സമകാലിക ദൂഷ്യങ്ങളെ ചോദ്യം ചെയ്യുന്നതില്‍ എന്‍.എസ്.മാധവനോളം കെല്‍പുറ്റവര്‍ വിരളമാണ് മലയാളത്തില്‍.അവകാശങ്ങളും സ്വാതന്ത്യവും നിഷേധിക്കപ്പെടുന്നേടത്തായിരുന്നു എന്നും എന്‍.എസ് മാധവന്റെ കയ്യൊപ്പ്.നഗരവല്‍കൃത സമൂഹങ്ങളിലെ എന്ത്രമനുഷ്യരുടെ ജീവിത പശ്ചാത്തലങ്ങളും മാധവന്റെ കഥകളിലെ പരാമര്‍ഷ്യങ്ങളായിരുന്നു.അതുകൊണ്ടുതന്നെ,കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ “ശിശു” എന്ന കഥയുടെ ഒന്നാം സമ്മാനം മുതല്‍ “ഹിഗ്വിറ്റ” യുടെ കേരള സാഹിത്യ അക്കാദമി, ഓടക്കുഴല്‍ വരെ നിരവധി അവാര്‍ഡുകള്‍ ഈ ഐ.എ.എസ്. ഉദ്യോഗസ്ഥനെ തേടിയെത്തി.
സ്വാഭാവികമായും എന്‍.എസ്.മാധവന്റെ ഏറ്റവും പുതിയ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകൃതമായപ്പോള്‍, അത് ഇന്ത്യയുടെ നവാഗത സാഹചര്യത്തെ വിമര്‍ഷിക്കുന്നത് തന്നെയായിരുന്നു. “പാല് പിരിയുന്ന കാലം” .ട്രയിന്‍ കമ്പാര്‍ട്ട്‌മെന്റും പ്ലാറ്റ്‌ഫോമുമൊക്കെയാണ് കഥയുടെ പശ്ചാത്തലമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.യാത്രക്കിടയില്‍ തന്റ കമ്പാര്‍ട്ട്‌മെന്റില്‍ അടുത്തുതന്നെയിരിക്കുന്ന യുവതിയുടെ ദുഷ്‌പെരുമാറ്റങ്ങള്‍ക്ക് വിധേയനാകുന്നു, സഫലമാകാത്ത ജീവിതത്തിന്റെ നഷ്ടപ്പെട്ട പ്രതീക്ഷകളില്‍ ഏതോ ഒന്ന് തേടിയുള്ള യാത്രയില്‍, കഥാപാത്രം സാബു.ഇടക്കെപ്പഴോ ദുര്‍വാശിക്കാരിയായ അവള്‍ തന്നെ ഞാന്‍ കൊല്ലുമെന്ന് സാബുവിനോട് വധഭീഷണി മുഴക്കുന്നു.ദയനീയതയാണ് കഥാന്തരീക്ഷം,ഒപ്പം രാത്രിയുടെ ആലസ്യവും ഇരുട്ടിന്റെ നിഗൂഢതയും.”അവരവരുടെ സ്വകാര്യയിടങ്ങളായി വിഭജിക്കപ്പെട്ടി”രിക്കുന്ന ബെര്‍ത്തില്‍ പാതിജീവനുമായി യാത്ര ചെയ്യുന്ന ജീവച്ഛവമായ കഥാ നായകന്റെ അനുഭവത്തെ വേണമെങ്കില്‍ ആള്‍ക്കൂട്ടത്തിലെ ഏകാന്തത എന്നു പറയാം.ബാല്യ കാല സഖിയുമായുള്ള അവിചാരിത ഫോണ്‍ സമ്പാഷണവും പ്രണയോര്‍മ്മകളുമൊക്കെ അറിയാതെ വന്നു പോകുന്നു എന്നതിലുപരി, ഇനിയും വിവാഹിതനല്ലാത്ത കഥാനായകന്റെ ദയനീയതക്ക് ആക്കം കൂട്ടുന്നു.ഇടക്കെപ്പഴോ ഉറക്കത്തിലേക്ക് വഴുതിവീണ അയാള്‍ കാലത്തെഴുന്നേറ്റ് ജനലില്‍ക്കൂടി നോക്കിയപ്പോള്‍ പുതിയ ദിവസം തുടങ്ങുന്നത് ഡല്‍ഹിയുടെ പ്രാന്തങ്ങളിലാണെന്നറിയുന്നു.ഉറക്കച്ചടവോടെ വണ്ടിയിറങ്ങി പ്ലാറ്റ്‌ഫോമില്‍ ആര്‍ക്കോവേണ്ടി കാത്തിരിക്കുന്നു.അവിടം സ്ഥിരവാസക്കാരായ പട്ടികള്‍ തന്നെ വളയുന്നു.ഏതോ മുന്‍വിധിയെന്നോണം, നേരത്തെ ട്രയിനില്‍വെച്ച് ഭീഷണിപ്പെടുത്തിയ സ്ത്രീ ഒച്ചവെച്ച് ആളെക്കൂട്ടുന്നു.ബാഗില്‍ അടുക്കിവെച്ച വസ്ത്രങ്ങള്‍ക്കിടയില്‍ നിന്നും ഒരു കുപ്പി അതില്‍ സ്പിരിറ്റിലിട്ട ഒരു തുണ്ട് മാംസം.ഓടിക്കൂടിയവരിലാരുടെയോ കയ്യില്‍പ്പെടുന്നു.....പിന്നീടയാള്‍ അറിയുന്നു,താന്‍ കിടക്കുന്ന തറയിലെ പശിമ തന്റെ ചോരയുടേതാണെന്ന്,വദ ഭീഷണി മുഴക്കിയ സ്ത്രീ വാഗ്ദാനം നിറവേറ്റിയിരിക്കുന്നുവെന്ന്.എന്നെന്നേക്കുമായിട്ട് അയാളെ ഇരുട്ട് ബാധിക്കുന്നു...
ഇവിടെ കഥാകൃത്ത് മരിക്കുന്നു, ഇനിയുമെന്തൊക്കെയോ പറയാന്‍ ബാക്കിവെച്ച്.അതവാ കഥ അവസാനിക്കുന്നിടത്ത് കഥാകൃത്ത് മരിക്കുന്നു എന്നാണല്ലോ.എങ്ങനെയാണ് നീ എന്നെ കൊല്ലാന്‍ പോകുന്നതെന്ന സാബുവിന്റെ ചോദ്യത്തിന് “അന്തരീക്ഷം വച്ച്” എന്ന് സ്ത്രീ മറുപടി പറയുന്നുണ്ട്. ഇവിടെ ഡല്‍ഹിയിലെ പുകപിടലങ്ങളില്‍ മലിനമായ അന്തരീക്ഷമല്ല, അതിലും മ്ലേച്ചമായ ജനങ്ങളുടെ അല്ലെങ്കില്‍ ആള്‍ക്കൂട്ടത്തിന്റെ മാനസികാന്തരീക്ഷത്തെയാണ് കഥാകൃത്ത് വിവക്ഷിക്കുന്നത്.അതേസമയം, ഫെമിനിസ്റ്റുകള്‍ കാണാതെപോയ സ്‌ത്രൈണാധിപത്യത്തില്‍ നിസ്സഹായനായ പുരുഷനെയും കഥ വരച്ചിടുന്നു.
തനിക്ക് സീറ്റുമാറിത്തരാത്ത കഥാനായകനോട് സ്ത്രീ ആദ്യം ചോദിക്കുന്നത് “താങ്കള്‍ മുസ്ലിമാണോ ?”എന്നാണ് . പിന്നീട് അല്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ “മലയാളിയാണോ”യെന്നും. മുസ്ലിംകള്‍ അല്ലെങ്കില്‍ മലയാളികള്‍ സൃഷ്ടിച്ച പൊതുബോധത്തെയാണിതു പ്രതിഫലിപ്പിക്കുന്നത്.എഴുത്തച്ചന്റെ ‘ദുരവസ്ഥ’ മുതല്‍ ഇന്നോളം മലയാള സാഹിത്യത്തില്‍ ഇസ്ലാമോഫോബിയ അല്ലെങ്കില്‍ ഇസ്ലാമിക വിരുദ്ധത പ്രകടമാകുന്ന നിരവധി കൃതികള്‍ വന്നിട്ടുണ്ട് .അതു കൊണ്ടാണ്, ബശീര്‍ പോലും പറഞ്ഞത്: വായിക്കുന്ന കഥകളിലൊക്കെ മുസ്ലിംകള്‍ വില്ലന്മാരായതുകൊണ്ടാണ് ഞാന്‍ മുസ്ലിംകളെ നായകനാക്കുന്ന കഥാകാരനായതെന്ന്.എന്‍.എസ്.മാധവന്റെ തന്നെ ‘ഹിഗ്വിറ്റ’ പോലുള്ളവയില്‍ നമുക്ക് മുസ്ലിംകളെ വില്ലന്മാരാക്കുന്നത് കാണാം. എന്നാല്‍ ഇതൊക്കെ ഇസ്ലാമോ ഫോബിയയാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.കേവലം യാദൃശ്ചികതയാകാനേ ഇടയൊള്ളൂ.
കലാപങ്ങളും സംഘര്‍ഷങ്ങളും ആള്‍ക്കൂട്ടാക്രമണങ്ങളും നിത്യ സംഭവമാകുന്ന ഇന്നത്തെ ഡല്‍ഹിയെ തീര്‍ത്തും അന്വര്‍ത്ഥമാക്കുന്നു ഈ കഥ .തന്റെ അടിവയറ്റില്‍ നിന്നും ഓപ്പറേഷന്‍ ചെയ്‌തെടുത്ത ഇറടച്ചിക്കഷ്ണം ചികിത്സാര്‍ത്ഥം ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്ന് എത്ര കെഞ്ചിയിട്ടും ‘നുണയനെന്ന്’ ചാപ്പകുത്തി ആള്‍ക്കൂട്ടമയാളെ യമപുരിക്കയക്കുന്നു.ജീവനില്ലാത്ത ഒരു കഷ്ണം ഇറച്ചിക്കു വേണ്ടിയായിരുന്നു പട്ടികള്‍ അയാളെ വളഞ്ഞതെങ്കില്‍, അതിലും മ്ലേച്ചരായ ആള്‍ക്കൂട്ടത്തിനു വേണ്ടിയിരുന്നത് അയാളുടെ ജീവനുള്ള ശരീരത്തില്‍ നിന്നും പാല് പിരിക്കലായിരുന്നു.ഇത് “പാല് പിരിയുന്ന കാലം”

0 Comments