ആത്മീയ നേട്ടങ്ങള്‍ക്കും പാരത്രിക വിജയങ്ങള്‍ക്കും വേണ്ടി നാഥന്‍ തന്റെ അടിമകള്‍ക്ക് നല്‍കിയ പുണ്യ രാവുകളില്‍ ശ്രേഷ്ടമായ രാവാണ് ലൈലത്തുല്‍ ഖദര്‍. തന്റെ ചെയ്തികളില്‍ മതിമറന്ന സമൂഹത്തെ നന്മയിലേക്ക് ആനയിക്കുന്ന ആത്മീയ പാതയാണ് ലൈലത്തുല്‍ ഖദര്‍. എല്ലാ വര്‍ഷവും ഉണ്ടാവുന്ന ആ പുണ്യ രാവിലാണ് ഖുര്‍ആന്‍ ലൗഹുല്‍ മഹ്ഫൂളില്‍ ഇറക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് സൂറത്തുല്‍ ഖദറില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്, ആയുസ്സ് കുറഞ്ഞ മുഹമ്മദീയ സമൂദായത്തിനുള്ള അല്ലാഹുവിന്റടുക്കല്‍നിന്നുള്ള ഔദാര്യമാണ് ലൈലത്തുല്‍ ഖദര്‍. ആയിരം മാസത്തേക്കാള്‍ ശ്രേഷ്ടത നിറഞ്ഞ രാവാണ് അത്. അതു കൊണ്ട് തന്നെ ഈ രാവില്‍ ഇഹലോക ഐഛിക കാര്യങ്ങളെ വെടിഞ്ഞ് പൂര്‍ണ്ണ ബോധത്തോടെ നാം അല്ലാഹുവില്‍ അലിയേണ്ടതാണ്.
ആ രാത്രിയുടെ പവിത്രതയെ ഉദ്ധരിച്ച് കൊണ്ട് നിരവധി സ്വഹീഹായ ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ റസൂല്‍ പറയുന്നു : ''വിശ്വാസത്തോട് കൂടെയും അല്ലാഹുവിന്റെ പൊരുത്തം കാംക്ഷിച്ചും ആരെങ്കിലും ലൈലത്തുല്‍ ഖദറിന്റെ രാവിനെ സ്വീകരിച്ചാല്‍ മുമ്പുള്ള സകല ദോഷങ്ങളും പൊറുക്കപ്പെടുന്നതാണ്.'' മറ്റൊരു ഹദീസില്‍ ലൈലത്തുല്‍ ഖദറിന്റെ രാവിനെ സ്വീകരിച്ചതിന് ശേഷം സംഭവിക്കുന്ന ദോഷങ്ങളും പൊറുക്കപ്പെടുമെന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ പാരത്രിക കര്‍മ്മങ്ങള്‍ അധികരിപ്പിക്കല്‍ വിശ്വാസികളായ നമ്മുടെ കടമയാണ്.
ഈ ഒരു ഘട്ടത്തിലാണ് 'എന്നാണ് ലൈലത്തുല്‍ ഖദറിന്റെ രാവ് എന്ന ചോദ്യത്തിന്' പ്രസക്തി ഏറുന്നത്. ലൈലത്തുല്‍ ഖദര്‍ പുണ്യമായ രാവാണെങ്കിലും കൃത്യമായ സമയം നിശ്ചയിക്കപ്പെട്ടിട്ടില്ല. തീര്‍ച്ചയായും അല്ലാഹുതആല തന്റെ റസൂലിന് ആ സമയം അറിയിച്ച് കൊടുത്തിട്ടുണ്ട.് പക്ഷെ, അതറിഞ്ഞ് വരുന്ന വഴിക്കുവെച്ച് രണ്ട് സഹോദരന്മാര്‍ തര്‍ക്കിക്കുന്നതായി കാണുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്ത ശേഷം ആ അറിവിനെ നാഥന്‍ റസൂലില്‍ നിന്ന് എടുത്തു മാറ്റുകയുമാണ് ചെയ്തത്. ഇപ്രകാരമാണ് ഹദീസുകളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത് മനുഷ്യന്മാരുടെ വിഘടിത പ്രവര്‍ത്തനങ്ങള്‍ കാരണത്താലാണ് ഈ ഒരു സാഹചര്യം ഉണ്ടായതെന്നാണ്. അതിന് പുറമെ ഒരു നേരം മാത്രം അല്ലാഹുവിനെ ആരാധിക്കുന്നതില്‍ ഒതുക്കാതെ എല്ലാ നേരവും നാഥനെ ഓര്‍ത്ത് കഴിച്ച് കൂട്ടുക എന്നുള്ള ലക്ഷ്യം കൂടിയുണ്ട്.ഇങ്ങനെ അല്ലായിരുന്നെങ്കില്‍ ഒരു നേരം മാത്രം അല്ലാഹുവിനെ ആരാധിച്ച് വരും നാളുകളില്‍ വീണ്ടും മനുഷ്യ സമൂഹം കൂടുതല്‍ അധപതനത്തിലേക്ക് വീഴാന്‍ സാധ്യതയുണ്ട്. ഈ ഒരു സത്യാവസ്ഥ മനസ്സിലാക്കിയത് കൊണ്ടാവാം ലൈലത്തുല്‍ ഖദറിന്റെ സമയത്തെക്കുറിച്ച്് നബി തങ്ങളെ അല്ലാഹു മറപ്പിച്ചത്.
ഇങ്ങനെയൊക്കെയാണെങ്കിലും പ്രവാചകന്‍ (സ) ഇതുമായി ബന്ധപ്പെട്ട് ഒരുപാട് സൂചനകള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രതീക്ഷിക്കപ്പെടേണ്ടത് റമളാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവുകളാണ്. ഇപ്രകാരം ഹദീസുകളില്‍ കാണാന്‍ സാധിക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് റസൂല്‍ (സ) അവസാന പത്തില്‍ ദിക്‌റും പ്രാര്‍ത്ഥനയും അധികരിപ്പിക്കുന്നതും ഇഅ്ത്തിക്കാഫ് ഇരിക്കുകയും ചെയ്തത്. അവസാന പത്തില്‍ ഏറ്റവും ശ്രേഷ്ടമായത് ഏതാണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഒരേ ദിവസമാണോ വര്‍ഷം തോറും മാറുന്നതാണോ എന്നതിനെക്കുറിച്ച് അഭിപ്രായ ഭിന്നതകളുണ്ട്. മുന്‍കാല പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ച് വര്‍ഷംതോറും വ്യത്യാസപ്പെടുമെന്നുതന്നെയാണ്. ഇപ്രകാരമാണ് ഇമാം നവവി,മാലികീ ,ഹമ്പലി തുടങ്ങിയ പ്രഗത്ഭ പണ്ഡിതന്മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ശാഫിഈ മദ്ഹബില്‍ പ്രബലമായത് ഇരുപത്തി മൂന്നാം രാവും, ഇരുപത്തി ഒന്നാം രാവുമാണ് അതെന്നാണ്. പക്ഷെ ഇമാം കുര്‍ദിയുടെ അഭിപ്രായം റമളാന്‍ മാസത്തിലെ ആദ്യ ദിവസം നോക്കി ലൈലത്തുല്‍ ഖദറിനെ പ്രവചിക്കാന്‍ സാധിക്കുമെന്നാണ്്. റമളാന്‍ തുടങ്ങുന്നത് ഞായറാഴ്ച്ചയോ ബുധനാഴ്ച്ചയോ ആണെങ്കില്‍ ഇരുപത്തിയൊമ്പതാം രാവും, തിങ്കളാഴ്ച്ചയാണെങ്കില്‍ ഇരുപത്തിയൊന്നാം രാവും, ചൊവ്വാഴ്ച്ചയോ വെള്ളിയാഴ്ച്ചയോ ആണെങ്കില്‍ ഇരുപത്തിയേഴാം രാവും, വ്യഴാഴ്ച്ചയാണെങ്കില്‍ ഇരുപത്തിയഞ്ചാം രാവും, ശനിയാഴ്ച്ചയാണെങ്കില്‍ ഇരുപത്തി മൂന്നാം രാവും ആയിരിക്കും ലൈലത്തുല്‍ ഖദറ് എന്നാണ്. ഇതേ അഭിപ്രായം തന്നെയാണ് ഇമാം ഗസ്സാലി തുടങ്ങിയ നിരവധി പണ്ഡിതന്മാര്‍ക്ക്.
എല്ലാ വര്‍ഷത്തിലും ഒരേ ദിവസത്തിലാണ് ലൈലത്തുല്‍ ഖദര്‍ ഉണ്ടാവുക എന്നതാണ് മറ്റൊരഭിപ്രായം. ഈ ഒരു അടിസ്ഥാനത്തില്‍ ഇരുപത്തിയേഴാം രാവാണ് ഏറ്റവും പ്രബലമായത്. ലൈലത്തുല്‍ ഖദര്‍ ഇരുപത്തിയേഴാം രാവിനാണെന്നതിന് തഫ്‌സീറുല്‍ നുഹാസില്‍ കാരണം വ്യക്കമാക്കപ്പെട്ടത് സൂറത്തുല്‍ ഖദറില്‍ '' ഹിയ'' എന്ന വാചകം പ്രസ്ഥാവിക്കപ്പെട്ടത് ഇരുപത്തിയേഴാം വാക്യമായിട്ടാണ്, ഇതിനു പുറമേ ആ സൂറത്തില്‍ ലൈലത്തുല്‍ ഖദര്‍ മൂന്ന് തവണ ആവര്‍ത്തിച്ച് വരുകയും ആ വാക്കിലെ അക്ഷരങ്ങള്‍ മുഴുവന്‍ കൂട്ടിയാല്‍ ഇരുപത്തിയേഴാണ് കിട്ടുന്നത് എന്നാണ്. ഈ ഒരു സാഹചര്യത്തില്‍ ഇരുപത്തിയേഴാം രാവില്‍ പ്രാര്‍ത്ഥന അധികരിപ്പിക്കല്‍ നല്ലതാണ്.പക്ഷെ ചില പണ്ഡിതന്മാര്‍ റമളാനില്‍ അല്ലാ എന്നും ബറാഅത്ത് രാവായ ശഅ്ബാന്‍ പതിനഞ്ചാണെന്നും പറഞ്ഞത് ഈ വാദത്തെ തള്ളപ്പെട്ടിട്ടുണ്ട്.
ഇത്തരം അഭിപ്രായങ്ങള്‍ നിലവില്‍ നില്‍ക്കെ ആ രാവില്‍ അനുഭവപ്പെടുന്നതും കാണപ്പെടുന്നതുമായ പ്രത്യേകതകള്‍ പണ്ഡിതന്മാര്‍ വിവരിച്ച് തന്നിട്ടുണ്ട്. ആ രാവ് തണുപ്പേറിയതും പ്രസന്നമായതുമാണ്. ചന്ദ്രന്‍ വിശാലമായത് പോലെ അനുഭവപ്പെടാന്‍ സാധിക്കും. ഇതിനു പുറമെ കടലിന്റെ ചില ഭാഗങ്ങളില്‍ ഉപ്പുരുചി ഇല്ലാതാവുകയും സൂര്യന്‍ ഉദിക്കുമ്പോള്‍ കിരണങ്ങളില്ലാതെ വെളിവാവുകയും ചെയ്യുന്നു. സമസീദോശ്ണ കാലാവസ്ഥയും വിളരുന്ന കാറ്റും അനുഭവപ്പെടുന്നതാണ്. ചില റിപ്പോര്‍ട്ടില്‍ സ്വപ്‌നത്തിലൂടെ ദര്‍ശിക്കാന്‍ സാധിക്കുമെന്നും പറയപ്പെടുന്നു. ആര്‍ക്കെങ്കിലും ആ പുണ്യരാവ് ബോധ്യപ്പെട്ടാല്‍ അതിനെ മറച്ച് വെക്കലാണ് ഏറ്റവും ഉചിതം, കാരണം അല്ലാഹുവിന്റെ ലക്ഷ്യത്തിന് വിപരീതമാണത്.
ആ പുണ്യ രാത്രി, വിവരിക്കപ്പെട്ടപോലെ റൂഹുല്‍ അമീന്‍ ഇറങ്ങുന്നതാണ്.അധിക പണ്ഡിതന്മാരും പറയുന്നത് അത് ജിബ്‌രീല്‍ (അ) ആണെന്നാണ്. അതു കൊണ്ട് തന്നെ അതിന്റെ ഫലങ്ങള്‍ സൂര്യോദയം വരെ പ്രത്യക്ഷ്യമാകുന്നതാണ്. ഇതിനെ മുഴുവന്‍ മുതലെടുക്കേണ്ടത് ഒരു മുഅ്മിനായ മനുഷ്യന്റെ കടമയാണ്. പ്രതീക്ഷിക്കപ്പെടുന്ന രാവുകളില്‍ മുഴുവന്‍ സമയവും ദിക്‌റും ആരാധനയിലും കഴിച്ച് കൂട്ടേണ്ടതാണ്.
മുന്‍കാല സമുദായത്തോട് തുലനം ചെയ്ത് നോക്കുമ്പോള്‍ മുഹമ്മദീയ്യ സമൂദായത്തിന്റെ ആയുസ്സ് വളരെ കുറവാണ്. മുന്‍ഗാമികള്‍ ആയിരം വര്‍ഷംവരെ ഇബാദത്ത്് എടുക്കാന്‍ ഭാഗ്യം സിദ്ദിച്ചവരാണ്. പക്ഷെ ഈ ഒരു കാലത്ത് ജീവിക്കുന്ന ഒരു വ്യക്തിക്ക് ഇത്തരത്തിലുള്ള സൗഭാഗ്യം ലഭിക്കല്‍ അസാധ്യമാണ്. ഈ ഒരു പരാതി സ്വഹാബികളില്‍ നിന്ന് ഉയര്‍ന്നപ്പോളാണ് അല്ലാഹു തആല ഈ ഒരു ഓഫര്‍ മുന്നോട്ട് വെച്ചത്.
കേരളീയ സമൂദായത്തില്‍ ഇരുപത്തിയേഴാം രാവിനെ ഉജ്ജ്വല വരവേല്‍പ്പോടെയാണ് സ്യീകരിക്കാറുള്ളത്. നാട്ടും പുറങ്ങളില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുന്നതും ഇരുപത്തിയേഴാം രാവിന്റെ ഒരു സവിശേഷതയാണ്. പ്രാന്ത പ്രദേശങ്ങളിലും, ഉള്‍ദേശത്തും കഴിയുന്നവര്‍ തറാവീഹ് നിര്‍വ്വഹിച്ച ശേഷം ജുമുഅ പള്ളിയിലേക്ക് പോവുകയും നാല് റകഅത്ത് തസ്ബീഹ് നിസ്‌ക്കരിക്കുകയും ചെയ്യാറുണ്ട്. ആത്മീയ മാര്‍ഗ്ഗം അന്വേഷിച്ച് സ്വന്തം പാപം ഉയര്‍ത്തിപ്പിടിച്ച് ഇലാഹിയ്യായ ചിന്തയില്‍ മുഴുകുന്ന സത്യവിശ്വാസികളെയാണ് ആ രാവില്‍ കാണാറുളളത്.

0 Comments