സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവും കേന്ദ്ര ഫത്വാ കമ്മറ്റി അംഗവുമായ ശൈഖുനാ എ.മരക്കാര്‍ ഫൈസിയുമായി വെളിച്ചം പ്രവര്‍ത്തകര്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗം.
ഉസ്താദിന്റെ ജനനം കുടുംബം ആദ്യം അതില്‍ നിന്ന് തന്നെയാവാം.
1946 ലാണ് എന്റെ ജനനം. ഡിസംബര്‍ 1 നാണെന്നാണ് എന്റെ ഓര്‍മ. നിറമരുതൂര്‍ പഞ്ചായത്തിലെ പത്തംമ്പാടില്‍ സമസ്ത മുന്‍കാല നേതാവായിരുന്ന ബീരാന്‍ കുട്ടി ഉസ്താദിന്റെയും ചെമ്പ്രയിലെ പൗര പ്രമുഖരില്‍ ഒരാളായ ഹൈദ്രോസ് കുട്ടിയുടെ മകള്‍ ഉമ്മാത്തുമ്മയുടെയും നാല് ആണ്‍ മക്കളില്‍ അവസാനത്തെ ആളായിട്ടാണ് ഞാന്‍ ജനിക്കുന്നത്. എനിക്ക് താഴെ ഒര് സഹോദരി കൂടിയുണ്ട്.
ശൈഖുനയുടെ പ്രാഥമികപഠനവും വിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും എവിടെയായിരുന്നു?
പ്രാഥമിക പഠനം നാട്ടിലെ നുസ്‌റത്തുല്‍ ഇസ്ലാം മദ്രസയില്‍ നിന്നായിരുന്നു. മുഹമ്മദ് മുസ്ലിയാരായിരുന്നു ഉസ്താദ്. എന്റെ നാട്ടിലെ 90 ശതമാനം ആളുകളുടെയും ഉസ്താദായിരുന്നു മുഹമ്മദ് ഉസ്താദ്.
പത്തംമ്പാട് എല്‍ പി സ്‌കൂളിലും ചെമ്പ്ര യുപി സ്‌കൂളിലുമായി സ്‌കൂള്‍ എട്ടാം ക്ലാസ് പൂര്‍ത്തിയാക്കി. ശേഷം പിതാവിന്റെ നിര്‍ദ്ദേശപ്രകാരം താനൂരിലെ പിതാവിന്റെ ദര്‍സിലെത്തി. താനൂര്‍ ഇസ്‌ലാ ഹുല്‍ ഉലൂമിലും വലിയ കുളങ്ങര പള്ളിയിലുമായി ഏകദേശം ഒമ്പത് കൊല്ലം ഞാന്‍ പഠനം നടത്തി. ദര്‍സിലെ ഉസ്താദുമാരായി ഒന്ന് എന്റെ പിതാവും പിന്നെ അറിയപ്പെട്ട പണ്ഡിതനായ കെ. കെ ഹസ്‌റത്തുമായിരുന്നു. ഏകദേശം 160 കുട്ടികളുണ്ടായിരുന്നു അന്ന് ദര്‍സില്‍. അധിക കിതാബുകളും ഓതിയത് പിതാവിന്റെ അടുത്ത് നിന്ന് തന്നെയായിരുന്നു. കെ കെ ഉസ്താദ് വലിയ കിതാബുകളായിരുന്നു ഓതിത്തന്നിരുന്നത്.
ശേഷം ജാമിഅ നൂരിയ്യയിലേക്ക് പോയി. ജാമിഅയുടെ സുവര്‍ണ കാലഘട്ടമായിരുന്നു അത്. ശംസുല്‍ ഉലമ ഉസ്താദ്, കണ്ണിയത്ത് ഉസ്താദ്, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, കുമരംപുത്തൂര്‍ അബ്ദുറഹമാന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ ദര്‍സ് നടത്തിയിരുന്ന കാലഘട്ടമായിരുന്നു അത്.
അന്നത്തെ ജാമിഅ പ്രവേശന പരീക്ഷഎങ്ങനെയായിരുന്നു?
ശംസുല്‍ ഉലമയായിരുന്നു പ്രവേശന പരീക്ഷ നിയന്ത്രിച്ചിരുന്നത്. എല്ലാവരോടും ഒരൊറ്റ ചോദ്യം മാത്രമായിരുന്നു ചോദിച്ചിരുന്നത്. അതില്‍ തന്നെ എല്ലാവരുടെയും അകവും പുറവും മനസ്സിലാക്കിയെടുക്കാന്‍ കഴിവുള്ള ആളായിരുന്നു അദ്ദേഹം. ഞാന്‍ പരീക്ഷക്ക് ചെന്നപ്പോള്‍ ശൈഖുന ശംസുല്‍ ഉലമ എന്നോട് ചോദിച്ചത് ശറഹു തഹ്ദീബിലെ ഒരു ചോദ്യം ആയിരുന്നു. ജാമിഅയില്‍ മൊത്തം നാല് വര്‍ഷം പഠനം പൂര്‍ത്തിയാക്കി. അവസാനം അല്‍ഹംദുലില്ലാഹ്... അവസാന പരീക്ഷയില്‍ ഒന്നാം റാങ്ക് തന്നെ കരസ്ഥമാക്കാന്‍ കഴിഞ്ഞു.
ജാമിഅയിലെ സഹപാഠികള്‍?
ഉമര്‍ ഫൈസി മുക്കം, എംടി ഉസ്താദ്, പി പി എം ഫൈസി എന്നിവരൊക്കെ എന്റെ ശരീക്കന്മാരായിരുന്നു. ആലിക്കുട്ടി ഉസ്താദ് ജാമിഅയില്‍ എന്റെ സീനിയറായിരുന്നു. ഞങ്ങള്‍ തമ്മില്‍ പലകാര്യങ്ങളിലും ബന്ധപ്പെടാറുണ്ടായിരുന്നു.
ജാമിഅയിലെ ഉസ്താദുമാരുടെ ദര്‍സീ ശൈലിയെ കുറിച്ച്?
ശംസുല്‍ ഉമലയുടെ അടുത്ത് നിന്നാണ് തുഹഫ ഒന്നും രണ്ടും ജുസ്അ് ഓതിത്തീര്‍ത്തത്. പിന്നെ ബുഖാരിയും ശംസുല്‍ ഉമലയുടെ അടുത്ത് നിന്ന് തന്നെയായിരുന്നു. ശൈഖുനായുടെ ശൈലി വളരെ ആകര്‍ഷകമായിരുന്നു. ഹദീസ് ക്ലാസുകളുടെ വിശദീകരണങ്ങള്‍ കേട്ടാല്‍ നബി (സ്വ) തങ്ങള്‍ നേരിട്ട് വന്ന് ക്ലാസെടുക്കുന്ന പോലെ ഞങ്ങള്‍ക്ക് അനുഭവപ്പെടുമായിരുന്നു.
ബുഖാരിയിലെ ആദ്യത്തെ ബാബ് ബദ്ഉല്‍ വഹ്‌യായിരുന്നു. ശറഹും ഹാശിയയും അതിന് കൈഫിയ്യതു ബദ്ഇല്‍ വഹ്‌യ് എന്നാണ് വിശദീകരണം നല്‍കിയിരുന്നത്. എന്നാല്‍ ആ വിശദീകരണത്തില്‍ ഹദീസും ബാബും തമ്മില്‍ മുനാസബയുണ്ടാകില്ലെന്ന് ധാരാളം ആളുകള്‍ പറയാറുണ്ട്. പക്ഷേ ശംസുല്‍ ഉമല അതിന് നല്‍കിയ അര്‍ത്ഥം മബ്ദഉല്‍വഹ്‌യ് എന്നായിരുന്നു. എല്ലാ ഹദീസുകളും ബാബുമായി വളരെ കൃത്യമായി ബന്ധിപ്പിച്ച് ക്ലാസെടുക്കുന്ന സവിശേഷമായ ശൈലിയായിരുന്നു അദ്ദേഹത്തിന്‍െത്.
കണ്ണിയത്തുസ്താദ് മന്‍ത്വിഖിലെ മുല്ലാ ഹസനായിരുന്നു ഓതിത്തന്നിരുന്നത്. കിതാബിന്റെ തുടക്കത്തിലെ വാക്യമായ സുബ്ഹാനഹു എന്നത് വായിച്ചാല്‍ തന്നെ പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും ആദ്യം പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ട് മാത്രമേ വായിച്ചര്‍ത്ഥം വെക്കാറുള്ളൂ. നല്ല ശൈലിയായിരുന്നു കണ്ണിയത്തുസ്താദിന്റേത്. മുല്ലാ ഹസനിലെ ചില ഹാശിയകള്‍ വായിച്ച് കഴിഞ്ഞ ശേഷം കൃത്യമായ ന്യായമില്ലെങ്കില്‍ ഹാദാ മര്‍ദൂദുന്‍ ബാത്വിലുന്‍ ലാ വജ്ഹ ലഹു. എന്ന് പറഞ്ഞ് അതിനെ ഖണ്ഡിക്കാറുണ്ടായിരുന്നു. ഒര് ക്ലാസില്‍ തന്നെ ഏകദേശം പത്ത് തവണയെല്ലാം ഈ വാക്ക് ഉച്ചരിക്കാറുണ്ടായിരുന്നു. ശംസുല്‍ ഉലമയും ഇത് പോലെ പല ആശയങ്ങളെയും തള്ളാറുണ്ടായിരുന്നു. കോട്ടുമല ഉസ്താദായിരുന്നു തുര്‍മുദി ഓതിത്തന്നിരുന്നത്. അതു പോലെ എ.പി ഉസ്താദ് ജംഉല്‍ ജവാമിഉം ഓതിത്തന്നു.
അദ്ധ്യാപന കാലഘട്ടത്തെ സംബന്ധിച്ച്?
ജാമിഅയില്‍ നിന്നിറങ്ങിയ ശേഷം താനൂരില്‍ ദര്‍സ് നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ താനൂരില്‍ കുട്ടികളില്ലാത്തതിനാല്‍ ആ ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു. ഞാന്‍ ആദ്യമായി മുദരിസായിരുന്നത് കരിങ്ങനാടായിരുന്നു. ശേഷം കോട്ടക്കലില്‍ മുദരിസായി സേവനമനുഷ്ഠിച്ചു. ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍ പ്രസിഡന്റായിരുന്ന പാലപ്പുറം പള്ളിയിലായിരുന്നു ദര്‍സ.് ഏകദേശം എട്ട് വര്‍ഷം അവിടെ ദര്‍സ് നടത്തിയശേഷം ചെമ്മങ്കടവില്‍ മുദരിസായി. ഞാന്‍ വരുന്നതിന് മുമ്പ് അവിടെ ആലിക്കുട്ടി ഉസ്താദായിരുന്നു മുദരിസ്. പിന്നീട് രണ്ടു കൊല്ലം വള്ളിക്കാഞ്ഞിരത്തും മുദരിസായി. ശേഷം നീണ്ട 23 കൊല്ലം വാണിയന്നൂരും ദര്‍സ് നടത്തി. ഇപ്പോള്‍ താനൂര്‍ ഇസ്ലാഹുല്‍ ഉലൂമില്‍ ദര്‍സ് നടത്തി കൊണ്ടിരിക്കുന്നു. അല്‍ഹംദുലില്ലാഹ്..
ശംസുല്‍ ഉലമയുമായി വ്യക്തിബന്ധം ഉണ്ടണ്ടണ്ടായിരുന്നോ?
ഇവിടെയും പരിസര പ്രദേശങ്ങളിലും മറ്റും പരിപാടികള്‍ക്കായി വരുമ്പോള്‍ ഖിദ്മത്ത് ചെയ്ത് കൊടുക്കാന്‍ ഞാന്‍ താല്‍പര്യം കാണിക്കാറുണ്ട്. ഗുരു ശിഷ്യ ബന്ധത്തിനപ്പുറം സ്‌നേഹം കാത്തു സൂക്ഷിക്കുന്ന ശീലമായിരുന്നു ശംസുല്‍ ഉലമക്കുണ്ടായിരുന്നത്. ദുരെ നിന്ന് നോക്കുമ്പോള്‍ ഗൗരവക്കാരനായി തോന്നുമെങ്കിലും ഉസ്താദിനോട് അടുക്കും തോറും സ്‌നേഹം കൂടി വരും. അത്രയും ആകര്‍ഷകമായ വ്യക്തിത്വമായിരുന്നു ശംസുല്‍ ഉലമ യുടേത്. ശംസുല്‍ ഉലമയെ സംബന്ധിച്ച് പറയുമ്പോള്‍ അഹ്‌ലു ബൈത്തിനോട് അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്ന ആദരവാണ് നമ്മെ ഓര്‍മപ്പെടുത്തുന്നത്. വല്ല വേദിയിലും രാഷ്ട്രീയക്കാരും ധനികരും ഉണ്ടെങ്കില്‍ പോലും അവരെയൊന്നും ഗൗനിച്ചിരുന്നില്ല. എന്നാല്‍ തങ്ങന്മാര്‍ വേദിയിലേക്ക് കടന്നു വരുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈമുത്തി ആദരിക്കും. ചെറിയ കുട്ടികളാണെങ്കില്‍ പോലും അങ്ങേയറ്റം ബഹുമാനം കാണിക്കും. ശംസുല്‍ ഉലമയുമായുള്ള ഒരനുഭവം ഞാന്‍ പങ്കുവെക്കാം.സമസ്തയില്‍ ദൗര്‍ഭാഗ്യകരമായ ഭിന്നതയുണ്ടായ കാലം, ശംസുല്‍ ഉലമയുള്ള വേദിയില്‍ വെച്ച് ഉസ്താദിന്റെ കീഴില്‍ അടിയുറച്ച് നി ല്‍ക്കേണ്ട സാഹചര്യത്തെ കുറിച്ച് ഞാന്‍ ഊന്നിപ്പറഞ്ഞു. എന്റെ പ്രഭാഷണം കഴിഞ്ഞ ശേഷം എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു. സംസാരം നല്ല പണ്ഡിതന്റെ സംസാരമാണ്. അള്ളാഹു നിങ്ങളുടെ സംസാരത്തില്‍ ബറകത്ത് ചെയ്യട്ടെ... അല്‍ഹംദുലില്ലാഹ്... അന്ന് മുതല്‍ ഇന്ന് വരെ എന്റെ സംസാരത്തില്‍ അനുചിതമോ അനാവശ്യ മോ ആയ വാക്കുകള്‍ കടന്നു കേറിയിട്ടില്ല. നാല്‍പ്പത്തിയാറ് വര്‍ഷമായി തുടരുന്ന ദര്‍സ് നിര്‍വ്വഹിക്കാനുള്ള തൗഫീഖിന് പിന്നിലും ഉസ്താദിന്റെ വാക്ക് തന്നെയാണ്. ഞാന്‍ ആദ്യമായി ദര്‍സ് ഏറ്റെടുക്കുമ്പോള്‍ പിതാവുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ശംസുല്‍ ഉലമ എന്നോട് പറഞ്ഞു. അള്ളാഹു ദര്‍സില്‍ ബറകത്ത് ചെയ്യട്ടെ... അല്‍ഹംദുലില്ലാഹ് അതിന് ശേഷം ഇത് വരെ ദര്‍സിന് മുടക്കം വന്നിട്ടില്ല.
സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ച്?
ജാമിഅയില്‍ പഠിക്കുന്ന കാലത്ത് നൂറുല്‍ ഉലമയുടെ വൈസ് പ്രസിഡന്റായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. മാത്രമല്ല താനൂരില്‍ ദര്‍സില്‍ സാഹിത്യ സമാജ വേദി മമ്പഉല്‍ ഖുതബാ വേദിയിലും സജീവമായിരുന്നു. സമസ്തയില്‍ ആദ്യമായി പ്രവര്‍ത്തനം തുടങ്ങിയത് തിരൂരങ്ങാടി കേന്ദ്രീകരിച്ചുള്ള മഹല്ല് ജമാഅത്ത് ഫെഡറേഷനിലൂടെയാണ്. പിന്നീട് എസ് എം എഫ് ജില്ലാ കേന്ദ്രീകൃതമായി. അതിന് ശേഷമാണ് സംസ്ഥാന കമ്മിറ്റി രൂപീകരിക്കുന്നത്. എസ് എം.ള എഫിന്റെ മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി ബാപ്പുട്ടി ഹാജി, ഹൈദ്രൂസ് ഉസ്താദ്, എം എം ബഷീര്‍ ഉസ്താദ് തുടങ്ങിയ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. അതിലെ പ്രഭാഷകരിലൊരാളായിരുന്നു ഞാന്‍.
പ ിന്നീട് സമസ്ത കേന്ദ്ര മുശാവറാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സമസ്തയുടെ 85 ാം വാര്‍ഷികത്തിന്റെ ആറ് മാസം മുമ്പായിരുന്നു അത്. ഫത്‌വാ കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഫത്‌വാ കമ്മിറ്റിയിലേക്കെത്തിയിട്ട് നാല് വര്‍ഷത്തോളമായി.
അന്നത്തെ വഅള് സമ്പ്രദായങ്ങള്‍?
ഇന്നത്തെ പോലെ ഒറ്റ ദിവസം കൊണ്ട് തീരുന്ന വഅളുകളായിരുന്നില്ല ഒര് മാസം അല്ലെങ്കില്‍ പതിനഞ്ച് ദിവസം വരെയൊക്കെ നീണ്ട് നില്‍ക്കുന്ന വഅളുകളായിരുന്നു അന്നുണ്ടായിരുന്നത്. അതും ഒരേ ആള്‍ തന്നെയായിരിക്കും ഈ പ്രഭാഷണങ്ങള്‍ മുഴുവന്‍ നടത്തുക. ഞാനൊക്കെ കാസര്‍ഗോഡും മറ്റും വഅളിന് പോകുമ്പോള്‍ 5-6 ദിവസമെല്ലാം അവിടെ തങ്ങിയിരുന്നു. ഇശാ നിസ്‌കാരവും ഭക്ഷണവും കഴിഞ്ഞ ശേഷമാണ് നാട്ടുകാര്‍ വഅളിന് വരാന്‍ തുടങ്ങുക. ഏകദേശം പത്തു മണിക്ക് തുടങ്ങുന്ന വഅള് ഏകദേശം ഒര് മണി വരെ നീളും. ദര്‍സില്‍ കിതാബ് ഓതിക്കൊടുക്കുന്ന പോലെയായിരുന്നു അന്നത്തെ വഅള്. ഈമാന്‍ മുതല്‍ സ്വര്‍ഗം വരെ ഓരോ ബാബുകളായി ദിവസവും വഅള് നടത്തുകയായിരുന്നു പതിവ്. ഇന്നത്തെ പോലെ ജനബാഹുല്യം ഉണ്ടാകാറില്ല. വാഹനസൗകര്യം അന്ന് കുറവാണല്ലോ. ഞാന്‍ നിരവധി സ്ഥലങ്ങളില്‍ ഇത് പോലെ വഅള് നടത്തിയിട്ടുണ്ട്. ഇടക്ക് വഅളിനിടയില്‍ ചെറിയ ഇടവേളകളുണ്ടാവും. ചെറിയ തോതില്‍ ചായയും മുറുക്കാനുള്ളവര്‍ക്ക് മുറുക്കാനുമുള്ള സമയമാണത്.
ദര്‍സ് നടത്തുന്നതില്‍ പ്രത്യേക ശൈലിയുണ്ടോ?
ആദ്യം വിഷയം പറഞ്ഞ് മനസ്സിലാക്കി കൊടുത്ത ശേഷം വായിച്ച് അര്‍ത്ഥം വെച്ച് കൊടുക്കലാണ് ശൈലി. പിന്നെ പൊതുവായി ഒരാകാര്യം നമ്മള്‍ ഈ ദുആ ചെയ്യുമ്പോള്‍ അധികം നീട്ടി ദുആ ചെയ്യരുത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ദുആ അവസാനിപ്പിക്കണം. മുന്നിലിരിക്കുന്നവരെ ഒരിക്കലും പ്രയാസപ്പെടുത്തരുത്.
വിവാഹ ജീവിതം?
എന്റെയും ജ്യേഷ്ഠന്റെയും കല്ല്യാണം ഒരുമിച്ചായിരുന്നു കഴിഞ്ഞത്. അന്ന് വെറും രണ്ട് കോഴികളെ മാത്രം അറുത്ത് കറിവെച്ചായിരുന്നു വന്ന ആളുകള്‍ക്ക് ഭക്ഷണം വിളമ്പിയിരുന്നത്. എല്ലാവരും ചേര്‍ന്ന് ഒരേ പാത്രത്തില്‍ നിന്നായിരുന്നു അന്ന് ചോറ് കഴിച്ചിരുന്നത്. കല്ല്യാണത്തിന് മുമ്പ് തന്നെ എന്റെ നികാഹ് കഴിഞ്ഞിരുന്നു. പള്ളിയില്‍ വെച്ചായിരുന്നു എന്റെ നികാഹ്. ഇന്നത്തെ പോലെ കല്ല്യാണ സദസ്സുകളില്‍ വന്‍ ജനപ്പെരുപ്പം അന്ന് ഉണ്ടാകാറില്ല.
ഒരു കാലത്ത് ഇസ്ലാമിക സംസ്‌കാരത്തെ തന്നെ രൂപപ്പെടുത്തിയത് ഗാനങ്ങളും കവിതകളുമായിരുന്നെന്നത് വസ്തുതയാണ്. വിശേഷിച്ചും കേരളത്തില്‍, എന്നാല്‍ നിലവില്‍ ഇസ്ലാം സംഗീത വിരുദ്ധമാണെന്ന പ്രചരണം ശക്തിപ്പെട്ടു കൊണ്ടിരിക്കുകയാണ്.യഥാര്‍ത്ഥത്തി ല്‍ സംഗീതത്തെ കുറിച്ചുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്താണ്.?
ആസ്വാദ്യകരമായതൊന്നും ഇസ്ലാം നിഷേധിച്ചിട്ടില്ലെന്നതാണ് വാസ്തവം. അവ അനുവദിനീയമാണ്. പക്ഷെ ആസ്വാദനം ആഭാസകരമാകരുതെന്ന് മാത്രം. എല്ലാത്തിന്റെ
യും അടിസ്ഥാനം നന്മയാവണം. അതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. ഈ അര്‍ത്ഥത്തില്‍ സംഗീതം. നിശിദ്ധവും അനുവദിനീയമായതുമാവാം. നന്മയിലേക്ക് പ്രേരിപ്പിക്കുന്നതും മഹാന്മാരെ പുകഴ്ത്തുന്നുമായ ഗാനങ്ങള്‍ അനുവദിനീയവും ഉത്തമവുമാണ്. അതേ സമയം തിന്മയിലേക്ക് നയിക്കുന്ന മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഗാനങ്ങള്‍ നിശിദ്ധവുമാണ്.
സംഗീതത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പരിശോധിക്കപ്പെടേണ്ടതാണ്. എല്ലാം ശരീഅത്ത് അനുവദിക്കുന്നില്ല. ഇവ തുഹ്ഫ ഒമ്പതാം വാള്യത്തില്‍ വിശദമായി പ്രതിപാതിക്കുന്നതായി കാണാം.
മതത്തില്‍ കര്‍മ്മത്തില്‍ ലക്ഷ്യത്തിനപ്പുറം അതിലേക്കുള്ള മാര്‍ഗവും കര്‍മ്മഫലങ്ങളും പ്രധാനമാണ്.
ഇസ്‌ലാം വിശ്വാസികള്‍ക്ക് ആനന്ദം നിഷേധിക്കുകയാണെന്നും ഇസ്ലാം വരണ്ട മതമാണെന്നും പുരോഗമന വാദികള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ വിമര്‍ശനങ്ങളോട് എങ്ങനെ പ്രതികരിക്കും.?
ഇസ്‌ലാം വരണ്ട മതമാണെന്നുള്ള വാദം തികച്ചും വാസ്തവ വിരുദ്ധമാണ്. മനുഷ്യന്റെ ജൈവികമായ വിചാരങ്ങളെയും വികാരങ്ങളെയും താല്‍പര്യങ്ങളെയും ഇസ്ലാം കാര്യമായി പരിഗണിക്കുന്നുണ്ട്. അതു കൊണ്ടാണ് ഇസ്ലാം നല്ല സംഗീതത്തെ പ്രോല്‍സാഹിപ്പിക്കുന്നതും അംഗീകരിക്കുന്നതും. ഖുര്‍ആനില്‍ ഒരിടത്ത് തിന്മയിലേക്ക് നയിക്കുന്ന കവിതകളെ തള്ളിപ്പറയുന്നുണ്ട്. അതേ സമയം നല്ല പ്രമേയമടങ്ങിയ കവിതകളെ കേള്‍ക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട് പ്രവാചകന്‍ (സ).
ആനന്ദവും സന്തോഷവും സംഗീതത്തിന്റെ ഗുണവശങ്ങള്‍ തന്നെയാണ് അത്തരത്തിലുള്ളവ പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതാണ്. പഴയകാലത്തെ കല്ല്യാണ പാട്ടുകളെ നോക്കിക്കാണേണ്ടത് ഈ ഒരര്‍ത്ഥത്തിലാണ്.
പുതിയ കാലത്ത് സൂഫി സംഗീതം ഖവ്വാലിയായും ബുര്‍ദാസ്വാദനമായും ജനപ്രിയമാവുകയാണ്. പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതാണോ.?
കര്‍മ്മങ്ങളുടെ ബാഹ്യ പ്രകടനങ്ങള്‍ മാത്രമല്ല നന്മ തിന്മകള്‍ക്കുള്ള അളവു കോല്‍, മറിച്ച് അവക്കെല്ലാം ആന്തരികമായ മറ്റൊരു തലം കൂടിയുണ്ട്.
ബുര്‍ദയും ഖവ്വാലിയും മികച്ച പ്രമേയങ്ങളാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ അവതരിപ്പിക്കുന്നവര്‍ ദൈവപ്രീതിക്കപ്പുറം ജനപ്രീതിയും ആസ്വാദനവുമായിട്ടാണ് ഇതിനെ കാണുന്നത്. ശുദ്ധമാണെങ്കില്‍ ഉത്തമം തന്നെയാണ്. അല്ലെങ്കില്‍ നിഷ്ഫലവും.
അവസാനമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപദേശം.
നിങ്ങള്‍ ഇല്‍മ് പഠിക്കേണ്ടത് അമല്‍ ചെയ്യാന്‍ വേണ്ടിയായിരിക്കണം. അമലുള്ള ഇല്‍മിനേ റബ്ബിന്റെ അടുക്കല്‍ അംഗീകാരമുള്ളൂ. നിങ്ങള്‍ നേടിയ വിജ്ഞാനം ഫലപ്രദമാവണമെങ്കില്‍ അമല്‍ മാറ്റുകൂട്ടുക തന്നെ വേണം. ഇല്‍മുള്ളവരും ഇല്ലാത്തവരും സമന്മാരാണോ എന്ന് ഖുര്‍ആനിലൂടെ അല്ലാഹു ചോദിക്കുന്ന ആയത്തിന് തൊട്ട് മുമ്പ് അമലിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് .അതായത് അമല്‍ ചെയ്യുന്നവരായ ഇല്‍മുള്ളവര്‍ അല്ലാത്തവരോട് സമമാണോ എന്ന് സംക്ഷിപ്തം. പഠിച്ചതനുസരിച്ച് പ്രവര്‍ത്തിക്കുന്ന മുത്തഖീങ്ങളില്‍ ഞങ്ങളെ ഉള്‍പ്പെടുത്തണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക
ഇത്തരം ഒരു സംവിധാനത്തില്‍ അള്ളാഹു നിങ്ങളെ കൊണ്ടെത്തിച്ചു. എത്ര പ്രയാസങ്ങള്‍ സഹിക്കേണ്ടി വന്നാലും നിങ്ങള്‍ ഈ ഉദ്യമത്തില്‍ നിന്നും പിന്മാറരുത്. അള്ളാഹു തൗഫീഖ് നല്‍കട്ടെ ആമീന്‍
0 Comments