ഇന്ത്യന്‍ മുസ്ലിം സമൂഹം അവരുടെ രാഷ്ട്രത്തിന് നേടിക്കൊടുത്ത പുരോഗതികളും പുരോഗമനങ്ങളും, അവര്‍ ചെയ്തുകൊടുത്ത പ്രവര്‍ത്തനങ്ങളും അനിഷേധ്യമാണ്. ഇസ്്‌ലാമിക ഭരണകൂടമായ അമവികളുടെ കാലത്ത് തന്നെ മുഹമ്മദ് ബിന്‍ കാസിമിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലേക്ക് കാലെടുത്തുവച്ചത് മുതല്‍ ഗസ്‌നവികളും ഗോറികളും തുടര്‍ന്നുവന്ന ഡല്‍ഹി സുല്‍ത്താനേറ്റും ശേഷം രാഷ്ട്രീയ പുരോഗതിയില്‍ പ്രഥമ പ്രധാന പങ്കുവഹിച്ച മുഗള്‍ ഡൈനാസ്റ്റിയും ഭാരതത്തിന് സമര്‍പ്പിച്ച സംഭാവനകള്‍ ഒരിക്കലും അങ്കുലീ പരിമിതമല്ല. മുഗള്‍ ഭരണകാലത്ത് ഭാരതം സാമ്പത്തികമായും കലാപരമായും നേടിയെടുത്ത പുരോഗതികള്‍ മൂല്യമേറിയതാണ്, മുഗള്‍ ഭരണകാലത്ത് ഉണ്ടായ പെയിന്റിംഗ്കളും നിര്‍മ്മിതികളും ഇന്ന് ലോകശ്രദ്ധ നേടിയെടുത്തുകൊണ്ടിരിക്കുന്നു. മഹാനായ ചക്രവര്‍ത്തി അക്ബറിന്റെ കാലത്തെ സാമ്പത്തിക മുന്നേറ്റങ്ങളുടെ കാരണങ്ങള്‍ ഇന്ന് പഠന വിഷയങ്ങളാണ്.
നൂറ്റാണ്ടുകള്‍ക്കുശേഷം ഇന്ത്യ വിദേശികളുടെ കഠാര ഹസ്തങ്ങളില്‍ അകപ്പെട്ടപ്പോയും മോചനത്തിനുവേണ്ടി പോരാടിയവരുടെ കൂട്ടത്തില്‍ മുസ്്‌ലിം പങ്ക് അനിഷേധ്യമാണ്, വിശിഷ്യാ കേരളത്തില്‍. 1921 ലെ ഖിലാഫത്ത് സമരം പൊട്ടിപ്പുറപ്പെട്ടത് ബ്രിട്ടീഷ് കൈകളില്‍ ജനങ്ങള്‍ പൊറുതി മുട്ടിയപ്പോയായിരുന്നു. മാപ്പിളമാര്‍ കൈകളില്‍ വെറും വടികളും കത്തികളുമായി യന്ത്രത്തോക്കുകള്‍ പിടിച്ചുനില്‍ക്കുന്ന സായിപ്പന്മാരുടെ മുമ്പിലേക്ക് കടന്നുകയറിയത് തനിക്കും തന്റെ വരും തലമുറക്കും സ്വാതന്ത്ര്യ വായു ശ്വസിക്കാന്‍ വേണ്ടിയായിരുന്നു.
കാലക്കറക്കത്തില്‍ പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഇന്നും മുസ്്‌ലിം സമൂഹം മറ്റൊരു അതിജീവന പോരാട്ടത്തിലാണ്. സ്വാതന്ത്ര സമര പോരാട്ടങ്ങളില്‍ പോരാളികളെ ഒറ്റിക്കൊടുത്തവരാണ് ഇന്ന് മുസ്ലിം സമൂഹത്തിന് വെല്ലുവിളിയായിരിക്കുന്നത് എന്ന വസ്തുത ഭയാനകം തന്നെയാണ്. വോട്ട് ബാങ്ക് കനിവില്‍ കണ്ട് ഇന്ന് ഉത്തരേന്ത്യന്‍ ഭാഗങ്ങളില്‍ കാണുന്ന പോലെ മുസ്്‌ലിം സമൂഹത്തെ സാമ്പത്തികമായും ആരോഗ്യപരമായും വിശിഷ്യാ വിദ്യാഭ്യാസപരമായും പിന്നോട്ടടിപ്പിച്ച ഇവര്‍ എന്നും ജനാധിപത്യ-മതേതര വിശ്വാസികള്‍ക്ക് ഭീഷണി തന്നെയാണ്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മഹാനായ സി എച്ച് മുഹമ്മദ് കോയ നിയമസഭയില്‍ ഇ എം എസ്, ഗൗരിയമ്മ, ജോസഫ് മുണ്ടശ്ശേരി, അച്യുതമേനോന്‍ ഉള്‍പ്പെടെ പ്രമുഖരെ സാക്ഷിയാക്കി പ്രസംഗിച്ചു ' ഇന്ത്യന്‍ ഗവണ്‍മെന്റ് ദക്ഷിണ ഇന്ത്യയെ അവഗണിക്കുന്നു, ദക്ഷിണ ഇന്ത്യ കേരളത്തെയും, കേരളം മലബാറിനെയും അവഗണിക്കുന്നു' ന്യൂനപക്ഷാവകാശത്തില്‍ അസമത്വവും അസന്തുലിതത്വവും വര്‍ദ്ധിച്ചുവരുന്ന ഈ കാലത്തും ഇത് വളരെ പച്ചയായ യാഥാര്‍ത്ഥ്യമാണ്.
മുസ്്‌ലിം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്
2006 ല്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍സിങ്ങിന്റെ കീഴിലുള്ള സര്‍ക്കാര്‍ മുസ്്‌ലിം സമുദായത്തിലെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച സച്ചാര്‍ സമിതി ശിപാര്‍ശ ചെയ്ത് ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ വേണ്ടി അന്നത്തെ വി എസ് അച്യുതാനന്ദന്റെ സര്‍ക്കാര്‍ എല്‍.ഡി.എഫ് സംസ്ഥാന കണ്‍വീനറും നിയമസഭ അംഗവുമായ പാലോളി മുഹമ്മദ് കുട്ടിയുടെ മേല്‍നോട്ടത്തിലുള്ള കമ്മിറ്റിയെ ഏല്‍പ്പിക്കുന്നു, ശേഷം പാലോളി കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ന്യൂനപക്ഷ സെല്‍ രൂപീകരിക്കുന്നു. പിന്നീട് അത് ന്യൂനപക്ഷക്ഷേമ വകുപ്പായി മാറി. ഇവിടെ ശ്രദ്ധിക്കേണ്ട വിഷയമെന്തെന്നാല്‍ മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പുകളും ആനുകൂല്യങ്ങളും നടപ്പാക്കുന്ന സംവിധാനത്തിനു അതെ മതന്യൂനപക്ഷങ്ങളുടെ പേര് നല്‍കുമ്പോള്‍ ഇവിടെ മാത്രം എന്തുകൊണ്ടാണ് ന്യൂനപക്ഷമെന്ന് മാത്രമാക്കി എന്നതില്‍ തന്നെ ദുരൂഹതയുണ്ട്. ഇതൊരു ദീര്‍ഘകാല ദുരുദ്ദേശത്തിന്റെ ഭാഗമല്ലേയെന്നും, അനാവശ്യ ശബ്ദങ്ങള്‍ക്ക് അവസരം നല്‍കലല്ലേയെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
മുസ്്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ മുസ്്‌ലിം സമുദായത്തിന് മാത്രമുള്ളതാണെന്ന് അന്നം കഴിക്കുന്നവര്‍ക്കെല്ലാം അറിയാം എന്നാല്‍ ഇതില്‍ 80:20 അനുപാതം വെച്ച് 20 ശതമാനം ലത്തീന്‍/പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു ഉത്തരവിലൂടെ അവസാന കാലത്ത് അനുവദിക്കുക കൂടി ചെയ്തു വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍, ഈ ഉത്തരവിനെ പിന്തുടരുകയായിരുന്നു ശേഷം വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറും.
ഇതിനെയാണ് ബഹുമാനപ്പെട്ട നീതിപീഠം തെറ്റിദ്ധരിക്കപ്പെട്ട് 80:20 എന്ന അനുപാതം റദ്ദാക്കിയത്. ഇതിനെതിരെ വസ്തുതകള്‍ വെളിപ്പെടുത്താനും, ശരിയായ സ്ഥിതി വിവരകണക്കുകള്‍ ബോധ്യപ്പെടുത്താനും സര്‍ക്കാറിനോട് കോടതിയെ സമീപിക്കാന്‍ പലഭാഗത്തുനിന്നും ആവശ്യങ്ങള്‍ ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ ചെവി കൊടുക്കാത്തത് അത്ഭുതാവഹമാണ്.
80:20 അനുപാതം റദ്ദാക്കിയ കോടതി നടപടിയെ സ്വാഗതം ചെയ്യുന്നവര്‍ സാമൂഹിക അസമത്വത്തെ കുറിച്ചും സന്തുലിതാവസ്ഥയെ കുറിച്ചും അതിന്റെ അപകടാവസ്ഥയെ കുറിച്ചും ബോധ്യവാന്‍മാരാവല്‍ അനിവാര്യമാണ്. കേരളത്തില്‍ ആകെയുള്ളത് 12971 സ്‌കൂളുകള്‍, ഇതില്‍ 4695 സര്‍ക്കാര്‍ സ്‌കൂളുകള്‍, 7216 എയ്ഡഡ് സ്‌കൂളുകള്‍, 1060 അണ്‍എയ്ഡഡ് സ്‌കൂളുകള്‍, ഇതില്‍ എയ്ഡഡ് സ്‌കൂളുകള്‍ പകുതിയോളം ക്രിസ്ത്യന്‍ സമുദായത്തിന്റെതാണ്. മലപ്പുറം കേന്ദ്ര നഗരത്തിലെ പോലും പ്രധാന എയ്ഡഡ് സ്‌കൂള്‍ ക്രൈസ്തവ സമുദായത്തിന്റെതു തന്നെ, സംസ്ഥാനത്തെ ആകെ അധ്യാപകര്‍ 162627, ഇതില്‍ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ 50589 പേര്‍ മാത്രം, എയ്ഡഡ് സ്‌കൂള്‍ നടത്തുന്ന സമുദായമാണ് ശമ്പളത്തിന്റെ സിംഹഭാഗവും കൈപ്പറ്റുന്നത് ഇത് സാമുദായിക അസന്തുലിതാവസ്ഥ വര്‍ധിപ്പിക്കില്ല.
കേരള സമൂഹത്തില്‍ ഇന്നേവരെ മുസ്്‌ലിം സമുദായത്തില്‍ നിന്ന് ഒരു മുഖ്യമന്ത്രിയും ഒരു ഡി.ജി.പിയും ഒരു ചീഫ് സെക്രട്ടറിയും മാത്രമാണ് ഉണ്ടായത്. ഇവര്‍ ഒരു വര്‍ഷം പോലും പൂര്‍ത്തീകരിച്ചിട്ടില്ല എന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യം കൂടിയാണ്. ഇന്ത്യയിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും ഉന്നത പദവികളിലും മുസ്്‌ലിം പ്രാതിനിധ്യം വളരെ പരിതാപകരമാണ്. ഇന്ത്യന്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനമുള്ള ഒരു സമുദായത്തിന് ഭരണഘടനാപരമായ അര്‍ഹിച്ച സ്ഥാനം നല്‍കാതിരിക്കുന്നത് ഭരണസംവിധാനത്തെ പോലും അട്ടിമറിക്കാന്‍ കെല്‍പ്പുള്ള സംഗതിയാണ്.
മലബാറിലെ പ്ലസ് ടു സീറ്റ് അപര്യാപ്തത
പതിറ്റാണ്ടുകളായി മലബാര്‍ വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നമാണ് പ്ലസ് വണ്‍, പ്ലസ് ടു സീറ്റുകളുടെ അപര്യാപ്തത. ഈ വിഷയത്തില്‍ മാറിമാറി വന്ന ഏതു സര്‍ക്കാറുകള്‍ക്കും തക്കതായ പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പിന്നെയും പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമം നടത്തിയത് യു.ഡി.എഫ് ഭരണകാലത്ത് വിദ്യാഭ്യാസ മന്ത്രിമാരായി വന്ന മുസ്്‌ലിം ലീഗ് പ്രതിനിധികളാണ്. നയനാര്‍ മന്ത്രിസഭ 1998-2000 വര്‍ഷങ്ങളില്‍ രണ്ടുഘട്ടമായി 397 പ്ലസ് ടു സ്‌കൂളുകള്‍ അനുവദിച്ചു. ഇതില്‍ ക്രിസ്ത്യന്‍ സമുദായത്തിന് 183, നായര്‍ 92, ഈഴവ 71, മുസ്ലിം 51 എന്നിങ്ങനെയായിരുന്നു ഓരോ സമുദായത്തിനും കിട്ടിയത്. മലബാര്‍ മേഖലയിലെ സീറ്റ് അപര്യാപ്തത പരിഗണിച്ചതേയില്ല. എന്നാല്‍ ശേഷം വന്ന കരുണാകരന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായ നാലകത്ത് സൂപ്പി ഇതിന് പരിഹാരമായി പല പ്രതിവിധികളും കണ്ടു. പ്ലസ് വണ്‍ സ്‌കൂളുകളുടെ എണ്ണം ഉയര്‍ത്തുകയും പ്ലസ് ടു സീറ്റുകള്‍ കുറവുള്ള മേഖലകളില്‍ ഹൈസ്‌കൂളുകള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളായി ഉയര്‍ത്തുകയും ചെയ്തു. തുടര്‍ന്നുവന്ന ഇ ടി മുഹമ്മദ് ബഷീറും ഇതിനെ പിന്തുടര്‍ന്നു. പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ വിദ്യാഭ്യാസ മന്ത്രിയായ അബ്ദുറബ്ബ് 552 പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കുകയും, ഇത് ഹേതുവായി 33120 പുതിയ പ്ലസ് ടു സീറ്റുകള്‍ ഉണ്ടാവുകയും ചെയ്തു. അബ്ദുറബ്ബാണ് കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്ലസ് ടു സീറ്റുകള്‍ സൃഷ്ടിച്ച വിദ്യാഭ്യാസ മന്ത്രി. എന്നാല്‍ ഈ സമയത്തെല്ലാം എല്‍ഡിഎഫ് വര്‍ഗീയ പ്രീണനവും ആരോപണവും നടത്തി ഇതിനെയെല്ലാം ഇല്ലാതാക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇപ്രാവശ്യമെങ്കിലും മലപ്പുറത്തെ എസ്എസ്എല്‍സി വിജയികളായ വിദ്യാര്‍ഥികള്‍ക്ക് സീറ്റുകള്‍ ഉറപ്പിക്കാന്‍ പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവേണ്ടതുണ്ട്. അറുപതിനായിരം സീറ്റുകള്‍ മാത്രമുള്ള മലപ്പുറത്ത് 84003 വിജയികളാണ് ഉള്ളത്, 24000 ത്തോളം വിദ്യാര്‍ഥികളുടെ പഠനം പാതിവഴിയില്‍ മുട്ടിയിരിക്കുകയാണ്. സീറ്റുകള്‍ അധികമുള്ള കോട്ടയം പോലോത്ത ജില്ലകളിലെ സീറ്റുകളെങ്കിലും മലപ്പുറത്തിന് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകേണ്ടതുണ്ട്.
പരിഹാരമാര്‍ഗ്ഗങ്ങള്‍
മുസ്്‌ലിം സമുദായത്തിന്റെ അവസ്ഥയെ പഠിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമിച്ച കമ്മറ്റികള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ അട്ടിമറിയോ, കൈകടത്തലുകളോ കൂടാതെ സത്യസന്ധമായി നടപ്പിലാക്കാന്‍ തയ്യാറാവണം. 2006 ല്‍ മുസ്്‌ലിം സമുദായത്തിന് പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ച സച്ചാര്‍ കമ്മിറ്റി സൂചിപ്പിച്ചത് മുസ്ലിം സമുദായത്തിന് അവസ്ഥ പട്ടികജാതി-പട്ടികവര്‍ഗ അവസ്ഥയെക്കാള്‍ മോശമാണെന്നാണ്. അതുപോലെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മുസ്ലിം സമുദായത്തിലെ പ്രാതിനിധ്യം വളരെ ദയനീയമായ അവസ്ഥയിലാണെന്നുമായിരുന്നു. ഇതിന്റെ എല്ലാം അടിസ്ഥാനത്തില്‍ തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ മാത്രമേ സാമുദായിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം.
മുസ്്‌ലിം സമുദായത്തിന് അര്‍ഹതപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സാമുദായിക നേതൃത്വത്തില്‍ നിന്ന് തന്നെ സര്‍ക്കാറുകളുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടാവണം. മുസ്ലിം സാമുദായിക മാധ്യമങ്ങളെ ജനകീയമാക്കുകയും സാമുദായിക പ്രശ്‌നങ്ങളെ ജനങ്ങളിലേക്ക് അതിലൂടെ എത്തിക്കുകയും വേണം. പുരോഗതികള്‍ക്ക് വേണ്ട പ്രായോഗിക പദ്ധതികള്‍ പ്രസംഗവേദികളിലും മാധ്യമ ചര്‍ച്ചകളിലും എപ്പോഴും നിറഞ്ഞുനിന്നാല്‍ മാത്രമേ അധികാരികളുടെ കണ്ണ് അതിന്മേല്‍ ഉടക്കൂ.
മുസ്്‌ലിം സമുദായത്തിന്റെ വര്‍ത്തമാനകാല അവസ്ഥയെക്കുറിച്ച് സാമുദായിക നേതൃത്വങ്ങള്‍ തന്നെ ഒരു ആധികാരിക സര്‍വേ നടത്തി സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാക്കി പ്രസിദ്ധപ്പെടുത്തണം.
അപേക്ഷകര്‍ ഇല്ലാത്തതിനെ പേരില്‍ പല സ്‌കോളര്‍ഷിപ്പുകളും ഇല്ലാതാകുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്, അതുകൊണ്ടുതന്നെ മുസ്ലിം സമുദായത്തിനുള്ള ആനുകൂല്യങ്ങളെക്കുറിച്ചും സ്‌കോളര്‍ഷിപ്പുകളേ കുറിച്ചും കൃത്യവും വ്യക്തവുമായ അവബോധം ബന്ധപ്പെട്ടവര്‍ സമുദായത്തിന് ഉണ്ടാക്കി കൊടുക്കണം. മഹല്ലുകള്‍ കേന്ദ്രീകരിച്ചും സാമുദായിക സംഘടനകളുടെ അടിത്തട്ടിലെ ബ്രാഞ്ചുകള്‍ കേന്ദ്രീകരിച്ചും ഇത് നടത്തപ്പെടാവുന്നതാണ്.
മുസ്്‌ലിം സമൂഹം അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ നേരിടുന്നുണ്ടെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തുമ്പോള്‍ വിജയിക്കുന്നത് ഈ വാദത്തിന് ചുക്കാന്‍ പിടിക്കുന്ന സംഘപരിവാറും മുസ്്‌ലിം വിരുദ്ധത വെച്ചുപുലര്‍ത്തുന്നവരുമാണ്. സര്‍ക്കാര്‍ മന്ത്രിസഭയിലെ മുസ്ലിം പ്രാതിനിധ്യം മുതല്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും, സെക്രട്ടേറിയറ്റിലെ ഉന്നത പദവികളിലും, മറ്റു സര്‍വമേഖലകളിലും ഈ സമുദായത്തിന്റെ പ്രാതിനിധ്യം വളരെ ദയനീയമാണ്.
റാഷിദ് മമ്പുറം

0 Comments