ഭൂഖണ്ഡാന്തര കാലത്തില്‍ വിപ്ലവജ്വാല പടരുകയായിരുന്നു



എബ്രഹാം ലിങ്കണ്‍ ഇങ്ങനെ രേഖപ്പെടുത്തുകയുണ്ടായി ''എന്റെ മുത്തച്ഛന്‍ ആരാണെന്ന് എനിക്കറിയുകയില്ല.അദ്ദേഹത്തിന്റെ പേരക്കിടാവ് എന്തായിരിക്കണം എന്നതിലാണ് എനിക്ക് കുടുതല്‍ ശ്രദ്ധ''.മഹത്വത്തിന്റെ പാത സ്വയം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ഇത്തരം സമീപനങ്ങള്‍ എടുക്കുന്നതില്‍ തെല്ലും അത്ഭുതപ്പെടാനില്ല.എന്നാല്‍  പലപ്പോഴും മനുഷ്യന്‍ മഹത്വം കണ്ടെത്തുന്നത് കുടുംബസമൂഹ പശ്ചാതലങ്ങളോടുള്ള മല്‍പ്പിടുത്തത്തിലൂടെയാണ് എന്ന സത്യവും അത്രതന്നെ പ്രസക്തമായ കാര്യമാണ്.എ.ഡി 664-ല്‍ മലയാളക്കരയില്‍ ഒരു പുതിയ സമുദായത്തിന് പ്രാരംഭം കുറിക്കപ്പെട്ടതോടെ ഇത്തരത്തിലുള്ള ഒരുപാട് ജന്മങ്ങള്‍ക്ക് സാക്ഷിയാവാന്‍ ഈ മണ്ണിനായി.കേരളതനിമയുടെ പ്രത്യേകതകള്‍ ആ സാംസ്‌കാരിക പാര്യമ്പര്യത്തന്റെ മഹിതാംശങ്ങള്‍ പലതും നിലനിര്‍ത്തിക്കൊണ്ട് തന്നെ മാലിക് ബ്‌നു ദീനാറിന്റെ സംഘവും അവര്‍ക്ക് ശേഷം വന്ന സമുദായങ്ങളും അവരുടേതായ ഒരു പുത്തന്‍ ജീവിത ശൈലി രൂപപ്പെടുത്തി തുടങ്ങി.മുസ്‌ലിം ജനസംഖ്യ വര്‍ധനവില്‍ അവരുടെ ജീവിത രീതി ഉണ്ടാക്കിയ സ്വാധീനം ചെറുതൊന്നുമല്ല.യമനില്‍ നിന്നും മറ്റു അറേബ്യന്‍ ദേശങ്ങളില്‍ നിന്നും ക്പ്പലേറിയ അറേബ്യന്‍ പണ്ഡിതന്മാര്‍ മതപ്രബോധന രംഗത്ത് ജ്വലിച്ചെങ്കിലും അന്നത്തെ മത-സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗം ബ്രിട്ടീഷുകാര്‍ക്കെതിരെ നീങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നു.അത്തരത്തിലുള്ള ഒരു മഹാ മനീഷിയാണ് സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍.പിതാവിന്റെ വിയോഗം ചെറുതല്ലാത്ത് രീതിയില്‍ ആഘാതമേല്‍പ്പിച്ചെങ്കിലും സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ പിതാവ് സയ്യിദ് അലവി തങ്ങളുടെ ശേഷം ബ്രിട്ടീഷുകാരുടെ പേടിസ്വപ്‌നമായി മാറുകയായിരുന്നു.ഒടുവില്‍ തങ്ങളുടെ ബ്രിട്ടിഷ് വിരോധം ഈ നാടു വിടാനും കാരണമായി.

    1849-ല്‍ സയ്യിദ് ഫസല്‍ തങ്ങള്‍ മക്കയിലെ അഞ്ചു വര്‍ഷത്തെ ജീവിതത്തില്‍ നിന്നും മലബാറിലേക്ക് തിരിച്ചെത്തി.സമൂഹത്തന്റെ സര്‍വ്വമേഖലകളിലും ശ്രദ്ധ ചെലുത്തുന്നതില്‍ അദ്ദേഹം പരിശ്രമിച്ചു.കേരളത്തില്‍ നിന്നും മക്കയില്‍ നിന്നും വിദ്യ നുകര്‍ന്ന തങ്ങളുടെ സന്നിദിയലേക്ക് മതകാര്യങ്ങളില്‍ ഉപദേശം തേടാനായി നാടിന്റെ നാനാ ഭാഗത്തുനിന്നും പണ്ഡിതന്മാരും പാമരന്മാരുമടക്കം വലിയ ഒരു ജനാവലിതന്നെ നിത്യവും അദ്ദേഹത്തെ തേടിയെത്താറുണ്ടായിരുന്നു.

     അതോടൊപ്പം 19-ാം നൂറ്റാണ്ടില്‍ ചൂണ്ടിക്കാണിക്കേണ്ട പ്രധാന വസ്തുതയാണ് കേരളത്തിന്റെ ഒറ്റപ്പെട്ട് മതചിത്തത.ലോകത്തിലെ മൂന്ന് മുഖ്യ മതങ്ങളില്‍ പെട്ട ഇത്രയേറെ ജനങ്ങള്‍ ഒരുമിച്ച് ജീവിക്കുന്ന മറ്റൊരിടം കണ്ടെത്തുക പ്രയാസകരമാണ്.ഹിന്ദുക്കളാണ് ഭൂരിപക്ഷമെങ്കിലും മുസ്ലിംകളും ക്രിസ്ത്യാനികളും ശക്തമായ ന്യൂനപക്ഷമാണ്.ഇവര്‍ കൂട്ടായി ജീവിക്കുന്നുവെന്ന വസ്തുത മത വിഭാഗങ്ങള്‍ക്കിടയിലെ ആശയ വിനിമയെത്തെയും പ്രവര്‍ത്തനങ്ങളെയും ക്രിയാത്മകമായി സ്വാധീനിച്ചിട്ടുണ്ട്.കേരള സമൂഹത്തലെ ഒരു വ്യതിരിക്ത സമൂഹമായതിനാല്‍തന്നെ തങ്ങള്‍ക്കെതിരേ വിരല്‍ ചൂണ്ടുന്നവരുടെ കൂമ്പൊടിക്കാന്‍ സംഘടിച്ച് പോരടിക്കുകയും,സാംസ്‌കാരികമായും രാഷ്ട്രീയമായും സാമ്പത്തികമായും മതപരമായും അവരടെ ജീവിതം അവര്‍ ഭാഗമായിരിക്കുന്ന ഈ സങ്കീര്‍ണ്ണ സമൂഹത്തില്‍നിലനില്‍ക്കുന്ന അനേകം സ്വാധീനങ്ഹള്‍ക്കു കീഴ്‌പ്പെട്ടു.ഇതിനെല്ലാം ചരടു വലിച്ചത് സയ്യിദ് കുടുംബങ്ങളായിരുന്നു.

സയ്യിദ് ഫസല്‍

 മമ്പുറം സയ്യിദ് അലവി തങ്ങളുടേയും ഫാത്തിമ മദനിയ്യയുടേയും പുത്രനായി ഹി:1240 ക്രി:1840 ല്‍ ജന്മം കൊണ്ട് ഫസല്‍ തങ്ങള്‍ കേരളത്തിലേയും മക്കയിലേയും സുപ്രധാന പണ്ഡിതരില്‍ വിജ്ഞാനം നുകരുന്നത് ഉത്സുകരായിരുന്നു. പിതാവിന്റെ ആത്മീയ സംരക്ഷണത്തില്‍ വളര്‍ന്ന് സയ്യിദ് ഫസല്‍ തങ്ങള്‍ ചാലിലകത്ത് ഖുസ്വിയ്യ് ഹാജി,ഔക്കോയ മുസ്‌ലിയാര്‍,ഉമര്‍ ഖാളി,ഖാളി മുഹ്‌യുദ്ധീന്‍ കോഴിക്കോട്,സയ്‌നുദ്ദീന്‍ മുസ്‌ലിയാര്‍ തിരൂരങ്ങാടി,ശൈഖ് സയ്യിദ് അബ്ദുള്ളാ ബിന്‍ ഉമര്‍ ഹളര്‍മൗത്ത് തുടങ്ങിയവരില്‍ നിന്നും വിവിധ വിശയങ്ങളില്‍ വിദ്യനുകര്‍ന്നു.1844-ലില്‍ സയ്യിദ് ഫസല്‍ തങ്ങളുടെ ഇരുപതാം വയസ്സില്‍ അലവിതങ്ങള്‍ കാലം വരിച്ചതോടെ തങ്ങളുടെ ഉത്തമ പിന്‍ഗാമിയായി അദ്ദേഹം മാറി.പിതാവിന്റെ മരണ ശേഷം അതേ വര്‍ഷം തന്നെ ഹജ്ജ് കര്‍മ്മത്തിനായി മക്കയിലേക്ക് പോയി.തുടര്‍ന്ന് അഞ്ച് വര്‍ഷം പഠനത്തിലും ഗവേശണത്തിലും ഏര്‍പ്പെട്ടു അവിടെ ജീവിക്കുകയും തുടര്‍ന്ന് 1849-ല്‍ മലബാറില്‍ തിരിച്ചെത്തി.ഇക്കാലത്താണ് മമ്പുറം പള്ളി നിര്‍മിക്കുന്നതും അവിടെ ജുമുഅ സ്ഥാപിക്കുകയും ചെയ്തത്.വെള്ളിയാഴ്ച്ച ദിവസം ഈ പള്ളിയില്‍ വെച്ച് അദ്ദേഹം മുസ്‌ലിങ്ങളെ ഇസ്‌ലാമീകരിക്കാനും അവരില്‍ മതബോധം വളര്‍ത്താനും വരേണ്യ വര്‍ഗത്തില്‍ ന്ിന്ന് സ്വതന്ത്രരാക്കാനും ഉപദേശിച്ചു.അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും റാത്തീബുകളും പ്രസിദ്ധമായിരുന്നു.ഇദ്ദേഹത്തില്‍ അകൃഷ്ടനായി ജന്മിത്ത പീഠനങ്ങള്‍ സഹിക്കവയ്യാനാകാതെ കീഴ്ജാതിക്കാര്‍ക്ക് ഇസ്‌ലാമിനോട് താല്‍പര്യം ജനിച്ചു.ഇവരുടെ വിശ്വാസ സ്വാ്തന്ത്രത്തിന് സംരക്ഷണം നല്‍കാന്‍ ഫസല്‍ തങ്ങള്‍ മുന്നോട്ട് വന്നതോടെ അദ്ദേഹം ബ്രിട്ടീഷ്‌കാരുടെ നോട്ടപ്പുള്ളിയായി മാറുകയായിരുന്നു.അധിനിവേശ ശക്തികളായ ബ്രിട്ടീഷ്‌കാര്‍ക്കെതിരെ പൊരുതാന്‍ ഇസ്‌ലാമികമായ ഒരു ബാധ്യതതായി ജനങ്ങളെ ബോധ്യപ്പെടുത്താനും അതില്‍ സംഭവിക്കുന്ന മരണം രക്തസാക്ഷിത്വമാണെന്ന് അവരെ പഠിപ്പിക്കുവാനും അദ്ദേഹത്തിന് സാധിച്ചു.ഒരുവേള,മലയാള മുസ്‌ലിങ്ങള്‍ക്കിടയില്‍ തന്റെ പിതാവ് സയ്യിദ് അലവിയെക്കാളും സ്വാധീനം ഉള്ള വ്യക്തിയായി അദ്ദേഹം മാറി.

ബ്രട്ടീഷുകാര്‍ക്കെതിരെ

      ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരം ഇസ്‌ലാമിക പോരാട്ടവും അതിന് മുന്നിട്ടിറങ്ങല്‍ മതപരമായ ബാധ്യതയും ആയപ്പോള്‍ മാപ്പിളമാര്‍ കൂട്ടത്തോടെ ബ്രിട്ടീഷുകാര്‍ക്കെതിരെ തിരിഞ്ഞു.നിരവധി പോരാട്ടങ്ങള്‍ക്ക് തങ്ങള്‍ ഊര്‍ജ്ജം പകര്‍ന്നു.തങ്ങളുടെ ഈ മുന്നേറ്റങ്ങള്‍ ബ്രട്ടീഷുകാര്‍ക്ക് ചെറുതല്ലാത്ത തലവേദന സൃഷ്ടിച്ചു.തങ്ങള്‍ മലബാറില്‍ ഇല്ലാതാവല്‍ ബ്രിട്ടീഷുകാരുടെ ആവശ്യമായി മാറി.സാമ്രാജ്യത്തത്തിനും ജന്മിത്വത്തിനും എതിരായ പോരാട്ടത്തില്‍ മുസ്‌ലിങ്ങളോടൊപ്പം കീഴാളരെക്കൂടി ചേര്‍ത്ത് പിടക്കുകയാണ് തങ്ങള്‍ ചെയ്തത്.തന്റെ പ്രസംഗങ്ങളിലൂടെയും ഖുതുബകളിലൂടെയും മുസ്‌ലിങ്ങള്‍ക്കും കീഴാളര്‍ക്കുമിടയില്‍ സയ്യിദ് ഫസല്‍ സൃഷ്ടിച്ച് കൊണ്ടിരുന്ന ഐക്യം ബ്രിട്ടീഷുകാരെ ഭയപ്പെടുത്തി.ബലം പ്രയോഗിച്ച് കുടിയാനെ കുടിയിറക്കുന്ന ജന്മിയെ കൊല്ലുന്നത് പാപമല്ലന്ന അദ്ദേഹത്തിന്റെ നിലപാട് ജന്മികളെ ശരിക്കും വിറളി പിടിപ്പിച്ചു.ഇത് പിന്‍വലിക്കാന്‍ അധികാരികള്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും അദ്ദേഹം ഒരടി പോലും പിന്നോട്ട് വെക്കാതെ തന്റെ നിലപാട് നിലയുറപ്പിച്ചു.

      ഒരേ സമയം ആത്മിയവും രാഷ്ട്രിയവുമായിരുന്നു ഈ നേതൃത്വം.സയ്യിദ് ഫസല്‍ വിവിധ ദേശങ്ങളില്‍ വിവിധ പേരുകളിലായിരുന്നു അറിയപ്പെട്ടത്.ജനങ്ങളെ ധാര്‍മികമായി നയിച്ച ഒരാത്മിയ നേതാവ് അതേ സമയം ബ്രിട്ടീഷുകാര്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പോരാട്ടങ്ങള്‍ കാഴ്ച്ച വെച്ച് രാഷ്ട്രീയ നേതാവ്.ബ്രിട്ടിഷ് രേഖകള്‍ അനുസരിച്ച് അദ്ദേഹം ഒരു മതഭ്രാന്തനായ പണ്ഡിതനായിരുന്നു.ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളിയായിരുന്ന അദ്ദേഹം അക്കാലത്ത് ബ്രിട്ടീഷുകാരുടെ ശത്രുവായിരുന്ന തുര്‍ക്കി സുല്‍ത്താന്റെ ശ്രദ്ധയില്‍ പെട്ടു.അത് തുര്‍ക്കി സാമ്രാജ്യത്തില്‍ അദ്ദേഹത്തിന്റെ പേരും പ്രശസ്തിയും വര്‍ധിക്കുന്നതിന് കാരണമായി.മാത്രമല്ല,സുല്‍ത്താന്മാര്‍ക്ക് മാത്രം നല്‍കുന്ന ‘പാഷാ’ പദവി തുര്‍ക്കി സുല്‍ത്താന്‍ അദ്ദേഹത്തിന് നല്‍കുകയും ചെയ്തു.

      ഹിന്ദു ജന്മികളെ സഹായിക്കുന്ന ബ്രിട്ടീഷ് നിലപാടിനെ സയ്യിദ് ഫസല്‍ ശക്തമായി എതിര്‍ത്തു.ഈ വിശയത്തില്‍ അദ്ദേഹം ഒരു ലഘുലേഖ എഴുതുകയും,അറബിയില്‍ എഴുതിയ ലഘുലേഖയുടെ കയ്യെഴുത്ത് പ്രതി വിവിധ മഹല്ലുകളിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു.പിന്നീട് ഇസ്താംബൂളില്‍ പ്രസിദ്ധപ്പെടുത്തിയ ഈ ലഘുലേഖയുടെ തലക്കെട്ട് “ഉദ്ദത്തുല്‍ ഉമറ വല്‍ ഹുകം ലി ഇഹാനത്തില്‍ കഫറാത്ത് വ അബദ്ദത്തില്‍ അസ്വനാം” എന്നായിരുന്നു.മുസ്‌ലിം പണ്ഡിതന്‍മാരെയും സാധാരണക്കാരെയും വെള്ളക്കാര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്തു കൊണ്ടുള്ള എഴുത്തായിരുന്നു ഇത്.കേവലം ജിഹാദന്നെതിലുപരി ജിഹാദിന്റെ മൂന്ന് ഉപാദികളായി പ്രബോധനം,സംസ്‌കരണം എന്നിവയുടെ പ്രാധാന്യം അദ്ദേഹം എടുത്ത് പറയുന്നുണ്ട്.പൊതു സമൂഹത്തെ ബാധിച്ച് ഭൗതിക തൃഷ്ണയാണ് സമുദായത്തിന്റെ പരാജയ കാരണമായി അദ്ദേഹം എടുത്ത് പറയുന്നത്.മുസ്‌ലിം സമൂഹം ബ്രിട്ടീഷുകാരില്‍ നിന്ന് നേരിടുന്ന വെല്ലുവിളി അവര്‍ സ്വയം നന്നാകാത്ത കാലത്തോളം തുടരുമെന്ന് അദ്ദേഹം ഈ ലേഖനത്തില്‍ വ്യക്തമാക്കുകയും ചെയ്യുന്നു.  

    ഇസ്‌ലാമികമായ തങ്ങളുടെ ഉത്തരവാദിത്വം എന്ന് അര്‍ത്ഥത്തില്‍ ബ്രിട്ടീഷ്‌കാര്‍ക്കെതിരെ പോരാടാന്‍ തങ്ങള്‍ പ്രേരിപ്പിക്കുന്ന വിവരം കലക്ടര്‍ കനോലി അറിഞ്ഞതോടെ ആ എഴുത്തിന്റെ പ്രചാരണം തടഞ്ഞു.പാണക്കാട് സയ്യിദ് ഹുസൈന്‍ തങ്ങളും സയ്യിദ് ഫസല്‍ തങ്ങള്ും സമകാലികരായിരുന്നു.ഇരുവരും നികുതി നിഷേധത്തിനായി അടിയുറച്ച് നിന്നു.നികുതി നിഷേധത്തിന്ന് ജനതയെ പ്രേരിപ്പിക്കുന്നു എന്ന പേരില്‍ രണ്ട് പേര്‍ക്കെതിരെയും ബ്രിട്ടീഷുകാര്‍ കുറ്റം ചുമത്തി.തങ്ങള്‍ തന്റെ പോരാട്ട സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ഗൗരവത്തിലെടുത്തിരുന്നു.അന്നത്തെ കലക്ടറായിരുന്ന കനോലി ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് ഗവര്‍ണര്‍ക്ക് ഇങ്ങനെ എഴുതുകയുണ്ടായി ''തങ്ങള്‍ എല്ലാം വിധത്തിലും അപകടകാരിയാണ്.പോലീസുകാര്‍ നിസ്സഹായരുമാണ്.അദ്ദേഹം സാമ്രജ്യത്തിനുള്ളിലെ സാമ്രാജ്യമാണ്''.പക്ഷെ,അദ്ദേഹം ഒരിക്കലും അവിവേക പരവും പരിതി വിടുന്നതുമായ അക്രമണങ്ങളെയും പോരാട്ടങ്ങളെയും പ്രോത്സാഹിപ്പിച്ചിരുന്നില്ല.അതിന് സമാനമായ സംഭവമായിരുന്നു തൃക്കളൂര്‍ സ്വദേശി കുട്ടി അഹ്മദിന്റെ പ്രവര്‍ത്തനം.മമ്പുറം സിയാറത്തിന് വരുന്ന കുട്ടി അഹ്മദ് അന്ന് സയ്യിദ് ഫസലിന്റെ നാമം കൊത്തിവെച്ച് വാളുമായാണ് തിരിച്ച്‌പോയത്.തൃക്കളൂരില്‍ നടന്ന യുദ്ധത്തില്‍ ഇദ്ധേഹം വധിക്കപ്പെടുകയും ഈ വാള്‍ കണ്ടെടുക്കപ്പെടുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടില്‍ നടക്കുന്ന മുഴുവന്‍ കലാപങ്ങളുടെയും ഉത്തരവാദി സയ്യിദ് അവറുകളാണെന്ന് കലക്ടര്‍ കനോലി പ്രഖ്യാപിച്ചു.സത്യത്തില്‍ സയ്യിദ് ഫസലിന്ന് കുട്ടി അഹ്മദിന്റെ ചെയിതിയില്‍ യാഥൊരു പങ്കും ഉണ്ടായിരുന്നില്ല.

നേതൃത്വം

    പത്തൊമ്പതാം നൂറ്റാണ്ടിലെ മലബാര്‍ ചരിത്രത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു തങ്ങള്‍.പിതാവിനെ പോലെ ത്‌ന്നെ മമ്പുറത്തെയും അയല്‍പ്രദേശങ്ങളിലെയും മുസ്‌ലിങ്ങളുടെ നേതൃത്വം അദ്ദേഹത്തിനായിരുന്നു.തനിക്കറിയാവുന്ന കാര്യങ്ങള്‍ മറ്റാരിലും അറിയിച്ച് കൊടുക്കാതെ വീട്ടിലടച്ചിരിക്കുന്ന ആളായിരുന്നില്ല ഫസല്‍ തങ്ങള്‍ മറിച്ച് ഒരു ആത്മീയ നേതാവ് എന്ന നിലക്ക് തന്റെ ചുറ്റുവട്ടത്തുള്ള കാര്യങ്ങളില്‍ അദ്ദേഹം ശ്രദ്ധപതിപ്പിക്കുകയും വേണ്ടി വന്നാല്‍ പ്രതികരിക്കുകയും ചെയ്തു.അദ്ദേഹം മുസ്‌ലിങ്ങളുടെ മതസാമൂഹിക ഇടപെടലിന്റെ കാര്യത്തില്‍ ചില നിബന്ധനകള്‍ വെച്ചു.ഈ സുപ്രധാന്യമായ നാലു പ്രഖ്യാപനങ്ങളില്‍ ഉയര്‍ന്നു കാണപ്പെട്ടത് അന്നത്തെ ഹിന്ദുക്കളുമായുള്ള മുസ്‌ലിങ്ങളെക്കുറിച്ചായിരുന്നു.ആ നാല് വിധികള്‍ ഇങ്ങനെയായിരുന്നു.ഒന്ന് ജന്മികള്‍ക്ക് മുമ്പില്‍ കുമ്പിട്ട് നില്‍ക്കുന്ന രീതി പാടില്ല.അല്ലാഹുവാണ് ഏറ്റവും വലിയവന്‍ അവന്റെ മുമ്പില്‍ മാത്രമെ അങ്ങനെ ചെയ്യാന്‍ അനുവാദമുള്ളു.രണ്ട് അല്ലാഹുവല്ലാത്ത ഒരാളെയും വണങ്ങരുത്.മൂന്ന് ജന്മികളുടെ ഉച്ഛിഷ്ടം ഭക്ഷിക്കരുത്.അല്ലാഹുവിനെ വാഴ്ത്തുന്ന പ്രയോഗങ്ങള്‍ ജന്മികളെ വാഴ്ത്താന്‍ ഉപയോഗിക്കരുത്.നാല് വെള്ളിയാഴ്ച്ച് ആരാധനക്കുള്ളതാണ് അന്ന് കൃഷി ജോലികള്‍ക്ക് പോകരുത്.തങ്ങളുടെ ഈ വിലക്കുകളൊന്നും ഹിന്ദുക്കളില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നെങ്കിലും ബ്രിട്ടീഷ് ഭരണകൂടത്തിന് ഇത് തീരെ രുചിച്ചില്ല.

     തങ്ങള്‍ മലബാറില്‍ എത്തിയത് സവര്‍ണ്ണ ജന്മിമാരുടെ ഭരണകാലത്താണ്.ബ്രിട്ടീഷ് ഭരണത്തിന്റെ തണലിലായിരുന്നു ജന്മിമാരുടെ ഭരണം.അതിനാല്‍ അവര്‍ക്ക് മറ്റുള്ളവരോട് എന്ത് ദ്രോഹവും ചെയ്യാമായിരുന്നു.കുടിയാന്മാരായിരുന്നു ഇവരെക്കൊണ്ട് പൊറുതി മുട്ടിയത്.കുടിയൊഴിപ്പിക്കല്‍ തുടങ്ങി അമിത പാട്ടവും ജന്മിമാരുടെ വീട്ടാവശ്യങ്ങളില്‍ സമ്മാനവും കൊടുക്കേണ്ടിയിരുന്നു.ജന്മിമാരുടെയും അവരുടെ കാര്യസ്ഥന്മാരുടെയും കൊള്ളരുതായ്മകളെ എതിര്‍ത്താലുള്ള ശിക്ഷ അറിഞ്ഞ് കൊണ്ട് തന്നെ തങ്ങള്‍ ഈ സാമൂഹ്യ അസമത്വത്തിനെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചു.അതിന് തങ്ങള്‍ കണ്ട വഴി ഫതവകളായിരുന്നു.അന്യായമായി കുടിയൊഴിപ്പിക്കുന്ന ജന്മിയെ കൊല്ലുന്നതിന്നും വിരോധമില്ലന്നത് വരെ തങ്ങളുടെ ഫത്‌വയില്‍ നിന്ന് ജനങ്ങള്‍ക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു.മതകീയ പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന കൊടുത്ത് കൊണ്ടുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങളെ വളച്ചൊടിച്ച ബ്രിട്ടീഷുകാര്‍ ഇതില്‍ നിന്നെല്ലാം പിന്തിരിപ്പിക്കാന്‍ തക്കതായ പ്രതിഫലം വാഗ്ദാനം ചെയ്യുകയും സര്‍ക്കാര്‍ തലത്തില്‍ ഉചതിമായ ഒരു ജോലി ഉറപ്പ് വരത്തുകയും ചെയ്തു.പക്ഷെ,തങ്ങള്‍ അതെല്ലാം നിരസിക്കുകയായിരുന്നു.

   അദ്ദേഹം ഒട്ടാകെ ഇരുപത്തിയഞ്ച് കൃതികള്‍ രചിക്കുകയുണ്ടായി.ഇതില്‍ പതിനാല് കൃതികളും ജനമനസ്സുകളില്‍ പരിവര്‍ത്തനം ആവശ്യമാണെന്ന് വിശയത്തിലതിഷ്ടിതമായിരുന്നു.മത തത്വശാസ്ത്രം,കര്‍മ്മ ശാസ്ത്രം,വിശ്വാസ കാര്യങ്ങള്‍ എന്നിവയും അദ്ദേഹം ചര്‍ച്ചചെയ്തു.മുസ്‌ലിങ്ങള്‍ അമുസ്‌ലിങ്ങളോട് പെരുമാറേണ്ട രീതിയെക്കുറിച്ച് എഴുതിയ ഗ്രന്ഥം അദ്ദേഹത്തന്റെ മതാതിര്‍ത്ഥികള്‍ക്കപ്പുറം സാഹോദര്യത്തിന് അദ്ദേഹം കൊടുത്ത സ്ഥാനം വ്യക്തമാക്കി തരുന്നുണ്ട്.

നാടുകടത്തല്‍

       ഹിന്ദു-മുസ്‌ലിം ഐക്യം ദൃഢമാക്കാനും അടിമത്തത്വത്തില്‍ നിന്ന് എത്രയും പെട്ടന്ന് മോചനം നേടുവാനും അദ്ധേഹം രഹസ്യമായി ഉത്ഭോതനം ചെയ്തു കൊണ്ടിരുന്നു.പിതാവിന്റെ മരണ ശേഷം അധികാര വര്‍ഗം പലതരത്തിലുള്ള പ്രലോഭനങ്ങളുമായി ഫസല്‍ തങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചു.എന്നാല്‍ അദ്ദേഹം അതിനൊന്നും വഴങ്ങിയില്ല.സമുദായ നേതാക്കന്മാരെയും സാധാരണ ജനങ്ങളെയും ബ്രിട്ടീഷ് ഭരണത്തിനെതിരില്‍ ഒന്നിപ്പിക്കുവാനും അവര്‍ക്കെതിരില്‍ സമരം ചെയ്യുവാനും പ്രേരിപ്പിച്ച് കൊണ്ട് അദ്ദേഹം വിപ്ലവ വാക്യങ്ങളുമായെത്തി.നിരവധി സ്ഥലങ്ങളില്‍ മുസ്‌ലിംകളുടെ യോഗങ്ങള്‍ വിളിച്ച് കൂട്ടി.ഇസ്‌ലാമിക ജീവിതത്തോടൊപ്പം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാണ്ടേതിനെ പറ്റിയും അദ്ദേഹം ജനങ്ങളെ ബോധവല്‍കരിച്ചു.അത്തരത്തില്‍ വിളിച്ച കൂട്ടുന്ന യോഗങ്ങളും ബ്രിട്ടീഷുകരോടും പാവപ്പെട്ടവരെ അടിമകളെപ്പോലെ പണിയെടുപ്പിക്കുന്ന ജന്മിമാരോടും നേരിട്ടുള്ള വെല്ലുവിളിയായിരുന്നു.പക്ഷെ,പിതാവിന്റെ മരണത്തിന്റെ ശേഷവും അദ്ദേഹം സമൂഹത്തിന്റെ നേതൃത്ത്വം ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ പോരാട്ടം 1849-ല്‍ പൊട്ടിപ്പുറപ്പെട്ട മഞ്ചേരി കലാപമായിരുന്നു.1843-ലെ ചേറൂര്‍ കലാപത്തിന് ശേഷം നടന്ന ഏറ്റവും വലിയ കലാപമായിരുന്നു ഇത്.ചേറൂര്‍ കലാപത്തിന് ശേഷം മുസ്‌ലിങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ ചെറിയ സമരങ്ങള്‍ നടത്തിയിരുന്നു.1851-ലെ കൊളത്തൂര്‍ കലാപം,1851-ലെ മട്ടന്നൂര്‍ കലാപം തുടങ്ങിയവ ഇവയില്‍ പെടുന്നു.ഇവയൊക്കെയും ഫസല്‍ തങ്ങളുടെ നേതൃത്വത്തില്‍ ആണന്നെന്നാണ് ബ്രിട്ടീഷ് കമ്മീഷനും അന്നത്തെ കലക്ടര്‍ കനോലിയും മനസ്സിലാക്കിയത്.മേല്‍ പറഞ്ഞ കലാപങ്ങളില്‍ എന്തു കൊണ്ടും ശക്തമായ കലാപം മഞ്ചേരി കലാപമായിരുന്നു.അത്തന്‍ കുരിക്കള്‍(ജൂനിയര്‍),ഫസല്‍ തങ്ങളുടെ മകന്‍ കുഞ്ഞിക്കോയ തങ്ങള്‍ എന്നിവരാണ് അതിന് നേതൃത്വം കൊടുത്തത്.കനോലിയുടെ ആരോപണങ്ങള്‍ തങ്ങളവുറകള്‍ നിഷേധിച്ചെങ്കിലും കനോലി അത് ചെവികൊണ്ടില്ലെന്ന് മാത്രമല്ല തങ്ങള്‍ക്കും പങ്കുണ്ടെന്ന് തറപ്പിച്ച് പറഞ്ഞു.പതിമൂന്ന് കൊല്ലത്തെ അറേബ്യന്‍ ജീവതവും ബ്രിട്ടീഷുകാരെ ചൊടിപ്പിച്ചിടുന്നു.നാട്ടില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന നിരവധി ബ്രീട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ മാസ്റ്റര്‍ ബ്രെയ്ന്‍ തങ്ങളാണെന്ന് ഉദ്യോഗസ്ഥര്‍ വ്യാഖ്യനിക്കുകകൂടെ ചെയ്തതോടെ ഏത് വിധേനയും സയ്യിദ് അവറുകളെ അറസറ്റ് ചെയ്ത് ശിക്ഷിക്കുക എന്നത് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ആവശ്യമായിത്തീര്‍ന്നു.തങ്ങളുടെ കണ്ണിലെ കരടായ ഫസല്‍ തങ്ങളെ ഒതുക്കിയില്ലെങ്കില്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ മലബാറിലെ സ്വാധീനം നഷ്ടപ്പെടുകയും അതേസമയം സയ്യിദ് ഫസല്‍ സര്‍വ്വ സമ്മതനമായിത്തീരുമെന്നും അവര്‍ പേടിച്ചിരുന്നു.

     ഒടുവില്‍ സയ്യദ് ഫസല്‍ തങ്ങളെ നാട് കടത്താന്‍ ബ്രിട്ടീഷ് കമ്മീഷന്‍ തീരുമാനിച്ചു.എന്നാല്‍ നാടിന്റെയും സമുദായത്തിന്റെയും ഭാവിയോര്‍ത്ത് അദ്ദേഹം ഇതിനെതിരെ മുന്നോട്ട് വന്നില്ല.തങ്ങള്‍ക്കെതിരെയുള്ള ഈ വിധിയില്‍ മാപ്പിള സമൂഹം അതൃപ്തരായിരുന്നു.തങ്ങളെ നാടു വിടുന്നതില്‍ നിന്ന് തടയാനും വെള്ളക്കാര്‍ക്കെതിരെ പൊരുതാനും സമൂഹം സദാസന്നദ്ധരായിരുന്നു.വാര്‍ത്തയറിഞ്ഞ് നിരവധി പേര്‍ കോഴിക്കോട് കടപ്പുറത്ത് ഒത്ത് ചേര്‍ന്നുവെങ്കിലും പരപ്പനങ്ങാടിയില്‍ നിന്ന് പുറപ്പെടുകയാണുണ്ടായത്.തങ്ങളുടെ പെട്ടന്നുള്ള നാടുവിടലിന്റെ ഔചിത്യം ഇന്നും അവ്യക്തമാണ്.ഫസല്‍ തങ്ങളുടെ യാത്രക്കു ശേഷം മലബാറില്‍ ബ്രിട്ടീഷുകാര്‍ വ്യാപകമായ അക്രമണങ്ങള്‍ അഴിച്ചു വിട്ടു.എന്നാല്‍ 1855 സെപ്റ്റംബര്‍ 11-ന് കലക്ടര്‍ കനോലിയെ വധിച്ചാണ് മാപ്പിളമാര്‍ ഇതിന് പകരം വീട്ടിയത്.

തുര്‍ക്കി-മക്ക വഫാത്ത്

     നാടുകടത്തപ്പെട്ടതിന് ശേഷം ഒരു ദേശത്തിന്റെ ഭരണാധികാരിയായി മാറുന്ന അപൂര്‍വ്വതയും സയ്യിദ് ഫസലിന്റെ ജീവിതത്തിലുണ്ട്.ഒട്ടോമന്‍ തുര്‍ക്കിയുടെ കീഴിലായിരുന്ന ഒമാനിലെ ദോഫാ എന്ന രാജ്യത്തിന്റെ ഭരണാധികാരിയായി കുറച്ച് കാലം തങ്ങള്‍ കഴിഞ്ഞു.സയ്യിദ് ഫസലും കൂട്ടരും യമനില്‍ കപ്പലിറങ്ങി.കുറച്ചു പേരെ ഹളര്‍മൗത്തില്‍ താമസിപ്പിച്ച് തങ്ങളും ശേഷിക്കുന്നവരും മസ്‌ക്കറ്റിലേക്ക് പോയി.അവിടെ നിന്നും ഈജിപ്ത് വഴി തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെത്തി പിന്നീട് മക്കയിലേക്കും അവിടുത്തെ പതിനെട്ട് വര്‍ഷത്തെ ജീവിതത്തിന് ശേഷം 1871-ല്‍ വീണ്ടും കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തി.1876-ല്‍ യമന്‍ ഗവര്‍ണറായി നിയമിതനായി.പിന്നീട് ഗവര്‍ണര്‍ സ്ഥാനം ഉപേക്ഷിച്ച് വീണ്ടും മക്കയിലെത്തുകയും സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന്റെ ക്ഷണപ്രകാരം ഉപദേഷ്ടാവെന്ന നിലയില്‍ തിരിച്ച് തുര്‍ക്കിയില്‍ തന്നെയെത്തി.ഫള്ല്‍ പാഷാ എന്നാണ് അദ്ദേഹം അവിടെ അറിയപ്പെട്ടത്.ഹിജ്‌റ 1318(ക്രി:1901)ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ വെച്ച് മരണപ്പെട്ടു.തുര്‍ക്കി സുല്‍ത്താന്‍മാരുടെ ഖബറിടത്തില്‍ ഖലീഫ മഹ്മൂദ് ഖാന്റെ ഖബറിനടുത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്.

സമാപനം

   ഒരു ത്രിമാന വ്യക്തിത്വമായിരുന്ന തങ്ങള്‍.മലബാറുകാരുടെ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍,ദോഫാറ്കാരുടെ സയ്യിദ് ഫസല്‍ ബിന്‍ അലവി മൗലദ്ദവീല,തുര്‍ക്കി സുല്‍ത്താന്റെയും ചരിത്രത്തിലെയും സയ്യിദ് ഫസല്‍ പാഷാ.ഈ മൂന്നും തങ്ങളുടെ മൂന്ന് വ്യക്തിത്വങ്ങളെ കുറിക്കുന്നു.ഇതില്‍ ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം പഠിച്ചാല്‍ ആ ജീവിത പഠനം പൂര്‍ണ്ണമാവില്ല.നാടു കടന്നതിന്ന് ശേഷവും മലബാറിനോട് അടുത്ത ബന്ധം കാത്ത് സൂക്ഷിച്ച തങ്ങള്‍ പലതവണ മലബാറിലേക്കുളള തിരിച്ചുവരവിന് കോപ്പ് കൂട്ടിയിരുന്നു.അപ്പോഴെല്ലാം ഇവിടുത്തെ ഭരണകൂടവും നിയമങ്ങളും അദ്ദേഹത്തിന് വിലങ്ങുതടിയായി.ഒരു മടക്കം തീരുമാനിച്ചു ഉറപ്പിച്ചു കൊണ്ടായിരുന്നു കപ്പല്‍ കയറിയതൊങ്കിലും അദ്ദേഹം പ്രതീക്ഷിച്ചത് പോലെ കാര്യങ്ങള്‍ നടന്നില്ല.പോരാളി,ഭരണാധികാരി,ഒരു സുല്‍ത്താന്റെ ഉപദേഷ്ടാവ് എന്നീ മേഖലയില്‍ തന്റെ വ്യക്തി പാഠവം തെളിയിക്കാന്‍ കഴിഞ്ഞ ചുരുക്കം പേരിലായി ഒരു ജീവിതമായിരുന്നു സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍



Post a Comment

0 Comments