ഇസ്‌ലാമിന്റെ ആശയപാപരത്തം സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതലും ഇസ്‌ലാമിക ദര്‍ശനപഥത്തിലെ രാഷ്ട്രീയമാനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ദേശസ്‌നേഹം ഇസ്‌ലാം കൂടുതല്‍ പഴിചാരപ്പെട്ട രാഷ്ട്രീയതലമാണ്. ദേശീയത, പൗരബോധം, രാജ്യസ്‌നേഹം തുടങ്ങിയ പദാവലികളുടെ പൊഴിമറക്കപ്പുറത്ത് നിന്ന് ഇസ്‌ലാമിനെ കുത്തിനോവിക്കുന്നവര്‍ അന്നും ഇന്നും ന്യൂനപക്ഷമല്ല. രാഷ്ട്രീയ ഭൂപടത്തിലെ ഇസ്‌ലാമിന്റെ പ്രതിഛായ കളങ്കപ്പെടുത്തുക എന്നതു മാത്രമാണ് അവരുടെ ഉദ്ദേശ്യം. മുന്‍വിധി വെച്ച് പുലര്‍ത്തിക്കൊണ്ടുള്ള ഇസ്‌ലാമിന്റെ ഉപരിപ്ലവമായ വായന അവരെ വഴിപിഴപ്പിച്ചു. ഇസ്‌ലമിക അധ്യാപനങ്ങളുടെ സചേതനമായ ഉള്ളടക്കങ്ങള്‍ അവര്‍ ഗ്രഹിച്ചിട്ടില്ല. ആറാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ഇസ്‌ലാമിക ജീവിത രാഷ്ട്രീയ വ്യവഹാരങ്ങള്‍ പ്രയോഗത്തിലും തത്വത്തിലും ഇന്നും കാലികമാണ്.
യഥാര്‍ഥത്തില്‍ മനുഷ്യവര്‍ഗത്തിനു മുമ്പില്‍ സമഗ്രതയുടെ ജീവിതപദ്ധതി ആവിഷ്‌കരിക്കുന്നു എന്നതാണ് ഇസ്‌ലാമിന്റെ പ്രതീകാത്മക സൗന്ദര്യം. മറ്റിതര മതകീയ ദര്‍ശനങ്ങളില്‍ നിന്നും ഒരുപോലെ നൈതികതയുടേയും നൈമികതയുടെയും പിന്‍ബലമുള്ള ഇസ്‌ലാമിലെ ജീവിത ദര്‍ശനം കെട്ടുറപ്പുള്ള അടിത്തറയുടെമേല്‍ ഭദ്രമായ ജീവിതം കെട്ടിപ്പടുക്കാന്‍ വഴികാണിക്കുന്നു. ഏകശിലാത്മകമോ കാലഹരണപ്പെട്ടതോ അല്ല. മറിച്ച് കാലാതിവര്‍ത്തിയും ബഹുമുഖമുള്ളവയുമാണ് ഇസ്‌ലാമിലെ സൈദ്ധാന്തിക തലങ്ങള്‍. ആദ്ധ്യാത്മിക സുവിശേഷങ്ങളില്‍ മാത്രം ഒതുങ്ങാതെ സമൂഹിക സാംസ്‌കാരിക സര്‍വ്വോപരി രാഷ്ട്രീയ പ്രത്യയ ശാസ്ത്രവും ഇസ്‌ലാം വിളംബരം ചെയ്യുന്നു. മനുഷ്യ വര്‍ഗത്തിന് മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഏതൊരു പൗരനും ഒരു നിശ്ചിത പ്രദേശത്ത് അതിജീവിക്കാനും അതിവസിക്കാനുമുള്ള മാര്‍ഗനിര്‍ദേശക തത്വങ്ങള്‍ ഇസ്‌ലാം വിഭാവനം ചെയ്യുന്നു.
മനുഷ്യന്റെ വൈകാരിക മനോഭാവങ്ങള്‍ക്ക് ഇസ്‌ലാം ഒരിക്കലും വിലങ്ങുതടിയാകുന്നില്ല. മറിച്ച് മനുഷ്യന്റെ മനോവ്യാപാരങ്ങളെ യഥോചിതം പരിഗണിക്കലാണ് ഇസ്‌ലമിന്റെ ശിക്ഷണ രീതി. ചിന്താ സ്വാതന്ത്ര്യത്തിന്റെ അനന്തമായ വിഹായസ്സിലേക്ക് മനുഷ്യമനസ്സിനെ ഇസ്‌ലാം സോപാധികം കെട്ടയിച്ചു വിടുന്നു. പ്രകൃതിപരവും സ്വാഭാവികവുമായി മനുഷ്യമനസ്സില്‍ ഉരുവം കൊള്ളുന്ന വികാരങ്ങളുടെ എല്ലാ നല്ല വശങ്ങളും ഇസ്‌ലാം പരിഗണിച്ചിട്ടുണ്ടെന്നര്‍ത്ഥം.
അഗാധമായ പൗരബോധം മനുഷ്യന്റെ നൈസര്‍ഗിക വാസനയാണ്. രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഈ ആന്തരിക ചോദന ഒരു മനുഷ്യന്റെ പ്രകൃതിയില്‍ ഊട്ടപ്പെട്ടതാണ്. കാരണം അവിടെനിന്നാണ് അവന്റെ ആത്മാവിന്ന് ജീവന്‍ ലഭിച്ചത്. അവിടുത്തെ മണ്ണും മണവും ആസ്വദിച്ച് വെള്ളവും വളവും അനുഭവിച്ച് ജീവിക്കുമ്പോള്‍ അത് സ്വാഭാവികം മാത്രം. അതുകൊണ്ടുതന്നെ ഇസ്‌ലാമിക മനശാസ്ത്രം മനുഷ്യന്റെ ഈ സ്വാഭാവിക പ്രകൃതിയോട് ഏറ്റുമുട്ടുന്നില്ല. എന്നുമാത്രമല്ല. അതിനെ സംരക്ഷിക്കുകയും സംസ്‌കരിക്കുകയും നേരായ മാര്‍ഗത്തിലൂടെ നയിക്കുകയുമാണ് ചെയ്യുന്നത്.
പിറന്ന മണ്ണിനെ സ്‌നേഹിക്കലും അതിനെ നെഞ്ചോട് ചേര്‍ത്തുവെക്കലും മനുഷ്യചരിത്രത്തില്‍ അപൂര്‍വമല്ല. നാടും വീടും വിട്ടെറിഞ്ഞ് കൂട്ടരെയും നാട്ടുകാരെയും വേര്‍പിരിഞ്ഞ് യാത്രതിരിക്കുന്നതിനേക്കാള്‍ മനുഷ്യമനസ്സിനെ തളര്‍ത്തുന്ന മറ്റൊന്നില്ല. മനുഷ്യന്റെ ഈ മനോദൗര്‍ബല്യം ഇസ്‌ലാം പരിഗണിച്ചിട്ടുണ്ട്. അഥവാ സ്വതന്ത്രവും സത്യസന്ധവുമായ രാജ്യസ്‌നേഹം അല്ലെങ്കില്‍ ദേശീയത ഇസ്‌ലാം അംഗീകരിക്കുന്നു. ഒരു വിശ്വാസിയുടെ ഇസ്‌ലാമിനോടുള്ള പ്രതിബദ്ധതയുടെ ഭാഗം തന്നെയാണ് തന്റെ രാജ്യത്തെ സ്‌നേഹിക്കുക എന്നതും. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ/അവളുടെ വിശ്വാസം പൂര്‍ണമാവണമെങ്കില്‍ സ്വന്തം നാടിനെ സ്‌നേഹിക്കണം. ദീനിനെ കവച്ചുവെയ്ക്കുന്നതോ ഇസ്‌ലമിക ദര്‍ശനങ്ങള്‍ക്ക് പ്രതിലോമമായി വാദിക്കുന്നതോ ആയ ദേശസ്‌നേഹം ഇസ്‌ലാം അംഗീകരിക്കുന്നില്ല എന്നുമാത്രം.
ഇസ്ലാമിലെ മൂല്യപ്രമാണങ്ങള്‍ രാജ്യസ്‌നേഹത്തിന്റെ നിദര്‍ശനങ്ങളാണ്.യഥാര്‍ഥത്തില്‍ അവ ഓരു മനുഷ്യനെ രാജ്യസ്‌നേഹിയാക്കാന്‍ അനുസരണയുള്ള പൗരനാക്കാന്‍ പര്യപ്തമാണ്.പ്രാവാചക തിരുമേനി (സ) മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്യുമ്പോള്‍ തന്റെ പ്രിയപ്പെട്ട നാടിനെ നോക്കി വിലപിച്ച് പറഞ്ഞ വാക്കുകള്‍ മാത്രം മതി നബി തിരുമേനിയുടെ രാജ്യസ്‌നേഹം അളക്കാന്‍.പ്രവാചകന്‍ (സ) മക്ക വിട്ട് പോവുമ്പോള്‍ ജബലുല്‍ ഹിന്ദിന്റെ മുകളില്‍ കയറി ഇപ്രാകാരം പറഞ്ഞു: ' അല്ലയോ മക്ക പ്രദേശമേ,എത്ര സുന്ദരമായ നാടാണ് നീ,എനിക്ക് ഏറ്റവും പ്രിയ്‌പ്പെട്ട നാടാണ് നീ,എന്റെ നാട്ട് നാട്ടുകാര്‍ എന്നെ ഈ നാട്ടില്‍ നിന്ന് പുറത്താക്കിയിട്ടില്ലായിരുന്നെങ്കില്‍ ഈ നാട്ടില്‍ നിന്ന് മറ്റൊരുടിത്തം ഞാന്‍ പോകുമായിരുന്നില്ല'. മദീനയില്‍ ജീവിക്കുന്ന കാലത്ത് പ്രവാചകന്‍ (സ) ഉഹദിലേക്ക് വേഗത്തി യാത്ര ചെയ്യാറുണ്ടായിരുന്നു. ' ഉഹ്‌ദെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നും പറയാറുണ്ടായിരുന്നു'.
മനുഷ്യകുലത്തിന്റെ ഗുരുവായ നബി(സ) തന്റെ നാടിനെ എത്രമാത്രം ഇഷ്ടപ്പെട്ടിരു്‌ന്നെന്ന് ഇത് നമുക്ക പഠിപ്പിച്ച് തരുന്നുണ്ട്.നബി (സ)യെ മാതൃകയാക്കുന്ന മുസ്ലിം സമൂഹത്തിന് അവരുടെ പിറന്ന നാടിനെ സ്‌നേഹിക്കാന്‍ ഇതിനെക്കാള്‍ തെളിവെന്താണ് വേണ്ടത്.ദേശീയതയുടെ വിശാല വൃത്തത്തിലേക്ക് കടന്നു ചെല്ലുന്ന ഖൂര്‍ആനിക വചനങ്ങളും ഉണ്ടെന്നാണ് പണ്ഡിത മതം .'മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക നന്മചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അള്ളാഹു നിങ്ങളോട് നിരോധിക്കുന്നില്ല' എന്ന വചനം മതത്തിലെ ദേശസ്‌നേഹത്തിന്റെ ഘടകങ്ങല്‍ സാക്ഷ്യല്‍കരിക്കുന്നുവെന്ന് അവര്‍ നീരീക്ഷിക്കുന്നു.
ഇസ്ലാമിക അദ്ധ്യാപനങ്ങളുടെ രാഷ്ട്രീയ ഉള്ളടക്കങ്ങളും ഗുണാത്മകമായ പ്രതിഫലങ്ങള്‍ തത്വത്തില്‍ മാത്രം ഒതുങ്ങാതെ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരേണ്ടതുണ്ട്. മുസ്ലിം രാഷ്ട്രം, മതേതര രാഷ്ട്രം എന്നിങ്ങനെ വ്യത്യാസമില്ല. രാജ്യത്തിന്റെ സമാധാനത്തിന്നും അഖണ്ഡതക്കും വേണ്ടി പ്രയത്‌നിക്കാന്‍ ഓരോ വിശ്വാസിയും പ്രതിജ്ഞാബദ്ധനാണ്. സാഹോദര്യത്തിനും സൗഹൃദത്തിനും അധിഷ്ഠിതമായ ധാര്‍മിക സാധ്യതയാണ് ആ പ്രദേശത്തോടും ജനതയോടുമുള്ളത്. ഹിന്ദുവും ക്രിസ്ത്യാനിയും ബുദ്ധനും പാര്‍സിയും മറ്റു മതമില്ലാത്തവനും ഇടയില്‍ മനുഷ്യസൗഹാര്‍ദത്തിന്റെ അന്തരീക്ഷം കാത്തുസൂക്ഷിക്കണം.
ഉള്‍ചേരാനും ഉള്‍ക്കൊള്ളാനുമുള്ള ഫ്‌ളക്‌സിബിലിറ്റി മുസ്ലിമിന്റെ അടിസ്ഥാന ഗുണമാണ്. തന്റെ നാട്ടുകാരുടെയും അയല്‍ നാട്ടുകാരുടെയും വികാരങ്ങള്‍ തിരിച്ചറിയണം. അവരുടെ സംസ്‌കാരങ്ങളില്‍ ഇടങ്കോലിടരുത്. ഒരു രാജ്യത്തിലെ പൗരന്മാര്‍ ഒറ്റ സമൂഹം പോലെയാണ് എന്നുള്ളത് മതത്തിന്റെ പിന്‍ബലമുള്ള വിശ്വാസമാണ്. അവര്‍ പരസ്പരം സ്‌നേഹത്തിലും ഐക്യത്തിലും കഴിയേണ്ടവരാണ്. അവര്‍ ഒറ്റ ശരീരത്തിന്റെ വിവിധ വശങ്ങള്‍ പോലെയാണ്. വിവേചന ചിന്തകളില്ലാത്ത പക്ഷപാതിത്വമില്ലാത്ത ഒരു സുന്ദരരാഷ്ട്രം നിര്‍മ്മിക്കുന്നതായിരിക്കണം രാജ്യ സ്‌നേഹം. വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും ചിന്ത ഒഴിവാക്കുക. ഭാഷയുടെയോ ജാതിയുടേയോ മതത്തിന്റെയോ പേരിലുള്ള കുടുസ്സായ വര്‍ഗീയതയില്‍ ഊട്ടപ്പെട്ട മനസ്സുകളെ സംസ്‌കരിച്ചെടുക്കുക. തുടങ്ങി മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തുന്ന സാമൂഹികവും രാഷ്ട്രീയപരവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ ഒരു വിശ്വാസിയുടെ ധര്‍മമാണ്.
🖋ഹാശിം പകര

0 Comments