ദക്ഷിണ അറേബ്യയിലെ രാജവംശങ്ങള്‍ രാഷ്ട്രീയപരമായി അറേബ്യ രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. ഉത്തര അറേബ്യയും ദക്ഷിണ അറേബ്യയും.ദക്ഷിണ അറേബ്യ ഫലഭൂഷ്ടമായ പ്രദേശമാണ്. അറേബ്യന്‍ സാമ്പത്തിക നഗരങ്ങളെല്ലാം അവിടെയാണ് സ്ഥിതിചെയ്യ്തിരുന്നത്. ഒരുപാട് ചെമ്പുഖനികളും രത്‌നഖനികളും അവിടെ നിലനിന്നിരുന്നു.അറേബ്യന്‍ സംസ്‌കാരം തനത് രൂപത്തില്‍ കാത്ത് സൂക്ഷിക്കുന്നതില്‍ ദക്ഷിണ അറേബ്യ വഹിച്ച പങ്ക് നിസ്തുലമാണ്-ഹിംയര്‍, മഈനിയ്യ, സബഇയ്യ എന്നീ രാജ്യവംശങ്ങളാണ് പ്രധാനമായ ദക്ഷിണ അറേബ്യ ഭരിച്ചിരുന്നത്.

സബഇയ്യ വംശം

തൗറാത്തില്‍ സബഇകളെ കുറിച്ച് പരാമര്‍ശം വന്നിട്ടുണ്ട്. ഗ്രീക്ക് ചരിത്രകാരനായ തിയോഫ്രാസ്റ്റസിന്റെ 'ഹിസ്റ്റോറിയ പ്ലാന്റാറം'എന്ന ഗ്രന്ഥത്തിലാണ് അവരെക്കുറിച്ച് ആദ്യമായി പരാമര്‍ശം വന്നിട്ടുള്ളത്. അത് പോലെ,വിശുദ്ധ ഖുര്‍ആനില്‍ 'നംല് സൂറത്തില്‍' സബഅ് രാജ്ഞി ബില്‍ഖീസിന്റെയും സുലൈമാന്‍ നബിയുടെയും ചരിത്രം വിവരിക്കുന്നുണ്ട്. തെക്ക് പടിഞ്ഞാറന്‍ ഭാഗത്തായിരുന്നു അവരുടെ ആസ്ഥാനം. തീരപ്രദേശമായതിനാല്‍ മറ്റു രാജ്യങ്ങളുമായി വളരെ സൗഹാര്‍ദ്ദപരമായി വാണിജ്യ ബന്ധങ്ങളില്‍ ഏര്‍പ്പെടുവാന്‍ കഴിഞ്ഞു. ഇന്ത്യ, പേര്‍ഷ്യ, എത്യോപ്യ എന്നീ രാജ്യങ്ങളുമായാണ് പ്രധാനമായും വാണിജ്യ ബന്ധത്തിലേര്‍പ്പെട്ടിരുന്ന്.അവര്‍ ബി.സി.ഇ 150 മുതല്‍ സി.ഇ 115 വരെ വളരെ സുദീര്‍ഘമായി അറേബ്യ ഭരിച്ചു. ആദ്യ ഭരണാധികാരി സമഹ് അലിയാണ്. സബഅ് രാജാക്കന്മാരുടെ സ്ഥാനപ്പേരായിരുന്നു 'മകാരിബ്'. ആദ്യ കാലത്ത് അവരുടെ രാജാവായ മുകര്‍രിബിന് രാഷ്ട്രീയ അധികാരങ്ങള്‍ക്ക് പുറമെ മതപരമായ അധികാരവും ഉണ്ടായിരുന്നു. എന്നാല്‍, കാലക്രമേണ ആ അധികാരം രാജാവില്‍ നിന്ന് എടുത്തുകളഞ്ഞു. ഇവരുടെ സമകാലികരായ മഈനിയ്യന്‍ ഭരണാധികാരികളെ കീഴടക്കി ഇവര്‍ സാമന്തന്‍മാരാക്കിയിരുന്നു. ഇവരുടെ തലസ്ഥാനമായ 'മഅ്‌രിബ്' പട്ടണം ഒരു കച്ചവട കേന്ദ്രം കൂടിയാണ്. അത് പോലെ,മഅ്‌രിബിലെ അണക്കെട്ടും ലോകപ്രശസ്തമാണ്.

മഈനിയ്യ വംശം

ബി.സി.ഇ1200 മുതല്‍  സി.ഇ 650 വരെയാണ് ഈ രാജവംശം നിലനിന്നിരുന്നത്. ബി.സി.ഇ 2350-ലുള്ളതെന്ന പറയപ്പെടുന്ന ഒരു ശിലരേഖയില്‍ നിന്ന് 'മഗന്‍'എന്ന ഒരു പട്ടണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. സബഇയ്യന്‍ ഭരണത്തിന്റെ സമകാലികരാണ് ഈ രാജവംശം. ഇതിന്റെ തലസ്ഥാനം ഖര്‍നാവ് എന്ന വാണിജ്യകേന്ദ്രമായിരുന്നു. സാമൂഹികമായും വിശ്വാസപരമായും സബഇയ്യന്‍ വംശവും മഇീനിയ്യന്‍ വംശവും വലിയ ഏറ്റവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നില്ല. ഈ സാമ്രാജ്യം യമനിന്റെ മധ്യത്തില്‍ നജ്‌റാനിന്റെയും ഹളര്‍മൗതിന്റെയും ഇടയിലാണ് സ്ഥിതിചെയ്യുന്നത്. അവര്‍ക്ക് മക്കയിലുള്ള 'ദാറുല്‍ നദ്‌വ'യുടെ രീതിയില്‍ മസ്വദ് എന്ന കൂടിയാലോചന സഭയുണ്ടായിരുന്നു.കൃഷിയും കച്ചവടവുമായിരുന്നു മഈനിയ്യക്കാരുടെ പ്രധാല തൊഴിലുകള്‍.

ബി.സി.ഇ 115 മുതല്‍ ഹിംയര്‍ രാജവംശത്തിന്റെ അധീനതയിലായിരുന്നു ദക്ഷിണ അറേബ്യ. സബഇയ്യന്‍ വംശജരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.അവരുടെ തലസ്ഥാനം 'സഫാര്‍'എന്ന പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ 'യരിം'എന്ന പ്രദേശത്ത് ഇന്ന് കാണപ്പടുന്നതാണ്. വാണിജ്യത്തിലും സാംസ്‌ക്കാരിക രംഗത്തും ഇവര്‍ മഈനിയ്യന്‍-സബഇയ്യന്‍ വംശത്തെ പിന്തുടര്‍ന്ന് വന്നു. ഇതേ കാലത്ത്, ദക്ഷിണ അറേബ്യയില്‍ നിന്നും അബ്‌സീനിയയില്‍ എത്തിയ കുടിയേറ്റക്കാര്‍ അവിടെ ഉന്നതമായ ഒരു സംസ്‌കാരത്തിന് അടിത്തറയിട്ടു. പിന്നീട്,ഉത്തര അറേബ്യയില്‍ നിന്നും അവിടേക്ക് കുടിയേറ്റ പ്രവാഹം തുടങ്ങി.അത് അവിടെയുള്ള സംസ്‌കാരത്തെ കൂടുതല്‍ വികസിപ്പിക്കുവാന്‍ സഹായിച്ചു.

     ജന്മിത്വവ്യവസ്ഥയില്‍ അധിഷ്ടിതാമായിരുന്നു അവിടെത്തെ സാമൂഹിക വ്യവസ്ഥ.രാജാവ് ജന്മിമാര്‍ക്കിടയില്‍ ഭൂമി പങ്കുവെയ്ക്കുകയും അത് കുടിയാന്മാരെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇത് കാരണം,ജന്മിമാര്‍ തടിച്ച് കൊഴുത്ത് വീര്‍ത്തു.രാഷ്ട്രീയ-ഭരണ രംഗങ്ങളില്‍ പ്രബലര്‍ അവര്‍ തന്നെയായിരുന്നു. നാണയത്തിന്റെ ഒരു വശത്ത് പ്രഭുവിന്റെ ചിത്രവും മറുവശത്ത് കാളയുടെയോ, മൂങ്ങയുടെയോ ചിത്രങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നു.

      ചെങ്കടല്‍ വഴിയുള്ള കച്ചവടത്തില്‍ നിന്ന് ലഭിച്ചിരുന്ന നികുതി കൊണ്ടാണ് ദക്ഷിണ അറേബ്യയെ സാമ്പത്തികമായി ഉന്നതിയില്‍ എത്തിച്ചത്. പൗരസ്ത്യദേശങ്ങളില്‍ നിന്ന് ചരക്കുകള്‍ ദക്ഷിണ അറേബ്യ വഴിയാണ് പാശ്ചാത്യരാജ്യങ്ങളില്‍ എത്തിയിരുന്നത്. ക്രമേണ, അവര്‍ നേരിട്ട് ബന്ധപ്പെടാന്‍ തുടങ്ങി. കരവഴിയായിരുന്നു ഇത് വരെ അവര്‍ ബന്ധം പുലര്‍ത്തിയിരുന്നത്. പിന്നീട്, നൈല്‍ നദിയും ചെങ്കടലും തമ്മില്‍ കനാല്‍ വഴി ബന്ധിപ്പിച്ച് പാശ്ചാത്യരാജ്യങ്ങള്‍ പൗരസ്ത്യ രാജ്യങ്ങളുമായി നേരിട്ട് ഇടപെടുവാന്‍ തുടങ്ങി. ക്രമാതീതമായി ഇത് ദക്ഷിണ അറേബ്യയുടെ സാമ്പത്തിക കുത്തകയെ തകര്‍ത്തു. അത് കാരണം അവര്‍ സാമ്പത്തിക നിലയില്‍ കുതിച്ച് നിന്ന റോമാ സാമ്രാജ്യത്തിന്റെ മുമ്പില്‍ തലകുനിച്ച് നിന്നു.

      ഹിംയര്‍ രാജവംശത്തിന്റെ ഭരണം സി.ഇ 300-ന് ശേഷം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. അതേ സമയം ഹളര്‍മൗത്ത്, ദൂറയ്ദാന്‍, യമനാത്ത്, തിഹാമ എന്നീ പ്രദേശങ്ങള്‍ അവരുടെ ആധിപത്യത്തില്‍ അമര്‍ന്ന് കഴിഞ്ഞിരുന്നു. 'തുബ്ബഅ്'എന്ന പേരില്‍ അറിയപ്പെടുന്ന 9 ഹിംയര്‍ രാജാക്കന്മാരുടെ നാമങ്ങള്‍ 'അക്‌സും'ലിഖിതങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അവരുടെ പ്രസിദ്ധമായ കൊട്ടാരങ്ങളില്‍ പെട്ടതാണ് സല്‍ഹിന്‍, നാഇഥ്, ഹമദാന്‍ കൊട്ടാരങ്ങള്‍. ഹമദാന്‍ കൊട്ടാരത്തിന് 20 മച്ചുകളുണ്ടായിരുന്നു. ഓരോ രണ്ട് മച്ചിനുമിടയില്‍ പത്ത് മുഴം ദൂരമുണ്ടായിരുന്നു. ആദ്യകാലത്ത് ഹിംയര്‍ രാജാക്കന്മാര്‍ 'സബഅ്-റയ്ദാന്‍ രാജാക്കന്മാര്‍'എന്നാണ് അറിയപ്പട്ടിരുന്നത്. പിന്നീട് അവര്‍ തങ്ങളുടെ സാമ്രാജ്യത്തിലേക്ക് ഹളര്‍മൗത്ത് കൂട്ടച്ചേര്‍ത്തപ്പോള്‍ അവര്‍ 'തബാബിഅ'എന്നും 'ഹളര്‍മൗത്ത്-റയ്ദാന്‍ രാജാക്കന്മാര്‍'എന്നും അറിയപ്പെടാന്‍ തുടങ്ങി. വിശുദ്ധ ഖുര്‍ആനില്‍ 'തുബ്ബഅ്'രാജാക്കന്മാരെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.തുബ്ബഅ് രാജാവ് എന്ന് ആദ്യം അറിയപ്പെടാന്‍ തുടങ്ങിയത് 'ഹരിസ് അല്‍റായിശ്'എന്നിവരാണ്. കാരണം, അദ്ദേഹം ഇന്ത്യയില്‍ നിന്ന് കൊണ്ട് വന്ന കന്നുകാലികളെ കൊണ്ട് നാട്ടിലുള്ള വീടുകളെ നിറച്ചു. അദ്ദേഹം ഹളര്‍മൗത്ത്, മഹര്‍റത്ത്, ഒമാന്‍, സിന്ധ്, ബോബിലോണിയ, ഖുറാസാന്‍, ശാം, മശ്‌രിഖ് പ്രദേശങ്ങള്‍ കീഴടക്കി. പിന്നീട് അദ്ധേഹത്തിന്റെ ഏകമകന്‍ സഅബ് ദുല്‍ഖര്‍നൈനി രാജാവായി. അദ്ദേഹം 'തബാബിഅ'രാജാക്കന്മാരില്‍ ഏറ്റവും പ്രശസ്തമായ വ്യക്തിയാണ്. അദ്ധേഹം പൗരസത്യ-പാശ്ചാത്യ രാജ്യങ്ങളെയും തന്റെ സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ത്തു.

       അത് പോലെ ഹിംയര്‍ രാജാക്കന്മാരില്‍ വീരപരാക്രമിയായിരുന്ന വ്യക്തിയായിരുന്നു 'ഷമ്മാര്‍ യര്‍ഇശ്'. അദ്ധേഹം ഇറാഖ്, പേര്‍ഷ്യ, ഖുറാസാന്‍, ചൈന എന്നീ രാജ്യങ്ങളോട് യുദ്ധം ചെയ്തു. അദ്ധേഹമാണ് 'സമര്‍ഖന്ത്'കീഴടക്കിയത്. അദ്ധേഹത്തിന്റെ പേരില്‍ നിന്നാണ് ആ നാടിന് ആ പേര് ലഭിക്കുന്നത്. അദ്ധേഹം ഓരോ നാടിനു മേല്‍ ആയിരം ദീനാര്‍ കപ്പം ചുമത്തുകയും വര്‍ഷാവര്‍ഷം അത് അവരില്‍ നിന്ന് ഈടാക്കുകയും ചെയ്തു. കച്ചവടതല്പരരായ സബഇയ്യ വംശത്തില്‍ നിന്നും വ്യത്യസ്ഥമായ ഹിംയര്‍ വംശം യുദ്ധപ്രിയരായിരുന്നു. അബ്‌സീനിയക്കാരുടെ കയ്യില്‍ ചെങ്കടലിന്റെ ആധിപത്യം ലഭിക്കുന്നത് വരെ നാവികമേഖലയുടെ കുത്തക അവരുടെ കയ്യിലായിരുന്നു.

        ഹിംയര്‍ ഭരണത്തിന്റെ രാണ്ടാം ഘട്ടത്തില്‍ ക്രിസ്തുമതവും ജൂതമതവും യമനിലേക്ക് കടന്നുവന്നു. ഇഋ 356-ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി 'തിയോഫിലസ് ഇണ്ടസ്'എന്ന പുരോഹിതന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ അറേബ്യയിലേക്കയച്ചു. പിന്നീട്, സിറിയയില്‍ നിന്ന് 'ഫൈമിയൂന്‍'എന്ന പുരോഹിതന്റെ നേതൃത്വത്തില്‍ ഒരു സംഘം നജ്‌റാനിലേക്ക് വന്നു. അവര്‍ ഉമര്‍(റ)ന്റെ കാലം വരെ അവിടെ നിലനിന്നു.

          സി.ഇ 70-ല്‍ ജറുസേലം പട്ടണത്തിന്റെ നാശത്തെതുടര്‍ന്ന് യഹൂദന്മാര്‍ കൂട്ടത്തോടെ അറേബ്യയിലേക്ക് വന്നു. യമനിലായിരുന്നു  അവരുടെ ശക്തി കേന്ദ്രം. ഹിംയര്‍ വംശത്തിന്റെ അവസാന രാജാവ് 'ദു-നുവാസ്'ഒരു യഹൂദനായിരുന്നു. പിന്നീട് ക്രിസ്ത്യാനികളും യഹൂദരും ശത്രുക്കളായി മാറി. ദു-നുവാസ് ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയതപ്പോള്‍ അറബ് ക്രസ്ത്യാനികള്‍ റോമിനോട് സഹായമഭ്യര്‍ത്ഥിച്ചു. റോം സഹായത്തിനായി അബ്‌സീനിയന്‍ രാജാവിനെ അയച്ചു. പിന്നീടുണ്ടായ യുദ്ധത്തില്‍ ദു-നുവാസ് കൊല്ലപ്പെട്ടു. അതോടെ ഹിംയര്‍ രാജവംശത്തിന്റെ അവസാനകണ്ണിയും നാമാവശേഷമായി.


🖋 സലീം ചേലേമ്പ്ര

Post a Comment

0 Comments