എപ്പോഴും ഒരു അത്താണിയായി കൂടെയുണ്ടായിരുന്ന ശൈഖുനാ മരക്കാര്‍ ഉസ്താദിന്റെ വിയോഗം തീര്‍ത്ത വിടവ് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. കുട്ടിക്കാലം മുതലേ എന്റെ വന്ദ്യ പിതാവുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഉസ്താദിനെ ഏറെ നേരെത്തെ തന്നെ ബന്ധപ്പെടാന്‍ സാധിച്ചു. ഉപ്പയുണ്ടായിരുന്ന കാലത്ത് എല്ലാ വര്‍ഷവും വീട്ടില്‍ വെച്ച് സംഘടിപ്പിച്ചിരുന്ന സ്വലാത്ത് വാര്‍ഷികത്തിന് ഉദ്ഘാടകനായോ ഉത്‌ബോധന പ്രാസംഗികനായോ ഉസ്താദ് ഉണ്ടാകും. തന്റെ ശിഷ്യ ഗണങ്ങളില്‍ പെട്ട ഒരാളല്ലാതിരിന്നിട്ടുകൂടി പഠനകാലത്തു തന്നെ എല്ലാ വിധ പിന്തുണകളും എനിക്ക് ഉസ്താദില്‍ നിന്ന് ലഭിക്കുകയുണ്ടായി.
രണ്ടേ രണ്ട് ആഗ്രഹങ്ങളാണ് ശൈഖുനാക്കുണ്ടായിരുന്നത്. ഒന്ന്, മരണം വരെ ദര്‍സ് നടത്തണം. രണ്ട്, സമസ്തയുടെ പ്രവര്‍ത്തനങ്ങളുമായി എപ്പോഴും മുന്നോട്ട് പോകണം. ഉസ്താദിന്റെ ആദ്യ ഓപ്പറേഷന്‍ സമയത്ത് സമസ്തയുടെ പരിപാടികളില്‍ സാന്നിധ്യമറിയിക്കാന്‍ കഴിയാത്തതിന്റേയും മുശാവറ മീറ്റിംങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റേയും പൊളളുന്ന സങ്കടക്കഥകളായിരുന്നു ശൈഖുനാ എന്നോട് പറഞ്ഞിരുന്നത്. ഒന്നു കൂടി കടന്നു പറഞ്ഞാല്‍, ചെങ്ങരംകുളത്ത് വെച്ചു നടന്ന ജംഅിയത്തുല്‍ മുഅല്ലിമീന്‍ സമ്മേളനത്തിന്റെ ഭാഗമായി വെളളച്ചാലിലെ ചുരങ്ങര ഭാഗത്തുളള ഒരു സ്വീകരണ പരിപാടിയിലേക്ക് ഉസ്താദിനെ ക്ഷണിക്കപ്പെട്ടു. ഉസ്താദ് കടന്നു വരുമ്പോള്‍ അവരുടെ അസുഖത്തെ കുറിച്ചും, അവ വകവെക്കാതയുമാണ് ഉസ്താദ് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയെതെന്നും സദസ്സിനോട് അഭിസംബോധന ചെയ്ത് ഞാന്‍ പ്രസംഗിച്ചു. 'അങ്ങനെ പറയരുത്, എനിക്ക് രോഗമുണ്ടെന്ന കാര്യം എന്തിന് സദസ്സിനെ അറിയിക്കണം ?. എന്നേക്കാള്‍ ആഫിയത്ത് കുറഞ്ഞ ഒരുപാട് പേരാണ് സമസ്തക്ക് വേണ്ടി ഓടി നടക്കുന്നത്' എന്നായിരുന്നു ഇതിന്ന് മറുപടിയായി ഉസ്താദ് എന്നോട് പറഞ്ഞത്.
ഒരു പണ്ഡിതനെന്ന നിലയില്‍ സമയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്ന ഒരു വ്യക്തിത്വമാണ് മരക്കാര്‍ ഉസ്താദ്. ഏതെങ്കിലും പരിപാടിക്ക് വിളിക്കുകയാണെങ്കില്‍ പറഞ്ഞ സമയത്തിനു മുമ്പേ ഉസ്താദ് എത്തിയിരിക്കും. ഞാന്‍ കാരണത്താല്‍ സംഘാടകര്‍ക്ക് ഒരു ബുദ്ധിമുട്ട് വരരുത് എന്നാണ് ഉസ്താദിന്റെ നിലപാട്. പ്രംസംഗിക്കാനുളള സമയം നല്‍കിയാല്‍ കൃത്യത്തിന് വാക്കുകള്‍ അവസാനിപ്പിച്ചിരിക്കും. അറിയാതെ അല്‍പ്പം ദീര്‍ഘിച്ചുപോയാല്‍ സംഘാടകരോട് ക്ഷമാപണവും ചോദിക്കും. ഉസ്താദില്‍ കുടികൊണ്ടിട്ടുളള താഴ്മയും എളിമയും കൊണ്ട്തന്നെയാണ് ഉസ്താദിനെ അളളാഹു വാനോളം ഉയര്‍ത്തിയത്.
നാട്ടിലെ ഒരു പ്രവര്‍ത്തകനെന്ന നിലയില്‍ സമൂഹത്തില്‍ നിന്ന് വരുന്ന ഒരുപാട് പ്രശ്‌നങ്ങളെ എനിക്കഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ത്വലാഖുമായി ബന്ധപ്പെട്ട് ഒരു സംശയവുമായി ഉസ്താദിന്റെ അടുക്കല്‍ ചെന്നു. ഞാന്‍ ചോദിച്ചതിനുളള മറുപടി ഇങ്ങനെയായിരുന്നു 'നിങ്ങള്‍ പറഞ്ഞ രീതിയിലാണ് സംഭവം നടന്നതെങ്കില്‍ ത്വലാഖ് സംഭവിക്കുകയില്ല'. ഇങ്ങനെയൊരു മറുപടി നല്‍കിയിട്ടും ഉസ്താദിന്റെ മനസ്സിന് സംതൃപ്തി കിട്ടിയിരുന്നില്ല. വീണ്ടും വിളിച്ച് ആ വാചകം കടലാസില്‍ എഴുതിത്താരാന്‍ വേണ്ടി പറഞ്ഞത്, സമസ്തയുടെ ഒരു പണ്ഡതനില്‍ നിന്ന് ലഭിച്ച ഒരു ഫത്‌വ വളരെ കൃത്യതയാര്‍ന്നതായിരിക്കണമെന്നുളള ഉസ്താദിന്റെ നിര്‍ബന്ധമാണ്
0 Comments