ഇലാഹിലലിഞ്ഞ് ഈമാനിന്റെ പൊരുളറിഞ്ഞ് സംതൃപ്തനായ ഒരു ദാസന്‍ ഉരിയാടാനൊക്കുന്ന അതിശക്തമായ വചനം എന്തായിരിക്കും. എന്റെ വിചാരത്തില്‍ അതിങ്ങനെയാണ്: ''മരിക്കാന്‍ എനിക്ക് ഭയമില്ല''. മരണം പുല്‍കി ഉടലിനെ പിരിയുന്ന റൂഹിന്റെ വഴികളിലെ സര്‍വ്വ സൗഖ്യങ്ങളും വിഹ്വലതകളും സൂക്ഷ്മമായറിയുന്ന ഒരു മനുഷ്യന്‍ ഇഹലോക അനുഗ്രഹങ്ങളില്‍ മനം നിറഞ്ഞിരിക്കുന്നൊരു വേളയില്‍ ഈ വാചകം ഉരുവിട്ടെങ്കില്‍ അനുവാചക വിചാരങ്ങള്‍ സൂറത്തുല്‍ ഫജറിന്റെ അവസാന വചനങ്ങളുടെ അര്‍ത്ഥ തലങ്ങളിലേക്ക് പടരുമെന്നത് തീര്‍ച്ചയാണ്, 'ആത്മശാന്തി പുല്‍കിയ ശരീരമേ സ്വയം തൃപ്തനാവുകയും നാഥന്റെ സംതൃപ്തിയിലണയുകയും ചെയ്ത താങ്കള്‍ നാഥനിലേക്ക് മടങ്ങിയാലും, സച്ചരിതരായ അടിമകളില്‍ ഇടം കണ്ടെത്തിയാലും, എന്റെ സ്വര്‍ഗീയ ആരാമത്തില്‍ പ്രവേശനം സിദ്ധിച്ചാലും'.
ജ്ഞാനികള്‍ അമ്പിയാക്കളുടെ അനന്തരം സിദ്ധിച്ചവരാണ് എന്ന തിരുവചനത്തില്‍ പ്രിയ ഗുരു ഭാഷ്യം ഇങ്ങനെ വായിക്കാം: ഇസ്‌ലാമിനെ ജീവിതത്തിലേക്ക് പകര്‍ത്തുകയും അനേകായിരം ജീവനുകളിലേക്ക് പകരുകയും ചെയ്യേണ്ട ദൗത്യമാണ് പണ്ഡിതനിയോഗത്തിന്റെ ഉള്‍സാരം. സ്വന്തം ജീവിതത്തെ പ്രവാചക നിയോഗത്തിന്റെ ഭാഗമായി കണ്ട ആ മനുഷ്യന്‍ മരണത്തെ കൊതിയോടെ കാത്തിരുന്നത് ദൗത്യ നിര്‍വ്വഹണത്തിന്റെ സമ്പൂര്‍ണതയില്‍ തെളിഞ്ഞ ആത്മനിര്‍വൃതിയില്‍ നിന്നായിരുന്നു.
വചനങ്ങളില്‍ നിന്ന് ജീവിതത്തിലേക്ക് പടരുന്ന ഇസ്ലാമിന്റെ ജീവല്‍ രൂപമായിരുന്നു ശൈഖുനാ. തന്നോട് ഓരം ചേര്‍ന്ന് നിന്ന ഒട്ടനേകം മനുഷ്യരില്‍ ഉസ്താദ് കരകവിഞ്ഞൊഴുകി. തിരുനബി അരുള്‍ ചെയ്ത യഥാര്‍ത്ഥ മുഅ്മിന്‍, ജീവിതനൗകയുമായി ഉസ്താദിന്റെ കടവത്ത് നങ്കൂരമിട്ടവരെല്ലാം നവാഗതര്‍ക്ക് വഴിമാറവേ ആതിഥേയനെ കുറിക്കുന്ന വാചകം. മൗനം അത്രമേല്‍ വാചാലം, വചനങ്ങളോ മന്ദമാരുതന്‍ പോല്‍ ശാന്തം, കര്‍മ്മങ്ങള്‍ ഇലാഹീ സാന്നിധ്യത്തിന്റെ പൊരുള്‍. ശൈഖുനായെ കണ്ണോടെ കണ്ടവരും കേട്ടവരും ഏക സ്വരത്തില്‍ പറയും: ''ആത്മസംഘര്‍ഷത്തിന്റെ യാമങ്ങളില്‍ ആത്മചൈതന്യത്തിന്റെ ഇത്തിരി വെട്ടവുമായി യുഗാന്തരങ്ങളില്‍ നബി സാന്നിധ്യങ്ങളുടെ പൊരുളായിരുന്നു ആ വലിയ മനുഷ്യന്‍'.
കുഞ്ഞിളം പ്രായത്തില്‍തന്നെ പട്ടിണിയുടെ രുചിക്കൂട്ട് ആവോളം രുചിച്ചൊരു കാലത്തിന്റെ സര്‍വ്വ പ്രതാപവും ചൂഴ്ന്നു നില്‍ക്കുന്നൊരു ഗൃഹത്തില്‍ ഇളയ ആണ്‍തരിയായി പിറവി. ഇല്ലായ്മ പകരുന്ന ജീവിതപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയ ആ കൊച്ചു ബാലന്‍ എട്ടാംതരം സ്‌കൂള്‍ പരിജ്ഞാനം കരസ്ഥമാക്കി. പിന്നാലെ താനൂര്‍ വലിയകുളങ്ങര പള്ളിയിലെ പഠന കളരിയിലേക്ക് ജീവിതം പറിച്ചു നട്ടു. ചരിത്രരേഖയനുസരിച്ച് കേരളത്തിലെ ആദ്യ പള്ളി ദര്‍സായ ഇവിടം തലയെടുപ്പുള്ള പണ്ഡിതരുടെ സാന്നിധ്യംകൊണ്ട് എക്കാലവും ധന്യമായിരുന്നു. ഇപ്പോഴാ ശൃംഖലയുടെ ധന്യത കാക്കുന്നത് മൗലാന കെ.കെ അബൂബക്കര്‍ ഹസ്രത്തും സ്വന്തം പിതാവും സമസ്ത മുശാവറ അംഗവുമായ നിറമരുതൂര്‍ വീരാന്‍കുട്ടി ഉസ്താദുമാണ്. കനോലി കനാലിന്റെ ഓരം ചേര്‍ന്ന് യാത്രതിരിച്ച ആ ബാലന്‍ ലക്ഷ്യം കണ്ടത് താനൂര്‍ ദേശം ആയിരുന്നില്ല, അറിവിന്റെ അനന്തവിഹായസ്സ് ആയിരുന്നുവെന്നതിന് പില്‍ക്കാല ചരിത്രം സാക്ഷി.
അനവധി വിജ്ഞാനീയങ്ങളില്‍ പ്രാവീണ്യമുള്ള പിതാവിന്റെ കളരിയില്‍ അറബി പദങ്ങളും പദ്യങ്ങളും ആയിരുന്നു ആ ബാലന്റെ കളിക്കോപ്പ്. ഇക്കാലയളവില്‍ വൈകുന്നേരങ്ങളില്‍ തന്റെയും സഹപാഠികളുടെയും കളിയായുധം മസ്അലകളും ഇബാറതുകളും ആയിരുന്നുവെന്നത് ഉസ്താദിന്റെ തന്നെ സാക്ഷ്യം. രാത്രി പത്തു പതിനൊന്നു മണിക്ക് തന്നെ കിടപ്പറ അണയണമെന്ന പിതാവിന്റെ കര്‍ശനനിര്‍ദേശം ലംഘിച്ച ആ കുരുന്ന് പിതാവിന്റെ കണ്ണുവെട്ടിച്ചു റാന്തല്‍ വിളക്കിന്റെ മങ്ങിയ വെട്ടത്തില്‍ അറിവിന്റെ ചക്രവാളങ്ങളിലേക്ക് പ്രകാശം തെളിച്ചു. പക്ഷേ ഇത്തരം തിളക്കമുള്ള രാവുകളാണ് കണ്ണിന്റെ മങ്ങിയ കാഴ്ച സമ്മാനിച്ചതെന്ന് ഉസ്താദ് തന്നെ അയവിറക്കുന്നുണ്ട്. കിതാബുകളില്‍ നിന്ന് കിതാബുകളിലേക്ക് പടരുന്ന വായനയില്‍ തെളിയുന്ന അറിവുകളൊക്കെയും കിതാബുകളില്‍ ചെറു കുറിപ്പുകളായി ഇടം കണ്ടെത്തി. ഇവ പില്‍ക്കാലത്ത് അധ്യാപന വേളയില്‍ ശിഷ്യഗണങ്ങളിലേക്ക് തഹ്ഖിഖീ വചനങ്ങളായി ഒഴുകിയെത്തി. ഒമ്പത് വര്‍ഷം ദൈര്‍ഘ്യമുള്ള ഈ ഘട്ടം ഉസ്താദിലെ ജ്ഞാനിയെ സമ്പൂര്‍ണ്ണതയില്‍ എത്തിച്ചിരുന്നു. പിതാവിന്റെ തസ്വവ്വുഫിന്റെ പാഠങ്ങള്‍ വിദ്യാര്‍ത്ഥിയിലെ വ്യക്തിത്വം ചെത്തിമിനുക്കി ലക്ഷണമൊത്ത മുഅ്മിനായി പരിവര്‍ത്തിപ്പിച്ചിരുന്നു. ഈ ഘട്ടത്തിലെ ഉസ്താദിന്റെ വൈജ്ഞാനിക പരിണാമത്തെ മുസ്തഫല്‍ ഫൈസി വിവരിച്ചതിങ്ങനെ: ''പഠനത്തോടെ ഫത്‌വ നല്‍കാന്‍ മാത്രം തഹ്ഖീഖ് സിദ്ധിച്ച പണ്ഡിതരിലെ അവസാന സാന്നിധ്യം'', സാരസമ്പൂര്‍ണ്ണം.
സ്വന്തത്തെ മരണം വരെ പരന്നൊഴുകുന്ന വിദ്യാര്‍ത്ഥിയെന്ന് നിര്‍വചിച്ച ആ കൗമാരക്കാരന്‍ ജാമിഅ നൂരിയ്യയിലെ പണ്ഡിതരെ തേടിയെത്തി. ഇന്റര്‍വ്യൂ ഘട്ടത്തില്‍ ശംസുല്‍ഉലമ ചോദിച്ച ചോദ്യത്തില്‍ തുടങ്ങി ജാമിഅ ഓര്‍മ്മകളെ മിഴിവൊട്ടും കുറയാതെ ഉസ്താദ് മനോഹരമായി വരച്ചിടും. വര്‍ത്തമാനത്തില്‍ നിന്നും ഓര്‍മ്മകളിലേക്കിറങ്ങുമ്പോള്‍ വാക്കുകളില്‍ യുവത്വത്തിന്റെ ചടുലത നിറയും. ജാമിഅ ഓര്‍മ്മകളില്‍ കൂട്ടിരിക്കുന്നവരുടെ സൗരഭ്യം കൊണ്ടാവാം ഉസ്താദ് അവയെ മിനുക്കിയെടുത്ത് ചേര്‍ത്തുനിര്‍ത്തുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ശംസുല്‍ ഉലമയുടെ ക്ലാസുകളെ ഓര്‍മിച്ചെടുക്കുമ്പോള്‍ വാക്കുകള്‍ക്ക് ചന്തവും ചാരുതിയും ഒത്തിരി കൂടും. ബുഖാരിയുടെ വചനങ്ങള്‍ക്ക് നല്‍കുന്ന വിശദീകരണങ്ങളുടെ അനന്യത, തുഹ്ഫയുടെ സങ്കീര്‍ണ്ണ വാക്യങ്ങളുടെ ചുരുളഴിക്കുന്നതിന്റെ ലാഘവം എല്ലാം മിണ്ടി പറയും. മുല്ലാഹസനിലെ ന്യായങ്ങള്‍ ഒന്നൊന്നായി വായിച്ചശേഷം 'ഹാദാ കൗലുന്‍ മര്‍ദൂതുന്‍ ലാ വജ്ഹ ലഹു' എന്ന വാചകം കണ്ണിയ്യതുസ്താദ് ഉരുവിടുന്ന രംഗം പറയുമ്പോള്‍ ജാമിഅയിലെ ആ രംഗം ദൃശ്യവല്‍ക്കരിക്കപ്പെടും. വ്യത്യസ്തവും വശ്യസുന്ദരവുമായ മലയാളഭാഷയുടെ രഹസ്യം ജാമിഅയ്യിലെ വായനയായിരുന്നുവെന്നത് ശൈഖുനാ തന്നെ വെളിപ്പെടുത്തിയ രഹസ്യം.
ഓര്‍മ്മകളില്‍ ചികയുന്ന ശിഷ്യഗണങ്ങളുടെ ചോദ്യം ശംസുല്‍ ഉലമയിലുടക്കിയാല്‍ ആവേശം ഇരട്ടിക്കും. പിന്നീടല്‍പ്പനേരം ഓര്‍മ്മകളിലൂടെയായിരിക്കും സഞ്ചാരം. 1989ലെ ഭിന്നതയുടെ ഇരുണ്ട നാളുകളില്‍ ഉസ്താദും ശംസുല്‍ ഉലമയും ഒരു വേദിയില്‍ ഒന്നിച്ചു. ഉസ്താദിന്റെ ഭാഷണത്തില്‍ ശംസുല്‍ഉലമയോടൊപ്പം അടിയുറച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത ശക്തിയുക്തം ഉണര്‍ത്തി. പ്രഭാഷണ ശേഷം അരികില്‍ വിളിച്ച് ശംസുല്‍ഉലമ ഇങ്ങനെ പറഞ്ഞു: 'സംസാരം നന്നായിട്ടുണ്ട,് അല്ലാഹു ബര്‍കത്ത് ചെയ്യട്ടെ', ആ പ്രാര്‍ത്ഥന താനൂരിലെ ദര്‍സില്‍ തുടങ്ങി, ജാമിഅയിലൂടെ പാകത കൈവന്ന ഉസ്താദിന്റെ പ്രഭാഷണമികവിന് തിലകക്കുറി ചാര്‍ത്തി. ഒരുകാലത്ത് വാക്കുകളില്‍ വിമര്‍ശനങ്ങളില്‍ കാത്തിരിക്കുന്നത് ഗുരു മഴയുടെ കാവല്‍ ആയിരുന്നു എന്ന് അഭിമാനത്തോടെ തന്നെ ഉസ്താദ് പറയും.
ഉസ്താദിന്റെ പ്രഭാഷണങ്ങള്‍ ശബ്ദവിന്യാസത്തിന്റെ സൗന്ദര്യത്തിനപ്പുറം അനുവാചക ഹൃദയങ്ങളിലവ തീര്‍ക്കുന്ന പ്രതിഫലനങ്ങളെയാണ് പ്രധാനമായി കണ്ടത്. അതിനാല്‍ ഓരോ പ്രഭാഷണങ്ങള്‍ക്കും മുന്‍പേ പരിഗണിക്കാന്‍ ഒത്തിരി കാര്യങ്ങളുണ്ട്. പ്രേക്ഷകരുടെ വൈജ്ഞാനിക നിലവാരം, അവതരണത്തിലെ വ്യക്തത, ഔചിത്യബോധം, കൂടെ ഒരു ലക്ഷണമൊത്ത പ്രസംഗത്തിന് വേണ്ട സര്‍വ്വ ചേരുവകളും. ഇവയെല്ലാം സംഗമിക്കുമ്പോഴേ ശൈഖുനായിലെ പ്രഭാഷകനുണരൂ. ആ വേളയില്‍ സദസ്സിനെ അഭിമുഖീകരിക്കും. ലളിതമായി പതിഞ്ഞ താളത്തില്‍ പുഞ്ചിരിയുടെ അകമ്പടിയോടെ ഒഴുകി തുടങ്ങുന്ന പ്രസംഗം നാഥന്റെ വചനങ്ങളുടെയും പ്രവാചകചര്യകളുടെയും പിന്തുണയില്‍ പതിയെപ്പതിയെ അനുവാചക ഹൃദയങ്ങളിലേക്ക് പടരും. പ്രാമാണിക വചനങ്ങളുടെ വിശദീകരണങ്ങള്‍ നമ്മെ വിസ്മയിപ്പിക്കും. അവ യുക്തിയോടെ മനസാന്തരങ്ങളില്‍ പതിയുമ്പോള്‍ സര്‍വ്വരിലും ഒരേ വികാരം നിറയും. ഈ വികാരം പ്രേക്ഷകരെ വീണ്ടും വീണ്ടും ശൈഖുനായിലേക്ക് അടുപ്പിക്കും. അതിനാല്‍ പണ്ഡിതനും പാമരനും ആ വാക്കുകള്‍ക്ക് മുഷിപ്പൊന്നും കൂടാതെ ചെവിയോര്‍ത്തു. കാരണം അവര്‍ക്ക് പുതുമകള്‍ തനിമയോടെ ലളിതമായി കേള്‍ക്കണം, കേള്‍ക്കണം അതിനവര്‍ക്ക് ശൈഖുനായെ കേള്‍ക്കണം.
പഴമക്കാരില്‍ മതബോധത്തെ ഊട്ടിയുറപ്പിച്ച ചൈതന്യമൂറുന്ന പാതിരാ വഅളുകളെ ആത്മനിര്‍വൃതിയോടെയായിരുന്നു ഉസ്താദ് ഓര്‍മ്മിപ്പിച്ചിരുന്നത്. രണ്ടുപേര്‍ക്ക് മാത്രം വഅളു പറഞ്ഞിരുന്ന രംഗം സ്വാഭാവികമായി അവതരിപ്പിക്കുമ്പോള്‍ ഉസ്താദില്‍ ഉള്ളടങ്ങിയ ഇഖ്‌ലാസിനെ അനുഭവിച്ചറിയുകയായിരുന്നു ശിഷ്യഗണങ്ങള്‍. ഒരുവേള ബിദ്അതിനെതിരെ ഇ.കെ ഹസ്സന്‍ മുസ്ലിയാര്‍ക്ക് പകരം ഉസ്താദ് വേദിയെ അഭിസംബോധനം ചെയ്തുവെന്നറിയുമ്പോള്‍ സാരോപദേശ പ്രസംഗങ്ങള്‍ക്കപ്പുറം ആദര്‍ശ പ്രസംഗങ്ങളും ശൈഖുനാക്ക് വശമുണ്ടെന്നത് മുന്നില്‍ തെളിഞ്ഞുവരും. ഒരു തവണ കേട്ടവരൊക്കെയും സമസ്തയുടെ സമ്മേളനങ്ങളില്‍ വിഷയാധിഷ്ഠിത സംഭാഷണങ്ങളില്‍ മരക്കാര്‍ ഉസ്താദിന്റെ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ രഹസ്യത്തെക്കുറിച്ച് ഒരു തീര്‍ച്ചയിലെത്തും. അത് അര്‍ഹതക്കുള്ള അംഗീകാരം തന്നെ.
ഇസ്‌ലാമിനെ ഉള്‍ക്കൊള്ളുകയും ജീവിതത്തിലേക്ക് ഉള്‍വഹിക്കുകയും ചെയ്‌തൊരു സമൂഹത്തിന്റെ നിര്‍മ്മിതിയാണ് തന്റെ നിയോഗമെന്ന് ആ സത്വികന്‍ കാലേകൂട്ടി തിരിച്ചറിഞ്ഞിരുന്നു. കഴിവുകളെ കടഞ്ഞെടുത്ത് ലക്ഷ്യത്തിലേക്ക് പ്രതിസന്ധികളില്‍ തളരാതെ സ്ഥിരോത്സാഹത്തോടെ മുന്നേറാന്‍ പ്രചോദനം പകരുന്ന വേളയില്‍ ലക്ഷ്യ സാക്ഷാത്കാരത്തിന്റെ അഭിമാനം ആ മുഖത്ത് മുനിഞ്ഞു കത്തും. ആ ഇത്തിരിവെട്ടത്തില്‍ റാന്തല്‍ വിളക്കുമായി അറിവിനെ പുണരുന്ന ബാല്യം തെളിഞ്ഞുകാണാം. കിതാബുകളോടൊപ്പം ഗുരു ജീവിതത്തെയും വായിക്കുകയും അനുഭവിക്കുകയും ചെയ്ത ആ സാത്വികന്‍ പാരമ്പര്യ സുന്നി ധാരയുടെ സാരാംശങ്ങളെല്ലാം സ്വാംശീകരിച്ചിരുന്നു. ഗുരുമുഖം പ്രമാണമായി മനസ്സിലാക്കുകയും തലമുറകളിലേക്ക് പകരുകയും ചെയ്തു ശൈഖുനാ. കേള്‍ക്കുന്നതോ കിതാബുകളില്‍ നേരില്‍ കണ്ടതോ പറയുന്നതിന് പകരം ഉസ്താദുമാരില്‍ നിന്ന് കേട്ട് തഹ്ഖീഖാക്കിയതിനു ശേഷം മാത്രമേ പരസ്യമായി പറയാവൂ എന്നതായിരുന്നു ജ്ഞാന കൈമാറ്റ ശാസ്ത്രത്തിലെ ഉസ്താദിന്റെ മദ്ഹബ്.
തന്റെ ഗുരു ഹൃദയങ്ങളില്‍ നിന്ന് ആര്‍ജ്ജിച്ചെടുത്ത തസ്വവ്വുഫിന്റെ പാഠങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ ഉസ്താദിനെ മാതൃകാപുരുഷനാക്കി മാറ്റിയിരുന്നു. വിനയവും ഇഖ്‌ലാസും മുറ്റിനില്ക്കുന്ന അനവധി ദൃശ്യങ്ങള്‍ ഉസ്താദിനെ അനുഭവിച്ചവരിലൊക്കെ ഇപ്പോഴും അവശേഷിക്കുന്നുണ്ടാകും. ഒരനുഭവം ഓര്‍മ്മയില്‍ തെളിയുന്നു, ഈയിടെ ഉസ്താദിന്റെ ശിഷ്യന്മാരുടെ കൂട്ടായ്മ ഉസ്താദിന്റെ ജന്മദേശത്ത് ഒത്തുചേര്‍ന്നപ്പോള്‍ കൂട്ടത്തില്‍ ഇളയവരായ ഞങ്ങളും സംഘത്തില്‍ ഇടംപിടിച്ചിരുന്നു. പരിപാടി അവസാനിച്ച് രാവേറെ ചെന്നപ്പോഴും ഭക്ഷണം ഞങ്ങളില്‍ എത്തിച്ചു മുഴുവന്‍പേരെയും യാത്രയാക്കി ആത്മ സായൂജ്യമടയുന്ന പ്രായമേറെ ചെന്ന ഉസ്താദ് വിനയത്തെ ജീവിതത്തിന്റെ വര്‍ണ്ണക്കൂട്ടുകളില്‍ സര്‍വ്വ പ്രധാനമായി കണ്ടു.
പടപ്പുകള്‍ക്ക് മുമ്പാകെ കര്‍മ്മ ബാഹുല്യത്തിന്റെ പ്രകടനപരതയില്‍ അഭിരമിക്കുന്നവര്‍ക്ക് മുന്നില്‍ കര്‍മങ്ങളെ സാധിക്കും വിധം മറച്ചുപിടിച്ച സാത്വിക ജീവിതത്തിനുടമയായിരുന്നു മരക്കാര്‍ ഉസ്താദ്. കുടുംബ ജീവിതത്തിലെ ദൈനംദിന വിശേഷങ്ങള്‍ പോലും പങ്കുവെക്കുന്ന ഗുരു ഒരു വേള ഹജ്ജോര്‍മ്മകളില്‍ കുളിരണിയുന്ന നേരം. കുട്ടികള്‍ എത്ര തവണ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചിട്ടുണ്ടെന്ന ചോദ്യമെറിഞ്ഞു. മറുപടി ഇങ്ങനെ: 'അത് പറയാന്‍ പറ്റില്ലല്ലോ ഞാനും ഏട്ടനും നാഥനും തമ്മിലുള്ള ഉടമ്പടിയല്ലേ....'. മറ്റൊരു വേള സബ്ഖിനിടയില്‍ തലേ നാളിലെ സംഭവങ്ങളിലേക്ക് വഴുതിവീണു. ഹജ്ജ് സംഘത്തിന്റെ അമീര്‍ ആകാന്‍ ഒരു സംഘം നിര്‍ബന്ധിച്ചതായിരുന്നു കാര്യം. ഹജ്ജ് ക്ലാസ്സ് നിര്‍വഹിക്കാന്‍ സന്നദ്ധനാണെന്നും അമീര്‍ ആകാന്‍ ഒരുക്കമല്ലെന്നുമുള്ള നിലപാടായിരുന്നു ഉസ്താദിന്റേത്.കാരണം പറഞ്ഞത് ഇങ്ങനെ: 'ഞാന്‍ അമീര്‍ ആകുന്നതില്‍ വൈജ്ഞാനിക മേന്മയല്ല അവരുടെ ഇംഗിതം, അവരുടെ കണ്ണടക്കുന്നത് ആള്‍ബലം കൂടുന്നത് വഴിയുണ്ടാകുന്ന സാമ്പത്തികനേട്ടങ്ങളിലാണ്'.ജീവിതത്തെ സേവനമായി ഗണിച്ച ആ ജ്ഞാനിക്ക് സമ്പത്തോ സമ്പാദ്യമോ നിലപാടുകളില്‍ ഇടര്‍ച്ചക്കുള്ള കാരണമായിരുന്നില്ല.
ഇങ്ങനെയുമുണ്ട് ഒരനുഭവം. ശൈഖുനാക്കൊപ്പം കിതാബിലൂടെ സഞ്ചരിക്കുന്ന സമയം. പരിചിതനായ സുഹൃത്ത് വന്ന് ഭവ്യതയോടെ ഇങ്ങനെയൊരാവശ്യം പറഞ്ഞു.
ശൈഖുനായുടെ സബ്ഖുകളുടെ ഉള്ളടക്കങ്ങളിലേക്കും പുറം കാഴ്ചകളിലേക്കും കടക്കും മുമ്പേ ഈടുറ്റ അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തിന്റെ ഈടും പാവും കാണിക്കുന്ന അനുസരണശീലത്തെക്കുറിച്ചുള്ള ഉസ്താദിന്റെ വിചാരങ്ങള്‍ വായിക്കാം. അനുസരണയുടെ ഉത്ഭവസ്ഥാനം സ്‌നേഹമോ അല്ലെങ്കില്‍ ഭയമോ ആണ്, സ്‌നേഹത്തില്‍ തളിര്‍ക്കുന്ന അനുസരണ ഹൃദയത്തിലാണ് മാറ്റൊലി തീര്‍ക്കുന്നത്. ഭയത്തില്‍ നിന്നാണെങ്കില്‍ കര്‍മ്മങ്ങളില്‍ ചടഞ്ഞിരിക്കും. സ്‌നേഹമാണ് ശില പാകിയതെങ്കില്‍ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും അന്തരമേതുമുണ്ടാവില്ല. ഭയമാണ് അനുസരണ പടക്കുന്നതെങ്കില്‍ ഗുരുവിന്റെ കണ്‍വെട്ടത്ത് മാത്രമേ അവ ദൃശ്യമാകൂ. ഈ ഒരു അടിസ്ഥാനം ചൊല്ലി ഭീഷണിക്ക് പകരം സ്‌നേഹത്തിന്റെ ചൂരല്‍ക്കഷായമാണ് തന്റെ ആയുധമെന്ന് ജീവിതത്തിന്റെ സായംസന്ധ്യയില്‍ ഉസ്താദ് വെളിപ്പെടുത്തി. അതുകൊണ്ടാവാം ശൈഖുനായുടെ സ്‌നേഹത്തണലില്‍ കുളിരണിഞ്ഞവര്‍ വേര്‍പാടിന് ശേഷവും അവിടുത്തെ കാല്‍പാദം നോക്കി മാത്രം നടക്കുന്നത്.
ഉസ്താദിന്റെ സബ്ഖുകളിലേക്കുള്ള വാതില്‍പടി കയറും മുമ്പേ ഉസ്താദിന്റെ ശൈലിയെക്കുറിച്ചുയര്‍ന്ന ഒരു ചോദ്യത്തിന് ശംസുല്‍ ഉലമയിലേക്ക് ചേര്‍ത്തായിരുന്നു മറുപടി എന്ന വസ്തുത ഓര്‍മയിലുണ്ടാവണം.
അയത്‌നലളിതമായിരുന്നു ഉസ്താദിന്റെ അധ്യാപന ശൈലി, വിഷയത്തിന്റെ തലവാചകം വായിച്ചുകഴിഞ്ഞാല്‍ വരാനിരിക്കുന്ന മസ്അലകളെല്ലാം വിശദീകരിക്കും. അഭിപ്രായഭിന്നതകള്‍, പ്രബലാഭിപ്രായം എല്ലാം ആ വിശദീകരണത്തില്‍ ഇടം പിടിച്ചിരിക്കും. അടുത്ത ഘട്ടം വായിച്ചര്‍ത്ഥം പറയലാണ്. കണ്ണിന് കാഴ്ചക്കുറവുള്ളതിനാല്‍ വിദ്യാര്‍ത്ഥികളിലൊരാള്‍ വായിക്കും. ചില സമയങ്ങളില്‍ ഉസ്താദ് തന്നെ ഓരോ വാചകങ്ങളും ഓര്‍ത്തെടുക്കും. ആ വിഷയം പൂര്‍ണ്ണമായാല്‍ ഒരു തവണ കൂടി ആശയങ്ങളിലൂടെ ഓട്ടപ്രതിക്ഷണം നടത്തും. ഈ മൂന്ന് ഘട്ടം കഴിയുന്നതോടെ ഓരോ ആശയവും വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ പതിഞ്ഞിരിക്കും. മുഹഖിഖീങ്ങളായ ഗുരുമുഖങ്ങളില്‍ നിന്നാര്‍ജിച്ച ജ്ഞാനമായതിനാല്‍ തഹഖീഖിന്റെ വ്യക്തത ശിഷ്യഗണങ്ങളില്‍ ആനന്ദം തീര്‍ക്കും. കണ്ണിന്റെ വെട്ടം കുറഞ്ഞെങ്കിലും ഉള്‍ക്കാഴ്ചക്ക് മങ്ങലേറ്റിട്ടില്ലെന്ന് ഉസ്താദ് തന്നെ പറയും. വായനയ്ക്കിടയില്‍ വായിക്കാന്‍ മറക്കുകയോ കിതാബില്‍ തന്നെ പിശക് ഉണ്ടാവുകയോ ചെയ്താല്‍ അത് കൃത്യമായി തിരുത്തും. ബൈളാവി, ജംഅ,് മഹല്ലി തുടങ്ങിയവയെല്ലാം ഏകദേശം മന:പ്പാഠം ആണന്നും നിങ്ങള്‍ വായിക്കുന്ന ഓരോ വാക്യങ്ങളും എന്റെ ഹൃദയത്തില്‍ ഉണ്ടെന്നും ഉസ്താദ് വിനയത്തോടെ വ്യക്തമാക്കും. അത് ശരിയാണെന്നത് ശൈഖുനായുമായുള്ള ആദ്യ സഹവാസത്തില്‍ തെന്നെ അധിക പേര്‍ക്കും ബോധ്യമായിരിക്കും.
തുടക്കം മുതല്‍ ഒടുക്കം വരെ ഇബാദറത്തുകളില്‍ കുരുക്കിയിടുന്നതിനു പകരം ലോകത്തിനുമുന്നിലുള്ള കണ്ണാടിയായി മാറി ഉസ്താദിന്റെ സബ്ഖുകള്‍. ചരിത്ര ചീന്തുകള്‍, സാരോപദേശങ്ങള്‍, മലയാള അറബി പദ്യങ്ങള്‍, നാട്ടുവര്‍ത്തമാനങ്ങള്‍, രാഷ്ട്രീയം എല്ലാം ആ ക്ലാസില്‍ ഉണ്ടായിരിക്കും. ചിലയിടങ്ങളിലെങ്കിലും കാണാവുന്ന നിശബ്ദരായി ഒരുപക്ഷേ നിസ്സഹായരായി ഉസ്താദിന് കൊടുക്കുന്ന ശീലം ഉസ്താദിന്റെ സനിധിയില്‍ സങ്കല്‍പ്പിക്കാനാവില്ല. ചോദ്യങ്ങളും സംശയങ്ങളുമായി സംഭവബഹുലമായിരിക്കും ഓരോ സബ്ഖുകളും. തസ്‌കിയത്തും തര്‍ബിയ്യത്തും ദീനിന്റെ കാവല്‍ ആണെന്ന് ബോധ്യമുള്ള ശൈഖുനാ ക്ലാസ്സുകളില്‍ കോറിയിടുന്ന സാരോപദേശങ്ങള്‍ വഴി ഓരോ വിദ്യാര്‍ഥിയുടെയും ജീവിതത്തെ സ്വാധീനിച്ചു കൊണ്ടിരിക്കും.
തന്റെ ശിഷ്യഗണങ്ങളെ അഗാധമായി സ്‌നേഹിച്ച ഗുരു പക്ഷേ അതില്‍ വിവേചനമില്ലെന്ന് തീര്‍ച്ചപ്പെടുത്തി. അത് അരുതായ്മയാണെന്ന് ശിഷ്യഗണങ്ങളെ ഉണര്‍ത്തുകയും ചെയ്തു. എല്ലാവരുടെയും പേര് മനസ്സിലാക്കല്‍ ശൈഖുനായില്‍ പ്രയാസം സൃഷ്ടിച്ചിരുന്നു. കൂട്ടത്തില്‍ ചിലരുടെ പേര് മനസ്സിലാക്കി കഴിഞ്ഞാല്‍ മറ്റുള്ളവരുടെ പേര് മനസ്സിലാക്കാന്‍ കഴിയാത്തത് കണ്ണിന്റെ പ്രശ്‌നം മൂലമാണെന്ന് ഉസ്താദ് ഉണര്‍ത്തിയിരിക്കും. അതുവഴി മറ്റുള്ളവര്‍ക്കുണ്ടായേക്കാവുന്ന വിഷമം ശൈഖുനാക്ക് അത്രമേല്‍ പ്രധാനമായിരുന്നു. സബ്ഖുകള്‍ക്കിടയില്‍ ശൈഖുനാക്ക് കൊണ്ടുവരുന്ന ചായ പകുതിയെ കുടിക്കൂ. ബാക്കി ശിഷ്യന്മാ
ര്‍ക്ക് അവകാശപ്പെട്ടതാണ്. കൂട്ടത്തില്‍ ആര്‍ക്ക്... എല്ലാവര്‍ക്കും. അതിനാല്‍ ഗ്ലാസ് എടുത്തു മേശയുടെ ഒത്ത നടുവില്‍ വെച്ചശേഷം ഇങ്ങനെ പറയും. നിങ്ങള്‍ എല്ലാവരും എനിക്ക് തുല്യരാണ്. അതിനാല്‍ ഇത് ആര്‍ക്കും കുടിക്കാം. ഇതൊരു പതിവായതിനാല്‍ പകുതി കുടിച്ചു കഴിഞ്ഞാല്‍ തന്നെ 'ശേഷ' വിളി തുടങ്ങിയിരിക്കും. അങ്ങനെ അര ക്ലാസു ചായയുമായി അര മിനിറ്റിനുള്ളില്‍ 23 പേര്‍ മനം നിറച്ച അനുഭവം ഇപ്പോള്‍ ഗൃഹാതുരമാണ്, ആ ബര്‍ക്കത്തിന്റെ അംശം അവകാശമായി കണ്ടവരാണ് എന്റെ സതീര്‍ഥ്യരൊക്കെയും.
ഉസ്താദ് ഉള്‍വഹിച്ച ഈമാനിന്റെ വെളിച്ചം അനേകരിലേക്ക് പകരണമെന്ന ഉറച്ച ബോധ്യം ഉസ്താദിനുണ്ടായിരുന്നു. അതിനായി ശൈഖുന തിരഞ്ഞെടുത്ത ഹഖിന്റെ മാര്‍ഗ്ഗമായിരുന്നു സമസ്ത. പിതാവും ഗുരുക്കളും വിത്തുപാകി നട്ടു നനച്ചു ഉണ്ടാക്കിയ പാരമ്പര്യ ഇസ്‌ലാമിന്റെ സംഘടിത ഭാവമായിരുന്നു ശൈഖുനായുടേതും.അറിവിന്റെ നിറമുള്ള ആദര്‍ശബോധം ആവോളമുള്ള ശിഷ്യരെ വാര്‍ത്തെടുക്കുന്നതോടൊപ്പം പൊതുസമൂഹത്തെ പ്രഭാഷണങ്ങളിലൂടെ ഉസ്താദ് ദീനിന്റെ വഴിയെ വഴി നടത്തി. തിരൂരിലെ യും പരിസരപ്രദേശങ്ങളിലെയും പൗര പ്രമുഖരോടും സാധാരണക്കാരോടും ചേര്‍ന്ന് നിന്ന് സമസ്തയെ ശൈഖുന ഊര്‍ജസ്വലമാക്കി. താലൂക്ക് ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തിലൂടെയും മഹല്ല് സംവിധാനങ്ങളുടെ ക്രിയാത്മക വിനിയോഗത്തിലൂടെയും ദീനിനെ തനിമയോടെ തന്നെ ഉസ്താദ് പടുത്തുയര്‍ത്തി.
🖋ജാബിർ പള്ളിക്കൽ ബസാർ

0 Comments