പൗരത്വ ബോധം മുസ്‌ലിം സ്വത്വത്തിന്റെ വീണ്ടെടുപ്പ് കൂടിയായിരുന്നു




അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമര പരമ്പരകളിലൂടെ ഇന്ത്യന്‍ ജനത പുതിയ ചരിത്രം രചിച്ചു കൊണ്ടിരിക്കുകയാണിന്ന്. ഇരുന്നൂറിലേറെ വര്‍ഷം നീണ്ടുനിന്ന കോളനി ഭരണത്തിനിടയില്‍ വൈവിധ്യവും വംശീയതയും കൊണ്ട് ഒരു ചരടില്‍ കോര്‍ക്കാന്‍ കഴിയില്ല എന്നു ചിന്തിച്ചിടത്തു നിന്ന് സ്വാതന്ത്ര്യത്തിനായി ഒന്നിച്ചു പോരാടിയ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ഇത്രയേറെ ജാതികളും മതങ്ങളും നിലനിന്നിട്ടു പോലും ഏഴു പതിറ്റാണ്ടുകാലത്തോളം വര്‍ഗീയ ശക്തികള്‍ക്കുമതീതമായി നില കൊണ്ടത് കരുത്തുറ്റ ജനാധിപത്യ വ്യവസ്ഥയും ഭരണഘടനയും നീതി ന്യായ വ്യവസ്ഥയും മതേതര മൂല്യങ്ങളുമുള്ളതിനാലായിരുന്നു.

              ദൗര്‍ഭാഗ്യവശാല്‍ വിഭജനം കനത്ത ആഘാതമാണ് ഇന്ത്യന്‍ മതേതരത്വത്തിന് വരുത്തി തീര്‍ത്തത്. മതത്തിന്റെ പേരില്‍ രാജ്യത്തെ രണ്ടായി പകുത്തതോടെ ഇന്ത്യയില്‍ പിന്നീട് വംശീയതക്ക് വേരോട്ടം ലഭിച്ചു. അതിനെ തുടര്‍ന്നാണ് ഇന്ത്യ ഹിന്ദുക്കള്‍ക്ക് പാക്കിസ്ഥാന്‍ മുസ്‌ലിംകള്‍ക്ക് എന്ന മുദ്രാവാക്യം ഉയര്‍ന്നു വരുന്നത്. ഹിന്ദു മുസ് ലിം ഐക്യത്തിന്റെയും സംഘബോധത്തിന്റെയും അനുഭവങ്ങള്‍ കേവലം ഐതിഹ്യങ്ങളായി മാത്രം മാറി. ബാബരി മസ്ജിദ് ധ്വംസനത്തോടെ വര്‍ഗീയത അതിന്റെ അത്യുന്നതിയിലെത്തി. ബാബരിയുടെ താഴികക്കുടങ്ങള്‍ക്കൊപ്പം തകര്‍ന്നു വീണ മുസ്‌ലിംകളുടെ സുരക്ഷിതത്വ  ബോധം പിന്നീടൊരിക്കലും വീണ്ടെടുക്കാനായില്ല എന്നതാണ് വാസ്തവം. അതോടെ മുസ്ലിംകള്‍ കൂടുതല്‍ ഭീതിയിലും ഉദ്ത്കണ്ഠയിലും കഴിച്ചു കൂട്ടേണ്ടി വന്നു. ഭൂരിപക്ഷത്തിനെ ഭയന്ന് സ്വന്തം വീടുകളിലേക്ക് സുരക്ഷിതത്വം തേടാനവര്‍ നിര്‍ബന്ധിതരായി.സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ തുടരാന്‍ തിരഞ്ഞെടുത്തിട്ടും വിഭജനം തീര്‍ത്ത വേലിയേറ്റത്തിനൊടുവില്‍ അവരുടെ ദേശ സ്‌നേഹത്തെ നിരന്തരം ചോദ്യം ചെയ്യപ്പെട്ടു. അവര്‍ ദേശ വിരുദ്ധരും പാക്കിസ്ഥാന്‍ വാദികളുമായി മാറി. ഇതേ ശ്രേണിയിലെ മറ്റൊരവതാരമാണ് കാശ്മീര്‍ വിഭജനവും പൗരത്വ ഭേദഗതി ബില്ലുമെല്ലാം മുസ്ലിം ന്യൂനപക്ഷത്തെ അരികുവത്കരിക്കാനും അകറ്റി നിറുത്താനുമുള്ള നിയമങ്ങളായിരുന്നു ഇതെല്ലാം.

      വിഭജനത്തിനു ശേഷം മുസ്ലിങ്ങള്‍ നേരിട്ടുവരുന്ന അവഗണനയുടെ നേര്‍സാക്ഷ്യമാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. സായുധ സേന, പോലീസ്, ബ്യൂറോക്രസി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സംഘടിത സ്വകാര്യ മേഖലയിലെ തൊഴില്‍ എന്നിവയിലുള്‍പ്പെടെ പൊതു ജീവിതത്തിന്റെ സര്‍വ്വ മേഖലയിലും മുസ്‌ലിം പങ്കാളിത്തത്തിന്റെ കുറവായിരുന്നു ഇത് ചൂണ്ടിക്കാണിച്ചിരുന്നത്. ടാറിട്ട റോഡുകള്‍ അവസാനിക്കുന്നിടത്തു നിന്നും ഇലക്ട്രിക് പോസ്റ്റുകളുടെ അവസാനത്തില്‍ നിന്നുമാണ് ഒരു മുസ്‌ലിം ഗ്രാമത്തിന്റെ തുടക്കമെന്നാണ് സച്ചാര്‍ കമ്മിറ്റി ചൂണ്ടിക്കാണിച്ചത്. വിഭജനം സമ്മാനിച്ച വര്‍ഗീയതയിലൂടെ മുതലെടുപ്പ് നടത്താന്‍ മാത്രമേ പിന്നീടു വന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ചിട്ടുള്ളൂ. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഉയര്‍ച്ചയോടെ ദേശീയതയുടെ പൊതു വ്യവഹാരത്തിന് വര്‍ഗീയതയുടെ പുതിയൊരു മാനം കൈവരികയായിരുന്നു. പിന്നീട് ഈ വിധം മാത്രമാണ് മുസ്‌ലിങ്ങള്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. അതോടെ ദേശീയ വാദവും വര്‍ഗീയ വാദവും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളായി മാറുകയായിരുന്നു. പിന്നീടുള്ള ഘട്ടങ്ങളില്‍ മുസ്‌ലിങ്ങള്‍ ദേശ വിരുദ്ധരും പാകിസ്ഥാന്‍ അനുകൂലികളോ ആണെന്ന് മുദ്രകുത്തപ്പെട്ടു. ഇതിലൂടെ സര്‍വ്വവും നഷ്ടപ്പെട്ട് അപരവത്കരണത്തിന്റെ നീതി നിഷേധത്തിന്റെ ജനാധിപത്യ വിരുദ്ധതയുടെ മറ്റൊരു ഉദാഹരണമായി മുസ്‌ലിങ്ങള്‍ മാറി.
ലിബറല്‍ മൂല്യങ്ങളുമായി ഉയര്‍ന്നു വന്ന വ്യക്തികളും, സംഘടനകളും ദേശ വിരുദ്ധരും, വിഘടവാദികളും, തീവ്രവാദികളുമായും, അല്ലാത്തവര്‍ ദേശസ്‌നേഹികളുമായി മാറുന്ന സാഹചര്യമാണ് പിന്നീട് ഉയര്‍ന്നു വന്നത്. 1992ലെ ഇന്ത്യന്‍ മതേതരത്വത്തിന്റെ കറുത്ത ഓര്‍മയായ ബാബരി മസ്ജിദ് ധ്വംസനത്തിനു ശേഷം പാടെ ഉള്‍വലിഞ്ഞു ഭൂരിപക്ഷ ഭീതിയോടൊയാണ് ജീവിക്കുന്നത്. ബാബരിയുടെ മിനാരങ്ങള്‍ക്കൊപ്പം കൊഴിഞ്ഞു വീണത് മതേതരത്വത്തിന്റെ രക്ഷാ കവചവും ഇന്ത്യന്‍ മുസ്ലിങ്ങളുടെ സുരക്ഷിതത്വ ബോധവും കൂടിയായിരുന്നു. പിന്നീട് മുസ്ലിം സമൂഹം ഭീതിയുടെ അഗാധ ഗര്‍ത്തങ്ങളിലേക്ക് പതിക്കുകയായിരുന്നു പൊതു രംഗത്തിറങ്ങാനോ പരസ്യമായി പ്രതിഷേധത്തിനോ സമരങ്ങള്‍ക്കോ മുസ്ലിങ്ങള്‍ രംഗത്തു വന്നിരുന്നില്ല.

ബാബരി ചരിത്രവിധിയിലൂടെ നീതി നിഷേധത്തിന്റെയും ജനാധിപത്യത്തിന്റെയും അഞ്ചേക്കര്‍ ശവപ്പറമ്പ് നല്‍കിയതും ഇന്ത്യന്‍ രൂപീകരണത്തോളം പഴക്കമുള്ള ആര്‍ട്ടിക്ള്‍ 370തിന്റെ അസാധുവാക്കലും മുസ്ലിം സമൂഹത്തെ വളരെയധികം പ്രകോപിതരാക്കിയിരുന്നെങ്കിലും പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. പക്ഷേ പൗരത്വ ബില്ല് ഉയര്‍ന്നു വന്നതോടെ വീടുകളിലെ സുരക്ഷതത്വ ബോധം ഉപേക്ഷിച്ച് തെരുവിലിറങ്ങാന്‍ അവര്‍ നിര്‍ബന്ധിതരായി. മുസ്ലിങ്ങളെ മാത്രം വിദേശികളും ഭീകരരുമാക്കി മുദ്ര കുത്തുകയും ഹിന്ദു, ജൈന, ബുദ്ധ, ക്രൈസ്തവ, പാഴ്‌സി തുടങ്ങിയ മതക്കാര്‍ക്ക് സുരക്ഷിതപാതയൊരുക്കിയതോടെ ഉഗ്രഭാവം പൂണ്ട ഇന്ത്യന്‍ ഫാഷിസത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ തുടക്കം വിദ്യാര്‍ത്ഥി സമൂഹങ്ങളില്‍ നിന്നായിരുന്നുവെന്നത് ആശാവഹമാണ്.
 സ്വാതന്ത്രത്തിനു ശേഷം മുസ്‌ലിംകള്‍ ആദ്യമായി തെരുവിലിറങ്ങി രാഷ്ട്രീയവ്യവഹാരത്തില്‍ തുല്യ പങ്ക് അവകാശപ്പെട്ടു സമരങ്ങള്‍ തുടങ്ങി.മോഡി ഷാ കൂട്ടുകെട്ടുകള്‍ അധികാരത്തില്‍ വന്നതിന് ശേഷവും  നിരവധി വിവേചനപരമായ ഭിന്നിപ്പിക്കുന്ന നയങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ആദ്യമായാണ് രാജ്യവ്യാപകമായ എതിര്‍പ്പ് ഇതിനെതിരെ നിലനില്‍ക്കുന്നത്.നിശ്ചിതരാഷ്ട്രീയ പാര്‍ട്ടികളോ വ്യക്തികളോ എന്നതിനപ്പുറം രാജ്യത്തെ സര്‍വ്വജനങ്ങളും നീതിക്കുവേണ്ടിയുള്ള സമരരംഗത്തേക്കിറങ്ങുകയായിരുന്നു.2017ലെ നോട്ട് ഇന്‍ മൈ നെയിം ക്യാമ്പയിനില്‍ നിന്നും വ്യത്യസ്തമായി മറ്റെല്ലാ സമുദായത്തില്‍നിന്നുപോലും ആളുകള്‍ ഇതിനെ പിന്തുണക്കുന്നു.

ആസാമിലാണ് ആദ്യമായി പൗരത്വം ചോദ്യം ചെയ്യപ്പെട്ടത്. ഇവിടെ പൗരത്വത്തെ ചോദ്യം ചെയ്യുന്നതില്ല പ്രശ്‌നം മറിച്ച് അതില്‍ തന്നെ ഒരു വിഭാഗത്തെ മാത്രം അപരവല്‍ക്കരിക്കുന്നതിലാണ്. സെന്‍സസും വോട്ടര്‍ പട്ടികയും ആധാറും ഒക്കെയുളളപ്പോള്‍ ഇപ്രകാരം കളപറിക്കല്‍ ആവിശ്യമുണ്ടോ എന്ന ചോദ്യമുണ്ട് ദേശസുരക്ഷക്ക് ഇതത്യാവിശ്യമാണെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പറയുന്നു. നുഴഞ്ഞു കയറ്റക്കാരുടെ അമിതഭാരവുമായി രാഷ്ട്രത്തിന് സുഗമമായി മുന്നോട്ടു പോകാനാവില്ല എന്നാണ് അദ്ധേഹത്തിന്റെ നിലപാട്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പെടെയുളളവരുടെ നിലപാടും ഇതു തന്നെയാണ്. മെക്‌സിക്കോയുമായുളള അതിര്‍ത്തിയില്‍ വലിയ മതില്‍ കെട്ടുന്നതിനുളള ആലോചന ഈ അടിസ്ഥാനത്തില്‍ ഉണ്ടായതാണ്. നുഴഞ്ഞു കയറ്റക്കാര്‍ എന്നതുകൊണ്ട് അമിത്ഷാ ഉദ്ദേശിക്കുന്നത് ബംഗ്ലാദേശില്‍ നിന്നുളള നുഴഞ്ഞുകയറ്റക്കാരെയാണ്.പൗരത്വ രജിസ്റ്ററിലെ മുസ്ലിം വിരുദ്ധ വര്‍ഗീയ അജന്‍ഡയെ മറച്ചു പിടിക്കുന്നതിനാണ് ബംഗ്ലാദേശി നുഴഞ്ഞുകയറ്റമെന്ന ഭീതി ഉയര്‍ത്തുന്നത്. ഏഷ്യ- പസഫിക്കില്‍ വേഗത്തിലുളള വളര്‍ച്ച നിരക്ക് കാണിക്കുന്ന ബംഗ്ലാദേശില്‍ നിന്ന് വളരെ വന്‍ തോതില്‍ അസാമിലേക്ക് നുഴഞ്ഞുകയറ്റം ഉണ്ടാകാനുളള സാധ്യത ഇനിയില്ല.

ദേശവ്യാപകമായി പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുമ്പോള്‍ അസമിലെ പാളിച്ചകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. പൗരത്വം സ്ഥാപിക്കാനാകാത്തവരെ എന്തുചെയ്യണമെന്ന ചോദ്യമുണ്ട്. നാസി മാതൃകയില്‍ അസമില്‍ ഉയരുന്ന കൂറ്റന്‍ ജയിലുകളാണോ ഉത്തരം! പൗരത്വം നഷ്ടപ്പെടുന്നവരെയും നാടുകടത്തിവിടാന്‍ ഇടമില്ലാത്തവരെയും കൂട്ടത്തോടെ ജയിലുകളില്‍ പാര്‍പ്പിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമായി വ്യഖ്യാനിക്കപ്പെടും. ഇന്ത്യ ഇന്ത്യക്കാര്‍ക്ക് എന്നത് ദേശിയതയെ അടിസ്ഥാനമാക്കിയുളള ന്യായമായ മുദ്രാവാക്യമാണെങ്കിലും പ്രായോഗികമായി വൈതരണികള്‍ നിരവധിയാണ്.

നിയമപ്രകാരമുളള പരിഹാരമാര്‍ഗങ്ങള്‍ അവസാനിക്കുന്നത് വരെ ആര്‍ക്കെതിരെയും നടപടിയുണ്ടാവില്ലെന്ന പ്രഖ്യാപനം സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരുണ്ടങ്കില്‍ അവര്‍ക്ക് തുടര്‍ന്നും വോട്ട് ചെയ്യാമെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായ പരിഹാരമാര്‍ഗം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഫോറിനേഴ്‌സ് ട്രിബ്യൂണലിനെ സമീപിക്കുകയെന്നതാണ്. അര്‍ധജുഡീഷ്യല്‍ അധികാരത്തോടെ നൂറ് ട്രിബ്യൂണലുകള്‍ സ്ഥാപിതമായിട്ടുണ്ട്. ട്രിബ്യൂണല്‍ തീരുമാനത്തിനെതിരേ ഹൈകോടതിയേയും സുപ്രീം കോടതിയേയും സമീപിക്കാം. 

അന്യം നിന്നുപോയ മുസ്‌ലിം ഐകണുകളുടെയും  വീണ്ടെടുപ്പ് എന്നതിനപ്പുറം ദേശീയ നേതാക്കളുടെ സ്വത്വം മുസ്‌ലിംകള്‍ വീണ്ടെടുത്തിരിക്കുന്നു.സ്വാതന്ത്രസമര സേനാനികള്‍ എടുത്തു നോക്കാനാഗ്രഹിക്കുന്ന സ്വതന്ത്രമാണിതെന്ന് അവര്‍ ഉറക്കെ പറയുന്നു. ഭയങ്ങള്‍ക്കും ഭൂരിപക്ഷ വര്‍ഗീയതക്കുമപ്പുറം സംഘടിതമായ ആസൂത്രിതമായ സമരങ്ങളിലൂടെ അവര്‍ സ്വന്തത്തെ ഒരിക്കല്‍ കൂടി കടമെടുത്തിരിക്കുന്നു. ദേശീയ ചിഹ്നങ്ങള്‍ക്കൊപ്പം അവര്‍ സ്വന്തം സ്വത്വം വീണ്ടെടുത്തിരിക്കുന്നു.


🖋അന്‍വര്‍ മംഗലശ്ശേരി

Post a Comment

0 Comments