണ്ട് രാജ്ഞിയായ എലിസബത്ത് I ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് കിഴക്കുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടാനുള്ള അനുമതി പത്രം നല്‍കിയത് 1600 ലാണ്. ഇന്ത്യയില്‍ ബ്രിട്ടീഷ് കപ്പലുകള്‍ ആദ്യമായി ഗുജറാത്തിലെ സൂറത്ത് തുറമുഖത്ത് 1608-ല്‍ എത്തി. നാലു വര്‍ഷത്തിനു ശേഷം ബ്രിട്ടീഷ് കച്ചവടക്കാര്‍ സ്വാലി യുദ്ധത്തില്‍ പോര്‍ച്ചുഗീസുകാരുമായി യുദ്ധം ചെയ്തത് മുഗള്‍ ചക്രവര്‍ത്തിയായ ജഹാംഗീറിന്റെ പ്രീതി പിടിച്ചു പറ്റി. ശേഷം 1615-ല്‍ ഇംഗ്ലണ്ടിലെ രാജാവായ ജെയിംസ് I തന്റെ പ്രതിനിധിയായി സര്‍ തോമസ് റോയെ ജഹാംഗീറിന്റെ കൊട്ടാരത്തിലേക്കയച്ചു. അവര്‍ സ്ഥാപിച്ച വാണിജ്യ കരാര്‍, യൂറോപ്പില്‍ നിന്നുള്ള ചരക്കുകള്‍ക്കു പകരമായി കമ്പനിയ്ക്ക് ഇന്ത്യയില്‍ വാണിജ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള അനുമതി നല്‍കി. കമ്പനി പരുത്തി, പട്ട്, വെടിയുപ്പ്, നീലമരി, തേയില തുടങ്ങിയവയില്‍ വ്യാപാരം നടത്തി.
സൂറത്തില്‍ സ്ഥാപിച്ച ആദ്യത്തെ പണ്ടികശാലയ്ക്കു പുറമേ 1600-കളുടെ മദ്ധ്യത്തോടെ ഈസ്റ്റ് ഇന്ത്യാ കമ്പനി പിന്നീട് പ്രധാന ഇന്ത്യന്‍ നഗരങ്ങളായിത്തീര്‍ന്ന ബോംബെ, മദ്രാസ് നഗരങ്ങളിലും പണ്ടികശാലകള്‍ സ്ഥാപിച്ചു. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തൊടെ കമ്പനി ബംഗാളിലെ മൂന്നു ചെറിയ മത്സ്യബന്ധന ഗ്രാമങ്ങളില്‍ പണ്ടികശാലകള്‍ സ്ഥാപിച്ചു. അവയിലെ കാളികട്ട എന്ന ഗ്രാമത്തിന്റെ പേരില്‍ നിന്നാണ് കല്‍ക്കത്ത എന്ന പേര് വന്നതെന്നു കരുതുന്നു. 1670 ല്‍ രാജാവായ ചാള്‍സ് II കമ്പനിക്ക് സ്ഥലം ഏറ്റെടുക്കുവാനും ഒരു സൈന്യം രൂപവത്കരിക്കാനും സ്വന്തം പണം അച്ചടിക്കാനും കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഭൂമിയില്‍ നിയമനിര്‍വ്വഹണം നടത്താനുമുള്ള അധികാരം നല്‍കി. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂന്ന് ഇന്ത്യന്‍ പ്രസിഡന്‍സികള്‍ ഭരിക്കുന്ന കമ്പനി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു രാഷ്ട്രം പോലെ പ്രവര്‍ത്തിച്ചു തുടങ്ങി എന്നു പറയാം.
പ്ലാസി യുദ്ധത്തിലെ വിജയത്തോടെയാണ് കമ്പനിക്ക് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഭൂപ്രദേശങ്ങളുടെമേല്‍ അധികാരം ലഭിച്ചത്. ബംഗാള്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴില്‍ ഒരു ബ്രിട്ടീഷ് സാമന്തരാജ്യമായി.ഇന്ത്യാ ബില്‍ ആയ റെഗുലേറ്റിങ്ങ് ആക്ട് (1773) ബ്രിട്ടീഷ് ഭരണസിരാകേന്ദ്രമായ വൈറ്റ്ഹാളിനു ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെമേല്‍ മേല്‍നോട്ട അധികാരങ്ങള്‍ നല്‍കിയെങ്കിലും പാര്‍ലമെന്റ് അധികാരം ഏറ്റെടുത്തില്ല. ഇത് ഇന്ത്യയിലെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഭരണത്തിനുള്ള ആദ്യപടിയായിരുന്നു. ഈ നിയമം ഇന്ത്യയുടെ ഗവര്‍ണര്‍-ജനറല്‍ എന്ന പദവി പ്രാബല്യത്തിലാക്കി, ഈ പദവിയിലിരുന്ന ആദ്യ വ്യക്തി വാറന്‍ ഹേസ്റ്റിങ്ങ്‌സ് ആയിരുനു. 1813-ലെ ചാര്‍ട്ടര്‍ ആക്റ്റ് തുടങ്ങിയ നിയമങ്ങള്‍ കമ്പനിയും ബ്രിട്ടീഷ് സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ നിര്‍വ്വചിച്ചു. ശേഷം വന്ന കോണ്‍വാലിസ് ജമീന്ദാര്‍മാരുമായി കരം പിരിക്കുന്നതു സ്ഥിരപ്പെടുത്തിയ പെര്‍മനെന്റ് സെറ്റില്‍മെന്റ് നിയമം കൊണ്ടുവന്നു. അടുത്ത അന്‍പതു വര്‍ഷത്തേക്ക് ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ എതിരാളികളെ ഉന്മൂലനം ചെയ്യുന്നതില്‍വ്യാപൃതരായിരുന്നു.
19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വെല്ലസ്ലി പ്രഭു കമ്പനിയുടെ ഭരണപ്രദേശം വമ്പിച്ച തോതില്‍ വ്യാപിപ്പിച്ചുതുടങ്ങി. അദ്ദേഹം ടിപ്പു സുല്‍ത്താനെ കീഴ്‌പ്പെടുത്തി തെക്കേ ഇന്ത്യയിലെ മൈസൂര്‍ രാജ്യം പിടിച്ചടക്കി. ഉപഭൂഖണ്ഡത്തിലെ ഫ്രഞ്ച് നിയന്ത്രണം പൂര്‍ണ്ണമായും ഇല്ലാതാക്കി. 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഗവര്‍ണര്‍ ജനറലായിരുന്ന ഡല്‍ഹൌസി പ്രഭു കമ്പനിയുടെ ഏറ്റവും ദുഷ്‌കരം എന്നുപറയാവുന്ന യുദ്ധത്തില്‍ ഏര്‍പ്പെട്ടു, ആംഗ്ലോ-സിഖ് യുദ്ധങ്ങളില്‍ സിക്കുകാരെ കീഴ്‌പ്പെടുത്തി ഫുല്‍കിയാന്‍ പ്രദേശം ഒഴിച്ചുള്ള പഞ്ചാബ് പിടിച്ചടക്കി. രണ്ടാം ബര്‍മ്മ യുദ്ധത്തില്‍ ബര്‍മ്മക്കാരെയും പരാജയപ്പെടുത്തി. പുരുഷ അനന്തരാവകാശി ഇല്ലാതെ മരിക്കുന്ന രാജാക്കന്മാരുടെ രാജ്യം ഏറ്റെടുക്കാന്‍ വ്യവസ്ഥചെയ്യുന്ന ഡൊക്ട്രിന്‍ ഓഫ് ലാപ്‌സ് നിയമം അനുസരിച്ച് ചെറിയ നാട്ടുരാജ്യങ്ങളായ സത്താര, സമ്പല്‍പൂര്‍, ഝാന്‍സി, നാഗ്പൂര്‍ തുടങ്ങിയവയുടെ നിയന്ത്രണം അവര്‍ ഏറ്റെടുത്തു.
ബ്രിട്ടീഷുകാരുടെ സാമ്പത്തിക ചൂഷണവും പ്രദേശങ്ങള്‍ പിടിച്ചടക്കുന്ന നയങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ശിപായിമാരുടെ പ്രശ്‌നങ്ങളുമൊക്കെയാണ് 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന കലാപത്തിനു വഴിവെച്ചത്. ഇന്ത്യയുടെ മധ്യ-ഉത്തരഭാഗങ്ങളില്‍ ശക്തിപ്പെട്ട കലാപത്തില്‍ ശിപായിമാര്‍, സമീന്ദര്‍ മാര്‍, കര്‍ഷകര്‍, നാട്ടുപ്രമാണികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആസൂത്രമില്ലായ്മയും അഭിപ്രായ വ്യത്യാസവും പരാജയത്തിലേക്ക് കൊണ്ടെത്തിച്ചതോടെയാണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നും ബ്രിട്ടീഷ് രാജിലേക്ക് വഴിമാറിയത്. അതിന്റെ ഫലമായി മൂന്നു നൂറ്റാണ്ടോളം ഇന്ത്യ ഭരിച്ച മുഗള്‍ സാമ്രാജ്യം പരിപൂര്‍ണമായി തകരുകയും ചെയ്തു.
കച്ചവടത്തിനായി ഇന്ത്യന്‍ മണ്ണിലെത്തിയ വിദേശികള്‍ ഇവിടം അടക്കിഭരിച്ചു. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രം ആവിഷ്‌കരിച്ച് നേട്ടങ്ങള്‍ കൊയ്തു. ഇതിനെതിരെ സ്വാതന്ത്ര്യത്തിനായി ഇന്ത്യന്‍ ജനത നടത്തിയ വ്യത്യസ്ത ഇനം പോരാട്ടങ്ങള്‍ ഇന്നും നാം അഭിമാനപൂര്‍വ്വം ഓര്‍ക്കാറുണ്ട്. ബ്രിട്ടീഷ് സര്‍ക്കാറിന്റെ വിഭജിച്ചു ഭരിക്കുക എന്ന നയത്തിന്റെ പ്രതിഫലനമായിരുന്നു 1905-ലെ കഴ്‌സണ്‍പ്രഭുവിന്റെ നേതൃത്വത്തിലുണ്ടായ ബംഗാള്‍ വിഭജനം. റൗലറ്റ് ആക്ടിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ 1919 ഏപ്രില്‍ 13ന് പഞ്ചാബിലെ അമൃത്‌സറില്‍ ബ്രിട്ടീഷ് സൈനിക കമാന്‍ഡറായ ബ്രിഗേഡിയര്‍-ജനറല്‍ റെജിനാള്‍ഡ് ഡയറിന്റെ കീഴില്‍ ജാലിയന്‍വാലാബാഗ് എന്ന കൂട്ടക്കൊലയില്‍ കലാശിച്ചു.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ രാജ്യത്തുണ്ടായ ഏറ്റവും വലിയ സിവിലിയന്‍ ചെറുത്തുനില്‍പ്പായിരുന്നു 1921ലെ മലബാര്‍ സമരം. മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകള്‍ കേന്ദ്രീകരിച്ച് നടന്ന ഐതിഹാസിക സായുധ സമരങ്ങളായിരുന്നു അവ. ഒരു ഘട്ടത്തില്‍ വെള്ളപ്പട്ടാളത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച ശേഷം അടിച്ചമര്‍ത്തപ്പെടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ചൗരി ചൗര ഗ്രാമത്തില്‍ നടന്ന കോണ്‍ഗ്രസ് ജാഥക്കുനേരെയുള്ള പൊലീസ് വെടിവെപ്പ്, 22 പൊലീസുകാരുടെ മരണത്തിലേക്ക് നയിച്ചു.
മുഹമ്മദലി, മൗലാന ഷൗക്കത്തലി എന്നീ അലി സഹോദരന്മാരും മറ്റും നേതൃത്വം നല്‍കിയ ഖിലാഫത്ത് പ്രസ്ഥാനവും ഗാസിജിയുടെ നിസ്സഹകരണപ്രസ്ഥാനങ്ങളും ദണ്ഡി യാത്രയും മറ്റൊരു ചുവടുവെപ്പായിരുന്നു.'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന ഗാന്ധിജിയുടെ ആഹ്വാനത്തോടെയുള്ള 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം പെട്ടെന്നുതന്നെ നേതൃത്വരഹിതമായ ഒരു നിഷേധ പ്രകടനമായി മാറി. എങ്കിലും,1943ല്‍ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ശക്തി ക്ഷയിച്ചു.
1947 ജൂണ്‍ മൂന്നിന ഇന്ത്യയുടെ അവസാനത്തെ ഗവര്‍ണര്‍ ജനറലായ ലൂയി മൗണ്ട്ബാറ്റണ്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സാമ്രാജ്യത്തെ മതേതര ഇന്ത്യയായും മറ്റൊന്ന് പാകിസ്താനായും വിഭജിക്കും എന്ന് പ്രഖ്യാപിച്ചു. ഇത് ആഗസ്റ്റില്‍ സാക്ഷാല്‍കരിക്കപ്പെടുകയും ചെയ്തു.
ബാസിത്ത് വള്ളിക്കാപ്പറ്റ

0 Comments