നോമ്പിന്റെ ആരോഗ്യശാസ്ത്രം

 



''ഓ സത്യവിശ്വാസികളെ നിങ്ങളുടെ മുന്‍ഗാമികള്‍ക്ക്‌നിര്‍ബന്ധമാക്കപ്പെട്ട പോലെ നിങ്ങള്‍ക്കും   വ്രതം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു (അല്‍ ബഖറ 183).''  ഇസ്ലാമിലെ പരമ പ്രധാന പഞ്ചകര്‍മ്മങ്ങളിലെ നാലാമത്തെ, റമളാന്‍ മാസവ്രതം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഖുര്‍ആനിന്റെ അധ്യാപനമാണിത്. പ്രഭാത പ്രാരംഭം മുതല്‍ സൂര്യാസ്തമയ സായാഹ്നം വരെ അന്ന- പാനീയമുപേക്ഷിച്ചുള്ള കേവലം കടമ നിര്‍വ്വഹണമെതിനപ്പുറം ആത്മീയവും ആരോഗ്യപരവുമായ ഉന്നതികളിലേക്കുള്ള മുപ്പത് നാള്‍ പടവുകളാണ് റമളാന്‍. മനുഷ്യന്റെ മാനവിക മൂല്യങ്ങളെ തട്ടിയുണര്‍ത്തി ധാര്‍മ്മിക കീര്‍ത്തനങ്ങളാല്‍ ഹൃദയ വിശാലതക്ക് വഴി തുറക്കുന്ന നാളുകള്‍, അനാവശ്യമായി ഉള്ളില്‍ അടിഞ്ഞ് കൂടിയ ഊര്‍ജ്ജ-കുതന്ത്രങ്ങളുടെ കുടിയൊഴിപ്പിക്കലുകള്‍ക്ക് കൂടെയുള്ളതാണെന്ന് മനശ്ശാസ്ത്ര ആരോഗ്യ  പഠനങ്ങളും ഓരം ചേര്‍ന്ന സമാന സ്വഭാവമുള്ള പഠനമാണ് സമക്ഷ സമര്‍പ്പിതം.

      വ്രതത്തിന് പൊതു വിജ്ഞാന കോശം നല്‍കുന്ന നിര്‍വചനം മതപരമോ ആരോഗ്യപരമോ ആയ ആവശ്യങ്ങള്‍ക്കായി ഭോജന പാനീയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലാണ് ഉപവാസം എന്നാണ്. ഇസ്്്്‌ലാം കൃത്യമായ മാനദണ്ഡങ്ങളോടെ ആത്മീയ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ച്് വിശ്വാസിസമൂഹത്തോട് അനുശാസിക്കുന്ന സല്‍കര്‍മ്മമാണ് 'സൗം' അഥവാ വ്രതം. ഈ സല്‍വൃത്തിക്ക് ആത്മീയ നേട്ടങ്ങളാണ് നാട്ടയായി വെച്ചിട്ടുള്ളതെന്നതില്‍ നിന്നു തന്നെ മാനസികാരോഗ്യത്തിന് എത്ര തന്നെ ഇതു നിദാനമായിത്തീരുമെന്ന അറിവിലേക്ക് എത്തിച്ചേരാം. തിരുദൂതര്‍ (സ) തങ്ങളുടെയൊരു പൊരുള്‍ വചനമിങ്ങനെയാണ് 'വ്രതം പരിചയാണ് ''; ശാരീരികവും മാനസികവുമായി ഒരു മനുഷ്യനില്‍ ഉണ്ടായേക്കാവുന്ന അനേകായിരം രോഗങ്ങളില്‍ നിന്നുള്ള വ്രത കാല അല്ലെങ്കില്‍ വ്രത കാരണ മോചനം വാസ്തവമാണെന്ന് ഗവേഷണ കുറിപ്പുകള്‍ ഇന്ന് സ്ഥിരപ്പെടുത്തുകയും,പല രോഗങ്ങള്‍ക്കും പ്രതിവിധിയായി വ്രതം സമുദായ ഭേദമന്യേ പൊതു സമൂഹ മധ്യേ അവതരിക്കപ്പെടുമ്പോള്‍ പ്രവാചകാധ്യാപനമന്വര്‍ത്ഥമാക്കുന്ന കാഴ്ചയാണിത്. ഇസ്ലാമിലെ മറ്റു സര്‍വ്വ കര്‍മ്മങ്ങളിലെന്ന പോലെ ഇവിടെയും ഭൗതികാത്ഭുതങ്ങള്‍ ചരവിത ചരണങ്ങള്‍ക്ക് അനുയോജ്യമാകുന്നത് നാഥന്റെ അസ്തിത്വവും ദീനിന്റെ അടിസ്ഥാനവും നിരസിക്കുന്നവര്‍ക്ക് നിലവിലെവിടെയും സുലഭമായ മറുപടികളാണ്.

     അനിയന്ത്രിതമായ ഭോജനവും വ്യായമന്യമായ പ്രകൃതമാണ് ശാരീരിക ക്രമക്കേടുകളുടെ പ്രഥമ ഉത്തരവാദി. കാണുന്നതൊക്കെയും വലിച്ചുവാരി കഴിച്ച് ശരീരമനക്കാതെ കഴിയുമ്പോള്‍ അത് ശരീരത്തിലെ അനാവശ്യ ഊര്‍ജ്ജങ്ങളുടെയും,അമിതമായ കൊഴുപ്പിന്റെയും സാന്നിദ്ധ്യത്തിന് കാരണമാവുന്നു.അത് പിന്നീട് കൊളസ്‌ട്രോള്‍ പോലെയുള്ള രോഗങ്ങളിലേക്ക് നയിക്കുകയും മരണം വരെ ശമനം പ്രതീക്ഷിക്കാതെ മരുന്നിന് അടിമപ്പെടുന്ന അവസ്ഥയാണ് ഭൂരിപക്ഷങ്ങളില്‍ കാണപ്പെടുന്നത്്. ഇത് ഒരു പരിധി വരെ നിയന്ത്രിക്കാന്‍ നിത്യാഹാരത്തില്‍ കൃത്യത വരുത്തി നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിലൂടെ മാത്രമേ കഴിയൂ എന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതടിസ്ഥാനപ്പെടുത്തിയാണ് ഒരു മാസം മുഴുവന്‍ ആഹാര കാര്യങ്ങളില്‍ സാരമായ മാറ്റങ്ങള്‍ വരുത്തി സാധാരണയുള്ള ഘടനയില്‍ പ്രകടമായ പരിധികള്‍ വെച്ച് ഭക്ഷണരീതി ക്രമപ്പെടുത്തി, അമിത ഭോജനത്തില്‍ നിന്ന് നിര്‍ബന്ധിതമായി മാറ്റി നിര്‍ത്തുന്ന വ്രതാനുഷ്ടാനം ശാസ്ത്ര ലോകത്തും പ്രശംസനീയവും അനുഗരണനീയവുമായത്. ആയതിനാല്‍ തന്നെ,      റമളാന്‍ മാറി മാറി വരുമ്പോള്‍ വ്രതമനുഷ്ടിക്കുന്ന സഹോദര സമൂദായത്തിന്റെ എണ്ണവും ഗണ്യമായി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. പലരും തങ്ങളുടെ അനുഭവങ്ങളും മറ്റും സമൂഹ്യമാധ്യമങ്ങള്‍ വഴി പങ്കുവെക്കുന്നതും റമളാനിലെ പുതുമ നിറക്കുന്ന വാര്‍ത്തകളാണ്.

പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയരോഗങ്ങള്‍ തുടങ്ങി ഒട്ടനേകം ശാരീരിക രോഗങ്ങളെ ഒരു പരിധി വരെ നിയന്ത്രണത്തില്‍ കൊണ്ട് വരാന്‍ സാധിക്കുമെന്ന് ഇതിനകം ശാസ്ത്രം അംഗീകരിച്ച് കഴിഞ്ഞു. കൂടാതെ കാന്‍സര്‍ പോലോത്ത മാരകരോഗങ്ങള്‍ക്കുള്ള പ്രതിരോധമായും അള്‍ഷിമേഴ്‌സ് തടയാനും വ്രതം പരീക്ഷിക്കപ്പെട്ടിട്ടുണ്ട്്്്്്. ദഹന പ്രകിയ, രക്തോട്ടം തുടങ്ങിയ ആന്തരിക പ്രവര്‍ത്തനങ്ങള്‍ക്ക് ജോലി ഭാരം കുറക്കുക വഴി കരള്‍, വൃക്ക, ശ്വാസകോശം, ത്വക്ക് എന്നീ അവയവങ്ങള്‍ക്ക് വേണ്ടത്ര വിശ്രമവും കൂടുതല്‍ കരുത്തും ലഭ്യമാക്കുന്നുവെന്നതാണ് മറ്റൊരു വ്രതകാലനേട്ടം.''ആന്തരിക അവയവങ്ങള്‍ക്ക് ആവശ്യമായ വിശ്രമം കിട്ടുന്നത് വിസര്‍ജവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുവാനും ക്രമ രഹിതമായ പോഷണ പരിണാമങ്ങള്‍ തടയാനും സഹായകമാണ്. കരള്‍, പിത്താശയം തുടങ്ങിയവയുടെ പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. ഇത് കാരണമായി രക്തത്തിലെ ചുവന്ന രക്തകോശങ്ങള്‍ യഥേഷ്ടം വര്‍ധിക്കുകയും പഞ്ചേന്ദ്രിയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാകുകയും ചെയ്യും. ഞരമ്പുകളിലെയും തലച്ചോറിലെയും രക്ത പ്രവാഹം വര്‍ധിപ്പിക്കുകയും അടിഞ്ഞു കൂടിയ കൊഴുപ്പുകള്‍ ഉപയോഗിച്ചുപേക്ഷിക്കുകയും, അത് വഴി ബുദ്ധിയും ഗ്രഹണശക്തിയും നാഡി ഞരമ്പുകളുടെ സംവേദനക്ഷമതയും വര്‍ധിക്കുകയും ചെയ്യുമെന്നതാണ് നോമ്പിന്റെ മറ്റൊരു ഭൗതിക നേട്ടം. നോമ്പനുഷ്ടിക്കുക,ആരോഗ്യവാന്മാരാകുക(ത്വബ്‌റാനി) എന്ന തിരുവചനം ഈ സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഒരു വിശ്വാസിയുടെ മാനസികാരോഗ്യ വളര്‍ച്ചയില്‍ വ്രതകാലത്തിന്റെ പങ്ക് അനിഷേധ്യമാണ് .ആത്മീയമായ ഉന്നമനമാണ്്് വ്രതത്തിന്റെ പരമ പ്രധാന ലക്ഷ്യമെന്ന നിലക്ക്് മാനസികാര്യോഗ്യം സഹയാത്രികനാവുകയെന്നത് സ്വാഭാവികമാണെന്ന്്് ഉപരി സൂചിതമാണ്. ഇസ് ലാമില്‍ ഒരു വിശ്വാസി വ്രതമനുഷ്ടിക്കുക വഴി അവനില്‍ ഭയഭക്തി കൂടുമെന്നാണ്്/ അല്ലങ്കില്‍ അതിന് വേണ്ടിയാണെന്നാണ് ഖുര്‍ആനിന്റെ പ്രഖ്യാപനം. ആമാശയത്തിന് വിശ്രമമനുവദിക്കുകയും ആരാധനകളില്‍ മുഴുകുകയും ചെയ്യുമ്പോള്‍ ആത്മാവ് പരിശുദ്ധി പ്രാപിക്കുകയും ദൈവത്തോട് കൂടുതല്‍ അടുക്കുകയും ചെയ്യുമെന്നാണ് വിവക്ഷ. അല്‍പ്പം കൂടി വ്യക്തമാക്കിയാല്‍, നിരന്തരമായ ദൈവസ്മരണയും പാശ്ചാത്താപവും ഒരാളെ നവജാത ശിശു പോലെയാക്കിത്തീര്‍ക്കുമെന്ന് പറയാം. ഈ കാല്‍പനിക പ്രയോഗം പോലെ മാനസികമായി പരിശുദ്ധി സിദ്ധിക്കുകയും നിശ്കളങ്കനായി മാറുകയും ചെയ്യും. അനാവശ്യമായ വികാര വിചാരങ്ങളില്‍ നിന്ന്് വിട്ടുനില്‍ക്കുക വഴി സമാധാനം 

കെണ്ടത്താനും അയാള്‍ക്ക് വ്രതകാലത്ത് കഴിയും. ഇനി മനശാസ്ത്രം പറയുന്നതിലൊരന്വേഷണമാവാം. ചില പഠനങ്ങള്‍ പറയുന്നത്  ദീര്‍ഘനേരം      ഉപവസിക്കുന്നത് അവിവേകം കാണിക്കാനും പെട്ടന്നുള്ള തീരുമാനങ്ങള്‍ എടുക്കാനും ഇടവരുത്തുമെന്നാണ്. എന്നാല്‍ ഇടവിട്ടുള്ള ഉപവാസങ്ങള്‍ ഇതില്‍ നിന്ന് തികച്ചും വ്യത്യസ്ത ഫലമാണുളവാക്കുന്നതെന്നും മനശാസ്ത്ര പഠനങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരാള്‍ ഇടവിട്ടുള്ള വ്രതത്തിലായിരിക്കുമ്പോള്‍ ന്യൂറോ ട്രാന്‍സ്മിറ്ററിന്റെ അളവ് വര്‍ധിപ്പിക്കാനും അതുവഴി പഠനമികവും ഓര്‍മ്മശക്തിയും മെച്ചപ്പെടുത്താനും കഴിയുമെന്നാണ് പഠനം. മാറ്റ്‌സണ്‍ പറയുന്നത് ഇപ്രകാരമാണ്; 'ഒരാള്‍ ഇടവിട്ടുള്ള ഉപവാസത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ ബ്രെയ്ന്‍ അഥവാ മസ്തിഷ്‌കം നന്നായി പ്രവര്‍ത്തിക്കുമെന്നത് വ്യക്തമാണ്. അവരില്‍ അറിവും ഊര്‍ജ്ജവും ഉറക്കവും മെച്ചപ്പെടും.'ഇന്ന് യുവത്വം നേരിടുന്ന പ്രതിസന്ധികളില്‍ അധികവും മാനസ്സിക ബന്ധിയാണ്. ശാരീരികമായ പ്രയാസങ്ങള്‍ വരെ മനസ്സിനെ അലോസരപ്പെടുത്തുകയും ചെയ്യുന്നു. കേവലം ഭൗതികമായ ജീവിതം നയിക്കുന്നവര്‍ക്കാണ് ഇത് കൂടുതലായി പ്രയാസം സൃഷ്ടിക്കുന്നത്. ഇവിടെയാണ് ആവലാതി പറഞ്ഞെത്തിയ സ്വഹാബത്തിന് പ്രവാചകര്‍ അരുളിയ പരിഹാരം അനിവാര്യമാകുന്നത്.നിങ്ങളുപവസിക്കുക എന്നതായിരുന്നുവത്.ശാരീരികവും മാനസ്സികവുമായ അനേകായിരം രോഗങ്ങള്‍ക്ക് വ്രതം പരിഹാരമാണ്.

വര്‍ത്തമാന സമൂഹത്തിലെ വിട്ടുമാറാത്ത മാനസ്സികാസ്വസ്തതക്കുള്ള തികച്ച പ്രതിവിധിയാണ് വ്രതമെന്നാണ് മനശാസ്ത്രലോകം. വ്രതം കാന്‍സറിനുള്ള പ്രതിരോധമാണെന്ന പഠനങ്ങള്‍ നേരത്തെ പറഞ്ഞല്ലോ. കാന്‍സറിനുള്ള സാഹചര്യം കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ്, എന്നാല്‍ ഉപവാസം ഉപാവചയ പ്രവര്‍ത്തനങ്ങളില്‍ അനവധി ഗുണകരമായ ഫലങ്ങള്‍ കാണിക്കുന്നു, ഇത് കാന്‍സറിനെ തടയാന്‍ സഹായിക്കുമെന്നാണ് പഠനം.നിലവില്‍ വ്രതമോ വ്രതസമാനമായ ഭക്ഷണക്രമമോ കാന്‍സര്‍ തടയാന്‍ സഹായകമാകുമെന്ന് മൃഗങ്ങളിലെ പരീക്ഷണം ഉറപ്പു തരുന്നുണ്ട്്. ഇത് മനുഷ്യരിലും വിജയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കീമിയോ തറാപ്പിയുടെ പാര്‍ശ്വഫലങ്ങളും തടയാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിവിടെ സൂചിപ്പിച്ചതിന്റെ കാരണം, കാന്‍സര്‍ കേവലം ശാരീരിക രോഗമല്ല, മറിച്ച്  മനസ്സിനെയും ഒരുപോലെ അല്ലെങ്കില്‍ അതിലധികമായി ബാധിക്കുന്ന രോഗമാണ്. ശരീരം തളര്‍ന്നാലും കാന്‍സര്‍ മറികടക്കാന്‍ മാനസ്സികോര്‍ജ്ജം മതിയെന്നതാണ് പലരുടെയും അനുഭവങ്ങള്‍ പറയുന്നത്. ഈ അവസരത്തില്‍ വ്രതം എത്രയും അനുയോജ്യമായ പരിഹാരമാര്‍ഗമാണിവിടെയെന്ന് മനസ്സിലാക്കാം.

കാന്‍സറിനോടൊപ്പം ചേര്‍ത്തിസൂചിപ്പിച്ച മറ്റൊന്ന് അള്‍ഷിമേഴ്‌സായിരുന്നു. ലോകത്തെ ഏറ്റവും സാധാരണമായ ന്യൂറോ സിജെനറേറ്റിവ് രോഗമാണ് അള്‍ഷിമേഴ്‌സ്. തന്റെ കഴിഞ്ഞ കാലം പോയിട്ട് കഴിഞ്ഞ നിമിഷം വരെ മറന്നുപോവുന്ന അതിഭീകരമായ രോഗമാണിത്. നിലവില്‍ ചികിത്സ ലഭ്യമല്ലാത്തതിനാല്‍ അതിനെ മുളയിലെ നുള്ളികളയലനിവാര്യമാണ്. എലികളില്‍ ഇത് പരീക്ഷിക്കുകയും വ്രതം അള്‍ഷിമേഴ്‌സിന്റെ പ്രാരംഭം വൈകിപ്പിക്കുകയോ തീവ്രത കുറക്കുകയോ ചെയ്യുമെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പാര്‍ക്കിന്‍സണ്‍സ്,ഹിംഗ്ടണ്‍സ് തുടങ്ങിയവ ഉള്‍പ്പെടുന്ന മറ്റ് ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളില്‍ നിന്ന് വ്രതം സംരക്ഷിക്കുമെന്ന് മൃഗപഠനങ്ങളില്‍ തെളിഞ്ഞിരിക്കെ അള്‍ഷിമേഴ്‌സിലും ഇത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.എന്തുകൊണ്ടും മനസ്സിനെ ബാധിക്കുന്ന രോഗവും വ്രതം കൊണ്ടെതിരേല്‍ക്കാന്‍ കഴിയുമെന്നതും മനശ്ശാസ്ത്രാരോഗ്യവിദഗ്ദര്‍ ഉയര്‍ത്തികാട്ടുന്നുണ്ട്.

ഒരു മാസം വ്രതമനുഷ്ടിക്കുകയും ഭക്ഷണഭോജനങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുമ്പോള്‍ വിശന്നവരെ മനസ്സിലാക്കാനും അവര്‍ക്ക് കഴിയും,അത് വഴി വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുകയെന്ന പ്രവാചക കല്‍പ്പന വിശ്വാസികളില്‍ പ്രേരിതമാവുകയും ആഗോളതലത്തില്‍ ആ മാനവിക നന്മ പ്രായോഗികമാവുകയും ചെയ്യുമെന്നതാണ് മറ്റൊരു നേട്ടം അല്ലെങ്കില്‍ തേട്ടം. ഇത്തരത്തില്‍ വ്രതമനുഷ്ടിക്കുന്ന ഓരോരുത്തരിലും ഈ ഉണര്‍വ്വ് പ്രകടമാവുമ്പോള്‍ നടപ്പിലാകുന്നത് ലോകത്തിലെ ഏറ്റവും വലിയ സോഷ്യലിസമാണ്. കൂടാതെ മറ്റൊരവസരത്തില്‍ ഭക്ഷണത്തിനും മറ്റും പ്രയാസം വരുമ്പോള്‍ നാം താഴെയുള്ളവരിലേക്ക് നോക്കി ഊര്‍ജ്ജം കണ്ടെത്താനും ഇതുമതിയാകുമെന്നതാണ് വാസ്തവം.

സത്യത്തില്‍ ഇസ്ലാം കീര്‍ത്തിക്കുന്ന ത്യാഗ പൂര്‍ണ്ണവും ഫല സംഭുഷ്ടവുമായ വ്രതനാളുകള്‍ കേവലം കടമ നിര്‍വ്വഹണത്തിന്റെ രാപ്പകലുള്‍ മാത്രമല്ല.ആത്മീയവും ശാസ്ത്രീയവും -ആരോഗ്യപരവുമായ ഉന്നതികളിലേക്കുള്ള ചവിട്ടു പടികള്‍ കൂടിയാണ്.മൃതുലമാം ജീവിതത്തിന് മിതമാണ് പ്രധാനം വ്രതമാണമൃതം.

മൻസൂർ പാങ്ങ്

Post a Comment

0 Comments