ലോകമൊന്നടങ്കം കൊറോണ ഭീതിയിലാണ്. മരുന്നില്ലാത്ത രോഗങ്ങള്‍ക്ക് ഹേതുവാകുന്ന കൊറോണ അഥവാ ഒരു കൂട്ടം വൈറസുകളെ മറികടക്കുക എന്ന വലിയൊരു കടമ്പ നാം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. നിലവില്‍ കേരളത്തിലെ വടക്ക് മധ്യ തെക്ക് ദേശങ്ങളിലും കൊറോണ സ്ഥിതീകരിച്ചിരിക്കുന്നു. സ്ഥിതീകരിക്കപ്പെട്ടവരെല്ലാം ചൈനയില്‍ നിന്നുളളവരാണെന്നതില്‍ നമുക്ക് ആശ്വസിക്കാം. സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കപ്പെട്ട കൊറോണയെ നേരിടാനുളള മുന്നൊരുക്കങ്ങള്‍ എന്തൊക്കെയെന്നതില്‍ സര്‍ക്കാറിനോ പൊതു ജനങ്ങള്‍ക്കൊ തെല്ലൊരാശങ്കയുമില്ല. നിപായെന്ന മഹാ വ്യധിയെ മുരടോടെ പിഴുതെറിഞ്ഞ ചരിത്രം മായാതെ തെളിഞ്ഞു കിടക്കുമ്പോള്‍ കൊറോണയും പടിയടച്ച് പിണ്ഡം വെക്കുമെന്നു തന്നെ നമുക്കാശ്വസിക്കാം. നിപാ പകര്‍ന്ന പാഠം ഒരിക്കലും മറക്കാന്‍ സാധിക്കുകയില്ല. ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും പ്രാര്‍ത്ഥനയുടെയും താളുകളായിരുന്നു അത്. വിനാശകാരിയല്ലെങ്കിലും മൂര്‍ച്ചിച്ചാല്‍ നാം വിതക്കുന്ന കൊറോണ സാര്‍സിനേക്കാളും മെര്‍സിനേക്കാളും നാശം വിതക്കില്ലെന്നാണ് പഠനങ്ങള്‍ പറയുന്നതെങ്കിലും എല്ലാം കണ്ടറിയണം, കൊണ്ടറിയാതിരിക്കട്ടെ.
നോവല്‍ കൊറോണ വൈറസ്
സാധാരണ ജലദോഷപ്പനി മുതല്‍ സാര്‍സ് (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം), മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) എന്നിവയുള്‍പ്പെടെയുളള മാരക രോഗങ്ങള്‍ക്കുവരെ കാരണമാകുന്ന വൈറസുകളുടെ കുടുംബമാണ് കൊറോണ എന്നിരിക്കെ രോഗം നിര്‍ണയിക്കാനുളള കാല താമസവും തടസ്സവും ഇതു തന്നെയാണ്. വ്യത്യസ്ഥമായ വൈറസുകളുടെ ശൃംഘലയായതിനാല്‍ ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസുകള്‍ ഉള്‍പ്പെടെ 7തരം കൊറോണ വൈറസുകളെയാണ് ഇതു വരെ ശാസ്ത്ര ലോകം തിരിച്ചറിഞ്ഞിട്ടുളളത്. മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പകരുന്ന സൂണോട്ടിക്ക് വൈറസാണ് കൊറോണ. പ്രഭാവലയമെന്നര്‍ത്ഥമുളള ലാറ്റിന്‍ വാക്കാണ് കൊറോണ. സൂര്യന്റെ പ്രഭാവലയത്തോട് രൂപ സാദൃശ്യമുളളതിനാലാണ് ഈ വൈറസുകള്‍ക്ക് കൊറോണയെന്ന പേര് നല്‍കിയത്. നിപായെ പോലെ വവ്വാല്‍ തന്നെയാണ് വൈറസിന്റെ ഉറവിടമെന്ന് പുതിയ പഠന വിവരണങ്ങള്‍ തെളിയിക്കുന്നു. ചൈനീസ് സെന്റെര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ പ്രൊഫസര്‍ ഗ്വിഷെന്‍ സുവിന്റേതാണ് പുതിയ വെളിപ്പെടുത്തലുകള്‍. പാമ്പുകളില്‍ നിന്നാണ് വൈറസിന്റെ വ്യാപനമെന്ന് സംശയിച്ചിരുന്നെങ്കിലും വവ്വാല്‍ തന്നെയാണെന്ന് സ്ഥിതീകരിക്കുകയായിരുന്നു.
വവ്വാലില്‍ നിന്നും പടര്‍ന്ന, സാര്‍സിന് കാരണമായ രണ്ട് കൊറോണ വൈറസുളോട് സമാനമായവയാണ്. വുഹാനിലെ രോഗികളിലും കണ്ടത്. സര്‍സ്, മെര്‍സ്, റാബീസ്, നിപ തുടങ്ങിയവയുടെ ഉറവിടവും വവ്വാലാണെന്നിരിക്കെ 'നാഷണല്‍ കീ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം ഓഫ് ചൈന' ഷാന്‍ഡോങ് ഫസ്റ്റ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി, ചൈനീസ് അക്കാദമി ഓഫ് സയന്‍സ് തുടങ്ങിയവയിലെ വിദഗ്ധുടെ നിരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. ചൈനയില്‍ വൈറസിന്റെയും രോഗത്തിന്റെയും വ്യാപനത്തിന് തടയാനാവാത്ത രീതിയിലാണ് വുഹാനിലെ സിഫുഡ് മാര്‍ക്കറ്റില്‍ യഥേഷ്ടം വവ്വാലുകള്‍ ലഭിക്കുമെന്ന ഇവരുടെ വെളിപ്പെടുത്തലുകള്‍ തെളിയിക്കുന്നത് മരണ സംഖ്യയും മരണ നിരക്കും ഇനിയും ഉയരാനുളള സാധ്യതയുണ്ടെന്നാണ്. നിലവില്‍ ചൈനയ്ക്കപ്പുറം ഫിലിപ്പീന്‍സടക്കമുള്ളചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമേ മരണം രേഖപ്പെടുത്തിയിട്ടുളളു. അതേ സമയം കാനഡ, അമേരിക്ക എന്നി നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളിലും, ജര്‍മനി, ഫ്രാന്‌സ്, ഫിന്‍ലാഡ് എന്നീ യൂറോപ്പ്യന്‍ രാജ്യങ്ങളിലും ഇന്ത്യയടക്കം യു എ ഇ, സൗദി അറേബ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, ദക്ഷിണ കൊറിയ തുടങ്ങിയ നിരവധി ഏഷ്യന്‍ രാജ്യങ്ങളിലും കൊറോണ വ്യാപിച്ചിരിക്കുകയാണ്. ലോക ആരോഗ്യ സംഘടന ജാഗ്രത പാലിക്കാന്‍ ആജ്ഞാപിച്ച അവസരത്തില്‍ മുന്‍കരുതലെടുത്താല്‍ ഒരുപാട് ജീവനുകള്‍ക്ക് പുനര്‍ജന്മം നല്‍കാന്‍ നമുക്കു സാധിക്കും.
മുന്‍കരുതലാണ് കൈമുതല്‍
സാധാരണ മനുഷ്യന്‍ പ്രകടമാകുന്ന രോഗങ്ങളും രോഗലയക്ഷണങ്ങളുമാണ് കൊറോണയിലും പ്രത്യക്ഷമാവുന്നത്. പനി, ശ്വാസ തടസ്സം, ന്യൂ മോണിയ, വൃക്ക തകരാര്‍, തലവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങളാണ് കൊറോണയാണോ എന്നുറപ്പാക്കുന്നത്. 28 ദിവസത്തെ സൂക്ഷ്മ നരീക്ഷണത്തിലൂടെ മാത്രമേ വൈറസ് ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ സാധിക്കുകയുളളു. മരണ നിരക്ക് മൂന്നു ശതമാനം മുതല്‍ നാല് ശതമാനം വരെയാണ്, അതോടൊപ്പം ഒരാളില്‍ നിന്ന് നാലാളിലേക്കു വരെ പകരാനും സാധ്യതയുണ്ട്. നിപയുടെ അതെ അവസ്ഥതന്നെയാണ് കൊറോണക്കുമെന്ന് തെളിച്ചു പറയാം. രോഗലക്ഷണങ്ങളുളളവരുമായി അടുത്തിട പഴകുകയോ അവര്‍ ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുകയെന്നതാണ് ആദ്യത്തെ മുന്‍കരുതല്‍. മാര്‍ക്കറ്റ്, മാള്‍ തുടങ്ങി ആള്‍ക്കുട്ടം പ്രത്യക്ഷപ്പെടുന്നയിടത്തേക്ക് കൂടുതല്‍ അടുക്കാതിരിക്കാന്‍ കൂടുതലും ശ്രമിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ കൈകൊളളാന്‍ നാം തയ്യാറായാല്‍ നിപായുടെ വഴിയേ തന്നെ നമുക്ക് കൊറോണയെയും മടക്കിയയക്കാം.
സര്‍ക്കാറിന്റെ ഭാഗത്തുളള മുന്‍കരുതല്‍ ഏറെ മുതല്‍കൂട്ടാവുന്നതിനാല്‍ ഇത്തവണയും ആ ശ്രദ്ധ ആവര്‍ത്തിക്കണം. അതില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. വൈറസ് ചൈനയിലെന്നല്ല ലോകത്തതന്നെ വ്യാപിക്കുന്നതില്‍ മുഖ്യ പങ്കും ചൈനീസ് ഭരണകൂടത്തിനും, ഭരണാധികാരികള്‍ക്കുമാണെന്നിരിക്കേ ഇനിയും ഈ വിഷയത്തില്‍ അലംഭാവം കാണിച്ചാല്‍ സ്വന്തം ജീവനുപോലും ഭീഷണിയായേക്കാം. ഒരു ശരീരത്തില്‍ നിന്നും മറ്റൊരു ശരീരത്തിലേക്കെടുത്തു ചാടി സംഹാര താണ്ഡവമാടാനുളള ആര്‍ത്തിയോടെയാണ് ഈ വൈറസുകള്‍ നില കൊളളുന്നത്. കേരളത്തില്‍ തന്നെ നിലവില്‍ രണ്ടായിരത്തിലേറെ പേര്‍ നിരീക്ഷണത്തിലാണ്. നിപാ ഭീതിയില്‍ നടപ്പാക്കിയ 'ബാക്ക് ട്രക്കിങ്ങ്' സിസ്റ്റമാണ് നമ്മുടെ തുരുപ്പു ചീട്ട്. അഥവാ രോഗികളുമായി അടുത്തിടപഴകിയവര്‍, അവരുടെ വസ്തുക്കള്‍ ഉപയോഗിച്ചവര്‍, അവരുടെ സാന്നിധ്യത്തില്‍ അടുത്തുണ്ടായിരുന്നവര്‍ എന്നിങ്ങനെയുളളവരെയെല്ലാം കണ്ടെത്തി അവരിലും രോഗലക്ഷണമുണ്ടോ എന്നു കണ്ടെത്തുന്ന രീതിയാണിത്. ഇതിലൂടെ നമുക്ക് കൂടുതല്‍ ജീവന്‍ നഷ്ടപ്പെടാതെ കേരളത്തിലോ മറ്റെവിടെയെങ്കിലൊ ഇതിന്റെ സാധ്യത ഇല്ലാത്ത അന്തരീക്ഷം ചുരുങ്ങിയ കാലയളവിലൂടെ നമുക്കു പടുത്തുയര്‍ത്താല്‍ സാധിക്കും.
എബോള, നിപ തുടങ്ങി ജലാകത്തിനെ മുള്‍മുനയില്‍ നിറുത്തിയ രോഗങ്ങള്‍, 2002ലും 2012ലുമായി നിരവധി പേരുടെ ജീവന്‍ അപഹരിച്ച മെര്‍സ്, സാര്‍സ് തുടങ്ങിയ കൊറോണ വൈറസ് ഇവയെയല്ലാം നാം അതിജീവിച്ചു. കൈ കോര്‍ത്തു ഒന്നിച്ചു പോരാടി. ഒടുവില്‍ നാം അതിജീവിച്ചു. ഇതിനെയും നമുക്കു തോല്‍പ്പിക്കണം. ഒരിക്കല്‍ കൂടി ചരിത്രം രചിക്കണം. നിപയ്ക്കുപിന്നാലെ കൊറോണയെയും നമുക്കു പടികടത്തണം. നമുക്കു കൈ കോര്‍ക്കാം നല്ല നാളേക്കായ്.
🖋ലിയാഖത്തലി മാവൂര്‍

0 Comments