മലയാള സിനിമയില്‍ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന മുസ്ലിം അപരവത്കരണം ഇന്നും ചര്‍ച്ചാവിഷയമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിലാണ് സിനിമ എന്ന കലാ- മാധ്യമം പിറവിയെടുക്കുന്നത്. കേരളത്തില്‍ വളരെ പെട്ടെന്ന് തന്നെ ജനപ്രീതി നേടിയെടുക്കാന്‍ സിനിമ എന്ന മാധ്യമത്തിന് സാധിച്ചിട്ടുണ്ട്. ഈ ജനപ്രീതിയുടെ അടിസ്ഥാനകാരണം കേരള ഭൂരിപക്ഷ താല്‍പര്യം എങ്ങനെ മലയാള സിനിമ സംരക്ഷിക്കുന്നു, ന്യൂനപക്ഷ വിഭാഗത്തെ അതെങ്ങനെ ഉള്‍ക്കൊള്ളുന്നു, കേരള ന്യൂപക്ഷ വിഭാഗത്തെ സിനിമ എങ്ങനെ പ്രതിഫലിക്കുന്നു, മോശമായി ചിത്രീകരിക്കുന്നു, ഇകയ്ത്തുകയും പൈശാചികവത്കരിക്കുകയും ചെയ്യുന്നു എന്നതാണ്. മുസ്്‌ലിമിനെ അധോലോക തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ നായകരായും നാല് കെട്ടി പിള്ളേരു കൃഷി നടത്തുന്ന ജനസംഖ്യാ വിസ്‌ഫോടകരായും സ്ത്രീകളെ വീടിനുള്ളില്‍ ഒതുക്കി കളയുന്ന, സ്ത്രീ വിദ്യാഭാസത്തെ പ്രോത്സാഹിപ്പിക്കാത്ത സ്ത്രീ വിരുദ്ധരായും മാത്രമാണ് മലയാള സിനിമയിലേ ഒട്ടുമിക്ക മുസ്ലീം കഥാപാത്രങ്ങളെയും കാണാന്‍ കഴിയുന്നത്.
സവര്‍ണ്ണ മേല്‍ക്കോയ്മയും മുസ്ലിം പ്രതിനായക സങ്കല്‍പ്പവും:
1992 ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ധ്രുവം എന്ന ചിത്രത്തോടയാണ് മലയാള സിനിമയില്‍ സവര്‍ണ്ണ മേല്‍ക്കോയ്മക്ക് സ്വീകാര്യത ലഭിക്കുന്നത്. അതെ വര്‍ഷം തന്നെ കമല്‍ സംവിധാനത്തില്‍ മുസ്്‌ലിം പശ്ചാത്തലമുള്ള ഗസല്‍ എന്ന ചിത്രം റീലീസ് ചെയ്തിരുന്നു. ധ്രുവം അവതരിപ്പിച്ച സവര്‍ണ്ണ വീരഗാഥതയും മുസ്്‌ലിം വിരുദ്ധതയും വന്‍ വിജയമാഘോഷിക്കുകയും ഗസല്‍ വേണ്ടത്ര പ്രേക്ഷക സ്വീകാര്യത ലഭിക്കാതെ പരാജയപ്പെടുകയും ചെയ്തു.
പിന്നീട് ബ്രാഹ്‌മണരും മുസ്്‌ലിംകളും തമ്മിലുള്ള വൈരുദ്ധ്യങ്ങളുടെ കഥ പറയുന്ന പെരുമഴക്കാലം പോലുള്ള സിനിമകളെടുക്കാന്‍ കമലിനെ പ്രേരിപ്പിച്ചതും സവര്‍ണ്ണ മേല്‍ക്കോയ്മക്ക് അന്ന് ലഭിച്ച സ്വീകാര്യതയായിരിക്കാം.
സവര്‍ണ്ണ ഹിന്ദു കഥാപാത്രങ്ങളുടെ ആധിക്യം സ്്‌ലിം കഥാപാത്രങ്ങളെ ഇല്ലാതാക്കുകയോ പ്രതിനായക കഥാപാത്രങ്ങളായി മാത്രം പ്രതിഷ്ഠിക്കപ്പെടുകയോ ചെയ്തു. നായക സ്ഥാനം ബ്രാഹ്‌മണ ക്ഷത്രിയ സവര്‍ണ്ണ വിഭാഗത്തിനും പ്രതിനായക സ്ഥാനം മുസ്്‌ലിം ദളിത് താഴ്ന്നജാതിക്കാര്‍ക്കായും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. സവര്‍ണ്ണ ഹിന്ദുകഥാപാത്രങ്ങള്‍ നന്മയുടെയും കാരുണ്യത്തിന്റെയും പ്രതീകങ്ങളായും മുസ്്‌ലിം ദളിത് വിഭാഗത്തെ തിന്മയുടെ പ്രതീകങ്ങളായും ചിത്രീകരിക്കുന്ന കൃത്യമായ രാഷ്ട്രീയ താല്‍പര്യം മലയാള സിനിമയില്‍ കടന്നു കൂടിയിട്ടുണ്ട്. മുസ്്‌ലിം പ്രതിനായക സങ്കല്‍പ്പം ധ്രുവം ( ഹൈദര്‍ മരക്കാര്‍ ) ഇകഉ മൂസ ( ഖാലിദ് മുഹമ്മദ്) പാലേരി മാണിക്ക്യം, (മുറിക്കുന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ഖാലിദ് അഹ്‌മദ്) എന്നിങ്ങനെ നീണ്ടുപോകുന്നു. അധോലോക തീവ്രവാദികളും, അപഹാസ്യരും കരുണയില്ലത്തവരും രാജ്യ ദ്രോഹികളുമായ മുസ്്‌ലിം കഥാപാത്രങ്ങള്‍ ഇസ്്‌ലാമിനെ പേടിയോടെ നോക്കിക്കാണാന്‍ പ്രേക്ഷക വൃന്ദത്തെ പ്രേരിപ്പിക്കുന്ന വിധത്തിലാണ് മലയാള സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്.
ബോംബ് ഇവിടെ മലപ്പുറത്ത് ഇഷ്ടംപോലെ കിട്ടുമല്ലോ (ആറാം തമ്പുരാന്‍), മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ദേശീയ പാതയില്‍ സഞ്ചരിച്ചിട്ടുണ്ട് ഞാന്‍. റോഡിനിരുവശവും ഉയര്‍ന്നു നില്‍ക്കുന്ന മണിമാളികകള്‍ കണ്ടിട്ടുണ്ട്. വ്യവസായശാലകളും കൂറ്റന്‍ കെട്ടിടങ്ങളും കണ്ടിട്ടുണ്ട്.അവയിലൊന്ന് പോലും സവര്‍ണ്ണന്റെത് ആയിരുന്നില്ല.നമ്പൂതിരിയൂടേതായിരുന്നില്ല
കള്ള കടത്തിലൂടെ കോടികള്‍ സമ്പാദിച്ച ന്യൂനപക്ഷ സമുദായകാരന്റെതായിരുന്നു.(മഹാത്മ) ഭൂരിപക്ഷ സമുദായത്തില്‍ പെട്ട ഒരു സ്ത്രീയെ ന്യൂനപക്ഷക്കാരന്‍ കെട്ടിയാല്‍ എത് ദേശീയോദ്ഗ്രഥനവും മതസൗഹാര്‍ധവും. മറിച്ചായാല്‍ ഇവിടെ വര്‍ഗീയ ലഹള (ആര്യന്‍) ഹിജറയോ ജിഹാദോ നേരിട്ടൊന്നും പഠിപ്പിക്കുന്നില്ലെങ്കിലും സലഫിസം പഠിപ്പിക്കുമ്പോള്‍ അതിനായി പണിയുന്ന പാഠശാലകള്‍ ഒരര്‍ത്ഥത്തില്‍ ഭീകരവാദം അല്ലേ പഠിപ്പിക്കുന്നത് .(ബിരിയാണി) ഡയലോഗുകളില്‍ ഒളിഞ്ഞു കിടക്കുന്ന ന്യൂനപക്ഷത്തെ പൈശാചികവത്കരണത്തിന്റെ ചില ഉദാഹരണങ്ങളാണിവ.
ഗള്‍ഫുകാരാണ് പള്ളിയും അമ്പലവും പണിത് വര്‍ഗ്ഗീയത വളര്‍ത്തുന്നത്, ഗള്‍ഫ് സമ്പത്തിന്റെ തഴപ്പിലാണ് ഭീകരതകള്‍ ഉയരുന്നത്, ഗള്‍ഫ് പണം ഒരു സമാന്തര സാമ്പത്തിക വ്യവസ്ഥയായി മാറിയതാണ് ഭീകരവാദത്തിന്റെയും മറ്റു പ്രശ്‌നങ്ങളുടെയുമൊക്കെ തുടക്കം മലയാള സിനിമ ഉണ്ടാക്കിയെടുത്ത ഗള്‍ഫ് വിരുദ്ധ, കൃത്യമായി പറഞ്ഞാല്‍ മുസ്്‌ലിം വിരുദ്ധ പൊതുബോധമാണിതൊക്കെ. ഗദ്ധാമ എന്ന ചിത്രം ഈ പൊതുബോധത്തിന്റെ നിര്‍മ്മിതിയാണ്. നായിക അശ്വതിയുടെ (കാവ്യ മാധവന്‍) നാട് പട്ടാമ്പിയില്‍ അവള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന യാതനകള്‍, മസ്്‌ലിം കഥാപാത്രമായ സ്ത്രീയുടെ നാടായ കൊണ്ടോട്ടിയില്‍ അനുഭവിക്കേണ്ടി വരുന്നില്ല. കേരളത്തിലെ ജനാധിപത്യവും സഊദിയിലെ രാജ്യഭരണവും തമ്മിലുള്ള വൈരുദ്ധ്യങ്ങളാണ് ഗദ്ദാമയിലെ ഉള്ളടക്കം.
2006 ഷാജി കൈലാസ് സസ്‌പെന്‍സ് ത്രില്ലര്‍ ബാബ കല്യാണിയിലെ ബാബു (ഇന്ദ്രജിത്ത് സുകുമാരന്‍), ഒരു കോളേജ് ലക്ചറര്‍, സംസ്ഥാനത്തെ ഒരു ഭീകര സംഘടനയുടെ തലവന്‍ ആണെന്ന് കണ്ടെത്തുന്നു. അദ്ദേഹം പാകിസ്ഥാനില്‍ ജിഹാദി പരിശീലനത്തിന് പോയിട്ടുണ്ടെന്നും ഒരു വലിയ സ്‌ഫോടനം ആസൂത്രണം ചെയ്യുകയാണെന്നും പറയുന്നു.
കൃത്യമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടാനും മുസ്ലിം ഐഡന്റിറ്റി വികൃതമാക്കുന്ന ചരിത്രത്തെ വളച്ചൊടിക്കുന്ന ശ്രമങ്ങളാണ് മാലികില്‍ (ഫഹദ് ഫാസില്‍ നായകനായ മഹേഷ് നാരായണന്‍ ചിത്രം) മുന്നോട്ട് വെക്കുന്നത്. ടേക്ക് ഓഫിലും സമാനമായ പ്രവണതയുണ്ട്. കാലാപാനി എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലെ ഡേവിഡ് ബെറി എന്ന ജയിലര്‍ ചരിത്രത്തിലുള്ളതാണെങ്കിലും തിന്മയുടെ പ്രതീകമായ ജയിലര്‍ അംരേഷ് പുരി (മീര്‍സ ഖാന്‍) എന്ന കഥാപത്രം സിനിമയില്‍ കൃതൃമമായി ഉണ്ടാക്കിയെടുത്തതാണ്.രഞ്ജിത്ത് തിരക്കഥയിലൊരുങ്ങിയ വല്യേട്ടനില്‍ ക്യാപ്റ്റന്‍ രാജു അവതരിപ്പിച്ച പോലീസ് വേഷവും, ആറാം തമ്പുരാനിലെ അബൂ എന്ന കഥാപാത്രവും കൃത്യമായ രാഷ്ട്രീയ താല്‍പര്യങ്ങളാണ്.
ബാബരി മസ്ജിദ് ധ്വംസനം, ശശെ െപോലുളള ഭീകര സംഘടനകള്‍, മുംബൈ ഭീകരാക്രമണം, തുടങ്ങീ നിരവധി സംഭവവികാസങ്ങളുടെ നിഴലില്‍ നിര്‍മ്മിച്ചെടുത്ത മുസ്്‌ലിം വിരുദ്ധ പൊതുബോധത്തിന്റെ ഉത്പന്നങ്ങളാണ് ഇത്തരം മുസ്്‌ലിം അപരവത്കരണം. ഇസ്്‌ലാം ഭീകരവാദത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. ഇസ്്‌ലാം എന്ന പദം സമാധാനം (സലാമത്ത്) എന്ന വാക്കില്‍ നിന്നാണ് ഉണ്ടായത്. ദീനില്‍ ഒരു നിര്‍ബന്ധിപ്പിക്കലുമില്ല (02:256). ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ മുസ്്‌ലിം സമൂഹത്തില്‍ നിന്ന് ഉടലെടുത്ത പ്രതികാര ബോധത്തെ മുസ്ലിം പണ്ഡിത നേതൃത്വം പ്രതിരോധിച്ചിട്ടുണ്ടല്ലോ. ശശെ െപോലുളള ഭീകര സംഘടനകള്‍ക്ക് ഇസ്്‌ലാമുമായി ഒരു ബന്ധവുമില്ല. അത്തരം നിര്‍മ്മിതികള്‍ ഇസ്്‌ലാമിനെ മോശമായി ചിത്രീകരിക്കാനുള്ള ജൂത ശ്രമങ്ങള്‍ മാത്രമാണ്. ഇസ്്‌ലാമോ ഫോബിയ പടച്ചു വിട്ടതും ഇസ്്‌ലാം വിരോധികളാണ്.
മുസ്്‌ലിം സ്ത്രീ മലയാള സിനിമയില്‍
1988ല്‍ രഘുന്നാഥ് പാലേരി കഥ എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പൊന്മുട്ടയിടുന്ന താറാവിലെ ഹാജ്യാരോട് (കരമന ജനാര്‍ദ്ദനന്‍) തന്റെ മൂന്നാം ഭാര്യയായ കല്‍മയി(പാര്‍വതി) കുന്നിന്‍ മുകളില്‍ പോയി മഴവില്ല് കാണട്ടെയെന്ന് ചോദിക്കുമ്പോള്‍ പുറത്ത് പോവുന്നതല്ലാതെ വേറെ എന്തും ചോദിച്ചോ എന്ന് പറയുന്ന രംഗവും, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മയില്‍ (2005) അന്യ മതസ്ഥനായ അശോക് കുമാറിന് കത്ത് കൊടുത്തതില്‍ പഠനം നിര്‍ത്തേണ്ടി വരുന്ന റുഖിയ്യ എന്ന കഥാപാത്രവും, വീടിനുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന മൂത്തുമ്മ എന്ന സുകുമാരിയുടെ കഥാപാത്രവും, മുസ്്‌ലിമിനെ സ്ത്രീ വിരുദ്ധരായും സ്ത്രീയേ വീടിനുള്ളില്‍ ഒതുക്കി കളയുന്ന സ്ത്രീ സ്വാതന്ത്ര വിരോധികളായും സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കാത്തവരായും സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളായിരുന്നു. സിനിമയിലെ മറ്റ് കഥാപാത്രങ്ങളായ വനജ (ഉര്‍വശി) അച്ചു എന്ന അശ്വതി (മീര ജാസ്മിന്‍) കുഞ്ഞേലചേട്ടത്തി (കെപി. എസ്.സി ലളിത)എന്നിവര്‍ക്ക് സിനിമ ധാരാളം സ്‌പേസ് നല്‍കുന്നുണ്ട്. സിവില്‍ ഡിപ്ലോമ കയിഞ്ഞ അശ്വതിയെ എത് ജോലിക്കും പോവുന്ന കഥാപാത്രമായിട്ടാണ് സിനിമയില്‍ നിലനിര്‍ത്തിയത്. മൂത്തുമ്മയെന്ന കഥാപാത്രത്തെ വീടിനുള്ളില്‍ മാത്രമാണ് അവതരിപ്പിച്ചത്.
അന്‍വര്‍ റഷീദ് ചിത്രം ഉസ്താദ് ഹോട്ടലിലെ നായിക ഷഹാന(നിത്യ മേനോന്‍) വീട്ടുകാരറിയാതെ ഹോട്ടലിലെ ഗാനമേളയില്‍ പങ്കെടുക്കുന്നു. പരിപാടി കഴിഞ്ഞ് വീട്ടില്‍ പോവാന്‍ നേരത്ത് വീടിനടുത്ത് എത്തുമ്പോള്‍മാത്രം ബുര്‍ഖ ധരിക്കുന്ന നായിക നായകന്‍ ഫൈസിയോട് (ദുല്‍ഖര്‍ സല്‍മാന്‍) ഇന്നെന്റെ ലാസ്റ്റ് ഡേ ഓഫ് ഫ്രീഡം ആണ്, നാളെ എന്റെ എംഗേജ്‌മെന്റാ എന്ന് പറയുന്നു. പര്‍ദ്ദയ്ക്കുള്ളിലും ബൂര്‍ഖയ്ക്കുള്ളിലും തളച്ചിട്ട സ്ത്രീ ശാക്തീകരണവും വിവാഹത്തോടെ നഷ്ടപ്പെടുന്ന സ്ത്രീ സ്വാതന്ത്ര്യവും പറഞ്ഞ് ഇസ്്‌ലാമിനെ പരിഹസ്യരായി ചിത്രീകരിക്കുകയാണ് ഈ ചിത്രം.
സാജന്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആമിന ടൈലര്‍സ് (1991) നിരക്ഷരയായ നായിക ആമിന തന്റെ കാമുകന് കത്തെയുതാന്‍ എഴുത്തും വായനയും അച്ചനറിയാതെ പഠിച്ചെടുക്കുന്നു. ക്ലാസ്സ്‌മേറ്റ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ റസിയയും മുരളിയും തമ്മിലുള്ള പ്രണയം തിരിച്ചറിഞ്ഞ റസിയയുടെ ബാപ്പ കോളജില്‍ പോയി റസിയയുടെ ടിസി വാങ്ങുന്നു. ''ബാപ്പ നിങ്ങളെയൊന്നും പഠിപ്പിച്ചിട്ടില്ലെ എന്ന് ചോദിക്കുന്ന പോലീസ് ഓഫിസരോട് നായിക പത്താം ക്ലാസ്സ് വരെ പഠിച്ചിട്ടുണ്ട്. എന്നിട്ടോ എന്ന ചോദ്യത്തിന് ഞങ്ങള്‍ മുസ്്‌ലിം പെണ്‍കുട്ടികളെ പ്രായമായാല്‍ വേഗം കെട്ടിച്ചു വിടും'' ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ബിരിയാണി എന്ന ചിത്രത്തിലെ ഒരു രംഗമാണിത്. മുസ്ലിം വ്യവഹാരങ്ങളില്‍ വിദ്യാഭ്യാസത്തിന് ഒരു പ്രാധാന്യവുമില്ലെന്നും മുസ്ലിം പെണ്‍കുട്ടികള്‍ വിവാഹവും വീടും കുടുംബവുമായി ചുരുങ്ങേണ്ടവരാണെന്നുമുള്ള പ്രവണത ഈ സിനിമകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറിയത്തില്‍ നായിക ആയിഷയും (ഇഷാ തല്‍വാര്‍) വിനോദും (നിവിന്‍ പോളി) തമ്മിലുള്ള പ്രണയം ആയിഷയുടെ വീട്ടിലറിയുമ്പോള്‍ ആയിഷയുടെ ബാപ്പ വിനോദിനെ ലോക്കപ്പിലിടുകയും മകളെയും കൊണ്ട് നാട് വിടുകയും ചെയ്യുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് കഥ തുടരുന്നു. ഷാനവാസ് (ആസിഫ് അലി) വിദ്യാ ലക്ഷ്മി (മമ്ത മോഹന്‍ദാസ്) തമ്മിലുള്ള പ്രണയ വിവാഹവും ഒളിച്ചോട്ടവും അവരെ ഓടിച്ചിട്ട് പിടിക്കുന്നതുമോക്കെയാന്‍ ചിത്രം പറയുന്നത്. ഈ സിനിമകളൊക്കെ മുസ്ലിംകളെ പരമ്പരാഗത പ്രണയ വിരോധികളായി ചിത്രീകരിക്കുക മാത്രമല്ല ഇസ്്‌ലാം വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നും കൂടെ പറഞ്ഞു വെക്കുന്നു.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 2003 പുറത്തിറങ്ങിയ ചിത്രമാണ് കിളിച്ചുണ്ടന്‍ മാമ്പഴം. ആമിനയും (സൗന്ദര്യ)
അബ്ദുവും (മോഹന്‍ലാല്‍) തമ്മില്‍ പ്രണയത്തിലായിരുന്നു. പക്ഷേ ചില സാഹചര്യ വശാല്‍ മൊയ്ദുട്ടി ഹാജിയുടെ (ശ്രീനിവാസന്‍) മൂന്നാം ഭാര്യയാവേണ്ടി വരുന്നതും അവസാനം അവളെ ഹാജ്യാര്‍ മൊഴി ചൊല്ലുകയും നായകന്‍ അബ്ദു അവളെ കല്യാണം കഴിക്കുന്നതുമൊക്കെയാണ് കഥ. നാലുകെട്ടുന്ന മുസ്്‌ലിമിനെ പരിഹസിക്കുന്ന പ്രവണതയാണ് ഇത്. ഒരു പക്ഷെ മുസ്്‌ലംകള്‍ കെട്ടിയതിനെക്കാളും മലയാള സിനിമയിലെ മുസ്്‌ലിംകള്‍ കെട്ടിട്ടുണ്ടാവും. ഭാര്യമാര്‍ക്കിടയില്‍ നീതി പുലര്‍ത്താന്‍ കയ്യുമെങ്കില്‍ നിങ്ങള്‍ മൂന്നോ നാലോ വിവാഹം കഴിച്ചോളൂ, അല്ലാത്ത പക്ഷം നിങ്ങള്‍ ഒരു പെണ്ണിനെ മാത്രം കല്യാണം കഴിക്കുക എന്നാണ് ഇസ്്‌ലാം പഠിപ്പിക്കുന്നത്. സ്ത്രീ സുരക്ഷക്കാണ് ബുര്‍ഖ ധരിക്കണമെന്നും അത്യാവശ്യല്ലാതെ പുറത്തിറങ്ങരുതെന്നും ഇസ്്‌ലാം നിസ്‌കര്‍ഷിക്കുന്നത്.
മാലിക് പറഞ്ഞതും പറയാത്തതും:
ഈ അടുത്ത് അമസോണ്‍ പ്രൈം വഴി റീലീസ് ചെയ്ത മഹേഷ് നാരായണന്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് മാലിക്. ഇരകളെ പ്രതികളാക്കുകയും പ്രതികളെ അന്യവത്കരിക്കുക്കയും ചെയ്യുന്ന ആവിഷ്‌കാരമാണ് മാലിക്. ഗംഭീര സിനിമ.സാങ്കേതിക മികവ് കൊണ്ടും കഥാപാത്ര പൂര്‍ണ്ണത കൊണ്ടുമൊക്കെ ഒട്ടും മുഷിപ്പില്ലാതെ കണ്ടിരിക്കാന്‍ സാധിക്കുന്ന കഥപറച്ചില്‍.
സിനിമയിലെ രമദാപള്ളി എന്ന സ്ഥലം ബീമാപള്ളിയാണെങ്കില്‍ മാലിക് തീര്‍ത്തും ബീമാപള്ളിക്കെതിരെയുള്ള മറ്റൊരു ആക്രമണമാണെന്ന് നിസ്സംശയം പറയാം. 2009 മെയ് 17നാണ് ബീമാപ്പള്ളി വെടിവെപ്പ് നടന്നത്. 16 വയസ്സ് മാത്രമുള്ള ഒരു കുട്ടിയടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. 70 റൗണ്ട് വെടിയുതിര്‍ത്തിട്ടും പരിക്കേറ്റ് വീണവരെ പൊലീസ് പൊതിരെ തല്ലി. 40 റൗണ്ട് ഗ്രനേഡ് പ്രയോഗിച്ചു. തോക്കിന്റെ പാത്തികൊണ്ടാണ് ഒരാളെ തല്ലിക്കൊന്നത് . 52 പേര്‍ക്ക് പരിക്കേറ്റു. അവരില്‍ പലരും ഇന്നും ആ അക്രമത്തിന്റെ വേദന അനുഭവിക്കുന്നു. കൊമ്പ് ഷിബു എന്ന പ്രാദേശിക ഗുണ്ടക്കേതിരെ പോലീസ് കാണിച്ച നിസ്സംഗതയാണ് ഒരു വെടിവെപ്പില്‍ അവസാനിച്ചത്. വി. സ് മുഖ്യമന്ത്രിയായിരിക്കെയാണ് സംഭവം നടക്കുന്നത്. വെടിവെപ്പിന് കാരണക്കാരായ അഭ്യന്തര മന്ത്രി കോടിയരിയേയോ ഇടതു സര്‍ക്കാരോ ഈ ചിത്രത്തിലെവിടെയുമില്ല.
സിനിമയിലേക്ക് വരുമ്പോള്‍, മുസ്്‌ലിം പ്രദേശമായ രമദാപള്ളിയെ കൊളളകടത്തിന്റെയും അധോലോക മാഫിയകളുടെ സങ്കേതമായി ചിത്രീകരിക്കുന്നു. ചന്ദ്രനെ (നിസ്താര്‍ )കൊലപ്പെടുത്തിയ നായകന്‍ സുലൈമാന് (ഫഹദ് ഫാസില്‍) അഭയം കൊടുക്കുന്നത് ലക്ഷദ്വീപ് നിവാസികളാണ്. ക്രിമിനലുകളെ സംരക്ഷിക്കുന്ന ഒളി സങ്കേതമായി ലക്ഷദ്വീപിനെ സിനിമ പരിചയപ്പെടുത്തുന്നു.
കഥ തീര്‍ത്തും ഫിക്ഷണല്‍ ആണെന്ന് ദിസ്‌ക്ലൈമെറില്‍ വാദിക്കുമ്പോയും ചെറിയ തുറക്കാരുടെയും രമദാപള്ളിക്കാരുടെയും കഥ പറയുന്ന മാലിക്കില്‍ ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയെ ഒള്ളൂ. രമദാപള്ളിക്കാരുടെ ഇസ്്‌ലാം യൂണിയന്‍ ലീഗ്. പച്ച കൊടിയുള്ള മുസ്്‌ലിം പാര്‍ട്ടി. അണികളെ ഇടക്കിടെ കൂലൂ തക്ബീര്‍ പറയുകയും ജനങ്ങളുടെ രോഷം ഇളക്കി വിടുകയും ചെയ്യുന്ന അബൂബക്കര്‍ (ദിലീഷ് പോത്തന്‍) രാഷ്ട്രീയ നേതാവ്. ബദരി കടപ്പുറത്തുകാര്‍ക്ക് പ്രത്യേക പാര്‍ട്ടിയൊന്നുമില്ല. സ്വാഭാവികമായും വര്‍ഗ്ഗീയത പ്രചരിപ്പിക്കാത്തവര്‍. മുസ്്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നവരാണെന്നും തക്ബീര്‍ ധ്വനികളെ തീവ്രവാദമായി ചാപ്പ കുത്താനുമുള്ള സംവിധായകന്റെ ശ്രമങ്ങളെയൊന്നും ഫിക്ഷണലെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ കയ്യില്ല. മുസ്്‌ലിം പള്ളിയില്‍ അന്യമതസ്ഥര്‍ക്ക് അഭയം കൊടുക്കാത്ത ചരിത്രമൊന്നും കേരളത്തിലില്ല. ആവശ്യംവരുമ്പോഴൊക്കെ ആയുധമെടുക്കാനൊന്നും ഇസ്ലാം പറയുന്നുമില്ല. പക്ഷേ മാലികില്‍ അതുണ്ട്. പോരാഞ്ഞിട്ട് തോക്കുകള്‍ ഇറക്കുമതി ചെയ്യുന്ന മുസ്്‌ലിം, മുസ്ലിംകളുടെ കയ്യില്‍ മാത്രമുള്ള തോക്കുകള്‍ ഇതൊക്കെ സൃഷ്ടിച്ചെടുക്കുന്ന പൊതുബോധം മുസ്്‌ലിം സമൂഹത്തെ എങ്ങനെ വിലയിരുത്തും.
'ലഹള പോലീസ് ഉണ്ടാക്കിയതാണെന്നും അല്ലാതെ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ യാതൊരു സ്പര്‍ദ്ധയും ഉണ്ടായിരുന്നില്ല' സിനിമ പറഞ്ഞു വെച്ച സത്യസന്ധമായ ഈ സന്ദേശമല്ലതെ സത്യസന്ധമായ ഒന്നും സിനിമയിലില്ല. വെടിവെപ്പ് സംബന്ധിയായ ഒരു പുസ്തകവും ഇത് വരെ രചിക്കപ്പെട്ടിട്ടില്ല. സര്‍ക്കാറിന്റെ റിപ്പോര്‍ട്ട് പോലും പുറത്ത് വന്നിട്ടില്ല. വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോയ ബീമാപള്ളി വെടിവെപ്പ് ഒരുപക്ഷേ ഇനി വായിക്കാന്‍ പോവുന്നത് രമദാപള്ളിയായിട്ടായിരിക്കും. വളരെ ക്രിയാതമകമായ രീതിയില്‍ പ്രതികരിക്കണം.
മെറിനയെ സെമീറയാക്കിയ (പാര്‍വ്വതി തിരുവോത്ത്) മഹേഷ് നാരായണന്‍ ചിത്രം ടേക്ക് ഓഫിലും ഇസ്ലാമോഫോബിയ വളരെ ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട്. ഇറാഖില്‍ നിന്ന് മോചിതരായ നയ്‌സുമാരില്‍ ഒരാള്‍ പോലും മുസ്ലിമല്ല എന്നറിയുമ്പോയാണ് സമീറ എന്ന മുസ്ലിം കഥാപാത്ര സൃഷ്ടിയിലൂടെ നടത്തുന്ന മുസ്്‌ലിം വിരുദ്ധതയുടെ ആഴം മനസ്സിലാവുക.
തിരുത്തപ്പെടേണ്ട മുസ്്‌ലിം ഐഡന്റിറ്റി
ഈയടുത്ത് മലയാളത്തില്‍ പുറത്തിറങ്ങിയ, സകരിയ സംവിധാനം ചെയ്ത 'ഹലാല്‍ ലൗ സ്റ്റോറി' എന്ന സിനിമയും, ഹര്‍ഷദിന്റെയും മുഹ്സിന്‍ പരാരിയുടെയും നേതൃത്വത്തില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്നതായി അനൗണ്‍സ് ചെയ്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള സിനിമയും ഉണ്ടാക്കിയ ചില ചര്‍ച്ചകളും വിവാദങ്ങളും മലയാള സിനിമയില്‍ മുസ്്‌ലിം സാമൂഹിക സാംസ്‌കാരിക പരിസരങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ പ്രേക്ഷകവൃന്ദം അതിനെങ്ങനെ സ്വീകരിക്കുന്നു എന്ന് മനസ്സിലാക്കിതരുന്നുണ്ട്. മുസ്്‌ലിം സ്വത്വം വീണ്ടെടുക്കുന്ന ശ്രമങ്ങളെ അപ്പാടെ നുള്ളി കളയുന്ന സംഘ്പരിവാര്‍ പ്രവണത തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. ഇതിനും മുമ്പും ബയോപിക് സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. മുസ്്‌ലിം സ്വതന്ത്ര സേനാനിയും തികഞ്ഞ രാജ്യസ്‌നേഹിയുമായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം വെള്ളിത്തിരയിലെത്തന്നതോടെ മുസ്്‌ലികളെ രാജ്യദ്രോഹികളാക്കുന്ന സംഘപരിവാര്‍ നീക്കങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുമെന്ന ഭയത്തിലായിരിക്കാം ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും സിനിമയുടെ റീലീസ് തടയുന്നതും.
കീര്‍ത്തി ചക്രയിലും കുരുക്ഷേത്രയിലുമായി, ഇന്ത്യയിലുള്ള അപൂര്‍വ്വം മുസ്ലിം സൈനികരുടെ രാജ്യസ്നേഹം പ്രദര്‍ശിപ്പിച്ച് ഇന്ത്യന്‍ മുസ്ലിമിന്റെ 'യശസ്സുയര്‍ത്താനുള്ള' ശ്രമങ്ങളുമുണ്ടായി.
ഈയടുത്ത് മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ഗഘ10പത്ത്. ചില അപാകതകള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും സവര്‍ണ്ണയുക്തിബോധങ്ങള്‍ സൃഷ്ടിച്ചെടുത്ത വലയങ്ങളില്‍ ഒതുങ്ങി പോയ മുസ്ലിം കഥാപാത്രങ്ങളെ സത്യസന്ധമായി അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു ഈ സിനിമ. മലപ്പുറം പശ്ചാത്തലത്തിലാണ് സിനിമ പിടിച്ചത്. യഥാര്‍ത്ഥ മുസ്ലീം സൗഹൃദവും കാല്‍ പന്ത് കളിയോടുള്ള മലപ്പുറത്തുകാരുടെ അധിനിവേശവും മുസ്ലിംകള്‍ കാത്തു സൂക്ഷിക്കുന്ന നൈതികമാനങ്ങളും രാഷ്ട്രീയമായി വേര്‍തിരിഞ്ഞിരിക്കുമ്പോയും അവര്‍ തമ്മിലുള്ള സ്‌നേഹ ബന്ധവുമെല്ലാം സിനിമയില്‍ ഗംഭീരമായി ആവിഷ്‌കരിക്കുന്നുണ്ട്. മലപ്പുറത്തുകാരന്‍ മലപ്പുറത്തെ കഥ പറഞ്ഞപ്പോള്‍ ഉണ്ടായ മാറ്റം. മുഹ്‌സിന്‍ പരാരി കഥ എഴുതി സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലും ഇത്തരം മുസ്ലിം വിരുദ്ധ പരമ്പരാഗത വാര്‍പ്പുമാതൃകകളെ പൊളിച്ചെഴുതാനുള്ള ശ്രമങ്ങളുണ്ട്. മലയാള സനിമയില്‍ കൊള്ളാത്തതെന്ന് വിലയിരുത്തപ്പെട്ട ആചാരാനുഷ്ടാനങ്ങളെ വളരെ പോസിറ്റീവായാണ് ചിത്രം കാണിക്കുന്നത്.
സിനിമ ഒരു മാധ്യമമാണ്. മുസ്ലിമിനെ പൈശാചികവത്ക്കരിക്കുക എന്ന അധിനിവേശ തന്ത്രത്തിന്റെ ഈ പ്രതിനിധാനങ്ങള്‍ ഉത്പാദിപ്പിക്കുന്ന പൊതുബോധം ഇസ്്‌ലാമിനെയും മുസ്്‌ലിംകളെയും എങ്ങനെ ചിത്രീകരിക്കും? വളരെ ക്രിയാത്മകമായി അതെ നാണയത്തില്‍ പ്രതികരിച്ചില്ലെങ്കില്‍ അത് സൃഷ്ടിച്ചെടുക്കുന്ന വിപത്തുകള്‍ ചെറുതൊന്നുമാവില്ല. (ഇസ്്‌ലാം നിര്‍ദേശിക്കുന്ന നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ ചില ചിത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള സമയം അതിക്രമിച്ചിരക്കുന്നു എന്നാണ് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം.)
മുസവ്വിര്‍ തൃപ്പനച്ചി

0 Comments