കനത്ത നാശനഷ്ടങ്ങള്‍ക്കൊപ്പം ചില തിരിച്ചറിവുകള്‍ കൂടി സമ്മാനിച്ചാണ് കേരളത്തില്‍ പ്രളയം അവസാനിച്ചത്. അന്യം നിന്നു കൊണ്ടിരിക്കുന്ന സ്‌നേഹ സൗഹാര്‍ദ്ധത്തിന്റേയും ത്യാഗസന്നദ്ധതയുടേയും സഹജീവിബോധത്തിന്റേയും വീണ്ടെടുപ്പ് കൂടിയായിരുന്നു പ്രളയം. ജാതി വര്‍ഗ വിഭജനത്തിനപ്പുറം മനുഷ്യനാണ് വലുതെന്ന സന്ദേശം കൂടിയാണിത് നല്‍കിയത്. മതത്തിന്റെയും പണത്തിന്റെയും അതിര്‍വരമ്പുകള്‍ സ്‌നേഹത്തിന്റെ നേര്‍രേഖയായി പരിണമിച്ചു. സമ്പന്നനും ദരിദ്രനും ഒരേ പാത്രത്തില്‍ ഭക്ഷണം കഴിച്ച് ഒരുമിച്ചുറങ്ങി. അമ്പലങ്ങളും ക്രൈസ്തവ ചര്‍ച്ചുകളും ഈദിനായി നമസ്‌കാര പായ വിരിച്ചു. ചുരുക്കത്തില്‍ സങ്കര സംസ്‌കാരത്തിന്റെ ഉത്തമോദാഹരണമായി കേരളം തലയുയര്‍ത്തി നിന്നു. വിശപ്പിന്റെ പേരില്‍ കേരള ജനത മര്‍ദ്ധിച്ചു കൊന്ന മധുവിന്റെ വിശപ്പ് ഒരിക്കല്‍ കൂടി കേരളം തിരിച്ചറിഞ്ഞു. തിന്മകളുടെ മഹാ പ്രളയത്തിലും ഒലിച്ചു പോകാത്ത നന്മകളുമായി സാംസ്‌കാരിക കേരളം തീര്‍ത്ത ഉദാഹരണങ്ങളാണ് പ്രളയ ഓര്‍മ്മകളെ കൂടുതല്‍ അനശ്വരമാക്കുന്നത്. പ്രളയം കരിനിഴല്‍ വീഴ്ത്തിയ മലബാര്‍ മേഖലയിലൂടെ നിരയൊപ്പിച്ചു ദുരിതാശ്വാസക്യാമ്പിലേക്ക് നീങ്ങുന്ന വലുതും ചെറുതുമായ വാഹനങ്ങള്‍ ഉറവ വറ്റാത്ത കരുതലിന്റെയും സാഹോദര്യത്തിന്റെയും പ്രതീകങ്ങളായിരുന്നു. തിരിച്ചു വരുന്ന മാനവിക മൂല്യങ്ങളുടെയും സംസ്‌കാര സമ്പന്നതയുടെയും സഹജീവി സ്‌നേഹത്തിന്റെയും അടയാളങ്ങളാണ് നാശനഷ്ടങ്ങള്‍ക്ക് പ്രളയം പകരം നല്‍കിയത്.
ബോട്ടില്‍ കയറാന്‍ പ്രയാസപ്പെട്ടവര്‍ക്ക് തന്റെ മുതുക് നീട്ടിക്കൊടുത്ത ജൈസലിനു പിറകെ കുന്നിക്കുരു ചോദിച്ചവര്‍ക്ക് കുന്ന് നല്‍കിയ നന്ദിയോടെ സഹായം ചോദിച്ചവര്‍ക്ക് വില്‍ക്കാന്‍ വെച്ച വസ്ത്രങ്ങള്‍ മുഴുവന്‍ സംഭാവന ചെയ്ത നൗഷാദും, ദുരിതബാധിതര്‍ക്ക് അറുപതിലേറെ ലോഡ് അത്യാവശ്യസാമഗ്രികളയച്ച് തെക്കനും മൂര്‍ഖനുമെന്ന വാക്യത്തെ അപഹാസ്യമാക്കിയ തിരുവനന്തപുരം മേയര്‍ പ്രശാന്തും തീര്‍ത്ത മാതൃകകളാണ് കേരളത്തിന്റെ സമ്പാദ്യം. രാപകല്‍ ഹെഡ്‌ഫോണും ചെവിയില്‍ തിരുകി, നീട്ടി വളര്‍ത്തിയ മുടിയും താടിയുമായി തേരാപാരാ നടന്നിരുന്ന നാട്ടുകാര്‍ അസഭ്യവര്‍ഷം ചൊരിഞ്ഞ ന്യൂജെന്‍ഫ്രീക്കന്മാര്‍ ഏവര്‍ക്കും പ്രിയപ്പെട്ടവരായി മാറി. സാഹസികമായി ഒറ്റപ്പെട്ടവരെ രക്ഷിക്കുന്നതിലും ദുരിതാശ്വാസ സാമഗ്രികള്‍ കൈകാര്യം ചെയ്യുന്നിടത്തും മറ്റുമെല്ലാം നിറഞ്ഞു നിന്ന യുവാക്കള്‍ മരിക്കാത്ത സഹജീവി സ്‌നേഹത്തിന്റെ ഭാവിയെയാണ് വരച്ചുകാട്ടിയത്.
പോലീസ് വണ്ടികള്‍ ഓടിയെത്താത്ത വെള്ളക്കെട്ടുകള്‍ മുറിച്ചു കടന്ന് ഓഫ്‌റോഡ് വാഹനങ്ങളുമായി ഒറ്റപ്പെട്ടവരെ ലക്ഷ്യ സ്ഥാനത്തെത്തിച്ച വണ്ടി ഭ്രാന്തന്മാര്‍, കാറ്റും കോളും നിറഞ്ഞ ഉള്‍ക്കടലില്‍ വളയം പിടിച്ച പരിചയ സമ്പത്ത് കൈമുതലാക്കി പ്രളയം തീര്‍ത്ത ഒഴുക്കില്‍ വള്ളമിറക്കി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികളും തുല്യതയില്ലാത്ത അര്‍പ്പണ ബോധത്തിന്റെ ആശയങ്ങളാണ് പൊതു സമൂഹത്തിന് നല്‍കിയത്. ചുരുക്കത്തില്‍ സഹകരണ മനോഭാവത്തിന്റെയും മാനവികതയുടെയും ഉയര്‍ത്തെഴുന്നേല്‍പിലൂടെ ലഭിച്ച ഊര്‍ജ്ജത്തിലൂടെ ഒടുവില്‍ കേരളം പ്രളയത്തെ അതിജീവിച്ചു.ഐക്യ ബോധവും ഒരുമയും നല്‍കിയ ശക്തിയോടൊപ്പം നന്മ നിറഞ്ഞ പ്രാര്‍ത്ഥനകളും ചേര്‍ന്നതോടെ പ്രളയനന്തര കേരളം നഷ്ടങ്ങള്‍ നികത്തികൊണ്ടിരിക്കുകയാണ്. പ്രളയം നല്‍കിയ ഐക്യബോധവും സങ്കര സംസ്‌കാരവും മാനവിക മൂല്യങ്ങളും ഇനിയും നഷ്ടപ്പെടാതെ നിലനിറുത്തി അതിവേഗത്തിലുള്ള അതിജീവനമാണ് കേരളത്തിനാവശ്യം.
ജീവിത സമ്പാദ്യത്തിനു വേണ്ടി ചുമന്നു നടക്കുന്ന കമ്പിളി പുതപ്പുകള്‍ നയാ പൈസ പോലും വാങ്ങാതെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സൗജന്യമായി നല്‍കിയ അന്യസംസ്ഥാന തൊഴിലാളി ബംഗാളി എന്ന പരിഹാസത്തെയും ആള്‍ക്കൂട്ടത്തിന്റെ ആക്രമണങ്ങളും തുറിച്ചുനോട്ടങ്ങളും സ്വന്തം സഹജീവിസ്‌നേഹം കൊണ്ട് മറികടക്കുകയായിരുന്നു. കുഞ്ഞിളം മനസ്സുകളില്‍ കുന്നോളം സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി വര്‍ഷങ്ങളായി ശേഖരിച്ച സമ്പാദ്യ കുടുക്കകള്‍ ദുരിതാശ്വാസ നിധി യിലേക്ക് സംഭാവന ചെയ്ത ബാല്യങ്ങള്‍ സാംസ്‌കാരിക കേരളത്തിനു നല്‍കുന്ന പ്രതീക്ഷകള്‍ ഏറെ വലുതാണ്. ചെറിയ വീടിനു പോലും വലിയ മതിലുകള്‍ തീര്‍ത്ത് മുള്‍വേലി കൊണ്ടും മറ്റും സംരക്ഷണ വലയം തീര്‍ക്കുന്ന സംസ്‌കാരത്തില്‍ നിന്നും മതിലുകളല്ല വിശാലമായ പാലങ്ങളാണ് നിര്‍മ്മിക്കേണ്ടതെന്ന ബോധത്തിലൂന്നിയ സാംസ്‌കാരിക പരിണാമങ്ങള്‍ക്ക് പ്രളയം തുടക്കമിട്ടു. അഹങ്കാരത്തിന്റെയും വൈര്യത്തിന്റെയും വിദ്വേഷത്തിന്റെയും അതിരുകള്‍ കഠിന മഴയില്‍ ഒലിച്ചു പോയി മാനവികതയുടെ വിശാല സമുദ്രങ്ങളില്‍ ചേര്‍ന്ന് ഒന്നിച്ച സന്തോഷദായകമായ നിമിഷങ്ങളാണ് പ്രളയം സമ്മാനിച്ചത്.
ഭരണാധികാരികളുടെ ആഹ്വാനത്തിനു കാത്തു നില്‍ക്കാതെ സൈന്യത്തിന്റെ സൗകര്യങ്ങള്‍ ലഭ്യമാകുന്നതിനും മുമ്പ് അടിയന്തരമായി സ്വയം സന്നദ്ധരായി സഹോദരങ്ങളുടെ രക്ഷക്കു വേണ്ടി മുന്നിട്ടിറങ്ങിയ യുവാക്കളും, രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ജന നന്മക്കു വേണ്ടി ഒന്നിച്ചു പരിശ്രമിച്ച രാഷ്ട്രീയ പ്രതിനിധികളും സാംസ്‌കാരിക സമ്പന്നതയുടെ അടയാളങ്ങളെ അരക്കെട്ടുറപ്പിച്ചു. ശതീകരിച്ച മുറികളിലിരുന്ന് സാമൂഹിക മാധ്യമങ്ങള്‍ മുഖേന ലൈവായി ദിവസേന പല പ്രാവശ്യം വര്‍ഗീയതയുടെ വിഷം ചീറ്റിയവര്‍ മസ്തിഷ്‌കത്തിനേറ്റ ഷോക്കില്‍ എല്ലാം മറന്ന് മാനുഷകതയുടെയും മാനവികതയുടെയും ഉദാത്ത മാതൃകകളായി മാറി.
അനന്തമായ ആവിഷ്‌കാര സ്വാതന്ത്യത്തിലൂടെ ഭീഷണി സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സാമൂഹിക മാധ്യമങ്ങള്‍ പെട്ടെന്ന് ദുരിതാശ്വാസത്തിന്റെ പ്ലാറ്റ് ഫോമായി മാറി. സാഹചര്യങ്ങള്‍ മനസ്സിലാക്കി വേണ്ട സഹായം നല്‍കാനും ദുരിതാശ്വാസ കൂട്ടായ്മകള്‍ രൂപീകരിച്ച് പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാനും തത്സമയ വിവരങ്ങള്‍ നല്‍കാനും പ്രവര്‍ത്തനങ്ങളുടെ വ്യാപനത്തിനും മുഖ്യ റോള്‍ വഹിച്ചിരുന്നത് സോഷ്യല്‍ മീഡിയയാണ്. കോമഡികളും ട്രോളുകളും മാത്രം നിറഞ്ഞു നിന്ന സ്റ്റാറ്റസുകള്‍ പെട്ടെന്ന് സഹായ അഭ്യര്‍ത്ഥനകള്‍ക്ക് വഴിമാറി. മനുഷ്യന്റെ ലാഭാര്‍ത്തിക്കു വേണ്ടി ബലിയാടായി അസ്തിത്വം നഷ്ടപ്പെട്ട പ്രകൃതിയുടെ ചെറിയ താക്കീതു കൂടിയാണ് നിരന്തരമായ മണ്ണിടിച്ചിലുകളും ഉരുള്‍ പൊട്ടലുകളും. മനുഷ്യ സാമ്പത്തക ഭദ്രതക്കു വേണ്ടി ഭൂമിയുടെ ആണികള്‍ ഇളക്കിയെടുത്തപ്പോള്‍ ഭൂമി പിളരുക സ്വാഭാവികം മാത്രം. പ്രകൃതിക്കു നാം നല്‍കിയ മാലിന്യങ്ങളുമെല്ലാം സഹി കെട്ട് തിരികെ നല്‍കി. പുഴയില്‍ നാം നിക്ഷേപിച്ച മാലിന്യങ്ങള്‍ പോലും നമ്മുടെ വീടിനു മുമ്പിലെത്തി. ഒടുവില്‍ പ്രകൃതിയുടെ രോദനങ്ങള്‍ക്ക് ചെവി കൊടുക്കാതെ നാം ഇന്നും പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്നും പാഠം ഉള്‍കൊണ്ട് ഇനിയുമൊരു പ്രളയം വരുത്താതിരിക്കാനുള്ള മുന്‍കരുതലുകളാണ് നാമെടുക്കേണ്ടത്.
🖋അന്‍വര്‍ മംഗലശ്ശേരി

0 Comments