പ്രപഞ്ചത്തിലെ സര്‍വ്വ സൃഷ്ടികളും പരസ്പരം വ്യത്യാസങ്ങളുള്ളവയാണ്. സൂര്യ-ചന്ദ്രനില്‍ തുടങ്ങി ഒരു ശരീരത്തിലെ രണ്ട് കോശങ്ങളില്‍ വരെ ഇത് സ്ഥിരപ്പെട്ടതുമാണ്. ഒരു വസ്തുവിനെ അതിൻ്റെ സ്വത്വം ഉറപ്പിച്ച് നല്‍കുന്നത് ഇത്തരം അന്തരങ്ങളാണെന്ന് പറയുന്നതാകും ശരി. മനുഷ്യ കുലത്തിലെ സ്ത്രീ-പുരുഷന്മാര്‍ക്കിടയിലും ഇതേ അവസ്ഥാവിശേഷമാണ് ഉള്ളത്. ശാരീരികമായും മാനസികമായും സ്ത്രീ പുരുഷനില്‍ നിന്നും-നേരെ തിരിച്ചും- തികച്ചും വ്യത്യസ്ഥമാണ്. ആയതിനാല്‍ തന്നെ സ്വീകരിക്കേണ്ട, അഭുമുഖീകരിക്കേണ്ട ജീവിത രീതികളും നിര്‍വ്വഹിക്കേണ്ട ഉത്തരവാദത്തങ്ങളും ഏറ്റ വ്യത്യാസങ്ങള്‍ ഉള്ളവയാകുക എന്നതും പ്രകൃതി നിയമമാണ്. അവിടെയാണ് അന്തമായ സമത്വവാദം അപക്വവും പ്രകൃതി വിരുദ്ധവുമാകുന്നത്.
സ്ത്രീയെയും പുരുഷനെയും അവരുടെ അടിസ്ഥാനന്തരങ്ങളോടെ അംഗീകരിക്കുകയും നീതിയുക്തമായ അവകാശങ്ങള്‍ വകവെച്ച് കൊടുക്കുകയും ചെയ്യുന്നതിന് പകരം സമത്വമെന്ന പേരില്‍ സ്വത്വം തകര്‍ക്കുന്ന സ്വാതന്ത്ര്യങ്ങള്‍ ഹനിക്കുന്ന പലതും വ്യക്തികളില്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നതാണ് യാതാര്‍ത്ഥ്യം. സ്ത്രീയും പുരുഷനും പുരുഷൻ്റെ വസ്ത്രം അല്ലെങ്കില്‍ ഒരേ വസ്ത്രം ധരിക്കുക എന്നത് വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കൈ കടത്തലല്ലാതെ മറ്റെന്താണ്. ഇനി അടിച്ചേല്‍പ്പിക്കലിനെ വസ്ത്ര സ്വാതന്ത്ര്യമെന്ന പേരില്‍, ഇവിടെ ഇന്ത്യയില്‍ ഓരോ പൗരനും വിശ്വസിക്കാനും ആചാരങ്ങള്‍ അനുഷ്ടിക്കാനും അത് പ്രചരിപ്പിക്കാനും ഭരണഘടന ഉറപ്പ് തരുന്ന മത സ്വാതന്ത്ര്യത്തെ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കലാണത്. ഇത്തരം പ്രഹസനങ്ങള്‍ കൊണ്ട് ബാഹ്യന്തരങ്ങള്‍ മറക്കാന്‍ കഴിഞ്ഞാല്‍ തന്നെ ആന്തരികവും സുസ്ഥിരവുമായ വൈവിധ്യങ്ങള്‍ എങ്ങനെ മറച്ച് പിടിക്കാനാണ്.
പാശ്ചാത്യ രാജ്യങ്ങളില്‍ സ്ത്രീകള്‍ നേരിട്ടിരുന്ന വിവേചനങ്ങളോടുള്ള പോരാട്ടമെന്നോളമാണ് പുരുഷാധിപത്യത്തിനെതിരെ സ്ത്രീപക്ഷ, സമത്വവാദങ്ങള്‍ ഉയര്‍ത്തി ഫെമിനിസം ഉടലെടുക്കുന്നത്. പൗരോഹിത്യം പിടിമുറുക്കിയിരുന്ന യൂറോപ്പില്‍ സ്ത്രീകള്‍ക്ക് പഠിക്കാനും പൊതുനിരത്തിലിറങ്ങാനും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. സ്വത്താവകാശം മുതല്‍ വോട്ടവകാശം വരെ നിശേധിക്കപ്പെട്ടിരുന്നു. കൂടാതെ ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തില്‍ വരെ അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. ജര്‍മ്മനിയില്‍ സ്വന്തം ഭാര്യയെ വില്‍ക്കാന്‍ വരെ ഭര്‍ത്താവിന് അധികാരമുണ്ടായിരുന്നു. ഇത്തരം സാമൂഹ്യ നിര്‍മിധ നീചകൃത്യങ്ങള്‍ക്കെതിരെ കാര്യമായ ചലനങ്ങള്‍ തന്നെ ഫെമിനിസത്തിന് നടത്താന്‍ സാധിച്ചിരുന്നുവെന്നത് വിസ്മരിക്കാവതല്ല. ഉന്നതവിദ്യാഭ്യാസത്തിനായി സര്‍വ്വ കലാശാലകളിലും കോളേജുകളിലും പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഇംഗ്ലണ്ടിലെ തെരുവില്‍ സ്ത്രീകള്‍ സമരപ്പോരാട്ടം നടത്തിയത് ഇതിനൊരു ഉദാഹരണം മാത്രം. സ്ത്രീ-പുരുഷന്മാര്‍ക്കിടയിലെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സമത്വമായിരുന്നു അന്ന് ഫെമിനിസത്തിൻ്റെ പ്രഥമ പ്രധാന ആവശ്യം.
എന്നാല്‍, ഫെമിനിസത്തിൻ്റെ പേരില്‍ പില്‍കാലത്ത് പലരും ചെയ്ത് കൂട്ടിയ അവിവേക പൂര്‍ണ്ണമായ വാദാപവാദങ്ങള്‍ എണ്ണമറ്റതാണ്. ശബരിമല പ്രവേശനം, പള്ളി പ്രവേശനം അതിനോടനുബന്ധിച്ച സംഭവങ്ങളും ഈ ഗണത്തില്‍ പെട്ടതാണ്. സമത്വമെന്ന പേരില്‍ മതമില്ലാത്തവര്‍ വിശ്വാസികള്‍ക്കാവശ്യമില്ലാത്ത വിശ്വാസത്തിനെതിരായ കാര്യങ്ങള്‍ അവകാശമായി വാദിച്ചതും അതിനായ് പോരാടിയതും കേരളം കണ്‍തുറക്കെ കണ്ടു. എന്നാല്‍, ചില മതങ്ങളില്‍ നില നില്‍ക്കുന്ന ജാതി സംവിധാനത്തെ വിശ്വാസത്തിൻ്റെ മറവില്‍ ഇതിനോട് ചേര്‍ത്ത് വെച്ച് ന്യായീകരിക്കുന്നില്ല. ഭരണഘടനാ വിരുദ്ധമായ ജാതീവ്യവസ്ഥക്കെതിരെ ഈ അദ്ധ്വാനവും ആവേശവും കാണിച്ചിരുന്നുവെങ്കില്‍ ജാതീ നാമങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ട പലര്‍ക്കും അഭിമാന പൂര്‍വ്വം ജീവിക്കാന്‍ കഴിയുമായിരുന്നുവെന്ന് ഇടയില്‍ ഉണര്‍ത്തുന്നു. ഈ അടുത്ത കാലങ്ങളിലായി സ്ത്രീ അവകാശ പോരാട്ടത്തിൻ്റെ പേരില്‍ പുരുഷന്മാര്‍ കൂടുതലായി പ്രത്യക്ഷപ്പെടുന്നത് നമ്മള്‍ കണ്ടു. ഫെമിനിസത്തിൻ്റെ മറവില്‍ ഒരിക്കലും സമാനതകള്‍ അര്‍ഹിക്കാത്ത സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളെ സ്ത്രീകളുടെ അവകാശങ്ങളായി പ്രചിരിപ്പിച്ച് തങ്ങളുടെ സ്വാകാര്യാഗ്രഹങ്ങള്‍ നിറവേറ്റുന്നതില്‍ തിടുക്കം കാട്ടുന്നതും കണ്ടു. ഇതിനെതിരെ ചില ഫെമിനിസ്റ്റുകള്‍ രംഗത്ത് വരുന്നത് വരെ ഓണ്‍ലൈന്‍ ആങ്ങളമാരുടെ ആഗ്രഹസാഫല്യത്തിനായി തലതെറിച്ചവര്‍ പലരും മറവിലോളിയിടുന്ന നരികള്‍ക്ക് കൂടെ നിരന്തരം കൂവി. ഇതിനിടെയാണ് വസ്ത്രധാരണയില്‍ സ്ത്രീകള്‍ അസമത്വത്തിൻ്റെ വാഴു ശ്വസിക്കുകായാണെന്ന് പ്രചരിക്കപ്പട്ടത്. ഒരു കാലത്ത് മാറുമറക്കാന്‍ സ്വാതന്ത്ര്യം തേടിയവര്‍, പുരുഷന്മാര്‍ മാറ് തുറക്കും കണക്കെ പൊതു ഇടങ്ങളില്‍ വെളിവാവല്‍ ഞങ്ങളുടെയും സ്വാതന്ത്ര്യമാണെന്ന് വാദിച്ചു. അനുയോജ്യമായ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് പുരുഷ വസ്ത്രങ്ങളിലാണ് സ്വാതന്ത്ര്യമെന്ന് അവകാശപ്പെട്ടു. ഇസ്ലാം വിഭാവനം ചെയ്യുന്ന നീതിയുക്തമായ സമത്വസന്ദേശം ഉള്‍ക്കൊള്ളാം, സ്ത്രീയെയും പുരുഷനെയും അടിസ്ഥാനന്തരങ്ങളോടെ അംഗീകരിക്കുകയും അര്‍ഹമായ അവകാശങ്ങള്‍ വക വെച്ച് കൊടുക്കുകയും ചെയ്യാം. അന്ധവും അബദ്ധവുമായ സമത്വ ചിന്തകള്‍ അറുത്തുമാറ്റാം. ലിംഗസമത്വമല്ല. നീതിയാണ് പരിഹാരം.
✍മന്‍സൂര്‍ പാങ്ങ്.
0 Comments