നബി (സ്വ)യില്‍ നിന്ന്് ഇബ്‌നു അബ്ബാസ് (റ)ഉദ്ധരിക്കുന്നു. റജബ് അള്ളാഹുവിന്റെ മാസമാണ്, ശഅ്ബാന്‍ എന്റെ മാസവും, റമളാന്‍ എന്റെ ഉമ്മത്തിന്റെതും മാസമാണ്. റജബ് മാസം കുഞ്ഞുങ്ങളുടെ മാസമാണ്. ധാരാളം പണ്ഡിതന്മാരും സൂഫി മഹത്തുക്കളും നേതാക്കളും വഫാത്തായ മാസമാണ്. നോമ്പ് അനുഷ്ടിക്കാന്‍ ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്. പ്രത്യേക പ്രാര്‍ത്ഥനകളും ഈ മാസത്തില്‍ പ്രാര്‍ത്ഥിക്കാന്‍ ഉദ്ധരണികളുണ്ട്്. റജബ് 27-ല്‍ നോമ്പ് അനുഷ്ടിക്കല്‍ പ്രത്യേകമായ സുന്നത്തുണ്ട്. മാത്രമല്ല, റജബ് മാസത്തില്‍ നോമ്പിനെ വിരോധിക്കാന്‍ പാടില്ല എന്നതിനെ കുറിച്ചും ഉദ്ധരണികളുണ്ട്. ഇസ്‌റാഉം മിഅ്‌റാജും ഈ മഹിതമായ മാസത്തിലാണ് സംഭവിച്ചത്. റജബ് മാസത്തിന് ആ പേര് വരാനുളള കാരണമായി യഹ്‌യ ബ്‌നു സിയാദിനെ തൊട്ട് അബൂ സൈദ് ഉദ്ധരിക്കുന്നു. ജനങ്ങള്‍ ഈ മാസത്തില്‍ മൂടിക്കെട്ടുകയും ഈത്തപ്പന കുലകളെ ഈത്തപ്പനയോട് ചേര്‍ത്ത് കെട്ടുകയും ചെയ്യുമായിരുന്നു. കാറ്റുകയറാതിരിക്കാന്‍ വേണ്ടിയിട്ടായിരുന്നു ഈ പ്രവര്‍ത്തനം ചെയ്തിരുന്നത്. ചിലര്‍ ഉദ്ധരിക്കുന്നത് ശഅ്ബാന് വേണ്ടി ഒരുങ്ങാനുള്ള മാസമായതിന്ന് വേണ്ടിയാണ് അങ്ങനെ നാമകരണം ചെയ്തതെന്നാണ്്.
റജബ് 27-ലെ നോമ്പ്
ശൈഖ് ജീലാനി ഗുന്‍യയില്‍ ഉദ്ധരിക്കുന്നു. നബി (സ്വ)യില്‍നിന്ന്് അബൂ ഹുറൈറ (റ)പറയുന്നു. റജബ് 27-ന് ആരെങ്കിലും വ്രതമനുഷ്ടിച്ചാല്‍ അവന് 60 മാസത്തെ നോമ്പിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. പ്രവാചകന്‍ നബി(സ്വ)ക്ക് ആദ്യമായി ജിബ്രീല്‍ (അ)ല്‍ നിന്ന് വഹ്‌യ് ലഭിച്ചത് ഈ ദിനത്തിലാണ്. ഹസനുല്‍ബസ്വരി (റ) പറയുന്നു. റജബ് 27 ആയാല്‍ അബ്ദുള്ളാഹി ബ്‌നു അബ്ബാസ് (റ)പള്ളിയില്‍ ളുഹ്‌റ് വരെ ഇഅ്തികാഫിരിക്കുകയും ളുഹര്‍ നിസ്‌കരിച്ച് കഴിഞ്ഞാല്‍ നാല് റക്അത്ത് സുന്നത്ത് നിസ്‌കരിക്കുകയും ഓരോ റക്അത്തിലും സൂറത്ത് ഫാത്തിഹ ഒരു പ്രാവശ്യവും മുഅവ്വിദതൈനി ഒരു പ്രാവശ്യവും ഇന്നാ അന്‍സല്‍നാഹു ഫീ ലൈലത്തില്‍ ഖദര്‍ മൂന്നു പ്രാവശ്യവും പാരായണം ചെയ്യും. അസ്വര്‍ നിസ്‌കാരത്തിന്റെ സമയം വരെ പ്രാര്‍ത്ഥിക്കുകയും ശേഷം ഇബ്‌നു അബ്ബാസ് (റ) പറയും. ഇതുപോലൊരു ദിവസത്തില്‍ നബി (സ്വ)ഇപ്രകാരം ചെയ്തിരുന്നു.
റജബുമായി ബന്ധപ്പെട്ട വിധികള്‍
ഇബ്‌നു റജബില്‍ ഹന്‍ബലി ലത്താഇഫുല്‍ മആരിഫ് എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നു. ജാഹിലിയ്യ കാലഘട്ടത്തില്‍ ജനങ്ങള്‍ റജബ് മാസത്തില്‍ കന്നുകാലികളെ ബലി നല്‍കിയിരുന്നു. ഇതിന് അത്വീറത്ത് എന്നാണ് അവര്‍ പറഞ്ഞത്. ഈയൊരു വിഷയത്തില്‍ ഈയൊരു പ്രവര്‍ത്തനത്തെ ഹലാലാക്കുന്നതിലും അതുപോലെ നിശിദ്ധമാക്കുന്നതിലും മുസ്ലിം പണ്ഡിതന്മാര്‍ അഭിപ്രായ വ്യത്യാസത്തിലായി. അബൂ ഹുറൈറ (റ)യില്‍ നിന്ന് നിവേദനം. ഫര്‍അ് ഇല്ല (കുട്ടികളെ ആരാധനലായങ്ങളില്‍ ഏല്‍പ്പിക്കുന്ന പ്രവണത) പിന്നെ അത്വീറയുമില്ല. അത്വീറത്ത് സുന്നത്താണെന്ന് ഇബ്‌നു സീരീന്‍, ബസ്വറക്കാരില്‍ നിന്ന്് ഇമാം അഹ്മദ് (റ), ഒരു കൂട്ടം ഹദീസ് പണ്ഡിതന്മാരും ഉദ്ധരിച്ചിട്ടുണ്ട്. സുനനു അബീ ദാവൂദ്, സുനനു നസാഈ, സുനനു ഇബ്‌നി മാജ എന്നീ ഹദീസ് ഗ്രന്ഥങ്ങളില്‍ മുഹ്്‌നിഫു ബ്‌നു സുലൈമാനില്‍ ഹമീദിയില്‍ നിന്ന് നിവേദനം. എല്ലാ വര്‍ഷവും എല്ലാ വീട്ടിലും ബലി കഴിപ്പിക്കുന്നതിനെ റജബിയ്യ എന്ന് പറയുന്നു. സുനനു നസാഈയില്‍ നബീശയെന്ന റിപോര്‍ട്ട് ഉണ്ട്. സ്വഹാബികള്‍ നബിയോട് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ... ഞങ്ങള്‍ ജാഹിലിയ്യ കാലഘട്ടത്തില്‍, (റജബ് മാസം) ബലി അര്‍പ്പിച്ചിരുന്നു.നബി (സ്വ)പറഞ്ഞു. അല്ലാഹുവിന്ന് വേണ്ടി ഏത് മാസവും ബലിയറുത്ത് കൊള്ളൂ..അല്ലാഹുവിന് വേണ്ടി ഗുണം ചെയ്യുക. അല്ലാഹുവിന് വേണ്ടി ഭക്ഷണം കഴിപ്പിക്കുക. ഹാരിസ് ബ്‌നു ഉമര്‍ ഉദ്ധരിക്കുന്നു. നബിയോട് ഫറഇനെ കുറിച്ചും അത്വീറത്തിനെ കുറിച്ചും ചോദിച്ചു. അപ്പോള്‍ നബി (സ്വ)പറഞ്ഞു.ആരെങ്കിലും ഫറഇനെ ഉദ്ധേശിച്ചാല്‍ ഫറഅ് ചെയ്യരുത്. ആരെങ്കിലും അത്വീറത്തിനെ ഉദ്ദേശിച്ചാല്‍ അത്വീറയും ചെയ്യരുത്. വേറൊരു റിപോര്‍ട്ട് ഉണ്ട്. അത്വീറത്ത് യാഥാര്‍ത്ഥമാണ്.
അത്വീറത്ത് ഹലാലാണെന്ന ഹദീസുകളെ ഒരു കൂട്ടം പണ്ഡിതന്മാര്‍ പ്രബലമാക്കുകയും മറ്റു ചില പണ്ഡിതന്മാര്‍ അത് നിശിദ്ധമാക്കിയ ഹദീസുകളെ അവലംബിച്ചു നിശിദ്ധമാക്കുകയും ചെയ്തതായി മറ്റു ഗ്രന്ഥങ്ങളില്‍ നിന്നും കാണാന്‍ സാധിക്കുന്നതാണ്. അത്വീറത്ത് ജാഹിലിയ്യ കാലത്ത് അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടിയായിരുന്നു ബലികഴിപ്പിച്ചിരുന്നത്. അതുതന്നെയാണ് അബൂ ഹറൈറയുടെ ഹദീസിലൂടെ നിശിദ്ധമാക്കുന്നത്. അതുപോലെ അല്ലാഹുവിന്ന് വേണ്ടി ബലിയറുക്കുന്നത് ഹലാലാണ്. അതിനെയാണ് ഇമാം അഹ്മദ് (റ)ഉദ്ധരിക്കുന്നത്. റജബ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച രാത്രിയില്‍ പ്രത്യേക നിസ്‌കാരമുണ്ടെന്ന് ഹദീസുണ്ടെങ്കിലും ഭൂരിപക്ഷ പണ്ഡിതന്മാരും അതിനെ ബിദ്അത്തായി കണക്കാക്കിയിരിക്കുന്നു.
റജബിന്റെ പ്രത്യേകത കൊണ്ട് റജബില്‍ വ്രതമനുഷ്ടിക്കല്‍ അനുവദിനീയമല്ല. ഈയൊരു വിഷയത്തില്‍ സ്വഹാബികളില്‍ നിന്ന് നിവേദനമില്ല. എങ്കിലും അബൂ ഖിലാബ ഉദ്ധരിക്കുന്നു. റജബില്‍ നോമ്പനുഷ്ടിക്കുന്നവര്‍ക്കായി സ്വര്‍ഗത്തില്‍ ഒരു കോട്ടയുണ്ട്. ഇമാം ബൈഹഖി പറയുന്നു. പ്രശസ്തനായ താബി ആയിരുന്നു. അബൂ ഖിലാബ. അദ്ദേഹത്തിനെത്താത്ത ഉദ്ധരണിയെ കുറിച്ച് അദ്ധേഹം പറയുകയില്ല. സകാത്ത് അറബി നാടുകളില്‍ ഈ കാലയളവില്‍ വ്യാപകമാണ്. ഇതിനെ കുറിച്ച് ഹദീസുകളില്‍ മുന്ഗാമികളിലായിട്ട് ഒരു റിപ്പോര്‍ട്ടുമില്ല. എങ്കിലും ഉസ്മാന്‍ (റ) മിമ്പറില്‍ കയറി പ്രസംഗിച്ചു. ഈ മാസം നിങ്ങള്‍ സകാത്ത് കൊടുക്കേണ്ട മാസമാണ്. ആര്‍ക്കെങ്കിലും കടം കൊടുക്കാനുണ്ടെങ്കില്‍ കൊടുത്തു കൊള്ളട്ടെ. ബാക്കിയുള്ളത് സകാത്ത് ചെയ്യട്ടെ. ഈ ഹദീസിനെ മുഅത്വയില്‍ നിവേദനം ചെയ്തിട്ടുണ്ട്. ഉംറ ചെയ്യുന്ന വിഷയത്തില്‍ ഇബ്‌നു ഉമര്‍ (റ)ഉദ്ധരിക്കുന്നു. നബി (സ്വ)റജബില്‍ ഉംറ ചെയ്തിരിന്നു. ആയിഷ(റ)എതിര്‍ത്തപ്പോള്‍ നബി സ്വ അതിനെ തൊട്ട് മൗനം വീക്ഷിച്ചു. ഉമര്‍ ബ്‌നു ഖത്വാബ്, ഇബ്‌നു ഉമര്‍, ആയിഷ(റ)എന്നിവര്‍ റജബ് മാസത്തില്‍ ഉംറ ചെയ്തിരിന്നു. ഇബ്‌നു സീരീന്‍ എന്നവരും സലഫു സ്വാലിഹീങ്ങളും ഉംറയനുഷ്ടിച്ചവരായി ഉദ്ധരണികളുണ്ട്.
ഇസ്രാഅ്, മിഅ്‌റാജ്
നുറുല്‍ യഖീനില്‍ ശൈഖ് ജീലാനി(റ) ഉദ്ധരിക്കുന്നു. ഇരുപത്തേഴാം രാത്രിയിലാണ് ഇസ്രാഅ് മിഅ്‌റാജ് സംഭവിച്ചത്. ഇസ്രാഅ് എന്നുള്ളത് നബി (സ്വ)ബൈത്തുല്‍ മുഖദ്ദസിലേക്ക് പുറപ്പെട്ടതിനാണ് പറയുന്നത്. മിഅ്‌റാജ് എന്നുള്ളത് ആകാശത്തിലേക്ക് ഉയര്‍ത്തിയതിനെയാണ് പറയുന്നത്. ഇസ്രാഇനെ കുറിച്ച് ഖുര്‍ആനില്‍ ഒരു സൂക്തം തന്നെയുണ്ട്. മിഅ്‌റാജിനെ സംബന്ധിച്ച് സ്വഹീഹായ ഹദീസുണ്ട്. അതില്‍ ഏറ്റവും പ്രബലമായ ഹദീസിനെ ബുഖാരി, മുസ്ലിം, ഖാളി ഇയാള്, എന്നിവര്‍ ഉദ്ധരിക്കുന്നുണ്ട്. അനസ് ബ്‌നു മാലികിനെ തൊട്ട് നിവേദനം: നബി (സ്വ)പറയുന്നു. ബുറാഖ് എന്റെയടുത്തേക്ക് കൊണ്ടു വരപ്പെട്ടു. അതിന്റെ ശരീരം കഴുതയെക്കാള്‍ വലിയതും കോവര്‍ കഴുതയുടെ അത്രമേല്‍ വലിപ്പവുമില്ല. അതിന്റെ കുളമ്പ് ആ മൃഗത്തിന്റെ അറ്റം വരെയുണ്ട്. ആ മൃഗത്തിന്റെ പുറത്ത് ബൈത്തുല്‍ മുഖദ്ദസിലേക്ക് എത്തിക്കുകയും അവിടെ വെച്ച് സാധാരണ പ്രവാചകന്മാര്‍ അവരുടെ മൃഗത്തെ ബന്ധിയാക്കാന്‍ ഉപയോഗിച്ചിരുന്ന വട്ടകണ്ണി കൊണ്ട് ഞാന്‍ ബുറാഖിനെ ബന്ധിച്ചു. ബൈത്തുല്‍ മുഖദ്ദസില്‍ കയറി രണ്ട് റക്അത്ത് നിസ്‌കരിക്കുകയും പിന്നെ അവിടെ നിന്ന് ആകാശത്തേക്ക് പുറപ്പെട്ടു. ഒന്നാം ആകാശത്ത് വെച്ച് ആദം നബി (അ)നെ കണ്ടുമുട്ടുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനാവശ്യപ്പെടുകയും ചെയ്തു. ഈ ആവശ്യം തന്നെ രണ്ടാം ആകാശത്ത് വെച്ച് യഹ്‌യ (അ)ഉം ഈസാ (അ)ഉം മൂന്നാം ആകാശത്ത് വെച്ച് യൂസുഫ് നബി (അ)ഉം നാലാം ആകാശത്ത് വെച്ച് ഇദ്‌രീസ് നബി (അ)ഉം അഞ്ചാം ആകാശത്ത് വെച്ച് ഹാറുന്‍ നബി(അ)ഉം ഏഴാം ആകാശത്ത് വെച്ച് ഇുബ്രാഹീം നബി (അ)ഉം ഉന്നയിച്ചു. പിന്നീട് ബൈത്തുല്‍ മഅ്മൂറില്‍ പ്രവേശിച്ചു. ഇവിടെ ഓരോ ദിവസവും എഴുപതിനായിരം മലക്കുകള്‍ പ്രവേശിക്കും. സിദ്‌റത്തുല്‍ മുന്‍തഹയുടെ ഇലകള്‍ ആനയുടെ ചെവി പോലെയും അതിന്റെ ഫലങ്ങള്‍ വലിയ പാത്രത്തെ പോലെയുമായിരുന്നു.
പിന്നീട് എന്റെ ഉമ്മത്തിന് ഓരോ ദിവസവും അന്‍പത് വഖ്ത് നിസ്‌കാരമുണ്ടെന്ന് വഹ്‌യ് അറിയിച്ചു. മൂസാ നബി (അ) ചോദിച്ചു. തിരികെ വരുമ്പോള്‍ നിങ്ങളുടെ സമുദായത്തിന്റെ മേല്‍ എത്ര വഖ്ത് നിസ്‌കാരങ്ങളാണ് ഫര്‍ളാക്കിയത്? ഞാന്‍ പറഞ്ഞു. അമ്പത് വഖ്ത്്. അദ്ധേഹം പറഞ്ഞു. നിങ്ങള്‍ അല്ലാഹുവിന്റെ അടുത്തേക്ക് മടങ്ങുക. എന്നിട്ട് അതിനെ ലഘൂകരിക്കാന്‍ ശുപാര്‍ഷ ചെയ്യുക. നിശ്ചയമായും താങ്കളുടെ ഉമ്മത്തിന് അതിന് സാധിക്കുകയില്ല. ഈ കാര്യം എന്നെ ബനൂ ഇസ്രാഈല്‍ ബോധിപ്പിച്ചിരിക്കുന്നു. പിന്നീട് ഞാന്‍ അല്ലാഹുവിന്റെ അടുക്കലിലേക്ക് മടങ്ങി. എന്നിട്ട് ലഘുകരിക്കാന്‍ വേണ്ടി ശുപാര്‍ഷ ചെയ്തു. അപ്പോള്‍ അല്ലാഹു പറഞ്ഞു. ഓ മുഹമ്മദ്... ഓരോ ദിവസവും പകലിലും രാത്രിയിലുമായി നിങ്ങളുടെ ഉമ്മത്തിന് അഞ്ചു വഖ്ത് നിസ്‌കാരമുണ്ട്. അതിലെ ഓരോ നിസ്‌കാരത്തിനും അമ്പത് നിസ്‌കാരത്തിന്റെ പ്രതിഫലമുണ്ട്. പിന്നെയും മൂസാനബി (അ) ചുരുക്കാന്‍ വേണ്ടി പറഞ്ഞപ്പോള്‍ നബി (സ്വ)പറഞ്ഞു. അള്ളാഹുവിന്റെ മുമ്പില്‍ ചോദിക്കാന്‍ ലജ്ജിച്ചതു കൊണ്ട് ഞാന്‍ മടങ്ങി. ആ രാത്രിയില്‍ തന്നെ നബി (സ്വ) ഭൂമിയിലേക്കു മടങ്ങി. നബി (സ്വ)പുറത്തറിയിച്ചപ്പോള്‍ അബൂ ജഹല്‍ ബ്ന്‍ ഹിശാമും ചില ഖുറൈഷി നേതാക്കളും നബിയെ വഷളാക്കി. അബൂബക്കര്‍ (റ)നോട് പലരും ഇതിനെ കുറിച്ച് വിവരമറിയിച്ചപ്പോള്‍ അദ്ധേഹം പറഞ്ഞു. മുഹമ്മദ് നബിയാണ്് പ്രസ്താവിച്ചതെങ്കില്‍ അത് വാസ്തവമാണ്.
റജബിലെ ചരിത്രസംഭവം
*ഹബ്ഷയിലേക്കുള്ള ഹിജ്‌റ. ഇതാണ് ഇസ്്‌ലാമിലെ ആദ്യത്തെ ഹിജ്‌റ. ഉസ്മാന്‍ (റ)വാണ് ഇതിന് നേതൃത്വം കൊടുത്തിരുന്നത്. പന്ത്രണ്ട് പുരഷന്മാരും നാല് സ്ത്രീകളും അടങ്ങിയിരുന്ന സംഘമായിരുന്നു അവരുടേത്. ഉസ്മാന്‍ (റ),അവരുടെ പത്‌നിയും പ്രവാചക പുത്രിയുമായ റുഖയ്യ (റ), അബൂ ഹുദൈഫ (റ), അദ്ധേഹത്തിന്റെ ഭാര്യ,സുബൈര്‍ (റ), ഉസ്മാന്‍ ബ്‌നു മള്ഊന്‍, ആമറു ബ്‌നു റബീഅ, അദ്ധേഹത്തിന്റെ ഭാര്യ,അബൂ ബസര്‍ ബ്‌നു അബീ റഹബ്, അബ്ദുള്ളാഹി ബ്‌നു മസ്ഊദ്, എന്നവരായിരുന്നു ആ സംഘത്തിലുണ്ടായിരുന്നത്. ഇതു നുബുവ്വത്തിന്റെ അഞ്ചാം വര്‍ഷമായിരുന്നു.
*ഹിജ്‌റ 275 അബൂ ഈസാ മുഹമ്മദ് ബ്‌നു ഈസാ വഫാത്തായി.
*റജബ് മാസത്തിലാണ് ഹസനുല്‍ ബസരി (റ)വഫാത്തായി.
*ഹിജ്‌റ 467 ബുധനാഴ്ച്ചയായിരുന്നു അബീ ഖാസിം മഹമൂദ് അസ്സമഖ്ശരിയുടെ ജനനം.
*ഹിജ്‌റ 626 യൂസുഫ് ബ്‌നു മുഹമ്മദ് അസ്സഖാഖി വഫാത്തായി.
*ഹിജ്‌റ 539 ഉമറു ബ്‌നു മുഹമ്മദു സുഹ്‌റ വര്‍ദി വഫാത്തായി.
*ഹിജ്‌റ 32 അല്ലെങ്കില്‍ ഹിജ്‌റ 34 ലാണ് അബ്ബാസ് ബ്‌നു അബ്ദുല്‍ മുത്വലിബ് വഫാത്തായി.
*ഹിജ്‌റ 261 അബില്‍ ഹസന്‍ മുസ്ലിമു ബ്‌നു ഹജ്ജാജ് അല്‍ ഖുശൈരി വഫാത്തായി.
*ഹിജ്‌റ 676 ഇമാം നവവി (റ)വഫാത്തായി.
*ഹിജ്‌റ 234 സ്‌പെയ്ന്‍ പണ്ഡിതനായ യഹ്യ ബ്‌നു യഹ്യല്‍ മഗ്രിബി വഫാത്തായി.
*ഹിജ്‌റ 688 അബീ അബ്ദുള്ളാഹില്‍ മുഹമ്മദ് ബ്‌നു മഹമൂദുല്‍ അസ്ഫഹാനി വഫാത്തായി.
*എ.ഡി 1187 ഹിജ്‌റ 583 ജുമുഅ ദിവസത്തില്‍ സ്വലാഹുദ്ധീന്‍ അയ്യൂബിയുടെ കീഴിലുള്ള മുസ്‌ലിം സൈന്യം ഖുദുസ് കീഴടക്കി.
*അല്‍ മത്വലബ് അല്‍ ഖിഫായ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവായ ഇബ്‌നു രിഫ്അ ഹിജ്‌റ 710 ല്‍ വഫാത്തായി.
*ഹിജ്‌റ 340ല്‍ അബൂ ഇസ്ഹാഖ് ശാഫിഈ വഫാത്തായി.
🖋സ്വാദിഖ് ചുഴലി

0 Comments