മാതൃകാ യോഗ്യനായ മുദരിസ്





ശൈഖുനാ ഉസ്താദിനെകുറിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡൻറ് എം. ടി അബ്ദുല്ല മുസ്ലിയാര്‍ പനങ്ങാങ്ങര എഴുതിയത്.


        ബഹു: സമസ്ത കേരള ജംഇയത്തുല്‍ ഉലമാ കേന്ദ്ര മുശാവറാ അംഗവും ഫത് വ കമ്മിറ്റി മെമ്പറുമായിരുന്നു ബഹു: നിറമരുതൂര്‍ മരക്കാര്‍ മുസ് ലിയാരുടെ വിയോഗം സമസ്തക്കും സമൂഹത്തിനും വലിയ നഷ്ടമാണ്. ഒരു പണ്ഡിതനുണ്ടാവേണ്ട എല്ലാ ഗുണങ്ങളും അദ്ധേഹത്തില്‍ ഉണ്ടായിരുന്നു.

1. ഓരോ കാര്യവും കൃത്യമായി മനസ്സിലാക്കുക

2. മറ്റുള്ളവരോടുള്ള വാക്കിലും പ്രവര്‍ത്തിയിലും വിശ്വസ്ഥനായിരിക്കുക

3. എല്ലാവര്‍ക്കും ഗുണം കാംക്ഷിക്കുക

ഇതു പ്രവചകന്മാരുടെ ഗുണങ്ങളാണ് ഇത്തരം ഗുണങ്ങള്‍ ഒത്തു ചേര്‍ന്ന പണ്ഡിതന്മാരാണ് അമ്പിയാക്കളുടെ അനനന്തരാവകാശികള്‍. നസബ നന്നായിരിക്കുക എന്നതും പവാചകന്മാരുടെ ഗു ണങ്ങളില്‍ പെട്ടതാണല്ലോ? ഏറ്റവും നല്ല ഗോത്രങ്ങളില്‍ നിന്നാണ് പ്രവാചകന്മാരെ നിയോഗിക്കപ്പെടുക എന്ന് നബി (സ) പറഞ്ഞതായി ഇമാം ബുഖാരി (റ) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മരക്കാര്‍ മുസ്ലിയാരെ സംബന്ധിച്ചെടുത്തോളം ഇക്കാര്യത്തിലും വലിയ ഭാഗ്യവാനാണ്. അദ്ദേഹത്തിന്റെ പിതാവ് നിറഞ്ഞ പണ്ഡിതനും ഫഖീഹും സൂഫീ വര്യനുമായിരുന്നു. ചെറുപ്പം മുതല്‍ക്കെ അച്ചടക്കത്തോടെ പഠനത്തില്‍ മിടുക്കനായിരുന്നു മരക്കാര്‍ മുസ്ലിയാര്‍.

        പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്നാണ് ഞങ്ങള്‍ തമ്മില്‍ ബന്ധം തുടങ്ങുന്നത്. 6 ാം ക്ലാസില്‍ ചേര്‍ന്ന അന്നു മുതല്‍ മുത്വവ്വല്‍ പൂര്‍ത്തിയാക്കുന്നത് വരെയുള്ള നാല് വര്‍ഷവും പഠനത്തിലും പരീക്ഷയിലും മിടുക്കനായിരിന്നു. മുത്വവ്വല്‍ ഫൈനലില്‍ 125 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. അതില്‍ ഫസ്റ്റ് റാങ്ക് ലഭിച്ചത് അദ്ദേഹത്തിനായിരുന്നു. ഞങ്ങളുടെ സഹപാഠികളില്‍ പലരും നൂറുല്‍ ഉലമ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായപ്പോള്‍ മരക്കാര്‍ മുസ്ലിയാരുടെ ശ്രദ്ധ മുഴുവനും ഓരോ ദിവസവും വന്ദ്യരായ ഉസ്താദുമാരില്‍ നിന്ന് ലഭിക്കുന്ന അറിവുകള് വേണ്ട പോലെ ഗ്രഹിക്കുകയും അത് സഹപാഠികള്‍ക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക എന്നതിലായിരുന്നു. അദ്ദേഹത്തിന്റെ റൂമില്‍ ക്ലാസിലെ നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് കൂടുകയും ഒരോ ദിവസത്തേയും ക്ലാസുകള്‍ അവര്‍ക്ക് വായിച്ചോതി കൊടുക്കുകയുമായിരുന്നു പതിവ്. ആശയങ്ങള്‍ ഗ്രഹിക്കുവാനും അത് മറ്റുള്ളവര്‍ക്ക് ഗ്രഹിപ്പിക്കുവാനും വലിയ കഴിവായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

        ജാമിഅയില്‍ നിന്ന് വിട്ട ശേഷം മരണം വരെ അദ്ദേഹം ദര്‍സില്‍ മുഴുകി. നിരവധ പണ്ഡിതന്മാരെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ വഅള് മജിലിസുകള്‍ ആത്മീയതയുടെ പൂന്തോപ്പായിരന്നു. അനവധി ദുആ മജ്‌ലിസുകള്‍ക്കും ദിക്‌റ്, സ്വലാത്ത് മജ്‌ലിസുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ഞാന്‍ ഖാസിയായ കെ. പുരം മഹല്ലത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സ്വലാത്ത് മജ്‌ലിസ് തുടങ്ങി. അതിന്റെ നേതൃത്വം അയല്‍വാസി കൂടിയായ അദ്ദേഹം ഏറ്റെടുത്തപ്പോള്‍ എനിക്ക് വലിയ ആശ്വാസവും സന്തോഷവുമായി. വളര്‍ച്ചയുടെ പടവുകളിലൂടെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഉന്നത അധികാര സഭയായ കേന്ദ്ര മുശാവറയില്‍ അദ്ദേഹം എത്തുകയുണ്ടായി. ശേഷം സമസ്ത ഫത് വ കമ്മിറ്റിയിലും അദ്ദേഹം അംഗമായി. മുശാവറയിലും ഫത് വ കമ്മിറ്റിയിലും അദ്ദേഹത്തിന്റെ സാന്നിധ്യം വളരെ ഉപകാരപ്രദമായിരുന്നു വഫാത്തിന്റെ തൊട്ടുമുമ്പുള്ള ഫത് വ കമ്മിറ്റിയില്‍ അദ്ദേഹം ഹോസ്പിറ്റലിലായിരുന്നു. അതിന്ന് തൊട്ടു മുമ്പുള്ള ഫത് വ കമ്മിറ്റി മീറ്റിങ്ങില്‍ വളരെ സന്തോഷത്തില്‍ ഞങ്ങള്‍ പിരിഞ്ഞതായിരുന്നു. പിന്നീട് ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലായ സമയാത്താണ് കണ്ടത്. വഫാത്തിനു ശേഷം അദ്ദേഹത്തിന്റെ വേര്‍പാട് മൂലം എല്ലാ മേഖലയിലും നമിക്കുണ്ടായ നഷ്ടം അള്ളാഹു നികത്തിത്തരുമാറാവട്ടെ അദ്ദേഹത്തെയും നമ്മെയും കുടംബത്തോടും ശിഷന്മാരോടും മറ്റു ബന്ധപ്പെട്ടവരോടും കൂടെ മഹാന്മാരോടൊപ്പം സ്വര്‍ഗത്തില്‍ അള്ളാഹു ഒരുമിച്ച് കൂട്ടിത്തരട്ടെ.

🖋എം. ടി അബ്ദുല്ല മുസ്ലിയാര്‍ പനങ്ങാങ്ങര


Post a Comment

0 Comments