സംഗീതത്തിന്റെ ഇസ്ലാമിക മാനിഫെസ്റ്റൊ വിളംബരം ചെയ്യുന്നതെന്ത്



                      


 പരമകാരുണികന്റെ സ്മരണകളില്‍ നിന്ന് ആരെങ്കിലും തിരിഞ്ഞുകളഞ്ഞാല്‍ ഒരു പിശാചിനെ അവന് നാം നിയോഗിക്കും. അങ്ങനെ പിശാച് അയാളുടെ ഉറ്റ മിത്രമാകും. നിശ്ചയം അവന്‍ സന്മാര്‍ഗത്തില്‍ നിന്ന് അവരെ തടയുന്നതാണ്. (സുഖ്‌റുഫ് 37,38). അല്ലാഹു ആര്‍ക്കെങ്കിലും നന്മ ഉദ്ദേശിക്കുന്നുവെങ്കില്‍ അവന് മതത്തില്‍ പരിജ്ഞാനം നല്‍കും (ഹദീസ്).

ജീവിതത്തില്‍ മാനുഷിക മൂല്യങ്ങളെ താങ്ങി നിര്‍ത്താന്‍ സത്യമതത്തിന്റെ സദാചാര പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതിന്റെയും ദൈവസ്മരണ നിലനിര്‍ത്തേണ്ടതിന്റെയും അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന രണ്ടു വചനങ്ങളാണ് മേലുദ്ധരിച്ചത്. സത്‌ബോധനവും ദുര്‍ബോധനവും മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്ക് ചൂഴ്ന്നിറങ്ങുന്ന രണ്ടു പ്രതിഭാസങ്ങളാണ്. അധാര്‍മികതയിലധിഷ്ഠിതമായ സര്‍വ്വ മാനുഷിക മൂല്യങ്ങളും ചോര്‍ത്തിക്കളയുന്ന പൈശാചിക ദുര്‍ബോധനങ്ങള്‍ സദാ മനുഷ്യ മനസ്സിനെ കീഴടക്കിക്കൊണ്ടേയിരിക്കും. സത്‌ബോധനമാകട്ടെ, അവനെ നന്മയിലൂടെ ചലിപ്പിക്കുകയും ചെയ്യും. അത്തരം സത്‌ബോധനങ്ങളുടെ സമ്പൂര്‍ണ്ണവും സമഗ്രവുമായ ആവിഷ്‌കാരമാണ് ഇസ്ലാം അനുവര്‍ത്തിക്കുന്നത്. മതബോധവും ദൈവസ്മരണയും ഒപ്പം സഞ്ചരിക്കാന്‍ പക്വമായ മനസ്സുകളില്‍ മാത്രമേ മാനുഷിക താളങ്ങള്‍ നിലകൊള്ളുകയുള്ളൂ.

മനുഷ്യന്‍ എന്ന പദത്തിന് അറബിയില്‍ ബശര്‍ എന്നൊരു വാക്കുണ്ട്. ബശര്‍ എന്നാല്‍ ആനന്ദിക്കുന്നവര്‍ എന്നര്‍ത്ഥം. അഥവാ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തമായി രസച്ചുവയുള്ള അനുഭൂതിയുടെ മേച്ചില്‍ പുറങ്ങള്‍ തേടിയലയുന്ന പ്രകൃതം. സുഖം തേടുന്ന ജീവിയെന്ന് മനുഷ്യനെ നിര്‍വ്വചിക്കപ്പെടുന്നത് ഈ അര്‍ത്ഥത്തിലാണ്. ഉത്സാഹം, ഭയം, വീരം, ഹാസ്യം, കരുണ തുടങ്ങി മനുഷ്യ പ്രകൃതമായ നവരസങ്ങളിലൊന്നാണല്ലോ ആനന്ദം. എന്നാല്‍ പിശാച് ഈ സഹജപ്രേരണയെ ദുരുപേയോഗം ചെയ്ത് മാനുഷിക പ്രകൃതിക്കും സാമൂഹിക ഘടനക്കും നിരക്കാത്ത സര്‍വ്വ ചലനങ്ങളും അലങ്കരിച്ചു കാണിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അത് കൊണ്ടാണ് മേലുദ്ധരിച്ച വചനമടക്കം എട്ടു സ്ഥലങ്ങളില്‍ പൈശാചികതയെ കരുതിയിരിക്കാനും മതബേധനങ്ങള്‍ സ്വീകരിക്കാനും വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്.

നിങ്ങള്‍ പരമാവധി ആസ്വദിക്കുക, ഇന്നത്തെ സുഖം നാളേക്ക് നീക്കിവെക്കരുത് എന്ന് ദാര്‍ശനികനായ ഹക്‌സിലിയെ കൊണ്ടും, ജീവിത യാത്രയില്‍ സ്ഥായിത്തം നല്‍കുന്നത് ഒന്നേയുള്ളൂ: അത്യന്താനുഭൂതിയാണത്.  എന്ന് ജര്‍മന്‍ ചിന്തകനായ കാള്‍ യാസ്പിഴേയ്‌സിനെകൊണ്ടും പറയിച്ചത് മേല്‍ സൂചിപ്പിച്ച പൈശാചിക ബോധനങ്ങളാണ് മാനുഷിക നന്മയെന്നത് വെറും ഒരു പേര് മാത്രമാണെന്ന് നിക്കോളോ മാക് വല്ലിയുടെ പ്രഖ്യാപനവും ജീവിതം സുഖിക്കാനാണന്ന വീക്ഷണം തന്നെ. മാതാപിതാക്കളും മതപണ്ഡിതരുമാണ് നമ്മുടെ ഏറ്റവും വലിയ ശത്രുക്കളെന്ന് വിധിയെഴുതാന്‍ കാന്റിനെ പ്രേരിപ്പിച്ചതും മറ്റൊന്നല്ല. സംഗീതമെന്ന ആസ്വാദന കല ഇവിടെയാണ് മൗലികമായി, കാലികപ്രസക്തമായി വിഷയീഭവിക്കുന്നത്. സദാചാര പാഠങ്ങളെ ചോര്‍ത്തിക്കളയുന്ന തരത്തില്‍ സംഗീതം തനതായ പങ്കുവഹിക്കുന്നുണ്ടോ എന്നിടത്താണ് ഇതിന്റെ ഗൗരവം അനുപേക്ഷണീയമാവുന്നത്. സാംസ്‌കാരിക ഘടനയുടെ സംശുദ്ധിയെ താങ്ങി നി ര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നതാണല്ലോ ഇസ്‌ലാമിന്റെ സദാചാര പാഠങ്ങളത്രയും. മുന്‍കാലങ്ങളിലെ സാമുദായിക ചലനങ്ങളെ സുദൃഢമാക്കിയിരുന്നതും ഈ സദാചാര ബോധമായിരുന്നു. എന്നാല്‍ മത വക്താക്കള്‍തന്നെഇത്തരംസദാചാരങ്ങളെഅരികുവത്കരിക്കുന്നുവെന്നുള്ളത് ചെറുതല്ലാത്തരീതിയില്‍ ആശങ്കയുളവാക്കന്നതാണ്. അതാണ് സംഗീതം അതിന്റെ തനതു കലയെ ചോര്‍ത്തിക്കളയുന്നു എന്ന് പറഞ്ഞതിന്റെ വിവക്ഷ.

വര്‍ത്തമാനകാല ജീവിതത്തെ മൂല്യങ്ങളില്‍ നിന്ന് ഭ്രംശം വരുത്തുന്നതില്‍ ശകുനം ബാധിച്ച ആധുനിക കാഴ്ചപ്പാടുകള്‍ കുറച്ചൊന്നുമല്ല പങ്കുവഹിക്കുന്നത്. ഇവിടെയാണ് മതകീയ അധ്യാപനങ്ങള്‍ തുലോം തുച്ഛമായെങ്കിലും തിരുത്തല്‍ വാദിയാകുന്നത്. മനുഷ്യജീവിതത്തില്‍ ദൈവനിര്‍ദ്ദിഷ്ഠമായ ലക്ഷ്യങ്ങളും അതിന്റെ സമ്പൂര്‍ത്തീകരണത്തിനാവശ്യമായ മൂല്യാധിഷ്ടിത ഇടപെടലുകളും മതം നിര്‍ദ്ദേശിക്കുന്നു. അനുവദിനീയമായതിനെ നിദര്‍ശിക്കുകയും നിഷിദ്ധമായതിനെ സ്പഷ്ടമായി വിഘ്‌നപ്പെടുത്തുകയും ചെയ്ത മതമാണ് ഇസ്ലാം. എന്നാല്‍ ആദ്ധ്യാത്മിക ബോധത്തിന്റെ വരുംവരായ്കള്‍ ആത്മീയതയിലധിഷ്ഠിതമായിത്തന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ ഇസ്ലാം ഒരിക്കലും കണിശമായി നിഷ്‌കര്‍ശിക്കുന്നില്ല.

ത്യാഗ ജീവിതം നിസ്തുലമാണ്, എന്നാല്‍ ഇസ്‌ലാം ഇതിനെ പൂര്‍ണമായി പ്രോത്സാഹിപ്പിക്കുന്നില്ല. സംഗീതം എന്നത് ഒരു കലയാണ്. ജനസമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന ശക്തമായ ഉപകരണമാണ് കല എന്നത്. മനുഷ്യ ജീവിതത്തെ ആപാദചൂഢം ഗ്രസിച്ച ഒരു വ്യവസ്ഥക്ക് കലയെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. ഇസ്‌ലാമും വിശുദ്ധ ഖുര്‍ആനും മുസ്ലിം സമൂഹത്തിന്റെ ആവിഷ്‌കാരങ്ങളിലും മുസ്‌ലിം ലോകത്ത് വികാസം പ്രാപിച്ച എല്ലാ കലകളിലും പ്രചോദനമായി വര്‍ത്തിച്ചിട്ടുണ്ട് എന്നത് ചരിത്രരേഖകളാണ്.

മുസ്ലിം സമൂഹം ആവിഷ്‌കരിച്ച കലാമാതൃകകളില്‍ അത്രമേല്‍ ഖുര്‍ആനിന്റെ സ്വാധീനം പ്രകടമാണ്. സംഗീതം, കൊത്തുപണികള്‍ നിര്‍മാണങ്ങള്‍, കാലിഗ്രഫി, അലങ്കാര കലകള്‍ തുടങ്ങിയവയിലെല്ലാം ഇത് ദര്‍ശിക്കാവുന്നതാണ്. ഇസ്‌ലാം കലകളെ ജീവസ്സുറ്റതാക്കുന്നത് അതിന്റെ ദൈവികമായ പ്രചോദനങ്ങളിലൂടെയാണ്. 

കേവലാവിഷ്‌കാരങ്ങളില്‍ മാത്രമല്ല പ്രകൃതിയില്‍ അന്തര്‍ലീനമായ ദൈവിക ഇടപെടലുകളിലേക്കുള്ള അന്വേഷണവും ആസ്വാദനവും വളരെ പ്രധാനമായി കാണുന്നു. കലയില്‍ ഈ ദൈവികമായ പ്രചോദനത്തെ സന്നിവേശിപ്പിക്കുമ്പോഴാണ് ആവിഷ്‌കാരങ്ങളില്‍ ജീവാത്മക ചൈതന്യം തുടിച്ചുനില്‍ക്കുന്നത്. അതേസമയം കലകളും വിനോദങ്ങളും കീഴടക്കാനും അടിമപ്പെടുത്താനും ഉപയോഗിക്കാമെന്നും ആധിപത്യമുള്ളവന്റെ ആവിഷ്‌കാരങ്ങളാണ് ലോകത്തിന്റെ കലകളും വിനോദങ്ങളുമായി മാറുകയെന്നും മലിക്ബിന്നബി നിരീക്ഷിച്ചിട്ടുണ്ട്.
മനസ്സിനെ ചികിത്സിക്കാനും അതിനോട് വിനയം കാണിക്കാനും സത്യത്തിലേക്ക് നയിക്കാനുമുള്ള അറിവ് നേടിയവര്‍ തീര്‍ച്ചയായും വിനോദങ്ങളും കലകളും കളികളും മനസ്സിന് ആനന്ദമുണ്ടാക്കുന്നതിനുള്ള ഗുണകരമായ ചികിത്സയാണെന്ന് വ്യക്തമായും മനസ്സിലാക്കിയിരിക്കുന്നുവെന്നാണ് ഇമാം ഗസാലി (റ) അഭിപ്രായപ്പെടുന്നത്.
യഥാര്‍ഥത്തില്‍ ശബ്ദത്തെക്കുറിച്ച് ഇസ്‌ലാമിന്റെ വീക്ഷണം അത് മൗലികമായി അനുവദിനീയമാണെന്നതാണ്. കാരണം ഇത്തരം ആദാത്തുകളില്‍ പെടുന്ന കാര്യങ്ങളുടെയെല്ലാം മൗലികത അനുവദിനീയമാണ് എന്നതാണ്. അവ നിഷിദ്ധമാകുന്നത് ചില ബാഹ്യ ഘടകങ്ങളുടെ സാന്നിധ്യം കാരണമാണ്.

സുന്ദരവും പ്രിയങ്കരവും ആസ്വാദ്യജനകവുമായ ശബ്ദമുള്ളവരെ സംഗീതത്തോടുപമിക്കുക എന്നത് പണ്ടുമുതലേ ഇസ്‌ലാമിക ആഖ്യായികകളില്‍ ഉണ്ടായിരുന്നു. അത് ഖുര്‍ആന്‍ പാരായണമെന്ന ഇബാദത്താണെങ്കിലും. കര്‍ണാനന്ദകരമായ ശബ്ദമാധുര്യത്തോടെ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്ന മഹാനായിരുന്നു അബൂ മൂസല്‍ അശ്അരി (റ) അദ്ദേഹത്തിന്റെ പാരായണത്തിലാകൃഷ്ടനായി പ്രവാചകന്‍ മുഹമ്മദ് (സ്വ) തങ്ങള്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു. ദാവൂദ് കുടുംബത്തിന് നല്‍കപ്പെട്ട പുല്ലാങ്കുഴലില്‍ നിന്നാണ് താങ്കള്‍ക്കും ശബ്ദം പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നത് (ബുഖാരി, മുസ്ലിം). പുല്ലാങ്കുഴലില്‍ നിന്നുയരുന്ന സംഗീതത്തെ ഇസ്‌ലാം ഹറാമാക്കാന്‍ വഴിയില്ല.കാരണം, മോശമായ ഉപമകള്‍ നമുക്ക് ചേര്‍ന്നതല്ല ( ബുഖാരി 2479) എന്ന് സാക്ഷാല്‍ പ്രവാചകന്‍ സ പറഞ്ഞിരിക്കെ വിശേഷിച്ചും.
പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ ഇസ്‌ലാമില്‍ സംഗീതത്തിന്റെ വിധി മൗലികമായി അനുവദനീയമാണെന്നാണ് ബോധ്യമാവുക. ഇബാദത്തുകളില്‍ നിന്ന് വ്യത്യത്യസ്തമായി ആദാത്തു(പതിവുസമ്പ്രദായങ്ങള്‍) കളുടെ മൗലികത അനുവദനീയം എന്നതാണ്. ശറഇന്റെ പിന്‍ബലമില്ലാത്ത ബാഹ്യ ഘടകങ്ങളുടെ സാന്നിധ്യം ഉണ്ടാകാത്ത കാലത്തോളം  പ്രസ്തുത വിധിയില്‍ മാറ്റമില്ല.
    എന്നാല്‍ സംഗീതം അനു         വദനീയമാണെന്ന് പ്രാമാണികമായിത്തന്നെ തെളിയിക്കാന്‍ കഴിയും. പ്രവാചകന്‍ മുഹമ്മദ് (സ്വ) തങ്ങളുടെ കാലഘട്ടത്തില്‍, അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ വെച്ച് പോലും വാദ്യോപകരണങ്ങളോടെ പാട്ടും സംഗീതവുമാലപിച്ചതായി നിരവധി ഹദീസുകള്‍ കാണാന്‍ സാധിക്കും. ബുറൈദ അല്‍ അസ്ലമി (റ) പറയുന്നു. പ്രവാചകന്‍ (സ്വ) തങ്ങള്‍ ഒരു യുദ്ധത്തിന് പോയി തിരിച്ചുവന്നപ്പോള്‍ ഒരു നീഗ്രോ അടിമയായ പെണ്‍കുട്ടി വന്നു പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ, അല്ലാഹു താങ്കളെ സുരക്ഷിതനായി തിരിച്ചെത്തിച്ചാല്‍ താങ്കളുടെ അടുത്തുവന്നുകൊണ്ട് ദഫ് മുട്ടി പാ                                              ട്ടുപാടുമെന്ന് ഞാന്‍ നേര്‍ച്ച നേര്‍ന്നിട്ടുണ്ടായിരുന്നു. അപ്പോള്‍ നബി (സ) തങ്ങള്‍ അവളോട് പറഞ്ഞു. നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കില്‍ അങ്ങനെ ചെയ്തുകൊള്ളൂ. ഇല്ലെങ്കില്‍ വേണ്ട. അങ്ങനെ അവള്‍ ദഫ് കൊട്ടി പാടാന്‍ തുടങ്ങി. (തിര്‍മുദി).
അറബി ഭാഷയില്‍ മആസിഫ് എന്നതില്‍ ദഫും പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വാദ്യോപകരണങ്ങള്‍ എന്നാണിതിന്റെ അര്‍ത്ഥം. അപ്പോള്‍ ഈ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാമെന്നും അത് കുറ്റകരമല്ലെന്നും ഈ സംഭവം വ്യക്തമാക്കുന്നു. കാരണം കുറ്റം ചെയ്യാനായി നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കില്‍ ആ നേര്‍ച്ച പാലിക്കരുതെന്ന് പ്രവാചകന്‍ മുഹമ്മദ് (സ്വ)  തങ്ങള്‍ പറഞ്ഞിട്ടുണ്ട്. (മുവത്വ, ബുഖാരി, മുസ്ലിം). 
             എന്നാല്‍ കേവല യുക്തിയുടെ തിമിരം ബാധിച്ച ആത്മീയതയുടെ അകക്കണ്ണ് അന്ധമായിപ്പോയ ഒരു ജനത ഇസ്‌ലാമിലെ കലയെ വളരെ വികലമായിചിത്രീകരിച്ചു.അത്കൊണ്ട്തന്നെയാണ്ഇസ്ലാമികാവിഷ്‌കാരങ്ങളെ അതിന്റെ തനിമയിലൂടെ വീണ്ടെടുക്കാന്‍ ഉദ്ദേശിക്കാത്തവര്‍ക്ക് ഇബ്‌നു അറബിയെയും, ഇമാം ഗസ്സാലി (റ)  വിനെയും, കഅ്ബുല്‍ അഹ്ബാറി (റ) നെയും മാറ്റിനിര്‍ത്തി ഏതാനും  സിനിമാ സംവിധായകര്‍ക്കും കഥാകൃത്തുകള്‍ക്കും മറ്റും കലാസാഹിത്യത്തിന്റെ കൈവശാവകാശം കൈമാറിയത്. അത് കൊണ്ടാണ് ഒരു സമൂഹത്തെ മാറ്റത്തിന് വിധേയമാക്കാന്‍ ഒരു കലക്ക് സാധിക്കുമെന്ന് നിസ്സംശയം നമുക്ക് അംഗീകരിക്കാന്‍ കഴിയും. അത് സാംസ്‌കാരിക വിമലിനീകരണത്തിന് സാധ്യമാണ്. വിവേകം തുളുമ്പുന്ന കാവ്യങ്ങളുണ്ട്, മാസ്മരികത സൃഷ്ടിക്കുന്ന പ്രഭാഷകരുണ്ട്. ഖുര്‍ആന്‍ നിരുത്സാഹപ്പെടുത്തിയത് അധാര്‍മിക കലാസൃഷ്ടികളെയാണ്. കല ഒരിക്കലും ഉപദ്രവകാരിയാകുന്നില്ല. മറിച്ച്, അതിന്റെ ഉപയോഗമനുസരിച്ചാണ്  ഉപദ്രവവും   നിരുപദ്രവവുമാകുന്നത്.


        🖋  മുസ്വവ്വിര്‍ മമ്പുറം




Post a Comment

0 Comments