➤അഭിമുഖം; പി. സുരേന്ദ്രന്‍/സി.പി. ബാസിത് ഹുദവി
വര്‍ത്തമാനത്തില്‍ നിന്ന് തന്നെ തുടങ്ങാം. ഈയിടെ മോദി സര്‍ക്കാര്‍ നടപ്പാക്കിയ സി.എ.എയെ കുറിച്ചും അതിനെ തുടര്‍ന്ന് രാജ്യത്തുടനീളം നടന്ന പ്രക്ഷോഭങ്ങളെയും സാര്‍ എങ്ങനെ നോക്കിക്കാണുന്നു?
= അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിടങ്ങളില്‍ നിന്നുള്ള ആറു മത വിഭാഗക്കാരായ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുകയും മുസ്‌ലിം വിഭാഗത്തെ പുറത്താക്കുകയും ചെയ്യുന്ന കരിനിയമമാണ് സി.എ.എ. ഇത്തരമൊരു വിഭാഗീയത ഇല്ലെന്ന് അമിത് ഷാ പറയുന്നുണ്ടെങ്കിലും കൃത്യമായ വംശീയ സമവാക്യങ്ങള്‍ ഇതിലുണ്ട് എന്നത് എല്ലാവര്‍ക്കും അറിയാം. ഹിന്ദുത്വ അജണ്ടയില്‍ നിന്ന് രൂപം കൊണ്ട ഈ ആക്ടിന്റെ ലക്ഷം മുസ്‌ലിംകളെ പുറത്താക്കല്‍ തന്നെയാണ്. വിശാല ഹിന്ദുത്വ രാഷ്ട്രത്തിനു പ്രതിബന്ധമായി നില്‍ക്കുന്ന കാര്യങ്ങളെയെല്ലാം മൃഗീയ ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ അപ്പം പോലെ ചുട്ടെടുക്കുകയാണവര്‍.
ഫാസിസം ജനപഥങ്ങള്‍ക്കുമേല്‍ ഭീതിയുടെ പുതപ്പു വിരിക്കുമെന്നും അത് എടുത്തുമാറ്റാതെ ഫാസിസത്തെ പ്രതിരോധിക്കാനാവില്ലെന്ന എം. എന്‍ വിജയന്റെ നിരീക്ഷണം ഞാന്‍ ഓര്‍ത്തു പോകുന്നു. മുസ്‌ലിം സമൂഹത്തെ ഇല്ലാതാക്കുന്ന പ്രസ്തുത ആക്ടിനെതിരെ മതേതരസമൂഹം ഒന്നടങ്കം തെരുവിലിറങ്ങി എന്നതാണ് പ്രത്യാശ നല്‍കുന്നത്. ഭാവിയുടെ വരദാനങ്ങളായ വിദ്യാര്‍ഥി സമൂഹം ഇതിനെതിരെ അതിശക്തമായി ശബ്ദമുയര്‍ത്തിയെന്നത് മതേതര ഇന്ത്യയുടെ നിലനില്‍പ്പിന് ഊര്‍ജ്ജം പകരുകയാണ്. കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ കൊടിയുടെ നിറം മറന്ന് സര്‍വ്വ രാഷ്ട്രീയ കക്ഷികളും ഇതിനെതിരെ അണി നിരക്കുകയുണ്ടായി. സി.എ.എക്കെതിരെയുള്ള പ്രതിഷേധം ലക്ഷ്യപ്രാപ്തിവരെ നാം തുടരണം. ഭരണഘടനയുടെ നഗ്ന ലംഘനമായ ഈ ആക്ടിനെ സുപ്രീകോടതി ചവട്ടു കൊട്ടയിലേക്ക് വലിച്ചെറിയുക തന്നെ ചെയ്യും
ഗതകാല-സമകാലിക മലയാളസാഹിത്യത്തിലെ എഴുത്തുകളെ കുറിച്ച് സാര്‍ എങ്ങനെ എങ്ങനെ വിലയിരുത്തുന്നു?
=മലയാള സാഹിത്യത്തില്‍ ശുദ്ധകലാ വാദത്തില്‍ അധിഷ്ടിതമായ എഴുത്തുകളും എഴുത്തകാരുമുണ്ട്. ജീവിതാനുഭവങ്ങളെ ചിത്രീകരിക്കുകയാണ് അവര്‍ എഴുത്തിലൂടെ ചെയ്യുന്നത്. സാമൂഹിക സാംസ്‌കാരിക പ്രശ്‌നങ്ങളെ ക്കുറിച്ചും മനുഷ്യ മനുഷ്യേതര ജീവജാലങ്ങളുടെ അതിജീവനത്തെക്കുറിച്ചും പുറം തിരിഞ്ഞിരിക്കുന്ന എഴുത്തുകള്‍ പ്രസാധക വിപണി കയ്യടിക്കിയിരിക്കുന്നു. പക്ഷെ, എന്റെ രീതി ഇപ്രകാരമല്ല. ഞാന്‍ ഒരു കൃത്യ ബോധമുള്ള രാഷ്ടീയക്കാരനാണ്. രാഷ്ട്രീയ പശ്ചാത്തലത്തലാണ് ഞാന്‍ വളരുന്നതും. കൗമാര്യ കാലഘട്ടം മുതലെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്കും അതിന്റെ തീവ്ര ഭാവം പൂണ്ട നക്‌സലൈറ്റ്- മാവോയിസ്റ്റ് ചിന്താധാരകളിലേക്കും ഞാന്‍ ആകൃഷ്ടനായിരുന്നു. അതിനാല്‍ അന്ന് മുതലെ ഞാന്‍ സാമൂഹ്യ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാറുണ്ട്. മനുഷ്യനും പരിസ്ഥിതിക്കുമാണ് ഞാന്‍ എന്നും പ്രാമുഖ്യം നല്‍കിയിട്ടുള്ളത്. പ്രസ്തുത മേഖലകളിലേക്കാണ് ഇനിയുള്ള ചിന്തകള്‍ കടന്ന് വരേണ്ടതും. കാരണം, നമ്മേക്കാള്‍ സങ്കീര്‍ണ്ണമായ, ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട നിരവധി രാജ്യങ്ങളുണ്ട്. അതിന്റെ മകുടോദാഹരണമാണ് ചൈന. ഉദാര-കമ്മ്യൂണിസ്റ്റ്-ഏകാധിപത്യ രാഷ്ട്രം എന്നവകാശപ്പെടുന്ന ചൈനയില്‍ ഗവണ്‍മെന്റിനെതിരെ സംസാരിക്കുന്നവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ല. നിരവധി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഇത്തരം സാഹചര്യം സംജാതമായിട്ടുണ്ട്. അധികാരികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്ന എഴുത്തുകാരെ നിശബ്ദരാക്കാനുള്ള നിഗൂഢ ശ്രമങ്ങള്‍ തുടരുകയാണ്. ജനാധിപത്യത്തെ കുറിച്ചെഴുതിയ നോബേല്‍ സമ്മാനജേതാവ് ഗ്രാബിയേല്‍ മാര്‍ക്കോസിനെ പോലെയുള്ള നിരവധി എഴുത്തുകാര്‍ ജീവനുഭീഷണിയായിട്ട് പോലും ഏകാധിപത്യത്തിനെതിരെ ശബ്ദം ഉയര്‍ത്തിയവരാണ്. അഫ്ഗാന്‍ പോലെയുള്ള രാഷ്ട്രങ്ങ്‌ളില്‍ ആധിപത്യമുളള താലിബാനെ വിമര്‍ശിച്ച് കൊണ്ട് എഴുതിയവരുണ്ട്. ഹിറ്റ്‌ലര്‍ യുഗത്തില്‍ നാസി വിരുദ്ധ ചിത്രങ്ങളും എഴുത്തുകളും ആവിഷ്‌ക്കരിച്ച വ്യക്തികളുണ്ട്. അതിനാല്‍ കലയെ രാഷ്ട്രീയവല്‍ക്കരിക്കുന്നതാണ് ഔചിത്യമെന്ന് എനിക്ക് തോന്നുന്നു.
? സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ എഴുത്തിനെ രാഷ്ട്രീയവല്‍ക്കരിക്കുന്ന എഴുത്തുകാര്‍ക്ക് മൂല്യമോ പ്രസക്തിയോ നിലനില്‍ക്കുന്നുണ്ടോ?
=വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ എഴുത്തുകാര്‍ തീര്‍ച്ചയായും രാഷ്ട്രീയ വല്‍കൃതമായ എഴുത്തുകള്‍ നിര്‍വ്വഹിക്കേണ്ട കാാലഘട്ടത്തിലൂടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നത്.പക്ഷെ, എഴുത്ത് മേഖലകളില്‍ ഫാസിസം തീക്ഷണമായും തീവ്രമായും കടന്നു വരാത്തതിന്റെ കാരണം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ പോരാടുന്ന എഴുത്തുകാര്‍ക്ക് ലഭിക്കുന്ന പരിഗണന കുറവാണ് എന്നതു തന്നെയാണ് പ്രഥമ കാരണം. എഴുത്ത് പാര്‍ശ്വവല്‍കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതുപോലെ പൊതുസമൂഹം സെലിബ്രിറ്റികളുടെ ഓരം പറ്റുകയും ചെയ്യുന്നു. സിനിമ താരങ്ങളോടുള്ള താല്‍പര്യത്തിന് ഇന്ന് യുവതയില്‍ മേല്‍ക്കോയ്മ ലഭിച്ചിരിക്കുന്നു. രാഷ്ട്രീയ വിഷയങ്ങളില്‍ അവര്‍ പ്രതിക്കാറില്ല. സെലിബ്രിറ്റികളോടുള്ള അനുകരണം കാരണം ചെറുപ്പക്കാര്‍ക്കിടയില്‍ അരാഷ്ട്രീയവാദം വളരുകയാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ മേഖലകളിലും അവര്‍ കര്‍മ്മോല്‍സുകരാണെങ്കിലും എഴുത്തുകാരോടുള്ള താല്‍പര്യം തുലോംതുഛമാണ്. ഇതിനെ തുടര്‍ന്ന് പുസ്തകങ്ങള്‍ക്കുള്ള സ്വീകാര്യതയും കുറഞ്ഞ് വരുന്നു. വായനക്കുള്ള ത്വരയും നശിക്കുകയാണ്.
ഇത്തരമൊരു പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സാഹചര്യം തീര്‍ച്ചയായും ജനങ്ങളെ തീക്ഷണമായി എഴുത്തിലേക്ക് പ്രചോദിപ്പിക്കുന്നതാണ്. കാരണം കടുത്ത പ്രയാസങ്ങളും പ്രതിസന്ധികളും നേരിടുന്ന കാലങ്ങൡ ലാണ് എഴുത്ത് ശക്തിയാര്‍ജ്ജിച്ചിട്ടുള്ളത്. അതിനുദാഹരണങ്ങളാണ് സ്വാതന്ത്ര്യസമര കാലങ്ങളിലും സ്വാതന്ത്ര്യാനന്തരമുണ്ടായ പ്രക്ഷോഭഘട്ടങ്ങളിലും എഴുത്ത് ശക്തിയാര്‍ജ്ജിച്ചത്. യഥാര്‍ഥത്തില്‍ പീഡിത വര്‍ഗത്തില്‍ നിന്നാണ് എഴുത്തുകള്‍ ഉയര്‍ന്നു വരേണ്ടത്. പക്ഷെ, ഇന്ത്യയില്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയില്‍ നിന്ന് ശബ്ദമുയരുന്നില്ല എന്നതാണ് ചരിത്രസത്യം.
?അരാഷ്ട്രീയത എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാതിരിക്കലാണോ അല്ലെങ്കില്‍ എതിര്‍വശമോ?
= വാസ്തവത്തില്‍, നമ്മുടെ സമൂഹത്തിനിടയില്‍ സിവില്‍ സൊസൈറ്റി ഇല്ലാതായിട്ടുണ്ട്. നമ്മുടെ നാട്ടിലെ ജനങ്ങള്‍ പാര്‍ട്ടികളുടെ ചൂണ്ടുവലകളിലാണ്. ലീഡര്‍മാരുടെ ആജ്ഞാനുവര്‍ത്തികളായി ഇന്ന് സമൂഹം പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. ഇത്തരമൊരു രീതി ഒരിക്കലും സ്വതന്ത്ര ചിന്തയല്ല. മറിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ അതിര്‍ വരമ്പുകള്‍ക്കപ്പുറത്ത് ഇരുന്ന് കൊണ്ട് മനുഷ്യാവകാശ- പരിസ്ഥിതി പ്രശ്‌നങ്ങള്‍ വിലയിരുത്തലാണ് ലിബറല്‍ കണ്‍സെപ്റ്റ്. ഞാന്‍ പറയുന്ന രാഷ്ട്രീയം നിങ്ങള്‍ നിര്‍വചിക്കുന്നതല്ല. മറിച്ച് മണ്ണിന്റെയും സഹനതയുടെയും അതിജീവനത്തിന്റെയും രാഷ്ട്രീയമാണ്.
?വയനാട്ടില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ വിഷയത്തില്‍ അധ്യാപകരുടെ വിശ്വാസത്തെ ചോദ്യം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. സാറൊരു അധ്യാപകന്‍ എന്ന നിലയില്‍ ഇതിനെ എങ്ങനെ വിലയരുത്തുന്നു
= അധ്യപാക സമൂഹത്തെ കുറിച്ചുള്ള ചര്‍ച്ച കാലാടിസ്ഥാനപ്പെടുത്തിയായിരിക്കണം. മുന്‍കാലങ്ങളില്‍ തുച്ഛമായ ശമ്പളത്തില്‍ നഗ്ന പാദരായും ഒരു സൈക്കിള്‍ ചവിട്ടിയുമായിരുന്നു അധ്യാപകര്‍ വിദ്യാലയങ്ങളിലെത്തിയിരുന്നത്. പക്ഷെ, കാലം മാറി, അധ്യാപകര്‍ ഇന്ന് ഉയര്‍ന്ന ശമ്പളത്തില്‍ സുഖലോലുപതിയില്‍ ജീവിക്കുന്നു. പക്ഷെ, അവര്‍ സമൂഹത്തോട് പ്രതിബദ്ധതയും ഉത്തരവാദിത്വ ബോധവും പാടേ തിരസ്‌കരിച്ചുവെന്നതാണ് വാസ്തവം.
വയനാട്ടില്‍ പറ്റിയ വീഴ്ചയെന്താണ്? പൊതു വിദ്യാലയത്തിലെ ഒരു ക്ലാസ് മുറിയില്‍ വിഷ സര്‍പ്പമിരിക്കുന്നുവെന്നുള്ള ജൈവജ്ഞാനം അറിയാതെ പോയതാണ് തെറ്റ്. ഐ. ടിയെ കുറിച്ചും മികവിനെ കുറിച്ചും സവിസ്തരം ചര്‍ച്ച ചെയ്യപ്പെടുന്ന യുഗത്തില്‍ ജൈവജ്ഞാനമില്ലാഴ്മ പോലെയുള്ള പോരാഴ്മകളെ കുറിച്ച് നാം വാതുറക്കുന്നില്ല. പാമ്പ് കടച്ചാലും തേള്‍ കടിച്ചാലും അതെന്താണെന്ന് വേര്‍തിരിച്ചറിയാനുള്ള ശേഷിയില്ലാഴ്മയുടെ ബാക്കിപത്രം കൂടിയാണ് ഷഹ് ലയുടെ മരണം. കുട്ടിയെ അവഗണിച്ചുവെന്നതിനപ്പുറം ജൈവജ്ഞാനത്തിന്റെ അഭാവമാണ് ഷഹ് ലയുടെ മരണത്തിലേക്ക് നയിച്ചത്.
? പക്ഷെ, പ്രസ്തുത പ്രശ്‌നത്തിന്റെ പേരില്‍ അധ്യാപകരുടെ ആത്മവിശ്വാസം ചോര്‍ത്തുന്ന പല പ്രചാരണങ്ങളും വ്യാപിച്ചിട്ടില്ലേ?
= ഒരധ്യാപകനെന്ന നിലയില്‍, ഗുരു സമൂഹത്തിനിടയില്‍ വീഴ്ചകള്‍ ഉണ്ടെന്നത് വാസ്തവമാണ്. ഒരു കുഞ്ഞിനെ ചീത്ത പറയുന്നത് ആ കുഞ്ഞിനോടുള്ള വിദ്വേഷം കൊണ്ടല്ല. മറിച്ച്, ആ കുഞ്ഞിനോടുള്ള അദമ്യമായ സ്‌നേഹം കാരണത്താലാണ്. പക്ഷെ, കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് നാം വാതോരാതെ സംസാരിക്കുമ്പോള്‍ തന്നെ അവരെ ശിക്ഷിക്കുന്നത് ഒരു പീഢനമായി മാറുന്നു. അതിന്റെ പേരില്‍ അധ്യാപകന്‍ ശിക്ഷിക്കപ്പെടുന്നു. ചുരുക്കത്തില്‍ ഭീതിതമായ അന്തരീക്ഷത്തിലാണ് ഇന്നവര്‍ കഴിഞ്ഞ് പോകുന്നത്. എങ്കിലും, മെച്ചപ്പെട്ട ശമ്പളം ഉണ്ടായിരിക്കെ കൈക്കൂലി വാങ്ങുന്ന ദുഷ്പ്രവണത ഇന്ന് അധ്യാപക സമൂഹത്തെ വേട്ടയാടുന്നുണ്ട്.
?എഴുത്തുകാര്‍ക്കിടയില്‍ തന്റെ ഇടത്തെ കുറിച്ച് സാര്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വിശിഷ്യ മറ്റുള്ളവരില്‍ നിന്ന് നിങ്ങളെ വ്യതിരക്തനാക്കുന്ന വല്ല ശൈലിയുമുണ്ടോ?
=പരിസ്ഥിതിയാണ് എന്റെ കഥയിലെ മുഖ്യകഥാപാത്രം. ഇത് തന്നെയാണ് മറ്റുള്ളവരില്‍ നിന്ന് എന്നെ വ്യത്യസ്ഥനാക്കുന്നതും. മറ്റൊരു കാര്യം, ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള എന്റെ ചായ്‌വാണ്. ഇതിന്റെ പേരില്‍ വിവിധ തരത്തിലുള്ള പ്രയാസങ്ങളും ഭീഷണികളും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഞാന്‍ ഇതിനെ കുറിച്ച് അജ്ഞനൊന്നുമല്ല. പക്ഷെ, ഞാന്‍ എന്റെ രാഷ്ട്രീയത്തെ അപ്രകാരം നിര്‍വചിക്കുകയാണ്. ന്യൂന പക്ഷ ഐക്യത്തിന്റെ പേരില്‍ പല പ്രസിദ്ധീകരണങ്ങളില്‍ നിന്നും ഞാന്‍ തഴയപ്പെടുകയുണ്ടായി. ഭൗതിക പരമായി ഇത്തരം നഷ്ടങ്ങള്‍ ഭവിച്ചെങ്കിലും മനുഷ്യാവകാശ പരമായുള്ള എന്റെ കാഴ്ചപ്പാടുകള്‍ക്ക് ഇത് കൂടുതല്‍ നിറം നല്‍കിയെന്നതാണ് വിശ്വാസം.
? മാവോയിസ്റ്റ് വിഷയത്തില്‍ ഇടത് പക്ഷത്തിന്റെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മലപ്പുറം കേന്ദ്രീകരിച്ചുള്ള തീവ്രവാദികളാണ് ഇതിന്റെ പിന്നിലെന്ന് ആരോപിക്കുകയുണ്ടായി. മോഹന്‍ മാസ്റ്ററുടെ തുറന്ന പ്രസ്താവന വരെ പുറത്ത് വന്ന അവസരത്തില്‍ യാഥാര്‍ഥത്തില്‍ അവരുടെ ഉള്ളിലിരിപ്പെന്താണ്?
മൃദു ഹിന്ദുത്വ രാഷ്ട്രീയത്തിലൂടെ സംഘ്പരിവാര്‍ കാഴ്ചപ്പാടിലേക്ക് മാറുന്നുവെന്നതാണ് നാം സമീപ കാലത്ത് സി. പി. എം നേരിടുന്ന ഗുരുതര പ്രശ്‌നം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഈയിടെ രണ്ട് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുകയുണ്ടായി. യഥാര്‍ഥത്തില്‍ അവരുടെ മുസ്‌ലിം സ്വത്വത്തെയാണ് സി.പി.എം ചോദ്യം ചെയ്തത്. മാവോയിസ്റ്റ് എന്നാല്‍ മുസ്‌ലിം എന്നും മുസ്‌ലിം എന്നാല്‍ മാവോയിസ്റ്റ് എന്നും വരുത്തിത്തീര്‍ക്കുകയാണവര്‍. മാവോയിസ്റ്റ് ചുവയുള്ള ലഘുലേഖകള്‍ കൈവശം വെക്കുന്ന ധാരാളം ഹിന്ദുക്കളുണ്ട്. അവരെയൊന്നും അറസ്റ്റ് ചെയ്യാതെ എന്ത് കൊണ്ട് ഇവരെ മാത്രം അറസ്റ്റ് ചെയ്തത്? ന്യൂനപക്ഷമാണെന്നത് കൊണ്ടും മാവോയിസത്തിന്റെ പേരില്‍ ന്യൂനപക്ഷത്തെ വേട്ടയാടുമെന്നും ഹിന്ദുത്വ ശക്തികളെ പ്രീണിപ്പെടുത്തി അവരില്‍ നിന്ന് പട്ടും വളയും കരഗതമാക്കാനും തന്നെയാണിത്. അവരുടെ അറസ്റ്റിനോട് ഞാന്‍ ശക്തമായി വിയോജിക്കുന്നു.
?ജൈവം പോലെയുള്ള പരിസ്ഥിതി വിഷയങ്ങളിലുള്ള സാറിന്റെ രചനകളില്‍ ഉള്ളടക്കം എന്നതിലുപരി പ്രഥമ ദൃഷ്ടാ തന്നെ സന്ദേശം കൈമാറാന്‍ സാധിക്കുന്നുണ്ട്. അതുപോലെ പൊതു വിഷയങ്ങളില്‍ ആക്ടിവിസം എന്ന രീതിയല്‍ എഴുത്തിലൂടെ എത്രമാത്രം പുറത്ത് കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്?
=സമീപകാലത്ത് ഞാന്‍ എഴുത്തില്‍ വളരെ സജീവമല്ല. കേരളത്തില്‍ എഴുത്തിന്റെ ഇടങ്ങള്‍ ക്രമാതീതമായി കുറഞ്ഞപ്പോള്‍ ഞാന്‍ പ്രഭാഷണ മേഖലയിലേക്ക് തിരിഞ്ഞു. ഇവിടെയാണ് നാം മനസ്സിലാക്കേണ്ടത്: 1990തുടങ്ങി 91ല്‍ പൂര്‍ത്തിയാക്കിയ സാമൂഹ്യപാംം എന്ന എന്റെ രചന സമീപകാലത്താണ് ചര്‍ച്ച ചെയ്യപ്പെട്ടത്. ഇന്ത്യന്‍ ഫാഷിസത്തെ ദീര്‍ഘദര്‍ശനം ചെയ്ത നോവലാണത്. ഇത്രയും വര്‍ഷങ്ങള്‍ക്ക് മുമ്പ് മോദിയന്‍ കാലത്തെ കുറിച്ച് എഴുതാന്‍ എങ്ങനെ സാധിച്ചുവെന്ന് ഈയിടെ ഒരു സ്ഹൃത്ത് ചോദിക്കുകയുണ്ടായി. പലപ്പോഴും ഇത് എനിക്ക് തന്നെ തോന്നുകയുണ്ടായി. ഇത്തരത്തില്‍ ദീര്‍ഘദര്‍ശനങ്ങളടങ്ങിയ നിരവധി രചനകള്‍ നടത്തിയപ്പോള്‍ അക്കാലത്തൊന്നും അത് ചര്‍ച്ച ചെയ്യപ്പെടാതെ പോയി. മാവോയിസ്റ്റ് വിഷയം വൈറലായ സമയത്ത് മുമ്പ് ഞാന്‍ രചിച്ച മഹായാനം ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യണമെന്ന് മറ്റൊരു സ്ഹൃത്ത് ആവശ്യപ്പെടുകയുണ്ടായി. 22ാം വയസ്സിലാണ് ഞാന്‍ മഹായാനം എഴുതുന്നത്. അക്കാലത്തത് പ്രസ്‌ക്തമായില്ല. അതുപോലെ 50കളില്‍ ഞാന്‍ ദൈവം രൂപം പൂണ്ട മിംായി എന്ന കൃതിയെഴുതിയിട്ടുണ്ട.് ഹിന്ദുക്കള്‍ മുസല്‍മാനെ ശൂലം കൊണ്ട് കൊലപ്പെടുത്തുന്നതാണ് കഥയിലെ പ്രതിപാദ്യം. ഇത്തരത്തില്‍ നിരവധി രചനകള്‍ഞാന്‍ ദീര്‍ഘദര്‍ശനത്തോടെ ഞാന്‍ എഴുതിയിട്ടുണ്ട്. വിവരണ എന്ന കൃതി കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചാണ്.
ചുരുക്കത്തില്‍ മേല്‍ പറഞ്ഞതു തന്നെയാണ് ആക്ടിവിസം. മലയാളത്തില്‍ എന്റെ പുസ്തകങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന കാരണത്താല്‍ തന്നെ സമീപകാലത്ത് ഞാന്‍ എഴുത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. നിലവില്‍ പ്രഭാഷണ മേഖലയില്‍ തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാലാകാലം പ്രഭാഷണത്തില്‍ തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നില്ല. 2021ാടെ എന്റെ പുതിയ നോവല്‍ പുറത്തിറങ്ങും.
?ആക്ടിവിസത്തില്‍ സജീവമായതിനാലാണ് എഴുത്ത് മേഖലയില്‍ അപ്രസ്‌ക്തമായതെന്ന മറുവായന കൂടി ഇതില്‍ നിന്ന് ലഭിക്കുന്നില്ലേ?
ഇത്തരമൊരു ആരോപണം നിരര്‍ഥകമാണ്. പ്രഭാഷണ മേഖലയില്‍ സജീവമായതിനാല്‍ എഴുത്തിലേക്ക് ശ്രദ്ധ നല്‍കാന്‍ സാധിക്കുന്നില്ലയെന്ന് പറയാന്‍ പറ്റില്ല. കാരണം, ധാരാളം എഴുത്തുകാര്‍ പ്രഭാഷകരാകാതെ തന്നെ നിശബ്ദരായിട്ടുണ്ട്. എഴുത്തിന്റെ ഇടം കുറയുന്നുവെന്നത് തന്നെയാണ് ഇതിന്റെ നിദാനം. എല്ലാ പ്രസാധകരും ഗുരുതര പ്രതിസന്ധി നേരിടുകയാണ്. ഇതൊരു പൊതു പ്രശ്‌നമായി മാറിയിരിക്കുന്നു.
അതിനു പുറമെ കാലാകാലവും എഴുത്ത് രംഗത്ത് നിലയുറപ്പിക്കല്‍ അനുചിതമാണ്. ഇത് ആവര്‍ത്തനത്തിലേക്ക് നയിക്കുകയും വായനക്കാരില്‍ വിരസത സൃഷ്ടിക്കുകയും ചെയ്യും. രചിക്കാന്‍ പോകുന്ന രണ്ടു രചനകളും പുതിയ പ്രമേയങ്ങളെ അധാരമാക്കിയാണ്. അതുപോലെ കഥകളില്‍ നവീകരണം അസാധ്യമാണ്.
? എഴുത്ത് രംഗത്തെ കേരള മുസ്‌ലിങ്ങളുടെ ഗതകാല-വര്‍ത്തമാന സാഹചര്യത്തെ സാര്‍ എങ്ങനെ വിലയിരുത്തുകയും അവരുടെ പുരോഗതിക്ക് ഏതൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുമോ?
= മുന്‍കാലത്ത് മദ്രസകളിലും പള്ളി ദര്‍സുകളിലും പംിപ്പിക്കുന്ന അധ്യാപകര്‍ ടാലന്റഡ് അയിരുന്നെങ്കിലും എഴുത്ത് മേഖലയില്‍ അവര്‍ സജീവത പ്രകടമാക്കിയിരുന്നില്ല. കെട്ടുകഥകള്‍ പാടില്ലയെന്ന വിലക്കുകളാണ് ഇതിന്റെ കാരണമെന്ന് തോന്നുന്നു. പക്ഷെ, ഇന്നതിനു മാറ്റങ്ങളുണ്ടായിട്ടുണ്ട്. മതവും ഭൗതികവും സന്നിവേശിപ്പിച്ചുളള സമന്വയ വിദ്യാഭ്യാസമാണ് ഇതിന്റെ പിന്നിലെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.മതവിദ്യയോടൊപ്പം ലിറ്ററേച്ചര്‍ രംഗങ്ങളിലും ബിരുദം കരസ്ഥമാക്കിയതോടെ അവരുടെ ചിന്തകള്‍ വിശാലമായിട്ടുണ്ട്. തുടര്‍്ന്ന് ഇസ്‌ലാമിക മതസ്ഥാപനങ്ങളില്‍ നിന്ന് മികച്ച എഴുത്തുകാര്‍ വളര്‍ന്നു വരുന്നുണ്ട്.
?എപ്പോഴും ന്യൂനപക്ഷങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതിനാല്‍ ഭരണ പാര്‍ട്ടി തലങ്ങളില്‍ നിന്ന് എപ്പോഴെങ്കിലും അവഹേളനങ്ങള്‍ അല്ലെങ്കില്‍ മാറ്റിനിര്‍ത്തലുകള്‍ക്കോ ഇരയാക്കപ്പെട്ടിട്ടുണ്ടോ?
=സി.പി.എമ്മുമായി നിരന്തരം കലഹിക്കുന്ന വ്യക്തിയാണ് ഞാന്‍. മൂന്ന് തവണ അക്കാദമി അവാര്‍ഡുകള്‍ നേടിയ വ്യക്തിയാണ് ഞാന്‍. ഒരു തവണ ലളിതകലാ അക്കാദമി അവാര്‍ഡും രണ്ടു തവണ കേരളാ സാഹിത്യ അക്കാദമി അവാര്‍ഡും നേടിയ എന്നെ അക്കാദമിയില്‍ നടക്കുന്ന സെമിനാറുകള്‍ക്കോ മറ്റു പരിപാടികള്‍ക്കോ ക്ഷണിക്കാറില്ല. ഭരണകക്ഷിയോടുള്ള കലഹമോ അല്ലെങ്കില്‍ ഹിന്ദുത്വ ശക്തികളുടെ സമ്മര്‍ദ്ദവുമായിരിക്കം ഇതിനു പിന്നില്‍.
?അവസാനമായി ബാബരി വിധിയെ കുറിച്ച്?
= ന്യൂനപക്ഷങ്ങള്‍ക്കിടയിലെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ് ബാബരി വിധി. പ്രസ്തുത വിധി അനീതിയായിട്ടു പോലും മുസ്‌ലിംകള്‍ പാലിച്ച സംയമനം ആഗോളതലത്തില്‍ തന്നെ മാതൃകാവഹമാണ്. ഇത്തരമൊരു മനസ്ഥിതിയാണ് ഇന്ത്യയുടെ അഭിമാനവും.
തയ്യാറാക്കിയത്: സ്വാലിഹ് കടമേരി
0 Comments