സമരമുഖങ്ങളും മറ്റു രാഷ്ട്രീയ ചുറ്റുപാടും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ഈ കാലത്ത് സമരങ്ങളിലും മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങളിലും മുസ്‌ലിം സ്ത്രീയുടെ പ്രാധിനിത്യം എന്തുകൊണ്ടും ചര്‍ച്ചക്കുതകുന്നതും കാലികവുമാണ്. കഴിഞ്ഞ മാധ്യമം ആഴ്ച്ച പതിപ്പില്‍ മുസ്‌ലിം സ്ത്രീകളുടെ പ്രാധിനിത്യം വര്‍ദ്ധിക്കുന്നതിന് കാരണമെന്താണ്-വിശകലനവും നിരീക്ഷണങ്ങളും എന്ന ദിശയില്‍ ഒരുപാട് കാര്യങ്ങള്‍ നാം ഇസ്്‌ലാമിക ദിശയിലൂടെ വിശകലനം ചെയ്യേണ്ടതുണ്ട്. സമരമുഖങ്ങളുടെ കാലം മാറിക്കൊണ്ടിരിക്കുന്നു ഒപ്പം അന്തരീക്ഷവും. അന്ത്യ നാള്‍ അടുക്കും തോറും മുസ്‌ലിംകളുടെ ശക്തി ക്ഷയിക്കുമെന്നുള്ള തിരുവചനം ഏറെ സത്യമായി പുലര്‍ന്ന് കൊണ്ടിരിക്കുന്നു. അതിനോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളായി കൊണ്ട് തന്നെ നമുക്കിന്ന് ഇന്ത്യാരാജ്യത്തും അല്ലാത്തിടത്തും ന്യൂനപക്ഷ സമൂഹങ്ങള്‍ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന അക്രമങ്ങളെയും ഇടതുപക്ഷങ്ങളുടെ മുന്നേറ്റളെയും കാണാന്‍ സാധിക്കുന്നതാണ്. ഏതൊരു പ്രശ്‌നം ഉണ്ടായാലും അതിനെ എതിര്‍ക്കുന്നതിനെന്നോണം പ്രക്ഷോപങ്ങളും മുളച്ച് പൊന്തും.
എന്നാല്‍ ഈ മേഘലകളില്‍ ഏറെ ശ്രദ്ധേയമായത് മുസ്‌ലിം സ്ത്രീകളുടെ കടന്ന് വരവാണ്. അത് പരക്കെ ചര്‍ച്ച ചെയ്യപ്പെടാനും തുടങ്ങിയിരിക്കുന്നു. ഇവരുടെ കടന്നുകയറ്റം തികച്ചും പ്രകീര്‍ത്തിക്കപ്പെടേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാമിഅഃ മില്ലിയയില്‍ അക്രമം അഴിച്ച് വിട്ടപ്പോള്‍ കാക്കി ധരിച്ച പോലീസിനുനേരെ വിരല്‍ ചൂണ്ടിയ ആയിശ റെന്ന എന്നും ന്യൂനപക്ഷങ്ങളുടെ ആവേശമായിരിക്കും. എന്നാല്‍, ഇതിനേക്കാളേറെ ശ്രദ്ധേയമായത് പര്‍ദ്ധയും മൂടുപടവും ധരിച്ച് വീടിന്റെ അകത്തളങ്ങളില്‍ ഒതുങ്ങിക്കൂടിയ മുസ്‌ലിം സ്ത്രീയുടെ കടന്നുവരവ് സംഘപരിവാറിനേയും അവരുടെ അനുയായികളേയും ഒരുപോലെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നതാണ്. എന്നാലും ഇവരുടെ ഇടപെടലുകള്‍ തീവ്രവാദത്തിന്റെ ദിശയിലൂടെയാണ് മുസ്‌ലിം വിരുദ്ധര്‍ ചര്‍ച്ച ചെയ്യുന്നത്. മുസ്‌ലിം സ്ത്രീകള്‍ സമരമുഖങ്ങളില്‍ സജീവമാണെങ്കിലും അതിലൂടെ ഉണ്ടാകുന്ന പിന്നാമ്പുറങ്ങളെ കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല. ഒരുപാട് പ്രശ്‌നങ്ങള്‍ നമുക്ക് മുസ്‌ലിം സ്ത്രീകളെ പ്രതികൂലിച്ച് ബാധിക്കുന്നതായി മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ്. പുരുഷന്‍ സമരത്തില്‍ പങ്കെടുക്കുന്നത് പോലെയല്ല മുസ്‌ലിം സ്ത്രീകളുടെ പങ്കാളിത്വം. അവരുടെ വാദങ്ങളെ ഒരുള്‍ഭയത്തിന്റെ മുഖമൂടിയണിഞ്ഞ് കൊണ്ട് സ്വീകരിക്കുകയും തുല്ല്യമായ ഒരു മറുപടി ഉണ്ടാവുകയില്ലെന്ന സത്യബോധം നമുക്ക് മുമ്പില്‍ വ്യക്തമാണ്.
അതുപോലെതന്നെ, ലേഖനത്തിലെ മറ്റൊരു പ്രസ്ഥാവനയാണ് അടിച്ചമര്‍ത്തപ്പെട്ട സ്ത്രീ എന്ന പ്രസ്ഥാവനകളിലൂടെ കടന്ന് പോകുന്നത്. ഇത് തീര്‍ത്തും വിമര്‍ശിക്കപ്പെടേണ്ടതു തന്നെയാണ്. കാരണം, ഇസ്്‌ലാമിന് അതിന്റേതായ ചട്ടങ്ങളും നിയമങ്ങളുമുണ്ട്. ഇറാനിയന്‍ പണ്ഡിതനായ മുര്‍ത്തസാ മുതഹ്ഹരി(1919-1976)യുടെ 'ഇസ്്‌ലാമില്‍ സ്ത്രീയുടെ അവകാങ്ങള്‍' ഒരൊന്നാം തരം രേഖാ ഗ്രന്ഥമാണ്. ദ റൈറ്റ്‌സ് ഓഫ് വിമന്‍ ഇന്‍ ഇസ്്‌ലാം എന്ന പേരില്‍ ഇത് ഇംഗ്ലീഷില്‍ ലഭ്യമാണ്. സ്ത്രീ പ്രശ്‌നം വിവിധ കോണുകളിലൂടെ നോക്കുമ്പോള്‍ കാലം, പരിസ്ഥിതി എന്നീ ഘടകങ്ങളെ ആശ്രയിച്ചു നില്‍ക്കുന്നത് കാണാം. സ്ത്രീക്ക് ഇസ്്‌ലാം നല്‍കുന്ന അവകാശങ്ങളെ കുറിച്ച് സമീപ കാലത്ത് ഗവേഷകര്‍ പഠനം നടത്തുകയുണ്ടായി. ചരിത്രത്തില്‍ കഴിഞ്ഞ് പോയ മഹാന്മാരായ പരിഷ്‌കര്‍ത്താക്കളുടെയും ചിന്തകരുടെയും കൂട്ടത്തില്‍ പ്രവാചകന്‍(സ്വ)തങ്ങള്‍ മാത്രമാണ് സ്ത്രീകളുടെ അവസ്ഥ ഗൗരവ പൂര്‍വ്വം ശ്രദ്ധിക്കുകയും അവര്‍ക്ക് മാനുഷികമായ ആദരവും സാമൂഹികമായ അവകാശങ്ങളും അനുവദിച്ച് നല്‍കുന്നത്. ഇസ്്‌ലാം സ്ത്രീക്ക് പുരുഷനേക്കാള്‍ അനുവദിക്കുന്ന നിയമപരവും മതപരവുമായ തുല്ല്യത വഴി അവര്‍ക്ക് സാമൂഹികാധികാരവും കൈവരുന്നു. സ്ത്രീകള്‍ക്ക് ഇസ്്‌ലാം നല്‍കിയ അന്തസും അഭിമാനവും അവര്‍ക്ക് ലഭ്യമാകാന്‍ ഒരുപാട് പരിശ്രമങ്ങള്‍ പ്രവാചകന്‍ (സ്വ)തങ്ങളില്‍ നിന്നുണ്ടായിട്ടുണ്ട്. പ്രായോഗിക തലത്തില്‍ അവ സാക്ഷാല്‍കരിക്കാനും പ്രവാചകന്‍(സ്വ)പ്രയത്‌നച്ചു. പുരുഷന്മാരില്‍ നിന്നെന്ന പോലെ സ്ത്രീകളില്‍ നിന്നും പ്രവാചകന്‍(സ്വ) ബൈഅത്ത് തേടിയിരുന്നു.
ഈ രീതിയിലൂടെയെല്ലാം അല്ലെങ്കില്‍ ഇതിനപ്പുറമുള്ള അവകാശങ്ങളിലൂടെ സ്ത്രീകളുടെ നില ഇസ്്‌ലാമില്‍ ഒരുതരത്തിലും ഇകഴ്ത്തപ്പെടുന്നില്ല. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീ എന്ന പ്രയോഗം തന്നെ ആധുനിക കാലത്ത് ഒട്ടും സാഹചര്യങ്ങളോടും സാമീപ്യങ്ങളോടും യോചിച്ചു വരുന്നതായി നമുക്ക് കാണാന്‍ സാധിക്കുകയില്ല. അത്‌കൊണ്ട് തന്നെ ഏത് തരത്തിലാണെങ്കിലും മുസ്്‌ലിം സ്ത്രീകള്‍ക്ക് അവരുടെ മതം ഫ്രെയിം ചെയ്തു കൊടുത്ത ചട്ടക്കൂടുകള്‍ തകര്‍ത്തെറിഞ്ഞ് പോകല്‍ തീര്‍ത്തും ആക്ഷേപിക്കപ്പെടേണ്ട വസ്തുത തന്നെയാണ്. അങ്ങനെ തകര്‍ക്കപ്പെട്ടാല്‍ അവര്‍ ആ മതത്തെ വ്രണമേല്‍പ്പിച്ചു എന്നതില്‍ യാതൊരു സംശയവുമില്ല.
സമര മുഖങ്ങളില്‍ സജീവമായി കൊണ്ടിരിക്കുന്ന മുസ്്‌ലിം സ്ത്രീകള്‍ ഒരിക്കലും നടക്കുകയില്ല എന്ന് കരുതുന്ന അല്ലെങ്കില്‍ അതിനെ നിസ്സാരമായി കണ്ടുകൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങളുമുണ്ട്. ഒന്ന് അക്രമിക്കപ്പെട്ടാല്‍,അല്ലെങ്കില്‍ കയ്യേറിയാല്‍ സമൂഹത്തിന് രക്ഷയും സുരക്ഷയുമുണ്ടാവില്ല. സമൂഹത്തിന് സുരക്ഷയുണ്ടാകില്ലെന്ന് പറയുമ്പോള്‍ അവരുടെ കുടുംബത്തിന് സുരക്ഷയുണ്ടാവില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്. കുടുംബത്തിന് സുരക്ഷയില്ലായെന്ന് പറഞ്ഞാല്‍ വ്യക്തിക്ക് സുരക്ഷയില്ലായെന്നാണ് അര്‍ത്ഥമാക്കുന്നത്.വ്യക്തിയെന്നാല്‍ ഓര്‍ക്കുക സ്ത്രീക്ക് മാത്രമല്ല അവള്‍ക്കൊരു പിതാവുണ്ടാകും. അവരുടെ സുരക്ഷ കൂടിയാണ് നഷ്ടമാകുന്നത്. ചുരുക്കത്തില്‍ അവളുമായി ബന്ധപ്പെട്ട എല്ലാ പുരുഷന്മാര്‍ക്കും സുരക്ഷാ ബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഒരു സ്ത്രീയുടെ സുരക്ഷ നഷ്ടമാകലോടൊപ്പം മുഴുവന്‍ വ്യക്തികളുടെയും സുരക്ഷ നഷ്ടപ്പെടുന്നു. ഇസ്്‌ലാമിനെ തെറ്റുധരിച്ച് കൊണ്ട് അതിന്റെ ബൃഹത്തായ നിയമങ്ങളെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റിക്കൊണ്ടിരിക്കുന്ന ഒരുപാട് പ്രസ്ഥാവനകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതിനാല്‍ തന്നെ പ്രവാചകന്‍(സ്വ) പഠിപ്പിച്ചു തന്ന അധ്യാപനങ്ങള്‍ ഉള്‍ക്കൊള്ളാതെ ജീവിക്കുന്ന ഒരുപാട് പ്രസ്ഥാനങ്ങള്‍ സുന്നികള്‍ക്ക് മാത്രമല്ല,മറ്റു സമുദായങ്ങള്‍ക്കും കൂടി കണ്ണിലെ കരടായി മാറിയിരിക്കുന്നു. ജമാഅത്തെ ഇസ്ലാമി പോലുള്ള ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെ പോലെ അധിവസിക്കുമ്പോള്‍ അവര്‍ സമരമുഖങ്ങളിലിറങ്ങുന്ന മുസ്്‌ലിം സ്ത്രീകളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെയെല്ലാം നാം സുന്നികള്‍ മനസ്സിലാക്കേണ്ടത് മുസ്്‌ലിംകളെ അവര്‍ യാഥാസ്തികരെന്ന് പറഞ്ഞ് കൊണ്ട് ഒറ്റപ്പെടുത്തിയാലും നമ്മള്‍ നമ്മുടെ ചട്ടകൂടുകള്‍ തകര്‍ക്കില്ലെന്നും നിയമങ്ങളെ പാലിക്കുമെന്നുമാണ് പ്രസ്ഥാവിക്കേണ്ടത്.
🖋ഷാഫി ഉള്ളണം

0 Comments