ഇന്ത്യ മുസ്ലിംകള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്നും അവര്‍ക്ക് തനതായ ഭാരതീയ പാരമ്പര്യമുണ്ടെന്നും ചില ദേശീയവാദികള്‍ കിട്ടുന്ന വേദികളിലെല്ലാം നാക്കും കയ്യുമുപയോഗിച്ച് കോറിയിടാന്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ സാംഗത്യം എന്താണെന്ന് മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല. മറിച്ച് വ്യക്തവും സരളവുമായ ഭാഷയില്‍ ദേശീയതയെ വ്യക്തമാക്കാന്‍ എളുപ്പമല്ല. ദേശീയത എന്ന വാക്കിന് ആദ്യമേ കൃത്യമായ അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും നല്‍കപ്പെട്ടതാണ്. ഇന്ത്യയെന്ന അഖണ്ഡ രാജ്യത്തിന്റെ സുരക്ഷിതത്വവും ദേശസ്‌നേഹവും കാത്തു സൂക്ഷിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്‍െയും അവകാശമാണ്, കടമയാണ്. ഇന്ത്യയെ സംബന്ധിച്ചടുത്തോളം ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇക്കാരണത്താല്‍ തന്നെ നമ്മുടെ രാജ്യത്ത് ഭരണകക്ഷികളും ഭരണാധികാരികളും മാറിമാറി വന്നേക്കാം. പക്ഷെ ഒരു ഇന്ത്യക്കാരന്റേയും സുരക്ഷിതത്വത്തിനും ദേശസ്‌നേഹത്തിനും മേല്‍ പറയപ്പെട്ട രാഷ്ട്രീയ സാഹചര്യം ഒരു വിലങ്ങു തടിയായി മാറരുത്,
ദേശീയതയെ മനസ്സിലാക്കപ്പെടുന്നത് ഞാന്‍ ഒരു ഇന്ത്യക്കാരനെന്ന ബോധം എന്ന നിലക്കാണ്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നിരിക്കെ, ഇവിടെ എല്ലാ സമുദായക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും ഒരേ അവകാശമാണ്. ആര്‍ക്കും ആരുടെ മതവും പ്രചരിപ്പിക്കാം, ആര്‍ക്കും ഏതു മതവും സ്വീകരിക്കാം. പരാമര്‍ശിക്കപ്പെട്ട് പോലെ തന്നെ നമ്മുടെ ഇന്ത്യ ധാരാളം സമുദായങ്ങളും മതങ്ങളുമടങ്ങുന്ന ഒരു വലിയ സംഗരരാജ്യമാണ്. ഇക്കാരണത്താല്‍ തന്നെ ദേശീയത എന്ന വാക്ക് പ്രയോഗം എല്ലാവര്‍ക്കും കൂടി അവകാശപ്പെട്ടതാണെന്നതിന് എതിര്‍സ്വരമില്ല.
പക്ഷെ ഇന്ന് ഇന്ത്യയില്‍ പുതുതായി നടമാടിക്കൊണ്ടിരിക്കുന്ന തീവ്ര ഹിന്ദുത്വ നിലപാടുകളാലും ചിന്തകളാലും ഹൈന്ദവവിശ്വാസികളൊഴികയുള്ളവരുടെ ദേശീയത വിലപോവുന്നില്ല. ദേശീയത എന്നത് തങ്ങള്‍ക്ക് വേണ്ടിയാണെന്നും അത് നിര്‍മ്മിച്ചത് തങ്ങളാണെന്നും ഇക്കൂട്ടര്‍ തട്ടിവിടുന്നു. തീവ്ര ഹൈന്ദവ വിശ്വാസികളുടെ ഈ വാദം സ്ഥൈര്യപ്പെടുത്താന്‍ വേണ്ടി നിയമപരമായും ശാരീരികപരമായും നയതന്ത്രപരമായും അവര്‍ ഭരണഘടന നിര്‍ദ്ദേശിച്ച് കാര്യങ്ങളെ കല്ലെറിഞ്ഞ് വീഴ്ത്തുകയാണ്്. എത്ര മോശമാണീ അവസ്ഥ എന്ന് ചിന്തിക്കേണ്ടി വരുന്നു.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ ദേശീയതയുടെ ശക്തമായ മുഖച്ചിത്രമായി മാറുന്നത് തീവ്ര ഹൈന്ദവ ദേശീയതയിലൂടെയാണ്. രാജ്യം തങ്ങളുടേത് മാത്രമാണെന്നും മുസ്ലിംകളും ദളിതരുമടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഇന്ത്യയില്‍ യാതൊരു അവകാശമില്ലെന്നും അവര്‍ സ്ഥാനരേഖയില്‍ നിന്നും പുറത്താണെന്നും തീവ്ര ഹൈന്ദവ വിശ്വാസികള്‍ അഹോരാത്രം പാടി നടക്കുന്നു.
പ്രസ്തുത പരാമര്‍ശത്തിന്റെ മകുടോദാഹരണമാണ് ബാബരി ധ്വംസനം. 1992 ഡിസംബര്‍ ആറില്‍ തീവ്ര ഹൈന്ദവ വിശ്വാസികളാലും കാവി രാഷ്ട്രീയക്കാരാലും ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ മണ്ണിനെ ചുമ്പിക്കുമ്പോള്‍ അവിടെ ഉയര്‍ന്ന് കേട്ടത് ഹിന്ദുത്വ ഭീകരയുടെ വികൃതമായ രൂപമായിരുന്നു, മുഖമായിരുന്നു. ഇതിന് നേതൃത്വം കൊടുത്തതോ അന്നത്തെ ഭരണകൂടം ഭരിക്കുന്ന നേതാക്കളാണ് എന്നാലോചിക്കുമ്പോഴാണ് വിഷയം ഏറെ ഗൗരവമേറിയതാവുന്നത്. വ്യക്തമായ തെളിവുകളുണ്ടായിരുന്നിട്ട് പോലും മുസ്ലിം സമുദായത്തിന് ബാബരിയുടെ അധികാരം നഷ്ടപ്പെട്ടെങ്കില്‍ അതിന്റെ പ്രധാന കാരണം തീവ്ര കാവി ഹിന്ദുത്വ ഭീകരതയുടെ കറുത്ത കരങ്ങള്‍ അല്ലാതെ മറ്റെന്താണ്.
കാവി രാഷ്ട്രീയ, ഹൈന്ദവ ഭീകരതയുടെ മോശം സമീപനത്തിന്റെ പുതിയ സംഭവവികാസമാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ അക്രമരാഷ്ട്രീയ ഭരണം. കൊന്നും കൊലവിളിച്ചും നാടുനീളെ വിദ്വേഷ പ്രസംഗങ്ങളും പ്രകടനങ്ങളും നടത്തിയും ഇക്കൂട്ടര്‍ ചെയ്ത് കൂട്ടിയ ക്രൂരതക്ക് അതിരുകളില്ല. ഇന്ത്യയില്‍ ഹൈന്ദവ വിശ്വാസികളായ തങ്ങള്‍ക്ക് മാത്രമാണ് അവകാശമെന്നും മുസ്ലിംകളടക്കമുള്ളവര്‍ പാകിസ്ഥാനിലേക്കും മ്യാന്‍മറിലേക്കും പോകണമെന്നും പറയുന്നത് ഇവരുടെ തലച്ചോറില്‍ ഹിന്ദുത്വ ഭീകരതയുടെ ശക്തമായ സാന്നിധ്യം അടിഞ്ഞു കൂടിയത് കൊണ്ടാണെന്ന് പറയുന്നതില്‍ അത്ര വലിയ തെറ്റുണ്ടാവാന്‍ സാധ്യതയില്ലെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം ഹീനമായ ഹിന്ദുത്വ ഭീകരതയുടെ പ്രവര്‍ത്തികളില്‍ പരലോകം പുല്‍കിയവരാണ് ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖും ദളിതനായ രോഹിത് വെമുലയും മുസ്ലിമായ ജുനൈദുമടക്കം ധാരാളം നിരപരാധികളായ ന്യൂനപക്ഷ സമുദായക്കാര്‍. ഗോമാംസം കഴിച്ചു എന്ന് സംശയിക്കുമ്പോഴേക്കും ഒരു മുസ്ലിമിനെ കൊന്നു കൊലവിളിച്ചു എന്ന് കേള്‍ക്കുമ്പോള്‍ അനുവാചക ഹൃദയത്തിന് കാവി രാഷ്ട്രീയക്കാരുടെ അസഹിഷ്ണുതാമനോഭാവങ്ങളുടെ പ്രവര്‍ത്തനം എന്നല്ലാതെ എന്താണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
ഇന്ത്യന്‍ ദേശീയതയുടെ ചര്‍ച്ച ഒരിക്കല്‍ കൂടി മാധ്യമ സമൂഹം ഏറ്റെടുക്കാന്‍ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയെ മുഴുവന്‍ വിറപ്പിച്ച, ദുഖത്തിലാഴ്ത്തിയ പുല്‍വാമ സ്‌ഫോടന പരമ്പരയാണ്. പാകിസ്ഥാന്‍ ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിന്റെ നിയന്ത്രണത്തില്‍ സംഘടനയുടെ ഉന്നതാധികാരിയായ ഭീകരന്‍ മഹ്മൂദ് അസ്ഹറിന്റെ നേതൃത്വത്തില്‍ നടന്ന പുല്‍വാമ സ്‌ഫോടന പരമ്പരയില്‍ ഇന്ത്യയുടെ കരുത്തുറ്റ 44 സി. ആര്‍. പി. എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആഗോള ഭീകരതയുടെ പുതിയ മുഖമായിട്ടാണ് ലോകമാധ്യമങ്ങള്‍ ജയ്‌ഷെ മുഹമ്മദിനെ പുല്‍വാമ സ്‌ഫോടനത്തിലൂടെ ദര്‍ശിച്ചത്. പ്രസ്തുത സംഭവത്തെ തുടര്‍ന്ന് തീര്‍ത്താല്‍ തീരാത്ത സംവാദങ്ങളാണ് രാഷ്ട്രീയ നേതാക്കള്‍ വഴി മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്.
എല്ലാത്തിലുമുപരി, പുല്‍വാമ സ്‌ഫോടവും ദേശീയതയുമായി ബന്ധപ്പെട്ടു പോയി, അല്ലെങ്കില്‍ അതിനെ കാവിദേശീയ വാദികള്‍ ബന്ധപ്പെടുത്തി എന്നത് ഏറെ ലജ്ജാവഹമാണ്. ജയ്‌ഷെ മുഹമ്മദ് പാകിസ്ഥാന്‍ രഹസ്യമായി വളര്‍ത്തിയ ഭീകരസംഘടനയാണെന്നും മഹ്മൂദ് അസ്ഹറെന്ന ആഗോള ഭീകരന്‍ പാകിസ്താന്‍ വളര്‍ത്തിയ മകനാണെന്നുമുള്ള വാദങ്ങള്‍ ലോകമാധ്യമങ്ങളില്‍ ചൂടോടെ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഇവിടെ, ഇന്ത്യയില്‍ ദേശീയതക്കാണ്, ഹിന്ദുത്വ ഭീകരതയുടെ വാര്‍ത്തകള്‍ക്കാണ് കൊഴുപ്പേറുന്നത്. ലോക മാധ്യമങ്ങള്‍ ജയ്‌ഷെ മുഹമ്മദിനെ എതിര്‍ക്കണമെന്നും പ്രതിരോധിക്കണമെന്നുമുള്ള കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യന്‍ സമൂഹം ദേശീയതയുടെ പേരും പറഞ്ഞ് പന്താടുകയാണ്.
ഇന്ത്യയില്‍ വളരെ വിജയകരമായി നടപ്പാക്കിയ പുല്‍വാമ സ്‌ഫോടനത്തിന് പകരമായി ഇന്ത്യയും പാകിസ്ഥാനിലേക്ക് നിരവധി ബോംബുകളും സ്‌ഫോടനങ്ങളും വര്‍ഷിപ്പിക്കുകയുണ്ടായി. പാകിസ്ഥാന്‍ ഇന്ത്യയില്‍ നടപ്പാക്കിയ സ്‌ഫോടനത്തിന് അതേനാണയത്തില്‍ തിരിച്ചടി കൊടുത്തെന്ന് പറഞ്ഞ കേന്ദ്ര നേതാക്കള്‍ 300- ാളം വരുന്ന തീവ്രവാദി ഭീകരരെയും തങ്ങള്‍ വധിച്ചു എന്നും അവകാശവാദം ഉന്നയിക്കുകയുണ്ടായി.
സ്‌ഫോടനം നടന്ന ആദ്യ ദിവസങ്ങളില്‍ ഇന്ത്യ ഒറ്റക്കെട്ടാകുന്നതിന്റെ ആവശ്യകത മനസ്സിലാക്കി ഇന്ത്യന്‍ സുരക്ഷിതത്വവും രാജ്യസ്‌നേഹവും മാനിച്ച് എല്ലാ മതസമൂഹവും കേന്ദ്രത്തിന്റെ യുദ്ധനിലപാടുകളിള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഇക്കൂട്ടത്തില്‍ മുഖ്യ ശത്രുക്കളായിട്ടുള്ള കോണ്‍ഗ്രസടക്കമുള്ള മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ വരെയുണ്ടായിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അമേരിക്കയും റഷ്യയുമടങ്ങുന്ന ലോകമാധ്യമങ്ങള്‍ മേല്‍ പറഞ്ഞ 300 ഭീകരരെ വധിച്ചു എന്ന ഇന്ത്യന്‍ അധികാരികളുടെ വാദത്തെ അപ്പാടെ തള്ളിപ്പറഞ്ഞ് കൊണ്ട്, എതിര്‍ത്ത് കൊണ്ട് വെറും പുല്ലുകള്‍ കത്തിക്കരിയുക മാത്രമാണുണ്ടായതെന്നും ഒരാള്‍ക്ക് പോലും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും ആരോപിക്കാന്‍ തുടങ്ങി. പ്രസ്തുത സംഭവത്തില്‍ മാധ്യമങ്ങളുടെ ആരോപണങ്ങള്‍ ചോദ്യം ചെയ്ത് കൊണ്ട് കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രത്തെ സമീപിച്ചപ്പോള്‍, അവിടെ കാവി രാഷ്ട്രീയത ഫണം ഉയര്‍ത്തി തലപൊക്കി. അന്നേരം ദേശീയതയെ വാദിക്കുന്ന കാവിരാഷ്ട്രീയക്കാര്‍ പ്രതികരിച്ചത് പ്രതിപക്ഷം സമൂഹം ജനാധിപത്യ ഇന്ത്യക്ക് എന്നും കളങ്കമാണ്. പ്രതിപക്ഷം രാജ്യത്തിന്റെ മാനം നഷ്ടപ്പെടുത്തുകയാണ്, പാകിസ്ഥാന്റെ ഭീകരതക്ക് സഹായിക്കുകയാണ്, സൈന്യത്തിന്റെ ആത്മധൈര്യം തകര്‍ക്കുകയാണ് എന്ന് തുടങ്ങിയ തരം താണ വാക്കുകള്‍ പ്രയോഗിച്ചു കൊണ്ടാണ്.
എന്നാല്‍ ഹിന്ദുത്വ ഭീകരതയും ദേശീയതയും ചര്‍ച്ചയുടെ ഉത്തുംഗതിയിലാവുന്നത് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുമ്പോഴാണ്. തങ്ങളുടെ ശ്രമം കൊണ്ട് മാത്രമാണ് ഇന്ത്യ രക്ഷപ്പെട്ടെതെന്നും മുസ്ലിംകളും ദലിതരുമടക്കം പ്രതിപക്ഷത്തിരിക്കുന്നവര്‍ വെറും കയ്യും കെട്ടി നോക്കിയിരുന്നിട്ടു മാത്രമേയുള്ളൂ എന്നും ഇക്കൂട്ടര്‍ കിട്ടുന്ന വേദികളിലെല്ലാം പുലമ്പി വലിയ വാര്‍ത്തകളാക്കി മാറ്റുന്നു. വര്‍ഗീയത നിറഞ്ഞു നില്‍ക്കുന്ന ഇത്തരത്തിലുള്ള പ്രസ്താവനകളിലൂടെ വോട്ടു ബാങ്കും ഹിന്ദുത്വ രാജ്യവും ഉണ്ടാക്കുമെന്നാണ് ഇവര്‍ പറയാതെ പറയുന്നത്. ഇത്തരം പ്രസ്താവനകള്‍ തെരെഞ്ഞെടുപ്പ് സ്റ്റേജുകളില്‍ പ്രസംഗിക്കുമ്പോള്‍ അവിടെ ദേശീയതയുടെ കൃത്യമായ അര്‍ത്ഥം തകര്‍ന്ന് തരിപ്പണമായി അതിലെ ഹിന്ദുത്വ ഭീകരതയിലൂടെയുള്ള അര്‍ത്ഥത്തെ പ്രേക്ഷക ഹൃദയത്തില്‍ തറപ്പിച്ച് വെക്കുകയാണ് ചെയ്യുന്നത്. ശരിയായ ദിശയില്‍ പറഞ്ഞാല്‍ നുണ നിരന്തരം പറഞ്ഞ് പറഞ്ഞ് അത് സത്യമായി തോന്നുന്ന വിധത്തില്‍ അനുവാചക ഹൃദയത്തില്‍ തറപ്പിച്ചു വെക്കുന്ന ................. എന്ന അവസ്ഥ തന്നെ. തങ്ങളുടെ ധീര പ്രവര്‍ത്തി കൊണ്ടാണ് അധികം പരിക്കുകളില്ലാതെ ഇന്ത്യ രക്ഷപ്പെട്ടത്, അതിനാല്‍ തങ്ങള്‍ക്ക് തന്നെ അടുത്ത വോട്ട് നല്‍കണം എന്ന് തെരെഞ്ഞെടുപ്പ് വേദിയില്‍ കത്തിക്കയറുമ്പോള്‍ അവിടെ അവര്‍ക്ക് ഇന്ത്യ എന്ന രാജ്യം തീറെഴുതി തന്നിട്ടുണ്ട് എന്ന കത്തിയുടെ മൂര്‍ച്ചയുള്ള വാക്കിനെയല്ലെ മനസ്സിലാക്കപ്പെടുന്നത്.
ഹിന്ദുത്വ രാഷ്ടത്തിന്റെ നിര്‍മാണം തകൃതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഫാസിസത്തിന്റെ അസഹിഷ്ണുതക്കെതിരെ ധാരാളം ആളുകള്‍ രംഗത്തുവന്നെങ്കിലും അവരെയെല്ലാം രാജ്യദ്രോഹ കുറ്റം പറഞ്ഞ് ദേശീയതയുടെ യഥാര്‍ത്ഥ അര്‍ത്ഥത്തെ തല്ലിക്കളയുകയാണ് കാവിരാഷ്ട്രീയക്കാര്‍. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നിരിക്കെ, ഭരണഘടനയ്ക്ക് വിരുദ്ധമായി എന്ത് കാര്യം വന്നാലും അതിനെ ചോദ്യം ചെയ്യാന്‍ ഓരോ പൗരനും അവകാശമുണ്ട്. അതിനാല്‍ തന്നെ കേന്ദ്ര അധികാരികള്‍ക്ക് നയപരമായോ രാഷ്ട്രീയപരമായോ നിയമപരമായോ വല്ല തെറ്റും സംഭവിച്ചാല്‍ അതിനെ ജനാധിപത്യ രീതിയില്‍ എതിര്‍ക്കാന്‍ ഏതൊരു പൗരനും ശ്രമിക്കുന്നതില്‍ തെറ്റില്ല. ഇത്തരം സന്ദര്‍ഭത്തില്‍ കാവി രാഷ്ട്രീയത കലക്കി, രാജ്യ സ്‌നേഹത്തിന്റെ നിറം കലര്‍ത്തി പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍ അതല്ലേ രാജ്യത്തിന് കൂടുതല്‍ ദോഷകരമാവുക.
ഏതായാലും ഇനിയും ഇത്തരത്തിലുള്ള ധാരാളം വിഷയങ്ങള്‍ ചര്‍ച്ചക്ക് വരാം ഇനിയും ഇത് പോലുള്ള ചോദ്യങ്ങള്‍ വരാം. എന്നാല്‍ അതിനെല്ലാം തക്കതായ, കൃത്യമായ മറുപടികള്‍ നിരത്തുകയല്ലാതെ ചോദ്യം ചോദിച്ചവനെ രാജ്യദ്രോഹികളാക്കുന്ന, ഹിന്ദുത്വ രാഷ്ട്രീയത വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താത്ത പക്ഷം പിന്നെ ഇന്ത്യ എന്തിനാണ് ദേശീയത അടങ്ങുന്ന രാജ്യം എന്ന വിശേഷവും പേറി നടക്കുന്നത്.
🖋ഫാദില്‍ അരീക്കേട്

0 Comments