ആഗസ്റ്റ് മാസത്തിലെ പച്ചക്കുതിരയില്‍ മതം തിന്നുന്നവരും തീറ്റിക്കുന്നവരും എന്ന കവര്‍ചട്ടയില്‍ രാമന്റെയും മുഹമ്മദിന്റെയും എന്ന തലക്കെട്ടില്‍ ഒരു സംഭാഷണം നടക്കുന്നുണ്ട്. പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ആനന്ദുമായി എഴുത്തുകാരനായ മുഹ് യുദ്ദീന്‍ കാരശ്ശേരി എന്ന എം.എന്‍ കാരശ്ശേരി നടത്തുന്ന സംവാദമാണത്. ഇസ്ലാമിനെ വിമര്‍ശിക്കുന്ന വേട്ടക്കാരനും വിരുന്നുകാരനും എന്ന പുസ്തകം രചിച്ച ആനന്ദും ഈശ്വര സന്ദേഹിയായ എം.എന്‍ കാരശ്ശേരിയും സംസാരിക്കുമ്പോള്‍ സ്വാഭാവികമായും കടന്ന് വരുന്ന ചില അഭിപ്രായങ്ങളാണ് ഈ മറുവായനയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
ഗാന്ധിക്ക് കാണുന്ന ഏറ്റവും വലിയ പ്രത്യേകതെ എന്താണെന്ന ചോദ്യത്തിന് മറുപടിയായി ആനന്ദ് പറയുന്നത്. അദ്ദേഹം വിമര്‍ശനങ്ങളെ അനുവദിച്ചിരുന്നു, വിമര്‍ശനത്തിന് നേരെ അസഹിഷ്ണുവായിരുന്നില്ല, ഏതു അഭിപ്രായക്കാരെയും നിലപാടുകാരെയും ഉള്‍ക്കൊണ്ടു. എന്നാല്‍ ഇസ്ലാമടക്കമുള്ള പല ചിന്താസംഹിതകളും മനുഷ്യരെ വിഭജിക്കുന്നു, വിശ്വാസി അവിശ്വാസി, ധര്‍മി അധര്‍മി എന്നിങ്ങനെ തരം തിരിച്ചു ഒരു വിഭാഗത്തെ പുറത്തു നിര്‍ത്തുന്ന രീതിയെ അദ്ദേഹം വിമര്‍ശിക്കുന്നു.
ഇസ്‌ലാമില്‍ വിശ്വാസി അവിശ്വാസി എന്ന വേര്‍തിരിവ് ഉണ്ട്, ഇന്ത്യയില്‍ ഇന്ത്യക്കാരും വിദേശികളും എന്ന വേര്‍തിരിവ് ഉള്ളത് പോലെ. നിബന്ധനകള്‍ക്ക് വിധേയമായി വിദേശികള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാമെന്ന പോലെ ഇസ്‌ലാമിക രാജ്യത്ത് അവിശ്വാസികള്‍ക്കും ജീവിക്കാം. ഇസ്‌ലാമിക രാജ്യത്ത് ജീവിക്കുന്ന അവിശ്വാസികള്‍ക്ക് വലിയ പ്രൊട്ടക്ഷനാണ് ഇസ്‌ലാമിക നിയമ സംഹിത(ശരീഅ) ഉറപ്പ് നല്‍കുന്നത്. ഇസ്‌ലാമിക രാജ്യത്തെ അവിശ്വാസിയെ മൂന്നായി തരം തിരിക്കാം ശത്രുത പുലര്‍ത്തുന്നവന്‍, നികുതി നല്‍കുന്നവന്‍, ഒരു വ്യക്തിയോ വ്യക്തികളോ അഭയം നല്‍കിയവന്‍. ശത്രുവിനെ ശത്രുവായി കണ്ട് മാറ്റിനിര്‍ത്താത്തത് ബുദ്ധിശൂന്യതയാണ്. ആയതിനാല്‍ ഇസ്‌ലാമിനെതിരെ അങ്കംവെട്ടുന്ന ശത്രുക്കള്‍ മുസ്‌ലിംകളാണെങ്കിലും അവരെ മാറ്റിനിര്‍ത്തിയേ പറ്റൂ.. ഭീകരരായി തെളിയിക്കപ്പെട്ടവര്‍ക്ക് പല രാജ്യങ്ങളും ഇന്ന് വിലക്കേര്‍പ്പെടുത്തിയ പോലെ. ശത്രുവിനോട് പരിപൂര്‍ണമായും അഹിംസ എന്നതാണ് പൂര്‍ണമായും ശരിയല്ല എന്നാണ് ലോക രാജ്യങ്ങളുടെ രാഷ്ട്രീയ നയങ്ങള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയുക. ശത്രുവിന് കൊലപാതകം വരെ നടത്താം അതിനെ ഹിംസാത്മകമായി പ്രതിരോധിക്കാന്‍ പാടില്ല എന്ന നയം ഒരു രാജ്യത്തും കാണാന്‍ കഴിയില്ല. ഒരു സ്‌ഫോടനം നടത്തി, അടുത്ത ഒന്നിന് ശ്രമിക്കുന്ന വ്യക്തിയെ അഹിംസാപരമായി എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് അഹിംസക്ക് ശത്രുവെന്ന വ്യത്യാസമില്ല എന്ന് വാദിക്കുന്നവര്‍ പറയുന്നത്.
ശത്രുവിന് മുന്നില്‍ അഹിംസ കാണിക്കുന്നത് പലപ്പോഴും വിപരീത ഫലമാണ് ഉളവാക്കുന്നത്. എന്നാല്‍ ശത്രുവിന് പോലും ഇളവ് നല്‍കിയ സന്ദര്‍ഭങ്ങള്‍ പ്രവാചക ചരിത്രത്തിലുണ്ട് താനും. അന്‍മാര്‍ എന്ന പ്രദേശത്ത് വെച്ച് നടന്ന സൈനിക സംഘട്ടനത്തില്‍ ഏകനായി വിശ്രമിക്കുകയായിരുന്ന പ്രവാചകന്റെ അടുത്ത് വന്ന് ദുഹ്‌സൂര്‍ എന്ന പേരുള്ള ശത്രു വാളോങ്ങിയതും അല്ലാഹുവിന്റെ സഹായത്താല്‍ നബി(സ) വാള്‍ തട്ടിപ്പറിച്ച് തിരിച്ച് കൊല്ലാനൊരുങ്ങിയതും അനന്തരം അവനെ വെറുതെ വിടുകയും ചെയ്ത സംഭവം പ്രസിദ്ധമാണല്ലോ. (ബൈഹഖി നോക്കുക). ബദ്ര്‍ യുദ്ധവേളയില്‍ നബിയെ പരിഹസിച്ച് കവിത പാടിയ ഒരു വൃദ്ധനെ മുസ്‌ലിംകള്‍ പിടികൂടിയിരുന്നു. അവന്റെ ദയനീയ രോദനം കണ്ടപ്പോള്‍ നബി(സ) അവനെ വെറുതെ വിടുകയായിരുന്നു. പിന്നീട് ഉഹ്ദ് യുദ്ധത്തില്‍ അവന്‍ പഴയ തെറ്റ് വീണ്ടും ആവര്‍ത്തിച്ചുവെന്നത് മറ്റൊരു കാര്യം. മുസ്‌ലിംകളെ കൂട്ട നരമേധം നടത്തിയസുമാമതു ബിനു ഉസാല്‍ എന്ന രാജാവിനെ മുസ്‌ലിം സൈന്യം അവിചാരിതമായി പിടികൂടി ബന്ധിച്ചപ്പോഴും പ്രവാചകന്‍ വിട്ട് വീഴ്ച ചെയ്ത് വിട്ടയക്കുകയായിരുന്നു. മക്കാവിജയ വേളയിലും ശത്രുക്കളായ അവിശ്വാസികളോട് നിങ്ങള്‍ സ്വതന്ത്രരാണ് നിങ്ങള്‍ക്ക് പോകാം എന്ന അഹിംസയുടെ നയമാണ് നബിയില്‍ കാണാന്‍ കഴിഞ്ഞത്. മക്കാ ജീവിതകാലത്ത് അഹിംസയുടെയും സഹനത്തിന്റെയും അനേകം ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.
ശത്രുക്കളോട് ഇവ്വിധം മൃദുലമായി പെരുമാറാന്‍ നിര്‍ദേശിക്കുന്ന ഖുര്‍ആനിക വചനം സൂറത് ഫുസ്സ്വിലത് മപ്പത്തിനാലാം സൂക്തത്തില്‍ കാണാം. തിന്മയെ ഏറ്റവും നല്ല രീതിയില്‍ പ്രതിരോധിക്കുക, അത് വഴി ശത്രുക്കളെ മിത്രമാക്കാന്‍ കഴിയും എന്ന അര്‍ത്ഥം ധ്വനിക്കുന്നതാണ് പ്രസ്തുത സൂക്തം. ഇസ്‌ലാമിക ഭരണകൂടത്തിന് നികുതി നല്‍കി കഴിയുന്ന അവിശ്വാസികള്‍ക്കും ഇസ്‌ലാമിക രാജ്യത്തെ പൗരന്‍ അഭയം നല്‍കിയിട്ടുള്ള അവിശ്വാസികള്‍ക്കും ഒരു നിലക്കുള്ള ബുദ്ധിമുട്ടും വരുത്താതെ നോക്കാന്‍ ഇസ്‌ലാമിക നിയമ സംഹിത കല്‍പിക്കുന്നു. അത്തരം അവിശ്വാസികളെ പറ്റി തുഹ്ഫതുല്‍ മുഹ്താജ് എന്ന ഗ്രന്ഥത്തില്‍ പറയുന്നതിങ്ങനെ, അവരുടെ ശരീരവും അഭിമാനവും ധനവും സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. അവരെ ആരെങ്കിലും അക്രമിക്കാന്‍ വന്നാല്‍ അതിനെ പ്രതിരോധിക്കലും ഭരണകൂടത്തിന്റെ ബാധ്യതയാണ്.
ചുരുക്കത്തില്‍, വിശ്വാസി അവിശ്വാസി എന്ന വിവേചനം മാനുഷികമായ വിവേചനമല്ല. മനുഷ്യന് നല്‍കേണ്ട പരിഗണനകളെല്ലാം വിശ്വാസി അവിശ്വാസി എന്ന മാറ്റമില്ലാതെ നല്‍കുന്നുണ്ട്. ശത്രുവിനെ കൈകാര്യം ചെയ്യേണ്ടത് അങ്ങനെയും ചെയ്യുന്നുണ്ട്. അവിശ്വാസികളെല്ലാം ശത്രുക്കള്‍ എന്ന നിലപാട് ഇസ്‌ലാമിലില്ല. സൂറതുല്‍ മുംതഹന എട്ടാം സൂക്തത്തില്‍ ഖുര്‍ആന്‍ വ്യക്തമാക്കുന്നതിങ്ങനെ, മതത്തിന്റെ പേരില്‍ നിങ്ങളോട് അങ്കം വെട്ടാത്തവരും നിങ്ങളെ നാട് കടത്താത്തവരുമായ ആളുകളോട് നീതി കാണിക്കുന്നതിനെയോ നന്മയോടെ വര്‍ത്തിക്കുന്നതിനെയോ അല്ലാഹു വിലക്കുന്നില്ല. നമ്മുടെ കൂടെയല്ലാത്തവന്‍ നമ്മുടെ ശത്രു എന്ന സങ്കല്‍പം ഇസ്‌ലാമിക പ്രത്യയ ശാസ്ത്രത്തിലില്ല എന്ന് ഉപരിസൂചിത പ്രസ്താവനകളില്‍ നിന്ന് വ്യക്തമായി.
പഴയ നിയമത്തിലെ കണ്ണിന് പകരം കണ്ണ് എന്ന സിദ്ധാന്തത്തെ യേശു മാറ്റി അഹിംസയിലേക്കുള്ള വഴി തുറന്നെന്നും പിന്നീട് ഇസ്‌ലാം അഹിംസയെ വീണ്ടും കണ്ണിന് പകരം കണ്ണ് എന്ന സിദ്ധാന്തത്തിലേക്ക് കൊണ്ട് പോയി എന്ന് ആനന്ദ് പ്രസ്താവിക്കുന്നുണ്ട്. കണ്ണിന് പകരം കണ്ണ് എന്ന നയം ഒരിക്കലും യുക്തിരഹിതമല്ല. അക്രമിക്കപ്പെട്ടവന് അക്രമിയില്‍ നിന്ന് പ്രതികാരം വീട്ടുകയോ നഷ്ട പരിഹാരം വാങ്ങിക്കൊടുക്കുയോ ചെയ്യുന്നതാണ് അക്രമിക്കപ്പെട്ടവന് നല്‍കുന്ന രീതി. ഇതില്‍ പ്രതികാരത്തില്‍ നിന്ന് വിട്ട് വീഴ്ച നല്‍കി നഷ്ടപരിഹാരം നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ഖുര്‍ആന്‍ പ്രോത്സാഹിപ്പിക്കുന്നത്.
🖋ഹബീബ് പറമ്പില്‍ പീടിക

0 Comments