അല്ലാഹുവിന്റെ ദൂതരില്‍, നിങ്ങള്‍ക്ക് ഉദാത്തമായ മാതൃകയുണ്ടെന്ന് ദിവ്യ വചനം കൊണ്ട് വിശേഷിപ്പിക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ് (സ). പ്രവാചകന് തന്റെ നാല്‍പതാം വയസ്സിലാണ് വഹ്‌യ് ലഭിച്ച് തുടങ്ങിയത്. ഘട്ടം ഘട്ടമായി പ്രബോധനം ചെയ്തപ്പോള്‍ ഇസ്ലാം വളരാന്‍ തുടങ്ങുകയും ശത്രുക്കളുടെ മനസ്സിലേക്ക് അസൂയയുടെ ശരമേല്‍ക്കുകയും ചെയ്തു. അക്രമങ്ങള്‍ തുടരത്തുടരെ വന്ന് കൊണ്ടിരുന്നു. അക്രമം സഹിക്കാന്‍ കഴിയാതെ പലതവണ പല നാട്ടിലേക്കും അവസാനം മദീനയിലേക്കും മുസ്ലിംകള്‍ പലായനം ചെയ്തിട്ടുണ്ട്. അക്രമങ്ങള്‍ കാരണം മുസ്ലിംകളുടെ ജീവിതം ദുസ്സഹമായപ്പോള്‍ അതിജീവനത്തിനായി രണ്ട് ഘട്ടമായി അബ്‌സീനിയയിലേക്കും പിന്നീട് വലിയ പ്രതീക്ഷകളോടെ ത്വാഇഫിലേക്കും പോയപ്പോള്‍ അവരെ സ്വീകരച്ചത് കല്ലേറുകൊണ്ടായിരുന്നു. അവസാനം മുസ്ലിംകളുടെ അതിജീവനത്തിനും ഇസ്ലാമിന്റെ നിലനില്‍പ്പിനും വേണ്ടി അഉ 622ല്‍ മദീനയിലേക്ക് ഹിജ്‌റ പോകേണ്ടി വന്നു. നബി (സ) വിദേശികളോടുള്ള പ്രബോധനത്തിലൂടെ അവരെ ഇസ്‌ലാമിലേക്ക് ആനയിക്കുകയും ബൈഅത്ത് ചെയ്യിക്കുകയും ചെയ്ത് മദീനയിലെ അതിജീവനം ഉറപ്പ് വരുത്തി. വളരെ പ്രയാസത്തോടെ ധാരാളം സ്വഹാബാക്കള്‍ തന്റെ സ്വത്തും കുടുംബവും മക്കയില്‍ ഉപേക്ഷിച്ചിട്ടാണ് ഹിജ്‌റ പോകാന്‍ തയ്യാറായത്. നബി (സ)യും അബൂബക്കര്‍ (റ)വും ഹിജ്‌റ പോകുമ്പോള്‍ വഴി മദ്ധ്യേയിലും ഹിറാ ഗുഹയിലും മറ്റുമായി നിരവധി പ്രയാസങ്ങള്‍ ഏറ്റു വാങ്ങിയിട്ടുണ്ട്.
നബി (സ) മദീനയിലെത്തിയപ്പോള്‍ ആദ്യമായി നബി (സ)യെ കണ്ടത് ഒരു യഹൂദിയായിരുന്നു. അദ്ദേഹം ഉറക്കെവിളിച്ചു പറഞ്ഞു. എല്ലാവരും സന്തോഷത്തോടെ പാട്ടുപാടി സ്വീകരിച്ചു. അതിജീവനത്തിനായി മദീനയിലേക്ക് പോകുന്നതിന്ന് മുമ്പ് തന്നെ അവിടത്തെ ഇസ്‌ലാമിക ചൈതന്യം മെച്ചപ്പെടുത്താനായി ധാരാളം സ്വഹാബാക്കളെ അങ്ങോട്ടേക്ക് അയച്ചിട്ടുണ്ടായിരുന്നു. അന്‍സാറുകളുടെ ഇസ്ലാമിനോടുള്ള താത്പര്യമാണ് ഇതിലേക്ക് നയിച്ചത്. മദീനയിലെ പ്രധാനപ്പെട്ട രണ്ട് ഗോത്രങ്ങളായ ഔസും ഖസ്‌റജും, ഹജ്ജ് ചെയ്യാന്‍ വന്ന ഹാജിമാര്‍ മുഖേനെ ഇസ്‌ലാം സ്വീകരിച്ചു. അതോടെ വരും വര്‍ഷങ്ങളില്‍ നബി (സ)യെ കാണാന്‍ വേണ്ടി കൂടുതല്‍ ഹാജിമാര്‍ വന്നു. ഇതെല്ലാം മദീനയില്‍ മുസ്‌ലിംകളുടെ വാസം സ്ഥിരപ്പെടുത്തി.
നബി(സ) മുസ്ലിംകളുടെ അതിജീവനത്തിന്റെ ഭാഗമായി ആദ്യമായി ചെയ്തത് മതകീയ രാഷ്ട്രം സ്ഥാപിക്കുകയായിരുന്നു. രാഷ്ട്രം സ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് മൂന്ന് ഘടങ്ങളിലാണ് .ഒന്നാമതായി നബി(സ)മദീനയില്‍ തന്റെ ഒട്ടകം മുട്ടുകുത്തിയ സ്ഥലത്ത് ഒരു പള്ളി നിര്‍മിക്കുകയായിരുന്നു. സ്ഥലം രണ്ട് യത്തീം കുട്ടികളുടേതായിരുന്നു അത് പത്ത് ദീനാറിന് വാങ്ങി.ഇവര്‍ രണ്ടു പേരും നബി തങ്ങളയച്ച അസ്അദു ബ്‌നു സുറാറയുടെ സംരക്ഷണത്തിലാണ് വളര്‍ന്നിരുന്നത്. ഇദ്ദേഹം നിസ്‌കരിക്കുന്ന സ്ഥലത്താണ് പള്ളിയുണ്ടാക്കിയത്. ഇഷ്ടിക കൊണ്ട് പണിയെടുക്കുന്ന സമയത്ത് നബി (സ്വ)യും ഇറങ്ങി പണിയെടുക്കുന്ന സാഹചര്യമാണ് ചരിത്ര പശ്ചാത്തലങ്ങളില്‍ നിന്ന് നമുക്ക് ഉള്‍കൊള്ളാന്‍ സാധിക്കുന്നത്.
ആധുനിക കാലഘട്ടത്തില്‍ ചില സമൂഹങ്ങള്‍ക്കനുഭവിക്കേണ്ടി വരുന്ന പല പ്രയാസങ്ങള്‍ക്കും ഇസ്‌ലാമിക മാതൃക സ്വീകരിക്കലോടെ പരിഹാരമാവുന്നതാണ്. ആദ്യമായി ഇത്തരത്തിലുള്ള സമൂഹങ്ങള്‍ക്ക് വേണ്ടത് നബി (സ്വ) പോലെ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന, സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്ന ഒരു നേതാവോ അല്ലെങ്കില്‍ ഏതെങ്കിലും സജീവമായ സാമൂഹ്യ സംഘടനയോ ആണ്.
രണ്ടാമതായി, നബി (സ്വ) അന്‍സ്വാറുകള്‍ക്കും മുഹാജിറുകള്‍ക്കും ഇടയില്‍ സാഹോദര്യ ബന്ധമുണ്ടാക്കി. മക്കയില്‍ നിന്നും തന്റെ സര്‍വ്വതും ഉപേക്ഷിച്ച് മദീനെയിലെത്തിയ മുഹാജിറുകള്‍ക്ക് അന്‍സ്വാരികള്‍ തന്റെ സ്വത്തില്‍ നിന്ന് ഒരു വിഹിതവും രണ്ട് ഭാര്യമാരുള്ളവര്‍ ഒരു ഭാര്യയേയും നല്‍കി സാഹോദര്യത്തിന്റെ ഉദാത്ത മാതൃകയായി മാറി. ഇതെല്ലാം അന്‍സ്വാരികളായ സ്വഹാബാക്കളുടെ ഈമാനികാവേശം കൊണ്ടു മാത്രമാണ്. ഒരു രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് അത്യാവിശ്യമായതാണ് ഐക്യവും ഒരുമയും. ഇവ രണ്ടുമില്ലെങ്കില്‍ ഓരോ സമൂഹവും പരസ്പരം യുദ്ധങ്ങളിലൂടെ അവസാനിക്കുമായിരുന്നു.
മൂന്നാമതായി, നബി (സ്വ) മദീനയിലെത്തിയിട്ട് അവിടെയുള്ള ഗോത്രങ്ങള്‍ക്കിടയിലും മുഹാജിറുകള്‍ക്കിടയിലും ഒരു നിയമ സംഹിത എഴുതി തയ്യാറാക്കി. എല്ലാ പൗരന്മാരുടേയും അവകാശങ്ങളേയും കര്‍ത്തവ്യങ്ങളേയും, മുസ്‌ലിംകളുടേയും മറ്റു സമുദായങ്ങളുടേയും ഇടയിലുള്ള ബന്ധവും ഈ ഭരണഘടന രേഖപ്പെടുത്തുന്നു. വിശ്വാസികളുടേയും അവിശ്വാസികളുടേയും ഇടയിലുള്ള പെരുമാറ്റവും ഇടപാടുകളും പ്രതികരണങ്ങളും അതില്‍ വിശദീകരിക്കുന്നു. ഗനീമത്തു സ്വത്ത് രാഷ്ട്രത്തിനുള്ളതാണ്. ഈ ഉടമ്പടിയില്‍ ഇല്ലാത്തവരോട് യുദ്ധം ചെയ്യണമെങ്കില്‍ മുഹമ്മദ് നബി(സ്വ)യുടെ സമ്മതം വേണം. ഉടമ്പടിയിലുള്ളവര്‍ പരസ്പരം യുദ്ധം നിര്‍ത്താനും സമാധാനത്തിലും സഹകരണത്തിലും കഴിഞ്ഞ് കൂടാനും ഭരണഘടന അനുശാസിക്കുന്നുണ്ട്. ഈയൊരു നിയമ സംഹിതയാണ് മദീനാ ഉടമ്പടി എന്ന പേരില്‍ ഉല്ലേഖനം ചെയ്യപ്പെട്ടത്. സാമൂഹ്യ തുല്യതയും മതകീയ പരിഗണനയും ലഭ്യമാകുന്ന ഇസ്‌ലാമിക രാഷ്ട്രത്തില്‍ നബി (സ്വ) യുടെ സ്വഭാവവും പ്രകൃതിയും കണ്ട് ഒരുപാട് ഗോത്രങ്ങള്‍ ഇസ്‌ലാമിലേക്ക് കടന്നു വന്നു.
വിവിധ സമുദായങ്ങള്‍ ഇത്തരത്തിലുള്ള ദുസ്സഹമായ പ്രയാസങ്ങളും പ്രശ്‌നങ്ങളും നേരിടുമ്പോള്‍ അവര്‍ക്ക് ഇസ്ലാമിന്റെ മാതൃക സ്വീകരിച്ച് അതിജീവനം കൈവരിക്കുകയും സമാധാനത്തോടു കൂടെയുള്ള പുതുജീവന്‍ നേടാന്‍ സാധിക്കുകയും ചെയ്യും.
🖋മുഹമ്മദ് റഷാദ്

0 Comments