പെഗാസസ്:ചാരക്കണ്ണില്‍ കുടുങ്ങുന്ന ജനാധിപത്യം

 



'ഈ ഗ്രാമത്തിലെ എല്ലാ വീടുകളും ചില്ലുകളാല്‍ നിര്‍മ്മിതമാണ്. അങ്ങനെ മാത്രമെ പറ്റൂ. ജനങ്ങള്‍ എന്ത് ചെയ്യുന്നുവെന്ന് അധികാരികളുടെ എമാന്‍മാര്‍ക്ക് കാണാന്‍ വേണ്ടിയാണത്രെ എല്ലാം ഗ്ലാസ് ഹൗസുകളായത്. ദിവസം ഒരു മണിക്കൂര്‍ മാത്രമെ അവര്‍ക്ക് സ്വന്തം വീടിന്റെ തിരശ്ശീലകള്‍ താഴ്ത്താനും സുഖഭോഗങ്ങളില്‍ ഏര്‍പ്പെടാനും പറ്റൂ'', 26ാം നൂറ്റാിലെ ഉട്ടോപ്പ്യന്‍ രാജ്യം പശ്ചാത്തലമാക്കി റഷ്യന്‍ സാഹിത്യകാരന്‍ എവഞ്ചി സാമിയാറ്റിന്‍ രചിച്ച 'വി' നോവലിന്റെ രത്‌നചുരുക്കമാണിത്. 

1921ല്‍ രചിക്കപ്പെട്ട ഈ നോവലിലെ സാങ്കല്‍പ്പികലോകം ഭൂജാതമാകാന്‍ സാമിയാറ്റിന് നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം 1929ല്‍ തന്നെ സാക്ഷാല്‍ ജോസഫ് സ്റ്റാലിന്‍ റഷ്യയുടെ 'ചക്രവര്‍ത്തി' അധികാരത്തിലെത്തിയപ്പോള്‍ തന്റെ കാല്‍പ്പനികതക്ക് ഇത്ര വേഗതയോ എന്ന് പോലും ശങ്കിച്ചിട്ടുണ്ടാകും. 

പെഗാസസ് വിവാദം ദേശീയ- അന്താരാഷ്ട്രതലത്തില്‍ വീണ്ടും കത്തിപ്പടരുന്ന സാഹചര്യത്തിലാണ് നൂറ് വയസ്സ് തികയുന്ന സാമിയാറ്റിന്റെ വിഖ്യാതനോവല്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നത്. 2600കളിലെ ഭരണകൂടമനസ്ഥിതിയെ കുറിച്ചുളള സങ്കല്‍പ്പം  അല്‍പ്പം ലാഘവമായെന്ന് തോന്നുന്നു, കാരണം അഞ്ച് നൂറ്റാണ്ടുകള്‍ക്കിപ്പുറത്ത്  തന്നെ ഗ്ലാസ് ഹൗസുകളുടെ ആവശ്യമില്ലാതെ തന്നെ തിരശ്ശീലകള്‍ക്കുളളില്‍ കയറിപ്പറ്റാന്‍ ഭരണകൂടത്തിനു കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ ഉപകരണം മാത്രമാണ് പെഗാസസ്. 

ഔദാര്യങ്ങളില്‍ കൈ വെച്ച്, അവകാശങ്ങള്‍ പിഴുതെടുത്ത്, ഒടുവില്‍ പൗരന്റെ മണിയറയില്‍ വരെ ഭരണകൂടത്തിന്റെ കരാള ഹസ്തങ്ങള്‍ നീളുന്നുവെന്നത് ജനാധിപത്യലോകം വിശിഷ്യാ ഇന്ത്യന്‍ സമൂഹം ഗൗരവതരമായി തന്നെ കാണേണ്ടതുണ്ട്. തെരഞ്ഞെടുപ്പുകളും നീതിന്യായവ്യവസ്ഥകളും പ്രഹസനമായി കൊണ്ടിരിക്കുന്ന കാലത്ത് അധികാരത്തിലേക്കുളള കുറുക്ക് വഴികള്‍ അന്വേഷിക്കുന്ന ഫാഷിസത്തിന്റെ പൊയ്മുഖമാണ് പെഗാസസ് വിഷയം വെളിച്ചത്തായതോടെ അഴിഞ്ഞുവീഴുന്നത്. 

മതില്‍ കെട്ടിയാല്‍ നിങ്ങളറിയാതെ മതില്‍ തുരന്നും ഞങ്ങള്‍ ഒളിഞ്ഞു നോക്കുമെന്ന അധികാരമുഷ്‌കിന്റെ ഭീഷണിയാണ് യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. 


നിഗൂഢതകളുടെ കലവറ

ഇസ്‌റാഈല്‍ കമ്പനി എന്‍. എസ്. ഒ 2010ല്‍ നിര്‍മ്മിച്ച സ്‌പൈവയറാണ് പെഗാസസ്.സ്മാര്‍ട്ട് ഫോണുകള്‍ വിശിഷ്യാ ഐ. ഫോണുകളാണ് ഇതിന്റെ വിഹാരകേന്ദ്രം. ഐ ഫോണുകളെ അപേക്ഷിച്ച് ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇതിന്റെ പ്രഹരശേഷി കുറവാണ്. കരര്‍ ദാതാക്കള്‍ നല്‍കുന്ന വ്യക്തികളുടെ വാട്ട്‌സ്അപ്പ് മെസേജുകള്‍ ,ചാറ്റിങ്, ക്യമറാ ഫോട്ടോകള്‍, കോള്‍ലോഗുകള്‍, ജി. പി. എസ്സ്, ഇ മെയില്‍ തുടങ്ങി ഒരു മുബൈലിന്റെ അധിക സംവിധാനങ്ങളും ചോര്‍ത്താന്‍ പെഗാസസിന് കഴിയും. ഫോണ്‍കോള്‍, മെസേജ് എന്നിവയിലൂടെ ഏത് ഫോണിലും രഹസ്യമായി കുടിയിരിക്കും. ഫോണിന്റെ ഉപഭോക്താവ് പോലും അറിയാതെയുളള ഈ കടന്നുകയറ്റവും ചോര്‍ത്തലും ജനാധിപത്യസംവിധാനങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും ഭീഷണിയാണ്. 

2019ല്‍ സ്വകാര്യതാ ലംഘനത്തിന്റെ പേരില്‍ വാട്ട്‌സ്അപ്പ് കമ്പനി യു. എസ് സാന്‍ഫ്രാന്‍സിസ്‌കോ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തതോടെയാണ് പെഗാസസിന്റെ ചതിക്കുഴികള്‍ ലോകമറിയുന്നത്. കഴിഞ്ഞ ജൂലായില്‍ വാഷിങ്ടണ്‍ പോസ്റ്റ്, ദി ഗാര്‍ഡിയന്‍, ഫ്രഞ്ച് മാധ്യമമായ ഫോര്‍ബിഡന്‍ സ്‌റ്റോറീസ്, ഇന്ത്യന്‍ ഓണ്‍ലൈന്‍ മാധ്യമം ദി വയര്‍, തുടങ്ങി മാധ്യമസ്ഥാപനങ്ങളും ആംനസ്റ്റി ഇന്റര്‍നാഷണലും ടോറന്റോ യുണിവേഴ്‌സിറ്റിയിലെ ലബോട്ടറിയുടെ സാങ്കേതിക ഉപദേശത്തോടെ രൂപപ്പെടുത്തിയ ഡിജിറ്റല്‍ ഫൊറന്‍സിക് പരിശോധനയിലാണ് പെഗാസസിന്റെ ഒടുവിലത്തെ ഇടപെടലുകള്‍ സ്ഥിരീകരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ 65ഓളം  ബിസിനസ്സ് എക്‌സിക്ക്യൂട്ടീവുകള്‍, 85 മനുഷ്യാവകാശ പ്രവര്‍ത്തകര്‍, 189 മാധ്യമപ്രവര്‍ത്തകര്‍, 600 രാഷ്ട്രീയനേതാക്കന്‍മാര്‍, 10 പ്രധാനമന്ത്രിമാര്‍, 3 പ്രസിഡണ്ട്, ഒരു രാജാവ് ഇവരുടെ ഫോണുകള്‍ ചാരക്കെണിയില്‍ കുരുങ്ങിയിട്ടണ്ടെന്നാണ് കണ്ടെത്തല്‍. 

ചോര്‍ത്തല്‍ പട്ടികയിലെ ആദ്യ ഇലവനില്‍ തന്നെ ഇന്ത്യ ഇടം പിടിച്ചിട്ടുണ്ട് എന്നത് രാജ്യത്തിന്റെ അപകടകരമായ ഭാവിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്ത്യന്‍ വിപണിയിലെ 22 സ്മാര്‍ട്ട് ഫോണുകളില്‍ 10ല്‍ ചോര്‍ത്തല്‍ സാന്നിധ്യം കണ്ടെത്തുകയും 7ഇനങ്ങളില്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പരിശോധിച്ച 1000 ഫോണുകളില്‍ 300ും പെഗാസസിന്റെ വലയില്‍ കുടുങ്ങിയിട്ടുണ്ട്. ആനുപാതികമായി നോക്കുകയാണെങ്കില്‍ രാജ്യത്തെ കാല്‍ ശതമാനം പൗരന്‍മാരും ഭരണകൂടത്തിന്റെ ക്യാമറക്കണ്ണുകള്‍ക്ക് മുമ്പിലാണെന്ന് ചുരുക്കം.


കെണിവലയിലെ ഇരകള്‍

വ്യക്തികളുടെയും അധികാരികളുടെയും വിവരങ്ങള്‍ മോഷ്ടിക്കല്‍ പുതിയ സംഭവമൊന്നുമല്ല. പ്രതിസ്ഥാനത്ത് നില്‍ക്കുക ഏതെങ്കിലുമൊരു വ്യക്തിയായിരിക്കും. സ്‌നോഡന്‍ ഇതിനൊരു ഉദാഹരണമാണ്. എന്നാല്‍ പെഗാസസ് വിഷയത്തില്‍ സംശയത്തിന്റെ മുള്‍മുനയില്‍ കേന്ദ്രസര്‍ക്കാരാണ്. കാരണം ലളിതവും: പെഗാസസിന്റെ ചാരക്കണ്ണില്‍ കുരുങ്ങിയവരില്‍ അധികവും ഭരണകൂടത്തിന്റെ കണ്ണിലെ കരടുകളും ഹിന്ദുത്വഫാഷിസ്റ്റ് ശക്തികളുടെ അനിഷ്ടത്തിന് പാത്രീഭവിച്ചവരുമാണ്. 

രാഹുല്‍ ഗാന്ധി, അടുത്ത സഹായികളായ അലങ്കാര്‍ സഹ, സച്ചിന്‍ റാവു, അശോക് ലവാസെ, എം ഹരിമേനോന്‍, കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്ലഹാദ് സിങ് പട്ടേല്‍, വൈറോളജിസ്റ്റ് ഡോ. ഗഗന്‍ ദീപ്, എന്‍ റാം, സുശാന്ത് സിങ്, രോഹിണി സിങ്, രൂപേഷ് കുമാര്‍ സിങ്, അടക്കമുളള 12ഓളം മാധ്യമപ്രവര്‍ത്തകര്‍, സുധ ദ്വരദ്വാജ്, ഡോ ഹാനിബാബു, ദീപക് ശര്‍മ്മക്കെതിരെ ലൈംഗികാരോപണം നടത്തിയ യുവതി തുടങ്ങിയ ഫാഷിസ്റ്റ് സര്‍ക്കാറിന്റെ നോട്ടിപ്പുളളടക്കം ഒട്ടനേകം പ്രമുഖരുടെ സ്വകാര്യതയാണ് വലിച്ചു കീറിയത്.

തന്റെയും രാജ്യത്തിന്റെയും നിര്‍ണ്ണായക നിമിഷങ്ങളായ 209ലെ തെരഞ്ഞെടുപ്പ് സമയത്താണ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തപ്പെടുന്നത്. എതിരാളിയുടെ ഓരോ നീക്കങ്ങളും ചൂഴ്‌ന്നെടുക്കുകയും അതിനനുസരിച്ച് കരുക്കള്‍ നീക്കുകയും ചെയ്യുന്ന ചീഞ്ഞളിഞ്ഞ രാഷ്ട്രീയമെന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയുമോ? തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോദിക്ക് തല വേദന സൃഷ്ടിച്ച അശോക് ലവാസെ ഏത് ഭീകരസംഘടനയിലെ അംഗമാണ്?

അമിത്ശായുടെ മകന്‍ ജയ്ശായുടെ സാമ്പത്തിക വളര്‍ച്ചയും മോദിയുടെ ഉറ്റസുഹൃത്ത് നിഖില്‍ മര്‍ച്ചന്റിന്റെ ബിസിനസ്സ് വിപുലീകരണവും കേന്ദ്രമന്ത്രി പീയീഷ് ഗോയലും വ്യവസായി അജയ് പിരമലും തമ്മിലുളള വഴി വിട്ട ബന്ധങ്ങളും ചര്‍ച്ചയാക്കിയ രോഹിണി സിങ്, റാഫേല്‍ ഇടപാടിലെ കളളക്കളികള്‍ വെളിച്ചത്ത് കൊണ്ട് വന്ന സുഭാഷ് സിങ്, ജാര്‍ഖണ്ഡിലെ ആദിവാസി കൊലപാതകങ്ങള്‍ പുറം ലോകമറിയിച്ച രൂപേഷ് കുമാര്‍ സിങ് ഇവരൊക്കെ ഏത് രാജ്യതാല്‍പര്യത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്? ഇന്ത്യ ഭരിക്കുന്ന രാജതാല്‍പര്യത്തിനെതിരെ ഇവര്‍ പ്രതികരിച്ചിട്ടുണ്ടെങ്കില്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം അവര്‍ ഉപയോഗിച്ചെന്നേ ഉളളൂ. കേന്ദ്ര മന്ത്രിസഭയിലെ സുപ്രധാനവകുപ്പുകള്‍ വഹിക്കുന്ന അശ്വിനി, പ്ലഹാദ് സിങ് എന്നിവരും ചോര്‍ത്തപ്പെട്ടവരില്‍ കുരുങ്ങിയിട്ടുണ്ടെന്നത് കൗതുകകരമാണ്. എക്കാലത്തും മോദിക്കൊപ്പം നിന്നിട്ടും യജമാനന്‍ തന്റെ സ്വകാര്യതയെ പോലും നിരീക്ഷിക്കുകയും ഭയക്കുകയും ചെയ്യുന്നുവെന്നത് ഇവര്‍ അറിയാഞ്ഞിട്ടാണോ? അല്ലെങ്കില്‍ അറിഞ്ഞില്ലെന്ന് നടിക്കുകയാണോ? 

ചുരുക്കത്തില്‍ പ്രതിപക്ഷത്തിന്റേത് മാത്രമല്ല, സ്വന്തം അനുയായികളെ പോലും തങ്ങള്‍ വരച്ച വരയില്‍ നില്‍ക്കാന്‍ അപഹാസ്യമായ തന്ത്രങ്ങള്‍ മെനയുന്ന അധികാരി വര്‍ഗം ഇപ്പോഴും യാതൊരു പോറലുമേല്‍ക്കാതെ ഭരണചക്രം കറക്കുന്നുവെന്നതാണ് സത്യം.

 

ന്യായവും അന്യായവും

പെഗാസസ് വിഷയത്തില്‍ കൃത്യമായ മറുപടി നല്‍കാന്‍ സുപ്രീം കോടതിയിലോ നിയമനിര്‍മ്മാണസഭയിലോ ഇതുവരെ മോദി സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. 2019ല്‍ ഇതിനെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അംഗീകാരമില്ലാത്ത ഒരു മേല്‍നോട്ടവും പൗരന്‍മാരുടെ മേല്‍ നടത്തില്ലെന്നായിരുന്നു രവിശങ്കര്‍ പ്രസാദ് നല്‍കിയ വിശദീകരണം. പെഗാസസില്‍ കഴിഞ്ഞ പാര്‍ലമെന്റ് പ്രക്ഷുബ്ധമായപ്പോഴും വിവരസാങ്കേതിക വിദ്യകളുടെ ചുമതസ വഹിക്കുന്ന അശ്വിനി വൈഷ്ണവ് നല്‍കിയ ഉത്തരം അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് നിയമവിധേയമായിട്ട് മാത്രമായിരിക്കുമെന്നാണ്.

സുപ്രീം കോടതി പ്രസ്താവിച്ചത് പോലെ; ചോദ്യം ലളിതമാണ്, നിങ്ങള്‍ പൗരന്‍മാരുടെ ഫോണുകള്‍ ചോര്‍ത്തിയോ?, ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തങ്ങളങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ നിയമവിധേയമായിട്ടായിരിക്കുമെന്ന അശ്വിനിയുടെ മറുപടിക്ക് ഏത് ഭരണഘടനാ പരിഛേദത്തിന്റെ പിന്‍ബലമാണുളളത്? അതിന്റെ                                






ഇനി ചോര്‍ത്തപ്പെട്ടവര്‍ രാജ്യദ്രോഹികളോ ഭീകരരോ അല്ല, പ്രത്യുതാ, രാജ്യത്തെ നിയമം അനുസരിച്ച് ജീവിക്കുന്നവരാണ്. ഇവരുടെ സ്വകാര്യത ഒപ്പിയെടുക്കാന്‍ സര്‍ക്കാറിന് എന്ത് സാധുതയാണ് സര്‍ക്കാര്‍ നല്‍കുന്നത്?

പ്രസ്തുത വിഷയത്തില്‍, തങ്ങള്‍ അതതു രാജ്യങ്ങളിലെ സര്‍ക്കാറുകളുമായി മാത്രമെ ഇടപാടുകള്‍ നടത്താറുളളൂ എന്ന എന്‍. എസ്. ഒയുടെ വിശദീകരണവും സര്‍ക്കാറിനെ വെട്ടിലാക്കിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാറല്ലാത്ത മറ്റൊരു സ്വതന്ത്രഭരണകൂടവും ഇല്ലാത്തതിനാല്‍ ജനങ്ങള്‍ അവരെ സംശയിക്കുന്നതില്‍ ഒരു അന്യായവുമില്ല. 


നിയമപരിരക്ഷയോ

രാജ്യത്തെ ഓരോ പൗരനും നിശ്ചിതാവസരങ്ങളിലൊഴിച്ച് നിര്‍ത്ിതയാല്‍ ശേഷിക്കുകന്ന എല്ലാ കാലത്തും തങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണഘടന  ആര്‍ട്ടിക്ക്ള്‍ 21 അവകാശം നല്‍കുന്നു. പുറമെ, ലോകരാജ്യങ്ങള്‍ ഓപ്പം വെച്ച 1948ലെ അന്താരാഷ്ട്ര മനുഷ്യാവകാശപ്രഖ്യാപനത്തിലെ ആര്‍ട്ടിക്ള്‍ 12ഉം ഈ അവകാശം വക വെച്ച് നല്‍കുന്നു. 

ചില സന്നിഗ്ധഘട്ടങ്ങളില്‍ മാത്രമാണ് ഭരണഘടനാ ഏജന്‍സികള്‍ക്ക് മാത്രമാണ് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അനുമതിതയുളളഥ് . ഐ. ടി ആക്ടിലെ 69പ്രകാരം രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഫോണുള്‍പ്പെടെയുളള ഉപകരണങ്ങള്‍ ചോര്‍ത്താനും പ്രൈവറ്റ് ഡാറ്റകള്‍ ശേഖരിക്കാനും അനുമതിയുളള സ്ഥാപനങ്ങള്‍: ഐ. ബി, ഇ. ഡി, സി. ബി. ഐ, എന്‍. ഐ. എ, റോ, സി. ആര്‍. എ. ഐ, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, സെന്റരല്‍ ബോര്‍ഡ് ഓഫ് ഡയരക്റ്റ് ടാക്‌സ്, ഡയരക്ടറിയേറ്റ് ഓഫ് ഡയരക്ട് ടാക്‌സസ്, ഡയരക്ടറേറ്റ് ഓഫ് സിഗ്നല്‍ ആന്‍ഡ് ഇന്റലിജന്‍സ്.

ചോര്‍ത്താന്‍ അനുമതി നല്‍കുന്ന ഒരു കാരണവും ചോര്‍ത്തപ്പെട്ടവര്‍ നിന്ന് ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇനി അതിന് അധികാരമുളള സ്ഥാപനങ്ങളില്‍ പെഗാസസ് ഇല്ലതാനും. അതിനാല്‍ പെഗാസസിന് രാജ്യത്ത് യാതൊരു നിയമപരിരക്ഷയില്ലെന്നാണ് ഗണിക്കാനാകുക.                   

മറകള്‍ക്ക് പിന്നിലെ ലക്ഷ്യം

എതിര്‍ ശബ്ദങ്ങളെ ഭയക്കുകയും അവകളെ സര്‍വ്വ ശക്തിയുമുപയോഗിച്ച് ഇല്ലാതാക്കുമെന്നതാണ് ഫാഷിസ്റ്റ് രീതി ജര്‍മ്മനിയിലും ഇറ്റലിയിലും നടന്ന ഈ ക്രൂരമായ രീതിയുടെ തനിയാവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ പെഗാസസ് എന്ന ടൂള്‍ ഉപോയഗിച്ച് നടത്തുന്നത്. എതിരാളിയുടെ സ്വാകാര്യജീവിതത്തെയും രഹസ്യങ്ങളെയും കടന്നു പിടിച്ച് അവനെ മാനസികമായി തളര്‍ത്തുകയും ഭീഷണിപ്പെടുത്തലുമാണ് ഇവിടെ നടക്കുന്നതും നടക്കാനിരിക്കുന്നതും. 

യുദ്ധത്തിലും പ്രണയത്തിലും എന്തുമാവാമെന്നത് പോലെ രാഷ്ട്രീയത്തിലും എന്തുമാവാം എന്ന ചൊല്ല് അന്വര്‍ഥമാക്കും വിധം അധികാരം നിലനിര്‍ത്തുന്നതിന് പ്രതിബന്ധങ്ങളായ എല്ലാ  മരങ്ങളെയും വെട്ടിമാറ്റുകയാണ്. ഇവിടെ പാര്‍ടി വ്യത്യാസമില്ല. അതു കൊണ്ടാണല്ലോ സ്വന്തം ഭരണകക്ഷിയിലുളളവരുടെ രഹസ്യങ്ങള്‍ പോലും മോദി-അമിത് ശാ ദ്വയം ചോര്‍ത്തിയത്. കപില്‍ സിബലിന്റെ വാക്കുകള്‍ കടമെടുത്താല്‍ രണ്ട് ദൈനോസറുകള്‍ മാത്രമുളള ജുറാസിക് പാര്‍ക്കിന് കോട്ടം തട്ടാതിരിക്കാന്‍ പ്രയോഗിച്ച അവസാന മാധ്യമമാണ് പെഗാസസ്. 

രാഷ്ട്രീയമായി തന്റെ പ്രതിപക്ഷത്തുളളവരുടെ രഹസ്യങ്ങള്‍ അറിയാന്‍ മറ്റു അനേകം മാര്‍ഗങ്ങളുണ്ടായിരിക്കെ പൗരന്‍മാരുടെ സ്വകാര്യജീവിതം എന്തിന് ചോര്‍ത്തുന്നുവെന്ന ചോദ്യം കേന്ദ്രസര്‍ക്കാറിനെ കടുത്ത പിരിമുറുക്കത്തിലാക്കുകയാണ്. 

സ്വകാര്യസംഭാഷണങ്ങള്‍ പോലും തങ്ങള്‍ക്കെതിരെയാണോ എന്ന സംശയത്തില്‍ നിന്നാണ് സ്‌പൈവയറുകള്‍ രാജ്യത്ത് കടന്നു കയറുന്നതാണ്. 


പ്രത്യാഘാതങ്ങള്‍

ജനാധിപത്യരാജ്യങ്ങള്‍ക്കു മേലുളള ഉണങ്ങാത്ത മുറിവുകളാണ് ഇത്യാദി ചാരക്കണ്ണുകള്‍ സൃഷ്ടിക്കുന്നത്. അഥവാ ഫാഷിസത്തിലേക്കുളള നൂല്‍പ്പാലമായി അത് വര്‍ത്തിക്കുന്നു. വിദേശ സ്‌പൈവയറുകള്‍ ഭരണകൂടം തങ്ങളുടെ ഉപകരണമാക്കുന്നതോടെ രാജ്യത്തിന്റെ കീഴ് വഴക്കങ്ങള്‍ മാറിമറിയും, തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടും, പ്രതിപക്ഷ കാമ്പയിനുഖകള്‍ ഇല്ലാതാക്കപ്പെടും, തള്‍ക്ക് എതിരായി നില്‍ക്കുന്ന സംസ്ഥാനങ്ങളെ വേട്ടയാടും, എതിര്‍വാകള്‍ നിശബ്ദമാക്കപ്പെടും, ഭീമ കൊറാഗോവ് കേസ് ഇതിന്റെ മകുടോദാഹരണമാണ്. ആദിവാസികള്‍ക്ക് വേണ്ടി വേണ്ടി ശബ്ദികക്കുകയും മോദി ഭരണകൂടത്തിന്റെ ശത്രുവുമായി മാറിയ സ്റ്റാന്‍ സ്വാമി അടക്കമുളള സംസ്‌കാരിക പ്രവര്‍ത്തകര്‍ തുറങ്കിലടക്കപ്പെട്ടത് നിയമവിരുദ്ധമായാണ്. തങ്ങളുടെ ലാപ്പുകള്‍ മറ്റാരോ ചോര്‍ത്തുകയും അവര്‍ പടച്ചു വിട്ട അജ്ഞാത സന്ദേശങ്ങളുടെ പേരിലാണ്. ഈ സന്ദേശങ്ങളുടെ ഉത്ഭവം പോലും ഞങ്ങള്‍ക്കറിയില്ലെന്ന് ആണയിട്ട് പറഞ്ഞിട്ടും ഭരണകൂടത്തിന്റെ ബധിരമായ കര്‍ണ്ണപുടങ്ങളില്‍ അതൊന്നും ഏശിയില്ല. വാസ്തവത്തില്‍ ഇവരെ പ്രതികളാക്കാന്‍ വേണ്ടി ലാപ്‌ടോപ്പുകളില്‍ ദുശ്ശക്തികള്‍ നുഴഞ്ഞ് കയറി ഉണ്ടാക്കി വെച്ച സന്ദേശങ്ങളായിരുന്നു അത്. 


പെഗാസസും പൂക്കോയുടെ തത്വവും              


പെഗാസസ് വിഷയം ലോകശ്രദ്ധയില്‍ വന്നതോടെ ഫ്രഞ്ച് തത്ത്വചിന്തകനായ മിഷേല്‍ ഫൂക്കോയുടെ വാക്കുകള്‍ പ്രസക്തിയേറുകയാണ്. അധികാരവും  വിവരവും രണ്ടല്ലെന്നും വിഛേദിക്കാനാകാത്ത രീതിയില്‍ പരസ്പരം ബന്ധിതവുമാണെന്നാണ് ഫൂക്കോ പറഞ്ഞത്. ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് അവരുടെ ശാരീരിക- മാനസിക താല്‍പര്യങ്ങള്‍ തങ്ങളുടെ ഇച്ഛാനുസരണമാക്കലാണ് പരമാധികാരത്തിന് പിന്നിലെ ആശയമെന്ന് ഫൂക്കോ കുറിച്ച് വെച്ചിട്ടുണ്ട്. 

ഇന്ന് നടക്കുന്ന സംഭവവികാസങ്ങള്‍ ഫൂക്കോയുടെ വാക്കുകളെ അക്ഷരാര്‍ഥത്തില്‍ സാധൂകരിക്കുന്നു. പൗരന്‍മാരുടെ വിവരങ്ങള്‍ ഭരണകൂടത്തിന് ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിയിട്ടുണ്ട്. ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഭരണകൂടങ്ങള്‍ ഇനിയും പ്രത്യക്ഷപ്പെടുമെന്നാണ് ഫൂക്കോ പറഞ്ഞു വെക്കുന്നത്യ 


പരിസമാപ്തി   

പൗരസ്വത്വബോധം തകര്‍ക്കാന്‍ ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ പുതിയ പെഗാസസുകള്‍ ഇനിയും പ്രത്യക്ഷപ്പെടും. എതിരാളികളെ നിശബ്ദമാക്കാനുളള ശ്രമങ്ങള്‍ ഇനിയും തുടരും, പൗരന്‍മാരുടെ രഹസ്യങ്ങളിലേക്ക് ഒളിഞ്ഞുനോക്കും, ഇതൊന്നും യാദൃശ്ചികമല്ല, ഫാഷിസത്തിന്റെ അടിസ്ഥാനസ്വഭാവങ്ങളില്‍ പെട്ടതാണ്. 

ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ജനാധിപത്യസമൂഹം തെരുവിലിറങ്ങുകയേ ഇനി വഴിയുള്ളൂ. പെഗാസസ് വിഷയത്തില്‍ നിശ്പക്ഷമായ അന്വേഷണത്തിന് തയ്യാറാകുന്ന ജുഡീഷ്യല്‍ കമ്മീഷനെ സുപ്രീംകോടതി നിയമിക്കണം. പ്രതീക്ഷയില്ലെങ്കിലും പരമോന്നത നീതിപീഠത്തില്‍ പ്രതീക്ഷ തന്നെയാണ് ഓരോ ഭാരതീയുമുളളത്. പ്രസ്തുത വിഷയത്തില്‍ പ്രഖ്യാപിക്കാനിരിക്കുന്ന വിധി ജനാധിപത്യഇന്ത്യയുടെ പുനരെഴുന്നേല്‍പ്പിന് ഊര്‍ജ്ജം പകരണം, സത്യമേവ ജയതേ.

സ്വാലിഹ് കടമേരി

Post a Comment

0 Comments