പാങ്ങില്‍ എണ്ണപ്പെടേണ്ടത് നവോത്ഥാനത്തിലാണ്




കേരളിയ മുസ്‌ലിംകളുടെ വൈജ്ഞാനിക പ്രാസ്ഥാനിക മതകീയ ആത്മീയ നഭോ മണ്ഡലത്തില്‍ ശുക്രനക്ഷത്രമായി പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ 1888 ജൂണ്‍ 21 വെള്ളിയാഴ്ച പാങ്ങില്‍ ജനിച്ചു. കേരള നാട്ടിലെ ഇസ്‌ലാമിക നവജാഗരണത്തിന് കളമൊരുക്കിയ പണ്ഡിത പ്രമുഖനാണ് ഇദ്ദേഹം. ഇന്ത്യയില്‍ ബ്രട്ടീഷുകാരുടെ സാമ്രാജ്യത്വ കോളോണിയലിസവും, സാമ്പത്തിക ചൂഷണങ്ങളും, അതുകാരണമുണ്ടായ ധാര്‍മ്മിക പാപ്പരത്തവും, മതദ്രൂവീകരണവും അതിന്റെ ഉഗ്രരൂപം കൊണ്ട സമയത്താണ് പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ തന്റെ ആത്മീയവും വൈയക്തികപാടവവും കൊണ്ട് ഒരു സമൂഹത്തെ അധാര്‍മികതയുടെയും അരാചകത്വത്തിന്റെയും കരാളഹസ്തങ്ങളില്‍ നിന്നും കൈപിടിച്ചുയര്‍ത്തുന്നത് അദ്ദേഹം ഒരുപാട് വായനകള്‍ക്കും എഴുത്തുകള്‍ക്കും പാത്രമാവേണ്ടതിന്റെ ആവശ്യകത കേരളത്തിലെ ഓരോ വായനക്കാരന്റെയും അവകാശമാണ്. 1921-ലെ മലബാര്‍ കലാപാനന്തരം കേരള മുസ്‌ലിംകള്‍ക്ക് പട്ടിണിയും പരിവട്ടവും ഗ്രസിച്ചപ്പോള്‍ അവര്‍ക്കിടയില്‍ ഉടലെടുത്ത മതനവീകരണ വാദങ്ങളെയും റിബില്ല്യന്‍ ചിന്തകളെയും നിയന്ത്രിക്കാന്‍ മുന്നോട്ടിറങ്ങിയ നേതൃനിരയില്‍ പ്രമുഖനായിരുന്നു പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍.

നാല് ഭാഗങ്ങളിലായി പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരെക്കുറിച്ച് രചിച്ച ഈ  പുസ്തകത്തില്‍ അദ്ധേഹത്തെ കുറിച്ചുള്ള സൂക്ഷ്മ പഠനങ്ങളും കുറിപ്പുകളും പ്രശംസനീയമാണ്. കൂടാതെ രചയിതാവ് തന്റെ ഈ പുസ്തകത്തില്‍ മൗലവിയുടെ രചനകളും പുരാതനമായ ചരിത്ര സ്രോതസ്സുകളും രേഖപ്പെടുത്തിയിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക നേതാക്കളില്‍ മുഖ്യ പങ്ക് വഹിക്കുക കൂടി ചെയ്ത പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരെ കേരളത്തിലെ അധിക ജനങ്ങള്‍ക്കും അറിയില്ലായിരുന്നു. അതുകൊണ്ടു തന്നെയാണ് കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമായ ഈ പുസ്തകം കേരളക്കരയില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചത്.

മലബാറിലെ പാങ്ങ് എന്ന പ്രദേശത്ത് പണ്ഡിത കുടുംബത്തില്‍ ജനിച്ച അദ്ദേഹം അക്കാലത്തെ പണ്ഡിത സമുദായത്തിലെ പ്രമുഖനായിരുന്നു. അദ്ധേഹത്തിന്റെ ഖബീലയും, വൈജ്ഞാനിക ഇടപെടലുകളും, രചനകളും, ബ്രട്ടീഷുകാരോടുള്ള തന്റെ  നിലപാടുകളും ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയാണ് രചയിതാവ് ഈ പുസ്തകം ഒരുക്കിയിട്ടുള്ളത്. ഒരു മത പണ്ഡിതന്‍ എന്നതിനപ്പുറം താന്‍ ജീവിച്ച സമൂഹത്തിന്റെയും സാഹചര്യങ്ങളുടെയും നാഡി മിടിപ്പുകള്‍ തൊട്ടറിഞ്ഞു പ്രതികരിക്കാനും, സമുദായത്തിനു വേണ്ടതെല്ലാം വേണ്ടയളവില്‍ നല്‍കാനും മുന്നോട്ടു വന്നു എന്നതാണ് കേരള മുസ്‌ലിം ചരിത്രത്തില്‍ പാങ്ങുകാരന്റെ ഇടം. കൂടാതെ വിദ്യാഭ്യാസ രംഗത്ത് വിജയകരമായ പരിഷ്‌കാരങ്ങള്‍ സമര്‍പ്പിക്കാനായത് പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ക്ക് മാത്രമാണ്. അതിനുദാഹരണമാണ് താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ്. രചനകളിലും മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഇദ്ധേഹത്തിന് സാധിച്ചിട്ടുണ്ട് എന്നത് അത്ഭുതകരമാണ്. അദ്ധേഹത്തിന്റെ പ്രധാനപ്പെട്ട അഞ്ച് രചനകള്‍ ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. നഹ്ജുല്‍ ഖവീം എന്ന ഫിഖ്ഹീ ഗ്രന്ഥം അച്ചടിക്കപ്പെട്ടത് ഈജിപ്തില്‍ നിന്നാണ്. ഈ ഗ്രന്ഥം ഇന്നും മലേഷ്യേയിലെ ഇന്റര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ വായിക്കപ്പെടുന്നുണ്ട്.

        ഐക്യ സംഘത്തിലൂടെ ബിദഈ ചിന്തകള്‍ കേരളത്തില്‍ നാമ്പെടുത്തപ്പോള്‍ അതിനെതിരെ രംഗത്തിറങ്ങിയവരായിരുന്നു മൗലാനാ. ഒരു പുരുഷായുസ്സു മുഴുവന്‍ ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചവരായിരുന്നു ഇദ്ധേഹം. ആദര്‍ശത്തോടുള്ള പ്രതിബന്ധത പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരെ വ്യതിരിക്തനാക്കുന്നു. സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി മഹാന്‍ സഹിച്ച ത്യാഗങ്ങള്‍ നിരവധിയാണ്. അതിന്റെ പേരിലുണ്ടായ ദുരനുഭവങ്ങള്‍ വിട്ടുവീഴ്ച്ചയിലൂടെ ഒഴിവാക്കാവുന്നതായിരുന്നു. എന്നല്‍ അവിടെയും അദര്‍ശം അഭിമാനമായി കണ്ട പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരെയാണ് നമുക്ക് വായിക്കാന്‍ സാധിക്കുക. അദ്ധേഹം ജീവിച്ച കാലവും അന്നത്തെ സാഹചര്യവും മനസ്സിലാക്കുമ്പോള്‍ തന്നെ പാങ്ങില്‍ നമുക്ക് വലിയ പ്രചോദനമാകുമെന്നത് തീര്‍ച്ചയാണ്. മഹാന്റെ ജീവിതത്തിലെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പുസ്തകം പ്രശംസ അര്‍ഹിക്കുന്നുണ്ട്.

ആദര്‍ശത്തില്‍ കണിശത പുലര്‍ത്തുന്ന പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ സമീപനങ്ങളായിരുന്നു പല എഴുത്തുകാരെയും ചരിത്രകാരന്മാരെയും അദ്ദേഹത്തെക്കുറിച്ചെഴുതുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. ഒരുപാട് രചനകള്‍ കൈരളിക്കു സമ്മാനിക്കാന്‍ മഹാനവര്‍കള്‍ക്കായിട്ടുണ്ട്. മലബാര്‍ സമരകാലത്തും ശേഷവുമുള്ള പണ്ഡിതരുടെ നിലപാടുകള്‍ ഈ പുസ്തകത്തില്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ട്, മൗലാനയെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷ് അനുകൂല നിലപാടുകളായിരുന്നു അദ്ധേഹത്തിനുണ്ടായിരുന്നത്. പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരെക്കുറിച്ച് തുടക്കം മുതല്‍ ഒടുക്കം വരെ വ്യക്തമായി പഠനങ്ങള്‍ നടത്തിയ രചനകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാങ്ങിലുസ്താദനുഭവിച്ച ദുരിതങ്ങളും തന്റെ നിലപാടുകള്‍ മൂലം പല വിമര്‍ശനങ്ങള്‍ക്ക് വിധേയമാവേണ്ടി വന്നതിന്റെ സാഹചര്യങ്ങളും ഈ പുസ്തകത്തില്‍ വളരെ നല്ല രീതിയില്‍ ചിത്രീകരിക്കുന്നുണ്ട്. നാല് ഭാഗങ്ങളാക്കി രചിച്ച ഈ പുസ്തകത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ളി ഏഴു പഠനങ്ങളും അഞ്ച് പ്രശസ്ത ഏഴുത്തുകാരുടെ കുറിപ്പുകളും പാങ്ങിലിന്റെ പ്രശസ്ത രചനകളും മറ്റു പുരാതന സ്രോതസ്സുകളുമുള്‍പ്പെടുത്തിയാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

🖋ഫാസില്‍ എടവണ്ണപ്പാറ

Post a Comment

0 Comments