ദിവ്യാനുരാഗത്തിന്റെ ശബ്ദാവിഷ്‌ക്കാരമാണസംഗീതം




                  

                    വൈകാരികലഹരിയുടെയും ആത്മരതിയുടെയും പ്രഥമമാധ്യമമായാണ് സമകാലിക ജനപരസംസ്‌കാരം സംഗീതത്തെ അടയാളപ്പെടുത്തുത്.അതിശീഘ്ര വാദ്യപ്രയോഗവുംഅതിഗംഭീര വാചകക്കസര്‍ത്തുംശ്രോദ്ധാക്കളെ ത്രസിപ്പിക്കുകയും അവരുടെ ആധിക്യത്തിന്‌ഹേതുകമാവുകയും ചെയ്യുന്നു. എങ്കിലും ഇത്തരത്തിലുള്ള ഉച്ചത്തിലുള്ള ശബ്ദം എങ്ങനെയോ മനുഷ്യന്റെ ആത്മാവില്‍ ശൂന്യത സൃഷ്ടിക്കുന്നു. അത് കൊണ്ട് തന്നെ മുസ്ലിം ശ്രോദ്ധാവ് അവന്റെ വിശ്വാസവും സംഗീതവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സന്ദേഹിയാകുന്നു.

ഇസ്‌ലാമും സംഗീതവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പൊതുവെ ഈയിടെ നല്‍കപ്പെടുന്ന രണ്ട് മറുപടികളും തീവ്രമാണെന്ന് തോ ന്നുന്നു. ഒന്ന് സംഗീതത്തെ നിരുപാധികം നിശിദ്ധമെന്ന് മുദ്രകുത്തുമ്പോള്‍ മറ്റേത് സംഗീതത്തെ   സ്വാപാധികം അനുവദനീയമായി ഗണിക്കുന്നു. ഹലാല്‍ എന്ന ലേബലില്‍ അവതരിപ്പിച്ചാല്‍ സംഗീതത്തിന്റെ ഏത് രൂപങ്ങളിലും ഇസ്ലാമിക വാക്യങ്ങള്‍ ഉപയോഗിക്കാമെന്നാണ് ഇവരുടെ മതം. നമുക്ക് ചുറ്റുമുള്ള ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്ന് നാം ഇന്ന് കേള്‍ക്കുന്ന വ്യത്യസ്ത സംഗീത സംസ്‌കാരങ്ങളുടെ മാറ്റൊലികള്‍ നമ്മെ മറ്റൊരു പാതയിലേക്ക് നയിക്കുന്നു. യഥാര്‍ത്ഥത്തില്‍ സംഗീതം ഇസ്‌ലാമികമാണെന്ന് മനസ്സിലാകുന്ന അന്വേഷണത്തിലേക്ക്. ഈ അന്വേഷണം തികച്ചും ശ്രമകരമായ യജ്ഞമാണ്. അതിനാല്‍ തന്നെ മനസ്സിന്റെ അഗാധ നിഗൂഢതകളുടെ വാതായനങ്ങള്‍ നമ്മുടെ ആത്മാവുകള്‍ക്ക് തുറന്ന് കൊടുക്കേണ്ടതിന്റെയും നാം ഇന്ന് അനുഭവിക്കുന്ന സംഗീത സംസ്‌കാരങ്ങളുമായി അഭേദ്യമായ ബന്ധം സ്ഥാപിക്കേണ്ടതിന്റെയും ആവശ്യമുണ്ടിവിടെ.

ഇസ്‌ലാമിക സംഗീത ശബ്ദമണ്ഡലത്തിന്റെ കേന്ദ്രബിന്ദു ഖുര്‍ആന്‍ പാരായണമാണ്. ഖുര്‍ആന്‍ പാരായണം പൊതുവേ സംഗീതമായി പരിഗണിക്കപ്പെടാറില്ലെങ്കിലും അത് താളാത്മകവും സംഗീതാത്മകവും തെയാണ്. സംഗീതമായി പരിണമിക്കുന്ന കവിതകളെ സ്വാധീനിച്ച പോലെ സംഗീത സംസ്‌കാരങ്ങളെയുംസ്വാധീനിക്കുന്ന വിധംഖുര്‍ആനിന്റെതാളവും ക്രമവും നൂറ്റാണ്ടുകളായി മുസ്ലിംകളുടെ ആത്മാവുകളില്‍ മായാത്ത അടയാളംരൂപപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആന്‍ വ്യത്യസ്ത സംഗീത രൂപങ്ങളില്‍മുഴങ്ങികൊണ്ടിരുന്നു. പ്രവാചക പ്രഭുവിന്റെ സ്തുതികീര്‍ത്തനങ്ങള്‍ മുതല്‍ സൂഫി ഖാന്‍ഖാഹുകളില്‍ ഉരുവിടുന്ന ദിക്‌റുകളുടെ സംസ്‌കാരങ്ങളില്‍ വരെ.

               എന്നിരുന്നാലും സംഗീതം ഇസ്‌ലാമികമായി അംഗീകരിക്കപ്പെടണമെങ്കില്‍ അത് ഖുര്‍ആനികം ആകണമെന്ന നിര്‍ബന്ധമില്ല. എന്നാല്‍ മൊറോക്കൊ മുതല്‍ ഇന്തോനേഷ്യ വരേയും ദക്ഷിണാഫ്രിക്ക മുതല്‍ മധ്യേഷ്യ വരേയും നീണ്ടുകിടക്കുന്ന വ്യത്യസ്ത സംസ്‌കാരങ്ങള്‍ തെളിയിക്കുന്നത് പരമ്പരാഗത ഇസ്‌ലാമിക സംഗീതത്തില്‍ വൈവിധ്യമായ ശബ്ദങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അറബിക് മുവശ്ശഹ് ഖസീദ, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ രൂപം കൊണ്ട ഖവാലി, ഖാഫി, പേര്‍ഷ്യന്‍ ദസ്തഗ് സിസ്റ്റം, തുര്‍ക്കി മഖാം സംഗീതം തുടങ്ങി വ്യത്യസ്ത പരമ്പരാഗത സംസ്‌കാരങ്ങളെയും ഇസ്ലാമിക സംഗീതം സ്വാധീനിക്കുന്നു. ഈ വൈജാത്യങ്ങള്‍ക്കിടയിലും എല്ലാ ഇസ്ലാമിക സംഗീതത്തിനും ഒരു നിദര്‍ശനമേയുള്ളു. ഏകദൈവ വിശ്വാസത്തിന്റെ പരിസരത്തു നിന്നാണ് വൈവിധ്യമായ ഇസ്‌ലാമിക സംഗീത സംസ്‌കാരങ്ങള്‍ക്ക് ജീവവായു ലഭിക്കുന്നത്. അത് നമ്മെ നിരന്തരം ദൈവത്തന്റെ ഏകതയെ ഓര്‍മ്മപ്പെടുത്തുകയും നാം സൃഷ്ടിക്കപ്പെട്ട നൈസര്‍ഗിക ഗുണത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു. വ്യത്യസ്ത ഇസ്‌ലാമിക സംഗീത രൂപങ്ങളില്‍ അടങ്ങിയിട്ടുള്ള ദൈവാസ്തിത്വത്തിന്റെ തീവ്രത വ്യത്യാസപ്പെട്ടേക്കാം. എങ്കിലും വിശ്വഹാരിയ സുവര്‍ഗ സുഗന്ധം       പോലെ അത് എപ്പോഴും അവകളില്‍ ഉള്‍ചേര്‍ന്നിരിക്കുന്നു. നാം ഇന്ന് കാണുന്ന പരമ്പരാഗത സംഗീത സംസ്‌കാരങ്ങള്‍ പോലെ മതകീയ ആശയങ്ങളുടെ വ്യക്തമായ പ്രതിപാദനം ഇല്ലെങ്കില്‍ പോലും അവ ഇസ്‌ലാമികമായി ഗണിക്കപ്പെടുന്നതാണ്.

പാശ്ചാത്യന്‍ സംഗീതത്തില്‍ നിന്നും വിഭിന്നമായി മൈക്രൊ ടൊനാലിറ്റിയുടെ വിശാലമായ ആവിഷ്‌കാര സാധ്യതകള്‍ ചൂഷണം ചെയ്യുന്ന വിധത്തില്‍ ഇസ്‌ലാമിലെ പാരമ്പര്യ സംഗീതത്തിന്റെ ആത്മാവും ദര്‍ശനവും അതിന്റെ സ്വര രാഗങ്ങളില്‍ തന്നെ ഉള്‍ചേര്‍ന്നിരിക്കുന്നു. പാരമ്പര്യങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത പരിവര്‍ത്തനങ്ങളില്‍ കാണപ്പെടുന്ന   പാരമ്പര്യ ഇസ്‌ലാമിക സംഗീതത്തിന്റെ താളാത്മക ചട്ടക്കൂടുകള്‍ മാനു ഷിക വികാരങ്ങളുടേയും ആത്മീയ മനസ്ഥിതികളുടേയും അനന്തമായ വൈവിധ്യത്തിന്റെ സംവേദത്തിന് കളമൊരുക്കുന്നു. എങ്കിലും ഇവിടെ ഗുരു ശിഷ്യന് കൈമാറുന്ന രാഗങ്ങള്‍ മനസ്സിലാക്കാനുള്ള മാര്‍ഗങ്ങളാണ് എന്തിനേക്കാളും പ്രധാനം.

ഒരു നിശ്ചിത അംഗീകൃത പെരുമാറ്റ രീതിയുടെ സാന്നിധ്യത്തിലാണ് പാരമ്പര്യ ഇസ്‌ലാമിക സംഗീതത്തിന്റെ വിദ്യഭ്യാസം വ്യാപിക്കുന്നത്. പൊതുവേ   നാം അതിനെ അദബ് എന്ന് വിളിക്കുന്നു. അദബിന് (മര്യാദ) ധാരാളം മാനങ്ങളുണ്ട്:ഒരാള്‍ എങ്ങനെ പാടണം, എങ്ങനെ വാദ്യമുപയോഗിക്കണം, ശ്രോതാക്കളോട് എങ്ങനെ സംവദിക്കണം, മുതിര്‍വരെ എങ്ങനെ ബഹുമാനിക്കണം, ദൈവത്തേയും അവന്റെ ദൂതനേയും എങ്ങനെ ആദരിക്കണം തുടങ്ങിയുള്ള പെരുമാറ്റ ചട്ടങ്ങള്‍ അദബ് നിര്‍ദ്ദേശിക്കുന്നു. അദബ് നമ്മുടെ ബാഹ്യമായ പെരുമാറ്റത്തിന് സൗന്ദര്യം പകരുന്നു; തുടര്‍ന്ന് നമ്മുടെ ആന്തരികത്തേയും മനോഹരമാക്കുന്നു. സംഗീതം എന്ന അദബോട് അവതരിപ്പിക്കപ്പെടുന്ന ഏതൊരു കലാ രൂപങ്ങളും കേവലം കലാ പ്രകടത്തിനോ ശ്രോദ്ധാക്കളെ ആനന്ദിപ്പിക്കാനോ ഉള്ള മാധ്യമമല്ല. മറിച്ച് അവതാരകന്റേയും ശ്രോദ്ധാക്കളുടേയും ആത്മാവുകളെ പ്രബുദ്ധമാക്കാനുള്ള മാര്‍ഗമാണ്. ഈ അര്‍ത്ഥത്തില്‍ ഖുര്‍ആനിക വാചകങ്ങളും ദൈവിക നാമങ്ങളും ആവര്‍ത്തിക്കപ്പെടുന്ന ദിക്‌റുകളും സംഗീതവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ധാര്‍മ്മിക മൂല്യങ്ങള്‍ ആത്മാവില്‍ കോര്‍ത്തിണക്കിയുള്ള ഒരു വ്യക്തിയുടെ വസ്ത്ര ധാരണ, അദ്ദേഹത്തിന്റെ ശ്വാസ്വോച്ഛാസം, ചില നിശ്ചിത വാക്യങ്ങളുടെ പരാവര്‍ത്തനം തുടങ്ങിയവയെല്ലാം വളരെ പ്രധാനമാണ്. രാഗങ്ങള്‍ മൊഴിയുന്നതിന്റേയും വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നതിന്റേയും രീതിയും, സംഗീതജ്ഞന്റെ മനസ്ഥിതിയും ഇതു പോലെത്തന്നെ പ്രധാനമാണ്.

മനുഷ്യന്റെ ശബ്ദവും ഇസ്ലാമിക സംഗീതത്തില്‍ ഉപയോഗിക്കപ്പെടുന്ന വാദ്യോപകരണങ്ങളും അമാനത്ത്   (ഭരമേല്‍പിച്ച വസ്തു) ആയിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഗുരുവിന്റെ സാന്നിധ്യത്തിലെ വര്‍ഷങ്ങളോളം നീണ്ടുനി പഠന സപര്യക്കൊടുവിലാണ് ഗായകന് ഈ അംഗീകാരം ലഭിക്കുന്നത്. ഗുരു ശിഷ്യനെ ആത്മ സംസ്‌കരണം ചെയ്യാനും ജീവതത്തിലുടനീളം ഇസ്ലാമിന്റെ മര്യാദ രീതികള്‍ അനുധാവനം ചെയ്യാനും നിര്‍ദ്ദേശിക്കുന്നു. ഇത്തരത്തില്‍ വ്യക്തമായ ആദരവോടെ ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് കൈമാറപ്പെടുന്ന വിജ്ഞാനം മൂലം ശിഷ്യന്റെ ആന്തരിക ലോകം അക്ഷരാര്‍ത്ഥത്തില്‍ സംഗീതമായി പരിണമിക്കുന്നു. ദൈവം ആ സംഗീതജ്ഞന് സമ്മാനിച്ച അദ്വിതീയമായ വരം ഉപയോഗപ്പെടുത്തി ഈ സംഗീതത്തിന്റെ ആത്മാവിനെ വെളിപ്പെടുത്താന്‍ അവന്‍ യോഗ്യനാകുന്നു.

തൗഹീദിന്റെ ചൈതന്യവും, അദബിന്റെ സംസ്ഥാപനവും നൈസര്‍ഗിക ഗുണത്തിലേക്കുള്ള മടക്കവും ഇന്ന് കാണുന്ന പാരമ്പര്യ രഹിത സംഗീതത്തിന് അജ്ഞമാണ്. പക്ഷെ, ഇസ്ലാമിക സംഗീത പാരമ്പര്യത്തിന്റെ മുഖ്യ ഘടകങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വികാരങ്ങളെ സ്വാധീനി ക്കാനോ ദൈനം ദിന കഷ്ടനഷ്ടങ്ങളില്‍ നിന്ന് മുക്തമാവാനോ ഉള്ള മാര്‍ഗമായി മാത്രം സംഗീതത്തെ കാണുന്ന ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. പാരമ്പര്യ ഇസ്ലാമിക സംഗീതത്തിലും വൈകാരിക ഉള്ളടക്കങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു;  സ്‌നേഹ കാവ്യ പാരമ്പര്യങ്ങളില്‍ ഇവ കൂടുതല്‍ ഉള്‍ചേര്‍ന്നിരിക്കുന്നു. എങ്കിലും ഈ വൈകാരിക വിക്ഷേപങ്ങള്‍ക്കെല്ലാം ഉദാത്തമായ ഒരു ലക്ഷ്യമുണ്ട്. 'യഥാര്‍ഥ സ്വത്വം'' മാത്രമേ എന്നുമിവിടെ കാലാതിവര്‍ത്തിയായി നിലനില്‍ക്കൂ എന്ന ബോധ്യത്തിലേക്ക് ഇത് നമ്മെ നയിക്കും. ഏകനായ സത്യത്തില്‍ ലയിക്കാനുള്ള ആത്മാവിന്റെ വെമ്പലാണ് സംഗീതം . ആത്മാവിന്റെ ആഴങ്ങളില്‍ ഇഴചേര്‍ന്നിരിക്കുന്ന ദൈവിക പ്രണയം ശബ്ദവീചികളിലൂടെ ഭൗതികാസ്തിത്വം കൈവരിക്കുന്നു. ദൈവത്തോടുള്ള കാമാതുരമായ സ്‌നേഹവും അനന്തമായ സമാധാനവും ഓര്‍മ്മിക്കാനുള്ള അടിസ്ഥാന മാര്‍ഗമാണ് ഇസ്‌ലാമിക സംഗീതം എന്നര്‍ത്ഥം.

ഈയൊരു വീക്ഷണ കോണില്‍,ഇസ്‌ലാമിക സംഗീത രൂപം ആധുനിക സംഗീത രൂപങ്ങളില്‍ നിന്ന് തികച്ചും വിഭിമാണ്. നൂറ്റാണ്ടുകളോളം സൂഫി ചിന്തകരും തത്വജ്ഞാനികളും വിശാലാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്ത ദൈവിക നാമത്തിലെ 'അലിഫി''നെ പോലെ ചരിത്രമാണ് ഇസ്‌ലാമിക സംഗീതം. അത് നമ്മെ വിശിഷ്ടരാക്കുന്നു, മരണാനന്തര ജീവിത സത്യത്തെ ദ്യോതിപ്പിക്കുന്നു, നമ്മോട് വിട പറഞ്ഞ പ്രിയനോടുള്ള തീവ്രാഭിലാശത്തെ മനസ്സില്‍ വേരുറപ്പിക്കുന്നു. ചിലപ്പോളിത് നമ്മെ അഭൗതികമായ ലോകത്തേക്ക് കൊണ്ടെത്തിക്കുകവരെ ചെയ്യുന്നു.

നാം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഇസ്‌ലാമിക സംഗീതത്തിന്റെ പൊതു ഗുണങ്ങള്‍ മറ്റെല്ലാ ഇസ്ലാമിക കലാ രൂപങ്ങളിലും ദൃശ്യമാണ്. ഖുര്‍ആനിക ചൈതന്യം അവയിലെല്ലാം ഇഴ ചേര്‍ന്നിരിക്കുന്നു, എപ്പോഴും നമ്മെ ദൈവീക സ്മരണയിലേക്ക് വഴി നടത്തുന്നു. പള്ളി നിര്‍മ്മാണം, ഖുര്‍ആന്‍ പാരായണം പോലോത്ത മറ്റെല്ലാ കലാ രൂപങ്ങളില്‍ നിന്നും ഇസ്ലാമിക സംഗീതത്തെ വ്യത്യസ്തമാക്കുന്ന ഘടകം മത-വര്‍ഗ്ഗ-ജാതി ഭേദമന്യേ അത് ലോക ജനതയെ ഒടങ്കം സംബോധനം ചെയ്യുന്നു എന്നുള്ളതാണ്. ലോകജനതയുടെ ആത്മാവിന്റെ ആഴങ്ങളില്‍ കുടി കൊള്ളുന്ന അക്ഷരങ്ങള്‍ കൊണ്ട് നിര്‍ണ്ണയിക്കാന്‍ കഴിയാത്ത സമത്വ ബോധത്തെയാണ് ഇസ്ലാമിക സംഗീതം നി ര്‍വ്വചിക്കുന്നത്. നിസ്സീമമായ ഈ സ്വരച്ചേര്‍ച്ചയാണ് ഇസ്ലാം പൂ ര്‍വ്വ സംഗീത പൈതൃകങ്ങളേയും  ഉള്‍ക്കൊള്ളാന്‍ സഹായിച്ച ഘടകം. ഇസ്ലാമിക പാരമ്പര്യങ്ങളുടെ ആശയ സംക്രമണവും ഈ പൈതൃകങ്ങളുടെ മൂല്യങ്ങള്‍ സാക്ഷാല്‍കരിക്കുന്ന ഗുരുവിന്റെ സജീവ സാന്നിധ്യവുമാണ് ഇസ്ലാമിക സംഗീതത്തെ ആത്മീയ മാനങ്ങളുള്ള വിശ്വ സമാധാനം പ്രമേയമാക്കുന്ന ആവിശ്ക്കാരമാക്കി മാറ്റുന്നത്.അശാന്തിയും അനൈക്യവും അനുദിനം വര്‍ധിച്ച് വരുന്ന ലോകത്ത് ജീവിക്കുന്ന മനുഷ്യ വര്‍ഗ്ഗത്തിന് ഒഴിച്ചുകൂടാനാകാത്ത ധാര്‍മ്മിക മൂല്യങ്ങളാണിവ.

യഥാര്‍ഥ ഇസ്‌ലാമിക സംഗീതത്തിന്റെ ഉള്ളടക്കവും പ്രമേയവും പരിശുദ്ധമാണ്. പരമ സത്യവും ഏകനുമായ അല്ലാഹുവാണ് അതിന്റെ ഉത്ഭവം. ഈ ബോധം മനുഷ്യന്റെ നിലനില്‍പ്പ് സംബന്ധിച്ച വശങ്ങളില്‍ ഉപയോഗിക്കപ്പെടുന്നതോ   ഖുര്‍ആനി ല്‍ നിന്ന് സത്തെടുത്തതോ ആയ വാക്യങ്ങളില്‍ പ്രതിഫലിക്കട്ടെ, അത് സുമോഹനവും മഹത്വമുള്ളതുമായി തുടരുന്നു. ഗാന രചയിതാവിനേയും ശ്രോദ്ധാവിനേയും സര്‍വ്വകാരുണ്യകനായ ദൈവത്തിന്റെ പരിശുദ്ധ സാന്നിധ്യം കൊണ്ട് അനുഗൃഹീതമായ അവരുടെ സ്വത്വത്തിന്റെ ആഴത്തലങ്ങളിലേക്ക് ആവാഹിക്കുക എതാണ് ഉദ്ദേശ്യം. ഇസ്ലാമിക സംഗീതം, മനസ്സിനെ മരവിപ്പിക്കുന്ന അര്‍ത്ഥശൂന്യ മായ ലിറിക്‌സ് സോങ്, ജീവിത ലഹരിയിലേക്ക് നമ്മെ പ്രചോദിപ്പിക്കുന്ന നിരര്‍ത്ഥകമായ വാദ്യ പ്രയോഗങ്ങളോ അല്ല, സംഗീതം സ്വര്‍ഗ്ഗത്തില്‍ ഉരുവം കൊണ്ട ദാനമാണ്: സത്യത്തെ ഓര്‍മ്മപ്പെടുത്താന്‍ ദൈവം നമ്മെ വിശ്വസിച്ചേല്‍പ്പിച്ച സ്വത്ത്. നമ്മുടെ       പ്രപിതാക്കളുടെ പാതയിലൂടെ നമുക്ക് സഞ്ചരിക്കാം. അടക്കവും ഒതുക്കവുമായിരുന്നു അവരുടെ ജീവിതത്തിന്റെ ഉള്ളടക്കം. അതിലൂടെ മാത്രമേ ദൈവീക സ്മരണയിലൂടെ പരിലസിക്കുന്ന യഥാര്‍ഥ ഇസ്‌ലാമിക സംഗീതം സൃഷ്ടിച്ചെടുക്കാന്‍ നമുക്ക് സാധിക്കൂ.


        🖋സാമി യൂസുഫ്
          ( വിവ: ഹാശിം  പകര ) 

              
                               

Post a Comment

1 Comments