അഭയമായിരുന്നു ശൈഖുനാ


 
    സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ്  മരക്കാർ ഫൈസിയുമായി ഇസ്ലാഹുൽ ഉലൂം പ്രൻസിപ്പൾ ഉസ്താദ് അബ്ധുസ്സമദ് ഫൈസി നടത്തിയ സംഭാഷണത്തിൽ നിന്ന്.


ശൈഖുനയുമായുള്ള ബന്ധത്തില്‍ നിന്ന് തന്നെ തുടങ്ങാം


         മദ്രസ അഞ്ചാം ക്ലാസ് വരെ ഉമ്മയുടെ നാടായ കാച്ചിങ്ങാട്ടിലായിരുന്നു ഞാന്‍ പഠനം നടത്തിയിരുന്നത്. ശേഷം പിതാവ് സി.എം ഉസ്താദിന്റെ താല്‍പര്യ പ്രകാരം താനൂരിലേക്ക് വന്നു. 1971-72 കാലഘട്ടത്തിലായിരുന്നു  താനൂരിലേക്കുള്ള വരവ്. മദ്രസയിലും സ്‌കൂളിലും എന്നെ ആറാം ക്ലാസില്‍ ചേര്‍ത്തു. ബീരാന്‍ കുട്ടി ഉസ്താദായിരുന്നു അന്ന് ഇസ്ലാഹിലെ മുദരിസ്. മദ്രസാ സ്‌കൂള്‍ പഠനത്തോടൊപ്പം ഉസ്താദിന്റെ ദര്‍സിലും പങ്കെടുക്കുമായിരുന്നു. ജാമിഅയ്യിലെ പഠന ശേഷം പിതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ശൈഖുനാ മരക്കാര്‍ ഉസ്താദ് ഇസ്‌ലാഹിലെത്തുന്നത്. ഇസ്ലാഹില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്രസയിലെ ഉസ്താദുമാരായിരുന്നു ശൈഖുനായുടെ അന്നത്തെ ശിഷ്യന്‍മാര്‍. മദ്രസാധ്യാപനത്തിനു ശേഷം ഉസ്താദിന്റെ ദര്‍സില്‍ പങ്കെടുക്കലായിരുന്നു പതിവ്. ദര്‍സിലെ ശിഷ്യന്മാര്‍ അംഗുലി പരിമിതമായിരുന്നു. ഉസ്താദ് ദര്‍സ് മുന്നോട്ട് കൊണ്ട് പോകാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല. തുടര്‍ന്ന് ശംസുല്‍ ഉലമയുടെ നിര്‍ദേശപ്രകാരം കരിങ്കനാട്ട് ദര്‍സിലേക്ക് മാറി. കരിങ്കനാട് മഹല്ല് പ്രതിനിധികള്‍ ഒരു മുദരിസിനെ അന്വേഷിച്ച് ജാമിഅയില്‍ വന്ന് ശംസുല്‍ ഉലമയെ സമീപിച്ചപ്പോഴായിരുന്നു നിര്‍ദ്ദേശം.

കരിങ്കനാട് ദര്‍സ് അനുഭവങ്ങള്‍?

         ഞാന്‍ മദ്രസ സ്‌കൂള്‍ ആറാം തരം പൂര്‍ത്തിയാക്കിയതിന്ന് ശേഷം 1973-20-08 ന് മരക്കാര്‍ ഉസ്താദിന്റെ ദര്‍സില്‍ ചേര്‍ന്നു.  കുഞ്ഞിമോന്‍ മുസ്‌ലിയാരുള്‍പ്പെടെ ഞങ്ങള്‍ മൂന്ന് പേര്‍ ഒരുമിച്ചായിരുന്നു കരിങ്കനാട്ടേക്ക് യാത്ര തിരിച്ചത്. ബീരാന്‍കുട്ടി ഉസ്താദ് ഉപ്പയോട് സമദിനെ അങ്ങോട്ട് പറഞ്ഞയക്കണം കിതാബോതി പഠിക്കട്ടെ എന്ന് നിര്‍ദ്ദേശിച്ചിരുന്നു. ശൈഖുന അവിടെ ദര്‍സ് തുടങ്ങി ആറുമാസത്തിന് ശേഷമാണ് ഞാന്‍ അവിടെ ചേരുന്നത്. ഇരുപതിലതികം കുട്ടികളുണ്ടായിരുന്നു അന്നവിടെ. താനൂരില്‍ ചേരാന്‍ വന്നിരുന്ന കുട്ടികളെല്ലാം കരിങ്കനാട് ദര്‍സില്‍ ചേര്‍ന്നു. രണ്ടര വര്‍ഷമാണ് ശൈഖുനാ അവിടെ ദര്‍സ് നടത്തിയത്.

 ദര്‍സിലെ ഭക്ഷണ രീതികള്‍?


    ഏറെ പ്രാരബ്ദങ്ങള്‍ നിറഞ്ഞ കാലഘട്ടമായിരുന്നു അന്ന്. രാത്രി കഞ്ഞിയും ഗോതമ്പ് ചോറും രാവിലെ ചക്കരച്ചായയും നാസ്ത ദോശയുമാണ് പതിവ്. അന്ന് പത്ത് പൈസയാണ് ചായയ്ക്കും ദോശക്കും. ഏകദേശം ഒന്നര കിലോമീറ്റര്‍ ചിലവ് വീട്ടിലേക്ക് നടക്കാനുണ്ടായിരുന്നു ചിലവ് വീട്ടിലേക്ക്. ഞാനൊക്കെ അധിക ദിവസവും  രാത്രി ചിലവ് വീട്ടില്‍ കിടക്കുമായിരുന്നു. കരന്റ്, ടോര്‍ച്ച് വ്യാപകമാകാത്ത കാലമായതിനാല്‍ കറുമത്തിയുടെ തണ്ടില്‍ മണ്ണെണ്ണ ഒഴിച്ച് അവ കൊണ്ട് വിളക്കുണ്ടാക്കിയോ ചൂട്ടു കത്തിച്ചോയാണ് ചിലവ് വീട്ടില്‍ പോകാറുള്ളത്. ഓത്തിനായി പള്ളിയില്‍ പെട്രോമാകസുമുണ്ടായിരുന്നു. പഠനകാലത്ത് ആദ്യമായി ബിരിയാണി കഴിച്ചത് കരിങ്കനാട്ടിലെ ഒരു ഗള്‍ഫുകാരന്റെ കല്യാണത്തിനാണ്. 

 ദര്‍സീരംഗത്തുള്ള ഉസ്താദിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍?


    അ കരിങ്കനാട്ട് ദര്‍സില്‍ നിന്ന് കോട്ടക്കലിനടുത്ത് പാറപ്പുറത്തേക്ക്് മാറിയപ്പോഴായിരുന്നു ഉസ്താദിന്റെ ദര്‍സ് കേരളത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. തിരുവനന്തപുരം, വയനാട് ജില്ലകളില്‍ നിന്നും പഠിതാക്കളായ വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു. ശൈഖുന ഒരിക്കല്‍ ചാപ്പനങ്ങാടി ഉസ്താദിന്റെ ദിക്‌റ് വാര്‍ഷികത്തിന് വാളായൂരില്‍ പ്രഭാഷണം നടത്തി. ഈ പ്രഭാഷണം ചാപ്പനങ്ങാടിക്ക് ഇഷ്ടപ്പെട്ടു. ഉസ്താദിന്റെ പ്രഭാഷണത്തിലെ അതുല്യത തിരിച്ചറിഞ്ഞ ബാപ്പു മുസ്ലിയാര്‍ പാറപ്പുറം ദിക്‌റ് വാര്‍ഷികത്തിന് ഒരാഴ്ച്ചത്തെ പ്രഭാഷണം നടത്താന്‍ ക്ഷണിച്ചു. പ്രഭാഷണ പരമ്പരക്കിടയില്‍ ഉസ്താദിന് ഇവിടെ ദര്‍സ് നടത്തിക്കൂടെ എന്ന ഒരു ചര്‍ച്ച വന്നു. ഉസ്താദിന്ന് വളരെ താല്‍പര്യമായി. കാരണം ഉപ്പ ബീരാന്‍ കുട്ടി മുസ്ലിയാര്‍ സുഖമില്ലാതെ കിടപ്പിലാണ്, കൂടാതെ സ്വദേശമായ തിരൂരിനടുത്തും. വീട്ടില്‍ ഇടക്കിടക്ക് പോകാനും വാപ്പയെ ശുശ്രൂഷിക്കാനും ഇതായിരുന്നു സൗകര്യം.  അതു കൊണ്ട് തന്നെ പാറപ്പുറം ദര്‍സിലേക്ക് മാറാന്‍ തീരുമാനിച്ചു. കരിങ്കനാട്ട് ദര്‍സില്‍ നിന്നുള്ള യാത്രയയപ്പ് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. സത്രീകളും കുട്ടികളും കരയുന്ന ആ രംഗം എന്റെ മനസ്സില്‍ തളം കെട്ടി നില്‍ക്കുന്നു. നാട്ടില്‍ ഉസ്താദിന്ന് അത്രയും സ്വാധീനം ഉണ്ടായിരുന്നു. കോട്ടക്കലിലേക്ക് ഉസ്താദ് മാറിയപ്പോള്‍ ഏകദേശം എഴുപതോളം കുട്ടികളുണ്ടായിരുന്നു. അവിടെ നിന്നാണ് ഞാന്‍ കൂടുതല്‍ കിതാബുകള്‍ ഓതിയത്. ഉസ്താദിന്റെ പ്രഭാഷണവും വ്യക്തി ജീവിതവും കേട്ടറിഞ്ഞ് തെക്കന്‍ കേരളത്തില്‍ നിന്നും വടക്കന്‍ കേരളത്തില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ ഉസ്താദിന്റെ ദര്‍സില്‍ പഠിതാക്കളായി എത്തി. 

പിന്നീട് ചെമ്മങ്കടവില്‍ ഒരു വര്‍ഷവും പള്ളിക്കാഞ്ഞിരത്തില്‍ ഏതാനും വര്‍ഷവും ദര്‍സ് നടത്തി. ഒരു വ്യാഴ വട്ടക്കാലം ഉസ്താദില്‍ നിന്ന് ജ്ഞാനം നുകരാന്‍ സാധിച്ചുവെന്നത് ജീവിതത്തിലെ മഹാ സൗഭാഗ്യമായി കാണുന്നു.

                                                      

 ഉസ്താദിന്റെ ദര്‍സിന്റെ സവിശേഷതകളെ കുറിച്ച്?


    മത പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ഉസ്താദ് പ്രോല്‍സാഹനം നല്‍കി. ദര്‍സിലെ വിദ്യാര്‍ഥികളുടെ സര്‍ഗാത്മക ശേഷി വര്‍ധിപ്പിക്കാന്‍ 'ഈഖാളു ത്ത്വലബ' എന്ന പേരില്‍ സാഹിത്യ സമാജം സംഘടിപ്പിച്ചിരുന്നു. ബഹുവന്ദ്യരായ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരായിരുന്നു നാമകരണം ചെയതത്. സമാജത്തിന് കീഴില്‍ ആഴ്ചയില്‍ ഒരു ദിവസം സാഹിത്യോത്സവം നടത്തപ്പെടുകയും കൂടാതെ ഓരോ മാസവും കയ്യെഴുത്തു മാസിക പുറത്തിറക്കുകയും ചെയ്യാറുണ്ടായിരുന്നു.


 ദര്‍സീ കാലഘട്ടത്തിലെ രസകരമായ അനുഭവങ്ങള്‍?

      ഞങ്ങള്‍ കാച്ചിനിക്കാട്ട് പഠിക്കുന്ന സമയത്തുണ്ടായ ഒരു അനുഭവം പറയാം. എന്റെ ഉപ്പയും ഉസ്താദിന്റെ ഉപ്പയും തമ്മില്‍ നല്ല വ്യക്തി ബന്ധമുണ്ടായിരുന്നു. അതിനാല്‍ എല്ലാ കാര്യങ്ങളും ഉസ്താദിന്റെ നിയന്ത്രണത്തിലായിരുന്നു. അതിനാല്‍ നാട്ടില്‍ പോകാനുള്ള ബസ് ചാര്‍ജ്ജ് ഉസ്താദിന്റെ പക്കല്‍ കൊടുക്കലായിരുന്നു പതിവ്. ഞങ്ങളുടെ ദര്‍സില്‍ ഞാനും ഹംസയും ചെറിയ വിദ്യാര്‍ത്ഥികളായിരുന്നതിനാല്‍ ജാമിഅ സമ്മേളനത്തിനോ മറ്റു സമ്മേളനങ്ങള്‍ക്കോ ഞങ്ങളെ കൊണ്ട് പോകല്‍ പതിവില്ലായിരുന്നു. സമ്മേളനത്തിന് എങ്ങനെയെങ്കിലും പോകണമെന്ന് തീരുമാനിച്ചു. പക്ഷെ ബസ് ചാര്‍ജ്ജ് ഉണ്ടായിരുന്നില്ല. ലീവിന് നാട്ടില്‍ പോകാനുള്ള ബസ് ചാര്‍ജ്ജിന് കത്തെഴുതാറാണ് സാധാരണ പതിവ്. കത്തില്‍ നാട്ടില്‍ പോകാനാവിശ്യമായ 'സിത്തത്ത്' (ആറു രൂപ) 'അശറത്ത്' (പത്ത് രൂപ) ആക്കി മാറ്റി. ലീവ് കഴിഞ്ഞ് ശൈഖുന മടങ്ങിവന്നപ്പോള്‍ ഏതോ ഒരു വിഷയത്തില്‍ ക്ലാസിനിടയില്‍ സിത്തത്ത് അശറ ആയാല്‍ എങ്ങനെയുണ്ടാവുമെന്നുള്ള ഒരു അപ്രതീക്ഷിത ചോദ്യം ഉയര്‍ന്നത്. അപ്പോഴാണ് ഉസ്താദ് അറിഞ്ഞിട്ടുണ്ടെന്ന്  എനിക്ക് മനസ്സിലായത്. 

മറ്റൊരു രസകരമായ അനുഭവം ഉസ്താദ് വിദ്യാര്‍ത്ഥികളെ പ്രഭാഷണ രംഗത്ത് വളര്‍ത്തിക്കൊണ്ട് വരുന്നതില്‍ അതീവ തല്‍പരനായിരുന്നു, വഅള് ഏറ്റെടുത്ത വിദ്യാര്‍ത്ഥികളെ അതിന്ന് അയക്കല്‍ പതിവായിരുന്നു. ഒരിക്കല്‍ എന്നെ തിരൂരിനടുത്തേക്ക് അയച്ചു, വേദിയിലിരിക്കെയാണ് പ്രഭാഷണത്തിന്റെ വിഷയം ലഭിച്ചത്. 'യുവാക്കളും ധാര്‍മിക ബോധവും' എന്നായിരുന്നു വിഷയം. ഞാന്‍ നേരത്തെ പഠിച്ചിരുന്ന പ്രഭാഷണം 'യുവാക്കളെ' എന്ന് ഇടക്കിടക്ക് വിളിച്ച് അഭിസംബോധനം ചെയ്ത് 'ധാര്‍മ്മിക ബോധം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. അങ്ങനെ'യുവാക്കളും ധാര്‍മ്മിക ബോധവും' എന്ന വിഷയം  സമര്‍ഥിക്കാന്‍ ശ്രമിച്ചു.


 താനൂരിലേക്കുള്ള ശൈഖുനായുടെ തിരിച്ചു വരവും ഇസ്‌ലാഹുമയാുളള ബന്ധവും?

      ഞാന്‍ താനൂര്‍ ഇസ്ലാഹില്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കെ താനൂരിലെ എസ്.വൈ.എസ്, എസ്.എം.എഫ് സംഘടനകളുടെ നേതൃപദവിയില്‍ ഞാനുണ്ടായിരുന്നു. മീറ്റുങ്ങുകള്‍ക്കോ പ്രോഗ്രാമുകള്‍ക്കോ ഉസ്താദിനെ ക്ഷണിക്കുമ്പോള്‍ 'എടാ സംഘടനയുമായി ഇറങ്ങിയാല്‍ ദര്‍സ് മുടങ്ങും,  അത് നമ്മില്‍ അറിവ് പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥികളോടുള്ള വഞ്ചനയാണ്' എന്നായിരുന്നു പറയാറുള്ളത്. ആദ്യ കാലങ്ങളില്‍ ഉസ്താദ് ഇസ്‌ലാാഹുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടതല്‍ സജീവമായിരുന്നില്ല. യോഗങ്ങളില്‍ പങ്കെടുക്കുക മാത്രമായിരുന്നു. പിന്നീട്, ഇസ്‌ലാഹിന്റെ കമ്മിറ്റി യോഗത്തില്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിവരം ഉസ്താദിനെ ബഹാഉദ്ദീന്‍ ഉസ്താദ് വിളിച്ചറിയിച്ചു. തുടര്‍ന്നുള്ള ഉസ്താദിന്റെ ഇസ്ലാഹുമായുള്ള ബന്ധം നിസ്തുലമായി.  ഉസ്താദ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുമ്പോള്‍ വാണിയന്നൂരിലായിരുന്നു ദര്‍സ്. ജനങ്ങള്‍ക്കിടയില്‍ ഗ്രൂപ്പിസം വ്യാപകമായപ്പോള്‍ ഉസ്താദ് ആത്മീയ ദര്‍സിലേക്ക് മാറി. എല്ലാ ദര്‍സുകളും ഉപേക്ഷിച്ച് ഇസ്‌ലാഹില്‍ ദര്‍സ് നടത്തണമെന്ന് പറയാറുണ്ടായിരുന്നു. ആത്മീയ ദര്‍സ് ചില സാങ്കേതിക കാരണത്താല്‍ ഒഴിവാക്കേണ്ടിവന്നതില്‍ ഉസ്താദ് അതീവ ദുഖിതനായിരുന്നു. ജീവിതകാലം മുഴുവന്‍ ദീനി ഖിദ്മത്തിലായിരിക്കണമെന്നായിരുന്നു ഉസ്താദിന്റെ ആഗ്രഹം.

ഒരിക്കല്‍ ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ ഇസ്‌ലാഹില്‍ ദര്‍സ് നടത്താനുളള താല്‍പര്യം ഉസ്താദ് പങ്കുവെച്ചു. ഒരു റമദാനിന്റെ മുമ്പായിരുന്നു അത്്. തുടര്‍ന്നുള്ള കമ്മിറ്റി യോഗത്തില്‍ ഹൈദറലിക്ക ഉസ്താദിനെ ഇസ് ലാഹിലേക്ക് ക്ഷണിച്ച വിവരം അവതരിപ്പിച്ചു. ഈ നടപടി എല്ലാവരും സ്വാഗതം ചെയ്തു. ഉസ്താദ് ഇസ്‌ലാഹില്‍ അധ്യാപകനായി നിയോഗിക്കപ്പെട്ടപ്പോഴും ഞാന്‍ തന്നെയായിരുന്നു പ്രിന്‍സിപ്പാള്‍. ശിഷ്യനായ എന്നില്‍ നിന്ന് ശൈഖുനാക്ക് അനിഷ്ഠമായ വല്ലതും സംഭവിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. അല്‍ഹംദുലില്ലാഹ,് ഉസ്താദിന് എന്നില്‍ നിന്നോ ഉസ്താദില്‍ നിന്ന്് എനിക്കോ വിഷമിപ്പിക്കുന്ന ഒന്നും സംഭവിച്ചിട്ടില്ല. പലപ്പോഴും എന്റെ അധ്യാപനം വിദ്യാര്‍ത്ഥികള്‍ക്കും കമ്മിറ്റി ഭാരവാഹികള്‍ക്കും സംതൃപ്തമാണോ എന്ന് ചോദിക്കാറുണ്ടായിരുന്നു. 'ഇസ്‌ലാഹിലെ വിദ്യാര്‍ത്ഥികള്‍ എപ്പോഴും വേഷവിധാനം കാത്തു സൂക്ഷിക്കുന്നവരാണ്, ദീനീകിതാബിലും പ്രസ്ഥാനത്തിനോട് കൂറുപുലര്‍ത്തുന്നതിലും ഹുദവീ സിലബസിലെ വിദ്യാര്‍ത്ഥികള്‍ മറ്റു വിദ്യാര്‍ത്ഥികളേക്കാള്‍ ഒരു പടി മുമ്പിലാണ്' എന്ന് പലപ്പോഴും പറയാറുണ്ടായിരുന്നു.

 അവസാനമായി പഠനശേഷം ശിഷ്യന്മാരുമായുള്ള ബന്ധം?

    ശിഷ്യാന്മാരുമായി ഉസ്താദ് അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. ഉസ്താദിന്റെ ദര്‍സില്‍ നിന്ന് ഒഴിഞ്ഞ് പോയവരെയും പഠനം പൂര്‍ത്തിയാക്കിയവരെയും ഉസ്താദ് ഒരു പോലെ സ്‌നേഹിച്ചിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ ഞങ്ങള്‍ ഈഖാളു ത്വലബക്ക് കീഴില്‍ ഉസ്താദിനോടൊത്ത് സംഗമിച്ചിരുന്നു.

🖋അബ്ദുസ്സമദ് ഫൈസി മക്കരപ്പറന്പ്

Post a Comment

0 Comments