ഏറനാട്ടിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവ്, മലബാര്‍ സമര നായകന്‍ എന്നതിലുപരി മതപണ്ഡിതന്‍, പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച വ്യക്തിത്വമാണ് ബഹുമാനപ്പെട്ട ആലി മുസ്‌ലിയാര്‍. തന്റെ ചെറുപ്പത്തിലേ കുടുംബത്തിലെ വേറെ ചിലര്‍ ബ്രിട്ടീഷുകാരാല്‍ വധിക്കപ്പെടുകയോ നാടു കടത്തപ്പെടുകയോ ചെയ്യുകയുണ്ടായി. ഇതെല്ലാം കണ്ടും കേട്ടും വളര്‍ന്നിരുന്ന ആലിമുസ്‌ലിയാരില്‍ ചെറുപ്പത്തിലേ ബ്രിട്ടീഷ് വിരോധം ശക്തിപ്പെട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും അദ്ദേഹം തുനിഞ്ഞില്ല. അതുകൊണ്ടാവാം മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് ആലിമുസ്‌ലിയാര്‍ക്ക് രാഷ്ട്രീയമായി യാതൊരു പൂര്‍വ്വ ചരിത്രവുമില്ല. എന്ന് തന്റെ ഖിലാഫത്ത് സ്മരണ എന്ന ഗ്രന്ഥത്തിലൂടെ സൂചിപ്പിക്കുന്നത്.
പ്രാഥമിക ഉപരി പഠനങ്ങള്‍ക്കു ശേഷം ഏറനാട്ടിലെ പൊടിയോട്, തൊടിക്കപ്പുലം തുടങ്ങിയ സ്ഥലങ്ങളില്‍ മുദരിസ്സും ഖാളിയുമായി ജോലി നോക്കി. ലക്ഷദ്വീപിലെ കവരത്തി ദ്വീപില്‍ അധ്യാപനം നടത്തിക്കൊണ്ടിരിക്കെയാണ് 1891ല്‍ മണ്ണാര്‍ക്കാട്ടെ ചൂഷിതരായ മാപ്പിളക്കുടിയന്മാര്‍ ജന്മികള്‍ക്കെതിരെ വിപ്ലവം തുടങ്ങിയത്. ഈ സമരത്തില്‍ ആലി മുസ്‌ലിയാരുടെ ജ്യേഷ്ഠസഹോദരന്‍ മമ്മദ്കുട്ടി മുസ്‌ലിയാരും ഉള്‍പ്പെട്ടതിനാല്‍ ഈ വാര്‍ത്തകേട്ട് എന്തെങ്കിലുമൊക്കെ ചെയ്‌തേ മതിയാവൂ എന്ന ദൃഢനിശ്ചയത്തോടെ കവരത്തിയിലെ അധ്യാപന ചുമതല സ്വന്തം സഹോദരനെ ഏല്‍പ്പിച്ച് നാട്ടിലേക്ക് തിരിച്ചു.
ആലിമുസ്‌ലിയാര്‍ക്ക് അറുപത് വയസ്സുള്ളപ്പോഴാണ് മലബാറില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. കോണ്‍ഗ്രസിന് നാട്ടില്‍ ആദ്യമേ പോരാട്ടം ലഭിച്ചതിനാല്‍ കോണ്‍ഗ്രസ് നേതാവ് എ.പി നാരായണമേനോന്‍ ആലി മുസ്‌ലിയാരുടെ അടുത്ത സുഹൃത്തായിരുന്നു. തന്മൂലം, ഏറനാട്ടില്‍ മദ്‌റസകളും പള്ളിക്കൂടങ്ങളും സ്ഥാപിക്കാന്‍ കാരണമായി. ഈ സൗഹൃദം കാരണം, ഹിന്ദു മതക്കാര്‍ പോലും മാതൃക പുരോഹിതന്‍ മതപണ്ഡിതന്‍ എന്നിങ്ങനെ വിശേഷിപ്പിച്ചിരുന്നു.
എം.പി നാരായണന്റെയും കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരുടെയും പ്രേരണയാല്‍ ആലി മുസ്‌ലിയാര്‍ കുടിയാന്‍ സംഘ പ്രവര്‍ത്തനത്തിലും പിന്നീട് ഖിലാഫത്ത് പ്രസ്ഥാനത്തിലും നിസ്സഹകരണ പ്രസ്ഥാനത്തിലും ഭാഗഭാക്കായി എതിര്‍പ്പ് പ്രകടിപ്പിച്ചു. ഖാദി ധരിക്കുകയും അഹിംസയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ ശ്രമിക്കുകയും ചെയ്ത അദ്ധേഹം ഖിലാഫത്ത് വളണ്ടിയര്‍മാരെ സംഘടിപ്പിക്കാനും മുന്‍കൈയെടുത്തിരുന്നു എന്നത് തിരസ്‌കരിക്കാവതല്ല.
ബ്രിട്ടീഷുകാര്‍ക്കെതിരില്‍ പ്രത്യക്ഷസമര പരിപാടികള്‍ തുടങ്ങുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ പദവികളില്‍ വെച്ചുള്ള വാക്കുകള്‍ വളരെ ജനപ്രീതിയാര്‍ജ്ജിച്ചവയും, ഖിലാഫത്ത് പ്രവര്‍ത്തനവും, ബ്രിട്ടീഷ് വിരുദ്ധ മനോഭാവവും ജനങ്ങളില്‍ വളര്‍ത്തുവാന്‍ ഉതകിയവയുമായിരുന്നു.
1920ല്‍ തിരൂരങ്ങാടിയില്‍ 50 അംഗം ഖിലാഫത്ത് കമ്മിറ്റി രൂപീകരിച്ചു. മൂന്നിയൂര്‍ പി.എം തങ്ങളായിരുന്നു അതിന്റെ പ്രസിഡന്റ്. ആലി മുസ്‌ലിയാര്‍, കെ.എം മൗലവി എന്നിവര്‍ വൈസ് പ്രസിഡന്റുമാരും. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജി, ചെമ്പ്രശ്ശേരി കുഞ്ഞിസിതി തങ്ങള്‍, കാരാടന്‍ മൊയ്തീന്‍ അലവിക്കുട്ടി, കുഞ്ഞി ഖാദര്‍ തുടങ്ങി മലബാര്‍ സമരത്തിന് ചുക്കാന്‍ പിടിച്ച ഒട്ടനവധി നേതാക്കളുടെ ഗുരുവും ഉപദേഷ്ഠാവുമായിരുന്നു ആലിമുസ്‌ലിയാര്‍. ബ്രിട്ടീഷ് ഭരണത്തിനെതിരെ സംഘടിത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടപ്പോള്‍ കടുത്ത മര്‍ദ്ദന നടപടികളിലൂടെ സമര പരിപാടികളെ നേരിടുകയെന്ന നയമാണ് ബ്രിട്ടീഷുകാര്‍ സ്വീകരിച്ചത്. ഇതില്‍ ക്ഷുഭിതനായ ആലിമുസ്‌ലിയാര്‍ക്ക് ഗാന്ധിസത്തിലും അഹിംസയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു. അദ്ദേഹം സഹപ്രവര്‍ത്തകരുടെ സഹായത്തോടെ അയല്‍ നാടുകളിലെല്ലാം ഖിലാഫത്ത് കമ്മിറ്റികള്‍ രൂപീകരിക്കുകയും വളണ്ടിയര്‍മാരെ തിരഞ്ഞെടുത്ത് ആയുധ പരിശീലനം നല്‍കുകയും ചെയ്തു.
മുസ്‌ലിംകളുടെ സമരം ഹന്ദുക്കള്‍ക്കെതിരെയാണെന്ന് പ്രചരിപ്പിച്ച് മുസ്‌ലിംകള്‍ സ്വതന്ത്ര സമര പ്രക്ഷോഭങ്ങളിലേക്ക് കടന്നു വരുന്നത് തടയാന്‍ ബ്രിട്ടീഷുകാര്‍ പല അടവുകളും പ്രയോഗിച്ചെങ്കിലും അവര്‍ക്ക് വേണ്ടത്ര വിജയം ലഭിച്ചില്ല.ഖിലാഫത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനം ഹറാമാണെന്ന് വരുത്തി തീര്‍ക്കാന്‍ അവര്‍ യാഥാസ്ഥിക പണ്ഡിതന്മാരെ കൊണ്ട് ഫത്‌വകള്‍ ഇറക്കിച്ചു. മഹ്മുല്‍ ഖിലാഫത്തി ഫീ ഇസ്‌ലാമില്‍ ഖിലാഫഃ തുടങ്ങിയ ഫത്‌വകള്‍ ഖിലാഫത്ത് പ്രവര്‍ത്തനങ്ങളെ അനിസ്‌ലാമികമാണെന്ന് മുദ്ര കുത്തിയെങ്കിലും വലിയൊരു അളവുവരെ ഖിലാഫത്ത് പ്രക്ഷോഭത്തില്‍ ആലി മുസ്‌ലിയാരെ പോലുള്ള പണ്ഡിതന്മാരുടെ നിറസാന്നിദ്ധ്യമായിരുന്നു.
1921 ആഗസ്റ്റ് 19ന് കളക്റ്റര്‍ തോമസ്, ഡ.എസ്.പി ഹിച്ച്‌കോക്ക്, എ.എസ്.പി ആമു എന്നിവരടങ്ങുന്ന സംഗം ആലി മുസ്‌ലിയാരെയും സഹപ്രവര്‍ത്തകരെയും പിടികൂടാന്‍ പട്ടാള സൈന്യവുമായി തിരൂരങ്ങാടിയിലേക്ക് തിരിച്ചു. ഈ വാര്‍ത്ത അറിഞ്ഞ് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് അബ്ദു റഹ്മാന്‍ മുസ്‌ലിയാര്‍ക്ക് കത്ത് കൊടുത്തയച്ചു. എല്ലാവരെയും അറസ്റ്റു ചെയ്താല്‍ പോലും ലഹളയുണ്ടാക്കരുതെന്ന് കത്തില്‍ പ്രത്യേകം എഴുതിയിരുന്നു. ആഗസ്റ്റ് 20ന് വൈകുന്നേരം തോമസും സംഗവും ആലി മുസ്‌ലിയാര്‍ ദര്‍സ് നടത്തിയിരുന്ന തിരൂരങ്ങാടിയിലെ കിഴക്കേ പള്ളി വളയുകയും ശേഷം മുസ്‌ലിയാരുടെ വീടും അവര്‍ പരിശോധിക്കുകയുണ്ടായി. പക്ഷെ, അദ്ദേഹത്തേയോ പ്രമുഖകരായ ഖിലാഫത്ത് പ്രവര്‍ത്തകരേയോ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞില്ല. ക്രുദ്ധരായ പട്ടാളക്കാര്‍ ഓഫീസില്‍ കയറി പതാകകള്‍ നശിപ്പിക്കുകയും റിക്കാര്‍ഡുകള്‍ കീറുകയും അവിടെയുണ്ടായിരുന്നവരെ നിഷ്‌ക്രൂരം മര്‍ദ്ദിക്കുകയും ചെയ്തു. എന്നാല്‍ അറസ്റ്റു ചെയ്‌തെന്നും പട്ടാളം പള്ളി അക്രമിച്ചു എന്നുമുള്ള കിംവതന്തിയാണ് നാട്ടില്‍ പരന്നത്. രോഷാകുലരായ ജനങ്ങള്‍ അയല്‍ നാടുകളില്‍ നിന്നും കൂട്ടംകൂട്ടമായി നിരായുധരായ ജനങ്ങള്‍ തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടു. അവര്‍ക്കു നേരെ സായുധ പോലീസ് യാതൊരു മുന്നറിയിപ്പുമില്ലാതെ വെടിയുതിര്‍ത്തു. ഒമ്പതു പേര്‍ മരിക്കുകയും ഇരുപത് പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തതോടെ കെ.എം മൗലവിയുടെ ഉപദേശം കേട്ട് എല്ലാം സഹിച്ചു കേട്ടിരുന്ന ജനങ്ങള്‍ ഈ കൊട്ടുപാതകത്തില്‍ ക്ഷുപിതരായി പോലീസ് ക്യമ്പിലേക്ക് ഇരച്ചുകയറിയെന്നറിഞ്ഞ് ഒളിവിലായിരുന്ന ആലി മുസ്‌ലിയാര്‍ കേരളത്തിലെത്തുകയും പട്ടാളവുമായി ഇടയരുതെന്ന് താക്കീദ് നല്‍കുകയും ചെയ്തു. ഉപദേശത്താല്‍ ജനങ്ങളല്‍പ്പം ശാന്തരായിരുന്നെങ്കിലും അറസ്റ്റു ചെയ്തവരെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ആയുധ സന്നാഹത്തോടെ തിരൂരങ്ങാടി മജിസ്‌റ്റ്രേറ്റ് ക്യാമ്പിലേക്ക് മാര്‍ച്ച് ചെയ്യാനൊരുങ്ങിയ ജനങ്ങളോട് ആലി മുസ്‌ലിയാര്‍ താന്‍ അധികാരികളെ കാണാന്‍ തനിച്ചു പോവുകയാണെന്ന് പറഞ്ഞെങ്കിലും ജനങ്ങള്‍ അവരെ തനിച്ചു വിട്ടില്ല. പ്രശ്‌നം പരിഹരിക്കണമെങ്കില്‍ ജനങ്ങള്‍ സമാധാനമായി ഇരിക്കണമെന്നാവിശ്യപ്പെട്ട് കച്ചേരിയിലെ ജനങ്ങള്‍ക്കു നേരെ തുരുതുരാ വെടിയുണ്ടകള്‍ വര്‍ഷിച്ചു. ഇത് ആസൂത്രണം ചെയ്തവരെ അവിടെവെച്ചുതന്നെ ജനങ്ങള്‍ വക വരുത്തി ധൈര്യം തിരിച്ചെടുത്തും ഈ സംഭവത്തിനൊടുവില്‍ തിരൂരങ്ങാടിയില്‍ നിന്നും പോലീസും പിന്‍വാങ്ങിയതോടെ ആ പ്രദേശത്ത് ഫലത്തില്‍ ബ്രിട്ടീഷ് ഭരണം ഇല്ലാതായി. തുടര്‍ന്ന് പത്ത് ദിവസത്തോളം തിരൂരങ്ങാടിയില്‍ ആലി മുസ്‌ലിയാരുടെ ഭരണമായിരുന്നു. ഏതു നിമിഷവും ബ്രിട്ടീഷ് സൈന്യം തിരൂരങ്ങാടി അക്രമിച്ചേക്കാമെന്ന നില വന്നതോടെ നെല്ലിക്കുത്ത് നിന്ന് തന്റെ നാട്ടുകാര്‍ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചു വരണമെന്നാവിശ്യപ്പെട്ടപ്പോള്‍ അദ്ദേഹം മനോഹരമായി അതിനെ നിരസിക്കുകയും താന്‍ തന്റെ അനുയായികളെ വിട്ട് സ്വന്തം ദേശത്തേക്ക് ഒളിച്ചോടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എം.പി നാരായണമേനോനും കട്ടിശ്ശേരി മുഹമ്മദ് മുസ്‌ലിയാരും കെ.പി കേശവമേനോനും മുസ്‌ലിയാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മുസ്‌ലിയാര്‍ താന്‍ പിന്മാറില്ലെന്നും കീഴടങ്ങണമെങ്കില്‍ എന്റെ സഹപ്രവര്‍ത്തകരോട് ചോദിക്കുമെന്ന് കല്‍പ്പിക്കുകയും ചെയ്തു. ആലി മുസ്‌ലിയാരുടെ ഭരണത്തിലെ സൈന്യാധിപനായ കുഞ്ഞലവി കീഴടങ്ങാന്‍ ആവശ്യപ്പെട്ട കേശവമേനോനിനോട് ഇപ്രകാരം പറയുകയുണ്ടായി “കീഴടങ്ങേണ്ട കഥ മാത്രം അവിടന്ന് എന്നോട് പറയരുത്. അവര്‍ക്ക് എന്നെക്കിട്ടിയാല്‍ അറുക്കുകയല്ല അരക്കുകയാണ് ചെയ്യുക. ഞാന്‍ അവരോട് യുദ്ധം ചെയ്തുകൊണ്ട് തന്നെ ചത്തോളാം”. കീഴടങ്ങുന്നവരുടെ സംരക്ഷണത്തെക്കുറിച്ച് ഒരു ഉറപ്പും കോണ്‍ഗ്രസ് ദൗത്യത്തിന് കൊടുക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഈയൊരു നിലപാടെടുക്കാന്‍ മുസ്‌ലിയാരും സംഘവും നിര്‍ബന്ധിതരായത്. തല്‍കാലം കുഴപ്പം വ്യാപിക്കുന്നത് തടയുക എന്ന ലക്ഷ്യമേ കോണ്‍ഗ്രസ് ദൗത്യത്തിനുണ്ടായിരുന്നുള്ളതാനും. ഈ ചര്‍ച്ചക്കൊടുവില്‍ ആലി മുസ്‌ലിയാര്‍ താന്‍ അക്രമമായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും എന്റെ കുത്തിപ്പിടിക്കുന്ന വടിയല്ലാതെ യാതൊരു ആയുധവും എന്റെ പക്കലില്ലന്ന് വ്യക്തമാക്കി. മറ്റുള്ളവരുടെ വിധിയും ഇതുതന്നെയായിരുന്നു. പാതിരാക്കു ശേഷം പട്ടാളക്കാര്‍ വീടുകളില്‍ കയറി ബഹളമുണ്ടാക്കി ചിലരെ പിടിച്ച് കൊണ്ട് പോയി. അതിനെ കുറിച്ചന്വേഷിക്കാന്‍ വേണ്ടിയും അവരെ വിട്ടുകിട്ടാനും മാത്രമാണ് ഞങ്ങള്‍ ചെന്നത്. സമാധാനപരമായ നിലയില്‍ സംസാരിച്ചു. നിരായുധരായി ചെന്ന ഞങ്ങളുടെ നേരെ നേരെ വെടി വെക്കാന്‍ കല്‍പ്പിച്ചത് ശരിയാണോ? നീതിയാണോ? ഇത്തരത്തിലുള്ള അനീതിക്ക് വഴങ്ങാന്‍ പാടുണ്ടോ? എന്ന ചോദിക്കുകയും ഉത്തരം മുട്ടിയ ദൗത്യ സംഘം തിരിച്ചുപോയി.
ഇത്തരമൊരു സാഹചര്യത്തിലാണ് മുസ്‌ലിയാര്‍ രണ്ടും കല്‍പ്പിച്ചൊരു തീരുമാനമെടുത്തത്. നാരായണമേനോന്റേയും കേശവമേനോന്റെയും ഉപദേശങ്ങള്‍ക്ക് വില കല്‍പ്പിച്ചിരുന്ന മുസ്‌ലിയാര്‍ മുസ്‌ലിം സമുദായത്തെ പീഡിപ്പിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് പാദസേവന ചെയ്യുന്ന സമുദായ പ്രമാണിമാരെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്ന പോലീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത കാന്‍ ബഹദൂര്‍ ചേക്കുട്ടി അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് ഉപദേശിച്ചപ്പോള്‍ മുസ്‌ലിയാര്‍ പറയുകയുണ്ടായി. യഥാര്‍ത്ഥ മാപ്പിള തന്റെ മതത്തെ രക്ഷിക്കാന്‍ മരിക്കാനും രക്തസാക്ഷിയാവാനും ഭയപ്പെടുന്നവനല്ല. വിദേശികളായ അവിശ്വാസികളുടെ ചെരുപ്പു നക്കികളായ ചേക്കുട്ടിയെ പോലുള്ള മാപ്പിളമാര്‍ ഭയപ്പെടണം. അത്തരം മാപ്പിളമാരുണ്ടായതാണ് മാപ്പിള സമുദായത്തിന്റെ ദുരന്തകാരണം. 1921 ആഗസ്റ്റ് 30ന് ആലി മുസ്‌ലിയാരെയും അനുയായികളെയും കീഴടക്കാന്‍ ഉയര്‍ന്ന പോലീസ്-പട്ടാള മേധാവികളുടെ നേതൃത്വത്തില്‍ വന്‍സൈന്യം തിരൂരങ്ങാടിയിലെത്തി. തിരൂരങ്ങാടിയിലേക്കുള്ള എല്ലാ വഴികളും അവര്‍ കേമ്പുചെയ്ത് അടച്ചു. വൈകുന്നേരം പള്ളി വളഞ്ഞു. 100ഓളം പേര്‍ പള്ളിയിലുണ്ടായിരുന്നു. ആലി മുസ്‌ലിയാരുടെ നിര്‍ദേശപ്രകാരം വാതിലും ജനലുമെല്ലാം അടച്ചു. ഇതിനിടെ ചെറിയ തോതില്‍ വെടിവെപ്പുണ്ടായി. പള്ളിയിലേക്കുള്ള ചിലര്‍ മരിച്ചുവീണു. ചിലര്‍ പട്ടാളക്കാരെ കുത്തിവീഴ്ത്തി വെടിയുണ്ടകള്‍ക്കിരയായി.
കീഴടങ്ങുന്ന വരെ ദ്രോഹിക്കുന്നതല്ലെന്ന് ഒരു പട്ടാളക്കാരന്‍ വിളിച്ചു പറഞ്ഞു. ആലി മുസ്‌ലിയാരുടെ നിര്‍ദേശപ്രകാരം രാവിലെ മടങ്ങാം എന്ന് പ്രത്യുത്തരവും നല്‍കി. ഇത് അംഗീകരിച്ച് പട്ടാളം പിന്‍വാങ്ങി. ആലിമുസ്‌ലിയാരുടെ 37ഓളം പോരും കീഴടങ്ങാനും കുഞ്ഞലവിയും അലവക്കുട്ടിയും മറ്റും രക്ഷപ്പെടാനും തീരുമാനിച്ചു. 1921 സെപ്തംബര്‍ 27ന് പള്ളിയുടെ തെക്കേ പടിപ്പുര തുറന്ന് ആലി മുസ്‌ലിയാരും 37 അനുയായികളും കീഴടങ്ങി. അവരെ അറസ്റ്റ് ചെയ്ത് തിരൂരിലേക്ക് കൊണ്ടുപോയി. പിന്നീട് കോയമ്പത്തൂര്‍ ജയിലിലടച്ചു.
മാര്‍ഷല്‍-ലോ കോടതി 1921 നവമ്പര്‍ 2ന് കോഴിക്കോട്ട് പ്രത്യേക ചേരി ചേര്‍ന്ന് ആലി മുസ്‌ലിയാരെയും അനുചരന്മാരെയും വിചാരണ ചെയ്തു. അദ്ദേഹത്തിനു വേണ്ടി ഗവണ്‍മെന്റ് വക്കീലിനെ ഏര്‍പ്പെടുത്തിയെങ്കിലും വിചാരണ വെറും പ്രഹസനമാവുമെന്ന് അറിയാമായിരുന്നതു കൊണ്ട് തനിക്കുവേണ്ടി വാദിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

0 Comments